Sunday, November 15, 2020

ഹെബെയുടെ വീഴ്ച്ച

ഗ്രീക്ക് പരമോന്നതദേവൻ സ്യൂസിൻ്റേയും ഹേരയുടേയും പുത്രിയാണ് ഹെബെ.ഹേര ലറ്റൂസ്സ് ഇല കഴിച്ചപ്പോൾ ഗർഭം ധരിച്ചകുട്ടിയാണവൾ! നമ്മുടെ ദിവ്യമായ പായസം പോലെ; ഗ്രീക്കുകാർ വന്ധ്യത മാറുവാൻ ലാറ്റൂസ്സ് ഇലകൾ മരുന്നായി കഴിച്ചിരുന്നത് ഹെബെയുടെ ജനനം കാരണമാണ്. വാസ്തവത്തിൽ അപ്പോളോയുമായി ഒരു ഡിന്നറിനു പോയപ്പോഴാണീ ലാറ്റൂസ്സ് കഴിച്ചതെന്നതിൽ ചില സൂചനകൾ വേറേയുമുണ്ട്.

യൗവ്വനത്തിൻ്റെ ദേവതയായ അവൾ അമ്മയെ എല്ലാക്കാര്യത്തിലും സഹായിച്ചിരുന്നു, ഹേരയെ രഥത്തിൽ കയറ്റുന്നതുമുതൽ സഹോദരൻ ഐറിസ്സിനെ കുളിപ്പിക്കുന്നതുവരെ. പിതാവിൻ്റെ സദസ്സിൽ ദേവന്മാർക്ക് അമൃത് പകർന്നുകൊടുക്കുന്ന ജോലിയും അവൾ നിർവ്വഹിച്ചിരുന്നു.

നല്ലവളായ ആ ദേവകന്യക ഒരിക്കലാ ദേവസദസ്സിൽ ഉരുണ്ടുവീണു, അതവൾ ദിവാസ്വപ്നം കണ്ടതിനാലാണെന്ന് ആക്ഷേപമുണ്ടായി, എങ്കിലും തൻ്റെ കയ്യിലെ അമൃതും കപ്പുകളും പൊട്ടാതെ സൂക്ഷിച്ചുകൊണ്ടായിരുന്നു ആ വീഴ്ച്ച, അതിനിടയിൽ സ്വന്തം വസ്ത്രം സംരക്ഷിക്കുവാൻ അവൾക്ക് കഴിഞ്ഞില്ല. അവൾ ദ്വിവിധയിലായിരുന്നു, ഒന്നുകിൽ തൻ്റെ വസ്ത്രങ്ങൾ ഉരിഞ്ഞുപോകാതെ പിടിക്കാം, അല്ലെങ്കിൽ അമൃതകലശവും പാനപാത്രങ്ങളും നിലത്തുവീഴാതെ സംരക്ഷിക്കാം; അവൾ പിതാവേൽപ്പിച്ച കടമ നിർവ്വഹിച്ചു, അമൃതിനെ സംരക്ഷിച്ചു. ഫലമോ, ദേവസദസ്സിൽ ആ വീഴച്ചയിൽ നിന്നവൾ എണീറ്റത് വിവസ്ത്രയായി ആയിരുന്നു.

പിതാവിൻ്റെ ആജ്ഞ അവൾ പാലിച്ചു, എന്നാൽ അഭിമാനം വൃണപ്പെടുത്തി; കുറ്റക്കാരിയായ അവളെ ഒളിമ്പസ് മലകളിൽ നിന്നും, ജോലിയിൽ നിന്നും പുറത്താക്കി.

അവൾക്ക് വീരാധിവീരനായ ഹെർക്കുലീസ് അഭയം നൽകി, അവളെ വിവാഹം കഴിച്ചു, അവരുടെ കുടുംബജീവിതം വളരെ സന്തോഷപ്രദമായിരുന്നു, അവർക്ക് രണ്ടു കുട്ടികളും പിറന്നു.

എങ്കിലും കൃത്യനിർവ്വഹണത്തിനിടയിൽ മാനം നഷ്ടമായ ആദ്യ ബാർ ജീവനക്കാരി, വെയിട്രസ്സ് ആയ ഹെബെ പല പെയിൻ്റിംഗുകൾക്കും വിഷയമായിത്തീർന്നു.

ഹുഗ്യെസ് മെർലെ 1880 ൽ വരച്ച "ഹെബെ അവളുടെ വീഴ്ചയ്ക്കുശേഷം" എന്ന പെയിൻ്റിംഗാണിത്.

(ഇതുപോലെ ദേവസഭയിൽ കാറ്റിലുലഞ്ഞ് വസ്ത്രം മാറിയ സ്വർലോക ഗംഗയുടെ നഗ്നതയിൽ മഹാഭിഷക്ക് നോക്കി മതിമറന്നു നിൽക്കുകയും, ഗംഗ ആ ആസ്വാദനം അഭിമാനമായി ആനന്ദിക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ മഹാഭാരതകഥതന്നെ ഉണ്ടാകുമായിരുന്നില്ല)

No comments:

Post a Comment