Monday, August 6, 2018

അക്ഷയജട്ടീയ

വണ്ണപ്പുറം മന്ത്രവാദക്കൊലയുടെ പേരിൽ മഹാരാഷ്ട്രാ മോഡലിൽ അന്ധവിശ്വാസങ്ങളേയും, ചൂഷണങ്ങളേയും നിരോധിക്കുവാനുള്ള നിയമനിർമ്മാണം നടത്തുന്നതിനോട് യോജിക്കുന്നു. എന്നാൽ അക്ഷയത്രിതീയ പോലെയുള്ള ജൂവലറിക്കാരുടെ ചൂഷണങ്ങളേയും സമാനവ്യവസായതട്ടിപ്പുകളേയും കൂടി അതിൻ്റെ പരിധിയിൽ കൊണ്ടുവരേണ്ടതാണെന്നാണ്. 

എന്നാൽ ഒരുകാരണവശാലും ആധികാരികമായി തെളിയിക്കപ്പെട്ടിട്ടുള്ള ഡിങ്കമതത്തിൻ്റെ പുണ്യദിനമായ അക്ഷയജട്ടീയ നിരോധിച്ച് വെറുതേ സർക്കാർ പണിവാങ്ങിപ്പിടിക്കരുത്!

“ജട്ട്യം നവം അക്ഷയം, ഭാഗ്യദായകം 
ജട്ടിധരം ശുഭസ്യ ശീഘ്രസ്ഖലനം” 

എന്ന പതിനായിരത്തിലധികം വർഷം പഴക്കമുള്ള ശ്ലോകം തന്നെ ഈ ആചാരത്തിൻ്റെ മഹത്വം വിളിച്ചോതുന്നു.

നവഗ്രഹങ്ങളിലെ കുജനും ബ്രഹസ്പതിയും നേർക്കുനേർ വരികയും, മാന്ദ്യത്തിൽ നിൽക്കുന്ന ബുധൻ ഇവർക്ക് ലംബദിശയിലും, ശുഷ്ക്കാന്തിപൂണ്ട ശുക്രൻ സമാന്തരമായും വന്ന് പരസ്പരം നിഴലുകളിൽപ്പെട്ട് ജട്ടിയുടെ ആകൃതിയിൽ കാണപ്പെടുന്ന,  വർഷത്തിലൊരിക്കൽ മാത്രം വരുന്ന അപൂർവ്വ പ്രതിഭാസമാണ് അക്ഷയജട്ടീയ.

അക്ഷയജട്ടീയയുടെ പ്രാധാന്യവും, മഹത്വവും വിളിച്ചോതുന്ന അനേകായിരം സംഭവങ്ങളുണ്ട്, വിസ്താരഭയത്താൽ അത്ഭുതസംഭവങ്ങളിൽ ചിലതുമാത്രം സൂചിപ്പിക്കാം..

മൂന്നുവര്‍ഷംമുമ്പ് അക്ഷയജട്ടീയദിനത്തില്‍ പുത്തന്‍ ജട്ടി വാങ്ങിയ സുമേഷ് പറയുന്നത് ശ്രദ്ധിക്കൂ: 

”കൊച്ചുന്നാള്‍ മുതലേ ജട്ടികള്‍ എനിക്കലര്‍ജിയായിരുന്നു. ജട്ടി കാണുമ്പോള്‍തന്നെ എന്തോ ഒരു മതിഭ്രമമായിരുന്നു. അതുകൊണ്ടുതന്നെ ജട്ടി ഒഴിവാക്കിയായിരുന്നു എന്റെ ജീവിതം. വിവാഹത്തിനുപോലും ജട്ടിധരിക്കാതെയാണ് ഞാന്‍ മണ്ഡപത്തില്‍ കയറിയത്. വിവാഹം കഴിഞ്ഞേറെക്കാലം ഞങ്ങള്‍ക്ക് കുട്ടികളുണ്ടായില്ല. അപ്പോഴാണ് ഫുട്പാത്തില്‍ ജട്ടി വില്‍ക്കുന്ന എന്റെ അമ്മാവന്‍ അക്ഷയജട്ടിയയെക്കുറിച്ച് എന്നോടുപറഞ്ഞത്. ജട്ടിയിട്ടാല്‍ കുട്ടിയുണ്ടാവും എന്നത് വിശ്വസിക്കാൻ അന്നു ഞാന്‍ തയ്യാറായില്ല. പലവട്ടം അമ്മാവൻ ഉപദേശിച്ചപ്പോൾ, ഒന്നു പരീക്ഷിച്ചുകളയാമെന്നു കരുതി, അക്ഷയജട്ടീയ ദിവസം ഞാന്‍ 9 ജട്ടികള്‍ വാങ്ങിച്ചു. ജട്ടിക്ക് ത്രികോണാകൃതിയായതിനാൽ മൂന്നിൻ്റെ ഗുണിതങ്ങളായിവേണം കർമ്മങ്ങൾ ചെയ്യാൻ, അതായത് കുട്ടികളുണ്ടാകാനുള്ള കർമ്മം വരെ ദിവസേന 3 പ്രാവശ്യം...  9 മാസവും 9 ദിവസവും തികയുന്ന ദിവസം എന്റെ ഭാര്യ പ്രസവിച്ചു, തുടർന്ന് 3 വർഷം ഇടവിട്ട് 2 കുട്ടികൾ കൂടി  ജനിച്ചു. അന്നു മുതല്‍ എല്ലാ അക്ഷയജട്ടിയ ദിവസവും ഞാന്‍ 9 ജട്ടികള്‍ വീതം എനിക്കായി വാങ്ങുന്നു. അതുപോലെ നാട്ടിലെ അനാഥാലയങ്ങളിലും ജട്ടികള്‍ വാങ്ങി സംഭാവന ചെയ്യാറുണ്ട്. അക്ഷയജട്ടീയ ദിവസം വീട്ടില്‍വരുന്ന എല്ലാവര്‍ക്കും മൂന്ന് ജട്ടികള്‍ വീതമാണ് ഞാന്‍ സമ്മാനംനല്‍കാറുള്ളത്.”

ഇത് ഹിന്ദുക്കളുടെ മാത്രം വിശ്വാസമല്ല,  ജട്ടിപുണ്യം കൊണ്ട് വാര്‍ദ്ധക്യത്തില്‍ പോലും നേട്ടങ്ങളുണ്ടാക്കിയ ലൂക്കോസ് മുതലാളി പറയുന്നത് ശ്രദ്ധിക്കൂ: 

”കഴിഞ്ഞ അക്ഷയജട്ടീയ ദിവസം ചില്ലറ മാറുന്നതിനു വേണ്ടിയാണ് ഞാന്‍ ഒരു ജട്ടി ആദ്യമായി വാങ്ങിയത്. വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ തന്നെ മാറ്റം അറിയാമായിരുന്നു. 15 വര്‍ഷം മുമ്പ് അമ്മയുടെ കെട്ടുതാലി പൊട്ടിച്ച് നാടുവിട്ടു പോയ എന്റെ മകന്‍ റോയി ഒരു ബെന്‍സ് കാറില്‍ അപ്പോള്‍ വീട്ടിലെത്തിയിരുന്നു. ഗള്‍ഫില്‍ അവനൊരു കോടീശ്വരനാണെന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയില്ല; പക്ഷെ, അവനാണ് അവിടുത്തെ ജട്ടി ഇന്‍ഡസ്ട്രിയുടെ തലവനെന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. അന്നത്തെ ദിവസം അവൻ വർഷങ്ങളായി കാത്തിരുന്ന  ജി.സി.സി ജട്ടിവിതരണക്കരാർ അവനുലഭിച്ചു. റോയി ലൂക്കോസ് എന്നു പറഞ്ഞാൽ ഗള്‍ഫിലെ ജട്ടി എന്നാണിപ്പോള്‍ അര്‍ത്ഥം. എല്ലാം ഞാന്‍ വാങ്ങിയ ജട്ടിയില്‍ നിന്നുണ്ടായ ഭാഗ്യമാണെന്നു ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു”

ജട്ടിയുടെ നല്ലവശങ്ങളെപ്പറ്റി മാത്രമല്ല, ജട്ടിദോഷത്തെപ്പറ്റി വിശ്വാസമില്ലാത്തവരെ പേടിപ്പിക്കാനുമല്ല, എങ്കിലും മതസൗഹാർദ്ദവും മതേതരത്വവും ഊട്ടിയുറപ്പിക്കാൻ, ജട്ടിദോഷത്തെ പറ്റി മജീദിനു പറയാനുള്ളത് എന്താണെന്നു കേൾക്കാം: 

”രണ്ടു വര്‍ഷം മുമ്പ് ഒരു അക്ഷയജട്ടീയ ദിവസമാണ് എന്റെ അമ്മായിയമ്മയ്ക്ക് ലോട്ടറിയടിച്ചത്. അമ്മായിയമ്മയുടെ ലോട്ടറിയുടെ സന്തോഷം പങ്കുവയ്ക്കുന്നതിനായി വിവരമറിഞ്ഞയുടൻ ഭാര്യയേയും കൂട്ടി ഞാന്‍ വീട്ടില്‍നിന്നിറങ്ങി. ഇറങ്ങുമ്പോള്‍തന്നെ ഭാര്യ പറഞ്ഞതാണ് നല്ല കാര്യത്തിനിറങ്ങുമ്പം ജട്ടിയിട്ടോണ്ടു വേണമെന്ന്. മറുപടിയായി അവളുടെ ബാപ്പായ്ക്കു വിളിച്ച് പോയ പോക്കാണ്. അമ്മായിയമ്മയുടെ ലോട്ടറി കാണും മുമ്പേ എന്നെ പട്ടി കടിച്ചു, പിന്നെ പൊക്കിളിനുചുറ്റും സർക്കാരാശുപത്രിക്കാരുടെ പണിയും. അന്നത് ജട്ടിയെ അപമാനിച്ചതുകൊണ്ടാണെന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ പിന്നീടെല്ലാ വര്‍ഷവും അക്ഷയജട്ടീയ ദിവസം പട്ടികടിച്ച ആ മുറിവ് പഴുക്കും, ഭയങ്കര വേദനയും. അതിനു ശേഷം ഞാന്‍ അക്ഷയജട്ടീയയുടെ നോയ്മ്പ് നോക്കാൻ തുടങ്ങി. ഇപ്പോള്‍ അക്ഷയജട്ടീയ ദിവസം ജട്ടി മാത്രം ധരിച്ച് പ്രാർത്ഥനയിൽ മുഴുകിയിരിക്കും അതുകൊണ്ട് വേദനയില്ല, മുറിവുപഴുക്കാറില്ല, പട്ടികൾ അന്നാ പരിസരത്ത് കുരയ്ക്കുകപോലുമില്ല”

ഇതുപോലെ വിവിധമതവിഭാഗങ്ങൾ ഏകാഭിപ്രായത്തോടെ അത്ഭുതപ്രവർത്തികൾ സമ്മതിച്ച മറ്റേതെങ്കിലും ആചാരം നമ്മുടെ നാട്ടിലുണ്ടോ?

അതിനാൽ തന്നെ മന്ത്രവാദക്കൊലയുടെ ചുവടുപിടിച്ച്  അക്ഷയജട്ടീയയെ നിരോധിക്കുവാനുള്ള നീക്കത്തിൽ നിന്നും പിൻമാറേണ്ടതാണ്. കോടതിയുടെ പ്രത്യേകശ്രദ്ധയ്ക്ക്... കുമ്പസാരം ആരും നിർബന്ധിച്ചിട്ടല്ല ഒരാൾ സ്വയം തിരഞ്ഞെടുക്കുന്നതാണെന്ന അതേ ന്യായം മന്ത്രവാദത്തിനു വരുമോയെന്നറിയില്ല പക്ഷേ ജട്ടിധരിക്കുന്നതിൽ തീർച്ചയായും വരും, അത് ഐശ്ചികമാണ്, അതിനാൽ നിരോധനം തുല്യനീതിയുടെ നിഷേധമാണ്, ഭരണഘടനാവിരുദ്ധമാണ്.


(കടപ്പാട് മൂഷികസേനയ്ക്കും കഷ്ടപ്പാട് എനിക്കും)

No comments:

Post a Comment