Monday, December 21, 2015

ആത്മോപദേശശതകത്തിലെ ഉറയ്ക്കാത്ത ഉറക്കം

ആത്മോപദേശശതകത്തിലെ "ഉണരുമവസ്ഥയുറക്കിലില്ലുറക്കം" എന്ന് തുടങ്ങുന്ന 54 ആമത്തെ ശ്ലോകം ചില ശ്രീനാരായണീയ ഗ്രൂപ്പുകളിൽ വ്യാഖ്യാനിച്ചിരിയ്ക്കുന്നത് യാദൃശ്ചികമായി ശ്രദ്ധിച്ചു. ഉപരിപ്ലവമായി ഗുരുദേവകൃതികൾക്ക് ഭാഷ്യം ചമയ്ക്കുന്നത് രസകരമായി തോന്നി എങ്കിലും അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധിയും ആത്മാർത്ഥതയും, ഉപജാപങ്ങൾ ഒന്നുമില്ല എന്ന ഉറപ്പും അവയെ വിമർശിച്ച്, രചയിതാവിന്റെ മനസ്സ് മടുപ്പിയ്ക്കാൻ തോന്നിയതുമില്ല.

ഇതൊരു വിമർശനമല്ല, ഒരഭ്യർഥനയായോ, അപേക്ഷയായോ കണക്കാക്കുക. ആത്മോപദേശശതകം പരിഭാഷയോ, വിശകലനമോ, ഭാഷ്യമോ തീർക്കുന്നവർ ആദ്യം ഒന്നാം ശ്ലോകം ഒന്ന് മനസ്സിരുത്തി പഠിയ്ക്കണം.

'അറിവിലുമേറിയറിഞ്ഞിടുന്നവൻ" പഞ്ചഭൂതങ്ങളിൽ നിന്നും പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിയ്ക്കുന്ന പഞ്ചജ്ഞാനത്തിനുമുപരിയായി ആറാം ഇന്ദ്രിയത്തിലൂടെ ലഭിയ്ക്കുന്ന അതീന്ദ്രിയജ്ഞാനം കൊണ്ട് ലഭിയ്ക്കുന്ന അറിവുകൾ ലഭിയ്ക്കാൻ അഞ്ച് ജ്ഞാനേന്ദ്രിയങ്ങളേയും ആത്മാഭിമുഖമായി ക്രമീകരിയ്ക്കണം, അതായത് തന്നിലേയ്ക്ക് തന്നെ തിരിച്ച് വയ്ക്കണം. ആത്മചൈതന്യമായ സത്തിൽ ഉള്ള അറിവിനെ അവിടെ ആണു തിരയേണ്ടത്, വെളിയിൽ അല്ല എന്നർത്ഥം. നമ്മൾ പഠിയ്ക്കുന്ന കൃതിയുടെ രചയിതാവ് നില്ക്കുന്ന തലം,വരികളിൽ ആ വരികൾക്ക് താങ്ങാവുന്നതിലുമേറെയായുള്ള അർത്ഥതലങ്ങൾ, വരികൾക്കിടയിൽ പറയാതെ പറഞ്ഞിരിയ്ക്കുന്നത്, ചില അതിഗംഭീരമായ ഇരട്ടിപ്പുകൾ ഇവയൊക്കെ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്.

ഇനി 54 ആം ശ്ലോകത്തിലേയ്ക്ക് മടങ്ങാം. ഇവിടെ ഉറക്കം, ഉണർവ്വ് അഥവാ ജാഗ്രം, സുഷുപ്തി എന്നിവയെ മാത്രം പരാമർശിച്ച് മുന്നോട്ട് പോയാൽ അതിന്റെ അന്തസത്ത മുഴുവനായി നഷ്ടപ്പെടുന്നു എന്നൊരു ന്യൂനതയുണ്ട്. 

ഉണരുമവസ്ഥയിൽ ഉറക്കമില്ല എന്നല്ല ഗുരുദേവൻ അരുളിയത്, ഉണർന്നിരിയ്ക്കുന്ന അവസ്ഥ ഉറയ്ക്കുകയാണെങ്കിൽ, ഉറച്ചതാണെങ്കിൽ അതിൽ ഉറക്കമില്ല എന്നർത്ഥം. ഇവിടെ വാക്കുകൾക്കിടയിൽ എന്താണു പറഞ്ഞ് വച്ചിരിയ്ക്കുന്നത്? ജാഗ്രം, സുഷുപ്തി ഇവ മാത്രമല്ല സ്വപ്നം എന്ന അവസ്ഥ കൂടി പറയാതെ പറഞ്ഞിരിയ്ക്കുന്നു. പഞ്ചിന്ദ്രിയങ്ങളിലൂടെ പഞ്ചജ്ഞാനം അനുഭവിച്ചിരിയ്ക്കുന്ന അവസ്ഥയാണു ഉണർന്നിരിയ്ക്കുന്ന അവസ്ഥ അഥവാ ജാഗ്രം. പഞ്ചിന്ദ്രിയങ്ങളിലൂടെ പഞ്ചജ്ഞാനങ്ങളിൽ ഒന്നുപോലും അനുഭവിയ്ക്കാതെ ഇരിയ്ക്കുന്ന അവസ്ഥ ഉറക്കം അഥവാ സുഷുപ്തി. എന്നാൽ സ്വപ്നം എന്ന അവസ്ഥയോ? ഉണർന്നിരിയ്ക്കുമ്പോഴും, ഉറങ്ങുമ്പോഴും ഇത് സംഭവിയ്ക്കാം, നിദ്രാസ്വപ്നമോ, ദിവാസ്വപ്നമോ ആകാം എന്നാൽ സ്വപനം കാണുന്ന ആ അവസ്ഥ ജാഗ്രമോ, സുഷുപ്തിയോ അല്ല, കേവലം സ്വപ്നം മാത്രം. അപ്പോൾ സ്വപ്നമില്ലാത്ത അവസ്ഥ ആണെങ്കിലേ ഉറച്ച ഉണർവ്വ് , അല്ലെങ്കിൽ ഉറച്ച ഉറക്കം എന്ന പറയാനാവുകയുള്ളൂ.

ഇനി സ്വപ്നത്തെ പറ്റി ചിന്തിച്ചാൽ അതിനുമുണ്ട് രണ്ട് തലങ്ങൾ 1. ഇന്നുവരെ ഞാനേന്ദ്രിയങ്ങളാൽ അറിഞ്ഞവയിൽ, അനുഭവിച്ചവയിൽ നിന്നുള്ള പ്രതിബിംബങ്ങൾ. 2. ഒരിയ്ക്കലും ഞാനേന്ദ്രിയങ്ങളാൽ അനുഭവിച്ചിട്ടില്ലാത്തവയുടെ പ്രതിബിംബങ്ങൾ. കുറച്ച് ലഘൂകരിച്ചാൽ ജീവിതത്തിൽ ഒരിയ്ക്കലും കണ്ണിൽ മുളകുപൊടി വീണിട്ടില്ലാത്ത ഒരു വ്യക്തി സ്വപ്നത്തിൽ കണ്ണിൽ മുളക് പൊടി വീണതായി അനുഭവിയ്ക്കുകയും,ഭൌതികമായി അതിനുള്ള എല്ലാം പ്രയാസവും അനുഭവിയ്ക്കുകയും ചെയ്‌താൽ അത് അതീന്ദ്രിയമെന്ന് പറയാതെ വയ്യ. എന്നാൽ ഒരിയ്ക്കലെങ്കിലും മുളക് പൊടി കണ്ണിൽ വീണിട്ടുള്ള വ്യക്തി ഇതേ അനുഭവം സ്വപ്നത്തിൽ അനുഭവിച്ചാൽ അതിനെ ആദ്യ വിഭാഗത്തിലെ കഴിയൂ. സ്വപ്നാവസ്ഥയിലെ സുഷുപ്തിയിലേത് പോലെ എല്ലാ ഞാനേന്ദ്രിയങ്ങളും വിച്ചേദിയ്ക്കപ്പെടുന്നില്ല. ചില സുഗന്ധങ്ങൾ, ശബ്ദങ്ങൾ, സ്പർശനം ഒക്കെ നമ്മളെ സ്വപ്നത്തിൽ വഴിതെളിയ്ക്കുന്നു.

ഇനി സ്വപ്നമില്ലാത്ത യഥാർത്ഥ ഉറക്കത്തിലെ അനുഭവങ്ങൾ ചിന്തിച്ചാൽ, അറിയാനും പറയാനും കഴിയാത്ത ഒരാത്മസുഖം ഉറക്കത്തിൽ അനുഭവിയ്ക്കുന്നുണ്ട്. പഞ്ചജ്ഞാനേന്ദിയങ്ങളുടെ സഹായമില്ലാതെ അനുഭവിയ്ക്കുന്ന ഒരു സുഖം, ആ സുഖം ലഭിയ്ക്കുവാൻ തന്നെയല്ലേ നാമെല്ലാം ഉറങ്ങാൻ ആഗ്രഹിയ്ക്കുന്നത്?

അപ്പോൾ മായാവനിത എന്ന മൂന്നാമത്തെ അവസ്ഥ എന്താണ്? ആരിൽ നിന്നാണ് ജാഗ്രവും, സുഷുപ്തിയും വേർപെട്ട് മാറിടുന്നത്? ഗുരുദേവനു ഭാഷ്യം രചിയ്ക്കുകയല്ല, എന്നാൽ ശരിയെന്ന് തോന്നിയത് പങ്ക് വയ്ക്കുന്നു.

ഇവിടെ ഗുരുദേവൻ ആദ്യ ശ്ലോകത്തിൽ പറഞ്ഞിരിയ്ക്കുന്നത് പോലെ ആത്മസത്തയിലേയ്ക്ക് തിരിച്ച് വച്ചിരിയ്ക്കുന്ന പഞ്ചജ്ഞാനേന്ദ്രിയങ്ങൾ സൃഷ്ടിയ്ക്കുന്ന ആറാംഇന്ദ്രിയത്തിന്റെ പ്രവർത്തനഫലമായി ഉണ്ടാകുന്ന മായ അഥവാ എല്ലാം ഒന്നിച്ചടയാതേയും, ഒന്നിച്ചു തുറക്കാതെയും ഇരിയ്ക്കവേ ഏതെങ്കിലുമൊക്കെ അടഞ്ഞും, തുറന്നും സൃഷ്ടിയ്ക്കുന്ന വിവിധ സംയോജിതസമവാക്യങ്ങൾ ആണു നിരന്തരമായുള്ളത്. നേരേ അങ്ങ് പറഞ്ഞാൽ സ്വപ്നം ആണു സ്ഥയിയായ അവസ്ഥ! അതിൽ ഞാനേന്ദ്രിയങ്ങളിൽ ചിലത് അടഞ്ഞും ചിലത് തുറന്നും ഇരിയ്ക്കുന്നു. അതിൽ നിന്നും എല്ലാം തുറന്ന് ജാഗ്രം എന്നാ ഉണർവ്വും, എല്ലാം അടഞ്ഞ് സുഷുപ്തി എന്ന ഉറക്കവും ഉണ്ടാവുന്നു.

ഉണർന്നിരിയ്ക്കുന്ന അവസ്ഥയിൽ ഏതെങ്കിലുമൊക്കെ ഇന്ദ്രിയം അടയുകയും ആറാം ഇന്ദ്രിയം ഉണരുകയും ചെയ്‌താൽ ദിവാസ്വപ്നം ആയി അതുണർവ്വല്ല. ഉറക്കത്തിൽ ഏതെങ്കിലുമൊക്കെ ഇന്ദ്രിയം തുറക്കുകയോ ഒപ്പം ആറാം ഇന്ദ്രിയം ഉണരുകയും ചെയ്‌താൽ നിദ്രാസ്വപ്നം ആയി അതുറക്കവുമല്ല.

ഗുരുദേവനെ വെറും മദ്യത്തിന്റെ ദേവനും, ജാതി ദേവനും ആക്കുന്നവർ സമയം കിട്ടുമ്പോൾ ഇത് പോലെയുള്ള ഏതെങ്കിലും ഒരു കൃതിയുടെ ഒരു ശ്ലോകത്തിലെ ഒരു വരി ഒന്ന് മനസ്സിലാക്കാൻ ശ്രമിയ്ക്കുക, അപ്പോൾ മനസ്സിലാകും ഗുരുദേവൻ ആരാണെന്നും, എന്താണെന്നും!



എഴുതേണ്ട എന്ന് കരുതിയത്, എന്നാൽ പോസ്റ്റിങ്ങായി ശിവഗിരിയിലെ ഒരു സന്യാസി മുഖ്യന്റെ പ്രസ്താവനയും കണ്ടപ്പോൾ പറയാതെ വയ്യ എന്നാ ഒരവസ്ഥയിൽ എത്തി. "മദ്യനിർമ്മാർജ്ജനം ശ്രീനാരായണധർമ്മത്തിലെ മർമ്മപ്രധാനമായ ഭാഗമാണ്" എന്നാണു സ്വാമിയുടെ തിരുമൊഴി! ദുരയും പകയുമൊഴിയാതെ വൈരാഗിയുടെ കാവിയിൽ വിയർപ്പുമുട്ടുന്ന ഇവരൊക്കെ ആത്മീയമായി നയിയ്ക്കുന്ന ഒരു ജനതയിൽ പെട്ടവർ അത്രയെങ്കിലുമൊക്കെ ഗുരുദേവകൃതികളുടെ അർത്ഥം ഗ്രഹിയ്ക്കുന്നതിൽ അത്ഭുതം തോന്നുകയാണ് വേണ്ടതെന്നപ്പോൾ തോന്നി.

No comments:

Post a Comment