Saturday, November 14, 2020

ആർത്തവചഷകം

"ആർത്തവപുരാണം ആറാംസർഗ്ഗം" എന്ന ഒരു ലേഖനം വർഷങ്ങൾക്കുമുമ്പ് എഴുതിയിരുന്നു, അതിൻ്റെ രണ്ടാം ഭാഗമായി വേണമെങ്കിൽ ഇതിനെ കരുതാവുന്നതേയുള്ളൂ. സ്ത്രീകൾക്ക് മാത്രമേ ആർത്തവത്തെപ്പറ്റി എഴുതാൻ പാടുള്ളൂ എന്ന മുൻവിധി അന്നേ തള്ളിയതിനാൽ ആവകചിന്തകൾ അങ്ങട് മാറ്റിവയ്ക്ക ന്താ.. മുഷിയുമോ? 

ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന രക്തസ്രാവം ശേഖരിക്കുവാൻ, പുറത്തേയ്ക്ക് പടരാതെ തടയാൻ പഴയകാലത്ത് തുണികളും പിന്നീട് സാനിറ്ററിനാപ്കിനുകളാണ് സ്ത്രീകള്‍ പൊതുവേ ഉപയോഗിച്ചുവരുന്നത്. പലതരത്തിലുള്ള, പലസൈസിലുള്ള, പലബ്രാൻ്റുകളിലുള്ള സാനിറ്ററിനാപ്കിനുകള്‍ ഇന്നത്തെക്കാലത്തു ലഭ്യമാണ്. 

ഇവയ്ക്കുപുറമേ യോനിക്കുള്ളിൽ കടത്തിവയ്ക്കാവുന്ന ടാമ്പൂണുകളും ലഭ്യമാണ്. ഈ ഗണത്തില്‍ താരതമ്യേന പുതിയതും, മികച്ചതുമായ ചുവടുവയ്പ്പാണ് ആർത്തവചഷകം (Menstrual cup). 

ആര്‍ത്തവസമയത്തുപയോഗിക്കുന്ന, ഒറ്റനോട്ടത്തിൽ മുലക്കുപ്പിയിലെ നിപ്പിളിൻ്റെ പോലെ ആകൃതിയിലുള്ള കപ്പാണിത്. 

യോനീമുഖത്തിനുള്ളിലേയ്ക്കു കടത്തി വയ്ക്കാവുന്നയിത്, ആര്‍ത്തവരക്തം ശേഖരിക്കുകയാണ് ചെയ്യുന്നത്. പല സ്ത്രീകള്‍ക്കും താല്‍പര്യമുണ്ടെങ്കിലും ഇപ്പോഴും ഇതെക്കുറിച്ച് പേടിയും ആശങ്കകളും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സംശയങ്ങളും ഏറെയാണ്.
ആർത്തവത്തെപ്പറ്റി സ്ത്രീകൾക്ക് അറിയാവുന്നതുകൊണ്ടും, പുരുഷന്മാർക്കായി മുൻലേഖനത്തിൽ വിശദമാക്കിയതിനാലും ഇത്തവണ അൽപ്പം കവിഭാവനയിൽ "ഗര്‍ഭപാത്രത്തിന്റെ കണ്ണീരാണ് ആര്‍ത്തവ രക്തം" എന്നു കരുതി ആ കണ്ണീരിനെ ഒപ്പാനുള്ളവഴിയിലൂടെ സഞ്ചരിക്കാം..

ആദ്യമായി പറയാനുള്ളത് സാനിറ്ററിനാപ്കിനുകള്‍പോലെ, ടാമ്പൂണുകള്‍പോലെ, ഒരുപക്ഷേ അതുക്കുമ്മേലെ സുരക്ഷിതമായ ഒന്നുതന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നതാണ്. മാസമുറസമയത്ത് ഗര്‍ഭാശയമുഖത്തിനു (Cervix) തൊട്ടു താഴേയായാണ് ഇതുറപ്പിക്കുന്നത്. ഈ കപ്പ് ആര്‍ത്തവരക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍വച്ചുതന്നെ ശേഖരിയ്ക്കും. അതിനാല്‍ത്തന്നെ ഈസമയത്തെ ഈര്‍പ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാവുകയുമില്ല. മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോള്‍ ഇത് രക്തം ശേഖരിക്കുന്നു.

കപ്പുകൾ മെഡിക്കൽ ഗ്രേഡ് സിലികോൺ ഉപയോഗിച്ചു നിർമ്മിക്കപ്പെട്ടവയാണ്, അതിനാൽത്തന്നെ സാധാരണ ഗതിയില്‍ അലര്‍ജിയുണ്ടാക്കുകയില്ല. 

ഒരു കപ്പു വാങ്ങിയാല്‍ 10 വര്‍ഷംവരെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്, നമുക്ക് അത്ര കാലത്തെ പരിചയമില്ലാത്തതിനാൽ 5 വർഷമെന്നെങ്കിലും അംഗീകരിക്കാനാവും. കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിയോഗിക്കുവാന്‍ പറ്റുന്ന തരത്തിലുള്ളതാണ് കപ്പ്. അതായത് സാനിറ്ററിനാപ്കിന്‍പോലുള്ള ചിലവുണ്ടാകുന്നില്ല എന്നുസാരം, 400 - 600 രൂപ റേഞ്ചിൽ മികച്ചഗുണനിലവാരമുള്ള മെൻസ്ട്രൽകപ്പ് ലഭിക്കുന്നതാണ്. ഒരു മാസമുറ കഴിഞ്ഞാൽ ഇതു കഴുകി, മുങ്ങിക്കിടക്കുന്ന വിധത്തില്‍ ചൂടു വെള്ളത്തില്‍ ഇട്ടുവച്ച് തിളപ്പിച്ച് പുതിയതുപോലെയാക്കി സൂക്ഷിക്കാം. 
സാധാരണഗതിയില്‍ ആധുനികസ്ത്രീ തൻ്റെ ജീവിതകാലത്ത് 11,000 സാനിറ്ററിപാഡുകള്‍ ഉപയോഗിക്കുന്നുവെന്നതാണ് ഏകദേശ കണക്ക്. 

നശിപ്പിച്ചു കളയാനുളള ബുദ്ധിമുട്ട് കാരണം നാപ്കിനുകളുണ്ടാകുന്ന പാരിസ്ഥിതികദോഷങ്ങള്‍ ഏറെയാണ്. സാനിറ്ററിനാപ്കിൻ ഉപയോഗിക്കുന്ന എല്ലാവരും അതിൽ തൃപ്തരല്ല, പ്രത്യേകിച്ചും അതിലടങ്ങിയിരിക്കുന്ന ബ്ലീച്ചിങ് മെറ്റീരിയൽസ് പലരുടേയും ചർമ്മത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്, ഗോപ്യമായ ഭാഗങ്ങളിലായതിനാലും മറ്റുവഴിയില്ലാത്ത ഗതികേടിനാലും പലരും ഉപയോഗിക്കുന്നുവെന്നേയുള്ളൂ. അത്തരക്കാർക്ക് ഒരു വലിയ അനുഗ്രമഹാണീ മെന്‍സ്ട്രല്‍കപ്പുകൾ.

മെന്‍സ്ട്രല്‍കപ്പ് യോനിയുടെ ഉള്ളിലേയ്ക്കു കയറ്റിവച്ചാല്‍ ഇത് 10-12 മണിക്കൂര്‍ കഴിയുമ്പോൾ പുറത്തെടുത്തു കഴുകി വീണ്ടും ഉപയോഗിക്കാം. ഉപയോഗം കഴിഞ്ഞാല്‍ പിന്നീട് ഇത് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത് സൂക്ഷിച്ചുവച്ച് അടുത്ത തവണ ഉപയോഗിക്കാം. കൂടുതല്‍ ബ്ലീഡിംഗ് ഉള്ളവര്‍ക്ക് നാലഞ്ച് മണിക്കൂര്‍ കൂടുമ്പോള്‍ ഇത് മാറ്റേണ്ടി വന്നേക്കാം.
യോനിക്കുള്ളിലേയ്ക്ക് കപ്പ് കടത്തുവാന്‍ ആദ്യം ഭയം തോന്നിയേക്കാം. ഇതിൻ്റെ ആവശ്യമില്ല. വേദനയുണ്ടാക്കുന്ന ഒന്നല്ലത്. യൂ ട്യൂബിലും മറ്റും ഇത് ഉള്ളിലേയ്ക്കു കടത്തുന്നതെങ്ങനെ? എന്നു കാണിക്കുന്ന ധാരാളം വീഡിയോകളുണ്ട്. കപ്പ് അല്‍പം മടങ്ങിയരീതിയില്‍ പിടിച്ച് ഉള്ളിലേയ്ക്കു നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ആദ്യം ചെയ്യുവാന്‍ അല്‍പം പ്രയാസമുണ്ടാകുമെങ്കിലും പിന്നീടിത് എളുപ്പമാകും.

എല്ലാ വിഭാഗത്തില്‍പ്പെട്ട സ്ത്രീകൾക്കും അതായത് വിവാഹം കഴിഞ്ഞവര്‍ക്കും, കഴിയാത്തവര്‍ക്കും, പ്രസവം കഴിഞ്ഞവര്‍ക്കുമെല്ലാം ഇതുപയോഗിയ്ക്കാം. ഇത് ലൈംഗികബന്ധത്തിന് തടസം നില്‍ക്കില്ല. ചരിഞ്ഞാലോ, ഇരുന്നാലോ, കമഴ്ന്നാലോ കപ്പിൻ്റെ പൊസിഷന്‍ മാറി ലീക്കിംഗ് ഉണ്ടാകുമെന്ന ഭയവും വേണ്ട. കൃത്യമായ രീതിയില്‍ വച്ചാല്‍ കപ്പ് യാതൊരു പ്രശ്‌നങ്ങളുമുണ്ടാക്കില്ല. ആദ്യം ഇതുപയോഗിക്കുമ്പോള്‍ ഇത്തരം ഭയങ്ങളുണ്ടെങ്കിൽ സാനിറ്റഡി പാഡ് കൂടി അധിക ഉറപ്പിന് ഉപയോഗിക്കാം, ഒന്നോ രണ്ടോ പ്രാവശ്യം പാഡിൽ രക്തത്തിൻ്റെ ലാഞ്ചനപോലുമില്ലെന്നും ബോദ്ധ്യപ്പെടുമ്പോൾ ആത്മവിശ്വാസം താനേ വന്നുകൊള്ളും.

ആര്‍ത്തവരക്തം പുറമേയ്ക്കു വരുന്നത്, അതായത് വജൈനല്‍ ഭാഗത്തേയ്ക്കു വരുന്നതു തടയുകയാണ് ഇതു ചെയ്യുന്നത്. ഇതിനാല്‍ത്തന്നെ രാത്രിയിലെ ആര്‍ത്തവസമയങ്ങളില്‍ ഉറങ്ങുമ്പോഴുണ്ടാകുന്ന അസ്വസ്ഥകള്‍ ഉണ്ടാകുന്നില്ല, പാഡുവയ്ക്കുന്ന ബുദ്ധിമുട്ടോ, വിയര്‍പ്പോ, അലര്‍ജിപ്രശ്‌നങ്ങളോ ഉണ്ടാകുന്നില്ല, ഇടയ്ക്കിടെ പാഡു മാറുകയെന്ന ബുദ്ധിമുട്ടുമില്ല. മൂത്രവിസര്‍ജന സമയത്ത് പാഡ് മാറ്റേണ്ടിവരുന്നതിനാൽ രക്തം ഒപ്പം ബഹിർഗ്ഗമിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്ലെന്നത് പ്രത്യേകം എടുത്തുപറയാവുന്ന ഒരു മേന്മയാണ്. 

യാത്രകളില്‍ ഏറെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒന്നാണിത്. ഇതുവച്ചാല്‍ പിന്നീട് ഗര്‍ഭധാരണം പോലുള്ളവയ്ക്കു ബുദ്ധിമുട്ടുണ്ടാകുമോയെന്ന ചിന്തയും വേണ്ട. ആര്‍ത്തവം എന്ന ചിന്തയില്ലാതെ, രക്തക്കറകളെ ഭയക്കാതെ, പാഡു മാറേണ്ട ടെന്‍ഷനില്ലാതെ ജീവിതം ആസ്വാദ്യകരമാക്കുന്നു ഈ ചഷകങ്ങൾ.
കപ്പ് വച്ചുകൊണ്ട് ഓടുകയോ, ചാടുകയോ, കിടക്കുകയോ എന്തു വേണമെങ്കിലും ചെയ്യാം. 

ഇതിന് വ്യത്യസ്ത സൈസുകളിലും ലഭ്യമാണ്. സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ മൂന്നു തരമുണ്ട്. 30 വയസിനു മുകളില്‍ പ്രായം, പ്രസവം കഴിഞ്ഞവർ, സിസേറിയന്‍ കഴിഞ്ഞവര്‍ എന്നിവർക്കാണ് ലാര്‍ജ് വേണ്ടിവരിക. തീരെ ചെറിയെ പെണ്‍കുട്ടികള്‍ക്കാണ് സ്മാൾ. മീഡിയമാണ് മറ്റുള്ളവര്‍ക്ക്. കോപ്പര്‍ ടി പോലുള്ളവ ഉപയോഗിക്കുന്നവര്‍ക്കും ഇറ്റുപയോഗിക്കാം.

ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് ഇത് ഉപയോഗിക്കരുത്, അതായത് ഇത് ഉള്ളില്‍ ഉണ്ടാകരുത്, ഗർഭനിരോധനമാർഗ്ഗം പോലെ പരീക്ഷിക്കരുതെന്നർത്ഥം! പ്രസവം കഴിഞ്ഞാല്‍ ആറാഴ്ച കാലത്തേയ്ക്കും ഇതുപയോഗിക്കരുത്. 

കപ്പ് പതുക്കെ ഉള്ളിലേയ്ക്കു മടക്കി, അതായത് സി ഷേപ്പില്‍ മടക്കി യോനിയുടെ ഉള്ളിലേയ്ക്കു വയ്ക്കാം. കൃത്യമായി ഇരുന്നോയെന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍, ഉള്ളിൽ വച്ചുകൊണ്ടുതന്നെ പതുക്കെ കറക്കുക. ഉപയോഗിച്ചുതുടങ്ങിയാൽ ദിവസങ്ങൾക്കകം കൃത്യമായി സ്ഥാപിക്കുന്ന രീതി ശീലമാകാവുന്നതേയുള്ളൂ. കപ്പിൻ്റെ ഫോൾഡിംഗ് പാറ്റേൺ മൂന്നുരീതിയിലുള്ളവ നിലവിൽ മാർക്കറ്റിൽ ലഭ്യമാണ്, സി - ആകൃതിയിലുള്ള ഫോൾഡ്, 7 മടക്കുകൾ ഉള്ളത്, പഞ്ച്ഡൗൺ ഫോൾഡുള്ളത്. ഓരോരുത്തർക്കും സൗകര്യപ്രദവും സുഖകരവുമായ ഫോൾഡുകൾ തിരഞ്ഞെടുക്കാം.

ഇനി നമുക്ക് ആദ്യമായി ഉപയോഗിക്കുന്നവർക്കായുള്ള സൂചനകളിലൂടെ കടന്നുപോകാം, പിന്നീട് നിങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കും!

1. കപ്പ് വാങ്ങിയാൽ അതിൻ്റെ പുറത്തുള്ള നിർദ്ദേശങ്ങൾ വായിക്കുക, മനസ്സിലാക്കുക, പ്രശ്നമായി തോന്നിയാൽ ആരോഗ്യപ്രവർത്തകരുടെ സഹായം തേടുക.

2. മാനസികമായ പിരിമുറുക്കം പാടില്ല, റിലാക്സ് ആയിരുന്നാൽ കപ്പ് സ്ഥാപിക്കുന്നത് എളുപ്പമാകും. അതിനാൽ ആദ്യത്തെ പ്രാവശ്യം ആർത്തവമാകുന്നതിനുമുമ്പേ ഇത് സ്ഥാപിച്ചു പരിശീലിക്കുക, അപ്പോൾ ആർത്തവപ്രശനങ്ങളായ വയറുവേദന, രക്തം, സമ്മർദ്ദം ഇവയുടെ ശല്യം കാണില്ലല്ലോ, ഈ ഒരു കാര്യത്തെ മാത്രം നേരിട്ടാൽ മതി! ആർത്തവമില്ലാത്ത സമയത്തെ ട്രയലിൽ വെറുതെ കടത്തിവച്ചിരിക്കാതെ, എണീറ്റ് നിന്നും, നടന്നും അൽപ്പസമയം ചിലവഴിച്ചിട്ട് മാത്രം ഊരിയെടുക്കുക.

3. നനവ് ഘർഷണരഹിതമാക്കുന്നു കാര്യങ്ങൾ, അതിനാൽ കപ്പ് നനയ്ക്കുക, യോനീമുഖം ജലമിശ്രിത ലൂബ്രിക്കൻ്റുകളാൽ നനയ്ക്കുക, ഷവറിനടിയിൽ പരീക്ഷിക്കുക, എല്ലാം ആയാസരഹിത സ്ഥാപിക്കലിനു വഴിതുറക്കും.
4. പ്രവേശിപ്പിക്കുന്ന കോൺ കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക, നേരേ മുകളിലേയ്ക്ക് അതായത് നട്ടെല്ലിനു സമാന്തരമായല്ല, ഏതാണ്ട് അതായത് 45 ഡിഗ്രിയിൽ വേണം, നട്ടെല്ലിൻ്റെ ചുവടിലേയ്ക്ക് ഉന്നം വയ്ക്കുന്ന രീതിയിൽ കടത്തിവയ്ക്കുക. കുത്തിയിരുന്നു മുട്ടുകൾ പരമാവധിയകറ്റിയ പൊസിഷനും (Toilet Squatting), ഒരുകാൽമാത്രം ടോയ്ലറ്റ് സീറ്റിൽ ഉയർത്തിവച്ച പൊസിഷനും പലർക്കും ആയാസരഹിതമായി കപ്പിനെ ഉറപ്പിക്കാൻ സഹായകരമാകാറുണ്ട്.

5. വികസിച്ചു, ചോർച്ചരഹിതമായെന്നുറപ്പുവരുത്തുക. മടക്കി കയറ്റിവച്ച കപ്പ്, നിവർന്ന് പോപ്പപ്പ് ആവണം. കടത്തിവച്ചശേഷം വിരലുകൾകൊണ്ട് തൊട്ട് അറിയാമത്, ഒരു 360 ഡിഗ്രി കറക്കി നോക്കാം, കീഗൽ വ്യായാമമുറകൾ (ഇതും മുമ്പൊരിക്കൽ എഴുതിയതാണ്) ശ്രമിച്ചുനോക്കാം, പറ്റിയില്ലെങ്കിൽ ഊരിയെടുത്ത് വീണ്ടും കടത്തിവയ്ക്കുക.

6. കപ്പിൻ്റെ ഉറപ്പിക്കലിൽ സംഭവിക്കുന്ന വലിയ തെറ്റ് അത് കൂടുതൽ ആഴത്തിൽ അല്ലെങ്കിൽ മുകളിലേയ്ക്ക് കടത്തി വയ്ക്കുന്നതാണ്. വെളിയിലേയ്ക്ക് പരമാവധി ഇറക്കി സ്ഥാപിക്കണം, തണ്ടിൻ്റെ അഗ്രം ഏതാണ്ട് 1 സെൻ്റീമീറ്റർ യോനീമുഖത്തുനിന്നും വരത്തക്കവിധം ഉള്ളിൽ നിർത്തണം.

7. ഭാഗികമായി കപ്പ് ഉള്ളിൽ കടത്തി വിരിഞ്ഞതിനുശേഷം മെല്ലെ അകത്തേയ്ക്ക് തള്ളിവച്ച് ശരിയായ സ്ഥാനത്ത് ഉറപ്പിക്കാവുന്നതാണ്.

8. ലോവർ സെർവിക്സും അപ്പർ സെർവിക്സും ഒക്കെ സ്ത്രീകളിൽ കാണപ്പെടുന്നു, അതിനാൽ ലോവർ സെർവിക്സ് ഉള്ളവരിൽ ഇതിൻ്റെ തണ്ട് പുറത്തേയ്ക്ക് ചാടിനിന്നു കൃസരികളിൽ പ്രയാസം സൃഷ്ടിക്കും, ഒന്നുമാലോചിക്കാനില്ല, ആവശ്യാനുസരണം മുറിച്ചുകളയുക, അകത്തു നിൽക്കത്തക്ക വിധം, ഒരു വഴികാട്ടി മാത്രമാണത്!

9. കപ്പ് ഇളക്കിയെടുക്കുമ്പോൾ തണ്ടിൽ പിടിച്ച് വലിച്ചൂരി എടുക്കരുത്. തണ്ട് കപ്പിൻ്റെ ചുവട് കണ്ടെത്താനുള്ള വഴികാട്ടി മാത്രമായി ഉപയോഗിക്കുക. കപ്പിൻ്റെ ചുവടിൽ പിടിച്ച് പുറത്തെടുക്കുക, വഴിക്കൽ ഉണ്ടെങ്കിൽ ടിഷ്യൂപ്പേപ്പർ ഉപയോഗിച്ച് തുടച്ച് ഗ്രിപ്പുണ്ടാക്കുക.

10. എല്ലാത്തിനുമപരി ശരിയായ സൈസിലുള്ളത് ഉപയോഗിക്കുക എന്നുള്ളതാണ്, ചെറുത്, ഇടത്തരം, വലുത് എന്നിവയിൽ ഏറ്റവും ഉചിതമായത് തിരഞ്ഞെടുത്ത് ഉപയോഗിക്കുക.

NB
==

ആചാര്യ മഹിഷാസുരാനന്ദ നിത്യചൈതന്യരതിക്ക് ഈ ഉത്പ്പന്നത്തിൻ്റെ കമ്പനികളിൽ നിന്നും കമ്മീഷനോ, ഇതിൻ്റെ മാർക്കറ്റിംഗ്, വ്യവസായ യൂണിറ്റുകളോ ഇല്ലെന്ന് ഇതിനാൽ തിര്യപ്പെടുത്തിക്കൊള്ളുന്നു ഒക്കെ പരോപകാരമിദം പുണ്യം! പുരുഷുക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.. ഇത് വായിച്ചിട്ട് ഭാര്യമാരെ ഉപദേശിക്കാൻ പോകരുത്.. തനിക്കേതവളാണ് ഇതൊക്കെ പറഞ്ഞുതന്നത്? എന്ന ചോദ്യവും ഭേദ്യവും നേരിടേണ്ടിവന്നാൽ ആചാര്യന്‍ ഉത്തരവാദിയല്ല. കാമുകിമാരെ ഉപദേശിക്കരുത് വാങ്ങിക്കൊടുക്കുക.. അതിന്റെ ഗുണവും നിങ്ങള്‍ തന്നെയെടുത്തോളൂ ട്ടാ.

No comments:

Post a Comment