Monday, August 6, 2018

സർപ്പസത്രം - (അവസാനഭാഗം (4))

സർപ്പസത്രം എന്ന ആശയം എല്ലാവർക്കും സ്വീകാര്യമായിരുന്നതിനാൽ വളരെ വേഗത്തിലാണ് കാര്യങ്ങൾ പുരോഗമിച്ചത്. രാജ്യത്തിൻ്റെ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്തിരുന്ന, ഗാന്ധാരപ്രവിശ്യയിലെ തക്ഷകൻ്റെ നാടുതന്നെ ആ നാഗരാജൻ്റെ അന്ത്യകർമ്മങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടു. തക്ഷശിലയിലെ ദശാർണ്ണനദിക്കരയിൽ വാസ്തുശാസ്ത്രപ്രകാരമുള്ള അളവുകൾ തിരഞ്ഞെടുത്ത് വലിയയാഗശാലയുടെ നിർമ്മാണമാരംഭിച്ചു. സ്വന്തം വ്രതശുദ്ധിക്കായി കർമ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും ആരംഭിച്ച മഹാരാജാവ് ജനമേജയൻ, ആ തിരക്കിനിടയിലും യാഗശാലയുടെ നിർമ്മാണപുരോഗതിവിലയിരുത്താൻ എത്തിച്ചേർന്നു. യാഗശാലയുടെ നിർമ്മാണത്തിൽ ഏറ്റവും അനുഭവസമ്പന്നനായ ചുമതലക്കാരൻ ലോഹിതാക്ഷനോട് വിവരങ്ങൾ തിരക്കിയറിയവേ, അളവുകളിൽ പിശകുണ്ടെന്നും, അതിനാൽത്തന്നെ ഈ യാഗം പരിസമാപ്തിയിലെത്തില്ലെന്നും, ഒരു യുവമുനിയാൽ തടസ്സപ്പെടുമെന്നും ലോഹിതാക്ഷൻ മഹാരാജാവിനെ അറിയിച്ചു.

മനസ്സിൽ നിറഞ്ഞ ആശങ്കയോടെ ദശാർണ്ണീനദിയിൽ ദേഹശുദ്ധിവരുത്തവേ, പൊടുന്നനെ ആ സംഭവം ജനമേജയൻ്റെ മനസ്സിലേയ്ക്ക് കടന്നുവന്നു. വിനോദത്തിലേർപ്പെട്ടിരുന്ന ജനമേജയൻ്റെ സഹോദരന്മാരുടെ മുന്നിലേയ്ക്ക് ഒരു ചെറിയ നായക്കുട്ടി എല്ലാവിധ അധികാരഭാവത്തോടെയും കൂസലില്ലായ്മയോടേയും കടന്നുവന്ന ആ ദിവസം. ആ ചെറിയ നായകുട്ടിയുടെ ഭാവവാഹാദികൾ കണ്ട് രസം പിടിച്ച അവർ തമാശയായി അതിനെ തല്ലിയോടിച്ചു. ദേവലോകാധിപൻ ഇന്ദ്രൻ്റെ പട്ടി സരമയുടെ കുഞ്ഞായിരുന്നു ആ നായക്കുട്ടി. തമസിയാതെ ആ അമ്മ തൻ്റെ മകനെ അകാരണമായി മർദ്ദിച്ചതിൻ്റെ കാരണം തിരക്കിയെത്തിച്ചേർന്നു.

"എന്തിനാണങ്ങയുടെ സഹോദരന്മാർ എൻ്റെ കുഞ്ഞിനെ മർദ്ദിച്ചത്? അവൻ യാഗത്തിനുള്ള വസ്തുക്കൾ നക്കി അശുദ്ധമാക്കിയോ? യാഗത്തിനായി ശേഖരിച്ച നെയ്യോ, വെണ്ണയോ മോഷ്ടിച്ചോ?"

ആ മാതാവിനുമുന്നിൽ ജനമേജയനു മറുപടിയുണ്ടായിരുന്നില്ല, അവളുടെ വാക്കുകൾ ശാപമായുതിർന്നു.

"അകാരണമായി ഒരു കുഞ്ഞിനെ ദ്രോഹിച്ച അങ്ങയുടെ ഭരണകാലത്തെ ഏറ്റവും വലിയ ഉദ്യമം പൂർത്തിയാക്കാനാകാതെ മുടങ്ങിപ്പോകുന്നതായിരിക്കും"

രണ്ടുസംഭവങ്ങളും ഒരേ ദിശയിലേയ്ക്ക് വിരൽചൂണ്ടിയപ്പോൾ മഹാരാജാവ് യാഗശാലയ്ക്ക് നൽകാവുന്നതിൽ വച്ച് മികച്ച സംരക്ഷണം നൽകി, യാഗം കഴിയുന്നതുവരെ അനുവാദമില്ലാതെ ആരേയും അങ്ങോട്ടുകടത്തിവിടേണ്ട എന്ന് കൽപ്പിച്ചു.

കുലഗുരു ശ്രുതിശ്രവസ്സും, ഉത്തങ്കമുനിയും യാഗത്തിനുവേണ്ട ആചാര്യന്മാരേയും, ഋഷിമാരേയുമൊക്കെ ഏകോപിപ്പിക്കുന്ന തിരക്കിലായിരുന്നു. കൃഷ്ണദ്വൈപായനനും, അദ്ദേഹത്തിൻ്റെ ശിഷ്യന്മാരായ വൈശമ്പായനനും, ജമനിയും, പൈലനും യഥാസമയം ആഗതരാകാമെന്നറിയിച്ചു. ച്യവനമഹർഷിയുടെ പിന്മുറക്കാരൻ ചണ്ഡഭാർഗ്ഗവമുനി പ്രധാനഹോതാവായെത്തി. മന്തോച്ചാരണത്തിനു നേതൃത്വം നൽകുന്ന ഉദ്ഗത്രിയായി കൗട്സമുനിയെത്തി. യാഗത്തിൻ്റെ യജമാനനായി ജൈമിനിമഹർഷിയും, ശാർങ്ങരവമുനിയും, പിംഗളമുനിയും അദ്ധ്വര്യൻമാരായി. ആത്യന്തികലക്ഷ്യം ഒരു വംശത്തിൻ്റെ നാശത്തിലേയ്ക്കാണെന്നതിനാൽ പുരോഹിതന്മാർ കറുത്തവസ്ത്രം ധരിച്ച് യാഗഭൂമിയിൽ പീഠാരോഹിതരായി. വിധിയുടെ ഇടപെടൽ എല്ലായിടവും വേണ്ടരീതിയിൽത്തന്നെ ഉണ്ടായിരുന്നതിനാലാവാം, ഉത്തങ്കമുനി പിന്മാറിയതും, ഉത്തങ്കമുനി നിർദ്ദേശിച്ച കുലഗുരു ശ്രുതിശ്രവസ്സിനുപകരം പുത്രൻ, നാഗകന്യകയുടെ ഉദരത്തിൽ പിറന്ന സോമശ്രവസ്സിനെത്തന്നെ ജനമേജയനു സർപ്പസത്രത്തിൻ്റെ മുഖ്യപുരോഹിതനാക്കേണ്ടിവന്നതും!

ജനമേജയനും, ഉത്തങ്കമുനിയും ചേർന്ന് സർപ്പസത്രം ആരംഭിക്കുന്നതും, മുഖ്യമായി ലക്ഷ്യം വയ്ക്കുന്നത് തന്നെയാണെന്നും ബോദ്ധ്യമായ തക്ഷകൻ, ദേവലോകത്തെത്തി ദേവേന്ദ്രനോട് അഭയം തേടി. ഉത്തങ്കമുനിയാണ് മുഖ്യകാർമ്മികനെങ്കിൽ മുൻപുചെയ്ത ഉപകാരങ്ങൾ ഹേതുവായി സാഹചര്യങ്ങൾ തനിക്ക് അനുകൂലമാക്കാമെന്ന് ഇന്ദ്രൻ കണക്കുകൂട്ടി. എങ്കിലും താമസിക്കാൻ ഏർപ്പാടാക്കിയ കൊട്ടാരം ഉപേക്ഷിച്ച് തക്ഷകൻ ദേവേന്ദ്രൻ്റെ മുറിയിൽതന്നെ ഒപ്പം കഴിയണമെന്ന് വാശിപിടിച്ചു. തക്ഷകൻ ഇന്ദ്രനെ അഭയം പ്രാപിക്കുവാനുള്ള സാദ്ധ്യത ഉത്തങ്കമുനിയും മുൻകൂട്ടിക്കണ്ടിരുന്നു. അതിനാൽ തന്നെ ഒരിക്കൽ തുടങ്ങിയാൽ പിന്മാറാത്തവരും, ദേവേന്ദ്രനുമായി ബാധ്യതയൊന്നുമില്ലാത്തവരുമായ ചണ്ഡഭാർഗ്ഗവമുനിയേയും, ശ്രുതിശ്രവസ്സിനേയും പ്രധാനസ്ഥാനങ്ങളിൽ അവരോധിക്കുവാൻ ശ്രമിച്ചു. എന്നാൽ ശ്രുതിശ്രവസ്സിനു ഒരു മഹാരാജ്യം മുഴുവൻ ഒന്നിക്കുന്ന ആ ചടങ്ങിൻ്റെ വ്യാപ്തി നിയന്ത്രിക്കുന്നതിനിടയിൽ മറ്റുകാര്യങ്ങൾക്ക് സമയമില്ലാത്തതിനാൽ മുഖ്യപുരോഹിതസ്ഥാനം നാഗവംശജൻ സോമശ്രവസ്സിലെത്തിച്ചേർന്നു.

യുഗങ്ങളുടെ കത്തിരിപ്പിനൊടുവിൽ ബ്രഹ്മനിശ്ചയപ്രകാരമുള്ള ആ സർപ്പസത്രം ആരംഭിച്ചു, ശുദ്ധീകരിച്ച വെണ്ണ മന്ത്രോച്ചാരണങ്ങളോടെ യാഗാഗ്നിയിൽ പതിച്ച് ആളിക്കത്തിയപ്പോൾ പ്രപഞ്ചത്തിൻ്റെ വിവിധകോണുകളിൽ നിന്നും സർപ്പങ്ങൾ ആ അഗ്നിയിലേയ്ക്ക് വന്നുപതിക്കുവാൻ തുടങ്ങി. ഓരോരോ നാഗങ്ങളെ പേരെടുത്ത് ആവാഹിച്ചും, കൂട്ടാമായി ഹോമിച്ചും മുന്നേറിയ സർപ്പസത്രത്തിൽ, വലിയ പർവ്വതങ്ങളുടെ വലിപ്പമുള്ള മഹാസർപ്പങ്ങൾതുടങ്ങി, പുഴുവിൻ്റെ വലിപ്പംമാത്രമുള്ള ചെറുനാഗങ്ങൾവരെ യാഗാഗ്നിയിൽ കിടന്നു വെന്തുരുകി ജീവൻ വെടിഞ്ഞു. അഗ്നിയിൽ പതിക്കുന്ന സർപ്പങ്ങളുടെ ദീനരോദനങ്ങളാൽ ഗാന്ധാരം ശോകാർദ്രമായി. യാഗം ദിനങ്ങൾ കടന്നു, വാരം തികഞ്ഞു, കോടിക്കണക്കിനു സർപ്പങ്ങൾ വെന്തുമരിച്ചു, സർപ്പങ്ങളുടെ കൂട്ടക്കരച്ചിലിൽ ഋതിക്കുകളും, മഹാരാജാവും അലിഞ്ഞുതുടങ്ങി. ഒടുവിൽ ആ ചോദ്യം ജനമേജയനിൽനിന്നു പുറപ്പെട്ടു

"തക്ഷകൻ ഇനിയും വധിക്കപ്പെട്ടില്ലേ? ഈ കൂട്ടക്കുരുതിയിൽ മനം മടുക്കുന്നു, ഇതിനിയെങ്കിലും അവസാനിപ്പിച്ചുകൂടേ?"

മാതൃവംശത്തിൻ്റെ നാശത്തിനായുള്ള കർമ്മങ്ങൾ മുൻപന്തിയിൽ നിന്നു നിസ്സഹായനായി നയിച്ച സോമശ്രവസ്സ് ഉടൻതന്നെ തക്ഷകനെ മന്ത്രസിദ്ധിയാൽ കണ്ടെത്തി.

"മഹാരാജാവേ, ദേവരാജാവായ ഇന്ദ്രൻ തക്ഷകനഭയം നൽകിയിരിക്കുന്നു. ഇപ്പോൾ തക്ഷകനുള്ളത് ദേവേന്ദ്രൻ്റെ കൊട്ടാരത്തിൽ അദ്ദേഹത്തിൻ്റെ മുറിയിലാണ്"

ജനമേജയൻ്റെ കണ്ണുകളിൽനിന്നു തീപ്പൊരി പറന്നു

"എന്ത്? ദേവേന്ദ്രനിത്ര ധിക്കാരമോ? നമ്മുടെ യാഗത്തെ പരാജയപ്പെടുത്തി, മുഖ്യശത്രുവായ തകഷകനഭയം നൽകിയെന്നോ? ഋതിക്കുകളേ.. ഹോതാക്കളേ, തക്ഷകനെ ആവാഹിച്ച് ഈ യാഗാഗ്നിയിൽ ദഹിപ്പിച്ച് യാഗമവസാനിപ്പിച്ചാലും, ഇന്ദ്രൻ സ്വയം പരിഹാസ്യനാകട്ടേ"

മന്ത്രോച്ചാരണം അതുച്ചത്തിലായി, ഹോതാക്കൾ ഹോമദ്രവ്യത്താൽ ഹോമാഗ്നിയെ വാനോളം ഉയർത്തി, തക്ഷകൻ ആവാഹനത്തിൻ്റെ ശക്തിയിൽ മെല്ലെ ഒഴുകി ദേവേന്ദ്രൻ്റെ മുറിയിൽനിന്നു പുറത്തേക്ക് നീങ്ങി. ഒരു നിലവിളിയോടെ തക്ഷകൻ ദേവേന്ദ്രൻ്റെ കട്ടിലിൻ്റെ നാലു കാലുകളിലും വരിഞ്ഞുമുറുക്കിക്കിടപ്പായി. ആവാഹനത്തിൻ്റെ വലിവ് നിലച്ചു, ഋതിക്കുകൾ നിശ്ചലരായി, ഉത്തങ്കൻ അലറി

"മഹാരാജാവേ, അങ്ങയുടെ ശത്രു, പിതാവിൻ്റെ ഘാതകൻ, ദേവേന്ദ്രൻ്റെ മുറിയിൽത്തന്നെയാണുള്ളത്, അവിടെ ദേവേന്ദ്രൻ സ്വന്തം ശയ്യയിൽ അവനഭയം നൽകിയിരിക്കുന്നു, ദേവരാജാവിൻ്റെ ബലത്താൽ അവനെ ഹോത്രികൾക്ക് ആവാഹിക്കുവാൻ കഴിയുന്നില്ലെന്ന് അങ്ങ് കാണുന്നില്ലേ? ശത്രുനിഗ്രഹത്തിന് ഇനിയുമെന്തിനാണമാന്തിക്കുന്നത്?"

ജനമേജയൻ്റെ കണ്ണുകൾ എരിഞ്ഞു, ശബ്ദം ദിഗന്തങ്ങളെ ഭേദിച്ചു

" എൻ്റെ ശത്രുവിനഭയം നൽകിയ ദേവരാജാവായ ഇന്ദ്രനെയും, അഭയം ലഭിച്ചെന്നഹങ്കരിക്കുന്ന ആ തക്ഷകനെയും അവർ കിടക്കുന്ന ആ ശയ്യയോടെ ആവാഹിക്കൂ.... ഈ യാഗാഗ്നിയിൽ എരിഞ്ഞമരുന്ന ശത്രുക്കളെ എനിക്കുകാണണം"

മന്ത്രോച്ചാരണം മണ്ണിനെ കടന്ന് വിണ്ണിലെത്തി, യഗാഗ്നിയുടെ താപം മർത്ത്യലോകം കടന്ന് ദേവലോകത്തെത്തി. ദേവേന്ദ്രനും, തക്ഷകനും, അവരുടെ ശയ്യയും ഇന്ദ്രൻറെ കൊട്ടാരവും കടന്ന് ആകാശവീഥികളിലൂടെ ആടിയുലഞ്ഞ് സർപ്പസത്രത്തിൻ്റെ യാഗകുണ്ഡം ലക്ഷ്യമാക്കി സഞ്ചരിച്ചുതുടങ്ങി. ആ ആകാശക്കാഴ്ച്ചയിൽ ആവേശഭരിതരായ ഉത്തങ്കമുനിയും, ഋതിക്കുകളും യാഗത്തിൻ്റെ ശക്തി പരമാവധിയിലെത്തിച്ചപ്പോൾ തക്ഷകൻ്റെ നിലവിളി ഇന്ദ്രനിലേയ്ക്കും പടർന്നുകയറി. ദേവലോകത്തേയും വാനവീഥികളേയും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഇന്ദ്രൻ്റേയും തക്ഷകൻ്റേയും കൂട്ടനിലവിളിയുയർന്നു. തക്ഷകനെ ഏതെങ്കിലും തരത്തിൽ കട്ടിലിലെ പിടിവിടുവിച്ച് രക്ഷപ്പെടാൻ ഇന്ദ്രൻ പലശ്രമങ്ങളും നടത്തിയെങ്കിലും പരാജിതനായി, ഒടുവിൽ വജ്ജ്രായുധം പ്രയോഗിക്കുവാൻ വരെ ശ്രമിച്ചു, കട്ടിലിൻ്റെ കാലുകളിൽ ചുറ്റി ഒളിച്ചുകളിച്ച തക്ഷകൻ ഇന്ദ്രനെ അവിടേയും പരാജയപ്പെടുത്തി. അഗ്നിയുടെ നാളങ്ങളിലേയ്ക്ക് മെല്ലെ ഇന്ദ്രനും തക്ഷകനും കട്ടിലും അടുത്തപ്പോൾ തക്ഷകൻ ശയ്യയുടെ മുകളിൽ ഇന്ദ്രനോടൊപ്പം ഇരിപ്പുറപ്പിച്ച് നിലവിളിതുടർന്നു. കട്ടിലിൻ്റെ കാലുകൾ കത്തിത്തുടങ്ങി, ഇന്ദ്രൻ്റെ തലമുടിയും, രോമങ്ങളും കരിഞ്ഞുതുടങ്ങി, തക്ഷകൻ്റെ ചർമ്മം ഉരുകി നെയ്യ് പുറത്തുവന്നുതുടങ്ങി, അവരുടെ നിലവിളി മണ്ണിലും വിണ്ണിലും മാറ്റൊലികൊണ്ടു.

യാഗശാലയുടെ കാവലിനെ മറികടന്ന് തേജോമയനായ ആ യുവമുനികുമാരൻ കടന്നുവന്നു ജനമേജയൻ്റെ മുന്നിൽ നിലകൊണ്ടു. ദിവ്യപ്രഭചൊരിയുന്ന ആ മുനികുമാരനെ കണ്ട് ഇരിപ്പിടത്തിൽ നിന്നെണീറ്റ മഹാരാജാവ് ചോദിച്ചു

"സൂര്യതേജസോടെ നിൽക്കുന്ന മുനികുമാരാ.. അങ്ങാരാണ്? എന്താണങ്ങയുടെ ആഗമനോദ്ദേശ്യം? ഈ മഹായാഗഭൂമിയിൽ അങ്ങയുടെ സാന്നിദ്ധ്യം ഒരു പുണ്യമാണ്, അതിനുപകരമായി ഞാൻ എന്താണങ്ങേയ്ക്ക് ചെയ്തുതരേണ്ടത്? എന്തുതന്നെ ആയാലും ആവശ്യപ്പെട്ടുകൊള്ളുക, അത് നിറവേറ്റിത്തരുന്നതായിരിക്കും"

തികഞ്ഞ ശാന്തതയോടെ ആസ്തികൻ പ്രതിവചിച്ചു

"മഹാരാജാവേ..ഞാൻ ജരത്ക്കാരു മഹർഷിക്ക് സർപ്പങ്ങളുടെ ചക്രവർത്തി വാസുകിയുടെ സഹോദരി ജരത്ക്കരുവെന്ന നാഗകന്യകയിൽ പിറന്ന ആസ്തികനാണ്. അങ്ങ് എനിക്കുതന്ന വരമനുസരിച്ച് ഈ സർപ്പസത്രം ഇവിടെ, ഇപ്പോൾ അവസാനിപ്പിച്ചാലും"

അതിനു മറുപടി പറഞ്ഞത് ഉത്തങ്കമുനിയായിരുന്നു

"കുമാരാ, അങ്ങയുടെ ആഗ്രഹപ്രകാരം ഈ സർപ്പസത്രം ഉടൻ അവസാനിപ്പിക്കുന്നതാണ്, അവസാനത്തെ അർഘ്യം ഇതാ വാനവീഥിയിൽ ഏതാനം വാരകൾ അകലെയെത്തിയിരിക്കുന്നു, അത് യാഗാഗ്നിയിൽ സമർപ്പിക്കുന്നതോടെ ഈ സർപ്പസത്രം പരിസമാപ്തിയിലെത്തും, അങ്ങ് വിശ്രമിച്ചാലും"

ആസ്തികൻ മഹാരാജാവിനോട് വീണ്ടും ആവശ്യപ്പെട്ടു

"അല്ലയോ ചന്ദ്രവംശത്തിലെ സൂര്യതേജസ്സായ മഹാരാജവേ... അങ്ങയുടെ വാക്കുകൾ നിറവേറ്റിയാലും, യാഗം അവസാനിപ്പിച്ചാലും"

മഹാരാജാവ് മുഖ്യപുരോഹിതൻ സോമശ്രവസ്സിനോട് അഭിപ്രായമാരാഞ്ഞു. അദ്ദേഹം അതിനു മറുപടി പറഞ്ഞില്ല, പകരം ഋതിക്കുകളെ നോക്കി നിർദ്ദേശം നൽകി

"യാഗം അവസാനിപ്പിക്കൂ"

മന്ത്രോച്ചാരം നിന്നനിൽപ്പിൽ നിലച്ചു, മുഖ്യഹോതാവ് കൈയിലെടുത്ത അർഘ്യം അർപ്പിക്കാതെ കൈപൂട്ടി. യാഗാഗ്നിക്ക് ശക്തികുറഞ്ഞു. ആ രണ്ട് നാഗവംശജരുടെ മുന്നിൽ ഉത്തങ്കമുനി പരാജിതനായിനിന്നു. താൻ ഒഴിഞ്ഞുകൊടുത്ത ആ മുഖ്യപുരോഹിതസ്ഥാനത്തിൻ്റെ വില, ഏതാനും മാത്രകളുടെ ആ വില, ഒരു നാഗവംശജനിൽ അതെത്തിയതിനു കൊടുക്കേണ്ടിവന്ന വില ഉത്തങ്കമുനിക്ക് നന്നായി മനസ്സിലായി.

കത്തുന്ന ശയ്യയിൽ കരിഞ്ഞുതുടങ്ങിയ രോമങ്ങളും, പൊള്ളിത്തുടങ്ങിയ ചർമ്മവുമായി ഇന്ദ്രനും, ഉരുകുന്നദേഹവുമായി തക്ഷകനും മന്ത്രബന്ധനത്തിൽനിന്നു മോചിതരായി. ആശ്വാസത്തോടെ തിരിഞ്ഞുനോക്കിയ ഇന്ദ്രനു തക്ഷകനെ കണ്ടെത്താനായില്ല, ജീവൻ തിരിച്ചുകിട്ടിയ തക്ഷകൻ നാഗലോകത്തേയ്ക്ക് രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. ഒപ്പമെത്തിയ ഈ സംഭവങ്ങളിലെ ഒരു പ്രധാനകഥാപാത്രമായ ഉച്ചൈശ്ശ്രവസ്സിൻ്റെ പുറത്തേറി ഇന്ദ്രൻ ദേവലോകത്തേയ്ക്ക് മടങ്ങി. തക്ഷകനും, ഇന്ദ്രനുമുപേക്ഷിച്ച വെന്തുതീരാറായ ആ ശയ്യ യാഗാഗ്നിയിലേക്ക് പതിച്ച് ആളിക്കത്തി, യാഗകുണ്ഡത്തിൻ്റെ അവസാനത്തെ ആളിക്കത്തൽ!

കോപത്താൽ ജ്വലിച്ച ഉത്തങ്കമുനി പിൻവാതിലിലൂടെ യാഗശാല ഉപേക്ഷിച്ച് നടന്നുമറഞ്ഞു. ആശയക്കുഴപ്പത്തിലായ ജനമേജയനെ വേദവ്യാസനും, ആസ്തികനും ചേർന്നാശ്വസിപ്പിച്ചു

"സർപ്പങ്ങളുടെ ക്രമാതീതമായി വർദ്ധിച്ച സംഖ്യ കുറയ്ക്കുക എന്നതിനപ്പുറം വംശനാശം വരുത്തുക എന്നത് ബ്രഹ്മദേവൻ സങ്കൽപ്പിച്ചിട്ടില്ല, അതിനാൽ അവസാനിക്കേണ്ടിടത്തുതന്നെയാണീ സർപ്പസത്രം അവസാനിച്ചത്, നാഗവംശരക്ഷയ്ക്കായി ജന്മമെടുത്ത ഈ കുമാരൻ ആസ്തികനും, സോമശ്രവസ്സും അവരുടെ ജന്മോദ്ദേശ്യവും സാധിച്ചു, എല്ലാം നല്ലതിനുതന്നെ"

കൃഷ്ണദ്വൈപായനൻ അരുൾചെയ്തു.

"തീർച്ചയായും മഹാരാജാവേ, അങ്ങ് ഇപ്പോൾ പ്രകടിപ്പിച്ചത് മഹത്തായ ചന്ദ്രവംശത്തിൻ്റെ ഗുണമാണ്, അതുകൊണ്ടാണല്ലോ, അങ്ങയുടെ പൂർവ്വികനായ അർജ്ജുനനു സാക്ഷാൽ അപരബ്രഹ്മമൂർത്തിതന്നെ തേരാളിയായത്... അങ്ങേയ്ക്ക് എന്നെന്നും നന്മകൾ ഭവിക്കട്ടേ"

അസ്തികൻ മഹാരാജാവിനെ അനുഗ്രഹിച്ചുവെങ്കിലും ജനമേജയൻ അങ്ങനെ അദ്ദേഹത്തെ സ്വതന്ത്രനാക്കാൻ തയ്യാറായിരുന്നില്ല.

"എൻ്റെ പൂർവ്വികനു വിഷ്ണുഭഗവാൻ സ്വയം തേരാളിയായിരുന്ന ആ കഥ അങ്ങയിൽനിന്നു കേൾക്കുവാൻ ഞാനാഗ്രഹിക്കുന്നു, ദയവായി പറഞ്ഞുതുടങ്ങിയാലും"

ആസ്തികൻ പ്രതിവചിച്ചു

"മഹാത്മാവായ വേദവ്യാസൻ ഇവിടെയുള്ളപ്പോൾ മറ്റാർക്കാണാ സംഭവങ്ങൾ വിവരിക്കുവാൻ അർഹ്ഹതയുള്ളത്? മഹാരാജാവേ അങ്ങ് അദ്ദേഹത്തോട് അഭ്യർത്ഥിച്ചാലും"

അതിനു മറുപടിയായി കൃഷ്ണദ്വൈപായനൻ എല്ലാവരോടുമായി പറഞ്ഞു

"തീർച്ചയായും എനിക്കാണാ സംഭവങ്ങൾ അടുത്തുനിന്നറിയാവുന്നത്, എന്നാൽ എനിക്ക് പങ്കെടുക്കേണ്ട മറ്റു ചില ചടങ്ങുകളുണ്ട്, അവിടെ എന്നെ കാത്തിരിക്കുകയാണവർ, അതിനാൽ പോകാൻ അനുവാദം തന്നാലും... എങ്കിലും നിങ്ങളാരും നിരാശരാകേണ്ടതുമില്ല, എൻ്റെ ശിഷ്യൻ വൈശമ്പായനൻ എന്നിൽനിന്നു മഹാഭാരതകഥ ഹൃദസ്ഥമാക്കിയിട്ടുള്ളതാകയാൽ അദ്ദേഹം നിങ്ങൾക്കായി അത് ഉരചെയ്യുന്നതാണ്"

വേദവ്യാസൻ തൻ്റെ മറ്റുശിഷ്യന്മാരുമായി നടന്നുമറഞ്ഞു, ആകാംക്ഷയോടെ കാത്തിരുന്ന ആ പുരുഷാരത്തിനോടായി മുനിവൈശമ്പായനൻ ഉവാച: മഹാഭാരതം!!!!

No comments:

Post a Comment