ഏകാദ്ധ്യാപകവിദ്യാലയത്തിനു പിന്നിലെ കാണാത്ത പ്രതികാരങ്ങളുടെ കഥകളാണ് നമ്മൾ പരിശോധിച്ചുകൊണ്ടിരുന്നത്, നൈസാമലിയോട്, ഒരുപക്ഷേ മൈമൂനയോടും, മൊല്ലാക്ക ചെയ്ത ക്രൂരത നമ്മൾ മനസ്സിലാക്കിയല്ലോ..
മൈമൂനയുടെ നിക്കാഹിന്റന്നു ഖസാക്കും കൂമൻകാവും വിട്ടുപോയ നൈസാമലിയെ പിന്നീടൊരു വർഷത്തേയ്ക്ക് ആരുംതന്നെ കണ്ടിട്ടില്ല.
അലിയുടെ ബീഡിഫാക്ടറിയിലെ തൊഴിലാളികൾ ഒരാഴ്ച്ച മുതലാളിയെ കാത്തിരുന്നു, പിന്നീട് അതടച്ചുപൂട്ടി ഒരുവൻ അത്തരുടെ കമ്പനിയിലും മറ്റവൻ കള്ളുവാറ്റുന്ന ജോലിയിലും ചേർന്നു.
തെറുത്തുവച്ചിരുന്ന ബീഡിക്കൂമ്പാരം പീഡികയുടമസ്ഥൻ വാടകയിനത്തിൽ വരവുവച്ചു.
ഒരുവർഷത്തിനിപ്പുറം നീണ്ടു ജടപിടിച്ച മുടിയുമായി നൈസാമലി കൂമൻകാവിൽ പ്രത്യക്ഷപ്പെട്ടു. ഒന്നും സംഭവിക്കാത്തമാതിരി അത്തരുടെ അടുക്കൽ ചെന്നു
"നാൻ മറുപടിയും ഉങ്ക കമ്പനിയിൽ ശേരട്ടമാ?"
എന്നു തിരക്കി, അത്തരു ചോദിച്ച ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി നൽകിയതുമില്ല.തൻ്റെ കമ്പനിക്കെതിരേ കമ്പനി തുടങ്ങി മതിലുകളിൽനിറഞ്ഞ പരസ്യങ്ങളിൽ ധാർഷ്ഠ്യംനിറഞ്ഞ ചിരിയോടെ ഇരുന്നവൻ ഇതാ കാൽക്കൽ.. ഇതിനപ്പുറം എന്ത് ആനന്ദമാണ് അത്തരിനു വേണ്ടത്? എന്നാലും സുഹറാ...
"മരിയാദയ്ക്ക് പണി ശെയ്തുക്കോ.. അന്ത ലൊട്ടുലൊടുക്ക് ബിശയം കളഞ്ചുക്കോ"
എന്ന താക്കീതോടെ അത്തര് നൈസാമലിയെ ജോലിക്ക് തിരികെച്ചേർത്തു. എന്നാലന്ന് വീട്ടിലെത്തിയ അത്തരെ വരവേറ്റത് സൊഹറാബിയുടെ സുഖകരമല്ലാത്ത ചോദ്യമായിരുന്നു
"അന്ത ചെക്കൻ തിരുമ്പി വന്തതാ?"
അത്തരുടെ നിലതെറ്റി
"ഥൂ.. ഇനക്കെന്നടീ അതി?"
എന്ന അട്ടഹാസത്തിൽ എല്ലാം ഉണ്ടായിരുന്നു.
അത്തരുടെ കമ്പനിയിൽ ബീഭത്സമായ ആവേശത്തോടെ ഒരു യന്ത്രംകണക്കെ അവൻ ബീഡിതെറുത്തുകൂട്ടി; അത്തരുടെ പക ആ ബീഡിക്കൂമ്പാരത്തിനുമുന്നിൽ അലിഞ്ഞുതുടങ്ങി. അപ്പോഴാണ് നൈസാമലിയുടെ താമസസ്ഥലത്ത് ആ ബോർഡ്ഡ് തൂങ്ങിയത് "കൂമൻകാവ് ബീഡിത്തൊഴിലാളി യൂണിയൻ"!
അത്തരിൻ്റെ 10 പണിക്കാരിൽ 7 പേരും യൂണിയനിൽ ചേർന്നു, പാലക്കാട്ടുനിന്നും എത്തിയ സഖാക്കൾ സ്റ്റഡിക്ലാസ്സെടുത്തു, ആ വർഷം ജനുവരി 28 നു യൂണിയൻ ലെനിൽ ദിനമാചരിച്ചപ്പോൾ നൈസാമലി മുഷ്ടിചുരുട്ടി വിളിച്ചു
"എല്ലാ രാജ്ജിയങ്ങളിലൈയ് ഒഷപ്പാളികളേ.. സങ്കടിക്കുവിൻ"!!!
യൂണിയനുമായുള്ള മൽപ്പിടുത്തം അത്തരിനു പുത്തരിയായിരുന്നില്ല, മതധ്വംസനമാണെന്ന് മുസ്ലീം ലേബർ യൂണിയനും, അട്ടിമറിയും വിദേശ നുഴഞ്ഞുകയറ്റവുമാണെന്ന് കോൺഗ്രസ്സുകാരും തീർത്തുപറഞ്ഞു.
എല്ലാം ഖസാക്കിലിരുന്ന് മൈമൂനയും അറിയുന്നുണ്ടായിരുന്നു, കൂമൻകാവിലേയ്ക്ക് ചക്കര കടത്തുന്ന തങ്കിയാണ് കഥകൾ എത്തിക്കുന്നത്..
"നൈസാമണ്ണൻ ജാഥകൾ നയിക്കുന്നു, കാവുപറമ്പിൽ ചേരാറുള്ള യോഗങ്ങളിൽ പ്രസംഗിക്കുന്നു, അതും മിക്ഷ്യൻ വെച്ച്ട്ടാണ്, വലിയ്ക്കനെ പറയിണ മിക്ഷ്യൻ"
ഒടുവിൽ അനിവാര്യമായത് സംഭവിച്ചു അത്തരുമുതലാളി നൈസാമലിയെ പിരിച്ചുവിട്ടു, അതോടെ പണിമുടക്കം ആരംഭിച്ചു. അതിൻ്റെ അലയൊലികൾ അങ്ങ് ഖസാക്കിലുമെത്തി, ഒരു ഖസാക്കുകാരൻ മറ്റൊരു ഖസാക്കുകാരനെതിരെ പോരാടുന്നത് അവരിൽ കൗതുകം ജനിപ്പിച്ചു.
വേവട പിടിപ്പിച്ച സ്റ്റാലൻ്റെ വർണ്ണപടവും ഖുറാനും പേറിക്കൊണ്ട് നൈസാമലി ഘോഷയാത്രകൾ നയിച്ചു, കൂമൻ കാവിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി
"ആങ്കളോ അമേരിക്കൻ ചൊരണ്ടൽ നസിക്കട്ടെ.. മര്തകൻ എം. അത്തര് മൂറതാബാത്.. ഇങ്കിലാ സിന്താബാത്"
പണിമുടക്കം അഞ്ചാംദിവസമായപ്പോൾ നിറംമാറി, അത്തര് ഒരു വാളണ്ടിയറെ തല്ലിപ്പരിക്കേൽപ്പിച്ചത് നീതിക്കും വ്യവസ്ഥയ്ക്കും വേണ്ടിയായിരുന്നു, അതിനു പോലീസെത്തി തന്നെ അഭിനന്ദിക്കുമെന്നയാൾ കരുതി. പക്ഷേ വർഗ്ഗബോധമില്ലാത്ത പോലീസുകാർ അത്തരിനേയും നൈസാമലിക്കൊപ്പം ആമം വച്ച് പാലക്കാട്ട് കൊണ്ടുപോയി ജയിലിലിട്ടു.
പാലക്കാട്ടെ വലിയൊരു ബീഡിക്കമ്പനിയായ "പൂനൈ എലി അമൈതി അതൃമാൻ ഫോട്ടോ" അതിൻ്റെ പിന്നിൽ കളിച്ചില്ലേ? എന്നു സംശയിക്കേണ്ടിയിരിക്കുന്നു, കാരണം അവർ അത്തരിൻ്റെ അസാന്നിദ്ധ്യം മുതലെടുത്ത് ഒരു ശാഖ കൂമൻകാവിൽ തുറന്നു. അതോടെ അത്തരിൻ്റെ കമ്പനി അവസാനിച്ചു ഒപ്പം പണിമുടക്കവും , ശ്വാസം നിലച്ചപ്പോൾ ഓടക്കുഴൽ താനേ നിലച്ചതുപോലെ!
പാലക്കാട്ടെ ജയിൽ മുറിയിൽ തല്ലുകൊണ്ടവശനായി കിടന്ന നൈസാമലിയെ കാത്തിരിക്കുന്നത് കനപ്പെട്ട കുറ്റങ്ങളുടെ വിചാരണയും ശിക്ഷയുമാണ്. രാഷ്ട്രത്തിനെതിരെ യുദ്ധപ്രഖ്യാപനം, ഹിംസാത്മകമായ മാർഗ്ഗത്തിലൂടെ ഭരണത്തെ അട്ടിമറിക്കുവാൻ ശ്രമം, കൊലപാതകത്തിനു പ്രേരണ, അങ്ങനെ പലതും. പേശികളിലും, സന്ധികളിലും എല്ലുകളിലും എല്ലാം സഹിക്കാൻ കഴിയാത്ത വേദന, എങ്കിലും ബോധം തെളിയുമ്പോൾ അലിയുടെ മനസ്സിൽ ആ ഒരു ചോദ്യമേയുണ്ടായിരുന്നുള്ളൂ
"അള്ളാപ്പിച്ചമൊല്ലാക്കയും താനുമായുള്ള യുദ്ധത്തിൽ പോലീസിനെന്തുകാര്യം?"
മൊല്ലാക്കയ്ക്കെതിരായി ചെയ്ത യുദ്ധം രാജ്യദ്രോഹത്തിലെത്തിയ കാര്യം ബോധമനസ്സിൽ നിറഞ്ഞപ്പൊൾ അലി നേരംപുലർന്നാദ്യം കണ്ട പോലീസുകാരനോടു പറഞ്ഞു
"ഇസ്പെറ്റരെജമാനോട് ഒന്ന് ശംശാരിക്കാൻണ്ട്"
ഇൻസ്പെക്ടറുടെ മുന്നിലെത്തിയ നൈസമലി പറഞ്ഞു
"എജമാ, ഞമ്മൾ ഇതീന്നൊക്കെ വ്ടാണ്"
ഇൻസ്പക്ടർ തടവുകാരൻ്റെ മുഖത്തു നോക്കി ചോദിച്ചു
"ഈ ബുദ്ധി നേർത്തെ തോന്നായിർന്നില്ലേ?"
അതിനു നൈസാമലി പറഞ്ഞ മറുപടി ഭൗതികവാദിയായ കമ്മ്യൂണിസ്റ്റുകാരൻ്റേതായിരുന്നില്ല, തികച്ചും ആത്മീയവാദിയുടേതായിരുന്നു.
"എല്ലാം മായയാക്ക് എജമാ, ഇന്നലെ രാത്രി ഞമ്മണ്ടട്ത്ത് മൂപ്പരു വന്നു"
ഇൻസ്പക്ടർ ഞെട്ടി
"മൂപ്പരോ? ലോക്കപ്പിലോ?"
"അതേ സെയ്യദ് മിയാൻ ശൈക്ക് തങ്ങള്"
അലി ഉത്തരം നൽകി.
ഇൻസ്പെക്ടർ ഹെഡ്കോൺസ്റ്റബിളിനോട് ചോദിച്ചു
"ആരാത് രാമൻ നായരേ, പാതിരാത്രി ഇതിനകത്ത് കയറിയത്?"
അതിനും മറുപടി പറഞ്ഞത് അലിയാണ്
"എജമാ, അതൊര് ജിന്നാക്കും, ഫ്രേതം"
ഇൻസ്പെക്ടർക്ക് ഏതാണ്ട് കാര്യം പിടികിട്ടി, അദ്ദേഹം ഏഡ്ഡങ്ങത്തെയോട് പറഞ്ഞു
"ഞാനിവന്മാരോട് എത്രപറഞ്ഞതാ, തലേലും വർമ്മത്തും തല്ലരുതെന്ന്! വർമ്മത്ത് തല്ലിയാൽ ചത്തുപോകും, തലേൽ തല്ലിയാൽ ഇതുപോലെ വട്ടാകും"
മാനസാന്തരം വന്ന അലിയെ കസേരയിലിരുത്തി, ഭരണഘടനയ്ക്ക് കീഴടങ്ങി നടന്നോളാമെന്നും, വിദേശശക്തികളുടെ ചട്ടുകമാവില്ലെന്നും ഒരു മാപ്പപേക്ഷ ഇൻസ്പക്ടർതന്നെ തയ്യാറാക്കി അലിക്ക് ഒപ്പിടാൻ നൽകി.
ഇടത്തെ പെരുവിരൽ പതിപ്പിച്ച അലി ഒന്നേ ആവശ്യപ്പെട്ടുള്ളൂ, പേരിൻ്റെ കൂടെ ഖാലീന്ന് കൂടി ചേർക്കണം. അതെന്തിനെന്ന ചോദ്യത്തിനു
"ഞമ്മൾ ഇന്നു പെലകാലം തൊട്ട് സെയ്യദ് മിയാൻ ശൈയ്ഖിൻ്റെ ഖാലിയാരാണ്, അതാണ് മൂപ്പരിൻ്റെ നിശോകം"
എന്ന മറുപടി നൽകി.
ആ നിയോഗം അങ്ങനെ ഖാലിയാരായി നൈസാമലി ഖസാക്കിലെത്തിച്ചു, ചെതലിയുടെ കൊടുമുടിയിൽ ജിന്നിനും ഇഫിരീത്തിനും, മലിക്കുകൾക്കുമൊപ്പം ഒന്നു പറന്നുനോക്കിയെങ്കിലും താഴേയ്ക്ക് പതിച്ച് കാല്മുട്ടിലും നെറ്റിയിലും വാരിയിലും പരുക്കേറ്റു.
രാത്രിയിലൂടെ മൂളിപ്പോകുന്ന അലൗകികസ്വരവുമായി ഷെയ്ഖുതമ്പുരാൻ്റെ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് നൈസമലി ഇരുളടഞ്ഞ രാജാവിൻ്റെ പള്ളിയിലേയ്ക്ക് നുഴഞ്ഞുകയറി. അതുകണ്ട ഖസാക്കിലെ കാരണവന്മാർ പരസ്പരം മന്ത്രിച്ചു
"നിശോകം"!
രാജാവിൻ്റെ പള്ളിയിൽ നിന്നും നൈസാമലി പുറത്തുവരുന്നത് ആരും കണ്ടിട്ടില്ല, ചതുപ്പിലെ മീസാൻ കല്ലുകൾക്കിടയിൽ ചിലപ്പോൾ മാത്രം ഒരു നിഴലുപോലെ അവനെ കണ്ടവരിൽ മൈമൂനയും ഉൾപ്പെടുന്നു.
പക്ഷേ ചതുപ്പിൻ്റെ അതിരോളം ചെല്ലാൻ അധികമാരും ധൈര്യപ്പെട്ടില്ല, ചെന്നവർ അവിടെ എരിഞ്ഞ ചന്ദനത്തിരിയുടെ അസംഖ്യം കുറ്റികളും, വിതറിയ മഞ്ഞൾപ്പൊടിയും, കണ്ണുചൂഴ്ന്നെടുത്ത പെരുച്ചാഴിത്തലകളും, വെടിമരുന്നുകത്തിക്കരിഞ്ഞ ചതുപ്പുമണ്ണും കണ്ട് ഭയാദരങ്ങളോടെ പറഞ്ഞു
"തൃഴ്ട്ടാന്തം".
ദൃഷ്ടാന്തം പലതും കണ്ടെങ്കിലും ഖാലിയാരെ ഖസാക്കുകാർ നേരിട്ടുകാണുന്നത് അള്ളാപ്പിച്ച മൊല്ലാക്ക ഏകാദ്ധ്യാപക വിദ്യാലയത്തിനെതിരെ പഞ്ചായത്ത് കൂട്ടിയ ദിവസമായിരുന്നു. നടുപ്പറമ്പിൽ നിലപാടുകൊണ്ട് അലി അറിയിച്ചു
"ഹോജരാജാവായ തമ്പുരാൻ്റെ ഉടയവനായ ഷൈയ്ഖ് തങ്ങളുടെ ഉപാസകനായി, ഖാലിയാരായി , ഞാനിതാ ഖസാക്കിലേയ്ക്കു തിരിച്ചു വന്നിരിക്കുന്നു"
മൈലാഞ്ചിത്താടിക്കാരായ കാരണവന്മാർ ഇരുവരേയും കേട്ട് ആശയക്കുഴപ്പത്തിലായി.
ഖസാക്കിലെ കുട്ടികൾ കോണെഴുത്ത് പഠിക്കണമെന്ന് നൈസാമലിയും, കുട്ടികളെ സ്ക്കൂളിലേയ്ക്ക് അയക്കരുതെന്ന് മൊല്ലാക്കയും പറഞ്ഞു.
മൊല്ലാക്ക തിരക്കി
"ഇതൊക്കെപ്പറയാൻ നൈസാമലിക്ക് എന്തവകാശമാണുള്ളത്? അറബിക്കുളത്തിലെ പാതിരാക്കുളി, രാജാവിൻ്റെ പള്ളിയിൽ സർപ്പശയനം, ചതുപ്പിൽ കത്തിയെരിഞ്ഞ വെടിമരുന്നിൻ്റെ പാട്, വെളിമ്പുറങ്ങളിൽ രാത്രിയിലൂടെ മൂളിമൂളിക്കടന്നുപോകുന്ന പ്രവാചകസ്വരം. അവനോടെ സത്തിയം എന്നാ?"
മൊല്ലാക്ക നൈസാമലിയോട് ചോദിച്ചു
"നീ ഉണ്മയാ...... പൊയ്യാ?"
ഖാലിയാർ പറഞ്ഞു
"ഉണ്മൈ"
മൊല്ലാക്ക ഗൗളിയുടെ ചിലമ്പലിനായി ചെകിടോർത്തു, കാറ്റിനായി ചെകിടോർത്തു, അടയാളമില്ല. മൊല്ലാക്ക പറഞ്ഞു
"പൊയ്! നീ ശെയ്ക്കോടെ ആൽമ്മാവല്ലൈ, നീ പൂതമാക്കും!"
മൊല്ലാക്കാ ഒരുപിടി മണ്ണുവാരി ജപിച്ച് നൈസമലിയുടെ മുഖത്തേയ്ക്കെറിഞ്ഞു, പക്ഷേ ഏറിൻ്റെ ശക്തിയിൽ മൊല്ലാക്കയാണ് അടിതെറ്റിവീണത്. ആരൊക്കെയോ മൊല്ലാക്കയെ താങ്ങി ചായപ്പീടികയിൽ കിടത്തി.
ഖാലിയാർ വിജയിയുടെ ചിരിചിരിച്ചു.
കൊടുത്ത ചായ വെളിയിലേയ്ക്ക് തുപ്പി, അലിയാരോട് കയർത്ത്, ചായഗ്ലാസ്സ് എറിഞ്ഞുടച്ച് വിറച്ചുനിന്ന മൊല്ലാക്കയുടെ മുന്നിലേയ്ക്ക് കാലുകൾ കൊണ്ട് ബഞ്ചുകൾ നീക്കി ഖാലിയാരെത്തി.
ചടച്ചുയർന്നതെങ്കിലും ബലിഷ്ഠമായ ആ ശരീരം ഒരു നിഴലുപോലെ തൻ്റെ മുകളിൽ പന്തലിച്ചു നിൽക്കുന്നതായി മൊല്ലാക്കയ്ക്ക് തോന്നി, പതിഞ്ഞ ദൃഢസ്വരത്തിൽ നൈസാമലി പറഞ്ഞു
"അടങ്ങീ മൊല്ലാക്ക!"
ഖസാക്കുകാർ അന്യോന്യം ചോദിച്ചു,
"ആരാണ് സത്തിയം?"
കൺമുന്നിൽ കണ്ട ദൃഷ്ടാന്തം അവരോർത്തു.. ഖാലിയാരെ ജപിച്ചുമണ്ണുവാരിയെറിഞ്ഞ മൊല്ലായ്ക്കക്കാണു നിലതെറ്റിയത്! അപ്പോൾ ഖാലിയാർ
"ശെയ്ക്ക് തമ്പിരാനോടെ സത്തിയം"
വീണ്ടും ചോദ്യമുയർന്നു
"അപ്പടിയാന്നാൽ മൊല്ലാക്ക പൊയ്യാ?"
ചിലർ പറഞ്ഞു
"മൊല്ലാക്കയും സത്തിയം താൻ"
സംശയം നിലയ്ക്കുന്നില്ല
"അതെപ്പടി ശരിയായി വരും?"
ഏറെനേരത്തെ കൂടിയാലോചനകൾക്കൊടുവിൽ അവരാ പരമമായ സത്യം തിരിച്ചറിഞ്ഞു
"സത്തിയം പലത്"
നിയോഗങ്ങളും ദൃഷ്ടാന്തങ്ങളുമായി ആ തിരിച്ചറിവ് അവരെ അസ്വസ്ഥരാക്കി!!!
No comments:
Post a Comment