"മൃഗാങ്ക തരളിത മൃണ്മയ കിരണം
മഴയായ് തഴുകുമ്പോള്‍
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ ഞാനറിയാതേ"
ഈ പറഞ്ഞതിൻ്റെ അർത്ഥം സത്യമായിട്ടും എനിക്കറിയില്ല. "ശാലിനി എൻ്റെ കൂട്ടുകാരി" സിനിമാ കണ്ടിട്ടുണ്ട്, "സുന്ദരീ.. നിൻ തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ" എന്ന പാട്ട് കേട്ടിട്ടുണ്ട് എന്നല്ലാതെ യാതൊരു തെറ്റും ഞാൻ ചെയ്തിട്ടില്ല!
മൃഗം - മാൻ + അങ്കം - അടയാളം ചന്ദ്രനാണ്, അവസാനം പറഞ്ഞ കിരണവും മനസ്സിലായി, ഇടയ്ക്കുള്ള തരളിതം - ആ അർത്ഥത്തിൽ തിളക്കമുള്ളത് എന്നെടുക്കാം. ചന്ദ്രകിരണങ്ങൾ മഴപോലെ തഴുകിയെന്നോ, നിലാവിൽക്കുളിച്ചെന്നോ ഒക്കെ അർത്ഥം പറയാം. എന്നാൽ എല്ലാം എടുത്തിട്ട് അലക്കിക്കളയുന്നു ആ മൃണ്മയം!
അർത്ഥം മണ്ണുകൊണ്ടുള്ളത് അല്ലെങ്കിൽ ചെളികൊണ്ട് നിർമ്മിച്ചത് (മൃൺ - മണ്ണ് + മയം) ആയതിനാൽ തരളിതം ഇളക്കിയത് എന്ന അർത്ഥത്തിൽ എടുക്കണോ? ഇനിയിപ്പോ നല്ല പൊടിക്കാറ്റുള്ള രാത്രിയിലെ നിലാവാണോ? ഇതിനൊക്കെയപ്പുറം മാനിൻ്റെ ആകൃതിയിൽ ഗർത്തമുള്ള ചന്ദ്രനിലെ ഇളകിയ മണ്ണിൽത്തട്ടി പ്രതിഫലിക്കുന്ന രശ്മികളാണോ മഴപോലെ തഴുകി താമരത്തടാകത്തിൽ ഒഴുക്കിക്കളഞ്ഞത്?
അതോ ഒരു ഗുമ്മ് കിട്ടാൻ ആ മൃണ്മയം അങ്ങട് പ്രയോഗിച്ചതാണോ? ശിവനേ... ഒരുവഴിയായല്ലോ!
അഷ്ടപദി യാഹിമാധവയ്ക്കകത്ത് ജയദേവൻ ഒരു സരസീരുഹലോചനയെ പരാമർശ്ശിക്കുന്നുണ്ട്, സരസ്സിൽ വളരുന്നത്, താമരയെന്ന അർത്ഥമാണവിടെയുള്ളത്, ഈ താമരനദിയെപ്പറ്റി എനിക്ക് ഒരുപിടിയുമില്ല, താമരയുള്ള നദിയാണോ, താമരയാകുന്ന നദിയാണോ. താമരയായി നദിയിലൂടെയാണോ ഒഴുകുന്നത്?
ഈവക ചർച്ചയൊക്കെ വല്യഭാഷാമഹാരഥികൾ പലവട്ടം നടത്തിയതിനാൽ ആണിത്രയും പറഞ്ഞത്; ഇനി എനിക്ക് മനസ്സിൽ തോന്നിയകാര്യം പറയാം.. ഈ പഹയൻ എന്തിനാണ് നിലാവിൽ താമരതേടിപ്പോയത്? ആമ്പലല്ലേ ചന്ദ്രൻ്റെ സുഹൃത്ത്? താമര സൂര്യരശ്മിയിലല്ലേ തിരയേണ്ടത്? എങ്ങേരാകുന്ന ചന്ദ്രൻ എന്തൊക്കെ ഷോ കാണിച്ചിട്ടും ആ താമര വിടരാൻ കൂട്ടാക്കാതിരുന്നതിനാലാണോ കൂമ്പിയതാമരകൾക്കിടയിൽ നിലാവെളിച്ചത്തിൽ ഒഴുകുന്ന സങ്കൽപ്പം കടന്നുവന്നത്, ഒരു പ്രണയനൈരാശ്യം???
ആമ്പലെന്താ സരസ്സിൽ വിരിയുന്നതല്ലേ? അതും സരോരുഹം തന്നെ എന്നാണെങ്കിൽ എഴുതിയ എം.ഡി. രാജേന്ദ്രൻ തന്നെ പറയേണ്ടിവരും എന്താണീ മൃണ്മയവും സരോരുഹവുമെന്ന്. ഞാൻ സുല്ലിട്ടു ട്ടാ..
No comments:
Post a Comment