Sunday, November 15, 2020

സൗരയൂഥനായകൻ - ഭാഗം 4

രവിയുടെ സ്കൂളാരംഭിച്ചപ്പൊൾ മുതൽതന്നെ അള്ളാപ്പിച്ച മൊല്ലാക്കയുടെ അദൃശ്യസാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നു, ഏറ്റവുമാദ്യം അത് മൊല്ലാക്കയുടെ എതിരാളിയായ ഖാലിയാരുടെ രൂപത്തിൽ അധ്യയനം തുടങ്ങിയദിവസമെത്തി. പിന്നീട് മകൾ മൈമൂനയുടെ കെട്ടിയോൻ മുങ്ങാങ്കോഴിയെന്ന ചക്രുറാവുത്തരുടെ ആദ്യകെട്ടിയോളുടെ മകൾ ആബിദയെന്ന പണിക്കാരിയുടെ രൂപത്തിലെത്തി. ചില മദ്ധ്യസ്ഥർ വഴി മൊല്ലാക്കയുടെ മതപഠനത്തിനു 10 മണിവരെ സമയമനുവദിച്ച് സ്ക്കൂൾ പത്തരയ്ക്കാക്കിയപ്പോൾ സമാധാനസന്ധിയായുമെത്തി.എങ്കിലും മൊല്ലാക്കയും അലിയാരും ചേർന്ന് പലവിധ കുത്തിത്തിരുപ്പുകൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു, രവിക്ക് ഉടുതുണിയില്ലാത്ത ഒരു പെണ്ണിൻ്റെ ചിത്രമുള്ള ഒരു ജർമ്മൻ പത്രം നൽകി

"ഇപ്പടി കോണകമുടുത്ത് നിക്കറതിൻ്റെ സത്തിയം എന്നാ? ഒന്ന് പടിച്ച് അർത്തം പറയീ"

എന്നായി അവർ, ഇംഗ്ലീഷല്ല അതെന്ന് രവി പറഞ്ഞെങ്കിലും രവിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും, ബി.എ ക്കാരനാണെന്നത് പുളുവാണെന്നും അവർ പ്രചരിപ്പിച്ചു. രവിയുടെ അച്ഛൻ ഡോക്ടറാണെന്ന മാധവൻനായരുടെ വാദവും അവർ ചോദ്യം ചെയ്തു.

" ഏതെങ്കിലും ഡോക്ടറുടെ മകൻ പ്രാഥമിക വിദ്യാലയത്തിൽ പഠിപ്പിക്കാൻ പോകുമോ?" എന്നവർക്ക് സംശയമായി

"ചിലപ്പൊൾ ഹോമാവതി ആയിരിക്കും"

എന്നവർ സമ്മതിച്ചു, ഒരു ഹോമിയോ ഡോക്ടറുടെ മകനാണെന്ന് കഷ്ടിച്ചു സമ്മതിച്ചു അപ്പോഴും അലോപ്പതിക്കാരനാക്കിയില്ല.

രവിയല്ല ഇതൊന്നും പറഞ്ഞത്, തുന്നൽക്കാരൻ മാധവൻനായരായിരുന്നു, അതിനാൽ തൻ്റെ വിശ്വാസം നിലനിർത്താൻ അയാൾ മൊല്ലാക്കയെ ഒന്നു കുടഞ്ഞു

"തന്തേ.. ഇഞ്ഞെങ്കിലും പൊട്ടത്തരം മാറ്റിക്കൂടേ? ആ കേലൻ്റെ കേട്ട് സ്ക്കൂളീന്ന് കുട്ടികൾനെ മൊടക്ക്യാ മാസം മൂന്നുറുപ്യ അല്ലേ കരാറ്? സ്ക്കൂൾങ്ങ്ട് പൂട്ട്യാ പിന്നെ കേലനു ഞിങ്ങൾനെ വേണ്ടാ തന്തേ"

ആ ആരോപണത്തിൽ മൊല്ലാക്ക വീണു, ഒന്നടങ്ങി.

പുതിയ പ്രശ്നം തുടക്കം മുതൽ അനുകൂലമായി നിന്ന ഖാലിയാരുടേതായാണെത്തിയത്, പരോക്ഷമായാണെങ്കിൽക്കൂടി!

മൊല്ലാക്കയുടെ മകളും ഖാലിയാരുടെ കാമുകിയുമായ മൈമൂനയെ, ഖസാക്കിൻ്റെ യാഗാശ്വത്തെ, 50 ലധികം പ്രായമുള്ള രണ്ടാംകെട്ടുകാരൻ, ഈ അമ്പതിൻ്റെ കണക്കുതന്നെ നാട്ടിലെ പ്രധാനകണക്കെടുപ്പുകാരനും എതിരനുമായ കുപ്പുവച്ചൻ ഒരൂഹം വച്ച് കണ്മതിക്ക് നിശ്ചയിച്ചതാണ്: കിണറിലും, മറ്റാഴങ്ങളിലും മുങ്ങിത്തപ്പി സാധനങ്ങളെടുക്കുന്ന മുങ്ങാങ്കോഴിയെന്ന, ചക്രുറാവുത്തർക്ക് നിക്കാഹ് ഉറപ്പിച്ചപ്പോൾ ഖസക്കുകാർ ഒന്നടങ്കം പറഞ്ഞു ആ വിവാഹം നടക്കില്ലെന്ന്. അത് നടന്നപ്പോഴോ പെണ്ണ് നിൽക്കില്ല, ഓടിപ്പോകും എന്നായി. പക്ഷേ ഒന്നും സംഭവിച്ചില്ല, മൈമൂന സുഖമായ ദാമ്പത്യജീവിതം നയിച്ചു, ഒന്നും സംഭവിക്കാത്തതുപോലെ തലിയിൽ തട്ടനില്ലാതെ മലിക്കുകളെ വെല്ലുവിളിച്ച്, നീലഞ്ഞരമ്പോടിയ കൈകളിൽ കരിവളയിട്ട് അവൾ പിന്നേയും നടുപ്പറമ്പിലൂടെ നടന്നു സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി.

മുങ്ങാങ്കോഴി മധുവിധുവിനൊന്നും നിന്നില്ല, പിറ്റേദിവസം മുതൽ ഖസാക്കിനു വെളിയില്‍ ജോലിക്കുപോയി, മൈമൂന വിരസതയകറ്റാൻ കുടിലിൻ്റെ മുറ്റത്ത് ഒരു മാറ്റപ്പീടിക തുടങ്ങി, അവിടെ ചക്കരക്കാരി തങ്കയുമൊത്ത് കിന്നാരം പറഞ്ഞവൾ ഉല്ലസിച്ചു.

ശരീരമാകെ പായലും പിടിച്ച് പാതിരായ്ക്ക് കൂടുപറ്റുന്ന മുങ്ങാങ്കോഴിയെ അവൾ മടിയിൽ കിടത്തുകയും, കൊഞ്ചിത്താലോലിക്കുകയും ചെയ്തു. അവളുടെ ദൃഢമാർന്ന കൈകളിൽ കിടന്നുറങ്ങുമ്പോൾ ഗന്ധവാതകമൂറുന്ന നെല്ലിപ്പടികൾ അയാൾ സ്വപ്നം കണ്ടു.

മുങ്ങാങ്കോഴിയുടെ ആദ്യവീടരിലെ ആബിദയെന്ന പെൺകുട്ടി മൈമൂനയ്ക്ക് ഒരു തലവേദനയായിരുന്നു. കാരണം മുങ്ങാങ്കോഴി അവിടില്ലെങ്കിലും ആബിദ എല്ലാം കാണുന്നുണ്ടായിരുന്നു, ചക്കരക്കാരി തങ്ക ഒരു ഇടനിലക്കാരിയാണെന്ന് അവൾക്കറിയാം, ഖാലിയാരായ നൈസാമലിയും മൈമൂനയുമായി തമ്മിൽ ഇപ്പോഴും പ്രണയത്തിലാണെന്നും, മൈമൂന അറബിക്കുളത്തിലെത്തിയും, ഖാലിയാർ മുങ്ങാങ്കോഴിയുടെ വീട്ടിലെത്തിയും നടക്കുന്ന അവരുടെ സമാഗമങ്ങൾക്ക് തങ്കിയാണു സഹായിയെന്നും, അതിനവസരമൊരുക്കാൻ അകറ്റി നിർത്താനാണ് സ്കൂളിൽ മസാൽജിപ്പണിക്ക് വിടുന്നതെന്നും അവൾക്കറിയാം, അതും മൊല്ലാക്കയുടെ എതിർപ്പിനെപ്പോലും അവഗണിച്ചുകൊണ്ട്.

മുങ്ങാങ്കോഴിയോട് മൈമൂന കാണിക്കുന്ന സ്നേഹം വിധേയത്വം എല്ലാം കപടമാണെന്നും, അതൊക്കെ ഖാലിയാരുമായുള്ള ബന്ധം മറയ്ക്കാനുള്ള സൂത്രപ്പണിയാണെന്നും അവൾ അറിഞ്ഞു, അത് രവിയോട് പറയുകയും ചെയ്തു

"അത്തയ്ക്ക് ആരുമില്ല"

പണ്ടൊക്കെ മൈമൂന നടുപ്പറമ്പിലൂടെ നടന്നുപോകുമ്പോൾ ആ ചന്തം നോക്കി ആബിദ നിന്നുപോകാറുണ്ടായിരുന്നു, അതിന്ന് അവരുടെ കുടിലിൽ നിറഞ്ഞപ്പോൾ ആബിദയുടെ ധൈര്യം ക്ഷയിച്ചു. ആബിദ സുഖമില്ലാത്തതിനാൽ അടിച്ചുതൂക്കാൻ പോകാതിരുന്ന ആ ദിവസം അത് പുറത്തേയ്ക്ക് വന്നു.

ഖാലിയാരുമായി രഹസ്യസമാഗമം നിശ്ചയിച്ച മൈമൂനയെ ആബിദയുടെ സന്നിദ്ധ്യം ചോടിപ്പിച്ചു, അവൾ വഴക്കുപറഞ്ഞപ്പോൾ മുഖത്ത് ഭയമില്ലാതെ ആദ്യമായി ആബിദ തിരിച്ചു പറഞ്ഞു

"അത്ത വരട്ട് ..നാൻ ശൊല്ലിക്കൊട്ക്കപ്പോറേൻ"

വിളറിവെളുത്ത മൈമൂന ചോദിച്ചു

"ശൊല്ലിക്കൊട്ക്കാറതാ, എന്നാ?"

ആബിദ ദൃഢമായി പറഞ്ഞു

"കാലിയാർ ഇങ്കെ വന്തത്"

മൈമൂന കൂടുതൽ വിളറി, ഒച്ച പുറത്തേയ്ക്ക് വരാതായി.

തങ്കയിടപെട്ടു

"ആഹാ! അമ്പടീ, കാലിയാർക്ക് ഇബടെ വരാമ്പ്ഷ്തില്ലയോ? ഊതാന്, മന്തിരം ചൊല്ലാന്"

മൈമൂന ചിന്തയിലായി, മാർഗ്ഗം മനസ്സിൽ തെളിഞ്ഞു, മുഖത്തെ വിളർച്ച മാറി, അവൾ പറഞ്ഞു

"നീ മിണ്ടാണ്ടിർന്നാണ്ടീ തങ്കപ്പെണ്ണേയ്"

അന്ന് പാതിരായ്ക്ക് ഒരു നിലവിളി കേട്ട് ഖസാക്കുകാരുണർന്നു, നെറ്റിയിൽ ധാരയായൊഴുകുന്ന ചോരയുമായി ആബിദ മൊല്ലാക്കയുടെ വീട്ടിലേയ്ക്കോടി, കയ്യിൽ വിറകുകൊള്ളിയുമായി കലികൊണ്ട ഒരു വെട്ടുക്കിളിയെപ്പോലെ മുങ്ങാങ്കോഴി പിന്നാലേയും, മൈമൂനയുടെ പ്രയോഗം ഫലം കണ്ടിരിക്കുന്നു!

മൊല്ലാക്കയും തിത്തിബിയുമ്മയും ആബിദയ്ക്ക് അഭയം നൽകി, അടുത്ത പ്രഭാതത്തിൽ കാതിലെ ചിറ്റുകളിൽ പനിനീർപ്പൂവുകളുമണിഞ്ഞ് മൈമൂന നടുപ്പറമ്പിലൂടെ നടന്നു രസിച്ചു, അവൾക്കു പിന്നേയും ചന്തം വച്ചുവരികയാണെന്ന് ഖസാക്കുകാർ പറഞ്ഞു, കുപ്പായം കൈത്തണ്ടയോളം തെരുത്തുവച്ചിരുന്നു, കൈത്തണ്ടയോളം നീലഞരമ്പുകളെ അത് വെളിവാക്കി, കുപ്പിവളകളേയും.

നെറ്റിയിൽ തിത്തിബിയുമ്മ പച്ചിലവച്ച് കെട്ടിയ മുറിവുമായി ആബിദ ഒറ്റയടിപ്പാലം കടന്നു മറുകര പറ്റി, പാടങ്ങള്‍ മുറിച്ചു പോകുന്ന നടുവരമ്പിലൂടെ ഖസാക്കുവിട്ട് അവളുടെ ഉമ്മയുടെ മാതാപിതാക്കൾ താമസിക്കുന്ന കാളികാവിലേയ്ക്ക് യാത്രയായി.

അങ്ങനെ രവിക്ക് സ്ക്കൂളിൽ മസാൽജിപ്പണിക്ക് ആളില്ലാതായി, അയാൾ ശിവരാമൻനായരുടെ സഹായം അഭ്യർത്ഥിച്ചു.

ആബിദ ജോലിവിട്ടു പോവുകയും, ഓത്തുപള്ളിക്കൂടത്തിലെ കുട്ടികളെല്ലാം സ്ക്കൂളില്‍ ചേരുകയും ചെയ്തതോടെ മൊല്ലാക്ക രവിയുടെ പക്കൽ നേരിട്ടെത്തി.

മൊല്ലാക്കയുടെ വരവ് രവി പ്രതീക്ഷിച്ചതായിരുന്നെങ്കിലും ആവശ്യം അവനെ ഞെട്ടിച്ചുകളഞ്ഞു; അദ്ദേഹം ആവശ്യപ്പെട്ടത്

"ഷ്ക്കോളിലെ മസാലച്ചി പണി ഞമ്മളെത്ത്താളയാ?"

ഖസാക്കിൻ്റെ ആരാദ്ധ്യനായ ആ വയോവൃദ്ധനെക്കൊണ്ട് സ്ക്കൂളിൻ്റെ അടിച്ചുതളിപ്പണി ചെയ്യിക്കാൻ രവിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല, എങ്കിലും ആ വൃദ്ധൻ്റെ ദയനീയതയിൽ, അഞ്ചുരൂപയ്ക്ക് ആ കരാറുറപ്പിച്ചു.

പക്ഷേ രവിയുടെ കയ്യിൽ നിന്നും അഞ്ചുരൂപ കൈപ്പറ്റിക്കൊണ്ട് തന്നെ മൊല്ലാക്ക വീണ്ടും കുട്ടികളെ സ്ക്കൂളിൽ നിന്നും മുടക്കിക്കൊണ്ടേയിരുന്നു. ആ അഞ്ചുറുപ്പ്യ രവി പോട്ടെന്ന് വച്ചു, പക്ഷേ അതിലും വലുതുമായി മാധവൻ നായരെത്തി

" ആ ചൊല്ലുമ്മയുടെ വക ആവലാതി, മാഷ് ആ ആമിനപ്പെണ്ണിനെക്കൊണ്ട് അടിച്ചുതളിപ്പിച്ചൂന്ന് പറഞ്ഞിട്ട്"

രവി ഉള്ളകാര്യം പറഞ്ഞു

"മൊല്ലാക്ക കാശുവാങ്ങാനല്ലാതെ വരാറില്ല, മസാൽജിപ്പണി എടുക്കണത് ഓത്തുപള്ളീലെ കുട്ട്യോളാണ്, ഒരുദിവസം കുഞ്ഞാമിനേ പറഞ്ഞയച്ചു, ചൂലുതൊടീക്കാതെ വളർത്തുന്ന കുട്ടി. ഞാൻ അവളെ അനുവദിച്ചില്ല"

അങ്ങനെ മാധവൻനായരാണ് മദ്ധ്യവയസ്ക്കയായ ചാന്തുമ്മയെ കൂട്ടിക്കൊണ്ടുവന്നത്. ദേശാടനക്കാരനായ തങ്ങളു പക്കീരിയുടെ മകളാണ്, ഖസാക്കിലെ ദൃഷ്ടാന്തങ്ങളുടെ ദുരന്ത നായിക!

മഞ്ഞളുപോലെ ചോരവാർന്ന ശരീരം ഒരു കാലത്ത് സാമാന്യം സമൃദ്ധമായിരിക്കണം എന്നു രവിക്ക് തോന്നി, പരന്നു വിളറിയ കവിളുകളിലും, കണ്ണിനടിയിലും പാടുകളുണ്ടായിരുന്നു. അരിവയ്ക്കാൻ സഹായിച്ച ചാന്തുമ്മയോട് അവിടെ നിന്ന് ആഹാരം കഴിക്കാൻ രവി ആവശ്യപ്പെട്ടു, അതവൾക്ക് വലിയ സഹായമായി. അങ്ങനെ അവളും അവളുടെ രണ്ടുകുട്ടികളും ഞാറ്റുപുരപ്പറമ്പിലെ സ്ഥിരം കാഴ്ച്ചയായി. മകൻ കുഞ്ഞുനൂറിനെ സ്ക്കൂളിൽ ചെർത്തു, അവനോടൊപ്പം കുഞ്ഞുമകൾ ചാന്തുമുത്തുവിനും മാധവന്നായരെക്കൊണ്ട് കുപ്പായം തുന്നിക്കാൻ രവി തയ്യാറായപ്പോൾ നാലു വയസ്സുകാരി പറഞ്ഞു

"മാണ്ട, തെക്കന് കൊത്ത്താ മതി"

അതെന്താ ചാന്തുമുത്തൂന് കുപ്പായം വേണ്ടേ" രവി തിരക്കി

അവൾ മറുപടി നൽകി

"തെക്കമ്പൽതാകട്ടെ"

ആ ചെക്കൻ വലുതാകേണ്ടതിൻ്റെ ആവശ്യം രവി പലപ്പോഴും കേട്ടു.

മണ്മണ്ടകളിൽ കഞ്ഞി വിളമ്പി മൂന്നുപേരും അത്താഴത്തിനിരുന്നാലും ചാന്തുമുത്തു തൻ്റെ മണ്ടയിൽ നിന്നും വറ്റുപിടിച്ചെടുത്ത് സഹോദരൻ കുഞ്ഞുനൂറുവിനു കൊടുക്കും, എന്നിട്ട് പറയും

"ഉമ്മാ തെ്ക്കൻ ബെക്കം ബല്താകട്ടെ"

നാലുവയസ്സുകാരിയുടെ എട്ടുവയസ്സുകാരനോടുള്ള സ്നേഹവും കരുതലും കണ്ട് ചാന്തുമ്മയും പറയും

" ബൽതാകട്ടെ മക്ളെ, എൻ്റെ മക്ളിൻ്റെ കഷ്ടം തീരട്ടെ"

"എപ്പൊ വല്താകുമുമ്മാ? അവൾ തിരക്കും

"ഒരു പെര്നാള് കളിഞ്ചാ വല്താക്ക് കണ്ണേ"

"പെര്നാള് എപ്പക്കളിയുമ്മാ?"

"നാല് വാവ് കളിഞ്ചാ കണ്ണേ"

ആ ഉമ്മയും മകളും കുഞ്ഞുനൂറിൻ്റെ വളർച്ചയ്ക്കായി കാത്തിരുന്നു.

നിറച്ച മൺകുടം ഒക്കത്തുവച്ച് ചാന്തുമ്മ മുന്നിലൂടെ നടന്നുപോകുമ്പോൾ രവി ആ ഉടലിൻ്റെ ദൈർഘ്യം അളന്നു, നിറകുടത്തിനിടയിൽ സ്വൽപ്പമൊടിഞ്ഞ ആ ഇടുപ്പ് ആ ദൈർഘ്യത്തെ കൂടുതൽ വെളിപ്പെടുത്തി, ഇഴപറിഞ്ഞ കാച്ചിയിൽ ഈറനായിടത്ത് നീണ്ടകാലുകളുടെ ദൃഢരേഖകൾ തെളിഞ്ഞതവൻ കണ്ണെടുക്കാതെ നോക്കിയിയിരുന്നു. ദിവസങ്ങൾ കഴിയും തോറും ചാന്തുമ്മയുടെ കവിളിലെയും കൺതടങ്ങളിലേയും പാടുകൾ മാഞ്ഞുകൊണ്ടിരുന്നു, അവിടെ തുടിപ്പും പ്രസരിപ്പും കൂടിക്കൂടി വന്നു.

ഖസാക്കിലെ രവി ബ്രഹ്മചാരിയാണ്, അതിനാൽത്തന്നെ കണ്ണിനാൽ മൊത്തിക്കുടിച്ചതല്ലാതെ മടങ്ങിയെത്തിയ ചാന്തുമ്മയുടെ പൂക്കാലം നുകരാൻ രവി ധൈര്യപ്പെട്ടില്ല. എങ്കിലും ഒരാണിൻ്റെ കണ്ണിലെ പൂത്തിരി കാണാൻ പെണ്ണിനു പ്രത്യേക പരിശീലത്തിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല!

എന്നാൽ എല്ലാം തകിടം മറിച്ചുകൊണ്ട് ശിവരാമൻനായർ വീണ്ടുമെത്തി.

"നമ്മുടെ ധർമ്മാധർമ്മാദികളില്ലേ മാഷേ.. ഞിങ്ങള് ആ മാപ്ലേച്ച്യേ ഇബടെ പാർപ്പിച്ചത് ശരിയായലാ"

"ഇതെന്തേ ഇങ്ങനെ ധരിക്കാൻ?"

രവി തിരക്കി

"ബൗദ്ധച്ച്യേ പാർപ്പിച്ചൂന്നങ്ങട് സമ്മതിക്കീൻ"

നായർ വാശി പിടിച്ചു. പിന്നെ പിണങ്ങിപ്പോയി. ഭാര്യ നാരായണിയുടേയും കൂപ്പുവച്ചൻ്റേയും ഓർമ്മകൾ നശിപ്പിക്കാൻ സ്ക്കൂളാക്കിയ ഞാറ്റുപുര ഇപ്പോൾ അവിഹിതങ്ങളുടെ കൂത്തരങ്ങാണെന്ന് നായരെ പിരികേറ്റിയത് സാക്ഷാൽ കുപ്പുവച്ചൻ തന്നെയായിരുന്നു, അതു മറ്റൊരു പ്രതികാരം, അങ്ങനെ നായരിപ്പം ജയിക്കണ്ടാ!

പിറ്റേന്ന് ഒഴിവുദിവസമായിരുന്നു, ചാന്തുമ്മ ചോറുവയ്ക്കാൻ വന്നപ്പോൾ രവിയും താഴവാരത്തേയ്ക്ക് ചെന്നു കട്ടിലിലിരുന്നു, രവിയുടെ നേർക്ക് നോക്കാതെ താഴ്വാരത്തിൻ്റെ മൂലയിൽ ചാന്തുമ്മ സ്റ്റൗ കത്തിച്ചു.

"ചാന്തുമ്മ ഇങ്ങട് വരൂ" രവി വിളിച്ചു.

അവൻ്റെ കണ്ണിലെ പൂത്തിരി ശ്രദ്ധിച്ചിരുന്ന അവൾ ആ വിളി പ്രതീക്ഷിച്ചിരുന്നതുപോലെ രവിയുടെ മുമ്പിൽ വന്നു നിന്നു. അവനിരിക്കാൻ പറഞ്ഞപ്പോൾ നിലത്തിട്ട തടുക്കപ്പായിൽ ഇരുന്നു.

ശിവരാമൻനായർ പറഞ്ഞ കാര്യം അവനവളോട് പറഞ്ഞു, അവളെ രവി കൂടെ തമസിപ്പിച്ചിരിക്കുന്നുവെന്ന് കുപ്പുവച്ചൻ പറഞ്ഞ കാര്യം അവൾക്കും അറിയാമായിരുന്നു, അതിനാൽ കാര്യമായി ഏശിയില്ല. എങ്കിലും രവി ഒരു ചൂണ്ടയെറിഞ്ഞു

"കുപ്പുവച്ചൻ എന്തിനാണങ്ങനെ പറഞ്ഞത്?"

ആ ചോദ്യത്തിനുത്തരം അവളുടെ സ്വഭാവശുദ്ധിയിൽ ചെന്നുനിൽക്കുമെന്ന് തിരിച്ചറിഞ്ഞ ചാന്തുമ്മ പോകാനൊരുങ്ങി

"അട്പ്പ് കെട്ടാച്ച്, നാമ്പോയി കൊള്ത്തട്ടെ"

ഒരു ചില്ലോടിലൂടെ താഴോട്ടുതെളിഞ്ഞ വെളിച്ചത്തിൽ ചാന്തുമ്മയുടെ മുഖം രവി കണ്ടു, വിളർത്ത തൊലിയിലൂടെ വെളിച്ചത്തിനൊപ്പം അവൻ്റെ കണ്ണുകളും താഴോട്ടിറങ്ങിയപ്പോൾ ആ മുഖം ചുവന്നു പ്രസരിച്ചു.

രവിക്ക് ഈ കാലത്തിനിടയിൽ ഖസാക്കിലെ ഒരു മാതിരിക്കഥകളൊക്കെ അറിയാം, അതിൽ ചാന്തുമ്മയുടെ കഥയും പെടും; അവളോളം നല്ലവളും, ദൗർഭാഗ്യം ഉള്ളവളുമായ ഒരുവൾ ഖസാക്കിൽ വേറെയില്ല എന്നവനു തോന്നിയിരുന്നു. അതിനാൽത്തന്നെ അവളെക്കൊണ്ട് അവളുടെ കഥ പറയിച്ചാൽ അതിലൊരു പഴുതുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു.

"ചാന്തുമ്മേടെ രാവുത്തര് മരിച്ചിട്ട് എത്ര കാലായി?"

"നാല് വര്ശം, ഇന്ത ചാന്ത്മുത്തുവെ പെറ്റപോത്.."

അവിടെ പുളിയിലെ പോതിയുടെ കഥ ചുരുൾ വിടർന്നു

ഒരക്ഷയവടത്തെപ്പോലെ പടർന്നുയർന്നു നിന്ന ആ പുളിയുടെ ചുവട്ടിൽ പണ്ട് ഒരു കണിയാരപ്പണിക്കരും അയാളുടെ മകളും താമസിച്ചിരുന്നു. ഒട്ടകങ്ങൾക്ക് വെള്ളം തേടി അവിടെ വന്ന ഈസ്റ്റിന്ത്യാകമ്പനിയുടെ വെള്ളപ്പട പെണ്ണിനെ ബലാത്സംഗം ചെയ്തു, പുളിഞ്ചോട്ടിൽ അവളുടെ ശവം കിടന്നു. കിഴക്കൻമലകളിലേയ്ക്ക് യാത്രയായ ആ പട്ടാളക്കിരുടെ തൊകൽച്ചട്ടകളിൽ കരിന്തേൾ നുഴഞ്ഞുകയറി, പാമ്പുകൾ ഒട്ടകങ്ങളുടെ കണങ്കാലിൽ കൊത്തി, വെള്ളപ്പട നശിച്ചു. പണിക്കത്യാരുടെ പ്രേതം പ്രതികാരം തീർത്ത് പുളിങ്കൊമ്പിൽ കുടിപാർത്തു, പുളിങ്കൊമ്പത്തെ ഭഗവതിയെ ഖസാക്കിലെ ചാരിത്ര്യവതികൾ അവരുടെ ഭരദേവതയാക്കി.

കാലം ചെന്നിട്ടും പുളിമരം ശോഷിച്ചില്ല, പിടിച്ചുകയറാനാവാത്തവിധം അതിൻ്റെ തടിക്ക് കനംവച്ചു, പ്രാചീനമായ പായലുകൾ അതിന്മേൽ പാടുകൾ വരച്ചു, കൊമ്പുകൾ മാനം മുട്ടെ വളർന്നു, ഇണർപ്പുകളിൽ ഉഗ്രവിഷമുള്ള പാമ്പെറുമ്പുകൾ കൂടുവച്ചു. എങ്കിലും അതിന്മേൽ കയറാൻ പേടിക്കേണ്ടതില്ല, പെണ്ണുങ്ങൾ ചാരിത്ര്യവതികളെങ്കിൽ അവരുടെ കെട്ടിയോന്മാരുടെ മുന്നിൽ പാമ്പെറുമ്പുകൾ വഴിമാറും, പായൽ അവർക്ക് വഴുക്കില്ല. പുളിങ്കൊമ്പിലെ പോതി ചാരിത്ര്യവതികളെ കാക്കുന്നവളാണ്, എന്നിട്ടും ഖസാക്കിലെ പുളിപറിക്കാർ പോലും ആ മരം കയറാൻ ധൈര്യം കാട്ടിയില്ല.

ആ പുളിയുടെ ചുവട്ടിൽ നിന്നാണ് നലുവർഷം മുമ്പ് ചാന്തുമ്മയുടെ കെട്ടിയോൻ മേലോട്ട് നോക്കി, വിളഞ്ഞകണ്ടം പോലെ കായ്ച്ചിരിക്കുന്ന പുളിങ്കൊമ്പിൽ വേഘങ്ങൾ വിശ്രമിക്കുന്ന ചേലിൽ കായകൾ കണ്ടത്. ചൂടത്തളപ്പിട്ട് അയാൾ പിടിച്ചു കയറി, ചാന്തുമ്മയുടെ ചാരിത്യശുദ്ധിയിൽ ലേശം പോലും സംശയമില്ലാത്ത അയാൾക്ക് മുന്നിൽ പാമ്പെറുമ്പുകൾ വഴിമാറേണ്ടതാണല്ലോ!

പിറ്റേന്ന് ഖസാക്കുകാർ പുളിഞ്ചോട്ടിലെത്തിയപ്പോൾ, അയാൾ അവിടെ ചിതറിക്കിടക്കുകയയിരുന്നു, പാമ്പെറുമ്പുകളുടെ വിഷമേറ്റ് കയ്യും കാലും തലയും വീങ്ങിയിരുന്നു. മലർക്കെ മിഴിച്ച കണ്ണുകളിലും ഗുഹ്യപ്രദേശത്തും അപ്പോഴും പാമ്പെറുമ്പുകൾ തടിച്ചു പറ്റിനിന്നു.

ചാന്തുമ്മയുടേത് വെറും വൈധവ്യം ആയിരുന്നില്ല, പോതിയുടെ പുളിയിൽ നിന്നും വീണു ചത്തവൻ്റെ പെണ്ണ്! അതിനൊരർത്ഥമേ ഖസകിലുണ്ടായിരുന്നുള്ളൂ, പിഴച്ചവൾ. അവളുടെ അത്ത തങ്ങളു പീക്കിരി മകളുടെ സ്വഭാവദൂഷ്യത്തിൻ്റെ പാപഭാരം പേറി അന്നു നാടുവിട്ടു, ആളൊഴിഞ്ഞ മലഞ്ചെരുവുകളിൽ ഷെയ്ഖിൻ്റെ മൊഴികൾ പാടിക്കൊണ്ടയാൾ അലഞ്ഞു.

അവൾ ഒറ്റപ്പെട്ടു, അവരുടെ കുടിൽ മേയാൻ പോലും ആരും സഹായത്തിനെത്തിയില്ല, പുതുമഴ വരുമ്പോൾ ഇടിമിന്നലിൻ്റെ നീലവെളിച്ചമത്രയും അകത്തേയ്ക്കടിച്ചു, അവിടെയാണ് അവരുടെ ഉയർത്തെഴുപ്പേൽപ്പിന്, രക്ഷകനായി കുഞ്ഞുനൂറ് വളർന്നു വലുതാകാൻ ആ അമ്മയും മകളും കാത്തിരുന്നതും, തെ്ക്കൻ്റെ വളർച്ചയ്ക്കായി ചാന്തുമുത്തു എല്ലാം മാറ്റിവച്ചതും.

താഴവാരത്തിൽ രവിയും ചാന്തുമ്മയുമിരുന്നു, പുളിമരത്തിൻ്റെ കഥപറഞ്ഞു തീർന്നപ്പോൾ അവൾ മുഖം കുനിച്ചു. ആ കഥ അവളെക്കൊണ്ടുതന്നെ പറയിച്ചതിൽ ഇരുണ്ട കൃതാർത്ഥത അല്ലെങ്കിൽ ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതം അവനിൽ നിറഞ്ഞുനിന്നു. അതിൻ്റെ പാരമ്യത്തിൽ അവനാ ചോദ്യമെറിഞ്ഞു

"നേരായ്ര്ന്നോ? ഭഗവതിയെ തീണ്ട്യേത്?"

ചാന്തുമ്മ മറുപടി പറഞ്ഞില്ല, നീ ശരിക്കും പിഴയായതിനാലാണോ നിൻ്റെ കെട്ട്യോൻ മരിച്ചത്? എന്നാണ് ചോദ്യത്തിൻ്റെ വ്യംഗ്യം!

കഠിനമായ ദേഷ്യത്തോടെ അവൾ രവിയെ നോക്കി, പിന്നെയും മുഖം കുനിച്ചവൾ ഇരുന്നു. പെട്ടെന്ന് താടിക്കടിയിൽ കൈപ്പടം വച്ച് രവി അവളുടെ മുഖം പിടിച്ചുയർത്തി. ചാന്തുമ്മ കരയുകയായിരുന്നു, അയാളവളുടെ കണ്ണീർ തുടച്ചു. കൺതടങ്ങളിൽ പതിഞ്ഞ കൈ കവിളിലൂടെ, ചെവിക്ക് പുറകിൽ മുടിയിലൂടെ സഞ്ചരിച്ചതല്ലാതെ രവി പിൻവലിച്ചില്ല. അയാൾ അവളെ പിടിച്ചുയർത്തി തനിക്കൊപ്പം കട്ടിലിൽ ഇരുത്തി, അവനിലേയ്ക്ക് വലിച്ചടുപ്പിച്ചു.

ചാന്തുമ്മ കുതറി പിടി വിടീച്ചു, അതത്ര എളിപ്പമായിരുന്നില്ലെങ്കിലും, അവൾ കിതച്ചു, എണീറ്റ് താഴ്വാരത്തിൻ്റെ ചുവരു ചാരിനിന്നുക്കൊണ്ട് അവൾ ചോദിച്ചു

"ഓഹോ.. ഇതിനായിരുന്നോ?"

രവി ചൂളി.. വല്ലായ്മ തോന്നി, ആദ്യം അവൾ പിഴച്ചവളാണെന്ന് സ്ഥാപിക്കുക, പിന്നീട് പൊതുസ്വത്തിനോട് എന്തുമാകാമല്ലോ? എന്ന അയാളുടെ കുബുദ്ധിയാണവൾ പൊളിച്ചത്, അതവൾക്ക് പുത്തരിയല്ല, കഴിഞ്ഞ നാലു വർഷങ്ങളായി അവൾ അതനുഭവിക്കുന്നു; കെട്ട്യോൻ്റെ ജീവനെടുത്ത പിഴച്ചവൾ, ഒറ്റപ്പെട്ടവൾ, അതൊന്നു മാറാനാണ് ചെക്കൻ വളർന്നു വലുതാകാൻ മകൾക്കൊപ്പം അവളും കാത്തിരുന്നത്.

അവൾ പുറത്തേയ്ക്ക് പോയി, രവി അവിടെത്തന്നെയിരുന്നു, അവളുടെ കണ്ണുകളെ നേരിടാനാവാതെ, വെടക്കാക്കി തനിക്കാക്കൽ പൊളിഞ്ഞ ജാള്യതയിലും പുളിങ്കൊമ്പത്തെ പോതിയോടും അവളുടെ പാമ്പെറുമ്പുകളോടും അവനു കൃതജ്ഞത തോന്നി!

കുറച്ചുസമയം കഴിഞ്ഞ് അവൾ തിരിച്ചുവന്നു രവിയുടെ അരികിൽ കട്ടിലിലിരുന്നു, അവൻ്റെ ചുമലിൽ കൈവച്ചുകൊണ്ട് പറഞ്ഞു

"ഉങ്കള്ക്ക് തെരിയാത് .. ചിന്ന കൊളന്തകളുടെ നോവ്"

രവിക്ക് എല്ലാം വ്യക്തമായി, പുറത്ത് കുഞ്ഞുനൂറുവും ചാന്തുമുത്തുവും കളിക്കുന്ന പാട്ടും വിളിയും ഇപ്പോൾ കേൽക്കുന്നില്ല, കീലിട്ടിട്ടില്ലാത്ത റോഡിലെ ഭാരവണ്ടിച്ചക്രങ്ങളുടെ ഞെരുക്കം മാത്രം കേൾക്കാം.

രവിയുടെ കൈ അവളുടെ ചുമലിൽ നിന്നും താഴോട്ടു തടഞ്ഞു, അവൾ ചേർന്നിരുന്നു, മാറിടങ്ങൾ തമ്മിലമർന്നു, രവിയുടെ മാംസദാഹമുണർന്നു, അതവളിൽ പടർന്നുപന്തലിക്കുമ്പോഴും ചാന്തുമ്മയുടെ മുഖത്ത് നിരുന്മേഷമായിരുന്നു. റോഡിലെ ഭാരവണ്ടിച്ചക്രങ്ങളുടെ ഞെരുക്കവും കേൾക്കാതെയായി.. അതിലും ഉച്ചത്തില്‍ താഴ്വാരത്തിനുള്ളിലെ ഞെരുക്കങ്ങൾ നിറഞ്ഞുനിന്നു.

"ഉമ്മാ" വിളിയുമായി കുഞ്ഞുനൂറ് താഴവാരത്തിൽ എത്തുമ്പോഴേയ്ക്കും രവിയും ചാന്തുമ്മയും എണീറ്റുകഴിഞ്ഞിരുന്നു.

"നാൻ പോണൂ"

തെറ്റു ചെയ്യാതിരുന്നിട്ടും, ഒരിക്കൽ പോലും തുളസിയില തെറ്റ് വയ്ക്കേണ്ടി വരാതെ ജീവിച്ചിട്ടും തന്നെ ശിക്ഷിച്ച പുളിങ്കൊമ്പിലെ പോതിയോടും അവളുടെ പാമ്പെറുമ്പുകളോടും പ്രതികാരം ചെയ്ത സംതൃപ്തിയോടെ അവൾ യാത്ര പറഞ്ഞുപോയി, ദേഹിയുടെ വിശപ്പടങ്ങിയ ആ ദിവസം ദേഹത്തിന്റെ വിശപ്പകറ്റാൻ ചോറു വച്ചില്ല!

No comments:

Post a Comment