ഗാനവിശകലനം എന്ന പാട്ടെഴുത്തിൻ്റെ അസ്ക്കിത എന്നു തുടങ്ങിയോ, അന്നുമുതൽ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമുണ്ട്."എന്താ സ്ത്രീകളെപ്പറ്റി മാത്രം ഗാനങ്ങൾ, എന്തുകൊണ്ട് പുരുഷന്മാരെപ്പറ്റി ഗാനങ്ങൾ ഇതുപോലില്ല?"
ഗാനരചയിതാക്കൾ അധികവും പുരുഷന്മാരായതിനാൽ അവരുടെ എതിർലിംഗത്തോടുള്ള ആസക്തിയാവാം.. വ്യാവസായികമായി പരസ്യവൽക്കരിക്കപ്പെടുന്നത് ഏറെയും സ്ത്രീയായതിനാൽ ആവാം, രചിച്ചാലും ആരും തിരിഞ്ഞുനോക്കാത്തതിനാലുമാവാം.
ഈ മൂന്നാമത് പറഞ്ഞതിലൂടെ ഒന്നുപോയി നോക്കാം..
അമ്പലപ്രാവ് എന്ന സിനിമയിൽ ഭാസ്ക്കരൻ മാഷ് രചിച്ച്, എം.എസ്സ്. ബാബുരാജ് സംഗീതം നൽകി പി. ജയചന്ദ്രൻ ആലപിച്ച ഗാനമാണ് "കുപ്പായക്കീശമേല്‍ കുങ്കുമപ്പൊട്ടുകണ്ടു കൂട്ടുകാരിന്നെന്നെ കളിയാക്കി" ഈ ഗാനത്തിനു ലഭിച്ച സ്വീകാര്യത തീരെ മോശമായിരുന്നു.
"കുപ്പായക്കീശമേല്‍ കുങ്കുമപ്പൊട്ടുകണ്ടു
കൂട്ടുകാരിന്നെന്നെ കളിയാക്കി
എൻ്റെ കൂട്ടുകാരിന്നെന്നെ കളിയാക്കി
കിളിവാലന്‍ മുടിക്കുള്ളില്‍ കുടമുല്ലപ്പൂവുകണ്ടു
കളിത്തോഴന്മാര്‍ കഥയുണ്ടാക്കി
കണ്ണിതില്‍ സുന്ദരവാസരസ്വപ്നങ്ങള്‍തന്‍
കളിയാട്ടം കണ്ടവര്‍ കളിയാക്കി
സംഗീതമറിയാതെന്‍ ചുണ്ടുകള്‍ മൂളിയപ്പോള്‍
സങ്കല്പകാമുകനെന്നവര്‍വിളിച്ചു എന്നെ
സങ്കല്പകാമുകനെന്നവര്‍വിളിച്ചു
ഉദ്യാനവീഥികളില്‍ ഒറ്റയ്ക്കു നടക്കുമ്പോള്‍
ചുറ്റിനും വന്നവര്‍ ചിരിമുഴക്കി
താഴത്തുവീണൊരു പട്ടുറുമാലെടുത്തു
ഇല്ലാത്ത ചോദ്യശരമവരെയ്തു"
"കണ്ണൻ്റെ കവിളിൽ നിൻ സിന്ദൂരതിലകത്തിൽ വർണ്ണരേണുക്കൾ ഞങ്ങൾ കണ്ടല്ലോ രാധേ.." എന്നു പാടിയത് എല്ലാവരക്കും സ്വീകാര്യമായി. ശരി അത് കൃഷ്ണനല്ലേ? അതുകൊണ്ടാണെന്ന് കരുതി വിടാം.
ഇനി നമുക്ക് ഓടയിൽനിന്ന് എന്ന സിനിമയിലെ വയലാർ രചിച്ച, ദേവരാജൻ മാസ്റ്റർ സംഗീതം നൽകി, പി. ലീല ആലപിച്ച ആ ഗാനം നോക്കാം
"അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍
അയലത്തെ പെണ്ണുങ്ങള്‍ കളിയാക്കി
കല്യാണി കളവാണി പാടിക്കൊണ്ടവരെന്നെ
കല്യാണപ്പെണ്ണിനെ പോല്‍ കളിയാക്കി
അഷ്ടപദി പാട്ടുകള്‍ കേട്ട് ഞാന്‍ നിന്നപ്പോള്‍
അര്‍ത്ഥം വെച്ചവരെന്റെ കവിളില്‍ നുള്ളി
അവരുടെ കഥകളില്‍ ഞാനൊരു രാധയായി
അങ്ങെന്റെ കായാമ്പൂ വര്‍ണ്ണനായി
കള്ളികള്‍ ചിരിച്ചപ്പോള്‍ ഉള്ളിലെ മോഹങ്ങള്‍
എല്ലാം ഞാന്‍ അവരോടു പറഞ്ഞുപോയി
അങ്ങയോടിതുവരെ ചൊല്ലാത്ത കാരിയം
അങ്ങനെ അവരെല്ലാം അറിഞ്ഞുപോയി"
ഇതിൻ്റെ സ്വീകാര്യത അപാരമാണ്, മലയാളഭാഷ ഉള്ളിടത്തോളം കാലം നിലനിൽക്കുകയും ചെയ്യും.
അപ്പോൾ സംഗതി ഇത്രയേ ഉള്ളൂ ഞങ്ങൾ ആണുങ്ങൾക്ക് വ്യാവസായിക മൂല്യം വിവാഹക്കമ്പോളത്തിൽ മാത്രമാണ് നാരിമാരേ.. അല്ലാതെ ഒരു ഗാനത്തിൽ പോലും ആർക്കും വേണ്ട.
അയതിനാൽ നമ്മുടെ സിലബസ്സിലെ ഗാനവിസ്താര ക്ലാസ്സുകൾ ഇനിയും നാരീസ്തനഭരനാഭീദേശം കൊണ്ട് സമൃദ്ധമായിരിക്കും, ശ്രീ ആദിശങ്കരാചാര്യർ ക്ഷമിക്കട്ടെ, അദ്ദേഹം തള്ളിയതിനെ ആചാര്യമഹിഷാസുരാനന്ദ കൈക്കൊള്ളുന്നു.
No comments:
Post a Comment