Sunday, November 15, 2020

നഗ്നസത്യം

1896 ൽ വരച്ച ഈ പെയിന്റിംഗിന്റെ പേര് "സത്യം അവളുടെ കിണറ്റിൽ നിന്നും പുറത്തു വരുന്നു" എന്നാണ്"നഗ്നയായ സത്യവും വർണ്ണവസ്ത്രം ധരിച്ച നുണയും" എന്ന കഥയെ ആസ്പദമാക്കിയാണ് ജീൻ ലീയോൺ ജെറോം ആണതു വരച്ചത്. അന്ത കഥൈ സൊല്ലട്ടുമാ...?

സത്യവും കള്ളവും കണ്ടുമുട്ടിയ വേനല്‍ക്കാലത്ത് ആ ദിവസം..

നുണ വളരെ ആകർഷകമായി സംസാരിച്ചു തുടങ്ങി

" എത്ര മനോഹരമാണീ ദിനം.. അതിസുന്ദരിയായത്, വിശിഷ്ടം നിന്നെപ്പോലെ"

നേര് ചുറ്റും നോക്കി, ആകാശത്തേക്ക് നോക്കി .. ശരിയാണല്ലോ.. വളരെ നല്ല ഒരു ദിവസം തന്നെയാണെന്നവൾക്ക് ബോദ്ധ്യപ്പെട്ടു.

അസത്യത്തോട് സത്യത്തിനുള്ള അകൽച്ച കുറച്ചൊന്നു കുറഞ്ഞു. അവർ കുറേനേരം ഒരുമിച്ചു ചുറ്റിനടന്ന് ചിലവഴിച്ചു. ഒടുവില്‍ നടന്നവർ ഒരു കിണറിന്റെ അരികിലെത്തി.

കള്ളം കിണറ്റിൽ നോക്കിയിട്ടു തിരിഞ്ഞു സത്യത്തോടു പറഞ്ഞു

"ഈ കിണറ്റിലെ ജലം അതിവിശിഷ്ടമാണ്. നമുക്ക് ഇതിൽ കുളിച്ച് ഉന്മേഷം വീണ്ടെടുക്കാം"

സത്യം വീണ്ടും സംശയാലുവായി. കിണറ്റിലെ അൽപ്പം ജലം കൈക്കുമ്പിളില്‍ എടുത്തു പരിശോധിച്ചുനോക്കി. ശരിയാണ്.. നല്ല കുളിർമ്മയുള്ള ഒന്നാംതരം വെള്ളം തന്നെ.

അവർ രണ്ടാളും വസ്ത്രം അഴിച്ചുവച്ച് കിണറ്റിൽ ഇറങ്ങി നീരാടി.

അപ്രതീക്ഷിതമായി നുണ കിണറ്റിൽനിന്നും പുറത്തു കടന്നു, സത്യത്തിന്റെ ഊരിയിട്ട വസ്ത്രങ്ങള്‍ എടുത്തു ധരിച്ചശേഷം ഓടിമറഞ്ഞു.

ചകിതയായ പാവം സത്യം കിണറ്റിൽനിന്നും പുറത്തുവന്നു, കള്ളത്തെ ചുറ്റും തിരഞ്ഞു. പിന്നീട് പരിക്ഷീണിതയായി താന്‍ നഗ്നയാണെന്നതു കാര്യമാക്കാതെ സ്വന്തം വസ്ത്രങ്ങള്‍ നുണയിൽ നിന്നും തിരിച്ചു വാങ്ങാൻ, അവളെ കണ്ടെത്താൻ എല്ലായിടവും തിരച്ചില്‍ ആരംഭിച്ചു.

അതുവരെ തങ്ങള്‍ സ്തുതിച്ചിരുന്ന നഗ്നസത്യത്തെ നേരിൽകണ്ട ലോകം വിമർശ്ശനത്തോടെ.. ക്രോധത്തോടെ.. പ്രതിഷേധത്തോടെ മുഖം തിരിച്ചു.

പാവം സത്യം ആ കിണറിനരികിൽത്തന്നെ തിരിച്ചെത്തി. അതിനുള്ളിലെ ജലത്തിൽ പ്രവേശിപ്പിച്ച് തന്റെ നഗ്നതമറച്ചു, പിന്നീട് എന്നെന്നേക്കുമായി മറഞ്ഞുപോയി.

അതിനു ശേഷം അസത്യം സത്യത്തിന്റെ മേലങ്കി അണിഞ്ഞ് ലോകമാസകലം സഞ്ചരിച്ചുകൊണ്ടേയിരുന്നു. സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങളും അവൾ നിറവേറ്റിക്കൊടുത്തു....

അല്ലെങ്കിലും ആരും തന്നെ നഗ്നസത്യം കാണാനിഷ്ടപ്പെട്ടിരുന്നില്ല.. എല്ലാവര്‍ക്കും വേണ്ടിയിരുന്നത് സത്യത്തേക്കാൾ വിശ്വാസം തോന്നിക്കുന്ന നിറംപിടിപ്പിച്ച നുണകളായിരുന്നു...

No comments:

Post a Comment