അനടോളീ ഫ്രാൻസ്സ് 1908 ൽ എഴുതിയ "പെൻഗ്വിൻ ദ്വീപ് " എന്ന നോവൽ മനുഷ്യൻറ്റെ ചരിത്രം വളരെ രസകരമായി വിവരിച്ചിരിയ്ക്കുന്നു.
മായേൽ എന്ന വൃദ്ധ കൃസ്തീയപുരോഹിതൻ ബ്രെട്ടോണിൽ നിന്നും ലോകമെമ്പാടും സഞ്ചരിച്ച് നടത്തുന്ന മതപരിവർത്തന പ്രവർത്തനങ്ങൾക്കിടയിൽ, ചെകുത്താനാൽ വഴി തെറ്റിയ്ക്കപ്പെട്ട് ഉത്തര ധ്രുവത്തിലെ പെൻഗ്വിനുകൾ മാത്രമുള്ള ഒരു ദ്വീപിൽ എത്തിച്ചേരുന്നു.
ദ്വീപിൽ കൂട്ടമായി കണ്ട പെൻഗ്വിനുകളെ മൂടൽമഞ്ഞിൻറ്റെ കനത്ത മറയും വാർദ്ധക്യത്തിൻറ്റെ മങ്ങലും കാരണം ആ വൃദ്ധൻ ഏതോ വിധമായ ആരാധനയിൽ മുട്ടിൽ നില്ക്കുന്ന മനുഷ്യരെന്ന് കരുതി, അവരുടെ സമ്മതം ചോദിയ്ക്കുകയും, ആ പക്ഷികളുടെ നിശബ്ദത സമ്മതമായി കരുതി, ശൈത്യം വകവയ്ക്കാതെ ഉറഞ്ഞ ജലം കൈക്കുമ്പിളിൽ കോരി ജ്ഞാനസ്നാനം ചെയ്യിച്ച്, നല്ല ഉശിരൻ ഒരു സുവിശേഷ പ്രസംഗവും അങ്ങ് നടത്തി.
ഇത് സ്വർഗ്ഗത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു, വന്ദ്യവയോധികനായ ആ സുവിശേഷകനെ ചിലർ പരിഹസിച്ചതും, മറ്റ് ചിലര് അത് ചോദ്യം ചെയ്തതും അവിടെ കൂട്ടത്തല്ലിൽ കലാശിച്ചു. സഹികെട്ട ദൈവം എല്ലാ വിശുദ്ധന്മാരേയും വിളിച്ച് സഭകൂടി കൂലം കഷമായി ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തി. ആ പെൻഗ്വിനുകളെ എല്ലാം മനുഷ്യർ ആക്കി മാറ്റുക. തൻറ്റെ കുഞ്ഞാടുകളെ മേയ്ക്കാൻ മായേലിനെ കൊണ്ട് ആ ദ്വീപിനെ കെട്ടി വലിച്ച് ബ്രിട്ടോണിൻറ്റെ കരയിലേയ്ക്ക് കൊണ്ട് വരിക. സ്വർഗ്ഗത്തിലെ തീരുമാനം ഭൂമിയിൽ നടപ്പാകുമ്പോൾ അവിടെ ആരംഭിയ്ക്കുന്നു ആൽക്കാ ദ്വീപിലെ പെൻഗ്വിണ്‍ മനുഷ്യരുടെ ചരിത്രം.
ആദ്യത്തെ പ്രശ്നം, മനുഷ്യരായിത്തീർന്ന പെൻഗ്വിനുകൾ, മയേൽ പുരോഹിതൻറ്റെ സദാചാരപ്പോലീസ്സ് ഗുണ്ടകൾ പലതവണ വസ്ത്രങ്ങൾ ധരിപ്പിച്ചിട്ടും ബോധവത്ക്കരിച്ചിട്ടും, വസ്ത്രം ധരിയ്ക്കുവാൻ തയ്യാറായില്ല എന്നതാണ്. ഒടുവിൽ മയേൽ പുരോഹിതൻറ ബുദ്ധിയിൽ ഒരു ബുദ്ധി തെളിഞ്ഞു, സദാചാരപ്പോലീസ്സ് ഗുണ്ടകൾ പെണ്ണൂങ്ങളുടെ കൂട്ടത്തിൽ അത്രയ്ക്ക് സുന്ദരി അല്ലാത്ത ഒന്നിനെ ബലമായി പിടി കൂടി വസ്ത്രം ധരിപ്പിച്ചു, പിന്നീട് ഒരു തവണ ഇതുമായി ആണുങ്ങളുടെ ഇടയിൽ നടന്നാൽ ശ്രദ്ധിയ്ക്കപ്പെടും, ഒന്ന് പരീക്ഷിയ്ക്കാൻ ആവശ്യപ്പെട്ടു. ഗുഹ്യഭാഗങ്ങൾ മറച്ചെത്തിയ പെണ്ണിനെ സകല ആണുങ്ങളും ശ്രദ്ധിച്ചു, അതി സുന്ദരികളെ വരെ ഉപേക്ഷിച്ച് മറയ്ക്കുവയ്ക്കപ്പെട്ടതിൻറ്റെ ഗുരുത്വാകർഷണത്തിൽ അവർ അവളെ പിന്തുടർന്നു. ഇത് മറ്റ് പെണ്ണൂങ്ങളെ ദുഖിതരാക്കി, അവരും വസ്ത്രം ധരിയ്ക്കാൻ തീരുമാനിച്ചു, അങ്ങനെ പെണ്ണൂങ്ങളും, ക്രമേണ ആണുങ്ങളും വസ്ത്രം ധരിച്ച് തുടങ്ങി.
ഇനി ഭൂമിയും സമ്പത്തും എങ്ങനെ വീതിയ്ക്കും എന്നതായി കീറാമുട്ടി, ഓരോരുത്തരും അടുത്തവൻറ്റെ തലയ്ക്കടിച്ച് അവകാശം നേടിത്തുടങ്ങിയപ്പൊൾ, ഏറ്റവും കരുത്തനായ "ഗ്രീട്ടുക്ക്" എന്ന വീരൻ സമ്പത്തും അധികാരവും നേടി. ഒരു നികുതി പിരിയ്ക്കൽ സംവിധാനവും, സമ്പത്ത് കുറഞ്ഞവർക്ക് ആ നികുതിയുടെ ഗുണം കിട്ടാനുള്ള വ്യവസ്ഥകളും ഉണ്ടായി.
ഏറ്റവും ബുദ്ധിമാനായ ക്രാകൻ, ഗ്രീട്ടുക്കിനോട് മുട്ടി തല പൊളിയ്ക്കാൻ നിൽക്കാതെ, ആ ദ്വീപിലെ ഒരു ദ്വീപിലേയ്ക്ക് ഉൾവലിഞ്ഞ് ഒറ്റയ്ക്ക് ജീവിതം നയിച്ചു. അവൻ ആ ദ്വീപിലെ ഏറ്റവും സുന്ദരിയായ ഓർബറോസിയ എന്ന സ്ത്രീയെ അവൻ ജീവിതസഖിയാക്കി. ക്രാകൻ ഒരു ഭീകരവ്യാളിയുടെ രൂപത്തിൽ പുറത്ത് വന്ന് മറ്റുള്ളവരുടെ സമ്പത്ത് കൊള്ളയടിച്ച് ഗുഹയിലേയ്ക്ക് മടങ്ങി. അങ്ങനെ അവൻ ക്രമേണ ഗ്രീട്ടുക്കിലും വലിയ ധനികനായി.
ജനങ്ങൾ ഒന്നിച്ച്, അവരുടെ സമ്പത്ത് സംരക്ഷിയ്ക്കുവാനും, വ്യാളിയെ കൊല്ലുവാനും തീരുമാനിച്ച് തയ്യാറെടുപ്പുകൾ തുടങ്ങിയതോടെ, ക്രാകൻ ഭയന്നു. എന്നാൽ "വ്യാളിയെ നശിപ്പിയ്ക്കാൻ ഒരു സുന്ദരിയായ കന്യക എത്തും" എന്ന മായേലിൻറ്റെ പ്രവചനം അവനു രക്ഷയ്ക്കെത്തി.
ക്രാകനും, ഓർബറൊസ്യയും ചേർന്ന് യാന്ത്രികമായി ചലിയ്ക്കുന്ന ഒരു ഭീകരവ്യാളിയെ യാന്ത്രികമായി സൃഷ്ടിച്ചു. പിന്നീട് ഓർബറൊസ്യ മായേൽ വിശുദ്ധനരുകിൽ എത്തി അവളാണാ നിയോഗവുമായി വന്ന കന്യക എന്ന് അറിയിച്ച് അദ്ദേഹത്തിൻറ്റെ കൂടെ കൂടി. ക്രാകനുമായി പറഞ്ഞുറപ്പിച്ച സമയത്ത് അവൾ ആ കപടവ്യാളിയെ രംഗത്തിറക്കി, ഒളിവിൽ ഇരുന്ന ക്രാകൻ, വീരനായകനായി രംഗപ്രവേശം ചെയ്ത്, വ്യാളിയെ യുദ്ധം ചെയ്ത് ദൂരേയ്ക്ക് കൊണ്ട് പോയി അതിനെ വധിയ്ക്കുന്നു. ഇതോടെ ക്രാകനെ ജനങ്ങൾ നേതാവായി അംഗീകരിയ്ക്കുകയും, വാർഷികമായി ഒരു നിശ്ചിത സമ്പത്ത് അവനു നൽകുവാനും തീരുമാനിച്ചു. അവൻറ്റെ ജനസ്വാധീനത്തിനു മുന്നിൽ ഗ്രീട്ടുക്ക് പോലും തലതഴ്ത്തി, അവൻ ആദ്യജനനായകൻ ആയി. അവൻറ്റെ പുത്രൻ ഡ്രാക്കോ ആദ്യത്തെ രാജാവായി, അതോടെ പെൻഗ്വിനിയ രാജ്യവും, അതിനൊരു രാജകുടുംബവും നിലവിൽ വന്നു, ഇതോടെ അൽക്കദ്വീപിൻറ്റെ മദ്ധ്യയുഗം പിറന്നു.
ക്രാകൻറ്റെ സന്തതി പരമ്പരയിലെ മറ്റൊരു ഡ്രാക്കോ എന്ന രാജാവ്, ഒരു ചക്രവർത്തി ആവുക എന്ന ലക്ഷ്യത്തോടെ സാമ്രജ്യം സ്ഥാപിയ്ക്കുവാൻ തീരുമാനിച്ച് ദേശവിജയത്തിനിറങ്ങി, കടുത്ത യുദ്ധം നടത്തി പോർപ്പോയിസ്സെസ്സ് എന്ന രാജ്യത്തെ നാമാവശേഷം ആക്കി. ക്രാകൻ ജീവിച്ച, സന്യാസിനിയായി മാറിയ ഓർബറീസിയ തപസ്സ് ചെയ്ത അതേ ഗുഹ തലസ്ഥാനമാക്കി, ഓർബറീസിയ എന്ന പേരിൽ മഹാരാജ്യം സ്ഥാപിയ്ക്കപ്പെട്ടു.
ചുരുക്കിപ്പറഞ്ഞാൽ ഏറ്റവും കരുത്തനായ ഒരുവനിലല്ല ആദിയിൽ മുതൽ അധികാരം ഉറച്ചിട്ടുള്ളത്, ഏറ്റവും ബുദ്ധിമാനിൽ ആണ്. സമ്പത്തും അധികാരവും അവനെ വലം വച്ചു തുടങ്ങി. മനുഷ്യചരിത്രം അന്നും ഇന്നും ഇങ്ങനെ തന്നെ ആണ്.
ചുരുക്കിപ്പറഞ്ഞാൽ ഏറ്റവും കരുത്തനായ ഒരുവനിലല്ല ആദിയിൽ മുതൽ അധികാരം ഉറച്ചിട്ടുള്ളത്, ഏറ്റവും ബുദ്ധിമാനിൽ ആണ്. സമ്പത്തും അധികാരവും അവനെ വലം വച്ചു തുടങ്ങി. മനുഷ്യചരിത്രം അന്നും ഇന്നും ഇങ്ങനെ തന്നെ ആണ്.
No comments:
Post a Comment