ലൂണാർ ക്ലോക്കും സോളാർ ക്ലോക്കും ഏകകങ്ങളും കുറച്ചുവിരസമായതിനാൽ നമുക്ക് ഒരു പാട്ടു പഠിക്കാം...
ജ്വാല എന്ന സിനിമയ്ക്കായി വയലാർ രചിച്ച്, ദേവരാജന്മാസ്റ്റർ സംഗീതം നൽകി, യേശുദാസും വസന്തയും ആലപിച്ച ആ ഗാനം.
"കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
ഉടുക്കാൻ വെള്ളപ്പുടവ
കുളിക്കാൻ പനിനീർച്ചോല
കൂന്തൽ മിനുക്കാൻ ഞാറ്റുവേല
ഉത്രാടസന്ധ്യ ഉണർന്നതിനാലോ
ഉദ്യാനപാലകൻ വന്നതിനാലോ
ആപാദചൂഡമീ രാഗപരാഗം
ആകെ തളിർക്കുമീ രോമാഞ്ചം
ആഹാ...ആഹാ....ആഹാ...ആ..
പുഷ്പാജ്ഞലിക്ക് വിരിഞ്ഞതിനാലോ
സ്വപ്നാടനത്തിൽ ഉണർന്നതിനാലോ
ആത്മാവിനുള്ളിലെ കാമുകമന്ത്രം
ആകെ തളിർക്കുമീ ഉന്മാദം"
കാര്യമെന്തൊക്കെ പറഞ്ഞാലും സെറ്റുസാരിയുടുത്തുവരുമ്പോൾ നമ്മുടെ പെണ്ണുങ്ങൾക്ക് ഒരൽപ്പം ചന്തം കൂടും! കുളിച്ചൊരുങ്ങി കുടമുല്ലപ്പൂവും ചൂടിയാലോ? ബഹുകേമം!!
കൂന്തൽ മിനുക്കാനെത്തിയ ഞാറ്റുവേലയാണ് നമ്മുടെ പ്രശ്നം.
എന്തായാലും ഞാറ് എന്നത് നെല്ലിൻ്റെ തൈകൾ അഥവാ കുഞ്ഞ് ചെടികളാണല്ലോ? അതുമായി ഇതിനുകാര്യമായ ബന്ധമില്ല.
ഇത് നമ്മുടെ സവിതാവ്.. സൂര്യൻ എന്ന ഞായർ തന്നുടെ വേലകളല്ലോ!
സൂര്യൻ്റെ യാത്രയിലെ വേളകൾ ആണ് ഞാറ്റുവേലകൾ.
ചന്ദ്രൻ ഭൂമിയ്ക്ക് ചുറ്റും 27.33 ദിവസം കൊണ്ട് ചുറ്റുമ്പോൾ, ഭൂമി സൂര്യനെ 365.25 ദിവസമെടുത്ത് ചുറ്റുന്നു, അവരെങ്ങനെയെങ്കിലും ചുറ്റട്ടേ.. നമുക്ക് ഒരു ബിന്ദുവിനു ചുറ്റും ആ ചുറ്റലിനെ അടയാളപ്പെടുത്തിയാൽ 360 ഡിദ്രി മാത്രമായി മാറും രണ്ടും. അതായത് 27.33 ദിവസവും 365.25 ദിവസവും നമുക്ക് ഒരു ക്ലോക്കിലെ അടയാളങ്ങൾ പോലെ വിഭജിക്കാം.
ആദ്യം ചന്ദ്രൻ്റെ ചുറ്റലാകട്ടേ.. ക്ലോക്കിലെ 12 അടയാളപ്പെടുത്തലിനു പകരം 27 അടയാളപ്പെടുത്തലുകളാക്കിയാൽ തൊട്ടടുത്ത രണ്ട് അടയാളങ്ങൾക്കിടയിലെ അകലം 1 മണിക്കൂർ എന്ന് ക്ലോക്കിൽ നമ്മൾ വായിക്കുമ്പോൾ ഇവിടെ ഒരു നക്ഷത്രം എന്ന് വായിക്കണം. അതായത് രണ്ട് അടയാളങ്ങൾക്കിടയിലെ സമയമാണ് ഒരു നക്ഷത്രം, അത് 360/27 ഡിഗ്രി ആകയാം 13 ഡിഗ്രി 20 മിന്നിട്ട് ആയിവരും.
ഇനി ഭൂമിയുടെ ചുറ്റലെടുത്താൽ.. ക്ലോക്കിലെ 12 അടയാളപ്പെടുത്തലിനു സമാനമായ 12 അടയാളപ്പെടുത്തലുകളാകയാൽ തൊട്ടടുത്ത രണ്ട് അടയാളങ്ങൾക്കിടയിലെ അകലം 1 മണിക്കൂർ എന്ന് ക്ലോക്കിൽ നമ്മൾ വായിക്കുമ്പോൾ ഇവിടെ ഒരു രാശി എന്ന് വായിക്കണം. അതായത് രണ്ട് അടയാളങ്ങൾക്കിടയിലെ സമയമാണ് ഒരു രാശി, അത് 360/12 ഡിഗ്രി ആകയാം 30 ഡിഗ്രി ആയിവരും. സൂര്യൻ്റെ ക്ലോക്കിൽ ഒരു രാശി ഏതാണ്ട് 30.4 ദിവസം ആയിവരും.
മുകളിൽ പറഞ്ഞത് രണ്ടും ഒരേ ക്ലോക്കിൽ കൊണ്ടുവന്നാൽ 30 ഡിഗ്രിയുള്ള രാശിയെ 13 ഡിഗ്രി 20 മിന്നിട്ടുള്ള നക്ഷത്രം കൊണ്ട് ഹരിച്ചാൽ (30/13.33) 2.25 എന്നുവരും. അതായത് ഓരോ രാശിയിലും രണ്ടേകാൽ നക്ഷത്രം വീതം വരും. അതായത് ചന്ദ്രൻ്റെ ക്ലോക്കിൽ 2.25 ദിവസവും സൂര്യൻ്റെ ക്ലോക്കിൽ 30.4 ദിവസവുമാണ് രാശി.
വിഷുവമായ മേടം രാശിയിൽ തുടങ്ങിയാൽ അശ്വതി, ഭരണി മുഴുവനും കാർത്തിക കാൽ. ഇടവം രാശിയിൽ കാർത്തികയുടെ മുക്കാൽ, രോഹിണി,മകയിരം പാതിയായാൽ ആ 2.25 തികഞ്ഞു. മിഥുനം മകയിരത്തിൻ്റെ ബാക്കിപ്പാതി, തിരുവാതിര, പുണർതം മുക്കാൽ അങ്ങനെ പോകും ലൂണാർ ക്ലോക്കും സോളാർ ക്ലോക്കും തമ്മിലുള്ള ബന്ധം.
സൂര്യൻ്റെ ക്ലോക്കിൽ നിന്നും നോക്കിയാൽ 30.4 ദിവസം 2.25 നക്ഷത്രങ്ങളാണ്, അതായത് ഓരോ നക്ഷത്രവും അല്ലെങ്കിൽ അത്രയും ആംഗുലർ ഡിസ്പ്ലേസ്മെൻ്റിനു 13.5 ദിവസം വേണം. ഈ 13.5 ദിവസമാണ് ഒരു ഞാറ്റുവേല. ഏതു നക്ഷത്രത്തിൻ്റെ ഭാഗത്തുകൂടിയാണോ സോളാർ ക്ലോക്ക് ചലിക്കുന്നത് ആ നക്ഷത്രത്തിൻ്റെ പേരാവും ഞാറ്റുവേലയ്ക്ക്. 13.5 x 27 ഉം 365 ദിവസവും തമ്മിലുള്ള പൊരുത്തമില്ലായ്മ അഭിജിത്ത് നക്ഷത്രം പോലെ ഇവിടേയുമുണ്ടാകും, അത് തിരുവാതിര ഞാറ്റുവേലയിൽ 15 ദിവസമാക്കി പൊരുത്തപ്പെടുത്തുന്നു.
അമേരിക്കയിലെ ഡബ്ലിനിൽ നിന്നും യാങ്കീ പബ്ലിക്കേഷൻ വർഷാവർഷം പ്രസിദ്ധീകരിക്കുന്ന "ഫാർമ്മേഴ്സ് അൽമ്മനാക്ക്" ഇതിൻ്റെ ആധികാരിക രൂപമാണ്. കൃഷിക്കായി അമേരിക്കയും ക്യാനഡയും അതുപയോഗിക്കുമ്പോൾ നമ്മുടെ കർഷകർ പഞ്ചാംഗത്തിലൂടെ അതിനുസമാനമായി ഇവിടുത്തെ അക്ഷാംശത്തിനനുസരിച്ചുള്ള ഞാറ്റുവേലാസിദ്ധാന്തങ്ങളാണ് ഉപയോഗിക്കുന്നത്. നവോത്ഥനം എത്ര വന്നാലും പ്രകൃതി അതിൻ്റെ വഴിക്കേ പോകൂ എന്നതിനാൽ പത്തുദിവസത്തിനുശേഷം ഞാറ്റുവേലവരുത്തുന്ന പ്രകൃതിയിലെ മാറ്റം എന്നും തുടരും, കേരളാ പോലീസ് ആകാശത്തോട്ട് വെടിവച്ചാലൊന്നും ഞാറ്റുവേല മാറില്ല!
തിരുവാതിര ഞാറ്റുവേല കുളിരും, അത്തം കറുത്താൽ ഓണം വെളുക്കും, കാർത്തിക കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും, രോഹിണിക്കിപ്പുറം വിതച്ചാൽ മകയീര്യം മദിച്ചു പെയ്തത് ചീക്കും, ചോതി പെയ്താൽ ചോറുറക്കും, ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ല അങ്ങനെ പ്രകൃതിയുടെ നിയമാവലി നീണാൾ വാഴും!
ശ്ശോ.. നമ്മൾ വേറെ എവിടെയോ ഒക്കെപ്പോയി, ഞാൻ ഒരു ഗാനത്തെപ്പറ്റി പറയുമ്പോൾ നിങ്ങൾക്കൊരു പ്രതീക്ഷയുണ്ടാവും എന്നെനിക്കറിയാം, അത് മുടക്കേണ്ട, എൻ്റെ ചീത്തപ്പേരിനു കളങ്കം വരരുതല്ലോ!
അല്ല.. ഈ കിടാവിനു ശരീരമാകെ തളിർക്കുന്ന രോമാഞ്ചം ഉണ്ടാകാൻ എന്തു പ്രകോപനം അല്ലെങ്കിൽ പ്രചോദനം ആണിവിടെ ഉണ്ടായത്? ആപാദചൂഡം രാഗപരാഗം! ഈ അനുരാഗത്തിൻ്റെ പൂമ്പൊടിയെന്തൂട്ട് സംഗതിയാ? അതും അടിമുടി!
ചരണം ഇതിൻ്റെ അന്വേഷണത്തിലാണ് പക്ഷേ ഇപ്പോഴത്തെ കേന്ദ്ര ഏജൻസിയുടെ അന്വേഷണങ്ങൾ പോലെ തന്നെയാണ്, ചോദ്യങ്ങൾ മാത്രമേയുള്ളൂ, ചോദ്യങ്ങൾക്ക് വീണ്ടും ഉപചോദ്യങ്ങളോ, മറുചോദ്യങ്ങളോ മതിയാകും ഉത്തരങ്ങൾ വേണമെന്ന് നിർബന്ധമൊന്നുമില്ല.
ഉത്രാടസന്ധ്യപുലർന്നതിനാലോ? ഉത്രാടത്തിനാരോ വരാമെന്ന് പറഞ്ഞിരുന്നു എന്നങ്ങട് അനുമാനിക്കാം, ആ പഹയൻ .. ഉദ്യാനപാലകൻ ആണത്രേ! ഏതുദ്യാനം? പെണ്ണുടലുതന്നെ ഒരു പൂന്തോട്ടമാണല്ലോ.. അപ്പോൾ ഓടെ വെട്ടും കിളയും കളപറിയും വളമിടലും ചെടിനടലും പരിപാലനവും പൂവിറുക്കലുമൊക്കെ നടത്തുന്ന ഓൻ ഒരുദ്യാനപാലകൻ തന്നെ! ടിയാനാണു വന്നതെങ്കിൽ മേൽപ്പറഞ്ഞ രാഗപരാഗവും, രോമാഞ്ചവും ഒരുധികപ്പറ്റേയല്ല... കടുത്ത അനിവാര്യത മാത്രം. അതിനാലാണ് ആ ആഹാ.. അവിടെ കിടക്കട്ടെ എന്നു വിചാരിച്ചത്. ആ മുതൽ അം വരെ എന്നല്ല മദാമ്മയുടെ ഓയ്യാ.. വരെ അനുവദനീയമാണ്.
വീണ്ടും ചോദ്യം പുഷ്പഞ്ജലിക്കു വിരിഞ്ഞതിനാലോ? അതേയതേ പുഷ്പഞ്ജലി നടത്തുമ്പോൾ വിരിഞ്ഞ പൂവാണു നല്ലത്! കാരണം ഉത്രാടം കഴിഞ്ഞ് തിരുവോണവും അവിട്ടവും ഒക്കെ അവധി ദിവസങ്ങളാണ്. വിരിഞ്ഞ പൂവല്ല പുഷ്പഞ്ജലിക്കു ഉപയോഗിച്ചതെങ്കിൽ, പൂവ് വിരിയിക്കാതെ, മൊട്ടായി പുഷ്പഞ്ജലി നടത്തിയാൽ അന്നുമാത്രമല്ല അടുത്ത ദിവസങ്ങളിലും പൂവിനത്ര സുഖകരമാവില്ല പുഷ്പഞ്ജലി!
സ്വപ്നാടനത്തിൽ ഉണർന്നതിനാലോ? അതൊരു നല്ല ലക്ഷണമാണ് മനസ്സിനിണങ്ങിയ ഇണയെ സ്വപ്നം കണ്ട് ഉണർന്ന പൂവ്, ഏതായാലും പൂവ് ഉണർന്നല്ലോ, അത് ഇരുകക്ഷികൾക്കും ബോദ്ധ്യമായല്ലോ? ഇനി കുഴപ്പമില്ല. ആത്മാവിനുള്ളിൽ കാമുകമന്ത്രം നിറയട്ടേ.. ശരീരമാകെ തളിർക്കട്ടേ ഉന്മാദലഹരിയിൽ.. ഒരു പ്രവേശമല്ല.. പല പ്രവേശം .. ഉവ്വാ... ഉവ്വേ.. മങ്കേ.. ഐ ആം എ പുവർ കൊച്ചുവാവ!!!
അപ്പോഴേ ശിഷ്യഗണങ്ങളേ.. നമുക്ക് ഗാനം ആസ്വദിക്കാം..
No comments:
Post a Comment