Sunday, January 24, 2016

സ്വാതിതിരുനാളിന്റെ സുഗുണരാമൻ (ഭാവയാമി രഘുരാമം)

കൊച്ചു വെളുപ്പാൻ കാലത്തെ മൂടിപ്പുതച്ചുറങ്ങുന്നവരെ ശല്യം ചെയ്യാൻ കിഴക്കേ മാന്തറമീഞ്ചാൽ പാടശേഖരം കടന്നു വരുന്ന ശബ്ദകോലഹലങ്ങൾ ; അതിനപ്പുറം ഒന്നുമായിരുന്നില്ല ചെറുപ്പത്തിൽ " എം. എസ്. സുബ്ബലക്ഷ്മിയുടെ വെങ്കിടേശ്വര സുപ്രഭാതം"

പിന്നീട് നാഷണൽ പാനാസോണിക്ക് സ്റ്റീരിയോ ഡക്കുമായി കാസറ്റിലേറി വീട്ടിലെത്തിയപ്പോൾ ഒരു വശത്ത് വെങ്കിടേശ്വരസുപ്രഭാതവും, മറുവശത്ത് "ഭാവയാമിരഘുരാമം", "രംഗപുരവിഹാര" എന്നീ കീർത്തനങ്ങളും ആണെന്ന് മനസ്സിലായി.

അർത്ഥം ഗ്രഹിയ്ക്കാനുള്ള താൽപ്പര്യം അന്നുമുണ്ടായില്ല; മിമിക്രിക്കാർ "കമലാകുച്ച ചൂച്ചുക കുങ്കമതോ...." പാരഡിയാക്കിയപ്പോൾ മത്രമാണങ്ങനെ ഒരു തോന്നൽ ഉടലെടുത്തത്.

"കൌസല്യയുടെ നല്ലവനായ പുത്രാ ... രാമാ.. കിഴക്ക് പ്രഭാതസന്ധ്യ വന്നണഞ്ഞിരിയ്ക്കുന്നു, ദൈവീകമായ കർത്തവ്യങ്ങൾ ചെയ്തു തീർക്കാൻ ഉണർന്നാലും .. എണീറ്റാലും" എന്ന് ശ്രീരാമനോട് ആരോ പറയുന്നതാണാദ്യ വരി എന്ന് മനസ്സിലായി.

അയോദ്ധ്യയിൽ നിന്നും യാഗരക്ഷയ്ക്കായി, വഴിനടന്ന് , പുഴ കടന്ന് ദണ്ഡകാരണ്യത്തിൽ വച്ച് രാക്ഷസ്സിയായ താടകയെ വധിച്ച്, ഗാഥിയുടെ പുത്രൻ മഹർഷി വിശ്വാമിത്രന്റെ ആശ്രമത്തിലെത്തി, ക്ഷീണിച്ച് ഉറങ്ങിപ്പോയ രാമനെ, യാഗം ആരംഭിയ്ക്കുന്നതിന് മുമ്പേ വിളിച്ചുണർത്തി, തയ്യാറാക്കാൻ മഹർഷി പാടിയ ഉണർത്ത് പാട്ടായിരുന്നു, ആദ്യവരികൾ.... ഒരു യു ടേണിലൂടെ രാമനെ വിഷ്ണുവാക്കി, മുന്നോട്ടുള്ള പോക്കും ക്രമേണ മനസ്സിലായി.

അപ്പോഴും മറുഭാഗത്തുള്ള ഭാവയാമി രഘുരാമം അകന്നു നിന്നു. ചിലവാക്കുകൾ മാത്രം മനസിലുടക്കി നിന്നു. "അനഘമീശ ചാപഭംഗം", "അനഘപമ്പാ തീരസംഗം", "അതിഘോരശൂർപ്പണഖ", "ഖലമാരീചഹരം", "സുജനവിമത ദശാസ്യ" എന്നിങ്ങനെ.

എം.ടി യുടെ ഭീമനും , ചന്തുവും പറഞ്ഞ "കൃത്യമായി ലക്ഷ്യം ഭേദിയ്ക്കാൻ കഴിയില്ലെങ്കിൽ വില്ല് ഒടിച്ചു കളയുക, കണ്ണിൽ മണ്ണൂവരിയിട്ട് വെട്ടുന്ന കുറുപ്പന്മാരുടെ പുതിയ അടവ്" എന്നിങ്ങനെ പ്രയോഗങ്ങൾ, മുഖപുസ്തകത്തിൽ വായിച്ച ചില ലേഖനങ്ങൾ എന്നിവയാൽ പ്രേരിതമായി നടത്തിയ പഠനം സ്വാതിതിരുനാൾ എന്ന നമ്മുടെ മുൻരാജാവ്, ലങ്കാധിപതി രാവണന്റെ ഒരു നല്ല "ഫാൻ" ആയിരുന്നു എന്ന നിഗമനത്തിൽ എത്തിച്ചു. ലങ്കേശനെ "സുജനവിമതൻ" അഥവാ നല്ലത് പറഞ്ഞ് കൊടുത്താൽ കേൾക്കാത്തവൻ, ചുരുക്കിപ്പറഞ്ഞാൽ പ്രത്യേകിച്ച് നുമ്മ ഫ്രീക്കാൻ സ്റ്റൈലിൽ "കുരുത്തം കേട്ടവൻ" എന്ന് വിശേഷിപ്പിച്ചത് "ക്ഷ" പിടിച്ചു.
ആ പഠനം ഒരിയ്ക്കൽ ബ്ലോഗ്ഗിൽ കുറിച്ചു.....

സ്വാതിതിരുനാളിന്റെ സുഗുണരാമൻ 
(ഭാവയാമി രഘുരാമം) 
=====================

ഇതുവരെ വ്യാഖ്യാനിച്ച കീർത്തനങ്ങളിൽ വെച്ചേറ്റവും സങ്കീർണ്ണവും, ദുഷ്ക്കരവുമായത് " ഭാവയാമി രഘുരാമം" ആണെന്ന് നിസ്സംശയം പറയുവാൻ കഴിയും. രാമായണത്തിലെ കേന്ദ്രകഥാപാത്രമായ ശ്രീരാമന്റെ വ്യക്തിപ്രഭാവം 6 കാണ്ഡങ്ങളിൽ നിന്നും കഥാഗതിയിലെ മർമ്മപ്രധാനമായ സന്ദർഭങ്ങൾ ശേഖരിച്ച്, സംഗ്രഹിച്ച് തിരഞ്ഞെടുത്ത 6 ആറ് ശ്ലോകങ്ങളിലൂടെ പരിപൂർണ്ണമായി അവതരിപ്പിയ്ക്കുകയാണ് സ്വാതിതിരുനാൾ.

സമ്പൂർണ്ണ രാമായണത്തെ രണ്ട് യാത്രകളായി "ഭാവയാമി രഘുരാമം" അവതരിപ്പിയ്ക്കുന്നു; മഹർഷി വിശ്വാമിത്രനൊപ്പം യാഗരക്ഷാർത്ഥം പുറപ്പെട്ട് സീതാപരിണയം കഴിഞ്ഞ് തിരിച്ചെത്തുന്ന ഒരു യാത്ര. പിന്നീട് കൈകേയിയുടെ ആവശ്യപ്രകരമുള്ള വനയാത്രയും, രാവണവധം വരെ നീണ്ട സംഭവപരമ്പരകളും 14 വർഷം കഴിഞ്ഞു തിരിച്ചെത്തുന്ന മറ്റൊരു യാത്ര.

ഇതൊരു രാഗമാലിക ആണ് , ഒരു വിഷയമാകുന്ന ചരടിൽ കോർത്ത, ഏഴു രാഗങ്ങളിൽ ഉള്ള പല്ലവി, അനുപല്ലവി, ചരണങ്ങൾ എന്നീ പുഷ്പങ്ങളാൽ ഒരുക്കിയ മാലയാണീ കീർത്തനം. സാവേരി രാഗത്തിലാണ് ആദ്യം ചിട്ടപ്പെടുത്തിയതെങ്കിലും, പിന്നീട് ശെമ്മാങ്കുടി ശ്രീനിവാസൻ 6 രാഗങ്ങളിൽ ചിട്ടപ്പെടുത്തിയതാണ് ഇന്ന് നമ്മൾ കേൾക്കുന്ന രാഗമാലിക.

വാത്മീകിയുടെ രാമൻ പച്ചയായ മനുഷ്യനും, എല്ലാ തെറ്റുകുറ്റങ്ങളും നിറഞ്ഞ ജീവിതവും, പാപപുണ്യങ്ങളുടെ മിശ്രിതമായ കർമ്മപഥവും പിന്നിട്ട സാധാരണക്കാരൻ മാത്രമാണ്. "മര്യാദാപുരുഷോത്തമൻ" അഥവാ ഉത്തമ മനുഷ്യനെന്ന വിശേഷണം പോലും പലപ്പോഴും വാത്മീകിയുടെ രാമനെ നോക്കി അപഹസിയ്ക്കുന്ന രംഗങ്ങൾ വാത്മീകി രാമായണത്തിൽ കാണാം.

എന്നാൽ ഭക്തിപ്രസ്ഥാനത്തിന്റെ മറവിലും, ഭക്തിയുടെ നിറവിലും എഴുതപ്പെട്ട തുളസീദാസ്സിന്റെ രാമച്ചരിതമാനസ്സവും, തുഞ്ചത്ത് രമാനുജനെഴുത്തഛന്റെ അദ്ധ്യാത്മരാമയണവും വിഷ്ണുവിന്റെ അവതാരമായ ദൈവീകപരിവേഷമുള്ള മറ്റൊരു രാമനെ ആണ് അവതരിപ്പിയ്ക്കുന്നത്. ഒരു സാധാരണക്കാരനെ ദൈവമാക്കുമ്പോൾ ഉണ്ടാകാവുന്ന എല്ലാ വെല്ലുവിളികളും പത്രസൃഷ്ടിയിൽ അവർക്ക് നേരിടേണ്ടീ വന്നു. ചില സംഭവങ്ങൾ വേണ്ടെന്ന് വച്ചു, മറ്റു ചിലതിനെ വളച്ചൊടിച്ചു, പിന്നെ ചിലതിനെ വ്യാഖ്യാനിച്ചു, ചിലതിൽ പുകമറ സൃഷ്ടിച്ചു, എന്നിട്ടും പലതിനും മറുപടികൾ ഇല്ലാതെ വന്നു, അവ ഏച്ച് വയ്ക്കലുകൽക്കിടയിൽ മുഴച്ച് നില്ക്കുന്നു, അന്നും.. ഇന്നും..

തുളസ്സീദാസ്സിനും, എഴുത്തച്ഛനും ഇതിഹാസത്തിന്റെ വലിപ്പത്തിൽ ഉള്ള കൃതികൾ ആയതിനാൽ ഈ വക പൊളിച്ചെഴുതലുകൾക്ക് സൗകര്യമൊരുക്കി; എന്നാൽ 2 ഈരടികളിലും, 8 ശ്ലോകങ്ങളിലുമായി അതെ കൃത്യം നിർവ്വഹിയ്ക്കുക എന്ന സ്വാതി തിരുനാളിന്റെ സാഹസ്സത്തിന് നമ്മൾ സക്ഷികളാവുകയാണീ കീർത്തനത്തിലൂടെ. അതിനാൽ തന്നെ വാത്മീകി രാമായണമെന്ന അടിത്തറയിൽ നിൽക്കുമ്പോഴും അതിൽ നിന്ന് വ്യത്യസ്ഥമായി ലഘുവെങ്കിലും അതിഗംഭീരമായ ചില പൊടിപ്പും തൊങ്ങലും ഈ കൃതിയിലുടനീളം നമുക്ക് ദർശ്ശിയ്ക്കാം.

പല്ലവി 
(സാവേരി - 15 മായാമാളവ ഗൗള ജന്യ )
===================================

"ഭാവയാമി രഘുരാമം 
ഭവ്യ സുഗുണാരാമം"

ഭാവയാമി - ആരാധിയ്ക്കുന്നു, പൂജിയ്ക്കുന്നു 
രഘുരാമ - രഘുവംശത്തിൽ പിറന്ന രാമനെ 
അഹം - ഞാൻ 
ഭവ്യ - വിജയപ്രദമായ, നന്മയുണ്ടാക്കുന്ന 
സുഗുണ - സദ്ഗുണങ്ങൾ 
ആരാമം - പൂന്തോട്ടം, വിളനിലം

വിജയമരുളുന്ന സദ്ഗുണങ്ങളുടെ മൂർത്തിമദ്ഭാവമായ രഘുവംശത്തിലെ ശ്രീരാമനെ ഞാൻ ആരാധിയ്ക്കുന്നു.

അനുപല്ലവി
(രാഗം : സാവേരി, മായാമാളവഗൗള )
==================================

"ഭാവുക വിതരണപരാ-
പാംഗലീലാ ലസിതം"

ഭാവുക - ഐശ്വര്യം, സന്തോഷം 
വിതരണപര - ദാനപ്രിയൻ, വരദായകൻ 
അപാംഗലീലാ - കടക്കണ്ണിലൂടെ 
ലസിതം - തിളക്കമാർന്ന

ഭക്തജനങ്ങൾക്ക് തിളക്കമാർന്ന കടക്കണ്ണിലൂടെയുള്ള കടാക്ഷത്താൽ തന്നെ ഐശ്വര്യവും, സന്തോഷവും വരമായി ചൊരിയുവാൻ പ്രിയമുള്ള ....
രഘുവംശത്തിലെ ശ്രീരാമനെ ഞാൻ ആരാധിയ്ക്കുന്നു.

ചരണം 1 (ബാലകാണ്ഡം) 
(നാട്ടുക്കുറിഞ്ഞി -28 ഹരികാംബോജി ജന്യ)
=======================================

"ദിനകരാന്വയതിലകം ദിവ്യഗാധിസുതസവനാ-
വനരചിതസുബാഹുമുഖ വധമഹല്യാപാവനം
അനഘമീശചാപഭംഗം ജനകസുതാപ്രാണേശം
ഘനകുപിതഭൃഗുരാമഗർവ്വഹരമിത സാകേതം"

ദിനകര - സൂര്യൻ 
അന്വയ - പിന്തുടർച്ചക്കാരൻ, വംശജൻ 
തിലകം - പൊട്ട്, പ്രധാനി
ദിവ്യ - മഹാനായ 
ഗാധിസുത - ഗാഥിയുടെ പുത്രൻ , രാജർഷി വിശ്വാമിത്രൻ
സവനാ - യാഗം
അവന - സംരക്ഷണം
രചിത - നിർവ്വഹിച്ച 
സുബാഹുമുഖ - സുബാഹുവിനാൽ നയിയ്ക്കപ്പെട്ട രാക്ഷസന്മാർ
വധം - വധിച്ച 
അഹല്യാ - ഗൗതമ മഹർഷിയുടെ പത്നിയായ അഹല്യയെ 
പാവനം - ശുദ്ധീകരിച്ച
അനഘം - കളങ്കമില്ലാത്ത, പാപരഹിതൻ
ഈശചാപഭംഗം - ആരാണോ ഈശ്വരന്റെ (ശിവന്റെ) വില്ല് ഓടിച്ചത്, മൈഥിലീ സ്വയംവരത്തിനായി ശൈവചാപം മുറിച്ച
ജനകസുതാ - ജനകമാഹാരാജാവിന്റെ പുത്രിയുടെ, സീതയുടെ 
പ്രാണേശം - പ്രാണനാഥൻ 
ഘനകുപിത - അതിക്രുദ്ധനായ, അത്യന്തം കോപിഷ്ഠനായ
ഭൃഗുരാമ - ഭ്രഗുവംശത്തിലെ രാമൻ, പരശുരാമൻ
ഗർവ്വ - മദം, ഗർവ്വ്‌
ഹര - ഇല്ലാതാക്കുക 
ഇത സാകേതം - സാകേത നഗരത്തിൽ (അയോദ്ധ്യ) എത്തിച്ചേർന്നു

ബാലകാണ്ഡത്തിലെ 77 സർഗ്ഗങ്ങളിലെ ശ്രീരാമചരിതം സ്വാതിതിരുനാൾ ഇങ്ങനെ സംഗ്രഹിയ്ക്കുന്നു.....

സൂര്യവംശ കുലമണിയായ ശ്രീരാമചന്ദ്രൻ, മഹരാജാവ് ഗാഥിയുടെ പുത്രനായ രാജർഷി വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷയ്ക്കായി നിയോഗിയ്ക്കപ്പെടുകയും, യാഗരക്ഷാർത്ഥം സുബാഹുവിന്റെ നേതൃത്വത്തിൽ യാഗം മുടക്കുവാൻ വന്ന രാക്ഷസന്മാരെ വധിയ്ക്കുകയും ചെയ്യുന്നു.

ഗൗതമമുനിയുടെ ശാപത്തെ തുടർന്ന് യുഗങ്ങളോളം മന്ദാകിനീ നദീതീരത്ത് ശിലയായി കഴിഞ്ഞ അഹല്യയെ പാദസ്പർശ്ശനത്താൽ പവിത്രയാക്കി, പുനർജ്ജീവിപ്പിയ്ക്കുന്നു.



ഗൗതമമഹർഷിയുടെ നിർദ്ദേശപ്രകാരം മിഥിലാപുരിയിൽ എത്തുകയും അവിടെ നടന്ന സ്വയംവരത്തിൽ കുലച്ച് ലക്ഷ്യം ഭേദിയ്ക്കുവാൻ വച്ചിരുന്ന വില്ലെടുത്ത് ഞാണേറ്റാനുള്ള ശ്രമത്തിനിടയിൽ കരുത്താൽ വില്ലൊടിച്ച് ജനകപുത്രി സീതയെ പരിണയിച്ച് അവൾക്ക് പ്രാണനാഥനായി ഭവിയ്ക്കുന്നു.




സ്വരാജ്യത്തേയ്ക്ക് മടങ്ങുമ്പോൾ ഗുരുവായ പരമശിവന്റെ ചാപമൊടിച്ച ക്ഷത്രിയനെ വധിയ്ക്കാൻ അതിക്രുദ്ധനായെത്തിയ പരശുരാമന്റെ "ഞാനൊഴിഞ്ഞുണ്ടോ രാമൻ ഈ ത്രിഭുവനത്തിങ്കൽ?" എന്ന ഗർവ്വം അടക്കി, ആ വൈഷ്ണവതേജസ്സിനെ ഏറ്റുവാങ്ങി വിജയശ്രീ ലാളിതനായി ഭാര്യാ സമേതനായി കോസല രാജ്യത്തിന്റെ തലസ്ഥാനമായ അയോധ്യാ നഗരിയിൽ തിരിച്ചെത്തി.


( താടകയെപ്പറ്റിയൊന്നും പറയുന്നില്ല, മാരീചന്റെ മാതാവും, വൃദ്ധയും, ദണ്ഡകാരണ്യമെന്ന വനരാജ്യത്തെ രാജ്ഞിയുമായ ആ സ്ത്രീയെ വധിച്ചതിലുള്ള ന്യായാന്യായങ്ങൾ ആവാം കാരണം.

സാധാരണ അസ്ത്രം അസാധാരണമായ കരുത്തോടെയും വേഗത്തിലും എയ്ത താടകാവധത്തിനു ശേഷം, രാജർഷി വിശ്വാമിത്രനിൽ നിന്നാണ് കൂട്ടത്തോടെ വധിയ്ക്കുവാനും, വലിയ തോതിൽ ശത്രുവിന് വിനാശങ്ങൾ ഉണ്ടാക്കുവാനും, ഏകനായി സംഘങ്ങളെ നശിപ്പിയ്ക്കാനുള്ള വിദ്യകളും, ആയുധങ്ങളും രാമന് ആദ്യമായി ലഭിയ്ക്കുന്നത്. ഋഷിസമൂഹത്തിന്റെ പക്കൽ ധാരാളം വിനാശകരമായ ആയുധങ്ങൾ ഉണ്ടായിരുന്നു, അവ കൃത്യമായും, ആവശ്യാനുസരണവും പ്രയോഗിയ്ക്കാൻ മനസ്സിക, ശാരീരിക ബലമുള്ള യോദ്ധാവിനെ ആയിരുന്നു അവർക്കാവശ്യം, അതായിരുന്നു രാമൻ, താടകവധം അതിനൊരു പരീക്ഷണവും.

രാക്ഷസരുമായി, പ്രത്യേകിച്ച് രാവണനുമായി രാമന്റെ ആദ്യത്തെ ഇടപെടൽ ഇതായിരുന്നു; സുബാഹുവും, മാരീചനും, താടകയുടെ പുത്രന്മാരും, മുത്തച്ഛനായ സുമാലിയുടെ നിർദ്ദേശപ്രകാരം രാവണനു വളർത്തു പുത്രന്മാരായിരുന്നു. യാഗഭംഗാർത്ഥമോ, മാതാവിന്റെ മരണത്തിനു പ്രതികാരത്തിനെത്തിയതോ എത്തിയ മാരീചനെ അസ്ത്രമയച്ച് ദൂരേയ്ക്ക് വീഴ്ത്തുകയും, സുബാഹുവിനെ വധിയ്ക്കുകയുമാണ് ചെയ്തത്. ഇനിയങ്ങോട്ട് പ്രത്യക്ഷത്തിലല്ലെങ്കിലും രാവണനും രാക്ഷസവംശവും രാമായണ കഥാഗതിയിൽ ഒപ്പമുണ്ട്.

രഘുരാമൻ ഭൃഗുരാമനെ പരാജയപ്പെടുത്തിയ ആ സന്ദർഭം അത്ര നിസ്സാരമല്ല, ഒരു വൃദ്ധസന്യാസിയുടെ വിജയഗാഥ ചെറുപ്പത്തിന്റെ കരുത്തിൽ രാമൻ തകർത്തെറിയുകയല്ല ചെയ്തത്. ക്ഷത്രിയനായി പിറന്ന ഓരോ രാജാവിന്റെയും നെഞ്ചിൽ വിങ്ങിയിരുന്ന ഭയമായ ആ "പരശു" ആണവിടെ ഇല്ലാതായത്. ഇരുട്ടിൽ മുന്നറിയിപ്പില്ലാതെ കടന്ന് വന്ന് ഗോറില്ലാ മുറയിൽ എല്ലാം കൊള്ളയിട്ട്, സംഹാരതാണ്ഡവമാടി ഇരുട്ടിലേയ്ക്ക് മടങ്ങിപ്പോകുന്ന ഭാർഗ്ഗവക്കൂട്ടത്തെ ഓരോ ക്ഷത്രിയനും ഭയന്നിരുന്നു. അത് തന്നെയാണ് കേവലം കോസലമെന്ന ചെറുരാജ്യത്തെ രാജകുമാരന് പതിന്മടങ്ങ് വലിപ്പമുള്ള രാജ്യങ്ങളിൽ പോലും പേരും പെരുമയും ഉണ്ടാക്കിക്കൊടുത്തത്. ദൈവീക പദവിയിലേയ്ക്കുള്ള രാമന്റെ ആദ്യത്തെ കാൽവെയ്പ്പായിരുന്നു അത്. സ്വാതി തിരുനാൾ അത് വിട്ടുകളയുന്നുമില്ല.)

ചരണം 2 (അയോദ്ധ്യാകാണ്ഡം) 
(രാഗം : ധന്യാസി, ഹനുമതോടി )
=============================

വിഹതാഭിഷേകമഥ വിപിനഗതമാര്യവാചാ
സഹിതസീതാസൌമിത്രിം ശാന്തതമശീലം
ഗുഹനിലയഗതം ചിത്രകൂടാഗതഭരതദത്ത
മഹിതരത്നമയപാദുകം മദനസുന്ദരാംഗം

വിഹതാഭിഷേകം - അഭിഷേകം ഉപേക്ഷിച്ച്, കിരീടധാരണം മുടങ്ങിയ  
അഥ - ശേഷം, പിന്നീട്
വിപിനഗതം - വനത്തിൽ പോയ,  വനവാസം ചെയ്ത
ആര്യവാചാ - മുതിർന്നവരുടെ വാക്കുകൾക്ക് വില നൽകി, ദശരഥന്റെ വാക്ക് പാലിയ്ക്കുവാനായി
സഹിത സീതാസൌമിത്രിം - സീതയോടും സുമിത്രാനന്ദനൻ, ലക്ഷ്മണനോടും ചേർന്ന്
ശാന്തതമശീലം - അതീവ ശാന്തനായി, ഏറ്റവും ഉയർന്ന തലത്തിലുള്ള ശാന്തപ്രകൃതിയോടെ  (ശാന്തം, ശാന്തതരം, ശാന്തതമം)
ഗുഹനിലയം - ഗുഹന്റെ ഗൃഹം, (തന്റെ വീട്ടിലെത്തിയ ശ്രീരാമനെ നിഷാദന്മാരുടെ മുഖ്യനും കടത്തുകാരനുമായ ഗുഹൻ താമസ്സാ നദിയുടെ മറുകരയിൽ എത്തിയ്ക്കുന്നു)
ആഗതം - വന്നുചേർന്ന
ചിത്രകൂടാഗത - ചിത്രകൂടപർവ്വതത്തിൽ ജേഷ്ഠസഹോദരനെ സന്ദർശ്ശിയ്ക്കുവാനെത്തിയ
ഭരത - രാജകുമാരനും  കൈകേയീ പുത്രനുമായ  ഭരതൻ
ദത്ത - നൽകിയ
മഹിതരത്നമയ - അതിവിശിഷ്ഠങ്ങളായ രത്നങ്ങളാൽ അലങ്കരിച്ച
പാദുകം - പാദരക്ഷ
മദന - കാമദേവതുല്യ
സുന്ദരാംഗം - മനോഹരമായ ശരീരകാന്തിയുള്ളവൻ 

അയോദ്ധ്യാകാണ്ഡത്തിലെ 119 സർഗ്ഗങ്ങളിലെ ശ്രീരാമചരിതം സ്വാതിതിരുനാൾ ഇങ്ങനെ സംഗ്രഹിയ്ക്കുന്നു.....


ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യുവാൻ തീരുമാനിച്ച വിവരം അറിഞ്ഞ മന്ഥരയുടെ ഏഷണിയിൽ മയങ്ങി കൈകേയി ആവശ്യപ്പെട്ട വരമായ രാമന്റെ 14 വർഷത്തെ വനവാസം അനുവദിയ്ക്കാനും അനുവദിയ്ക്കാ-തിരിയ്ക്കാനുമാവാത്ത പിതാവ് ദശരഥന്റെ ധർമ്മസങ്കടം തിരിച്ചറിഞ്ഞ് ശ്രീരാമൻ പട്ടാഭിഷേകം ഉപേക്ഷിച്ച്, പത്നി സീതയോടും, സഹോദരൻ ലക്ഷ്മണനോടും കൂടി തികഞ്ഞ ശാന്തതയോടെ വനവാസത്തിനു പോകുന്നു. അയോദ്ധ്യാനഗരം വിട്ടിറങ്ങിയ രാമനും സംഘവും മന്ദാകിനീ നദിക്കരയിലൂടെ സഞ്ചരിച്ച്, നിശാദവംശജരുടെ ഗ്രാമത്തിലെത്തി, താമസ്സാ നദി കടക്കുന്നതിനായി ഗ്രാമമുഖ്യൻ ഗുഹനെ സമീപിച്ച് അദ്ദേഹത്തിന്റെ ഗൃഹത്തിൽ അതിഥികളായി കഴിയുന്നു. ഗുഹൻ സ്വയം രാമ-സീതാ-ലക്ഷ്മണന്മാരെ വഞ്ചിയിൽ മറുകര കടത്തി. ഘോരവനത്തിലെത്തിയ സംഘത്തിനു ഭരദ്വാജമുനി വാസസ്ഥലമായി ചിത്രകൂടം എന്ന പർവ്വതശിഖരം നിർദ്ദേശിയ്ക്കുന്നു. 

മാതാവാൽ ജേഷ്ഠൻ വനവാസിയാവുകയും, പിതാവ് ആ ദു:ഖത്താൽ മൃതിയടയുകയും ചെയ്തതറിഞ്ഞ്, ക്രുദ്ധനായി മാതാവിനെ ശാസ്സിയ്ക്കുകയും, ജേഷ്ഠനെ മടക്കിക്കൊണ്ടു വരുവാൻ വനത്തിലെത്തുകയും, സംശയാലുവായി ആയുധം ധരിച്ച് നിന്ന ലക്ഷ്മണനെയും, ഭരതനെ അറിയുന്ന ശാന്തനായ രാമനേയും ചിത്രകൂടത്തിൽ വച്ച് കണ്ടെത്തുകയും ചെയ്യുന്നു. രാമാനർഹ്ഹതപ്പെട്ട രാജ്യഭാരം ഏറ്റെടുക്കുവാൻ തയ്യാറാകാത്ത ഭരതനോട് പ്രജകളോടുള്ള വംശത്തിന്റെ ഉത്തരവാദിത്വം ബോദ്ധ്യപ്പെടുത്തി എങ്കിലും പാദുകം പ്രതിഷ്ഠിച്ച് പ്രതിനിധി ആയായല്ലാതെ വാഴില്ല എന്ന ഭരതന്റെ പിടിവാശിയ്ക്ക് വഴങ്ങി അതിവിശിഷ്ഠങ്ങളായ രത്നങ്ങളാൽ അലങ്കരിച്ച പാദരക്ഷ നൽകുന്നു ആ കാമദേവനെ അതിശയിപ്പിയ്ക്കുന്ന ദേഹകാന്തിയുള്ള ശ്രീരാമചന്ദ്രൻ.



(1.ഇവിടെ സ്വാതി തിരുനാളിനോട് ഞാൻ വിയോജിയ്ക്കുന്നു, തിരുവിതാംകൂർ മഹാരാജാവും അതിഭോഗിയുമായിരുന്ന സ്വാതിയ്ക്ക് ഒരു വനചാരിയുടെ വൽക്കലവും , മെതിയടിയും ദുസ്സഹമായിരിയ്ക്കാം, പക്ഷേ എല്ലാമുപേക്ഷിച്ച്, മരവുരിയും, മെതിയടിയുമായി വനവാസത്തിനിറങ്ങിയ രാമനെ രത്നപാദുകം ധരിപ്പിച്ചത് അല്പ്പം കടന്നകൈ ആയിപ്പോയി എന്ന് പറയാതെ തരമില്ല. 

2.ശ്രീരാമസൗന്ദര്യം ഏറ്റവും നന്നായി വാത്മീകി വർണ്ണിയ്ക്കുന്നത് ചിത്രകൂടത്തിൽ വച്ചാണ് , പിതാവിന്റെ ശോകവും, ശ്രദ്ധവും വെടിഞ്ഞ് രാമസൗന്ദര്യം സ്വാതി വർണ്ണിച്ചത്... വാല്മീകിയെ പിന്തുടർന്നത്... യാദൃശ്ചികമാണോ?   ആ മദനസൗകുമാര്യമാണല്ലോ ശരിയായി ഗ്രഹിച്ചാൽ പിന്നീടുള്ള എല്ലാത്തിനും കാരണമായത്, രാമന്റെ ഈ സൗന്ദര്യത്തിൽ ഭ്രമിച്ചാണ് ശൂർപ്പണഘ സമീപിച്ചതും, തുടർന്നുള്ള സംഭവങ്ങളും. അതായത് "കനകം മൂലം കാമിനി മൂലം" എന്ന് സീതയെ പഴിയ്ക്കുന്നതിനു പകരം പുരുഷന്റെ അതികോമളത്വവും കലഹത്തിനു ഹേതുവാകുന്നു എന്ന് തെളിയിയ്ക്കുന്ന സന്ദർഭമാണിത്, ആ സൂചനയാണോ വാല്മീകിയും, സ്വാതിയും നല്കുന്നതും?) 

ചരണം 3 (ആരണ്യകാണ്ഡം)
(രാഗം : മോഹനം, ഹരികാംബോജി )
==================================

വിതതദണ്ഡകാരണ്യഗതവിരാധദലനം
സുചരിതഘടജദത്താനുപമിതവൈഷ്ണവാസ്ത്രം
പതഗവരജടായുനുതം പഞ്ചവടീവിഹിതവാസം
അതിഘോരശൂർപ്പണഖാവചനാഗതഖരാദിഹരം

വിതത - വിശാലമായ, നിബിഢമായ ദണ്ഡകാരണ്യ - ദണ്ഡകം എന്ന വനപ്രദേശം 
ഗത - എത്തിച്ചേർന്ന 
വിരാധ -  ഒരു രാക്ഷസൻ  
ദലനം - വധിച്ച 
സുചരിത -  മഹാനായ, ദൈവീകമായ 
ഘടജദത്ത -  കുടത്തിൽ നിന്നും ജനിച്ച, അഗസ്ത്യമുനി 
അനുപമിത - പകരം വയ്ക്കാനില്ലാത്ത 
വൈഷ്ണവാസ്ത്രം -  മഹാവിഷ്ണുവിന്റെ ആയുധം 
പതഗവര - പക്ഷികളിലെ ശ്രേഷ്ഠൻ 
ജടായു - പരുന്തുകളുടെ രാജാവായ ജടായു
നുതം - ആരാധിയ്ക്കുന്ന 
പഞ്ചവടീ - വനവാസത്തിൽ രാമലക്ഷ്മണന്മാർ വസിച്ച ഒരു സ്ഥലം 
വിഹിത - തീരുമാനിച്ച, ഒരുക്കിയ  
അവാസം - കുടിൽ 
അതിഘോര - അതിഭീകരയായ 
ശൂർപ്പണഖ - രാക്ഷസരാജാവ്  രാവണന്റെ സഹോദരി, നഖങ്ങൾ ശൂർപ്പം (മുറം) പോലെ വിസ്തൃതമായവൾ  
വചനാഗത - വാക്കുകൾ കേട്ട് വന്ന, വിളിച്ച് കൊണ്ട് വന്ന 
ഖരാദി - ഒരു രാക്ഷസസേനാനി ഖരനും സേനയിലെ മറ്റ് രാക്ഷസരും 
ഹരം - വധിച്ച 

ആരണ്യകാണ്ഡത്തിലെ 75 സർഗ്ഗങ്ങളിലെ ശ്രീരാമചരിതം സ്വാതിതിരുനാൾ ഇങ്ങനെ സംഗ്രഹിയ്ക്കുന്നു.....

ആരണ്യവാസത്തിന്റെ അടുത്ത ഘട്ടത്തിൽ ശ്രീരാമൻ സീതാലക്ഷ്മണന്മാരോടൊപ്പം കൊടും കാട്ടിലേയ്ക്ക് പ്രവേശിയ്ക്കുന്നു. ദണ്ഡകം എന്നറിയപ്പെടുന്ന നിബിഢമായ വനത്തിലേയ്ക്ക് പ്രവേശിയ്ക്കവേ... ആ പ്രദേശത്തെ അടക്കി ഭരിച്ചിരുന്ന വിരാധൻ എന്ന രാക്ഷസനെ വധിച്ചു. 



(വി - ഇഷ്ടപ്പെടുന്ന, രാധ - ലക്ഷ്മിയെ, മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മിയെ പ്രണയിച്ച് സ്വന്തമാക്കാൻ ശ്രമിച്ച്, ശാപഗ്രസ്തനായി രാക്ഷസൻ ആയിത്തീർന്ന വിരാധൻ , ലക്ഷ്മീസമാനയായ സീതയെ പിടിച്ചുകൊണ്ട് പോകുവാൻ ശ്രമിയ്ക്കുന്നു, ശരഭാംഗമുനിയുടെ ആശ്രമത്തിനും മറ്റ് സന്യാസിമാർക്ക് ഭീഷണിയുമായിരുന്ന വിരാധനെ രാമൻ അസ്ത്രത്താൽ വധിയ്ക്കുന്നു. യഥാർത്ഥത്തിൽ രാമനും വിരാധനും തമ്മിലുള്ള തർക്കത്തിന്റെ ശരിയും തെറ്റും മനസ്സിലാക്കിയാൽ വിരാധൻ പറഞ്ഞതിലും ചിലതൊക്കെ ന്യായമാണ്. കുടുംബമായി കഴിയുന്ന മഹർഷിമാർ നദീതീരത്ത് കുടിലുകൾ കെട്ടി വസിയ്ക്കുന്നു, കൊടുംകാട്ടിൽ ബ്രഹ്മചാരികളായ മുനിമാർ മാത്രമാണ് ജീവിയ്ക്കുന്നത്, അവിടേയ്ക്ക്  സ്ത്രീയെയും കൂട്ടിക്കൊണ്ട് നിങ്ങൾ എന്തിനാണ് പോകുന്നത്? എന്ന വാദത്തിൽ തെറ്റൊന്നുമില്ല, സീതയുടെ അരക്കെട്ടിന്റെ സൗന്ദര്യം വിരാധനു നന്നായി ബോധിയ്ക്കയാൽ, അവളെ സ്വന്തമാക്കാനും ശ്രമിയ്ക്കുന്നു. കാട്ടിലെത്തിയ നാട്ടുകാർ കാടിന്റെ നിയമങ്ങൾ പാലിയ്ക്കണോ? അവർക്കായി കാട്ടിലുള്ളവർ അവരുടെ രീതികൾ മാറ്റണോ? ആപേക്ഷികമായ തെറ്റും ശരിയുമാണിവിടെ ഉള്ളത്, രാമനെന്ന മനുഷ്യനും അവനിൽ അടിച്ചേൽപ്പിച്ച ദൈവത്വവും പലയിടങ്ങളിലും രാമായണത്തിൽ മുഴച്ച് നില്ക്കുന്നു. )

ഉർവശി എന്ന അപ്സരസിന്റെ സൗന്ദര്യം കണ്ടു മോഹിതരായിത്തീർന്ന സൂര്യനും വരുണനും ധാതുസ്ഖലനം ഉണ്ടായി എന്നും ആ ധാതു ഒരു കുടത്തിൽ നിക്ഷേപിച്ചുവെന്നും അതിൽനിന്ന് പിന്നീട് അഗസ്ത്യൻ പിറന്നു എന്നുമാണ് ഋഗ്വേദകഥ. ബ്രഹ്മപുരാണപ്രകാരം പുലസ്ത്യമുനിയുടെ മകനാണ്  അഗസ്ത്യൻ. എന്തായാലും ഇവിടെ സ്വാതിതിരുനാൾ പറയുന്നത്  "വാതാപി ഗണപതീം ഭജേയിൽ" "കുംഭസംഭവ" എന്ന് ദീക്ഷിതർ പറയുന്ന കുടത്തിൽ പിറന്ന മുനിയെപ്പറ്റി ആണ്. അഗസ്ത്യാശ്രമത്തിൽ എത്തിയ രാമന് മുനി രത്നങ്ങൾ പതിച്ച വൈഷ്ണവചാപം, അമ്പൊടുങ്ങാത്ത 2 ആവനാഴികൾ, ഇന്ദ്രദത്തമായ സ്വർണ്ണവാളും, ഉറയും സമ്മാനിയ്ക്കുന്നു.

രാമൻ തുടർന്നുള്ള വനവാസത്തിനനുസൃതമായ ഒരു വാസസ്ഥലം അഗസ്ത്യമുനിയോട് ചോദിയ്ക്കുകയും, ഗോദാവരീ നദിക്കരയിൽ ഫലമൂലാദികൾ ധാരാളമുള്ള പഞ്ചവടി ആണുത്തമം എന്ന് വരാനിരിയ്ക്കുന്ന രാമായണഭാഗം മുൻകൂട്ടി അറിയുന്ന അഗസ്ത്യൻ ഉപദേശിച്ചു, അതനുസരിച്ച് പഞ്ചവടിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ പരുന്തുകളുടെ രാജാവായ ജടായുവിനെ കണ്ടുമുട്ടുന്നു. ദശരഥന്റെ സുഹൃത്തായ ജടായു വനവാസകാലത്ത് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു, തുടർന്ന്  രാമലക്ഷ്മണന്മാർ പഞ്ചവടിയിൽ പർണ്ണശാല കെട്ടി വാസമുറപ്പിച്ചു. 



ഇവിടെ വരെ കഥാഗതി ലളിതമാണ്; ഇനിയുള്ള വനവാസം പഞ്ചവടിയിൽ ഗോദാവരി നദിയിലെ മത്സ്യവും, പഞ്ചവടിയിലെ പക്ഷികളും, മാനും, ഫലമൂലാദികളും, ദണ്ഡകരണ്യത്തിലെ മാംസവും ഒക്കെയായി അങ്ങ് ചിലവഴിയ്ക്കുക എന്നതാണ് പദ്ധതി. പൊടുന്നനെ കഥഗതിയിൽ മാറ്റമുണ്ടാവുകയാണ്, ഭാരതത്തിന്റെ മറ്റേ അറ്റം വരെയുള്ള യാത്രയും, സമുദ്രം കടന്നുള്ള യാത്രയും അനിവാര്യമാക്കുന്ന മാറ്റങ്ങൾ. പഞ്ചവടിയിലെ പുരുഷസൗന്ദര്യത്തിന്റെ ഉത്കൃഷ്ടരൂപമായ രാമനെ വാത്മീകി എട്ട് ശ്ലോകങ്ങളിലൂടെ വർണ്ണീച്ചിരിയ്ക്കുന്നു. രാക്ഷസരാജാവായ രാവണന്റെ സഹോദരി, മുറം പോലെയുള്ള നഖമുള്ളവൾ ശൂർപ്പണഖ ആ സൗന്ദര്യം കണ്ട് ഭ്രമിച്ച് രാമനെ സമീപിച്ച് ഭാര്യാപദവി ആവശ്യപ്പെടുന്നു. രാമൻ ഒഴിയുന്നു പകരം ഭാര്യാസമേതനല്ലാത്ത ലക്ഷ്മണ സമീപത്തേയ്ക്കയയ്ക്കുന്നു, ലക്ഷ്മണൻ ഭൃത്യനു ഭാര്യയാകേണ്ടവളല്ല, സ്വാമിനിയാകേണ്ടവൾ ആണെന്ന് പറഞ്ഞ് രാമനു സമീപത്തേയ്ക്ക് തിരിച്ചയയ്ക്കുന്നു, അങ്ങനെ പലവട്ടം തിരസ്ക്കരിയ്ക്കപ്പെട്ട, ശൂർപ്പണഖ ഇതിനു കാരണം സീതയാണെന്ന് ധരിച്ച്, ആക്രമിയ്ക്കാനൊരുങ്ങുന്നു. രാമനിർദ്ദേശപ്രകാരം സീതയെ രക്ഷിയ്ക്കുന്ന ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കും ചെവിയും (വാത്മീകി) ( മൂക്കും, മുലയും എന്ന് ഭക്തിപ്രസ്ഥാനക്കാർ)  ഛേദിയ്ക്കുന്നു. 

അതിഭീകരമായ അലർച്ചയൊടെ ഓടിമറഞ്ഞ ശൂർപ്പണഖ, ജനസ്ഥാന എന്നാ വനരാജ്യത്തിന്റെ  തലസ്ഥാനമായ തികന്തകയിലെത്തി സഹോദരനായ ഖരനോട് സംഭവിച്ച കാര്യങ്ങൾ പറയുന്നു, രാമലക്ഷ്മണന്മാരെ വധിയ്ക്കണമെന്നും, സീതയെ പിടിച്ച് വന്ന് രക്തം കുടിയ്ക്കണമെന്നും ആവശ്യപ്പെടുന്നു, ഇതനുസരിച്ച് ഖരൻ 14 രാക്ഷസപോരാളികളെ ശൂർപ്പണഖയ്ക്കൊപ്പം അയയ്ക്കുന്നു, രാമലക്ഷ്മണന്മാർ അവരെ കാലപുരിയ്ക്കയ്യ്ക്കുന്നു. പിന്നീട് ഖരൻ, തൃശ്ശിരസ്സ്, ദൂഷണൻ എന്നിവരും മറ്റ് 12 സേനാനായകന്മാരുടേയും നേതൃത്വത്തിൽ 14,000 വരുന്ന രാക്ഷസസേന യുദ്ധത്തിനെത്തുന്നു, സീതയെ ഒരു ഗുഹയിൽ ലക്ഷ്മണന്റെ കാവലിലാക്കി, യുദ്ധം കഴിയാതെ പുറത്ത് വരരുതെന്ന് നിർദ്ദേശിയ്ക്കുന്നു. തുടർന്നുള്ള യുദ്ധത്തിൽ ദിവ്യായുധങ്ങൾ പ്രയോഗിച്ച് 14,000 രാക്ഷസരേയും, ദൂഷണൻ, തൃശ്ശിരസ്സ് , പിന്നീട് ഖരനെയും വധിയ്ക്കുന്നു.

ഒരു പക്ഷേ രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്, അഗസ്ത്യമുനി രാമനു നല്കുന്ന ആയുധങ്ങളുടെ ശേഖരം. ഈ സംഭവം വരെ രാമൻ സാധാരണവ്യക്തിയാണ്. അഗസ്ത്യമുനിയുടെ ആയുധങ്ങൾ അയോദ്ധ്യക്കാർക്കോ നാട്ടുകാർക്കോ അറിവുള്ളതരമല്ല, ഇന്നത്തെ മിസൈലും, ബോംബും പോലെയുള്ളവ, ഒരു പോറൽ ഏറ്റാൽ പോലും മാരകമായ വിഷഗ്രമുള്ളവ. ഇവ നൽകാൻ പറ്റിയ യോദ്ധാവ്, എടുത്തുയർത്താൻ തന്നെ ദുഷ്ക്കരമായ ശൈവചാപം ഭേദിച്ചവൻ, ഭൃഗുരാമനെ നേരിട്ട് മദമടക്കിയവൻ, അതാണ്‌ രാമനിൽ അഗസ്ത്യമുനി കണ്ട ഗുണങ്ങൾ, അല്ലാതെ ഒരു വില്ല് കുലച്ച് കൃത്യമായി ലക്‌ഷ്യം ഭേദിയ്ക്കുന്ന കുശലതയല്ല, പകരം അതൊഴിവാക്കാൻ വില്ലൊടിച്ചു കളയുന്ന കൗശല്യമാണ്.

താടകയുടെ ഭർത്താവും, മാരീചന്റെ പിതാവുമായ സുന്ദൻ തുടങ്ങി നിരവധി രാക്ഷസരെ അഗസ്ത്യമുനിയും ആശ്രമത്തിലുള്ളവരും വധിച്ചിട്ടുണ്ട്, അതിനായി അവർ വിവിധതരം ആയുധങ്ങൾ തയ്യാറാക്കിയിരുന്നു (സുന്ദന്റെ മരണശേഷം പാതാളത്തിലെത്തി സുമാലിയെ അഭയം പ്രാപിച്ച താടകയേയും മക്കളേയും, സുമാലി ചെറുമകനായ രാവണന്റെ സമീപത്ത് കൊണ്ടാക്കുന്നു. രാവണൻ ഗംഗയുടെ കരയിലെ 2 ജനപഥങ്ങൾ ഒഴിപ്പിച്ച് കാടാക്കി, ദണ്ഡകാരണ്യമെന്ന വനരാജ്യം നിർമ്മിയ്ക്കാൻ താടക, സുബാഹു, മാരീചൻ എന്നിവരെ സഹായിയ്ക്കുന്നു). ആ ആയുധങ്ങൾ പിന്നീട് രാമനെ മനുഷ്യനിൽ നിന്നും ദൈവീകപദവിയിലേയ്ക്ക് ഉയർത്തിയ ഒറ്റയ്ക്ക് 14,000 രാക്ഷസരെ വധിയ്ക്കുക എന്ന പ്രവൃത്തിയ്ക്ക് ഹേതുവായി.

വി - ഇഷ്ടപ്പെടുന്ന, രാധ - ലക്ഷ്മിയെ, മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മിയെ പ്രണയിച്ച് സ്വന്തമാക്കാൻ ശ്രമിച്ച്, ശാപഗ്രസ്തനായി രാക്ഷസൻ ആയിത്തീർന്ന വിരാധൻ , ലക്ഷ്മീസമാനയായ സീതയെ പിടിച്ചുകൊണ്ട് പോകുവാൻ ശ്രമിയ്ക്കുന്നു, ശരഭാംഗമുനിയുടെ ആശ്രമത്തിനും മറ്റ് സന്യാസിമാർക്ക് ഭീഷണിയുമായിരുന്ന വിരാധനെ രാമൻ അസ്ത്രത്താൽ വധിയ്ക്കുന്നു. യഥാർത്ഥത്തിൽ രാമനും വിരാധനും തമ്മിലുള്ള തർക്കത്തിന്റെ ശരിയും തെറ്റും മനസ്സിലാക്കിയാൽ വിരാധൻ പറഞ്ഞതിലും ചിലതൊക്കെ ന്യായമാണ്. കുടുംബമായി കഴിയുന്ന മഹർഷിമാർ നദീതീരത്ത് കുടിലുകൾ കെട്ടി വസിയ്ക്കുന്നു, കൊടുംകാട്ടിൽ ബ്രഹ്മചാരികളായ മുനിമാർ മാത്രമാണ് ജീവിയ്ക്കുന്നത്, അവിടേയ്ക്ക് സ്ത്രീയെയും കൂട്ടിക്കൊണ്ട് നിങ്ങൾ എന്തിനാണ് പോകുന്നത്? എന്ന വാദത്തിൽ തെറ്റൊന്നുമില്ല, സീതയുടെ അരക്കെട്ടിന്റെ സൗന്ദര്യം വിരാധനു നന്നായി ബോധിയ്ക്കയാൽ, അവളെ സ്വന്തമാക്കാനും ശ്രമിയ്ക്കുന്നു. കാട്ടിലെത്തിയ നാട്ടുകാർ കാടിന്റെ നിയമങ്ങൾ പാലിയ്ക്കണോ? അവർക്കായി കാട്ടിലുള്ളവർ അവരുടെ രീതികൾ മാറ്റണോ? ആപേക്ഷികമായ തെറ്റും ശരിയുമാണിവിടെ ഉള്ളത്, രാമനെന്ന മനുഷ്യനും അവനിൽ അടിച്ചേൽപ്പിച്ച ദൈവത്വവും പലയിടങ്ങളിലും രാമായണത്തിൽ മുഴച്ച് നില്ക്കുന്നു.

വിരാധനാൽ കഷ്ടപ്പെടുന്ന സമയത്ത് രാമൻ അത്ര സൗമ്യനല്ല, കൈകേയിയെ ഭത്സിയ്ക്കുന്നുണ്ട്;

" യാ ന തുഷ്യതി രാജ്യേന പുത്രാര്ഥേ ദീര്ഘദര്ശിനീ
യയാഹം സര്വഭൂതാനാം പ്രിയഃ പ്രസ്ഥാപിതോ വനം.
അദ്യേദാനീം സകാമാ സാ യാ മാതാ മധ്യമാ മമ"

(സ്വന്തം മകനായി എൻറെ രാജ്യവും എനിയ്ക്കുള്ളതെല്ലാം തട്ടിയെടുത്ത് കട്ടിലയച്ച ഇളയമ്മയുടെ അവസാനദുഷ്ടചിന്തയും ഇന്ന് നിറവേറ്റപ്പെട്ടിരിക്കുന്നു)

"പരസ്പര്ശാത്തു വൈദേഹ്യാഃ ന ദുഃഖതരമസ്തിമേ.
പിതുര്വിനാശാത്സൌമിത്രേ ! സ്വരാജ്യഹരണാത്തഥാ"

സീതയുടെ പുറത്ത് അന്യപുരുഷൻ കൈവച്ചപ്പോൾ ഉണ്ടായ ദുഃഖം പിതാവിന്റെ മരണത്തിലും, രാജ്യം നഷ്ടമായതിലും എത്രയോ വലുതാണ്.

ഭരതൻ വന്ന് പാദുകവുമായി പോയ ശേഷവും രാമന് കൈകേയിയോടും ഭാരതനോടും മാനസികമായി വിരോധം ഉണ്ടായിരുന്നു എന്ന് വരികൾക്കിടയിൽ പറഞ്ഞ് വയ്ക്കുന്നു വാത്മീകി, അഭിമാനത്തിന് ക്ഷതമേറ്റപ്പോൾ അറിയാതെ ഉള്ളിലൊതുക്കിയതൊക്കെ വെളിയിൽ വന്നു, ഇതിനാൽ തന്നെ ആണ് രാമൻ മര്യാദാപുരുഷോത്തമൻ ആവുന്നതും, മനുഷ്യൻറെ എല്ലാ ഗുണങ്ങളും തികഞ്ഞവൻ!

പിന്നീട് ലക്ഷ്മണൻ അതേ രീതിയിൽ കൈകേയിയ്ക്കെതിരെ സംസാരിയ്ക്കുമ്പോൾ തിരുത്തുകയും ചെയ്യുന്നു.

രാമായണത്തിലെ കഥാഗതിയിൽ വ്യതിയാനം ഉണ്ടാക്കിയത് രാമന്റെ സൗന്ദര്യമാണ് എന്ന് വാത്മീകി വീണ്ടും ഉറപ്പിയ്ക്കുന്നു.

"ദീപ്താസ്യം ച മാഹാബാഹും പദ്മ പത്രായത"
തുടങ്ങുന്ന ശ്ലോകത്തിൽ ശൂർപ്പണഖ പ്രേമപരവശ ആയതിനുള്ള കാരണങ്ങൾ വാത്മീകി പറയുന്നുണ്ട്. തിളങ്ങുന്ന മുഖം... നീളമുള്ള ബലിഷ്ടമായ കയ്യുകൾ... താമരയിതളുപോലെ നീണ്ട്, മനോഹരമായ കണ്ണുകൾ.. ഗജരാജസമാനമായ തലയെടുപ്പോടെയുള്ള നടപ്പ്... നന്നായി കെട്ടിവച്ച ജട.. കോമളശരീരം.... രാജകീയ ലക്ഷണയുക്തം... ഇന്ദീവരപൂക്കൾ പോലെയുള്ള നീലപ്പാദങ്ങൾ.. കാമദേവനു സമാനമായ വശ്യത... ദേവേന്ദ്രനെ പോലെയുള്ള ചിരി... ഇതെല്ലം കണ്ട കാനനപ്പെണ്ണ് മോഹിച്ച് പോയി. ഖരനോട് സീതയെ അവന്റെ ഭാര്യയാക്കാൻ ആവശ്യപ്പെടുന്നില്ല, അവളുടെ ഗുണങ്ങൾ വർണ്ണീയ്ക്കുന്നുമില്ല ശൂർപ്പണഖ, കൊന്നു രക്തം കുടിയ്ക്കണം അതാണാവശ്യം. ആകെ സീതയെപ്പറ്റി പറയുന്നത് വിരാധനാണ്..

"ഇയം നാരീ വരാരോഹാ മമ ഭാര്യാ ഭവിഷ്യതി.
യുവയോഃ പാപയോശ്ചാഹം പാസ്യാമി രുധിരം മൃധേ - സർഗ്ഗം 2 "

അത് അവളുടെ അരക്കെട്ടിന്റെ ആകൃതിയെപ്പറ്റിയും (വരാരോഹാ), എന്നാൽ ശൂർപ്പണഖ രാമനോട് നിന്റെ പഴയഭാര്യയുടെ അംഗങ്ങൾ ഒന്നും അത്ര പോരാ എന്നാണ്

"വിരൂപം അസാത്യിം കരാളാം നിർന്നതോദാരിം 
ഇമാം വൃദ്ധാം ഭാര്യാം അവസ്ഥാഭ്യ"

അവളെയും സീതയേയും താരതമ്യപ്പെടുത്തി പറയുന്നത്, ലക്ഷ്മണൻ ഇതേ വാക്കുകൾ പരിഹാസരൂപത്തിലും ഉരുവിടുന്നു.

വാത്മീകി പലതും വരികൾക്കിടയിൽ പറയുന്നുണ്ട്, സ്വാതി ശൂർപ്പണഖയെ "അതിഘോര"യാക്കി രാമനെ സ്വതന്ത്രനാക്കുന്നു)

ചരണം 4 (കിഷ്ക്കിന്ധാകാണ്ഡം )
(രാഗം : മുഖാരി, ഖരഹരപ്രിയ )
==============================

കനകമൃഗരൂപധരഖലമാരീചഹരം ഇഹ
സുജനവിമതദശാസ്യഹൃതജനകജാന്വേഷണം
അനഘപമ്പാതീരസംഗതാഞ്ജനേയ നഭോമണീ
തനുജസഖ്യകരം വാലി തനുദലനമീശം

കനകമൃഗ - സ്വർണ്ണമാന്റെ 
രൂപധര - രൂപംധരിച്ചെത്തിയ
ഖല - നീചനായ, ക്രൂരനായ
മാരീച - മാരീച്ചനെന്ന രാക്ഷസൻ
ഹരം - വധിച്ചു 
ഇഹ - ഇവിടെ, പഞ്ചവടിയിൽ
സുജന - സജ്ജനങ്ങളുടെ  
വിമത - അഭിപ്രായം വകവയ്ക്കാത്ത, വാക്കുകൾ കേൾക്കാത്ത
ദശാസ്യ - പത്ത് ശിരസ്സുള്ള, രാവണൻ
ഹൃത - അപഹരിച്ച, തട്ടിക്കൊണ്ട് പോയ 
ജനകജാ - ജനകന്റെ പുത്രിയുടെ, സീതയുടെ
അന്വേഷണം - തിരച്ചിൽ
അനഘ - പവിത്രമായ, പാപമില്ലാത്ത, കളങ്കമില്ലാത്ത, ശുദ്ധമായ 
പമ്പാതീര - പമ്പാനദിയുടെ കരയിൽ വച്ച്    
സംഗതാ - സന്ധിച്ചു, കണ്ടുമുട്ടി   
ആഞ്ജനേയ - അഞ്ജനയുടെ പുത്രൻ, ഹനുമാൻ
നഭോമണീ - ആകാശത്തിലെ രത്നം, സൂര്യന്റെ
തനുജ - പുത്രൻ, സുഗ്രീവാനുമായി സന്ധി ചെയ്തു, ബന്ധമുറപ്പിച്ചു
സഖ്യകരം - സന്ധി ചെയ്തപ്രകാരം
വാലി - കിഷ്ക്കിന്ധാധിപതി ഇന്ദ്രപുത്രൻ ബാലി, സുഗ്രീവന്റെ സഹോദരൻ
തനു - ഭൌതിക ശരീരം 
ദലനാം  - നശിപ്പിച്ചു
ഈശം - ദൈവീകമായി



കിഷ്ക്കിന്ധാകാണ്ഡത്തിലെ 67  സർഗ്ഗങ്ങളിലെ ശ്രീരാമചരിതം സ്വാതിതിരുനാൾ ഇങ്ങനെ സംഗ്രഹിയ്ക്കുന്നു..... 

രാമായണത്തിലെ പ്രധാന പ്രതിനായകൻ ലങ്കാധിപതിയായ രാവണൻ രംഗപ്രവേശം ചെയ്യുന്നു; അതിബുദ്ധിമാനായ അദ്ദേഹം സീതയെ സഹോദരിയുടെ പ്രതികാര ആവശ്യത്തിനായി തട്ടിയെടുക്കാൻ, ഒരു ചെറിയ ബുദ്ധി ഉപയോഗിയ്ക്കുന്നു. സുന്ദനെന്ന രാക്ഷസ്സനും താടക എന്ന യക്ഷകന്യകയ്ക്കും പിറന്ന മാന്ത്രികവിദ്യകളും, അനുകരണകലയും, വേഷപ്പകർച്ചയും കൈമുതലാക്കിയ മാരീചനെ സമീപിച്ച് ഒരു സ്വർണ്ണമാനിന്റെ രൂപം ധരിച്ച് പഞ്ചവടിയിൽ എത്തി സീതയെ മോഹിപ്പിയ്ക്കാൻ നിർദ്ദേശിയ്ക്കുന്നു. അങ്ങനെ ചെന്നാൽ സീത അതിനെ ആവശ്യപ്പെടുമെന്നും, രാമലക്ഷ്മണന്മാർ അതിനു പിന്നാലേ പോകുമെന്നും, നിസ്സാരമായി സീതയെ തട്ടിയെടുക്കമെന്നുമുള്ള രാവണന്റെ ബുദ്ധി ഫലം കാണുകയും ചെയ്യുന്നു. 

അച്ഛന്റെ മരണശേഷം രാവണന്റെ സഹായത്തോടെ മലദ, കരുഷ എന്നീ നാട്ടുരാജ്യങ്ങൾ കീഴടക്കി നശിപ്പിച്ച്, ദണ്ഡകാരണ്യമെന്ന കാടാക്കി, അമ്മയായ താടകയും, സഹോദരനായ സുബാഹുവുമൊത്ത് കഴിഞ്ഞ മാരീചന് രാവണനോട് കടപ്പാടുണ്ട്. എങ്കിലും ആദ്യം താടകയേയും, പിന്നീട് സുബാഹുവിനേയും വധിച്ച രാമനോട് ഭക്തിയുമുണ്ട്. ആദ്യം എതിർത്തും, പിന്നെ ധർമ്മാധർമ്മങ്ങൾ ചൊല്ലി ഒഴിവാക്കാനും ശ്രമിച്ചെങ്കിലും രാവണൻ ക്രുദ്ധനായി വധിയ്ക്കാനൊരുമ്പെടുമ്പോൾ എങ്കിൽ മരണം രാമബാണമേറ്റാവട്ടേ, എന്ന് കരുതി മാരീചൻ മായപ്പൊന്മാൻ ആയി, സീതയെ മോഹിപ്പിച്ച്, രാമനെ അകറ്റി, രാമബാണത്താൽ മരണമടയുമ്പോൾ രാമന്റെ ശബ്ദത്തിൽ "സീതേ...ലക്ഷ്മണാ.." എന്ന് നിലവിളിയ്ക്കുന്നു. സീതയുടെ നിർബ്ബന്ധത്തിനും പിന്നീട് കുറ്റപ്പെടുത്തലിനും വഴങ്ങി ലക്ഷ്മണരേഖ സൃഷ്ടിച്ച് ലക്ഷ്മണനും അകലുമ്പോൾ, സന്യാസി വേഷത്തിലെത്തി ഭിക്ഷ യാചിച്ച്, സീതയെ ലക്ഷ്മണരേഖ താണ്ടാൻ നിർബ്ബന്ധിതയാക്കി അപഹരിയ്ക്കുന്നു. 

കാണാതായ സീതയ്ക്കായി ഉള്ള തിരച്ചിലിൽ, സീതയെ രക്ഷിയ്ക്കുവാനുള്ള ശ്രമത്തിനിടയിൽ രാവണനാൽ മുറിവേറ്റ് മരണാസന്നനായ ജടായുവിൽ നിന്നും ലങ്കാധിപനായ രാവണൻ ആകാശമാർഗ്ഗേ സീതയെ തട്ടിക്കൊണ്ട് ദക്ഷിണദിക്കിലേയ്ക്ക് പോയതായറിയുന്നു. ദക്ഷിണദിക്കിലേയ്ക്ക് യാത്രചെയ്ത രാമലക്ഷ്മണന്മാർ സഹ്യപർവ്വതം കടന്ന് പമ്പാനദിയുടെ തീരത്തെത്തുന്നു.

പമ്പാസരസ്സിനരികിൽ വച്ച് അവർ ഹനുമാനുമായി സന്ധിയ്ക്കുന്നു. ഹനുമാനോടൊപ്പം ഋഷ്യമൂകാചലം എന്ന മലയിലെത്തി സൂര്യപുത്രൻ സുഗ്രീവനുമായി സന്ധി ചെയ്യുന്നു. രാമനോടൊപ്പം കിഷ്ക്കിന്ധയിലെത്തിയ സുഗ്രീവൻ രാജാവായ ബാലിയെ യുദ്ധത്തിന് വെല്ലുവിളിയ്ക്കുന്നു. ബാലി - സുഗ്രീവ ദ്വന്ദയുദ്ധത്തിനിടയിൽ മരങ്ങൾക്ക് പിന്നിലൊളിച്ചു നിന്ന രാമൻ ബാലിയെ എയ്തിടുന്നു. തുടർന്ന് സുഗ്രീവനെ കിഷ്ക്കിന്ധയുടെ രാജാവായി അഭിഷേകം ചെയ്യിയ്ക്കുന്നു.



സ്വാതിയുമായി പൊരുത്തപ്പെടാൻ കഴിയാത്ത നിരവധി പരാമർശ്ശങ്ങൾ നിറഞ്ഞതാണീ ശ്ലോകം. വാത്മീകി മാരീചനെ അത്ര മോശമായല്ല ചിത്രീകരിച്ചിരിയ്ക്കുന്നത്. രാമബാണത്താൽ മരിച്ച് പുണ്യം നേടാനാണ് മാരീചൻ ആഗ്രഹിയ്ക്കുന്നത്. ആൾ പറഞ്ഞ വാക്ക് പാലിയ്ക്കുന്നവൻ ആയതിനാൽ മാത്രമാണ്, മരണാസന്നനായി കിടക്കുമ്പോഴും രാമന്റെ ശബ്ദത്തിൽ കരയുന്നത് (നമ്മൾ അറിയപ്പെടുന്ന മറ്റൊരു ആദികാല മിമിക്രിക്കാരൻ ആയിരുന്നു മാരീചൻ). മഹാവിഷ്ണുവിന്റെ ദ്വാരപാലകർ ആയ ജയവിജയന്മാരുടെ സേവകനും, വിഷ്ണുശാപഗ്രസ്തനുമാണ് മാരീചൻ. സ്വാതിയ്ക്ക് മാരീചൻ ഖലനാണ്!

എന്നാൽ രാവണന്റെ കാര്യത്തിൽ നേരേ മറിച്ചാണ്, സുജനവിമതൻ - സജ്ജനങ്ങളുടെ അഭിപ്രായം കേൾക്കാത്ത ആൾ എന്ന നിലയിൽ, പത്ത് തലയുണ്ടായിട്ടും വിവരമുള്ളവർ പറയുന്നത് കേൾക്കാത്ത നിഷേധി, "കുരുത്തംകെട്ടവൻ" എന്ന നിലയിൽ അൽപ്പം സൗജന്യമൊക്കെ നൽകി ലാളിയ്ക്കുന്നു സ്വാതി.

ബാലിയുമായുള്ള യുദ്ധത്തിൽ ധർമ്മധർമ്മങ്ങൾക്ക് പ്രസക്തിയെ ഇല്ല. ജേഷ്ഠൻ രാജ്യത്തെ ആക്രമിയ്ക്കാൻ വന്ന ശത്രുവിനെ നേരിടാൻ പോയ തക്കത്തിൽ, അയാളെ ശത്രുപാളയത്തിൽ അടച്ച്, രാജ്യവും ഭാര്യയേയും സ്വന്തമാക്കിയ അനുജനെ തിരിച്ചെത്തിയ ജേഷ്ഠൻ തുരത്തി. സ്വന്തം കനിഷ്ഠ സഹോദരന് രാജ്യം വിട്ടു നല്കേണ്ടി വന്ന രാമൻ ഇവിടെ അതേ നയത്തിന് ഒപ്പം നില്ക്കുന്നു. ജേഷ്ഠന്റെ ഭാര്യയെ (മാതൃതുല്യ) സ്വന്തമാക്കിയ അനുജന് രാജ്യം നൽകാൻ അനുജന്റെ ഭാര്യയെ (പുത്രീതുല്യ) സ്വന്തമാക്കിയെന്ന ന്യായം പറയുന്നു, അതും യുദ്ധത്തിലേർപ്പെട്ടിരിയ്ക്കുന്ന ആളെ മറഞ്ഞിരുന്ന് എയ്ത് വീഴ്ത്തിയ ശേഷം; "

മാമേവ യദി പൂര്വം ത്വമേതദര്ഥമചോദയഃ
മൈഥിലീമഹമേകാഹ്നാ തവ ചാനീതവാന്ഭവേത്.
സുഗ്രീവപ്രിയകാമേന യദഹം നിഹതസ്ത്വയാ.
കണ്ഠേ ബദ്ധ്വാ പ്രദദ്യാം തേ നിഹതം രാവണം രണേ

എന്നോട് സഹായം അഭ്യർത്ഥിച്ചിരുന്നെങ്കിൽ ഞാൻ സീതയെ ഒരു ദിവസ്സത്തിനുള്ളിൽ കൊണ്ടുവരുമായിരുന്നല്ലോ?" ഞാൻ രാവണനോട് യുദ്ധം ചെയ്ത് അവന്റെ കഴുത്ത് വെട്ടി നിനക്ക് സമർപ്പിയ്ക്കുമായിരുന്നു.

ബാലി ഇത് പറയുമ്പോൾ ആ "ദൈവീകമായി വധവും" സംശയത്തിന്റെ നിഴലിലാകുന്നു. ഇന്നത്തെ ജിഹാദ് തന്നെയാണ് സ്വാതിപറയുന്ന ദൈവീകവധം - ദലനമീശം!

ഇവിടെ സദ്ഗുണങ്ങളുടെ ആരാമത്തിൽ (സുഗുണാരാമം) ചില ദുർഗ്ഗുണപൂക്കൾ കാണുന്നു!

ചരണം 5 (സുന്ദരകാണ്ഡം)
(രാഗം : പൂർവ്വികല്യാണി, ഗമനശ്രമ )
==================================

വാനരോത്തമസഹിത വായുസൂനു കരാർപ്പിത
ഭാനുശതഭാസ്വര ഭവ്യരത്നാംഗുലീയം
തേനപുനരാനീതാന്യൂനചൂഡാമണിദർശനം
ശ്രീനിധിം ഉദധിതീരാശ്രിതവിഭീഷണമിളിതം

വാനരോത്തമ - വാനരരാജാവ് , സുഗ്രീവൻ സഹിത - കൂടി 
വായുസൂനു - വായുപുത്രൻ , ഹനുമാൻ 
കരാർപ്പിത - കൈമാറിയ, ഏൽപ്പിച്ച  
ഭാനുശത - നൂറു സൂര്യന്മാരുടെ  
ഭാസ്വര - തിളക്കമുള്ള 
ഭവ്യരത്നാംഗുലീയം -  ദിവ്യമായ രത്നമോതിരം 
തേന - അവനാൽ , ഹനുമാനാൽ 
പുനർ  - പിന്നീട് 
അനീത - തിരിച്ച് കൊണ്ടുവന്ന 
അന്യൂന - കുറ്റമില്ലാത്ത, കുറവില്ലാത്ത 
ചൂഡാമണി - രത്നാഭരണം (സീതയുടെ)
ദർശനം - ദർശ്ശിയ്ക്കുന്നു 
ശ്രീനിധിം - ഐശ്വര്യദായകൻ 
ഉദധിതീരം - സമുദ്രതീരത്ത് 
ആശ്രിത - അഭയം തേടി വന്ന 
വിഭീഷണ - രാവണന്റെ സഹോദരൻ, വിഭീഷണൻ 
മിളിതം - സൗഹൃദം സ്ഥാപിച്ചു

സുന്ദരകാണ്ഡത്തിലെ 68  സർഗ്ഗങ്ങളിലെ ശ്രീരാമചരിതം സ്വാതിതിരുനാൾ ഇങ്ങനെ സംഗ്രഹിയ്ക്കുന്നു..... 

കിഷ്ക്കിന്ധാധിപതി സുഗ്രീവന്റെ ആജ്ഞ "സുഗ്രീവാജ്ഞ" അനുസരിച്ച് വാനരസേന പലതായി തിരിഞ്ഞ് വിവിധദിക്കുകളിലേയ്ക്ക് സീതയെ അന്വേഷിച്ച് പോകുന്നു. ലങ്കയുടെ ഭൂമിശാസ്ത്രപരമായ സാന്നിദ്ധ്യമുള്ള ദിക്കിലേയ്ക്ക് പ്രയാണമാരംഭിച്ച സംഘത്തിലുള്ള  വായുപുത്രൻ ഹനുമാനെ രാമൻ നൂറുസൂര്യന്മാരുടെ ശോഭയുള്ള രത്നമോതിരം അടയാളമായി നൽകുന്നു.

സമുദ്രതീരത്തെത്തിയ സംഘം ഇതികർത്തവ്യതാമൂഢരാകവേ, ജാംബവാൻ ഹനുമാനെ അവന്റെ ശക്തി ഓർമ്മപ്പെടുത്തി ലങ്കയിലേയ്ക്ക് ചാടിക്കടക്കാൻ സന്നദ്ധനാക്കുന്നു. ആ കുതിപ്പിനിടയിൽ നിന്നുയരുന്ന മൈനാക പർവ്വതവും, സുരാസുവിന്റെ വായിൽ കൂടി കടന്ന് കർണ്ണത്തിലൂടെ പുറത്തിരങ്ങി, സിംഹികയെന്ന രാക്ഷസിയെ വധിച്ച് ലങ്കയിലെത്തി. 

ലങ്കാലക്ഷ്മിയെ തകർത്തെറിഞ്ഞ്, അശോകവനിയിൽ  സീതയെ കണ്ടെത്തി മുദ്രമോതിരം നല്കി, പകരം രത്നചൂഡാമണി വാങ്ങി, രാവണന്റെ തോട്ടം നശിപ്പിച്ച്, ജംബുമാലിയേയും, അക്ഷകുമാരനേയും വധിച്ച്, പിന്നീട് ബ്രഹ്മാസ്ത്രത്തിന് കീഴടങ്ങി, വാലിൽ കൊളുത്തിയ തീയാൽ ലങ്കാദഹനം നടത്തി, തിരികെയെത്തി ശ്രീരാമന് സീതയുടെ ചൂഡാമണി കാഴ്ച്ച വയ്ക്കുന്നു. ഹനുമാൻ പോയ വഴിയിലൂടെ രാമലക്ഷ്മണന്മാരും വാനരസൈന്യവും രാമേശ്വരത്ത് സമുദ്രതീരത്തെത്തുന്നു. അവിടെ തമ്പടിച്ച സൈന്യത്തിനരികിലേയ്ക്ക് വന്ന രാവണസഹോദരൻ വിഭീഷണനെ രാമൻ സുഹൃത്തായി സ്വീകരിയ്ക്കുന്നു. 




കിഷ്ക്കിന്ധാ കാണ്ഡത്തിൻറെ അവസാനം തുടങ്ങി യുദ്ധകാണ്ഡത്തിൻറെ തുടക്കത്തിൽ അവസാനിയ്ക്കുന്ന സംഭവങ്ങൾ ഈ ശ്ലോകത്തിൽ ഉണ്ട്, സുന്ദരകാണ്ഡത്തിൽ ഹനുമാന്റെ വീരസാഹസിക പ്രവർത്തികൾ ആണധികവും അത് സ്വാതിയ്ക്ക് ആവശ്യമില്ലല്ലോ? വിഷയം സുഗുണരാമനല്ലേ?

പലവട്ടം പറഞ്ഞിട്ടും അനുസരിയ്ക്കാത്ത "വാനരോത്തമ"നെ, നന്ദികേടിന് വധിയ്ക്കാനുള്ള സഹോദരന്മാരുടെ പുറപ്പാടിൽ ഭയന്നാണ് സുഗ്രീവാജ്ഞ. ആ ഭയത്താൽ സ്ഥലകാലബോധം നഷ്ടപ്പെട്ട സുഗ്രീവൻ.. രാവണനാണ് കൊണ്ട് പോയതെന്നും ദക്ഷിണദിശയിലാണ് പോകേണ്ടതെന്നും അറിഞ്ഞിട്ടും നാല് ദിക്കിലേക്കും തിരയാൻ ആളെ അയയ്ക്കുന്നത്.... അതിൽ രാമൻ വന്ന ഉത്തരദിക്കും പെടും! എന്നാൽ രാമന് നല്ല ബോധം ഉണ്ടായിരുന്നതിനാൽ ദക്ഷിണദിക്കിലേയ്ക്ക് പോകുന്നവരുടെ നേതാവ് ഹനുമാന്റെ കയ്യിൽ മാത്രം മുദ്രയും അടയാള വാക്യവും നൽകി. സുഗ്രീവാജ്ഞ ബാലിയെ വധിച്ച് ഭാര്യയും അമ്മയുമായ താരയെ സ്വന്തമാക്കിയതിന്റെ പ്രതികാരം അംഗദൻ ചെയ്യാതിരിയ്ക്കാൻ അവനെ കൂടി വധിയ്ക്കുവാനുള്ള ഗൂഢാലോചന ആയി അവൻ കാണുന്നുമുണ്ട്.

സ്വാതി തിരുനാളിന് രത്നങ്ങളോടുള്ള ദൗർബ്ബല്യം ആ നൂറുസൂര്യന്മാരുടെ ശോഭയുള്ള രത്നമോതിരത്തിൽ കാണാം, കൈകേയി എല്ലാം ഊരിയെടുത്ത്, വനവാസി ആക്കിയ രാമന് ഈ കഷ്ടപ്പാടിനിടയിലും സ്വാതി അതൊക്കെ ഒരുക്കുന്നു. 'സ്വന്തം പേര് കൊത്തിയത് തിളങ്ങുന്ന മോതിരം, ചിഹ്നമായി രാമൻ ഹനുമാന് നൽകുന്നു' മോതിരത്തിന്റെ മഹത്വമല്ല സീതയ്ക്ക് ചിരപരിചിതമായ അടയാളം ആയാണ് വാല്മീകി കാണുന്നത്.

ദദൌ തസ്യ തതഃ പ്രീതസ്സ്വനാമാങ്കോപശോഭിതം
അങ്ഗുലീയമഭിജ്ഞാനം രാജപുത്ര്യാഃ പരന്തപഃ
അനേന ത്വാം ഹരിശ്രേഷ്ഠ! ചിഹ്നേന ജനകാത്മജാ.
മത്സകാശാദനുപ്രാപ്തമനുദ്വിഗ്നാനുപശ്യതി৷

അഭിജ്ഞാനശാകുന്തളത്തിലെ കാളിദാസന്റെ അഭിജ്ഞാനമോ... മുദ്രാരാക്ഷസത്തിലെ വിശാഖദത്തന്റെ അമാത്യമുദ്രയോ പോലെ ഒന്നായിരുന്നു ആ മുദ്രമോതിരവും, നോക്കുക രണ്ട് കൃതികൾക്കും പേരിൽ തന്നെ ആ മോതിരത്തിന്റെ പരാമർശ്ശമുണ്ട് എങ്കിലും സ്വാതി ഒരു കുരങ്ങന്റെ വീര്യം മറയ്ക്കാനുള്ള ശ്രമത്തിൽ സ്വയം വാനരമനം കൈക്കൊണ്ട് തിളക്കത്തിന് പിന്നാലെ പോയോ?

വിഭീഷണസഖ്യം യുദ്ധകാണ്ഡത്തിലാണ്. രാവണനേയും ലങ്കയും വെല്ലാൻ പറ്റിയ ചില രഹസ്യങ്ങൾ വിഭീഷണനിൽ ഉണ്ടെന്ന് മനസ്സിലാക്കി, നന്നായി ഉരച്ച് മാറ്റളന്നിട്ടാണു ലങ്കാധിപനായി സങ്കൽപ്പ അഭിഷേകം നടത്തിക്കൊടുക്കുന്നത്. യുദ്ധകാണ്ഡം സർഗ്ഗം 18 മുഴുവൻ വിഭീഷണനെ ഉരച്ചുനോക്കലാണ്. ഹനുമാൻറെ വാക്കുകൾ മാത്രം മതി, ലങ്കയും രാക്ഷസന്മാരെയും കണ്ടറിഞ്ഞവൻറെ ആ വാക്കുകളാണ് രാമൻ ശ്രദ്ധിച്ചത്.

സുന്ദരകാണ്ഡത്തിന്റെ അന്ത്യത്തിലും, യുദ്ധകാണ്ഡം ആരംഭത്തിലും രാമനിൽ മറ്റ് ചില ദൗർബ്ബല്യങ്ങൾ വ്യക്തമായി കാണാം.

വാഹി വാത യത: കാന്താ താം സ്‌പൃഷ്ട്വാ മാമപി സ്‌പൃശ്യ 
ത്വയി മേ ഗാത്രസ സ്പർശശ്ചന്ദ്രേ ദൃഷ്ടിസമാഗമഃ 

(വായുഭഗവാനേ ... സീത തങ്ങുന്ന ഇടത്ത് കൂടി പ്രവഹിച്ച് എന്നെ തഴുകിയാലും, എനിയ്ക്ക് അവളുമായി സമാഗമം അനുഭവപ്പെടും)

തദ്വിയോഗേന്ധനവതാ തച്ചിന്താവിപുലാർച്ചിഷാ
രാത്രിംദിവം ശരീരം മേ ദഹ്യതേ മദാനാഗ്നിനാ 

(അവളുടെ വിരഹത്താൽ, അവളെപ്പറ്റിയുള്ള ചിന്തകളാൽ ഉള്ള കാമാഗ്നിയിൽ എന്റെ ദേഹം രാപകൽ ദഹിച്ച് കൊണ്ടെയിരിയ്ക്കുന്നു - മായാസീതയെപ്പറ്റി ആണെങ്കിൽ ഇത്രയ്ക്ക് അങ്ങോട്ട് വേണോ?)

അവഗാഹ്യാർണ്ണവം സ്വപ്സ്യേ സൗമിത്രേ ഭാവതാ വിനാ 
കഥഞ്ചിത് പ്രജ്വലൻ കാമ: സ മാ സുപ്തം ജലേ ദഹേത് 

(ലക്ഷ്മണാ.. നിന്നെക്കൂട്ടാതെ ഞാൻ കടലിൽ ഇറങ്ങിക്കിടക്കട്ടെ.. എന്നിലെ തിളച്ച് മറിയുന്ന കാമവികാരങ്ങൾക്ക് അങ്ങനെയെങ്കിലും ശാന്തി ലഭിയ്ക്കുമോ?)

ബഹ്വെതത് കാമയാനസ്യ ശഖ്യമേതേന ജീവിതും 
യദഹം സാ ച വാമൊരൂരേകാം ധരണിമാശ്രിതൗ

(അതിമനോഹരമായ തുടകൾ ഉള്ള അവളും ഞാനും ഇതേ ഭൂമിയുടെ രണ്ടറ്റത്ത് - അശോകവനത്തിലും ഇന്നത്തെ തലൈമണ്ണാറിലും - ആയി കിടക്കുന്നു)

കദാ നു ചാരുബിംബോഷ്‌ഠം തസ്യാ: പദ്മമിവാനനം 
ഇഷദുന്നമ്യ പാസ്യാമി രസായ നാമിവാതുര" 

(അഴകാർന്ന തൊണ്ടിപ്പഴം പോലത്തെ ചുണ്ടുകളോട് കൂടിയ ചുവന്ന പൂവ് പോലെയുള്ള അവളുടെ മുഖം രോഗി ജീവൻ രക്ഷിയ്ക്കാൻ കഴിയ്‌ക്കേണ്ട മരുന്നിനെ എങ്ങനെ കാണുന്നുവോ, അത് പോലെ എപ്പോഴാണ് കൺകുളിർക്കെ കാണുക?)

തസ്യാസ്തു സംഹതൗ പീനൗ സ്തനൗ താലഫലോപമൗ 
കദാ നു ഖലു സൊത്കമ്പൗ ഹസന്ത്യാ മാം ഭജിഷ്യത

( പുഞ്ചിരി തൂകി വരുന്ന അവളുടെ തമ്മിൽ ഞെരുങ്ങിയവയും, തടിച്ചതും, പനംപഴങ്ങൾ പോലെയുള്ളവയും, തുടിയ്ക്കുന്നതുമായ ഇരു സ്തനങ്ങളും എപ്പോഴാണ് എന്നിൽ അമരുക?)

കാമം സഹിയ്ക്കാനാവാതെ ലക്ഷ്മണനോട് വിലപിയ്ക്കുന്ന രാമൻ, സമുദ്രത്തിലിറങ്ങി കിടന്നാൽ ആശ്വാസം ലഭിയ്ക്കുമോ? എന്ന് തിരക്കുന്ന രാമൻ, സീതയുടെ അധരപാനം ചെയ്യണമെന്നും, സ്തനങ്ങൾ തന്നിലമരണമെന്നും, ഭാര്യയെ വെടിഞ്ഞ് വർഷങ്ങളായി ജീവിയ്ക്കുന്ന സഹോദരനോട് നിർലജ്ജം വെളിപ്പെടുത്തുമ്പോൾ മാനുഷികമായ ഭാവങ്ങൾ മാത്രം രാമനിൽ തിരയടിയ്ക്കുന്നു)

ചരണം 6 (യുദ്ധകാണ്ഡം)
(രാഗം : മധ്യമാവതി, ഖരഹരപ്രിയ )
==================================

കലിതവരസേതുബന്ധം ഖലനിസ്സീമപിശിതാശന
ദലനമുരുദശകണ്ഠവിദാരണമതിധീരം
ജ്വലനപൂതജനകസുതാസഹിതയാതസാകേതം
വിലസിതപട്ടാഭിഷേകം വിശ്വപാലം പദ്‌മനാഭം

കലിത - നിർമ്മിച്ചു വര - ഏറ്റവും മികച്ച 
സേതുബന്ധം - സമുദ്രത്തിനെ മുറിച്ച് കടക്കാൻ ചിറ 
ഖല - നീചന്മാരായ, ക്രൂരന്മാരായ 
നിസ്സീമ - അനേകം, എണ്ണമറ്റ 
പിശിതാശന - മാംസാഹാരികളെ , പിശാചുക്കളെ, രാക്ഷസന്മാരെ 
ദലന - വധിയ്ക്കുക 
ഉരു - മഹത്തായ 
ദശകണ്ഠ - പത്ത് ശിരസ്സുള്ള, പത്ത് കഴുത്തുള്ള 
വിദാരണ - യുദ്ധത്തിലൂടെ 
അതിധീരം - അതീവ വീരനായ, അതിധീരനായ 
ജ്വലന - അഗ്നിയിലൂടെ  
പൂത - ശുദ്ധയായ 
ജനകസുതാ - ജാനകി, സീത 
സഹിതയാത - ഒപ്പമുള്ള യാത്ര 
സാകേതം - അയോദ്ധ്യ 
വിലസിത - തിളക്കമുള്ള, അതിഗംഭീരമായ 
പട്ടാഭിഷേകം - രാജ്യഭാരമേൽക്കൽ 
വിശ്വപാലം - പ്രപഞ്ചത്തിന്റെ സംരക്ഷകൻ 
പദ്‌മനാഭം - നാഭിയിൽ താമരയുള്ള, മഹാവിഷ്ണു 

സുന്ദരകാണ്ഡത്തിലെ 128 സർഗ്ഗങ്ങളിലെ ശ്രീരാമചരിതം സ്വാതിതിരുനാൾ ഇങ്ങനെ സംഗ്രഹിയ്ക്കുന്നു..... 

സമുദ്രരാജൻ വരുണന്റെ നിർദ്ദേശപ്രകാരം, ജലത്തിലൂടെയുള്ള നിർമ്മിതികളിൽ വിദഗ്ദ്ധരായ നളൻ, നീലൻ എന്നീ വാനരവാസ്തുശിൽപ്പികളുടെ നേതൃത്വത്തിൽ ധനുഷ്ക്കോടിയിൽ നിന്നും തലൈമന്നാറിലേയ്ക്ക് സമുദ്രത്തിന് കുറുകെ ചിറ (സേതു) നിർമ്മിയ്ക്കുന്നു. സേതുവിലൂടെ രാമലക്ഷ്മണന്മാരും, സുഗ്രീവ, ഹനുമാൻ, അംഗദന്മാരുടെ നേതൃത്വത്തിൽ വാനരസേനയും ലങ്കയിലെ മണ്ണിൽ കാലുകുത്തുന്നു. ആദ്യം വിഭീഷണനിലൂടെ സന്ധിസംഭാഷണവും അതിന്റെ പരാജയത്തെ തുടർന്നു യുദ്ധവും നടക്കുന്നു. 

ഇരുഭാഗത്തും വലിയ നാശനഷ്ടങ്ങൾ സംഭവിയ്ക്കുന്നു. നിരവധി രാക്ഷസവീരന്മാർ വധിയ്ക്കപ്പെടുന്നു , നിദ്രയിൽ നിന്നുണർത്തപ്പെട്ട ധർമ്മിഷ്ടനായ കുംഭകർണ്ണനും, രാവണപുത്രന്മാരും, സേനാനികളും വധിയ്ക്കപ്പെടുന്നു. ഇന്ദ്രജിത്തിന്റെ വിഷാസ്ത്രത്തിൽ മരണാസന്നനായ ലക്ഷ്മണനെ രക്ഷിയ്ക്കുവാൻ സുഷേണന്റെ നിർദ്ദേശപ്രകാരം ഹനുമാൻ ഭാരതഖണ്ഡത്തിലെത്തി മൃതസഞ്ജീവനി (വിഷല്യകാരണി) കൊണ്ടുവരുന്നു. 

വിഭീഷണൻ കാട്ടിക്കൊടുക്കയാൽ, നികുംഭിലയിലെ പൂജമുടക്കി, ഇന്ദ്രനെ പോലും ജയിച്ച മേഘനാദനെ വധിയ്ക്കുന്നു. രാവണൻ നേരിട്ട് യുദ്ധത്തിനെത്തുന്നു, ഘോരയുദ്ധത്തിൽ രാവണൻ കൊല്ലപ്പെടുന്നു, വിഭീഷണൻ സീതയെ രാമന്റെ പക്കലെത്തിയ്ക്കുന്നു, രാമനിൽ സംശയം ആളിക്കത്തുന്നു, സീത ലക്ഷ്മണനോട് ആവശ്യപ്പെട്ട് ചിതയൊരുക്കി അതിൽ ആത്മാഹൂതിയ്ക്ക് ശ്രമിയ്ക്കുന്നു, അഗ്നിശുദ്ധയായ സീതയെ രാമൻ സ്വീകരിയ്ക്കുന്നു, അവളോടൊപ്പം അയോദ്ധ്യയിലേയ്ക്ക് മടങ്ങുന്നു. അയോദ്ധ്യയിൽ ശ്രീരാമപട്ടാഭിഷേകം അതിഗംഭീരമായി ആഘോഷിയ്ക്കപ്പെടുന്നു.

പിന്നീടുള്ളത് ഉത്തരരാമായണമാണ്; അതിൽ പ്രജകളുടെ ഇടയിലെ സംശയ-അപവാദങ്ങളിൽ വലഞ്ഞ രാമൻ, ഗർഭിണിയായ സീതയെ വനത്തിൽ ഉപേക്ഷിയ്ക്കുന്നു. സീത വാത്മീകിയുടെ ആശ്രമത്തിൽ ലവനും,കുശനും ജന്മം നൽകുന്നു. രാമന്റെ അശ്വമേധത്തിനായി വന്ന കുതിരയെ കുട്ടികൾ ബന്ധിയ്ക്കുന്നു, തുടർന്ന് ഹനുമാനെയും, രാമസഹോദരന്മാരേയും പരാജയപ്പെടുത്തുന്നു, യുദ്ധത്തിനെത്തിയ രാമൻ പുത്രന്മാരെ സ്വീകരിയ്ക്കുന്നു. സീതയെ സ്വീകരിയ്ക്കാൻ ജനമദ്ധ്യത്തിൽ മറൊരഗ്നി പരീക്ഷ ആവശ്യപ്പെടുന്നു. സീത ഭൂമീദേവിയെ വിളിച്ച് അഭയം ആവശ്യപ്പെടുന്നു, ഭൂമിപിളർന്ന് അപ്രത്യക്ഷയാകുന്നു. അശ്വമേധം സീതയുടെ കാഞ്ചനപ്രതിമയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്നു. ദുർവ്വാസാവിനാൽ ഭേദിയ്ക്കപ്പെട്ട രാമലക്ഷ്മണ ബന്ധത്തിൽ ഖിന്നനായി ലക്ഷ്മണൻ സരയൂ നദിയിൽ ആത്മാഹൂതി ചെയ്യുന്നു. ഇതറിഞ്ഞ രാമൻ രാജ്യം രണ്ടാക്കി ലവനു ശ്രാവസ്തിയും, കുശനു കുശവസ്തിയും തലസ്ഥാനങ്ങളാക്കി രാജ്യഭാരം നല്കിയ ശേഷം, സരയൂനദിയുടെ ആഴങ്ങളിലേയ്ക്ക് നടന്നു മറഞ്ഞു.




(വീണ്ടും സ്വാതിയുമായി വിയോജിയ്ക്കേണ്ടി വരുന്ന പ്രയോഗമാണ് "പിശിതാശന" മത്സ്യ-മാംസാഹാരിയായിരുന്ന രാമന് ആഹാരം പങ്ക് വയ്ക്കുന്നതിലെ തർക്കമല്ലാതെ മറ്റൊന്നും മാംസാഹാരികളോട് വരേണ്ട കാര്യമില്ല. ഉത്തരകാണ്ഡത്തിൽ 52 ആം സർഗ്ഗത്തിൽ അശോകവനിയിൽ...

"മാംസാനി ച സുമൃസ്തനി വിവിധാനി ഫലാനി ച 

രാമസ്യഭ്യവഹാരാർത്ഥം കിംകരാസ്തുർമാഹാരണ്‍"

(സേവകജനങ്ങൾ വളരെ പെട്ടെന്ന് രാമനു കഴിയ്ക്കുവാൻ വിവിധ രീതിയിൽ പാകം ചെയ്ത മാംസവും, പഴവർഗ്ഗങ്ങളും വിളമ്പി)


അയോദ്ധ്യാ കാണ്ഡത്തിലെ സർഗ്ഗം 52 ശ്ലോകം 102


തൌ തത്ര ഹത്വാ ചതുരോ മഹാമൃഗാന്

വരാഹമൃശ്യം പൃഷതം മഹാരുരും .
ആദായ മേധ്യം ത്വരിതം ബുഭുക്ഷിതൌ
വാസായ കാലേ യയതുര്വനസ്പതിതിം 

( നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഒരു കാട്ടുപന്നി, ഒരു കൃഷ്ണമൃഗം, ഒരു പുള്ളിമാൻ, ഒരു കലമാൻ എന്നിവയെ കൊന്ന് നല്ല ഇറച്ചിയുള്ള ഭാഗങ്ങൾ മാത്രം കഴിച്ച് മരച്ചുവട്ടിൽ കിടന്നുറങ്ങി)


സുന്ദരകാണ്ഡം സർഗ്ഗം 36 ശ്ലോകം 15 ൽ ഹനുമാൻ സീതയോടെ രാമന്റെ ദുഃഖം അറിയിയ്ക്കുന്നു.


ന മാംസം രാഘവോ ഭുങക്തേ ന ചാപി മധു സേവതേ.

വന്യം സുവിഹിതം നിത്യം ഭക്തമശ്നാതി പഞ്ചമമ്

(സീതാ വിരഹത്താൽ രാഘവൻ മാംസം കഴിയ്ക്കുന്നതും മദ്യപിയ്ക്കുന്നതും ഒഴിവാക്കിയിരിയ്ക്കുന്നു, അഞ്ചിൽ ഒന്ന് ആഹാരം മാത്രമാണിപ്പോൾ കഴിയ്ക്കുന്നത്)


ഇവയിലൊക്കെ മൃഗങ്ങളെ ആഹാരമാക്കിയ, വേട്ട ഇറച്ചി ഉണക്കി സൂക്ഷിച്ച് ആഹരിച്ച രാമനേയും, സീതയേയും കാണാവുന്നതാണ്.


വാത്മീകി രാമായണത്തിലെ ഉത്തരകാണ്ഡത്തിൽ 52 ആം സർഗ്ഗത്തിൽ അശോകവനിയിൽ രാജാവായ ശ്രീരാമനും, സീതയും സ്വൈര്യവിഹാരം നടത്തുന്ന വരികൾ ശ്രദ്ധിയ്ക്കുക.


"സീതം അദയ ബാഹുഭ്യൗ മധു മൈരേയകം ശുചി 

പയായമസ കുകുസ്തസ്താ ശുചിമിന്ദ്രോ യാതാമൃതം" 

(സീതയെ ഇരു കൈകളാലും പുണർന്നു കൊണ്ട് കുകുത്സൻ (ശ്രീരാമൻ) മൈരേയകം എന്ന മദ്യം ശുദ്ധമായി അവളെ, ഇന്ദ്രൻ ഇന്ദ്രാണിയെ അമൃത് കുടിപ്പിയ്ക്കും പോലെ കുടിപ്പിച്ചു; അപ്പോൾ ഭാര്യയ്ക്കും ഭർത്താവിനും മദ്യപാനവും ഉണ്ടായിരുന്നു. )


നല്ലകാര്യമുള്ളത് രാവണനെ ഇത്തവണയും അതിധീരനും, വീരനും, മഹത്തായ പത്ത് ശിരസ്സുള്ളവനുമായി പ്രകീർത്തിയ്ക്കുന്നു എന്നതാണ് (രാവണന്റെ സ്ഥിരം ചിത്രങ്ങൾ വരയ്ക്കുന്നവർ ഇവിടം ഒന്ന് ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്, പത്ത് കഴുത്തുള്ള രാവണനെ സാധാരണ ചിത്രത്തിലും കാണാറില്ല, കഴുത്തും, അതിനുമുകളിൽ ഒരു ശിരസ്സും, വെട്ടിയെടുത്തൊട്ടിച്ച പോലെ കുറെ മുഖങ്ങളുമാണു കാണാറുള്ളത്).


യുദ്ധകാണ്ഡത്തിന്റെ ആരംഭത്തിൽ ലങ്കയിലെ മണ്ണിൽ കിടക്കുന്ന രാമൻ, ഇതേ മണ്ണിൽ മറ്റൊരുഭാഗത്ത് ശയിയ്ക്കുന്ന സീതയുടെ ചുണ്ടുകളും, തുടകളും, മാറിടവുമൊക്കെ ഓർത്തും പറഞ്ഞും, കാമപീഡിതനായി കാണുന്നു. എന്നാൽ യുദ്ധാനന്തരം സീതയെ നേരിട്ട് കാണുമ്പോൾ രാമനിലെ പുരുഷനല്ല, സ്ത്രീയുടെ ഉടമയാണുയരുന്നത്. യുദ്ധകാണ്ഡം സർഗ്ഗം 115 - രാമനിലെ സംശയരോഗം ബാധിച്ച ഭർത്താവിൽ നിന്ന് പച്ചയായി പുറത്തുവന്ന വാക്കുകൾ "പുരുഷാവാക്യം അതോ പരുഷമോ?"


"അഴകാർന്ന തൊണ്ടിപ്പഴം പോലത്തെ ചുണ്ടുകളോട് കൂടിയ ചുവന്ന പൂവ് പോലെയുള്ള അവളുടെ മുഖം രോഗി ജീവൻ രക്ഷിയ്ക്കാൻ കഴിയ്‌ക്കേണ്ട മരുന്നിനെ എങ്ങനെ കാണുന്നുവോ, അത് പോലെ എപ്പോഴാണ് കൺകുളിർക്കെ കാണുക?" എന്ന് ലക്ഷ്മണനോട് ചോദിച്ച രാമൻ വിഭീഷണനോടൊപ്പം അടുത്തെത്തിയ സീതയോട് പറയുന്നു


പുരുഷവാക്യം

==============

"സ ബദ്ധ്വാ ഭ്രുകടീം വക്ത്രേ തിയ്യക്ക് പ്രേക്ഷിതലോചന:

അബ്രവീത് പരുഷം സീതാം മദ്ധ്യേ വാനര രാക്ഷസാം"

( അദ്ദേഹം മുഖത്തിൽ പുരികം ചുളിച്ച്, നോട്ടത്തെ തിരിച്ചും കൊണ്ടും വാനരന്മാരുടെയും രാക്ഷസന്മാരുടെയും നടുവിൽ വച്ച് സീതയോട് ഇപ്രകാരം "പരുഷ" വാക്കുകൾ പറഞ്ഞു. ഇതിനെ പിന്നീട് "പുരുഷവാക്യം" എന്ന് വ്യാഖ്യാനിയ്ക്കപ്പെട്ടു)


"വിദിതശ്ചാസ്തു തേ ഭദ്രേ യോടയം രണപരിശ്രമ:

സ തീർണ്ണ: സുഹൃദാം വീര്യാർന്ന ത്വദർത്ഥം മയാ കൃത:
രക്ഷതാ തു മയാ വൃത്തമപവാദം ച സർവ്വശ:
പ്രഖ്യാതസ്യാത്മവംശസ്യ ന്യംഗം ച പരിമാർജ്ജതാ"

( നീ ഇത് മനസ്സിലാക്കിയാലും.. രഘുവംശത്തിന്റെ മാനം രക്ഷിയ്ക്കുവാൻ വേണ്ടി മാത്രമാണു രാവണനെ വധിച്ചത്, നിനക്ക് വേണ്ടിയല്ല ഞാനത് ചെയ്തത് (ത്വദർത്ഥം മയാ കൃത); വീണ്ടെടുക്കേണ്ടിയിരുന്നത് നിന്നെയല്ല, നഷ്ടപ്പെട്ട അഭിമാനമായിരുന്നു, അത് ഞാൻ നേടിക്കഴിഞ്ഞു ".


"പ്രാപ്ത ചാരിത്ര സന്ദേഹാ മമ പ്രതിമുഖേ സ്ഥിതാ 

ദീപോ നേത്രാതുരസ്യേവ പ്രതികൂലാസി മേ ദൃഢം"

( എന്റെ കണ്മുന്നിൽ ചാരിത്യ്രത്തിനു സംശയം നേരിട്ടവളായി നിൽക്കുന്ന നീ ഒരു നേത്രരോഗിയ്ക്ക് വിളക്ക് എപ്രകാരം ശല്യമാകുന്നുവോ അത്രയ്ക്ക് വേണ്ടാത്തവൾ ആണ് ) ( ഇവിടെ ദേഷ്യത്താൽ രാമൻ സ്വയമറിയാതെ താൻ രോഗിയും (സംശയ) സീത ദീപം പോലെ ശുദ്ധയും ആണെന്ന് വെളിപ്പെടുത്തുന്നു)


ഇനി നീ ഇഷ്ടം പോലെ എവിടെങ്കിലും പൊയ്ക്കൊൾക. പത്തു ദിക്കിലെവിടെയെങ്കിലും. ശ്ലോകം 18


വേറൊരു വീട്ടിൽ‌പ്പോയി വസിച്ചവളെ ഏതു കുലീനൻ തിരിച്ചെടുക്കും? ശ്ലോകം 19


അകാശമാർഗ്ഗേ പുഷ്പ്പക വിമാനത്തിൽ രാവണന്റെ മടിയിൽ കയറി ഇരുന്നവൾ നീ... ശ്ലോകം 20


"ഇതി പ്രവ്യാഹൃതം ഭദ്രേ മയൈതത് കൃതബുദ്ധിനാം

ലക്ഷ്മണേ ഭരതേ വാ ത്വം കുരു ബുദ്ധീം യഥാസുഖം"

(ഭരതനേയോ ലക്ഷ്മണനേയോ ഭർത്താ‍വാക്കി സുഖമായി ജീവിയ്ക്കുക)


"സുഗ്രീവേ വനരേന്ദ്രാ വാ രാക്ഷസേന്ദ്ര വിഭീഷണേ 

നിവേശയ മന: സീതേ യഥാ വാ സുഖാത്മന:"

അല്ലെങ്കിൽ സുഗ്രീവനേയോ വിഭീഷണനേയോ സമീപിച്ച് സുഖിച്ചുകൊള്ളാനാണ് തുടർന്ന് ഉപദേശിയ്ക്കുന്നത്.


തനിയ്ക്ക് സ്വീകാര്യമല്ലാത്തതിനെ അനുജന്മാർക്ക് സമർപ്പിച്ച് അവരെ അപമാനിച്ച് തന്റെ ഔന്നത്യബോധം സ്വയം പ്രകടിപ്പിയ്ക്കുന്നതിതാദ്യമല്ല. ചിതയൊരുക്കി ആത്മാഹൂതിയ്ക്ക് സീതയെ ലക്ഷ്മണൻ സഹായിയ്ക്കുമ്പോൾ, അന്യഗ്രഹത്തിൽ വസിച്ച ഇവളോടൊപ്പം ഇതങ്ങൊഴിയട്ടേ മട്ടിൽ അനുവാദം നല്കുന്ന രാമനു വളരെ വേഗം മറ്റുചിലതലട്ടുന്നു. തിരികെ അയോധ്യയിലെത്തുമ്പോൾ സീത കൂടെയില്ലെങ്കിൽ രാവണ-ലങ്കാവിജയങ്ങൾക്ക് വിലയോ വിശ്വാസ്യതയോ ഉണ്ടാകില്ല, ജീവിച്ചിരിയ്ക്കുന്ന തെളിവാണ് സീത, അതിനാൽ അഗ്നിയിൽ നിന്നും സീതയെ അനുനയിപ്പിച്ച് അയോദ്ധ്യയിലേയ്ക്ക് കൂടെ കൂട്ടുന്നു.


വിഭീഷണനെ കൂടെക്കൂട്ടിയതിന്റെ ഏറ്റവും വലിയ ഗുണം ലഭിയ്ക്കുന്നത് ഇന്ദ്രജിത്തിന്റെ പൂജപൂർത്തിയായാൽ (ഒരു പക്ഷേ അതിഭയങ്കരമായ ആയുധങ്ങൾ കൊണ്ടുവരുവാൻ) യുദ്ധവിജയം അസാദ്ധ്യമായ നികുംഭില കണ്ടെത്തുന്നതിലാണ്. അകത്തു നിന്നും വിളിയ്ക്കും വരെ വാതിലടച്ച് താക്കോലുമായി നിന്ന വൃദ്ധയായ മണ്ഡോദരിയെ അംഗദൻ മാനഭംഗപ്പെടുത്തിയാണ്, താക്കോൽ സ്വന്തമാക്കുന്നതും, ഇന്ദ്രജിത്തിനെ പുറത്ത് കൊണ്ടുവരുന്നതും; എല്ലാ സൈനികരും അന്നും ഇന്നും സ്ത്രീകളെ നേരിടാൻ ആയുധമായി ലിംഗവും, മാനഭംഗവും ഉപയോഗിയ്ക്കുന്നത്തിന്റെ തെളിവ് ആദികാവ്യത്തിൽ മര്യാദാപുരുഷോത്തമൻ നയിയ്ക്കുന്ന സേനയിൽ തന്നെ വാത്മീകി കാട്ടിത്തരുന്നു)


================================================

സ്വാതിതിരുനാളിന്റെ ഈ കൃതി വലിയ സൂചനകൾ തരുന്ന ഒന്നാണ്. ഓരോ മനുഷ്യനിലും സദ്ഗുണങ്ങളും ദുർഗുണങ്ങളുമുണ്ട്. സദ്ഗുണങ്ങൾ മാത്രമുള്ളവൻ ദേവനും, ദുർഗുണങ്ങൾ മാത്രമുള്ളവൻ അസുരനും, സദ്ഗുണ-ദുർഗ്ഗുണങ്ങളുടെ മിശ്രിതമായവൻ മനുഷ്യനുമായി പരാമർശ്ശിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരുവനിലെ നന്മകൾ മാത്രം പ്രതിപാദിയ്ക്കുകയും, തിന്മകളെ താമസ്ക്കരിയ്ക്കുകയും ചെയ്യുമ്പോൾ മനുഷ്യൻ ദൈവം ആയി സങ്കൽപ്പത്തിൽ രൂപാന്തരം പ്രാപിയ്ക്കുന്നു. നേരേ മറിച്ചായാൽ നീചനും, രാക്ഷസനും, അസുരനുമൊക്കെയാവുന്നു. 

പെറ്റമ്മയ്ക്ക് കുടിയ്ക്കാനുള്ള ചട്ടിയിലെ കഞ്ഞി തട്ടിത്തെറിപ്പിയ്ക്കുന്ന ദുഷ്ടൻ... പക്ഷെ ആ കഞ്ഞി ചെന്ന് വീഴുന്നത് ചാവാറായി കിടന്ന ഒരു പൂച്ചയ്ക്കരികിലും... ആ കഞ്ഞിയിൽ നിന്നും ഊർജ്ജം നേടി പൂച്ച ജീവിതത്തിലേയ്ക്ക് തിരിച്ച് വരുമ്പോൾ... പ്രാണതുല്യയായ സ്വന്തം മാതാവിന് തയ്യാറാക്കിയ സ്വർണ്ണപ്പാത്രത്തിലെ പാൽക്കഞ്ഞി വിശന്ന് ഒരു മരണാസന്നയയ ഒരു പൂച്ചയ്ക്കായി ദാനം നല്കുന്ന മഹാമാനസ്സായി, ദയയായി സ്തുതിപാഠകർ കൊട്ടിഘോഷിച്ചാൽ ദുഷ്ടൻ .. മഹാനാകും! ഒരുവനിലെ നന്മ മാത്രം പർവ്വതീകരിയ്ക്കുകയും, തിന്മകളെ മറച്ച് വയ്ക്കുകയും ചെയ്യുന്ന, തിളങ്ങുന്ന വിഗ്രഹങ്ങളെ നിർമ്മിയ്ക്കുന്ന ഈ രീതി സ്വാതിതിരുനാൾ വ്യക്തമാക്കുന്നു; അതിന്നും നമ്മുടെ രാഷ്ട്രീയക്കാർ പയറ്റുന്നു, വിജയിയ്ക്കുന്നു.

ശ്രീരാമനെന്ന പൂന്തോട്ടത്തിൽ വാത്മീകി സുഗുണങ്ങളും, സുർഗ്ഗുണങ്ങളും കാണുകയും, വ്യക്തമായി പ്രതിപാദിയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്വാതിതിരുനാൾ ആ പൂന്തോട്ടത്തിലെ സുഗുണപുഷ്പങ്ങൾ വിരിയുന്ന ചെടികൾ നിറഞ്ഞ ഭാഗത്തേയ്ക്ക് മാത്രമേ സഞ്ചരിയ്ക്കുന്നുള്ളൂ, അത് അദ്ദേഹത്തിന്റെ ഇഷ്ടം, സ്വാതന്ത്ര്യം. അവിടെ പോലും കാണുന്ന ചിലമുള്ളുകളെ അദ്ദേഹം പൂവിട്ടുനില്ക്കുന്ന ചില്ലകൾ കൊണ്ട് മറയ്ക്കുകയോ (അതിഘോരശൂർപ്പണഖ, ഖലമാരീചൻ, ദലനമീശം- മഹത്തായ കൊല), ഒഴിഞ്ഞ് പോവുകയോ ചെയ്യുന്നു.

കവിയുടെ എല്ലാ സ്വാതന്ത്ര്യവും സ്വാതിതിരുനാളിനുള്ളതിനാൽ വാത്മീകി രാമായണവുമായി താരതമ്യം ചെയ്ത് ഈ പഠനത്തിലൂടെ ഈ കൃതിയെ ഇകഴ്ത്തനുള്ള യാതൊരുദ്ദെശവുമില്ല, പകരം 24 ,000 ശ്ലോകങ്ങളെ, ഉത്തരരാമായണം ഒഴികെയുള്ള 6 കാണ്ഡങ്ങളെ, 534 സർഗ്ഗങ്ങളെ 24 വരികളിൽ സംഗ്രഹിച്ച മഹത്തായ, അതിഗംഭീരമായ പാണ്ഡിത്യത്തെ അറിയുകയും, അറിയിയ്ക്കുകയും ചെയ്യുക മാത്രമാണിവിടെ ചെയ്തിട്ടുള്ളത്.

No comments:

Post a Comment