Friday, December 18, 2015

കൃത്രിമ ഉപഗ്രഹങ്ങളെ കസ്റ്റഡിയിലെടുക്കുന്ന ശനീശ്വരൻ!

ആചരങ്ങളേയും, അനുഷ്ഠാനങ്ങളേയും, അവയുടെ ശാസ്ത്രീയ വശങ്ങളേയും, നമ്മുടെ പൂർവ്വികർ തന്ത്രപൂർവ്വം നമുക്കായി പകർന്ന് വച്ചതും, നിറക്കൂട്ടുകളിൽ നഷ്ടപ്പെട്ടു പോകുന്നതുമായ യഥാർത്ഥ അറിവുകളും, ശാസ്ത്രവിജ്ഞാനവും ആണിവിടെ പ്രതിപാദിയ്ക്കുന്നത്. 

ഒറ്റമുണ്ടോ, തോർത്തോ, ഇലകളോ, ധരിച്ചോ, നഗ്നരായോ കഠിനമായ ജോലി ചെയ്തിരുന്ന മനുഷ്യന്റെ കുടലുകൾ ക്രമേണ താഴേയ്ക്ക് കേന്ദ്രീകരിച്ച് വീക്കമായി "ഹെർണിയ" എന്ന രോഗം ഉണ്ടാവാതെ തടയാൻ അറയിൽ ഒരു ചരട് കെട്ടണമെന്ന് ആയുർവ്വേദ വിദഗ്ദ്ധർക്ക് തോന്നിയപ്പോൾ, പോയിപ്പണി നോക്കാൻ പറയുന്ന നിഷേധികളെ അനുസരിപ്പിയ്ക്കാൻ അതിനെ അരഞ്ഞാണമെന്ന പേരിൽ, നൂലുകെട്ട്, അനുഷ്ഠാനവും ആചാരവും ആക്കി ചിട്ടപ്പെടുത്തി.

അതുപോലെ, കുളിയ്ക്കിടയിൽ പുരികങ്ങൾക്കടിയിൽ വരുന്ന നീർക്കെട്ടിനെ ഉണങ്ങാനുപയോഗിയ്ക്കുന്ന ചൂടിനാൽ വലിച്ചെടുത്ത് നീര്ദോഷം ഒഴിവാക്കുന്ന ചന്ദനക്കുഴമ്പിനെ ഭക്തിയുടെ ചന്ദനക്കുറി ആക്കിയത് പോലെഎത്ര വർണ്ണച്ചായങ്ങളിൽ തീർത്ത ആചാരനുഷ്ഠാനങ്ങൾ!

ഓരോ ഗ്രാമത്തിലേയും അംശങ്ങളിൽ ഉള്ള ഭൂനിരപ്പിൽ സ്വാഭാവികമായുള്ള ചരിവനുസരിച്ച്, മഴയായി പതിയ്ക്കുന്ന ജലം ഉപരിതലപ്രവാഹമായി ഒഴുകി ഏറ്റവും താഴ്ന്ന പ്രദേശത്ത് സംഭരിയ്ക്കപ്പെടുകയും, അവിടെ മണ്ണീലൂടെ ഭൂമിയുടെ ഉള്ളറകളിൽ എത്തി, മണ്ണിലെ ജലസംഭരണവും, ഭൂജലവിതാനത്തിൽ ഉയർച്ചയും, ജലസ്രോതസ്സുകളിൽ സമൃദ്ധിയും, വിളകൾക്കും വൃക്ഷങ്ങൾക്കും ഫലപിഷ്ടിയായി ഭവിയ്ക്കുന്നു. ഈ പ്രാദേശികജലസംഭരണ സംവിധാനം തകരാറായാൽ ഗ്രാമങ്ങളും, ആവാസവ്യവസ്ഥ തന്നെയും നശിയ്ക്കുമെന്നറിഞ്ഞ നമ്മുടെ പൂർവ്വികർ ആ നീർത്തടങ്ങളിൽ ഒരു നാഗവിഗ്രഹം വച്ച്, ഒരാഞ്ഞലിയും, ചൂരലും, വള്ളികളും വച്ച് പിടിപ്പിച്ച് അവയോടൊപ്പം ആ നീർത്തടം ചെറുകുളങ്ങളായി സംരക്ഷിച്ചു. അവ നശിപ്പിയ്ക്കപ്പെടാതിരിയ്ക്കാൻ ഭക്തിയുടെ, ഭയത്തിൻറ്റെ നിറം പിടിപ്പിച്ച കഥകൾ പ്രചരിപ്പിച്ചു. 

ആ മഴക്കുഴികൾ സംരക്ഷിയ്ക്കുവാൻ 

"കാവു തീണ്ടരുത്‌ മക്കളേ..... 
കുലം മുടിയും" 

എന്നൊരു ഉപദേശവും അവർ നൽകി. അത്‌ പഴമയുടെ വിഢിത്തമായി പരിഹസിച്ച്‌ ആ കാവുകളും, കുളങ്ങളും, ഇലഞ്ഞിയും, ആലും, ചൂരലും, ആഞ്ഞിലിയും, തകർത്തെറിഞ്ഞും; നാഗവിഗ്രഹങ്ങൾ മണ്ണാറശ്ശാലയിലും പാമ്പിന്മേക്കാവിലുമൊക്കെ പറിച്ച്‌ നടുകയും ചെയ്തപ്പോൾ.... ഒരു കാലത്ത്‌ കുളത്തിൽ ഉറയുന്ന തെളിനീർ കുടിച്ചിരുന്ന 

വെള്ളത്തിൽ മുങ്ങിയ കുട്ടനാട്ടിലെ കിണറിലും കുഴൽക്കിണറിലും പോലും ഒന്നൊരു തുള്ളി കുടിയ്ക്കാൻ യോഗ്യമായ ജലമില്ല!

ഇവ പിന്നീട് ചെറുതും വലുതുമായ ക്ഷേത്രങ്ങളാക്കിയും നീർത്തടങ്ങൾ ക്ഷേത്രക്കുളങ്ങളായും ഭരണാധികാരികളാൽ സംരക്ഷിയ്ക്കപ്പെട്ടു. ഇവയിലൊന്നായ പാത്രക്കുളം, കാർത്തികതിരുനാൾ തീയറ്റർ ആക്കിയതിൻറ്റെ തിക്തഫലങ്ങൾ ചെറുമഴയിൽ പോലുമുള്ള വെള്ളക്കെട്ടായ തിരുവനന്തപുരത്തിൻറ്റെ ഹൃദയമായ തമ്പാനൂരിൽ നിറയുന്നു.



നമുക്ക് ആകാശത്തിൽ ചുറ്റി നടക്കുന്ന ഉപഗ്രഹങ്ങളെ അറിയാം, നമ്മൾ ഭൂമിയ്ക്ക് മുകളിലെ ഒരേസ്ഥാനത്തിനു മുകളിലായി നിർത്തുന്ന ജിയോസ്റ്റേഷനറി ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങൾ ഒഴിച്ചാൽ എല്ലാം പ്രദിക്ഷണമോ, അപ്രദിക്ഷണമോ ആയി ഭൂമിയെ ചുറ്റുന്നവ ആണ്. ഇവയിൽ തിരുനെല്ലാർ ശനീശ്വരൻ ക്ഷേത്രത്തിനു മുകളിൽ കൂടി ഭ്രമണപഥമുള്ള ഉപഗ്രഹങ്ങൾ ആ ക്ഷേത്രത്തിനു മുകളിൽ വരുമ്പോൾ ഒരു മാത്ര ഒന്ന് നിൽക്കുന്നുവോ? അതിന്റെ ഗതി ഒന്ന് മന്ദീഭവിയ്ക്കുന്നുവോ? ഒന്നല്ല എല്ലാ ഉപഗ്രഹങ്ങളും ഈ രീതിയിൽ പെരുമാറിയപ്പോൾ നാസയിലെ ശാസ്ത്രജ്ഞന്മാർ എന്തിനാണു തിരുനെല്ലാറിൽ എത്തിയത്? അവരെന്ത് പരീക്ഷ്ണനിരീക്ഷണങ്ങൾ ആണവിടെ നടത്തിയത്? അള്ട്രാവയലറ്റ് രശ്മികൾ തിരുനെല്ലാരിൽ, ഭൂമിയിലെ മറ്റ് സ്ഥലങ്ങളേയ്ക്കാൾ കൂടുതൽ സാന്ദ്രതയിൽ പതിയ്ക്കുന്നതെന്ത് കൊണ്ട്?

ഉപഗ്രഹങ്ങളുടെ ഗതിയിൽ വരുന്ന മന്ദത ഒരു ശാസ്ത്രീയ പ്രതിഭാസം മാത്രമാണ്. കൃത്യമായ വൃത്താകൃതി ഇല്ലാത്ത ഭൂമിയുടെ ചുറ്റും വൃത്താകൃതിയിൽ കറങ്ങേണ്ടി വരുന്ന ഉപഗ്രഹങ്ങൾക്ക് ഭൂമിയിൽ നിന്നും കൃത്യമായി ദൂരം കാത്ത്, ഒരേ ഭ്രമണപഥത്തിൽ നിൽക്കുവാൻ ചില സ്ഥലങ്ങളിൽ വച്ച് അല്പ്പം സ്പീഡ് കുറച്ച്, ദിശമാറി പോകേണ്ടതുണ്ട്. ഇത് ഭൂമിയുടെ പ്രതലത്തിനു മുകളിലായി മൂന്ന് സ്ഥലങ്ങളിൽ എങ്കിലും നടക്കണം. ഇതിലൊന്ന് പൊട്ടിയകന്ന വങ്കരകളേയും, സമുദ്രത്തെയും, പർവ്വതങ്ങളേയും സ്വയം വഹിച്ച് ചെയ്യുന്ന ഭൂമിയ്ക്ക് ഗുരുത്വാകർഷണ സംബന്ധിയായി വരുന്നത് തിരുനെല്ലാർ ആണെന്ന് മാത്രം.

ശാസ്ത്രം അവിടെ നിർത്താം. വിശ്വാസങ്ങളിൽ തിരുനെല്ലാരിൽ നിന്ന് നിലാവേൽക്കുന്നതും, സൂര്യകിരണങ്ങൾ ഏൽക്കുന്നതും, 30 മാസം കൂടുമ്പോൾ വരുന്ന "ശനിപെയാർച്ചി - ശനി പകർച്ച" ഉത്സവത്തിൽ പങ്കെടുത്താൽ ആയുരാരോഗ്യങ്ങൾ ലഭിയ്ക്കുമെന്നും, രോഗനിവാരണം വരുമെന്നും ഉറപ്പിയ്ക്കുന്നു.

ഞാൻ ചൂണ്ടിക്കാണിയ്ക്കുന്നത് ഇതൊന്നുമല്ല, ഒരുപഗ്രഹവും, ആധുനികസൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത്, ഈ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തിരിച്ചറിഞ്ഞ്, അവിടെ ശനീശ്വരൻ ക്ഷേത്രം നിർമ്മിച്ച ആ വൈഭവത്തെ നമ്മൾ ആദരിയ്ക്കെണ്ടേ?



അവർക്കുണ്ടായിരുന്ന ആ അപാരമായ അറിവുകൾ, കഴിവുകൾ, സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ നമുക്ക് പകർന്ന് കിട്ടാതെ പോയതിൽ നമ്മൾ ദു:ഖിയ്ക്കേണ്ടേ?

തങ്ങൾക്ക് എക്ടോപ്ലാസത്തിലെ ശാരീരിക അശുദ്ധി മൂലം വഴങ്ങാതെ പോയ അവ നശിപ്പിയ്ക്കപ്പെട്ടതിൽ, അതിലൂടെ ദ്രാവിഡവംശത്തിന്റെ, ഭാരതത്തിന്റെ ഉന്നമനത്തെ തടഞ്ഞതിൽ മതമേലളന്മാർക്കുള്ള പങ്കിൽ അഭിമാനിയ്ക്കണോ? മനുഷ്യൻ ജയിച്ചു, ശാസ്ത്രം തോറ്റു! അതിൽ ലജ്ജിയ്ക്കണോ?

ആത്മീയത ശാസ്ത്രീയമാകുമ്പോൾ അത് മനുഷ്യരാശിയ്ക്ക് ഉപകാരപ്രദവും, അല്ലാത്തപ്പോൾ ചൂഷണത്തിനുള്ള ഉപാധിയും ആകുന്നു.

"സുഖമൊരുനാൾ വരും വിരുന്നുകാരൻ 
ദു:ഖമോ പിരിയാത്ത സ്വന്തക്കാരൻ"

അപ്പോൾ ശനിദേവത തന്നെ എനിയ്ക്ക് പരദേവത; ആകയാൽ ശനീശ്വരൻ എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ!

No comments:

Post a Comment