കൊമ്പാളർ, പണിക്കര്‍ എന്നൊക്കെ വിളിക്കപ്പെടുന്ന ഈഴവരും, റാവുത്തര്‍മാരെന്ന മുസ്ലിങ്ങളും, നായന്മാരും പിന്നെ പിന്നോക്കഹിന്ദുവിഭാഗങ്ങളും പാർക്കുന്ന ഖസാക്കിലെ വിദ്യാഭ്യാസമേഖലയിലാകെ മൂന്ന് സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്.ഒന്ന് അള്ളാപ്പിച്ചമൊല്ലാക്ക റാവുത്തരുകുട്ടികളെ പഠിപ്പിച്ചിരുന്ന ഓത്തുപള്ളി, രണ്ടാമത്തേത് പണിക്കന്മാർ ഹിന്ദുക്കുട്ടികൾക്കായി വട്ടെഴുത്ത് (മലയാളം) പഠിപ്പിക്കുന്ന എഴുത്തുപള്ളി. ഇനിയുള്ളത് അങ്ങ് കൂമൻകാവിലാണ് അവിടെ വട്ടെഴുത്തും കോണെഴുത്തും (ഇംഗ്ലീഷ്) പഠിപ്പിക്കുന്ന കേലൻ്റെ പ്രാഥമികവിദ്യാലയമുണ്ട്.
രാജാവിൻ്റെ കോണെഴുത്ത് പഠിപ്പിക്കാൻ വീണ്ടും ഒരദ്ധ്യാപകൻ വരുന്നതിനെ ആദ്യം എതിർത്തത് 40 വർഷമായി പതിമൂന്നാമത്തെ പള്ളിയിൽ ഇതിഹാസകഥനത്തിൻ്റെ പീഠത്തിലിരുന്നു, കുട്ടികൾക്ക് ഷെയ്ക്ക് മിയാൻ തങ്ങളുടേയും, പാണ്ടൻകുതിരയുടേയും കഥകൾ പറഞ്ഞുകൊടുത്ത, അവർ ദിവസേന ഒരോ വീട്ടിൽ എന്ന ക്രമത്തില്‍ കൊണ്ടുവന്നിരുന്ന പലഹാരങ്ങൾ കഴിച്ച് സന്തുഷ്ടനായിരുന്ന മൊല്ലാക്ക ആയിരുന്നു. അദ്ദേഹം ആൽത്തറയിൽ പ്രമാണിമാരുടെ പഞ്ചായത്ത് വിളിച്ചു സ്ക്കൂളിനെതിരായി അഭിപ്രായം സ്വരൂപിച്ചെങ്കിലും, തേവാരത്തു തറവാട്ടിലെ ജന്മിയായ ശിവരാമൻനായർ പരസ്യമായി എതിർപ്പറിയിച്ചു. അതോടെ റാവുത്തരന്മാരും ഹിന്ദുക്കളും രണ്ടു പക്ഷത്തായി, അതിനിടയിലേയ്ക്കാണ്
"ഷ്ക്കൂളുക്ക് ശൈക്ക് തമ്പിരാൻ വിരോതം കെടയാത്, ഇങ്കെ നാട്ടണം"
എന്നു പറഞ്ഞ് മിയാൻ ഷെയ്ക്കിന്റെ ഖലിയാർ കടന്നുവന്നത്. സർക്കാർ സ്ക്കൂളിനനുകൂലമായ ഖലിയാരുടെ നിലപാടോടെ, മൊല്ലാക്കാ ഉയർത്തിയ "കാഫറിൻ്റെ പഠിപ്പ്" എന്ന മതപരമായ അഭിപ്രയവ്യത്യാസം കെട്ടടങ്ങി.
ഇത്രയേറെ മധുരപ്രതികാരങ്ങളുടെ സങ്കലനമായാണ് ആ വിദ്യാലയം തുറന്നതെന്ന് രവി അറിഞ്ഞിരുന്നില്ല.
ശിവരാമൻനായരുടെ ആദ്യത്തെ പ്രശ്നം ആ ഞാറ്റുപുരതന്നെയായിരുന്നു, മനസ്സിനെ മഥിക്കുന്ന കനലായി അതവിടെ വേണ്ട. സർക്കാർ സ്കൂളിനായി ആ സ്ഥലം കൊടുക്കുമ്പോൾ അതില്ലാതാകുമെന്ന് അയാൾക്കറിയാം, പക്ഷേ മനസ്സിലെ വൃണങ്ങൾക്കതുപോരാ; ഈ പ്രായത്തിലും നാരായണിയുടെ ചുണ്ടുകളിലും കവിളുകളിലും ഭോഗചിഹ്നങ്ങൾ തേടുന്ന സ്വന്തം മനസിനെ തിരുത്തണം. അയാൾ ആ ഞാറ്റുപുരപൂട്ടിയ താക്കോൽ പുതിയതായിവരുന്ന മാഷിനെ ഏൽപ്പിക്കുവാൻ ചുമതലപ്പെടുത്തുന്നത് ഇതിനൊക്കെ കാരണക്കാരനായ ഭാര്യയുടെ ജാരൻ എന്നയാൾ കരുതുന്ന കുപ്പുവച്ചനെയാണ്. അതിനോടൊപ്പം കുറഞ്ഞത് 10 കുട്ടികളെ എങ്കിലും ആ സ്ക്കൂളിൽ ചേർക്കാൻ കുപ്പുവച്ചനെ ചട്ടം കെട്ടുകയും, സമ്മതിപ്പിക്കുകയും ചെയ്യുമ്പോൾ കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുന്ന വിഷഹാരിയുടെ ആത്മസംതൃപ്തി ശിവരാമൻനായർക്കുണ്ടാകുന്നു.
ശിവരാമൻനായരുടെ രണ്ടാമത്തെ പ്രശ്നം കൂമൻകാവിലെ വിദ്യാലയത്തിൻ്റെ ഉടമസ്ഥനും മാസ്റ്ററും ആയ കേലനാണ്. കൊമ്പാളനും ആശ്രിതനുമായ അവൻ കൂമൻകാവിൽ ഒരു പ്രാഥമികവിദ്യാലയം തുടങ്ങിയപ്പോൾ എല്ലാരീതിയിലും സഹായിച്ച ആളാണ് നായർ; പാടം കടന്നും, മേട് കയറിയും, കാലവർഷത്തിൻ്റെ കാറ്റും ഇടിയും നേരിട്ട് കൂമൻകാവിൽപോയി പഠിച്ചുവരാൻ അധികം ഖസാക്കുകൗമാരങ്ങൾ തയ്യാറായില്ല, അങ്ങനെ തയ്യാറായവർക്ക് തുണയായി നായരുണ്ടായിരുന്നു. മൊല്ലാക്ക കേലന്റെ സ്ക്കൂളിനും എതിരായിരുന്നു, അതിനാൽത്തന്നെ നായരുടെ ബൗദ്ധരോടുള്ള വിരോധം കേലനനുകൂലമായി, എങ്കിലും ആറോ ഏഴോ പേർക്കപ്പുറം അവിടെപോയി പഠിക്കാൻ ആളുണ്ടായില്ല, അതിനാൽ മൊല്ലാക്കയ്ക്കും ആശ്വാസമായി.
എന്നാൽ കേലൻ വല്ലാതെ വളർന്നു, നാട്ടിലെ പ്രധാനിയും, പണക്കാരനും, ജന്മിയുമായി. കേലൻ്റെ ഭാര്യയുടെ നീലസാരിയുടേയും സാറ്റൺ ജമ്പറിൻ്റേയും പളുപളെ തിളക്കം നായരുടെ കിളിവാതിലിലൂടെ മകൾ കല്യാണിക്കുട്ടിയുടെ കണ്ണുകളിൽവരെ നിറഞ്ഞു. അവർ ഷെയ്ക്ക് തമ്പുരാനും പുളിങ്കൊമ്പിലെ പോതിക്കും (ഭഗവതി) വഴിപാടും കുട്ടാടൻപൂശാരിയുടെ ദൈവപ്പുരയിൽ കുരുതിയും നടത്തി നായരുടെ ആഢ്യത്തത്തെ വെല്ലുവിളിച്ചു. ഖസാക്കിലെ ഏകാദ്ധ്യാപകവിദ്യാലയത്തിലൂടെ അഞ്ചോ എട്ടോ പേർ കുറഞ്ഞാൽ കേലനതൊരു പ്രശ്നമേയല്ലെന്ന് നായർക്കറിയാം, എങ്കിലും വെറുംവെറുതേ എന്തോ ഒരാനന്ദം ശിവരാമൻ നായർക്ക് അതിലൂടെ ലഭിച്ചു.
മൊല്ലാക്കയുടെ എതിർപ്പിനു കാരണമുണ്ട്
"അങ്ങാടിയിൽ പുതിയതായി തുടങ്ങുന്ന കട കൊണ്ടുപോകുന്നത് തൻ്റെ കച്ചവടം ആണെന്ന് മറ്റൊരു കടക്കാരനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല".
എന്നാൽ ആ ഭയവും പകയുമിപ്പോൾ... അതായത് ആൽത്തറയിലെ പഞ്ചായത്തിനും രവിയുടെ വരവിനുമിടയിൽ വർദ്ധിച്ചിരിക്കുന്നു, കാരണം നൈസാമലിയെന്ന ശൈക്ക് മിയാൻ തമ്പിരാന്റെ ഖലിയാർ തന്നെ!
മൊല്ലാക്കയുടെ മകൾ മൈമൂനയ്ക്ക് 16 വയസ്സ് ആയകാലം, മൊല്ലാക്കയ്ക്ക് അത്തിക്കോട് രണ്ടാം വീടരിലും ഖസാക്കിൽ തിത്തിബിയുമ്മയിലും ദാമ്പത്യസുഖം പോരെന്ന് തോന്നിത്തുടങ്ങിയ ആ കാലത്ത് ചിതലിയുടെ അടിവാരത്തുവച്ചവനെ കണ്ടുമുട്ടി. മുൻഗാമിയായ വാവരുമൊല്ലാക്കയ്ക്ക് അള്ളാപ്പിച്ചയെന്ന പയ്യനെ കണ്ടുകിട്ടിയതുപോലെയാണതെന്ന് മൊല്ലാക്കയ്ക്ക് തോന്നി. മിയാൻ ഷെയ്ക്കിൻ്റെ പുരോഹിതന്മാർ അഗതികളും പഥികരുമായി ഖസാക്കിൽ വന്നെത്തിയവരായിരുന്നു അല്ലെങ്കിൽ ചെതലിമല വലിയൊരു കാന്തക്കല്ലിനെപ്പോലെ ആകർഷിച്ചുകൊണ്ടുവന്നവരായിരുന്നു.
മൊല്ലാക്ക അവനിൽ കണ്ടെത്തിയ പ്രത്യേകത അവനു മാതാപിതാക്കളോ വീടുംകുടിയുമോ ഇല്ലാത്തതായിരുന്നില്ല, നീണ്ടുസ്ത്രൈണ്യമായ ചുണ്ടുകളും, പുകചുറ്റിയ കണ്ണുകളും, പെണ്ണിൻ്റേതെന്നപോലെ ഒടിഞ്ഞ ചുമലുകളുമായിരുന്നു. അവനെ നോക്കിയ ആ കണ്ണുകളിൽ പതിഞ്ഞത് സ്ത്രൈണമായ കവിളുകളിലെ നുണക്കുഴികളും, ഇഴപറിഞ്ഞ തുവർത്തിൻ തുണ്ടിനു ചോട്ടിൽ അവൻ്റെ വെളുത്ത തുടകളിൽ തെളിഞ്ഞ ചെമ്പൻ രോമങ്ങളുമായിരുന്നു. മൊല്ലാക്കാ നൈസാമലിയുടെ നേരേ കൈകൾ നീട്ടിയപ്പോൾ ചൊറുകാൻ കാട്ടിക്കൊടുക്കുന്ന കാളക്കുട്ടിയെപ്പോലെ അവൻ്റെ കവിളുകൾ ആ കയ്യോടടുത്തു.
ഉള്ളിലെ കാപട്യം മറയ്ക്കാനോ അതോ ചോദ്യങ്ങൾ ഒഴിവാക്കാന്നോ എന്നറിയില്ല വിശുദ്ധവചനങ്ങൾ ചൊല്ലിക്കൊണ്ടാണ് മൊല്ലാക്ക അന്ന് പടികടന്നെത്തിയത്. എങ്കിലും അലി ആ വീട്ടിലെ അംഗമായ രാത്രിയിൽ വീട്ടിൽ ആരും ഉറങ്ങിയില്ല.
ആ കൗമാരക്കാരനെ നോക്കുന്ന ഭർത്താവിൻ്റെ കണ്ണുകളിൽ വാത്സല്യമല്ല, കാമമാണെന്ന് തിത്തിബിയുമ്മ തിരിച്ചറിഞ്ഞിരുന്നു; ഒപ്പം അകത്തുനിന്നും ഒളിഞ്ഞുനോക്കുന്ന മകൾ മൈമൂനയുടെ കണ്ണിലെ പ്രണയവും അവർ കണ്ടു. ഒന്നും പറയാതെ അവർ അലിക്ക് പത്തിരിയും ഇറച്ചിയും കഴിക്കാൻ നൽകി, തേച്ചുകുളിക്കാൻ അരക്കുകുഴമ്പ് നൽകി, അവനും ഒന്നും പറയാതെ അതെല്ലാം സ്വീകരിച്ചു, എങ്കിലും അവർ രണ്ടാളും എല്ലാം മനസ്സിലാക്കുകയും ചെയ്തു.
അലിയുടെ ജീവിതം ദ്വിവിധയിലായിരുന്നു, അവൻ്റെ ശരീരത്തിലെ രോമങ്ങൾ ആയിരുന്നു അതിലേയ്ക്ക് വഴിവച്ചത്. മൈമൂനയോട് മത്സരിക്കുന്ന നീളൻ മുടി കളയാൻ ഒസ്സാനെ ചട്ടംകെട്ടിയ മൊല്ലാക്കയും, ആ മുടിയെ പ്രണയിച്ച മൈമൂനയും അവനെ അലട്ടുന്നത് തിത്തിബിയുമ്മയും അറിയുന്നുണ്ടായിരുന്നു. അവർ ഭർത്താവിനെ ഉപദേശിച്ചു
"മുടി വളർത്തിപ്പോയാൽ അതിലെന്താണിത്ര?"
മൊല്ലാക്ക ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായിരുന്നില്ല.
തപ്പ്, അവനിന്ത തേസത്ത്ക്ക് മൊല്ലാക്കയാഹപ്പോറവൻ"
ഈ പോക്ക് എങ്ങോട്ടെന്ന് അവർക്കറിയാം, ഇത് മുളയിലേ നുള്ളണമല്ലോ എന്ന വിചാരം ആ കണ്ണുകളിൽ വായിച്ചെടുത്ത മൊല്ലാക്ക കടകം മറിഞ്ഞു
"അവൻ മൈമൂനാക്ക് മാപ്പിള"
അടുത്ത മൊല്ലാക്കയോ, മൈമൂനയോ ആയിരുന്നില്ല അപ്പോൾ മൊല്ലാക്കയുടെ മനസ്സിൽ തിത്തിബിയുടെ, രണ്ടാംവീടരുടെ മുടിപോലെ നീലച്ചുരുൾ മനസ്സിൽ തഴച്ചുവളർന്നു, അത് നൈസാമലിയുടെ നെറ്റിയിലും കവിളുകളിലും ഉതിർന്നുവീണു.
മൊല്ലാക്ക അത്തിക്കോടുള്ള രണ്ടാംവീടരുടത്തുപോയി നാലുനാൾ കഴിഞ്ഞു വരുന്നതുവരെ വാങ്കുവിളിക്കാൻ നൈസാമലിയെ ചിമതലപ്പെടുത്തിയിരുന്നു, തിരിച്ചുവന്ന മൊല്ലാക്ക വാങ്കു കൊടുത്തിട്ടില്ല എന്നറിഞ്ഞ് കുപിതനായി. മൈമൂനയെ മുടിയിൽ ചുറ്റിപ്പിടിച്ച് അലിയെവിടെ എന്ന് ചോദിച്ച് പ്രഹരിക്കുന്നു. അയാൾ അവളിൽ ആ നിമിഷം കണ്ടത് അവൻ്റെ മുടിയഴകായിരുന്നു, പള്ളിപ്പറമ്പിലെ നരിച്ചീറുകൾ നിറഞ്ഞ മുകൾത്തട്ടിൽ നിന്ന് ഖസാക്കിൻ്റെ മൊല്ലാക്ക ഏതോ ദുഃശകുനം പോലെ സുബഹിനും സുഹറിനുമിടയ്ക്ക് നേരമല്ലാത്ത നേരത്ത് വാങ്ക് വിളിച്ചു!
അന്നു നൈസാമലി ഖസാക്ക് വിട്ടു, കൂമൻ കാവിൽ അത്തരുടെ ബീഡി കമ്പനിയിൽ ജോലിക്ക് ചേർന്നു. അലിയുടെ അദ്ധ്വാനം വളരെ പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു, അവിടെ വർഷങ്ങളായി പണിയെടുത്തിരുന്ന ജോലിക്കാർ തെറുക്കുന്നതിൻ്റെ ഇരട്ടി ബീഡി ദിവസവും അവൻ തെറുത്തുകൂട്ടി, അത്തരുടെ പ്രത്യേക ഇഷ്ടം അവൻ നേടിയെടുത്തു. എന്നാൽ അത് അവിടം കൊണ്ടവസാനിച്ചില്ല അവൻ്റെ കരുത്തും സൗന്ദര്യവും ക്രിയാശേഷിയും അത്തരുടെ വീടരേയും ഹഠാദാകർഷിച്ചു, ആ ആകർഷണം ആ യൗവ്വനത്തിൻ്റെ ആസ്വാദനതലങ്ങളിലെത്തിപ്പെടാൻ അധികം സമയമെടുത്തില്ല.
ഒരു രണ്ടുകൊല്ലം മൊല്ലാക്ക കൂമൻകാവിലും അലി ഖസാക്കിലും ചെന്നില്ല, അതോടെ അകലങ്ങളിൽ ഓർമ്മകൾക്ക് ചിതലരിച്ചുതുടങ്ങിയപ്പോൾ തിത്തിബിയുമ്മ മൈമൂനയെപ്പറ്റിയോർത്തു, മറ്റുപലതും സൗകര്യപൂർവ്വം അങ്ങുമറന്നു. ഭർത്താവിനോട് ഒന്നുപോയി അലിയെ കാണുവാൻ ഉപദേശിച്ചു
"ഇഞ്ഞി ശൊല്ലീട്ട് പലം കെടയാത്"
എന്നായിരുന്നു മറുപടി.
തലയിൽ തട്ടം നേരേയിടാതെ മലിക്കുകളെ മൈമൂന മോഹിപ്പിച്ചുനടന്നു, അവളുടെ കാറ്റുപിടിച്ചതുപോലെ ഇരുണ്ടുനിന്ന മുടിയഴകുകണ്ട് അതിശയിച്ച തിത്തിബിയുമ്മയ്ക് കാസിമും, ഹനീഫയും, ഉബൈദും, ഉസാമത്തും മലിക്കുകളേക്കാൾ കുഴപ്പക്കാരായിത്തോന്നി. എന്തെങ്കിലും കുഴപ്പമായാൽ പൊന്നില്ലാതെ പെണ്ണിനെ കെട്ടാൻ ഈ പറഞ്ഞ ഹമുക്കുകളുടെ വീട്ടുകാർ തയ്യാറാവില്ല, മൈമൂനയ്ക്ക് മീൻ ചെകറോളം പോലും പൊന്നുമില്ല. മൈമൂന ഇതൊന്നും കാര്യമാക്കാതെ വെള്ളക്കുപ്പായം കൈത്തണ്ടയോളം തെറുത്തുവച്ച്, കരിവളകൾ തെറുത്തുകേറ്റി, നീലഞരമ്പുകൾ കാട്ടി, ഒരു ചിരി കടിച്ചമർത്തി യാഗാശ്വത്തെപ്പോലെ ഖസാക്കിന്റെയും അവിടെയുള്ള പുരുഷന്മാരുടേയും വിരിമാറിൽ കാൽപ്പാദങ്ങളമർത്തി കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു. ഇടക്ക് ഒന്നു തിരിഞ്ഞു നിന്നത് കാസിമിനോടോ ഉസാമത്തിനോടോ വായാടാൻ മാത്രമാണ്, അത് അവരോടുള്ള താൽപ്പര്യം കൊണ്ടല്ല, തൻ്റെ സ്ത്രീത്വത്തിനുമുമ്പിൽ ആ ആണുങ്ങളുടെ മുഖം ചുവന്നുതുടുക്കുന്നതും, സ്വരമിടറുന്നതും, കണ്ടാസ്വദിക്കാനായിരുന്നു.
അത്തരുടെ വീടർ സുഹറയ്ക്ക് നൈസാമലിയോടുള്ള പ്രണയം അഞ്ചാംകൊല്ലം അലിയൊരു പുതിയ ബീഡിക്കമ്പനി തുടങ്ങുന്നതിലെത്തിച്ചു. നൈസാമലി വിഷയത്തിൽ അത്തരുമായി പിണങ്ങിയ സുഹറയാണവനു കമ്പനി തുടങ്ങാനുള്ള മൂലധനം നൽകിയത്.
അങ്ങനെ "കടവുൾസഹായം എം. അത്തരു ഫോട്ടോ ബീഡി" ക്കു എതിരാളിയായി "സെയ്യദ് മിയാൻശൈക്ക് തുണൈ നൈജാം പോട്ടോ പതിനൊന്നാം നമ്പർ ബീഡി" അങ്ങാടിയിലിറങ്ങി. മത്സരം കൊഴുത്തപ്പോൾ ചുവർ പരസ്യങ്ങളായി..
"നൈജാം പോട്ടോ പതിനൊന്നാം നമ്പർ ആരോക്കിയകരം, വെസപ്പുണ്ടാക്കും, തിന്ന തീൻപണ്ടങ്ങൾ എരിയും"!!
വരമ്പിലും തോട്ടുവക്കിലുമൊക്കെ പാമ്പൊട്ടിവിത്തുപോലെ ചിതറിക്കിടന്ന 11 ആം നമ്പർ ബീഡിയുടെ ലേബലുകൾ മൈമൂനയും ശേഖരിച്ചുവച്ചു, അതിലെ അലിയുടെ രസികത്തം നിറഞ്ഞ ചിരിയും, നെറ്റിയിലേയ്ക്ക് തളർന്നുവീഴുന്ന മുടിച്ചുരുളുകളും, കുടുക്കഴിഞ്ഞു അശ്രദ്ധമായിക്കിടന്ന കഴുത്തുപട്ടയുമൊക്കെ അവളുടെയുള്ളിലെ പ്രണയം ആളിക്കത്തിച്ചു.
അടുത്ത പെരുന്നാളിനു നൈസാമലിമുതലാളി പച്ചപ്പട്ടുമുണ്ടും, കടുമഞ്ഞയായ അല്പാക്കു കുപ്പായവും, തലയിലും കഴുത്തിലും ചുകന്ന പട്ടുറുമാലുകളുമായി ഖസാക്കിൽ വന്നു. അലിയാരുടെ ചായപ്പീടികയിൽ ഇരുന്ന് പരിചയക്കാർക്കെല്ലാം ചായയും മുറുക്കും ബീഡിയും സമ്മാനിച്ചു.
പിറ്റേന്ന് നട്ടുച്ചയ്ക്ക് മൈമൂന, സാധാരണ ആളുകൾ ചെല്ലാറില്ലാത്ത അറബിക്കുളത്തിൽ കുളിക്കാൻ പോയി, ആഴമേറിയ ജലപ്പരപ്പിനു മുകളിൽ നീലത്താമരകൾക്കിടയിൽ, മണ്ഡലികൾക്കൊപ്പം അലസമായി അവളും നീന്തിത്തുടിച്ചു. മുലയ്ക്ക് മീതേ ആർത്തിക്കെട്ടിയ കച്ചയിലൂടെ കയ്യിറക്കി സോപ്പ് തേച്ചുപിടിപ്പിച്ചുകൊണ്ട് മൈമൂന പടവുകളിൽ നിന്നു. ഉച്ചവെയിലിൽ നീലയും പച്ചയും പീതയുമായി സോപ്പിൻ കുമിളകൾ ചിമ്മിമിഴിച്ചു, എന്നാൽ കണ്ണുചിമ്മാതെ ഈ കാഴ്ച്ച ആസ്വദിച്ച് രാജാവിൻ്റെ പള്ളിയിലെ ഇരുളിൽ നൈസാമലി നിൽക്കുന്നുണ്ടായിരുന്നുവെന്ന് അവൾക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു.
കുറേയകലത്തായി കണ്ടത്തിൽ ഞാറുനട്ടിരുന്ന ചെറുമികൾ കൂടി കണ്ടം കയറിയതോടെ നോക്കുന്നിടത്തൊന്നും ആരുമില്ലെന്ന് ഉറപ്പാക്കി ഉച്ചമയങ്ങിയ കാറ്റിനെപ്പോലും ഉണർത്താതെ, ആലിൻ കൊമ്പുകളിൽ അലതല്ലിയുയരുന്ന മൃഗതൃഷ്ണയെ സാക്ഷിയാക്കി, ഈറൻ ചുറ്റിയ മൈമൂന രാജാവിൻ്റെ പള്ളിയിലേയ്ക്ക് നടന്നു, കാലുകളിൽ തറച്ച കാരമുള്ളുകൾ പോലും തിരിച്ചറിയാനാവാത്ത ഉന്മാദത്തോടെ!
ഉച്ചവെയിലിൻ്റെ കാഠിന്യം മാറി പള്ളിക്കുള്ളിലെ ചെമ്പിച്ച സാന്ദ്രമായ ഇരുട്ടിൽ ചടച്ചുയർന്നു നിന്ന രൂപം അവൾക്ക് തെളിഞ്ഞുതുടങ്ങി. അവളുടെ സമീപത്തെത്തിയ അവൻ പറഞ്ഞു
"നീരെളക്കം പിടിക്കും, ഈറൻ എട്ത്താളാ"
അവൾ നീരിളക്കി നനച്ച ആ ഈറൻ വസ്ത്രങ്ങൾ അവനുമുന്നിൽ ഉപേക്ഷിച്ച്, അവനുനീന്തിത്തുടിക്കാൻ പൊയ്കയായി, ഈറൻ തോർന്ന്, താപമായി, ബാഷ്പ്പമായി, നീര് നീരിനോട് കഥകൾ പറഞ്ഞു. മച്ചിൻ പലകകളിൽ നിന്നും തൂങ്ങിയാടുന്ന മാറാലകളെ സാക്ഷിനിർത്തി രാജാവിൻ്റെ പള്ളി ഒരു രതിസാമ്രാജ്യമായി.
ഖസാക്കിൻ്റെ മൊല്ലാക്കയ്ക്ക് എല്ലാം കാണാൻ കഴിയുന്നുണ്ടായിരുന്നു, പ്രത്യേകിച്ച് മൈമൂനായുടെ രാജാവിന്റെ പള്ളിയിലെ നീരാട്ട്. ആ തിരിച്ചറിവ് ഖസാക്കിനെ ആകെ ഞെട്ടിച്ച ആ സംഭവത്തിലേയ്ക്ക് വഴിവച്ചു. ഖസാക്കിലെ പുരുഷന്മാർ എല്ലാവരും മനസ്സാ വരിച്ച യാഗാശ്വത്തെ വരണ്ട കവിളുകളുള്ള, കൊട്ടുകാലിന്മേൽ കോടിചുറ്റിയെത്തിയ രണ്ടാംകെട്ടുകാരൻ മുങാങ്കോഴി എന്ന ചുക്രുരാവുത്തർക്ക് മൊല്ലാക്ക നിക്കാഹ് കഴിച്ചുനൽകി.
മാനത്ത് കാലവർഷം കാത്തുനിന്ന മൈമൂനയുടെ മധുവിധുരാത്രിയിൽ , ഇടിമിന്നൽ തെളിച്ച വഴിയിലൂടെ, ഖസാക്കിലെ പാടങ്ങൾ മുറിച്ച് ഒരാൾ കൂമൻകാവിനുനേരേ നടക്കുന്നത് ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. വഴിത്താരയിലൂടെയായിരുന്നില്ല ആ യാത്ര, വിണ്ടുകീറിയ കട്ടകളും, നെരിഞ്ഞിൽ മുള്ളുകളും, പാമ്പിൻപുറ്റുകളുമായി അശാന്തമായ ഇഫിരീത്തുകളുടെ ആ സഞ്ചാരപഥമാണ് നൈസാമലി തിരഞ്ഞെടുത്തത്; ചവിട്ടിമെതിച്ചു നീങ്ങിയപ്പോൾ ചെതലി അകന്നകന്നു കാണാതായി, കൂമൻ കാവിലും കലിയടങ്ങാതെ അവൻ പിന്നേയും നടന്നു, ക്രമേണ ബീഡിക്കമ്പനിയിലെ ആ മാവുകളും പിന്നിൽ മറഞ്ഞുപോയി!!!
No comments:
Post a Comment