Sunday, November 15, 2020

ഋതുമതിപ്പൂവിൻ്റെ കഞ്ചുകം

ആർ.കെ. ദാമോദരൻ എന്ന പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് തന്നെ ഒരു "രതിഭാവമാണ്"! അതും സർപ്പസൗന്ദര്യത്തിൻ്റെ സംഗമപ്പൂ വിടർത്തുന്ന രവിവർമ്മ ചിത്രത്തിലെ രതി!!വേറേയും മികച്ചഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് പ്രത്യേകിച്ച് താളം തെറ്റിയ താരാട്ടിലെ ഗാനങ്ങൾ, 'സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ', 'ചന്ദ്രഹകിരണത്തിൻ ചന്ദനമുണ്ണും ചകോരയുവമിഥുനങ്ങൾ, ഫ്രണ്ട്സിലെ ഗാനങ്ങൾ, 'ഓമനേ പൊന്നെ നിന്നെ ഓർത്തിരിപ്പൂ ഒരമ്മ' എന്നിവ.

ഇരുമ്പഴികൾ എന്ന സിനിമയ്ക്കുവേണ്ടി അദ്ദേഹമെഴുതി, എം.കെ.അർജ്ജുനൻ മാസ്റ്റർ സംഗീതം നൽകി, എസ്സ്. ജാനകി ആലപിച്ച ഗാനമാണ് ഇന്നത്തെ പഠനവിഷയം.

ഗാനം ആരംഭിക്കുന്നത് നായിക നിൽക്കുന്ന സ്ഥലത്തെ സൂചിപ്പിച്ചുകൊണ്ടാണ്... അത് പ്രമദവനം ആണ്.

ശിഷ്യന്മാരേ .. നിങ്ങളിൽ ഗ്രാഹ്യമില്ലാത്തവർക്കുവേണ്ടി ഞാൻ പ്രമദവനത്തെപ്പറ്റി പറയട്ടേ... അറിയാവുന്നവർ ഇടയ്ക്ക് കയറി പറയരുത്!

അന്തപ്പുരത്തിനോടു ചേർന്ന ഉദ്യാനമാണ് സംഗതി, അതായത് പുരുഷപ്രജകൾക്ക് പ്രവേശനമില്ലാത്തതും തദ്വാരാ സ്ത്രീകൾക്ക് പൂന്തിവിളയാടാനുമുള്ള പൂന്തോട്ടം! സ്വാഭാവികമായും ലേഡീസ് ഹോസ്റ്റലിൻ്റെ മതിലിനു പുറത്ത് നിൽക്കുന്ന പുരുഷൻ്റെ ചിന്തകൾ പോലെ, ഈ പ്രമദവനത്തിലേയ്ക്ക് ഒരു കണ്ണ് എക്കാലത്തും പുരുഷകവികളിൽ ലഡ്ഡു പോലെ നിന്നിരുന്നു എന്നു പറയാം. അത് മഹാഭോഗി കാളിദാസൻ ആയാലും, മഹായോഗി ആദിശങ്കരാചാര്യർ ആയാലും ഈ പെണ്ണുങ്ങൾ നാണമന്യേ വിഹരിക്കുന്ന ഉദ്യാനത്തിലേയ്ക്ക് രചനകളുടെ ഫാൻ്റസി കടന്നുപോയിട്ടുണ്ട്.

അപ്പോൾ പ്രശ്നം പെണ്ണുങ്ങൾ മാത്രം വിഹരിക്കുന്ന ആ ഉദ്യാനത്തിലെ ഋതുമതിപ്പൂവ് മദനശരം കൊണ്ടു പുളഞ്ഞു എന്നതാണ്, അതായത് ദിവാസവപ്നമോ, ഓർമ്മകളോ എന്തോ ഒരു സംഗതിയാവണം നായികയെ വികാരപരവശയാക്കി, കുറ്റം പതിവുപോലെ കാമദേവനു ചാർത്തിക്കൊടുത്തു.

അടുത്ത വരിയാണ് അതികഠിനമായ പ്രലോഭനം, കഞ്ചുകമൂരിത്താ മമ രമണാ..എന്നാണ് ആവശ്യം!

മുലക്കച്ച അഴിച്ചുകൊടുക്കാൻ സഖിമാരെയല്ല, രമിക്കേണ്ടവനെ ആണു വിളിക്കുന്നത്, അതായത് നിരോധിത മേഖലയിലേയ്ക്ക് ആ പാവത്തിനെ വിളിച്ചുകയറ്റുകയാണ്! ഒടുവിൽ കയറിയവൻ ബന്ധനസ്ഥനായ അനിരുദ്ധൻ മുതൽ പാലാട്ട് കോമൻ വരെയായിമാറി അനുഭവിക്കുമെന്നറിഞ്ഞാലും അങ്ങനൊരു വിളിവിളിച്ചാൽ കയറിപ്പോകും, കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

കഞ്ചികമൂരിയാൽ കുചകലശങ്ങൾ സ്വതന്ത്രമായി, പിന്നെന്താ? നായിക തന്നെ ആവശ്യപ്പെടുന്നു "മലർക്കൊങ്ക തഴുകിത്താ വിധുവദനാ" പൂപോലെയുള്ള മാറിടം തഴുകിക്കൊടുക്കണം, അതിനിപ്പോൾ ചന്ദ്രനെപ്പോലെ മുഖമുള്ളവനേ എന്നൊന്നും വിളിച്ചു സുഖിപ്പിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല, ആണുങ്ങളാകുമ്പോൾ അങ്ങനെയൊരു സാഹചര്യത്തിൽ തഴുകും..

"ഒരുങ്ങി വരൂ മണിയറയിൽ, ഒരു നിമിഷം, രതിയറയിൽ ഒരു ദിവസം" അതെനിക്കങ്ങോട്ട് വ്യക്തമായില്ല. എന്തായാലും മണിയറ ഒരു രതിയറയാക്കാൻ തയ്യാറെടുത്ത് വരണം അതും കഴിയുന്നതും ഒരു ദിവസം അങ്ങട് ആഘോഷമാക്കാം എന്നാണ് ആമുഖമായി പറയുന്നത്!

ചരണങ്ങളിലും കാര്യമായ വ്യത്യാസമില്ല, നായിക തൻ്റെ മേനിയിൽ വാത്സ്യായനശസ്ത്രം എഴുതൂ എന്നാവശ്യപ്പെടുമ്പോൾ, സുകുമാരകലകളുടെ ശ്രേണിയിൽപ്പെടുത്തിയ 64 ഉം അങ്ങോട്ട് പ്രയോഗിച്ചോളാൻ ഒരു ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് കൈമാറുകയാണ്. എങ്കിലും ഒരൽപ്പം വിശദമായ പൂർവ്വകേളികളുടെ സാംഗത്യമെന്ന് കരുതിയാൽ മതി.

ചുണ്ടിൽ പ്രേമമുദ്ര ചാർത്തണം എന്നാവശ്യപ്പെടുന്നതിൽ നിന്നും ഫേർപ്ലേയാണ് ആവശ്യപ്പെട്ടതെന്ന് ഉറപ്പിക്കാം. എൻ്റെ കടവിൽ തോണിയിറക്കാം എന്നും രാവിൽ വരാം! മലർമേനിയിൽ തന്ത്രികൾ മീട്ടാം, പക്ഷേ ആരും കാണാതെ വരണം, കാരണം പ്രമദവനമാണ്.

ചുരുക്കിപ്പറഞ്ഞാൽ ആരും കാണാതെ ഇതിനകത്ത് കയറിപ്പറ്റിയാൽ രതിയുടെ ഒമ്പതാം ഉത്സവം ഉറപ്പ്, ആയതിനാൽ വന്നപാടെ നിരോധിതമേഖലയാണല്ലോ, പെട്ടെന്ന് സംഗതി സാധിച്ച് മടങ്ങാം എന്ന് കരുതി കുത്തിക്കേറ്റി അതിനകമെല്ലാം മുറിവാക്കി നാശകോശമാക്കരുത്.. സമയമുണ്ട്, സാവകാശം മതി, കടവുകണ്ടയുടൻ വഞ്ചിയിറക്കേണ്ട, കരയിൽ ഉറച്ചുപോകും, വെള്ളമുള്ളയിടത്ത് ആഴമറിഞ്ഞ് തോണിയിറക്കുക!!!

അടുത്ത ചരണത്തിൽ അവലംബങ്ങളാണ്, ക്ഷേത്രച്ചുവരുകളിൽ കൊത്തിവച്ചിട്ടുള്ള നിലകളെല്ലാം പരീക്ഷിക്കാം, സമയമുണ്ടല്ലോ! അഷ്ടപദിപ്പാട്ടിൻ്റെ കുളിരുണർത്താം, സംശയം വേണ്ട 6ഉം, 11ഉം അഷ്ടപദികൾ തന്നെ, കുളിരിനൊരു കുറവും വരില്ല!

സംഗതിയിങ്ങനെ ഒക്കെയാണെങ്കിലും യൗവ്വനത്തിൻ്റെ പൂക്കൾ തേടി വരാൻ രാത്രിയാണ് സൗകര്യം, അതങ്ങട് അനുസരിക്ക, അവൾക്കാണല്ലോ പ്രമദവനത്തിലെ അവസ്ഥയറിയൂ.. പ്രിയതോഴൻ മൈഥുനത്തിൻ്റെ, രതിയുടെ അമൃത് നുകരാൻ എന്നും വന്നാൽ അത്രയും സന്തോഷം.

വന്നാൽ പൂപോലെയുള്ള ശരീരത്തിലെ പുടവയഴിച്ച്, പൂതിതീരുവോളം പുണരാം!

ഇങ്ങനെയൊരു വാഗ്ദാനം നൽകിയാൽ, നായകൻ മതിലുചാടിപ്പോകും, അതവൻ്റെ കുറ്റമല്ല, കാരണം ഇതൊരു ഉപഹാരമല്ല, സംഗതി പലഹാരമാണ്!!!

ഇതൊക്കെയാണെങ്കിലും ആ "മാരാ മാരാ..", "അഹ അഹ അഹ" ഒക്കെ അൽപ്പം അധികപ്പറ്റായിപ്പോയി, ആഗ്രഹവും, ആർത്തിയും കടന്ന് അത് ആക്രാന്തം ആയിപ്പോയി എന്നു പറയാതെ തരമില്ല!

കൂടുതൽ ദീർഘിപ്പിക്കുന്നില്ല, ഗാനം പലർക്കും അപരിചിതമാകാം, ശ്രവിക്കുക, ആസ്വദിക്കുക..

ഹോംവർക്ക് ചെയ്യാൻ പറയുന്നില്ല, കാരണം പ്രേരണാക്കുറ്റം ഐ.പി.സി 109, പിന്നെ 118, 120 ബി ഒക്കെ ഗുരുവിൻ്റെ മേൽ വന്നുഭവിക്കും, അതുകൊണ്ട് സ്വന്തമായി അന്തപ്പുരമുള്ളവർ മാത്രം സാഹസത്തിനൊരുങ്ങുക, ഇതുമൂലമുള്ള യാതൊരു കഷ്ടനഷ്ടങ്ങൾക്കും ആചാര്യൻ ഉത്തരവാദിയല്ല.. ട്ടോ?

"പ്രമദവനത്തിൽ ഋതുമതിപ്പൂ
മദനശരം കൊണ്ടു പുളഞ്ഞു
കഞ്ചുകമൂരിത്താ മമരമണാ
മലർക്കൊങ്ക തഴുകിത്താ വിധുവദനാ
ഒരുങ്ങിവരൂ മണിയറയിൽ
ഒരു നിമിഷം, രതിയറയിൽ ഒരുദിവസം
അഹ അഹ അഹ അഹ... ആഹാ...

എന്നിൽ കാമശാസ്ത്രമെഴുതൂ നീ....
ചുണ്ടിൽ പ്രേമമുദ്ര ചാർത്തൂ നീ...
എന്നുടെ കടവിൽ തോണിയിറക്കാം
എന്നും രാവിൽ പോരൂ നീ
എൻ മലർമേനിയിൽ തന്ത്രികൾ മീട്ടാൻ
ആരും കാണാതണയൂ നീ
മാരാ...മാരാ...
അഹ അഹ അഹ അഹ... ആഹാ...

അമ്പലത്തിൻ ചുമരിലെ രതിയുണർത്താം
അഷ്ടപദിപാട്ടിന്റെ കുളിരുണർത്താം
യാമിനിതൻ മഞ്ചലേറി വന്നു
യൗവ്വനത്തിന്‍ പൂക്കൾ തേടിവന്നു....
എൻ പ്രിയതോഴൻ മൈഥുനനാകിരി
നുകരാനെന്നും വന്നേ പോ
പൂവുടൽമെയ്യിലെ പുടവയഴിച്ചു
പൂതിതീരെ പുണരാനായ്‌
വായോ...വായോ...
അഹ അഹ അഹ അഹ... ആഹാ..."

No comments:

Post a Comment