Friday, July 27, 2018

സർപ്പസത്രം - (ഭാഗം 3)

അങ്ങനെ ഉത്തങ്കൻ കാത്തിരുന്ന ആ അവസരം ഇതാ കണ്മുന്നിലെത്തിയിരിക്കുന്നു, ശ്രാദ്ധം കഴിഞ്ഞു ദക്ഷിണനൽകാനെത്തിയ ജനമേജയനിൽ  അനുഗ്രഹം ചൊരിയവേ ഉത്തങ്കൻ ഇത്ര കൂടി പറഞ്ഞു

" ഈ കർമ്മം ഏറ്റവും മഹത്തായ രീതിയിൽ അങ്ങ് നിർവ്വഹിച്ചു, അഭിനന്ദനങ്ങൾ മഹാരാജാവേ...  അങ്ങയുടെ പിതൃക്കളൊക്കെ സന്തുഷ്ടരായിക്കാണണം, പിതാവൊഴികെ.."

രാജാവിനോടൊപ്പമുള്ള കുലഗുരു ശ്രുതിശ്രവസ്സിനു ഉത്തങ്കൻ്റെ കഥകളറിയാം, അവനു നാഗവംശത്തോടുള്ള പകയും, അതിനാൽ തന്നെ അദ്ദേഹം തിരക്കുകൂട്ടി

"മഹാരാജാവേ ഇനിയും നിറയെ കർമ്മികൾ ബാക്കിയുണ്ട്, എല്ലാവരിലുമെത്തണം, വേഗം മുന്നോട്ട് നീങ്ങിയാലും.."

അദ്ദേഹം അതുപറഞ്ഞുകൊണ്ട് അദ്ദേഹം ധൃതിയിൽ മുന്നോട്ട് നീങ്ങി, ജനമേജയൻ്റെ കാലുകൾ ആ നിന്നിടത്ത് ഉറച്ചുപോയിരുന്നു. അദ്ദേഹം ഉത്തങ്കനോട് തിരക്കി

"അല്ലയോ ഋഷിവര്യാ... എന്തുകൊണ്ടാണ് എൻ്റെ പിതാവിനു തൃപ്തിയായില്ല എന്നങ്ങ് പറഞ്ഞത്? എന്ത് കുറവാണത്തരത്തിൽ സംഭവിച്ചു പോയത്? ദയവായി പറഞ്ഞുതന്നാലും"

അതുകേട്ട കുലഗുരു തിരിഞ്ഞുനിന്നു, ഉത്തങ്കൻ്റെ മുഖത്തുനോക്കി ഒന്നും പറയരുതെന്ന് ആംഗ്യംകാണിച്ചു. ഉത്തങ്കൻ അതുകൂട്ടാക്കാതെ മറുപടിനൽകി, അതും ശ്രുതിശ്രവസ്സ് ഇടങ്കോലിടുംമുമ്പേ കാര്യം പറഞ്ഞുതീർത്തു.

"അങ്ങയുടെ പിതാവിനെ ക്രൂരമായി വധിച്ച തക്ഷകനോട് പുത്രനായ അങ്ങിങ്ങനെ ക്ഷമിക്കുമ്പോൾ എങ്ങനെയാണാ പുണ്യാത്മാവിനു ക്ഷേമമുണ്ടകുക?"

ജനമേജയൻ ഞെട്ടിത്തരിച്ചുനിന്നു. ആദ്യത്തെ അമ്പരപ്പിൽ നിന്നും മോചിതനായ അദ്ദേഹം തിരക്കി

"എൻ്റെ പിതാവും, ഈ നാടിൻ്റെ ചക്രവർത്തിയുമായിരുന്ന പരീക്ഷിത്ത് നാഗരാജാവായ തക്ഷകനാൽ വധിക്കപ്പെട്ടതാണെന്നോ? എന്നോട് ഇന്നോളം ഇങ്ങനെയല്ലല്ലോ പറഞ്ഞിരുന്നത്, അല്ലയോ മുനിശ്രേഷ്ഠാ.. ഞാൻ അങ്ങയിൽ നിന്നും ഇതിൻ്റെ സത്യം കേൾക്കാൻ ആഗ്രഹിക്കുന്നു"

ഉത്തങ്കൻ അതിനുത്തരം പറയാൻ തുടങ്ങിയപ്പോൾ ശ്രുതിശ്രവസ്സ് വീണ്ടും ഇടപെട്ടു

"മഹാരാജാവേ കഥകൾ ആ വിശ്രമഗൃഹത്തിൽ ഇരുന്ന് കേൾക്കാമല്ലോ... സായംസന്ധ്യവരെ സമയവുമുണ്ട്, എന്നാൽ ഈ ചടങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ട്, ദയവായി അതു തുടർന്നാലും"

ജനമേജയൻ്റെ ശബ്ദം കടുത്തു

"അല്ലയോ കുലുഗുരുശ്രേഷ്ഠാ.. വ്യർത്ഥമാണീ കർമ്മങ്ങളെങ്കിൽ എന്തിനാണിവയ്ക്കൊരു  പരിസമാപ്തി? അല്ലയോ അമാത്യന്മാരേ...  ആചാര്യന്മാർക്കുള്ള ദക്ഷിണകൾ നൽകിയാലും, ഞാൻ  വിശ്രമഗൃഹത്തിലേയ്ക്ക് പോകുന്നു, എനിക്ക് ഇദ്ദേഹത്തിൽ നിന്നും ആ കഥ കേൾക്കണം. അതിനു ശേഷം തീരുമാനിക്കാം ബാക്കിയൊക്കെ"

മഹാരാജാവ് മുൻപിലും ഉത്തങ്കനും ശ്രുതിശ്രവസ്സും പിന്നിലുമായി നടന്ന് ആ പുഴയോരത്തെ കുടീരത്തിലെത്തുന്നതിനിടയിൽ ഉത്തങ്കനെ നിയന്ത്രണത്തിലാക്കാൻ കുലഗുരുവിനായി. തൻ്റെ ഇരിപ്പിടത്തിലിരുന്ന ജനമേജയൻ ഉത്തങ്കനോട് ആ കഥ പറയുവാൻ നിർദ്ദേശിച്ചു. എന്നാൽ കുലഗുരുവിനാൽ നിയന്ത്രിക്കപ്പെട്ട ഉത്തങ്കൻ ഇങ്ങനെ പറഞ്ഞു

" മഹാരാജാവേ, ക്ഷമിക്കണം എനിക്ക് ഗുരു വേദൻ പറഞ്ഞുകേട്ട അറിവേയുള്ളൂ, അക്കാലത്തെ കുലഗുരു ധൗമമഹർഷിയോടൊപ്പംകഴിഞ്ഞ കുലഗുരു മുനിശ്രുതിശ്രവസ്സിനു അതൊക്കെ കൂടുതൽ വ്യക്തമായി പറയുവാൻ സാധിക്കും"

അപ്രകാരം ജനമേജയൻ സമ്മതിച്ചപ്പോൾ കുലഗുരു കഥ പറയാൻ ആരംഭിച്ചു

"മഹാരാജൻ, അങ്ങയുടെ മഹാനായ മുത്തച്ഛൻ്റെ പിതാവ് ലോകൈകസവ്യസാചി അർജ്ജുനനും സഹോദരന്മാരും വാനപ്രസ്ഥത്തിനു പോയതിനുശേഷം, അവിടുത്തെ പിതാവ് പരീക്ഷിത്ത് മഹാരാജൻ ഈ സാമ്രാജ്യത്തെ ഏറ്റവും ഉചിതമായ രീതിയിൽ പരിപാലിച്ചുകൊണ്ടിരുന്നകാലം. അദ്ദേഹം ഒരുനാൾ മൃഗയാവിനോദത്തിനായി വനത്തിൽ സഹചാരികളോടൊപ്പം വരികയും, വിനോദത്തിൻ്റെ ഉന്മാദത്തിൽ കൂടെയുള്ളവരുമായി പിരിയുകയും ചെയ്തു. വനത്തിൽ ഏകനായി പരിക്ഷീണിതനായ മഹാരാജാവ് അലയവേ തപോധനനായ ഒരു മഹർഷി ധ്യാനത്തിൽ മുഴുകിയിരിക്കുന്നത് കാണുവാനിടയായി.

അപ്രകാരം ജനമേജയൻ സമ്മതിച്ചപ്പോൾ കുലഗുരു കഥ പറയാൻ ആരംഭിച്ചു

"മഹാരാജൻ, അങ്ങയുടെ മഹാനായ മുത്തച്ഛൻ്റെ പിതാവ് ലോകൈകസവ്യസാചി അർജ്ജുനനും സഹോദരന്മാരും വാനപ്രസ്ഥത്തിനു പോയതിനുശേഷം, അവിടുത്തെ പിതാവ് പരീക്ഷിത്ത് മഹാരാജൻ ഈ സാമ്രാജ്യത്തെ ഏറ്റവും ഉചിതമായ രീതിയിൽ പരിപാലിച്ചുകൊണ്ടിരുന്നകാലം. അദ്ദേഹം ഒരുനാൾ മൃഗയാവിനോദത്തിനായി വനത്തിൽ സഹചാരികളോടൊപ്പം വരികയും, വിനോദത്തിൻ്റെ ഉന്മാദത്തിൽ കൂടെയുള്ളവരുമായി പിരിയുകയും ചെയ്തു. വനത്തിൽ ഏകനായി പരിക്ഷീണിതനായ മഹാരാജാവ് അലയവേ തപോധനനായ ഒരു മഹർഷി ധ്യാനത്തിൽ മുഴുകിയിരിക്കുന്നത് കാണുവാനിടയായി. 

അത് മഹർഷി സമിക ആയിരുന്നു, അദ്ദേഹം തപസ്സനുഷ്ഠിക്കുകയായിരുന്നതിനാൽ ആഗതനെ ശ്രദ്ധിക്കാതെ തൻ്റെ കർമ്മത്തിൽ മുഴുകിയിരുന്നു. ദാഹത്താൽ വലഞ്ഞ പരീക്ഷിത്ത് മഹർഷിയോട് ജലം ലഭിക്കുന്ന ഇടം തിരക്കിയെങ്കിലും അദ്ദേഹം ഒന്നും മറുപടി കൊടുക്കാതെ ജപംതുടർന്നുകൊണ്ടേയിരുന്നു. ദാഹത്താൽ വലഞ്ഞ മഹാരാജാവ് പെട്ടെന്ന് കോപാകുലനായി, ഈ നിശ്ചലനായ മുനിയെ ഒന്നനക്കിയിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ച്, അവിടെ കണ്ട ഒരു പാമ്പിനെ കിട്ടിയ വടിയാൽ തല്ലിക്കൊന്ന് മഹർഷിയുടെ കഴുത്തിലിട്ടു. മഹർഷി അപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ജപംതുടർന്നു. ഇതിനിടയിൽ അകലെ തന്നെതിരയുന്നവരുടെ കോലാഹലം കേട്ട് പരീക്ഷിത്ത് അങ്ങോട്ടുപോയി, അവരുമായി ചേർന്ന് ഹസ്തിനപുരത്തേയ്ക്ക് മടങ്ങി. 


അൽപ്പസമയത്തിനു ശേഷം സമികമഹർഷിയുടെ പുത്രൻ ശൃംഗിൻ അവിടെയെത്തി തൻ്റെ പിതാവിൻ്റെ കഴുത്തിലെ സർപ്പഹാരം കണ്ടോടി അടുത്തെത്തി, എന്നാൽ അത് ഒരു ചത്തപാമ്പാണെന്നറിഞ്ഞ് പരീക്ഷിത്ത് ഉപേക്ഷിച്ച അതേ വടിയാൽ അതിനെ നീക്കം ചെയ്തു. അവൻ്റെ ഓട്ടവും ബഹളവും കണ്ട് സമികയുടെ ശിഷ്യൻ കൃശൻ ഉറക്കെപ്പൊട്ടിച്ചിരിച്ചു. കോപിഷ്ഠനായ ശൃംഗിൻ ആരാണിത് ചെയ്തതെന്ന് അവനോട് തിരക്കി, ഭയന്നുപോയ കൃശൻ ഇത് ഈ നാടിന്നുടയവൻ അഭിമന്യുവിൻ്റെ പുത്രൻ പരീക്ഷിത്ത് വേട്ടയ്ക്കിടയിൽ ചെയ്തതാണെന്ന് മറുപടി നൽകി.

അതുകേട്ട് കോപം കൊണ്ട് അന്ധനായ ശൃംഗിൻ പരീക്ഷിത്തിനെ ശപിച്ചു

"ഹേ.. ദുരാത്മാവേ.. തപോവനങ്ങളെ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള നീ ഇത്തരമൊരധർമ്മം പ്രവർത്തിച്ചതിനുള്ള ശിക്ഷ ഏറ്റുവാങ്ങുകതന്നെ വേണം. ഇന്നേയ്ക്ക് ഏഴുരാത്രികൾ തികയും മുമ്പേ നീ സർപ്പങ്ങളുടെ രാജാവ്  തക്ഷകദംശനത്താൽ കൊല്ലപ്പെടും"

ഈ വിവരം അറിഞ്ഞ മഹർഷി സമിക പുത്രനെ ശാസിച്ചു 

"നീ വലിയ അവിവേകമായിപ്പോയി കാണിച്ചത്. ദാഹത്താൽ വലഞ്ഞ മഹാരാജന്, നമ്മുടെയെല്ലാം രക്ഷകന് ഒരു കയ്യബദ്ധം പറ്റിയാൽ അതിനിങ്ങനെയാണോ പ്രതികരിക്കുന്നത്?"

അദ്ദേഹം തൻ്റെ ശിഷ്യന്മാരിൽ പ്രമുഖനായ ഗുരുമുഖനെ പരീക്ഷിത്ത് മഹാരാജാവിൻ്റെ അടുക്കലയച്ച്, ശാപത്തിൻ്റെ വിവരവും, രക്ഷയ്ക്കുള്ള ഉപായങ്ങൾ ചെയ്യേണ്ടതിൻ്റെ ആവശ്യകതയും ബോദ്ധ്യമാക്കി. മഹാരാജാവ് മന്ത്രിമാരുമായി ചേർന്ന് കൂടിയാലോചന നടത്തി, ഭാഗവതപാരായണയജ്ഞം നടത്തി, കഴിഞ്ഞുകൂടി, പക്ഷേ നിർഭഗ്യവശാൽ ഏഴാം ദിവസ്സം ഒരു നാഗത്തിൻ്റെ ദംശനമേറ്റ് പരീക്ഷിത്ത് ഇഹലോകവാസം വെടിഞ്ഞു."

ശ്രുതിശ്രവസ്സ് പറഞ്ഞു നിർത്തി. ഒരുനിമിഷം വൈകാതെ ജനമേജയനിൽ നിന്നും ചോദ്യമുയർന്നു

"ഇത് ഒരു ധർമ്മപ്രശനം മാത്രമാണല്ലോ? അപ്പോൾ എന്തിനിതിത്രകാലം എന്നിൽ നിന്നും മറച്ചു വച്ചു? ഈ കേട്ടതിനപ്പുറം മറ്റുവല്ലതും കൂടിയുണ്ടോ? ഉത്തങ്കമുനേ.. അങ്ങ് ഇതിൽപ്പെടാത്ത എന്താണ് കേട്ടിരിക്കുന്നത്?"

ഇത്തവണ ഉത്തങ്കനെ തടയാൻ ശ്രുതിശ്രവസ്സിനായില്ല

"മഹരാജൻ കഥ ഇതുപോലെ തന്നെയാണ് കേട്ടിരിക്കുന്നത്, എന്നാൽ, അദ്ദേഹം മരിച്ചത് തക്ഷകൻ ദംശിച്ച് തന്നെയാണ്, അതും ഭീകരരൂപം പൂണ്ട്, ഒരിക്കലും ഭയപ്പെടാത്ത ആ ധീരനെ വരിഞ്ഞുമുറുക്കി എല്ലുകൾ തകർത്ത്, വേദനകൊണ്ട് പുളയുന്ന അദ്ദേഹത്തെ ഉഗ്രമായ വിഷജ്വാലകളാൽ നീറ്റി ഭീകരവിഷത്താൽ വെണ്ണീറാക്കി. അത്ര ക്രൂരമായി വധിക്കണമെന്ന് ആ കുമാരൻ ശപിച്ചിരുന്നോ? അതും ആ ശാപവാർത്തയറിഞ്ഞതിനു ശേഷം തനിക്കറിയാതെ പറ്റിയ തെറ്റാണെന്നും പൊറുക്കണമെന്നും, തെറ്റിനുള്ള ശിക്ഷ സ്വീകരിക്കുന്നു എന്നാൽ അങ്ങേയ്ക്കും പുത്രനുമുണ്ടായ വിഷമത്തിനു പരിഹാരമായ് സ്വീകരിക്കണം എന്നുപറഞ്ഞ് നിരവധി സമ്മാനങ്ങൾ മഹർഷിക്ക് സമികയ്ക്ക് കൊടുത്തയച്ച ആ പുണ്യാത്മാവിനെ അപ്രകാരം ഉപദ്രവിക്കാൻ തക്ഷകനാരാണ് അധികാരം നൽകിയത്? "

ജനമേജയൻ്റെ ഓരോ രോമകൂപങ്ങളും ഉണർന്നെണീറ്റു, അദ്ദേഹം ഉത്തങ്കനോട് കൽപ്പിച്ചു

"വേഗം പറയൂ.. മറ്റെന്തൊക്കെയാണ് തക്ഷകൻ്റെ ആ ക്രൂരതയെപ്പറ്റി അങ്ങേയ്ക്കറിയാവുന്നത്?"

"മഹാരാജൻ, അങ്ങേയ്ക്കറിയാമല്ലോ കശ്യപമഹർഷിയെ, മഹാവിഷഹാരിയായ അദ്ദേഹം ഈ ശാപത്തിൻ്റെ വാരത്തയറിഞ്ഞ് പരീക്ഷിത്തിനെ രക്ഷിയ്ക്കുവാൻ ഹസ്തിനപുരത്തേയ്ക്ക് പുറപ്പെട്ടു. കിട്ടുന്ന അവസരത്തിൽ അങ്ങയുടെ പിതാവിനെ വധിക്കുവാൻ തക്ഷകനും ഹസ്തിനപുരിയിൽ വേഷപ്രശ്ചന്നനായി ചുറ്റിത്തിരിഞ്ഞു. എന്നാൽ അവിടുത്തെ പിതാവ് ദാനധർമ്മങ്ങൾ നടത്ത്കയും, ഭാഗവതയജ്ഞം നടത്തുകയും, നദിയുടെ നടുവിൽ ഒരു സൗധത്തിൽ ആർക്കും പ്രവേശനമില്ലാതെ ഭടന്മാരാലും, ദിവ്യർഷിമാരുടെ തപോസംരക്ഷണയാലും സുരക്ഷിതനായിക്കഴിഞ്ഞു. കശ്യപമുനിയെ വഴിയിൽ തന്നെ തടഞ്ഞ തക്ഷകൻ എവിടെ പോകുന്നു എന്ന് ചോദിച്ചു

"സർപ്പദംശനശാപം ലഭിച്ച മഹാരാജാവ് പരീക്ഷിത്തിനെ രക്ഷിക്കുവാൻ ഹസ്തിനപുരത്തേയ്ക്ക് പോകുന്നു"

എന്ന മറുപടി കേട്ട തക്ഷകൻ അദ്ദേഹവുമായി ധർമ്മാധർമ്മങ്ങളുടെ വാഗ്വാദത്തിൽ ഏർപ്പെട്ടു. സമികമഹർഷിയോട് ഘോരാപരാധം ചെയ്ത പരീക്ഷിത്ത് വധിക്കപ്പെടേണ്ടവൻ ആണെന്നും, ശാപം ഫലിക്കണമെന്നും തർക്കിച്ചു. താൻ എന്തായാലും മഹാരാജാവിനെ രക്ഷിക്കുമെന്ന് മുനി ഉറച്ചു നിന്നപ്പോൾ തക്ഷകൻ തൻ്റെ സ്വന്തം രൂപത്തിലായിമാറിക്കൊണ്ട് പറഞ്ഞു

"അല്ലയോ മുനിശ്രേഷ്ഠാ.. വൃധാ അപമാനിതനാവണോ? ഇതാ ഞാൻ ഈ കാണുന്ന ആകെ തളിർത്തുനിൽക്കുന്ന വലിയ അരയാലിനെ ദംശിക്കൻ പോകുന്നു, കണ്ടുകൊള്ളുക എൻ്റെ വിഷത്തിൻ്റെ ശക്തി"

തക്ഷകൻ ആ അരയാലിനെ ദംശിച്ചു, നിമിഷങ്ങൾക്കുള്ളിൽ ആ അരയാൽ കരിഞ്ഞ് ചാരമായി മാറി. തക്ഷകൻ വെല്ലുവിളിക്കുന്ന ചിരിയോടെ മഹർഷിയെ നോക്കി പരിഹസിച്ചു. കശ്യപമുനി തൻ്റെ കമണ്ഡലുവിൽ നിന്നും അൽപ്പം ജലം കയ്യിലെടുത്ത് മന്ത്രങ്ങൾ ഉരുവിട്ട് ആ ചാരത്തിലേക്ക് ആഞ്ഞ് തളിച്ചു. തക്ഷകൻ ദംശിച്ചപ്പോൾ എടുത്തതിൻ്റെ പകുതി സമയമെടുത്തില്ല ആ അരയാൽ വൃക്ഷം പഴയതിലും ശക്തിയായി, തളിരിട്ട് ഉയർന്നു നിന്നു. തക്ഷകൻ്റെ ചിരിമാഞ്ഞു. അവൻ മഹർഷിയുടെ കാൽക്കൽ വീണു തിരിച്ചു പോകണമെന്ന് അപേക്ഷിച്ചു, ഒടുവിൽ കുറേയേറെ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിച്ച് തിരിച്ചയച്ചു.

പിന്നീട് തക്ഷകൻ മറ്റുചില നാഗങ്ങളുമായി ബ്രഹ്മണവേഷധാരിയായി ഹസ്തിനപുരത്തെത്തി. യജ്ഞത്തിൽ അവനും കൂട്ടാളികളും പങ്കാളിയായി, പുരോഹിതരുടെ വിശ്വാസം നേടിയെടുത്തു. അങ്ങനെ ഏഴാം ദിവസം സൂര്യനസ്തമിച്ചു. യജ് ഞഭാഗമായി നേദിച്ച് പഴങ്ങളും, കുശപ്പുല്ലും, ജലവും തക്ഷകൻ തന്നെയൊരുക്കി, അവൻ്റെ ഒരനുയായിയായ നാഗം യജ്ഞശാലയിൽ നിന്നും മറ്റൊരു പുരോഹിതൻറ്റെ കയ്യിൽ പരീക്ഷിത്തിനായി അത് കൊടുത്തയച്ചു. ആ പുരോഹിതൻ സൈന്യത്തേയും, തപശക്തിയുടെ താന്ത്രികരക്ഷയും കടന്ന് നദിയിലെ കൊട്ടാരത്തിൽ പരീക്ഷിത്തിനാ യജ്ഞവിഹിതം എത്തിച്ചു. പരീക്ഷിത്ത് അത് ആഹരിക്കുവാൻ തുടങ്ങി. ആ ഫലത്തിനകത്ത് ഒരു ചെറിയ പുഴുവിനെ കണ്ട മഹാരാജാവ് അതിനെ സ്വന്തം കഴുത്തിൽ വച്ചുകൊണ്ട് പറഞ്ഞു

"ഏഴാം രാതിയായിരിക്കുന്നു, മുനികുമാരൻ ശൃംഗൻ്റെ വാക്കുകൾ വെറുതെയാവേണ്ട, ഞാൻ നിനക്ക് തക്ഷകൻ എന്ന് പേരിടുന്നു, നീ എന്നെ ദംശിച്ചുകൊള്ളുക, അങ്ങനെ ആ വാക്കുകൾ സാർത്ഥകമാവട്ടേ.."

അടുത്ത നിമിഷം ആ പുഴു സാക്ഷാൽ തക്ഷകനായി മാറി, ഉഗ്രരൂപം പൂണ്ട അവൻ വലിയ വൈരാഗ്യത്തോടെ അദ്ദേഹത്റ്റിൻ്റെ കഴുത്തിൽ ചുറ്റിവരിഞ്ഞുമുറുക്കി, അകാശത്തിലേക്കുയർന്നു, മരണവേദനകൊണ്ട് പിടഞ്ഞ മഹരാജാവിൻ്റെ വായിൽ നിന്നും ആ ഫലങ്ങളും രക്തവും പുറത്തേയ്ക്ക് ചീറ്റിത്തെറിച്ചു. കയ്യെടുത്ത് പ്രാണരക്ഷ അഭ്യർത്തിച്ച പരീക്ഷിത്തിനെ പൂർണ്ണമായും ചുറ്റിവരിഞ്ഞ്, എല്ലുകൾ ഞെരിച്ചുപൊട്ടിച്ച്, ശരീരത്തിലാകെ രക്തം വമിക്കുന്നരീതിയിൽ ഇറുക്കിയ തക്ഷകൻ, മൂർദ്ധാവിൽ ആഞ്ഞ് ദംശിച്ചു, ആ അരയാൽ പോലെ ഒരുനിമിഷത്തിൽ മഹാരാജൻ വിഷലപ്തമായ കറുത്തചാരമായി അവശേഷിച്ചു.."

"മതി... കേട്ടത്" 

അതൊരലർച്ചയായിരുന്നു, ഇരിപ്പിടത്തിൽ നിന്നും ചാടിയെണീറ്റ ജനമേജയൻ്റെ മുഖത്തിനു പടിഞ്ഞാറു വനാതിർത്തിയിൽ തലചായ്ക്കാനൊരുങ്ങുന്ന കതിരവനേക്കാൾ ചുവപ്പായിരുന്നു, കണ്ണുകളിൽ നിന്നും അഗ്നിജ്വലകൾ പ്രവഹിച്ചു. ശ്രുതിശ്രവസ്സും മറ്റു പുരോഹിതരും ആ കോപാഗ്നിയിൽ ഭയന്നുവിറച്ചു, ഉത്തങ്കൻ്റെ ചുണ്ടിൽ മാത്രം ഒരു നിറഞ്ഞ ചിരി തങ്ങിനിന്നു. 

വീണ്ടും ഉത്തങ്കനു നേരേ തിരിഞ്ഞ ജനമേജയൻ ചോദിച്ചു

"ഇത്രഭീകരമായി എൻ്റെ പിതാവിനെ ദ്രോഹിച്ച ആതക്ഷകനോട് പ്രതികാരം ചെയ്യാതെ എനിക്കെന്തിനു രാജഭോഗങ്ങൾ? എന്തിനീ പിതൃക്കൾക്കുള്ള വ്യർത്ഥമായ ചടങ്ങുകളും മറ്റ് ധൂർത്തും? എങ്ങനെ.. എങ്ങനെ.... എങ്ങനെ... അവനെ ആ തക്ഷകനെ വധിക്കുവാൻ കഴിയും?"

ആ അവസരം നന്നായി ഉപയോഗപ്പെടുത്തി അവസാന അസ്ത്രവും ഉത്തങ്കൻ തൊടുത്തു

"തക്ഷകൻ മാത്രമല്ല, അങ്ങയുടെ പിതാവിനെ ദ്രോഹിക്കാൻ കൂട്ടുനിന്ന മുഴുവൻ സർപ്പവംശത്തേയും നശിപ്പിച്ചെങ്കിലേ അങ്ങയുടെ പിതാവിനു ശാന്തിലഭിക്കുകയുള്ളൂ"  

"അതിനെന്താണൊരു മാർഗ്ഗം? തക്ഷകനെ എങ്ങനെയെങ്കിലും തേടികണ്ടെത്തി വധിക്കാം, എന്നാൽ മാളങ്ങളിലും, നാഗലോകത്തും വസിക്കുന്ന ഈ നാഗങ്ങളെ എങ്ങനെ, എത്രകാലം കൊണ്ട് സംഹരിക്കാനാവും? എല്ലാവരേയും ഒന്നിച്ച് വധിക്കുവാൻ ശാസ്ത്രവിധികളിൽ ഒരുമാർഗ്ഗവുമില്ലേ?"

അക്ഷമനായി ജനമേജയൻ ചോദിച്ചു,  ഉത്തങ്കനുമനസ്സിലായി, താൻ കാത്തിരുന്ന ആ നിമിഷം സമാഗതമായിരിക്കുന്നു, അവൻ നിറഞ്ഞുതുളുമ്പുന്ന ആവേശത്തോടെ പറഞ്ഞു

"ഉണ്ട്, ഒരേയൊരു മാർഗ്ഗം"

ശ്വാസമടക്കിനിൽക്കുന്ന മഹാരാജാവ് ജനമേജയൻ്റേയും, ഋഷിമാരുടേയും കാതികളിലേയ്ക്ക് ഉത്തങ്കമുനിയുടെ ആ ഒരു വാക്ക് വന്നുപതിച്ചു....

"സർപ്പസത്രം"!!!

No comments:

Post a Comment