നന്ദി പറയുന്നത് വയലാറിനോടാണ്. 1973 ലെ ചുക്ക് എന്ന ചിത്രത്തിനായി അദ്ദേഹം രചിച്ച ഒരു ഗാനം.
"വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും
അപ്സരസ്ത്രീ..."
അതിലെ "വിപ്രലംഭ ശൃംഗാര" മനസ്സിൽ കുരുങ്ങി; ആദ്യം തോന്നിയത് ഏതോ ഒരു അപ്സ്സരസ്സ് ആണതെന്നാണ്, എന്നാൽ പിന്നെ ആരാണിത്? എന്താണവരുടെ പ്രത്യേകത? എന്നതിനുത്തരം കണ്ടെത്താൻ നടത്തിയ തിരച്ചിലിന്റെ ബാക്കിപത്രമാണിത്.
“ശൃംഗാര ഏവ രസാ: പരാ: പ്രഹ്ലാദനോ രസാ:”
ചില ഗവേഷകർ പറഞ്ഞു ശൃംഗാരം മാത്രമാണ് ഒരേ ഒരു രസം, മറ്റുള്ളവയെല്ലാം അതിന്റെ അനുബന്ധങ്ങൾ മാത്രം. ശ്രംഗാരമെന്ന വികാരം ഉടലെടുക്കുന്നത് പ്രേമം എന്ന സ്ഥായിയായ മാനസ്സിക അവസ്ഥയിൽ നിന്നാണ്. പുരുഷനിലും സ്ത്രീയിലും ഒരുപോലെ ഉറവയേറ്റുക്കുന്ന ഈ രസം യൗവ്വനത്തിന്റെ കാമനകളുടെ പൂർത്തീകരണത്തിനുള്ള ആഹ്വാനം കൂടിയാണ്. ശൃംഗാരത്തിനെ പ്രധാനമായി രണ്ടായി തരം തിരിച്ചിരിയ്ക്കുന്നു.
വിപ്രലംഭ ശൃംഗാരം
നായകനും നായികയും പരസ്പരം പിരിഞ്ഞ് ദൂരത്തായിരിയ്ക്കുമ്പോൾ വിരഹത്തിൽ നിന്നും ഉറവയെടുക്കുന്ന ശൃംഗാരഭാവമാണിത്. ഇതിനെ 6 ഉപവിഭാഗങ്ങൾ ആയി വീണ്ടും തിരിയ്ക്കാം.
1. പൂർവ്വാനുരാഗം : പ്രണയിതാവിന്റെ ഒരു ചിത്രമോ മറ്റ് ദൃശ്യമോ കാണുന്നതും അനുരാഗത്തിൽ മുഴുകുന്നതുമാണിത്.
2. വിരഹം : കാമിതാക്കൾ ഒരേ സ്ഥലത്താണെങ്കിലും മുൻ ധാരണയാലോ, വിലക്കുകളാലോ, അനുവാദമില്ലായ്ക്കയാലോ സന്ധിയ്ക്കുവാൻ കഴിയാത്ത അവസ്ഥ.
3. മനം : കാമിതാക്കൾ ഒരുമിച്ചായാൽ കൂടി ശങ്കയാലോ, ലജ്ജയാലോ പരസ്പരം അടുത്തിടപഴകാൻ കഴിയാത്ത അവസ്ഥ.
4. പ്രവാസം : പ്രണയിതാക്കൾ അകലങ്ങളിൽ ആകുന്ന അവസ്ഥ.
5. ശാപം : ഏതെങ്കിലും ശാപം കാരണം കാമിതാക്കൾക്ക് ഒന്നിയ്ക്കാനാവാത്ത അവസ്ഥ.
6. കരുണം : പ്രണയിതാക്കളിൽ ഏതെങ്കിലും ഒരാളുടെ മരണം സൃഷ്ടിയ്ക്കുന്ന രസം - കരുണാവിപ്രലംഭ.
സംഭോഗ ശൃംഗാരം
നായകനും നായികയും ഒരുമിച്ചുണ്ടാകുന്ന, അടുത്തിടപഴകുന്ന അവസ്ഥയിലെ രസമാണു സംഭോഗ ശ്രംഗാരം. അതിനു 4 വ്യത്യസ്ഥ രൂപങ്ങളാണുള്ളത്.
1. സംക്ഷിപ്തം : അവർ തന്നത്താൻ ഭയത്താലോ, ലജ്ജയാലോ ഉൾവലിയുന്ന അവസ്ഥ.
2. സംക്രിണം : ശരി, തെറ്റ്, ധാർമ്മികത, എന്നിവ ശ്രംഗാര അഭിവാഞ്ചയുമായി ചേർന്ന് സൃഷ്ടിയ്ക്കുന്ന ഒരു തരം ദ്വിവിധ. ശൃംഗാരത്തിനു ശേഷം അവരിൽ ഉണരുന്ന കുറ്റബോധം ആണിവിടുത്തെ രസം.
3. സമ്പന്നം : ഇവിടെ നായകനും നായികയ്ക്കും ഭയമോ, കുറ്റബോധമോ ഇല്ല, അവർ സർവ്വവും മറന്ന് അഭിനിവേശത്തിൻ പൂവണിയുന്നു.
4. സംവൃദ്ധി : സംവൃദ്ധി എന്ന അവസ്ഥ വരെ ശൃംഗാരരസം ലൗകികമായ ഉന്മാദമാണ്, മനോശാരീരിക സുഖമാണ്. ഇതിനപ്പുറം അത് ദിവ്യപ്രേമമാകുന്നു, നിർവ്വാണമാകുന്നു, പിനർജ്ജനിയാകുന്നു.
ദശവസ്ഥകൾ
വിപ്രലംഭശൃംഗാരത്തിന്റെ പുരുഷനും സ്ത്രീയ്ക്കും തുല്യാനുഭവയുക്തമായ 10 പ്രത്യക്ഷ അവസ്ഥകൾ "ദശകാമാവസ്ഥകൾ" എന്ന പേരിൽ അറിയപ്പെടുന്നു. ഇവ
1. അഭിലാഷം,
2. ചിന്ത,
3. അനുസ്മൃതി,
4. ഗുണകീർത്തനം,
5. ഉദ്ദ്വേഗം,
6. വിലാപം,
7. ഉന്മാദം,
8. വ്യാധി,
9. ജഢത,
10. മരണം.
"ന വിനാ വിപ്രലംഭ ശൃംഗാര പുഷ്ടിമ സ്തുതേ"
കാമകാമനകളിൾ ചിറകുവിടർത്തുന്ന വേർപിരിയലുകലും വിരഹവും ആണ് പ്രേമകാമചേതനകളുടെ യഥാർത്ഥ ജീവനശക്തി, അതിന്റെ അഭാവത്തിൽ പ്രണയത്തിന്റെ വളർച്ചയും പ്രണയ സായൂജ്യ സങ്കൽപ്പവും അപൂർണ്ണമായിരിയ്ക്കും.
No comments:
Post a Comment