കൃഷ്ണേ നിനക്ക് ആരാണു കൃഷ്ണൻ?
ശ്രീകൃഷ്ണൻ ദ്രുപദപുത്രി കൃഷ്ണയുടെ കള്ളക്കാമുകനാണോ? എന്ന ഒരു സംശയം അന്നേ നിലനിന്നിരുന്നു. കൃഷ്ണനും കൃഷ്ണയ്ക്കും അറിയുകയും ചെയ്യാമായിരുന്നു ആ സംശയത്തിന്റെ കണ്മുനകളെ.
ഒരു നാൾ കൊട്ടാരത്തിലെ രജസ്ത്രീകൾ സായാഹ്നം ചിലവിടുന്ന മാന്തോപ്പിലേയ്ക്ക് ആ ശ്യാമവർണ്ണൻ കടന്നു വന്നു. അപ്രതീക്ഷിതമായി കടന്നു വന്ന അതിഥിയെ രാജസ്ത്രീകൾ ആദരിച്ചു. അവൻ അവരുടെ മദ്ധ്യത്തിൽ ചിരിതൂകി നിന്ന് കൊണ്ട് ഓരോരുത്തരോടും പ്രത്യേകമായി കുശലാന്വേഷണങ്ങൾ നടത്തി. പിന്നീട് ആ തോപ്പിൽ കായ്ച്ചു നില്ക്കുന്ന ഒരു മാവിനെ ലക്ഷ്യമാക്കി നടന്നു. ആ മാവിന്റെ താഴ്ന്ന ശിഖരത്തിൽ നിന്നും ഒരു പച്ചമാങ്ങാ അടർത്തിയെടുത്ത് കൊണ്ട് അവൻ രാജസ്ത്രീകളുടെ അടുത്തേയ്ക്ക് മടങ്ങിയെത്തി.
തികഞ്ഞ കൗതകത്തോടെ അവന്റെ ചെയ്തികൾ ശ്രദ്ധിച്ചു നിന്ന അവരോട് തന്റെ സ്വതസിദ്ധമായ കള്ളച്ചിരിയോടെ അവൻ പറഞ്ഞു " ഈ മാങ്ങ ഞെട്ടറ്റതെങ്കിലും നിങ്ങളിൽ പാതിവൃത്യമുള്ളവൾ ഇത് തിരികെ ആ ഞെടുപ്പിൽ വച്ചാൽ, പഴയത് പോലെ ഇത് അവിടെ കൂടിച്ചേരും, ആ ചില്ലയുടെ ഭാഗമായി മാറും"
വീണ്ടും ചിരിയോടെ അവൻ തുടർന്നു " ആരാണു നിങ്ങളിൽ നിന്നാദ്യം വന്നിത് ചെയ്യുക?"
രാജസ്ത്രീകൾ പരുങ്ങലിലായി. എന്താണീ പാതിവ്രത്യത്തിന്റെ അളവുകോൽ? ഒരു പുരുഷനെ അവൻ ചിലപ്പോൾ സുന്ദരനായ രാജഭൃത്യനാവാം, അശ്വപാലകനാവാം, മനസ്സിൽ ഒരു ഞൊടി ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് പാതിവൃത്യഭമ്ഞ്ജനം ആവുമോ? ജമദഗ്നിപത്നി രേണുകയുടെ നൊടിയിടയ്ക്ക് ആകാശമാർഗ്ഗം പോയ ഗന്ധർവ്വനെ പ്രീതിയോടെ വീക്ഷിച്ചതിനാൽ വന്ന അവസ്ഥ എല്ലാം അവരിൽ ഭീതി ഉണർത്തി.
ഓരോ ഒഴിവു കഴിവുകൾ നിരത്തി രാജസ്ത്രീകൾ പിൻവലിഞ്ഞു. ഒടുവിൽ ശങ്കിച്ച് നിന്ന ദ്രൗപതിയെ നോക്കി കൃഷ്ണൻ ചോദിച്ചു " എന്താ കൃഷ്ണേ ഒന്ന് പരീക്ഷിയ്ക്കുന്നോ?"
ചോദിയ്ക്കുന്നത് സാക്ഷാൽ കൃഷ്ണൻ ആണ്, എന്തെങ്കിലും കാര്യം കാണാതിരിയ്ക്കില്ല എന്ന ഉറപ്പ് അവൾക്കുണ്ട്, തനിയ്ക്ക് ഇതിൽ ദോഷം വരില്ല എന്ന നിശ്ചയവും.
കൃഷ്ണനോടവൾ ഉത്തരം പറഞ്ഞില്ല, അവന്റെ കൈയ്യിൽ നിന്നും ആ മാങ്ങ വാങ്ങി നേരേ മാവിനരികിൽ എത്തി അത് കറയൂർന്നു വീഴുന്ന ആ ഞെടുപ്പിൽ തൊടുവിച്ചു. അദ്ഭുതകരമായി അതവിടെ ഒട്ടിച്ചേർന്നു, ഒരിയ്ക്കലും വേർപെട്ടിട്ടില്ലാത്തത് പോലെ!
എല്ലാവരും ദ്രൗപതിയുടെ പതിവൃത്യശുദ്ധിയെ പ്രകീർത്തിച്ചു, നീലാരവിന്ദഗാത്രന്റെ ചുണ്ടിൽ അപ്പോഴും ആ കള്ളച്ചിരി കൂടുതൽ ഭംഗിയോടെ വിരിഞ്ഞു നിന്നു.
No comments:
Post a Comment