ചോദ്യം ഇതാണ്, നാർസിസ്സം, നാർസിസ്റ്റ് എന്നൊക്കെ പറഞ്ഞ് മനോരോഗത്തിൻ്റെ പേരിൽ അപമാനിക്കപ്പെടാൻ നാർസിസ്സസ് ചെയ്ത കുറ്റമെന്താണ്? അയാൾക്ക് മനസ്സിൽ പ്രണയത്തിൻ്റെ സ്പാർക്ക് തോന്നാത്തതിനാൽ പ്രണയാഭ്യർത്ഥന നടത്തിയ യുവതികളേയും സ്വവർഗ്ഗരതിക്കാരേയും നിരസ്സിച്ചത് ഇത്രവലിയ കുറ്റമാണോ? ഒരു വ്യക്തിക്ക് ആ സ്വാതന്ത്ര്യം ഇല്ലേ? അതോ ഇല്ലാത്ത പ്രണയം അഭിനയിച്ച് തേച്ചിട്ടുപോകുന്നതാണോ ദേവന്മാർക്ക് ശരി?
നദികളുടെ ദേവനായ സെഫിസ്സാസ്സിൻ്റേയും അപ്സരസ്സായ ലിറിയോപ്പിൻ്റേയും പുത്രനായാണ് തെസ്പിയൻ രാജകുമാരൻ നാർസിസ്സസ് ജനിച്ചത്. കൗമാരത്തിലേ സൂര്യതേജസ്സോടെ ഏവരേയും ആകർഷിച്ച അവൻ, യൗവ്വനത്തിൽ അനുപമസുന്ദരനായ യുവാവായി, അവനെ കാണുന്നമാത്രയിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും മോഹിച്ചുപോകുമായിരുന്നു. അവൻ്റെ അത്യാകർഷകമായ സൗന്ദര്യത്താൽ ചുറ്റുമുള്ളവർ മറ്റൊന്നും ശ്രദ്ധിക്കാതെ അവനെത്തന്നെ നോക്കിനിന്നുപോകുമായിരുന്നു.
ദേവകന്യകമാരും, രാജകുമാരിമാരും അവൻ്റെ ഒരുനോട്ടത്തിനായി ദാഹിച്ചു, അതിനിടയിലാണ് ഒരു സ്വവർഗ്ഗാനുരാഗി കടന്നുവരുന്നത്, അമീനിയാസ് രാജകുമാരന്‍. നാര്‍സിസിനെ അടുത്തുപരിചയപ്പെട്ട അയാൾ അവനെ വളരെയധികം കാമിക്കുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തു. അതിസുന്ദരികളായ അപ്സരസ്സുകളെപ്പോലും തിരിഞ്ഞുനോക്കാത്ത നാർസിസ്സിസ്, സ്വവർഗ്ഗാനുരാഗിയായ അമീനിയാസിന്റെ പ്രേമാഭ്യര്‍ത്ഥന തികഞ്ഞ വെറുപ്പോടെ നിഷ്‌കരുണം തള്ളിക്കളഞ്ഞു.
അമീനിയാസിനൊരു കരവാൾ സമ്മാനിച്ച്, ആണുങ്ങളെപ്പോലെ ജീവിക്കാൻ ഉപദേശിച്ചു നാര്‍സിസ്സസ്. എന്നാൽ നാർസസ്സിൻ്റെ കൊട്ടാരവാതുക്കല്‍ അതേ വാളുകൊണ്ടു സ്വയംവെട്ടി മരിച്ചു ദുഃഖിതനായ അമീനിയാസ്. മരിക്കുന്നതിനുമുമ്പായി മറ്റൊരു കടുകൈ കൂടി അവൻ ചെയ്തു, പ്രതികാരദേവതയായ നെമസിസ് ദേവിയോട്
"പ്രേമം അവഗണിക്കപ്പെടുന്നതിന്റെ ഹൃദയവേദന അറിഞ്ഞു നാര്‍സിസ്സിസ് മരിക്കാന്‍ ഇടയാക്കണമേ"
എന്നു പ്രാര്‍ത്ഥിച്ച ശേഷമാണ് അമീനിയാസ് അത്മഹത്യചെയ്തത്.
അമീനിയാസിനോടു മാത്രമല്ല, തന്നോട് പ്രണയാഭ്യര്‍ത്ഥനയുമായി വന്ന രാജകുമാരന്‍മാരേയും, രാജകുമാരിമാരേയും നാര്‍സിസ്സസ് നിഷ്‌കരുണം നിരാകരിച്ചു, കാരണം അവന് അവരാരിലും പ്രണയം തോന്നിയില്ല.
ഒരു ദിവസം വനത്തിലൂടെ നടക്കവേ എക്കോ (പ്രതിധ്വനി) എന്ന ദേവത അവനെ കണ്ടു പ്രണയാതുരയായി, അവൻ്റെ പിന്നാലെ കൂടി. കുറച്ചു മുന്നോട്ട് നടന്നപ്പോൾ ആരോ തന്നെ പിന്തുടരുന്നത് അവനറിഞ്ഞു. തിരിഞ്ഞുനിന്ന് "ആരാണത്?" എന്നവൻ ചോദിച്ചു, മറവിൽ നിന്ന് "ആരാണത്?" എന്ന് പ്രതിവചിച്ചു. പലവട്ടം ഇതാവർത്തിക്കപ്പെട്ടും, അവൻ പറയുന്നതുതന്നെ അവൾ തിരിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ അവൾ അവൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് പ്രണയാഭ്യർത്ഥന നടത്തി. അവനവളേയും നിരാകരിച്ചു, അവൾ ആ മലയിടുക്കുകളിൽ എന്നെന്നേയ്ക്കുമായി മറഞ്ഞു, എങ്കിലും കേൾക്കുന്ന ശബ്ദങ്ങൾക്ക് പ്രതിധ്വനിമാത്രമായി അവൾ തൻ്റെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരുന്നു.
പ്രതികാരത്തിൻ്റെ ദേവതയായ നെമസ്സിസ്സ് അല്ലെങ്കിൽ ആഫ്രോഡൈറ്റ് ഈ സംഭവങ്ങളിൽ കുപിതനായി നാർസിസ്സസിനെ ശിക്ഷിക്കാനുറച്ചു.
നെമസ്സിസിൻ്റെ വശ്യപ്രയോഗത്തിൽ അവനു കാലിടറി, ഒരിക്കല്‍ തടാകത്തിലെ നിശ്‌ചലമായിക്കിടന്ന ജലത്തില്‍ തൻ്റെ സ്വന്തം പ്രതിച്ഛായകണ്ട് ആദ്യമായി നാര്‍സിസിനു പ്രണയംതോന്നി. ജലത്തില്‍ക്കണ്ട രൂപം തന്റേതു തന്നെയാണെന്ന തിരിച്ചറിവില്ലാതെ, അതു മറ്റേതോ രാജകുമാരനാണെന്നു സങ്കല്‍പ്പിച്ചു നാര്‍സിസ് ആ പ്രതിച്ഛായയെ പ്രണയിച്ചുതുടങ്ങി. ഒരിക്കലെങ്കിലും തടാകത്തിലെ ജലത്തില്‍നിന്നും താന്‍ മോഹിക്കുന്നരൂപം ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയില്‍ എപ്പോഴും ആ തടാകത്തിലേക്കു നോക്കി നാര്‍സിസ് കാലങ്ങള്‍ കഴിച്ചു.
ജലത്തിലെ പ്രതിബിംബം ആകയാൽ എപ്പോഴൊക്കെ നാർസിസ്സസ് ആ രൂപത്തെ ചുംബിക്കുവാൻ ശ്രമിച്ചോ അപ്പോഴൊക്കെ ഇളക്കം തട്ടിയ ജലപ്പരപ്പിൽ പ്രതിബിംബം മാഞ്ഞുപോയി, അപ്പോഴും താന്‍ സ്നേഹിക്കുന്ന ആ വ്യക്തി ചുംബിക്കാനായി ശ്രമിക്കുമ്പോളൊക്കെ തടാകത്തിലേക്കു അലിഞ്ഞു ചേരുന്നതായാണ് നാര്‍സിസിനു തോന്നിയത്. നെമിസ്സിസ് നൽകിയ തിരിച്ചറിവിൻ്റെ ഒരുദിവസം താന്‍ പ്രണയിക്കുന്നതു സ്വന്തംരൂപമാണെന്നു മനസ്സിലാക്കിയ നാർസിസ്സസ് കടുത്ത വിഷാദത്തിലായി, അതവനെ അത്മഹത്യയിൽ കൊണ്ടെത്തിച്ചു. നാര്‍സിസ്സിസിന്റെ ശവശരീരം സൗന്ദര്യമുള്ള നാർസിസ്സസ് പുഷ്‌പങ്ങളായി മാറുകയും ചെയ്തു എന്നാണ് ഗ്രീക്ക് ഇതിഹാസകഥ.
സ്വന്തം സൗന്ദര്യത്തിലും, കഴിവിലും, അമിതമായ ആത്മവിശ്വാസമുള്ളവരെ അല്ലെങ്കിൽ സ്വയം ആരാധിക്കുന്നവരെയൊക്കെയാണ് 'നാര്‍സിസ്റ്റ് ' എന്നു വിളിക്കുന്നത്. "ആത്മരതി" എന്നു നമുക്കാ സ്വഭാവവിശേഷത്തെ മലയാളത്തിൽ വിളിക്കാമെങ്കിലും നാർസിസ്സിസ് തെറ്റുകാരനല്ല എന്നുതന്നെയാണെൻ്റെ അഭിപ്രായം.
No comments:
Post a Comment