Monday, October 27, 2014

അഷ്ടപദി 11 - ധീരസമീരേ യമുനാതീരേ ( Ashtapadi 11 - Dheerasameere yamuna theere - Malayalam )

രതിസുഖസാരേ ഗതമഭിസാരേ മദനമനോഹരവേഷം
ന കുരു നിതംബിനിഗമനവിളംബന മനുസര തംഹൃദയേശം
ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ
ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ


ഹേ.. പ്രൗഢ ജംഘനത്തോട് (വിസ്തൃതമായ അരക്കെട്ടോട്) കൂടിയവളേ.. രാധേ.. രതിസുഖത്തിലാറാടാൻ, സംഗമത്തിനായി മുങ്കൂട്ടി നിശ്ചയിച്ച സ്ഥലത്തും, സമയത്തും കൃഷ്ണൻ അവന്റെ ഉത്കൃഷ്ടമായ ആകർഷണീയതയോടെ കാമദേവനെ വെല്ലും വിധം വശ്യതയോടെ നിന്നെ കാത്തിരിയ്ക്കുന്നു. നിന്റെ ഹൃദയേശ്വരനെ പുൽകാൻ ഇനിയും താമസ്സമരുത്. ആ വനമാലി അതിമനോഹരമായ കാനനപ്പൂക്കൾ കോർത്ത ഹാരവുമണിഞ്ഞ് കുളിർമന്ദമാരുതൻ തുടർച്ചയായി വീശിക്കൊണ്ടിരിയ്ക്കുന്ന യമുനാതീരത്ത് വൃക്ഷഛായയിൽ വള്ളിപ്പടർപ്പുകൾക്കിടയിൽ നിന്റെ പ്രതീക്ഷയിലാണ്. ഗോപസ്ത്രീകളുടെ തടിച്ച കുചകുംഭങ്ങൾ നിരന്തരം ഞെരിയ്ക്കയാൽ ചഞ്ചലങ്ങളായി തുടരുന്ന അവന്റെ ഇരുകരങ്ങളും നിനക്കായി ഇതാ കാത്തിരിയ്ക്കുന്നു.

നാമസമേതം കൃതസങ്കേതം വാദയതേ മൃദുവേണും
ബഹുമനുതേതനുതേ തനുസംഗതപവനചലിതമപിരേണും
ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ
ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ


രാധേ..അവൻ നിന്റെ പേർ അവന്റെ പുല്ലാങ്കുഴലിൽ ഗാനമായി ഉതിർത്ത് നിനക്ക് സൂചനാസന്ദേശം നൽകുന്നു. നിന്റെ പാദം സ്പർശിച്ച ധൂളികൾ കാറിൽ പറന്നവനെ തഴുകിയാൽ അതു പോലും  അവൻ ഭാഗ്യമായി കരുതുന്നു. (ആ വനമാലി അതിമനോഹരമായ ...ഇതാ കാത്തിരിയ്ക്കുന്നു.)

പതതി പതത്രേ വിചലതിപത്രേ ശങ്കിതഭവദുപയാനം
ചയതിശയനം സചകിതനയനം പശ്യതി തവ പന്ഥാനം
ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ
ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ


ലതാഗൃഹത്തിൻ സമീപത്ത് പൊഴിഞ്ഞ് വീഴുന്ന പക്ഷിതൂവലുകളുടെയോ,  അടർന്ന് വീഴുന്ന ഇലകളുടേയോ ശബ്ദം അവനിൽ നീ എത്തിച്ചേർന്നിരിയ്ക്കുന്നു എന്ന തോന്നൽ ഉണർത്തുന്നു. അവൻ കിടക്കയൊരുക്കി, ഒരേ സമയം പ്രതീക്ഷയോടെയും, ആശങ്കയോടേയും നീ വരുമെന്ന് കരുതുന്ന വഴിയിൽ മിഴി നട്ടിരിയ്ക്കുന്നു. (ആ വനമാലി  അതിമനോഹരമായ ...ഇതാ കാത്തിരിയ്ക്കുന്നു.

മുഖരമധീരം ത്യജമഞ്ജീരം രിപുമിവ കേളിഷുലോലം
ചലസഖി കുഞ്ജം സതിമിരപുഞ്ജം ശീലയനീലനിചോളം
ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ
ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാ
ലീ

ഹേ..രാധേ... നീ നിറ്റെ കാലിലെ പാദസരങ്ങളെ ഒരു ശത്രുവെന്ന പോലെ ഒഴിവാക്കുക; കാരണം നിന്റെ സ്വന്തം കാൽത്തളകൾ അവയുടെ കിലുകിലുക്കത്തിലൂടെ നിന്നെ ചതിയ്ക്കുകയും, നിന്റെ രഹസ്യം വെളിപ്പെടുത്തുകയും, തന്മൂലം ക്രീഡകൾ തടസ്സപ്പെടുകയും ചെയ്യും. ആയതിനാൽ നീ ആ ലതാകുടീരത്തിലേയ്ക്ക് ഇരുളിന്റെ മറപറ്റി, കടുത്ത നീലനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് മൃദുവായി നടന്നു ചെല്ലുക.(ആ വനമാലി അതിമനോഹരമായ ...ഇതാ കാത്തിരിയ്ക്കുന്നു.

ഉരസി മുരാരേരുപഹിതഹാരേ ഘനൈവതരളവലാകേ
തഡിദിവ പീതേ രതിവിപരീതേ രാജസി സുകൃതവിപാകേ
ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ
ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ

ഹേ..രാധേ... നീ കൃഷ്ണനു മുകളിൽ കിടന്ന് കൊണ്ട് സ്ത്രീപുരുഷനു മുകളിൽ വരുന്ന രീതിയിലുള്ള വിപരീതാവസ്ഥയിലെ രതിക്രീഡയിൽ ഏർപ്പെടുമ്പോൾ, മുകളിലേയ്ക്ക് നോക്കി കിടക്കുന്ന കൃഷ്ണന്റെ മാറിലെ വനമാല കടുത്തകാർമ്മേഘത്തിനു മുന്നിലൂടെ പറന്ന് നീങ്ങുന്ന ബലകപക്ഷികളെ പോലെ ഇളകിയാടും. നിന്റെ അത്യാസ്വാദകരമായ ശരീരചലനങ്ങൾ മാറിലെ രസം നിറഞ്ഞ ഫലങ്ങളുടെ തുടർച്ചലനങ്ങൾ സൃഷ്ടിച്ച് അവന്റെ മാറിലുരഞ്ഞ് നിർവൃതി പുൽകുന്നു. (ആ വനമാലി അതിമനോഹരമായ ... ഇതാ  കാത്തിരിയ്ക്കുന്നു.)

വിഗളിതവസനം പരിഹൃതശനംഘടയ ജഘനമപിധാനം

കിസലയശയനേ പങ്കജനയനേ നിധിമിവഹർഷനിധാനം
ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ
ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ




ഹേ..രാധേ... നിന്റെ വസ്ത്രങ്ങൾ അഴിച്ച് മാറ്റി, അരഞ്ഞാണം ഊരിവച്ച്, അവനു മുകളിലായി കിടന്ന്, ആനന്ദത്തിന്റെയും ഉന്മാദത്തിന്റേയും കലവറയായ നിന്റെ അരക്കെട്ട് അവനിലേയ്ക്ക് ചേർത്തമർത്തി, പച്ചിലകളാൽ നിർമ്മിച്ച കിടക്കയിൽ ശയിയ്ക്കുന്ന ആ പങ്കജനയനനെ ആനന്ദിപ്പിച്ചാലും. (ആ വനമാലി അതിമനോഹരമായ...ഇതാ കാത്തിരിയ്ക്കുന്നു.)

ഹരിരഭിമാനി രജനിരിദാനീം ഇയമുപയാതി വിരാമം

കുരുമമവചനം സത്വരരചനം പൂരയമധുരിപുകാമം
ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ
ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ


ഹേ..രാധേ... കൃഷ്ണൻ ആത്മാഭിമാനം ഉള്ളവനാണ്; ആയതിനാൽ നീ അവനു മുകളിലായി കിടന്ന് അവനെ രസിപ്പിച്ചതിനു തുല്യമായി അവനും നിന്നെ രസിപ്പിയ്ക്കുന്നതാണ്. എന്നാൽ നിന്റെ ഊഴവും പിന്നെ അവന്റെ ഊഴവും യഥേഷ്ടം കൊണ്ടാടാൻ രാത്രി തീരെ പോരാതെ വരും. ആയതിനാൽ നീ എന്റെ വാക്കുകൾ അനുസരിച്ചാലും, വളരെ വേഗം ആവശ്യമായ പ്രവർത്തികളിലേയ്ക്ക് കടന്നാലും. മധുകൈടഭന്മാരുടെ ശത്രുവായവന്റെ അഭിനിവേശം നിറവേറ്റിയാലും. (ആ വനമാലി അതിമനോഹരമായ ...ഇതാ   കാത്തിരിയ്ക്കുന്നു.)

ശ്രീജയദേവകൃതഹരിസേവേ ഭണതി പരമരമണീയം
പ്രമുദിതഹൃദയം ഹരിമതിസദയം നമത സുകൃതകമനീയം
ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ
ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ


കവി ജയദേവന്റെ ഈ മനോജ്ഞമായ ഗീതത്തിൽ ആനന്ദചിത്തനാകുന്ന ശ്രീകൃഷ്ണന്റെ മുന്നിൽ സാഷ്ടാംഗപ്രണാമം ചെയ്യുകയാണീ ഹരിയുടെ സേവകൻ. (ആ വനമാലി  അതി മനോഹരമായ ...ഇതാ കാത്തിരിയ്ക്കുന്നു.)

No comments:

Post a Comment