Showing posts with label ഗ്രീക്ക് ഇതിഹാസകഥകൾ. Show all posts
Showing posts with label ഗ്രീക്ക് ഇതിഹാസകഥകൾ. Show all posts

Monday, November 16, 2020

പാവം ആത്മരമ്യൻ (Narcissus)

ചോദ്യം ഇതാണ്, നാർസിസ്സം, നാർസിസ്റ്റ് എന്നൊക്കെ പറഞ്ഞ് മനോരോഗത്തിൻ്റെ പേരിൽ അപമാനിക്കപ്പെടാൻ നാർസിസ്സസ് ചെയ്ത കുറ്റമെന്താണ്? അയാൾക്ക് മനസ്സിൽ പ്രണയത്തിൻ്റെ സ്പാർക്ക് തോന്നാത്തതിനാൽ പ്രണയാഭ്യർത്ഥന നടത്തിയ യുവതികളേയും സ്വവർഗ്ഗരതിക്കാരേയും നിരസ്സിച്ചത് ഇത്രവലിയ കുറ്റമാണോ? ഒരു വ്യക്തിക്ക് ആ സ്വാതന്ത്ര്യം ഇല്ലേ? അതോ ഇല്ലാത്ത പ്രണയം അഭിനയിച്ച് തേച്ചിട്ടുപോകുന്നതാണോ ദേവന്മാർക്ക് ശരി?

നദികളുടെ ദേവനായ സെഫിസ്സാസ്സിൻ്റേയും അപ്സരസ്സായ ലിറിയോപ്പിൻ്റേയും പുത്രനായാണ് തെസ്പിയൻ രാജകുമാരൻ നാർസിസ്സസ് ജനിച്ചത്. കൗമാരത്തിലേ സൂര്യതേജസ്സോടെ ഏവരേയും ആകർഷിച്ച അവൻ, യൗവ്വനത്തിൽ അനുപമസുന്ദരനായ യുവാവായി, അവനെ കാണുന്നമാത്രയിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും മോഹിച്ചുപോകുമായിരുന്നു. അവൻ്റെ അത്യാകർഷകമായ സൗന്ദര്യത്താൽ ചുറ്റുമുള്ളവർ മറ്റൊന്നും ശ്രദ്ധിക്കാതെ അവനെത്തന്നെ നോക്കിനിന്നുപോകുമായിരുന്നു.

ദേവകന്യകമാരും, രാജകുമാരിമാരും അവൻ്റെ ഒരുനോട്ടത്തിനായി ദാഹിച്ചു, അതിനിടയിലാണ് ഒരു സ്വവർഗ്ഗാനുരാഗി കടന്നുവരുന്നത്, അമീനിയാസ്‌ രാജകുമാരന്‍. നാര്‍സിസിനെ അടുത്തുപരിചയപ്പെട്ട അയാൾ അവനെ വളരെയധികം കാമിക്കുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തു. അതിസുന്ദരികളായ അപ്സരസ്സുകളെപ്പോലും തിരിഞ്ഞുനോക്കാത്ത നാർസിസ്സിസ്, സ്വവർഗ്ഗാനുരാഗിയായ അമീനിയാസിന്റെ പ്രേമാഭ്യര്‍ത്ഥന തികഞ്ഞ വെറുപ്പോടെ നിഷ്‌കരുണം തള്ളിക്കളഞ്ഞു.

അമീനിയാസിനൊരു കരവാൾ സമ്മാനിച്ച്, ആണുങ്ങളെപ്പോലെ ജീവിക്കാൻ ഉപദേശിച്ചു‌ നാര്‍സിസ്സസ്. എന്നാൽ നാർസസ്സിൻ്റെ കൊട്ടാരവാതുക്കല്‍ അതേ വാളുകൊണ്ടു സ്വയംവെട്ടി മരിച്ചു ദുഃഖിതനായ അമീനിയാസ്. മരിക്കുന്നതിനുമുമ്പായി മറ്റൊരു കടുകൈ കൂടി അവൻ ചെയ്തു, പ്രതികാരദേവതയായ നെമസിസ് ദേവിയോട്

"പ്രേമം അവഗണിക്കപ്പെടുന്നതിന്റെ ഹൃദയവേദന അറിഞ്ഞു നാര്‍സിസ്സിസ് ‌ മരിക്കാന്‍ ഇടയാക്കണമേ"

എന്നു പ്രാര്‍ത്ഥിച്ച ശേഷമാണ്‌ അമീനിയാസ്‌ അത്മഹത്യചെയ്തത്‌.

അമീനിയാസിനോടു മാത്രമല്ല, തന്നോട്‌ പ്രണയാഭ്യര്‍ത്ഥനയുമായി വന്ന രാജകുമാരന്‍മാരേയും, രാജകുമാരിമാരേയും നാര്‍സിസ്സസ്‌ നിഷ്‌കരുണം നിരാകരിച്ചു, കാരണം അവന് അവരാരിലും പ്രണയം തോന്നിയില്ല.

ഒരു ദിവസം വനത്തിലൂടെ നടക്കവേ എക്കോ (പ്രതിധ്വനി) എന്ന ദേവത അവനെ കണ്ടു പ്രണയാതുരയായി, അവൻ്റെ പിന്നാലെ കൂടി. കുറച്ചു മുന്നോട്ട് നടന്നപ്പോൾ ആരോ തന്നെ പിന്തുടരുന്നത് അവനറിഞ്ഞു. തിരിഞ്ഞുനിന്ന് "ആരാണത്?" എന്നവൻ ചോദിച്ചു, മറവിൽ നിന്ന് "ആരാണത്?" എന്ന് പ്രതിവചിച്ചു. പലവട്ടം ഇതാവർത്തിക്കപ്പെട്ടും, അവൻ പറയുന്നതുതന്നെ അവൾ തിരിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ അവൾ അവൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് പ്രണയാഭ്യർത്ഥന നടത്തി. അവനവളേയും നിരാകരിച്ചു, അവൾ ആ മലയിടുക്കുകളിൽ എന്നെന്നേയ്ക്കുമായി മറഞ്ഞു, എങ്കിലും കേൾക്കുന്ന ശബ്ദങ്ങൾക്ക് പ്രതിധ്വനിമാത്രമായി അവൾ തൻ്റെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരുന്നു.

പ്രതികാരത്തിൻ്റെ ദേവതയായ നെമസ്സിസ്സ് അല്ലെങ്കിൽ ആഫ്രോഡൈറ്റ് ഈ സംഭവങ്ങളിൽ കുപിതനായി നാർസിസ്സസിനെ ശിക്ഷിക്കാനുറച്ചു.

നെമസ്സിസിൻ്റെ വശ്യപ്രയോഗത്തിൽ അവനു കാലിടറി, ഒരിക്കല്‍ തടാകത്തിലെ നിശ്‌ചലമായിക്കിടന്ന ജലത്തില്‍ തൻ്റെ സ്വന്തം പ്രതിച്ഛായകണ്ട്‌ ആദ്യമായി നാര്‍സിസിനു പ്രണയംതോന്നി. ജലത്തില്‍ക്കണ്ട രൂപം തന്റേതു തന്നെയാണെന്ന തിരിച്ചറിവില്ലാതെ, അതു മറ്റേതോ രാജകുമാരനാണെന്നു സങ്കല്‍പ്പിച്ചു നാര്‍സിസ്‌ ആ പ്രതിച്ഛായയെ പ്രണയിച്ചുതുടങ്ങി. ഒരിക്കലെങ്കിലും തടാകത്തിലെ ജലത്തില്‍നിന്നും താന്‍ മോഹിക്കുന്നരൂപം ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയില്‍ എപ്പോഴും ആ തടാകത്തിലേക്കു നോക്കി നാര്‍സിസ് കാലങ്ങള്‍ കഴിച്ചു.

ജലത്തിലെ പ്രതിബിംബം ആകയാൽ എപ്പോഴൊക്കെ നാർസിസ്സസ് ആ രൂപത്തെ ചുംബിക്കുവാൻ ശ്രമിച്ചോ അപ്പോഴൊക്കെ ഇളക്കം തട്ടിയ ജലപ്പരപ്പിൽ പ്രതിബിംബം മാഞ്ഞുപോയി, അപ്പോഴും താന്‍ സ്നേഹിക്കുന്ന ആ വ്യക്തി ചുംബിക്കാനായി ശ്രമിക്കുമ്പോളൊക്കെ തടാകത്തിലേക്കു അലിഞ്ഞു ചേരുന്നതായാണ് നാര്‍സിസിനു തോന്നിയത്. നെമിസ്സിസ് നൽകിയ തിരിച്ചറിവിൻ്റെ ഒരുദിവസം താന്‍ പ്രണയിക്കുന്നതു സ്വന്തംരൂപമാണെന്നു മനസ്സിലാക്കിയ നാർസിസ്സസ് കടുത്ത വിഷാദത്തിലായി, അതവനെ അത്മഹത്യയിൽ കൊണ്ടെത്തിച്ചു. നാര്‍സിസ്സിസിന്റെ ശവശരീരം സൗന്ദര്യമുള്ള നാർസിസ്സസ് പുഷ്‌പങ്ങളായി മാറുകയും ചെയ്തു എന്നാണ്‌ ഗ്രീക്ക് ഇതിഹാസകഥ.

സ്വന്തം സൗന്ദര്യത്തിലും, കഴിവിലും, അമിതമായ ആത്മവിശ്വാസമുള്ളവരെ അല്ലെങ്കിൽ സ്വയം ആരാധിക്കുന്നവരെയൊക്കെയാണ് 'നാര്‍സിസ്റ്റ് ' എന്നു വിളിക്കുന്നത്‌‌. "ആത്മരതി" എന്നു നമുക്കാ സ്വഭാവവിശേഷത്തെ മലയാളത്തിൽ വിളിക്കാമെങ്കിലും നാർസിസ്സിസ് തെറ്റുകാരനല്ല എന്നുതന്നെയാണെൻ്റെ അഭിപ്രായം.

Sunday, November 15, 2020

ഹെബെയുടെ വീഴ്ച്ച

ഗ്രീക്ക് പരമോന്നതദേവൻ സ്യൂസിൻ്റേയും ഹേരയുടേയും പുത്രിയാണ് ഹെബെ.ഹേര ലറ്റൂസ്സ് ഇല കഴിച്ചപ്പോൾ ഗർഭം ധരിച്ചകുട്ടിയാണവൾ! നമ്മുടെ ദിവ്യമായ പായസം പോലെ; ഗ്രീക്കുകാർ വന്ധ്യത മാറുവാൻ ലാറ്റൂസ്സ് ഇലകൾ മരുന്നായി കഴിച്ചിരുന്നത് ഹെബെയുടെ ജനനം കാരണമാണ്. വാസ്തവത്തിൽ അപ്പോളോയുമായി ഒരു ഡിന്നറിനു പോയപ്പോഴാണീ ലാറ്റൂസ്സ് കഴിച്ചതെന്നതിൽ ചില സൂചനകൾ വേറേയുമുണ്ട്.

യൗവ്വനത്തിൻ്റെ ദേവതയായ അവൾ അമ്മയെ എല്ലാക്കാര്യത്തിലും സഹായിച്ചിരുന്നു, ഹേരയെ രഥത്തിൽ കയറ്റുന്നതുമുതൽ സഹോദരൻ ഐറിസ്സിനെ കുളിപ്പിക്കുന്നതുവരെ. പിതാവിൻ്റെ സദസ്സിൽ ദേവന്മാർക്ക് അമൃത് പകർന്നുകൊടുക്കുന്ന ജോലിയും അവൾ നിർവ്വഹിച്ചിരുന്നു.

നല്ലവളായ ആ ദേവകന്യക ഒരിക്കലാ ദേവസദസ്സിൽ ഉരുണ്ടുവീണു, അതവൾ ദിവാസ്വപ്നം കണ്ടതിനാലാണെന്ന് ആക്ഷേപമുണ്ടായി, എങ്കിലും തൻ്റെ കയ്യിലെ അമൃതും കപ്പുകളും പൊട്ടാതെ സൂക്ഷിച്ചുകൊണ്ടായിരുന്നു ആ വീഴ്ച്ച, അതിനിടയിൽ സ്വന്തം വസ്ത്രം സംരക്ഷിക്കുവാൻ അവൾക്ക് കഴിഞ്ഞില്ല. അവൾ ദ്വിവിധയിലായിരുന്നു, ഒന്നുകിൽ തൻ്റെ വസ്ത്രങ്ങൾ ഉരിഞ്ഞുപോകാതെ പിടിക്കാം, അല്ലെങ്കിൽ അമൃതകലശവും പാനപാത്രങ്ങളും നിലത്തുവീഴാതെ സംരക്ഷിക്കാം; അവൾ പിതാവേൽപ്പിച്ച കടമ നിർവ്വഹിച്ചു, അമൃതിനെ സംരക്ഷിച്ചു. ഫലമോ, ദേവസദസ്സിൽ ആ വീഴച്ചയിൽ നിന്നവൾ എണീറ്റത് വിവസ്ത്രയായി ആയിരുന്നു.

പിതാവിൻ്റെ ആജ്ഞ അവൾ പാലിച്ചു, എന്നാൽ അഭിമാനം വൃണപ്പെടുത്തി; കുറ്റക്കാരിയായ അവളെ ഒളിമ്പസ് മലകളിൽ നിന്നും, ജോലിയിൽ നിന്നും പുറത്താക്കി.

അവൾക്ക് വീരാധിവീരനായ ഹെർക്കുലീസ് അഭയം നൽകി, അവളെ വിവാഹം കഴിച്ചു, അവരുടെ കുടുംബജീവിതം വളരെ സന്തോഷപ്രദമായിരുന്നു, അവർക്ക് രണ്ടു കുട്ടികളും പിറന്നു.

എങ്കിലും കൃത്യനിർവ്വഹണത്തിനിടയിൽ മാനം നഷ്ടമായ ആദ്യ ബാർ ജീവനക്കാരി, വെയിട്രസ്സ് ആയ ഹെബെ പല പെയിൻ്റിംഗുകൾക്കും വിഷയമായിത്തീർന്നു.

ഹുഗ്യെസ് മെർലെ 1880 ൽ വരച്ച "ഹെബെ അവളുടെ വീഴ്ചയ്ക്കുശേഷം" എന്ന പെയിൻ്റിംഗാണിത്.

(ഇതുപോലെ ദേവസഭയിൽ കാറ്റിലുലഞ്ഞ് വസ്ത്രം മാറിയ സ്വർലോക ഗംഗയുടെ നഗ്നതയിൽ മഹാഭിഷക്ക് നോക്കി മതിമറന്നു നിൽക്കുകയും, ഗംഗ ആ ആസ്വാദനം അഭിമാനമായി ആനന്ദിക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ മഹാഭാരതകഥതന്നെ ഉണ്ടാകുമായിരുന്നില്ല)

നഗ്നസത്യം

1896 ൽ വരച്ച ഈ പെയിന്റിംഗിന്റെ പേര് "സത്യം അവളുടെ കിണറ്റിൽ നിന്നും പുറത്തു വരുന്നു" എന്നാണ്"നഗ്നയായ സത്യവും വർണ്ണവസ്ത്രം ധരിച്ച നുണയും" എന്ന കഥയെ ആസ്പദമാക്കിയാണ് ജീൻ ലീയോൺ ജെറോം ആണതു വരച്ചത്. അന്ത കഥൈ സൊല്ലട്ടുമാ...?

സത്യവും കള്ളവും കണ്ടുമുട്ടിയ വേനല്‍ക്കാലത്ത് ആ ദിവസം..

നുണ വളരെ ആകർഷകമായി സംസാരിച്ചു തുടങ്ങി

" എത്ര മനോഹരമാണീ ദിനം.. അതിസുന്ദരിയായത്, വിശിഷ്ടം നിന്നെപ്പോലെ"

നേര് ചുറ്റും നോക്കി, ആകാശത്തേക്ക് നോക്കി .. ശരിയാണല്ലോ.. വളരെ നല്ല ഒരു ദിവസം തന്നെയാണെന്നവൾക്ക് ബോദ്ധ്യപ്പെട്ടു.

അസത്യത്തോട് സത്യത്തിനുള്ള അകൽച്ച കുറച്ചൊന്നു കുറഞ്ഞു. അവർ കുറേനേരം ഒരുമിച്ചു ചുറ്റിനടന്ന് ചിലവഴിച്ചു. ഒടുവില്‍ നടന്നവർ ഒരു കിണറിന്റെ അരികിലെത്തി.

കള്ളം കിണറ്റിൽ നോക്കിയിട്ടു തിരിഞ്ഞു സത്യത്തോടു പറഞ്ഞു

"ഈ കിണറ്റിലെ ജലം അതിവിശിഷ്ടമാണ്. നമുക്ക് ഇതിൽ കുളിച്ച് ഉന്മേഷം വീണ്ടെടുക്കാം"

സത്യം വീണ്ടും സംശയാലുവായി. കിണറ്റിലെ അൽപ്പം ജലം കൈക്കുമ്പിളില്‍ എടുത്തു പരിശോധിച്ചുനോക്കി. ശരിയാണ്.. നല്ല കുളിർമ്മയുള്ള ഒന്നാംതരം വെള്ളം തന്നെ.

അവർ രണ്ടാളും വസ്ത്രം അഴിച്ചുവച്ച് കിണറ്റിൽ ഇറങ്ങി നീരാടി.

അപ്രതീക്ഷിതമായി നുണ കിണറ്റിൽനിന്നും പുറത്തു കടന്നു, സത്യത്തിന്റെ ഊരിയിട്ട വസ്ത്രങ്ങള്‍ എടുത്തു ധരിച്ചശേഷം ഓടിമറഞ്ഞു.

ചകിതയായ പാവം സത്യം കിണറ്റിൽനിന്നും പുറത്തുവന്നു, കള്ളത്തെ ചുറ്റും തിരഞ്ഞു. പിന്നീട് പരിക്ഷീണിതയായി താന്‍ നഗ്നയാണെന്നതു കാര്യമാക്കാതെ സ്വന്തം വസ്ത്രങ്ങള്‍ നുണയിൽ നിന്നും തിരിച്ചു വാങ്ങാൻ, അവളെ കണ്ടെത്താൻ എല്ലായിടവും തിരച്ചില്‍ ആരംഭിച്ചു.

അതുവരെ തങ്ങള്‍ സ്തുതിച്ചിരുന്ന നഗ്നസത്യത്തെ നേരിൽകണ്ട ലോകം വിമർശ്ശനത്തോടെ.. ക്രോധത്തോടെ.. പ്രതിഷേധത്തോടെ മുഖം തിരിച്ചു.

പാവം സത്യം ആ കിണറിനരികിൽത്തന്നെ തിരിച്ചെത്തി. അതിനുള്ളിലെ ജലത്തിൽ പ്രവേശിപ്പിച്ച് തന്റെ നഗ്നതമറച്ചു, പിന്നീട് എന്നെന്നേക്കുമായി മറഞ്ഞുപോയി.

അതിനു ശേഷം അസത്യം സത്യത്തിന്റെ മേലങ്കി അണിഞ്ഞ് ലോകമാസകലം സഞ്ചരിച്ചുകൊണ്ടേയിരുന്നു. സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങളും അവൾ നിറവേറ്റിക്കൊടുത്തു....

അല്ലെങ്കിലും ആരും തന്നെ നഗ്നസത്യം കാണാനിഷ്ടപ്പെട്ടിരുന്നില്ല.. എല്ലാവര്‍ക്കും വേണ്ടിയിരുന്നത് സത്യത്തേക്കാൾ വിശ്വാസം തോന്നിക്കുന്ന നിറംപിടിപ്പിച്ച നുണകളായിരുന്നു...

Friday, January 5, 2018

പ്രൊമാത്ത്യൂസ്സ്

മനുഷ്യരാശിയ്ക്ക് വേണ്ടി ഏറ്റവും അധികം വേദന സഹിച്ചവൻ; മനുഷ്യരുടെ പുരോഗതിയ്ക്ക് വേണ്ടി നൂറ്റാണ്ടുകളോളം ചങ്ങലയിൽ കിടന്ന് ജീവനോടെ ഭക്ഷിയ്ക്കപ്പെടുന്ന പ്രാണവേദനയിൽ പിടഞ്ഞ ഗ്രീക്ക് അർദ്ധദൈവം പ്രൊമാത്ത്യൂസ്സ്.

ഹൈന്ദവപുരാണങ്ങളിലേത് പോലെ തന്നെ ദൈവങ്ങളും പ്രതിദൈവങ്ങളും, അംശദൈവങ്ങളും, ദൈവങ്ങളല്ലാത്ത ദൈവപുത്രന്മാരും ഗ്രീക്ക് പുരാണങ്ങളിലും നിറഞ്ഞ് നിൽക്കുന്നു.

ഗ്രീക്ക് ഇതിഹാസ കഥകളിൽ രണ്ട് നിര ദൈവങ്ങൾ ആണുള്ളത്.

ഒന്ന് ടൈറ്റൻസ്സ് : എന്ന ആദി ദൈവങ്ങൾ
രണ്ട് ഒളിമ്പ്യൻസ്സ് : ടൈറ്റൻസ്സുകളുടെ മക്കളും പിന്നീടവരെ തോൽപ്പിച്ച് അധികാരം നേടിയവരുമായ പിൽക്കാല ദൈവങ്ങൾ.

ആദിദൈവങ്ങൾ യുറാനസ്സിനും ഗ്ഗായെയ്ക്കും ഉണ്ടായ 6 ആണ്മക്കളും 6 പെണ്മക്കളുമാണ്. ടൈറ്റൻസ്സ് എന്നറിയപ്പെട്ട ആണ്മക്കൾ

ക്രോണോസ്സ്,
ലാപെറ്റസ്സ്,
ഹൈപോറിയോൺ,
ഓഷ്യാനസ്സ്,
കോയെസ്സ്,
ക്രെയസ്സ് എന്നിവരും

ടൈറ്റാനസ്സ് എന്ന പെണ്മക്കൾ

ഥിയാ,
ഋയാ,
മ്നെമോസൈൻ,
ഫോബെ,
തെതിസ്സ്,
തെമിസ്സ്

എന്നിവരുമാണ്.

ക്രോണോസ്സ് ഏറ്റവും ഇളയവൻ ആയിരുന്നെങ്കിലും മറ്റു സഹോദർന്മാരെ പോലെ ആയിരുന്നില്ല, അധികാരമോഹിയായ അവൻ പിതാവ് യുറാനസ്സിനെ ഒരു അരിവാളുപയോഗിച്ച് വധിച്ച് ലോകത്തിന്റെ ഭരണം കൈപ്പിടിയിലൊതുക്കി. എല്ലാ സഹോദരന്മാരും ഓരോരോ സഹോദരിമാരെ വിവാഹം കഴിച്ചപ്പൊൾ ക്രോണസ്സും സഹോദരി ഋയായെ വിവാഹം കഴിച്ചു. അവളിൽ ഹെസ്റ്റിയാ, ഡെമെറ്റർ, ഹേറ, ഹേഡ്സ്സ്, പോസെഡോൺ, സ്യൂസ്സ് എന്നീ മക്കളും ചൈറോൺ ഫിലൈറ എന്ന മത്സ്യകന്യകയിലും പിറന്നു.

ചരിത്രം ആവർത്തിച്ച് കൊണ്ട് ക്രോണോസ്സിന്റെ ഇളയമകൻ സ്യൂസ്സ് പത്ത് വർഷം നീണ്ട യുദ്ധത്തിനൊടുവിൽ പിതാവിനെ തോൽപ്പിച്ച് അധികാരം പിടിച്ചെടുത്തു. സ്യൂസ്സ് ജനിച്ചപ്പോഴേ ക്രോണോസ്സിനറിയമായിരുന്നു അവൻ പ്രശ്നമാണെന്ന്; അതിനാൽ അവനെ വധിയ്ക്കുവാൻ ആഗ്രഹിച്ചു എന്നാൽ ഋയാ മകനെ ഡിക്ടാ മലകളിലെ ഒരു ഗുഹയിൽ ഒളിച്ച് വളർത്തി. ഹേഡ്സ്സ് ഇരുട്ടീന്റെ മറയാൽ ക്രോണോസ്സിന്റെ ആയുധങ്ങൾ തട്ടിയെടുത്തു, പോസെഡോൺ ഒരു തൃശൂലവുമായി അച്ഛനെ നേരിട്ടു, ആയുധങ്ങൾ നഷ്ടപ്പെട്ട് ഒരു മകനുമായി യുദ്ധം ചെയ്യുന്ന അച്ഛനെ സ്യൂസ്സ് മിന്നൽ കൊണ്ട് നിലമ്പരിശ്ശാക്കി. ഭൂമിയും സ്വർഗ്ഗവും സ്യൂസ്സ് ഭരിച്ചു, സൈക്ളോപ്പ്സ്സിനും, ഹേഡ്സ്സ്, പോസെഡോൺ എന്നിവർ വരുതിയിലാക്കിയ എല്ല ജീവികൾക്കും, രാക്ഷസർക്കും കരുത്ത് കൂട്ടി. അവർ ബാക്കിയുള്ള ടൈറ്റൻസ്സിനേയും കീഴ്പ്പെടുത്തി. ഒളിമ്പസ്സ് മലനിരകളിൽ ആസ്ഥാനമാക്കിയ രണ്ടാം നിര ദൈവങ്ങൾ ഒളിമ്പ്യൻസ്സ് എന്ന പേരിൽ ലോകം ഭരിച്ചു.

ഒളിമ്പ്യൻസ്സിൽ ഏറ്റവും ശക്തൻ പോസെഡോൺ ആയിരുന്നു, സമുദ്രത്തിനും, ഭൂമിയ്ക്കും, ജന്തുക്കൾക്കും അധിപൻ. ഭാരതീയ പുരാണങ്ങളിൽ സൂര്യൻ ശക്തനെങ്കിലും, മിത്രൻ ദേവരാജാവായത് പോലെ, സ്യൂസ്സ് ദേവരാജാവായി.

ഇനി നമുക്ക് ഒളിമ്പ്യൻ ദൈവങ്ങളെ ഒന്ന് പരിചയപ്പെടാം, എന്നിട്ട് പ്രൊമാത്യൂസ്സിലേയ്ക്ക് പോകാം.

1. പോസെഡോൺ, സമുദ്രവും ഭൂമിയുമുള്ളാതിനാൽ, സുനാമിയും, ഭൂകമ്പവുമൊക്കെയാണ് കയ്യിലുള്ളത്, ആയുധം തൃശൂലവും, നമ്മുടെ രുദ്രനും, വരുണനും ചേർന്ന ഒരു ശക്തി.

2. സ്യൂസ്സ്, ദേവേന്ദ്രൻ, അകാശത്തിനധിപൻ അതിനാൽ തന്നെ മിന്നൽ ആണ് അയുധം.

3. അപ്പോളോ, വെളിച്ചത്തിന്റെയും സംഗീതത്തിന്റേയും ദേവൻ, സ്യൂസ്സിനു ലെറ്റോയിൽ പിറന്നവൻ. നമ്മുടെ സൂര്യദേവൻ.

ഇവരാണ് ദേവന്മാരിൽ പ്രമാണികളും, ശക്തരുമായ മൂന്ന് പ്രധാനികൾ

4. അഥീന, വിദ്യയുടേയും, ശസ്ത്രത്തിന്റേയും ദേവി.സ്യൂസ്സിനു മെറ്റിസ്സിൽ പിറന്നവൾ. നമ്മുടെ സരസ്വതിദേവി.

5. ഹേഡ്സ്സ്, തമസ്സിന്റെ ദേവൻ, മരണദേവൻ. നമ്മുടെ യമധർമ്മൻ.

6. ഐറിസ്സ്, യുദ്ധ ദേവൻ, സ്യൂസ്സിനു ഹേറയിൽ പിറന്നവൻ.

7. ആർട്ടമസ്സ്, ചന്ദ്രദേവത

8. ഹെഫൈസ്റ്റസ്സ്, അഗ്നിദേവൻ

9. ആഫ്രോഡൈറ്റ്, പ്രണയദേവത

10. ഹെർമ്മസ്സ്, ധനദേവൻ, കുബേരൻ

ശരി നമുക്കിവിടെ നിർത്താം, ഇനിയുമുണ്ട് ദേവന്മാരും ദേവിമാരും, കൃഷിയ്ക്കും, സമയത്തിനും, വിവാഹത്തിനും, രാത്രിയ്ക്കും, പ്രതികാരത്തിനുമൊക്കെ വെവ്വേറേ...

ലെപ്റ്റസ്സിനും ഒഷ്യാനൈഡ് ക്ള്മീനിനും ഉണ്ടായ 4 മക്കളിൽ ദീർഘദർശി അഥവാ മുങ്കൂട്ടി കണ്ട് പ്രവർത്തിയ്ക്കുന്നവൻ, ബുദ്ധിമാനായ പ്രമത്യൂസ്സും, എല്ലാം കഴിഞ്ഞതിനു ശേഷം പ്രവർത്തിയ്ക്കുന്ന, ബുദ്ധിശൂന്യതയുടെ പ്രതീകമായ എപ്പിമാത്യൂസ്സും മനുഷ്യരുടെ അഭ്യുദയകാംഷികളും, പുരോഗതിയുടെ നായകരും ആയിരുന്നു. പഞ്ചതന്ത്രത്തിലെ അനാഗതവിധാതാ, യദ്ഭവിഷ്യൻ എന്നീ മത്സ്യങ്ങളുടെ സ്വഭാവം ഇവരിൽ കാണാവുന്നതാണ്.

മനുഷ്യർ ഭൂമിയിൽ യാതൊരു പുരോഗതിയുമില്ലാതെ, മൃഗങ്ങളെ പോലെ കാട്ടിൽ പഴങ്ങളും, ഇലകളും, കിഴങ്ങുകളും, പച്ചമാംസവും കഴിച്ചും, വന്യമൃഗങ്ങളാൽ വധിയ്ക്കപ്പെട്ടും അവയ്ക്ക് ആഹാരമായും ജീവിച്ചു വന്നു. ആ അവസ്ഥയിൽ അവരോട് സഹാനുഭൂതിയും, അവർക്ക് മികച്ച ജീവിതസൗകര്യങ്ങളും, സുരക്ഷയും കൊടുക്കണമെന്ന ആഗ്രഹവും ഉള്ളിൽ നിറഞ്ഞപ്പോൾ പ്രമാത്യൂസ്സ് അതിനുള്ള വഴി ആലോചിച്ച് കണ്ടെത്തി. അഗ്നിയാണ് എല്ലാ പുരോഗതിയ്ക്കും കാരണമെന്ന് തിരിച്ചറിഞ്ഞ സീയൂസ്സ് ഓളിമ്പസ്സിൽ അഗ്നിയെ സുരക്ഷിതമായി സൂക്ഷിച്ചിരുന്നു, ഇത് മനുഷ്യർക്ക് നൽകിയാൽ അവരുടെ പുരോഗതി തനിയെ ഉണ്ടായിക്കൊള്ളുമെന്ന് തിരിച്ചറിഞ്ഞ പ്രമാത്യൂസ്സ് അഗ്നി അപഹരിച്ച് മനുഷ്യർക്ക് നൽകി. തനിയ്ക്ക് അത് മൂലം സംഭവിയ്ക്കുവാൻ പോകുന്ന ദുരിതങ്ങൾ ദീർഘദർശ്ശിയായ അദ്ദേഹം മുങ്കൂട്ടി കണ്ടിരിയ്ക്കാം; എങ്കിലും ആരെങ്കിലും ആ യാതന സഹിയ്ക്കാതെ മനുഷ്യരാശിയ്ക്ക് പുരോഗതി ഇല്ല എന്നറിവിൽ സ്വയം ദുരിതം ഏറ്റെടുത്തതാവണം.
അഗ്നി ലഭിച്ച മനുഷ്യർ ആഹാരം പാകം ചെയ്ത് കഴിയ്ക്കുവാനും, അഗ്നിയാൽ വന്യ മൃഗങ്ങളെ ഭയപ്പെടുത്താനും, ലോഹങ്ങൾ ഉരുക്കി ആയുധങ്ങളും, പടച്ചട്ടകളും ഉണ്ടാക്കുവാനും ആരംഭിച്ചു, അവർ ദൈവങ്ങളെ പോലെ കരുത്തരും, സുഖസകര്യങ്ങൾക്ക് ഉടമകളുമായി. അത്ഭുതപ്പെട്ട സീയൂസ്സ് കാരണം കണ്ടുപിടിച്ചു പ്രമത്യൂസ്സിനെ ശിക്ഷിയ്ക്കുവാൻ തീരുമാനിച്ചു. പ്രമാത്യൂസ്സിനെ പിടികൂടി ഒരു പാറയിൽ ചങ്ങലയാൽ നഗ്നനായി ബന്ധിച്ചു, തന്റെ കഴുകനെ അയച്ച് ദിവസവും പ്രമാത്യൂസ്സിന്റെ കരളു കൊത്തി തീറ്റിച്ചു. രാത്രിയിൽ കരൾ വീണ്ടും വളർന്ന് പൂർണ്ണ രൂപത്തിലെത്തും, പകൽ വേണ്ടും കഴുകനെത്തി അത് ആഹരിയ്ക്കും, ഇങ്ങനെ പച്ചയ്ക്ക് തന്നിലെ മാംസം തിന്ന് തീർക്കപ്പെടുന്ന പ്രാണവേദനയിൽ പ്രമാത്യൂസ്സ് നൂറ്റാണ്ടുകൾ കഴിഞ്ഞു കൂടി.
ഒടുവിൽ ഒരു ദിവസ്സം ഹെർക്കുലീസ്സ് അത് വഴി വരുകയും, അമ്പെയ്ത് കഴുകനെ വധിച്ചും, ചങ്ങല തകർത്തും പ്രമാത്യൂസ്സിനെ രക്ഷിച്ചു.

പ്രമാത്യൂസ്സിന്റെ ഭര്യ പൈറ ആണ് ഇക്കാലത്ത് കാണുന്ന മനുഷ്യരെ സൃഷ്ടിച്ചതെന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ മകനായ ഡ്യൂക്കലിയൺ ആൺ`ഗ്രീക്ക് കഥകളിലെ മഹാപ്രളയകാലത്ത് പേടകം ഉണ്ടാക്കി സർവ്വചരാചരങ്ങളേയും കയറ്റി 9 ദിനരാത്രങ്ങൾ തുഴഞ്ഞ് ഉയർന്ന പർവ്വതനിരയിലെത്തിച്ച് രക്ഷപ്പെടുത്തിയത്. പാശ്ചത്യരുടെ ഗവേഷണങ്ങൾ പ്രകാരം ബി.സി. 10,000 നും 7,000 നുമിടയിൽ നടന്ന ഈ മഹാപ്രളയകഥ ബൈബിളിൽ നോഹയുടെ പേടകമായും, ഖുറാനിൽ നൂഹ് നബിയുടെ വഞ്ചിയായും, മത്സ്യപുരാണത്തിലെ സത്യവൃതമനു എന്ന രാജാവും കപ്പൽ പണിതും എല്ലാ ജീവികളേയും രക്ഷിയ്ക്കുന്നു എന്ന പൊതുഘടകം രസകരമാണ്.
ചുരുക്കത്തിൽ ഗ്രീക്ക് ഇതിഹാസങ്ങളിൽ മനുഷ്യന്റെ എല്ലാ പുരോഗതിയ്ക്കും കാരണക്കാരൻ, ഒരു പക്ഷേ ചരിത്രത്തിലെ ആദ്യത്തെ മെക്കാനിക്കൽ എഞ്ചിനീയർ, പ്രമാത്യൂസ്സ് എന്ന ടൈറ്റൻ ആണ്, അതിനാൽ നമുക്ക് ആ പേരിലുള്ള വാച്ച് അഭിമാനത്തോടെ ധരിയ്ക്കാമെന്ന് തോന്നുന്നു; മുങ്ങിപ്പോയ കപ്പലിനെ മറക്കാം..

പാഥേയം എന്ന ചിത്രത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും ( രാത്രി കരൾ ഭക്ഷിയ്ക്കുകയും, പകൽ വളരുകയും ചെയ്യുന്നു) മനോഹരമായി ഇത് അവതരിപ്പിച്ച ഗാനം കേൾക്കാം...

https://www.youtube.com/watch?v=5tjDP8hRuhc