ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി

വയലാർ അന്തരിച്ച ദിനം മാത്രമല്ല ഒക്ടോബർ 27, അദ്ദേഹം ചൈനയ്ക്കെതിരെ തിരിഞ്ഞ ദിവസം കൂടിയാണത്; അതായത് മാനസ്സികമായി അദ്ദേഹത്തിന് സി.പി.എം - സി.പി.ഐ എന്ന വിഭജനത്തിൻറ്റെ മുന്നറിയിപ്പു കിട്ടിയ ദിവസം.
ചൈന യുദ്ധകാലത്ത് 1962 ഒക്ടോബർ 27-നായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ച വയലാറിന്റെ ചൈനാവിരുദ്ധ പ്രസംഗം.കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് രണ്ടുവർഷം മുമ്പ് വയലാറിൽ നടന്ന പതിനാറാമത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിലാണ് വയലാർ ചൈനയെ രൂക്ഷമായി വിമർശിച്ചത്.
1962 ഒക്ടോബർ 20-ന് ചൈന ഇന്ത്യയെ ആക്രമിച്ച് ആറുദിവസം കഴിഞ്ഞായിരുന്നു പരിപാടി. കമ്യൂണിസ്റ്റ് പാർട്ടിയിൽ സോവിയറ്റ് യൂണിയനെയും ചൈനയെയും അനുകൂലിച്ച് രണ്ടുചേരികൾ രൂപപ്പെട്ട കാലത്തായിരുന്നു ചൈനീസ് പക്ഷപാതികളെ വെള്ളം കുടിപ്പിച്ച് വയലാർ ചൈനയെ വിമർശിച്ചത്. 'മധുര മനോഹര മനോജ്ഞ ചൈന...' എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് 'ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ...' എന്ന് വയലാർ തിരുത്തി.
യുദ്ധകാലമായതിനാൽ ചൈനാ പക്ഷപാതികളായ നേതാക്കൾ ചൈനയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയ്യാറാകാതിരുന്ന സമയത്തായിരുന്നു വയലാറിന്റെ വിമർശം. പ്രസംഗത്തിനുശേഷം ഒരുവിഭാഗം കൈയടിക്കുകയും മറുവിഭാഗം നിശ്ശബ്ദരായിരിക്കുകയും ചെയ്തത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
പിളർപ്പിനുശേഷം വയലാറിനെ സി.പി.ഐ. ചേരിയിലെത്തിച്ചതുതന്നെ ഈ പ്രസംഗമായിരുന്നു. ചൈനാപക്ഷപാതികൾ പ്രസംഗത്തിനുശേഷം വയലാറിനെ നോട്ടപ്പുള്ളിയാക്കി. അരക്കവിയെന്നും കോടമ്പാക്കം കവിയെന്നും സിനിമാക്കവി എന്നുമൊക്കെ വിളിച്ചു. പിളർപ്പിനുശേഷം സി.പി.ഐ.ക്കൊപ്പംനിന്ന വയലാർ മരിക്കുന്നതുവരെ ഈ നിലപാട് തുടർന്നു.
"മർദ്ദകരും ചൂഷകരുമില്ലാത്ത ചൈന
തൊഴിലുതെണ്ടി യൗവ്വനങ്ങളലയാത്ത ചൈന
നന്മയുടെ ജന്മഭൂമി നല്ല നാടു ചൈന
നല്ല നാടു ചൈന!!! "
No comments:
Post a Comment