Tuesday, January 26, 2016

സുഖം (Passion)

ആചാര്യ വിഷ്ണുഗുപ്തനെന്ന ചാണക്യനിൽ തുടങ്ങാം.

"ആഹാരോ ദ്വിഗുണ: സ്ത്രീണാം ബുദ്ധിസ്താസാം ചതുർഗുണ
സാഹസം ഷഡ്ഗുണം ചൈവ കാമശ്ചാഷ്ടഗുണ: സ്മൃത:"

"പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ആഹാരം രണ്ടിരിട്ടിയും,ബുദ്ധി നാലിരിട്ടയും, സാഹസം ആറിരട്ടിയും, കാമം എട്ടിരട്ടിയുമാണെന്ന് പറയപ്പെടുന്നു."

ഇങ്ങനെ ഒക്കെ പഴയ ഗ്രന്ഥങ്ങൾ പറയുന്നു; അത് എന്തുമാകട്ടേ,ഈയിടെ വരുന്ന ചില വാർത്തകൾ ഏതണ്ടിതേ രീതിയ്ല് ആണ്.

കാമുകനെ കാണാൻ മതിലുചാടി, വൈദ്യുതി വേലിയിൽ കുരുങ്ങി മരിച്ചു!

കാമുകനെ കാണാൻ ചിമ്മിനി വഴി ഇറങ്ങി, അതിൽ കുടുങ്ങി!

ഒരു പുനർവിചിന്തനം ആയാൽ....

തീർച്ചയായും കാമസൂത്രം പുരുഷദർശ്ശനമാണ്, ആചാര്യ വാത്സ്യായനൻ വസന്തസേന വാരനാരിയുമായി ബന്ധപ്പെട്ട് അനുഭവിച്ചവ ആണെഴുതിയത് , സ്ത്രീയെ പദ്മിനി, ശംഖിനി, ഹസ്തിനി, ചിത്രിണി എന്ന് വേർതിരിയ്ക്കുന്ന മുനി പുരുഷനെ തരം തിരിയ്ക്കുന്നില്ല, ഉപഭോഗവസ്തുവിനെ തിരഞ്ഞെടുക്കാൻ എല്ലാ പുരുഷന്മാർക്കും ഒരു  അവസരം നൽകുന്നു. വസന്തസേനയൊട് ചോദിച്ചറിഞ്ഞ് ചിലതെഴുതുമ്പോഴും, സ്ത്രീസുഖത്തിനു അത്ര പ്രാധാന്യം നല്കുന്നില്ല.

ആചാര്യ വിഷ്ണുഗുപ്തന് സ്ത്രീ ഒരു സ്വത്ത് മാത്രമാണ്, അത് സംരക്ഷിയ്ക്കുവാനും, ഭോഗങ്ങൾ അനുഭവിയ്ക്കുവാനും ഉടമയായ പുരുഷന് നിർദ്ദേശങ്ങൾ നല്കുന്നു ചാണക്യനീതി.സ്ത്രീപക്ഷം തേടിയാൽ മാധവിക്കുട്ടി മുതൽ നളിനിജമീല പോലെ ചിലതിൽ പോകേണ്ടി വരും!

ഒരു ബിസിനസ്സ് ചർച്ചയിൽ വിഷയം ലൈംഗികതയിലേയ്ക്ക് വഴുതി മാറി.

പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ തങ്ങൾക്കാണു കൂടുതൽ സുഖം ലഭിയ്ക്കുന്നത് എന്ന് സമർത്ഥിച്ച് തുടങ്ങി.

സ്ത്രീകൾ ലൈംഗികത അവർക്കാണു കൂടുതൽ ആസ്വാദ്യകരം എന്ന് വാദിച്ചു.

ഇതോടെ തർക്കം മൂർച്ഛൈച്ചു; ഒടുവിൽ ഒരു സ്ത്രീ ആയ ചെയർപേഴ്സൺ ഇതിനൊരു സമധാനം ഉണ്ടാക്കാൻ തീരുമാനിച്ചു.


അവർ പറഞ്ഞു "സഹപ്രവർത്തകരേ.... നിങ്ങളിൽ എല്ലാവർക്കും ഒരിയ്ക്കൽ അല്ലെങ്കിൽ മറ്റൊരിയ്ക്കൽ ചെവിയ്ക്കുള്ളിൽ ചൊറിച്ചിൽ അനുഭവപ്പെട്ടിട്ടുള്ളവരും, അതിനു നിവൃത്തിയുണ്ടാക്കാൻ ചെവിയിൽ വിരലിട്ട് ഇളക്കിയിട്ടുള്ളവരും ആണല്ലോ? 

അങ്ങനെ വിരൽ തിരുകി ഇളക്കുമ്പോൾ ചൊറിച്ചിൽ മാറുന്നതിനുപരി ഒരു ചെറിയ സുഖമൊക്കെ തോന്നാറില്ലേ? 

ആ സുഖം അനുഭവപ്പെടുന്നത് വിരലിനോ? അതോ ചെവിയ്ക്കോ?"

ഇനി നമുക്ക് വിഷയത്തിലേയ്ക്ക് വരാം...

ഹോർമോണുകളെ പറ്റിയുള്ള പഠനം ഇതിനുത്തരം കാണാൻ അനിവാര്യമാണ്. ആ പഠനം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു...

ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ അടുത്തിരിയ്ക്കുന്ന പുരുഷൻ ധരിച്ച ഷെർവാണിയുടെ ഷാൾ നമ്മുടെ ശരീരത്തിൽ മുട്ടിയാൽ മറ്റൊരു പുരുഷന് പ്രത്യേകിച്ച് ഒന്നും തോന്നില്ല, ചിലപ്പോൾ ഈർഷ തോന്നിയെന്നും വരാം. എന്നാൽ മുൻ സീറ്റിൽ ഇരിയ്ക്കുന്ന സുന്ദരിയുടെ ചുരിദാറിന്റെ ഷാൾ കാറ്റിൽ നമ്മുടെ ദേഹത്ത് മുട്ടിയാൽ, ഒരു പുരുഷനത് ആസ്വാദ്യമായി തോന്നാം. കാരണമെന്താണ്?

നഖം കടിയ്ക്കുന്ന (Onychophagia) സുഖം, കടിച്ച് കടിച്ച് നഖം തീർന്നിട്ട് അരികിലെ ചർമ്മവും, മാംസവും കടിച്ച് രക്തവും, ചെറിയ വേദനയും വരുമ്പോഴും ഉള്ള ആ സുഖമെന്ത്?

മറ്റുള്ളവർ കാണുമ്പോൾ മ്ലേച്ഛം എന്നറിഞ്ഞിട്ടും പൊതുസ്ഥലത്ത് അറിയാതെ പഴുത്ത മൂക്കിൽ വിരലിട്ടിളക്കുന്ന സുഖമെന്ത്? 

ശരീരത്തിന് ദോഷകരമെങ്കിലും അജിനോമോട്ടയും ചൈനീസ്സ് സോസും ചേർത്ത് പൊരിച്ച ചിക്കൻ ഉള്ള കടയുടെ മുന്നിലെത്തുമ്പോൾ ഉള്ള ആ മണം നമ്മളിൽ ഉണ്ടാക്കുന്ന സുഖം എന്താണ്?

ഓക്സിട്ടോസിൻ,  ഡോപാമൈൻ, സെറോടോണിൻ, മറ്റ് എൻഡോർഫിൻസ് എന്നിവ ശരീരത്തിൽ കാട്ടിക്കൂട്ടുന്ന കുസൃതികൾ ആണിവയൊക്കെ..

ചർമ്മം ചർമ്മത്തിൽ ഉരയുമ്പോൾ ഓക്സിട്ടോസിൻ പോലെ വേറെയും ഹോർമോണുകൾ ഉത്പാദിപ്പിയ്ക്കപ്പെടുന്നു. ആ  "ചർമ്മാഞ്ചം" നമ്മുടെ ജന്മാവകാശം ആണ്! 


സംഭോഗത്തിന് മുമ്പുള്ള പൂർവ്വ കേളികൾ ബാഹ്യ ആന്തരിക സ്രവങ്ങൾ മാത്രമല്ല ഉത്പ്പാദിപ്പിയ്ക്കുന്നത്; രതിസുഖം  എന്നത് അവയിലൂടെ മാത്രമല്ല ലഭ്യമാകുന്നതും, ആസ്വദിയ്ക്കപ്പെടുന്നതും. 

എൻഡോർഫിൻസ്
-----------------------------

ഒരേ സമയം  വേദനയും, പൊട്ടിച്ചിരിയും ഇവനുണ്ടാക്കുന്നു. (ചിരി എന്ന് കരുതുക). എന്തായാലും വേദന ഇവന്റെ കലാപരിപാടി ആണെന്നതിൽ സംശയമില്ല. വേദനകുറയ്ക്കുന്ന ചിരി ഇനി ഇവന്റെ എതിർ ഹോർമോൺ ആണെങ്കിൽ അതിനിയും വിശദീകരിയ്ക്കേണ്ടിയിരിയ്ക്കുന്നു, നിലവിൽ ക്രഡിറ്റ് എൻഡോർഫിൻസിനു തന്നെ.

ഓക്സിട്ടോസിൻ
--------------------------

മാതൃത്വപരമായ വികാരങ്ങൾ ( അമ്മയായാലും, ഇല്ലെങ്കിലും), പൊതുഗുണങ്ങളോ താൽപ്പര്യങ്ങളോ ഉള്ളവർ തമ്മിലുള്ള കൂടിച്ചേരൽ, അനുതാപം, സഹതാപം, തന്മയീഭാവം, ഭയവും, ആകാംഷയും, മൂഡും, താൽപ്പര്യമില്ലായ്മയും, അമിഗ്ദല പ്രവർത്തനങ്ങൾ ( ഓർമ്മ, തീരുമാനമെടുക്കൽ, വികാരപരമായ പ്രതികരണങ്ങൾ), ഭിന്നലിംഗാകർഷണങ്ങൾ, പ്രണയം, ലൈംഗികപ്രവൃത്തികൾ എല്ലാം ഈ ഹോർമോണിന്റെ അളവിന്റെ അടിസ്ഥാനത്തിൽ വ്യത്യാസം വരുന്നവയാണ്.

ഡോപാമൈൻ
-----------------------

ഓക്കാനം, ശർദ്ദിൽ, വേദന, സന്തോഷം, അറിവ് സമ്പാദിയ്ക്കൽ, സൗഹൃദം ഒക്കെ ഈ ഓർഗാനിക്ക് രാസവസ്തുവിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് മാറി വരും.

സെറോടോണിൻ
--------------------------

വിശപ്പ്, മാനസികനില, ഉറക്കം എന്നീ അവസ്ഥകളും ഓർമ്മ, പഠനം എന്നീ പ്രക്രിയകളും  നിയന്ത്രിക്കുന്നതിൽ സെറോടോണിന് പങ്കുണ്ട്.

മുകളിൽ പറഞ്ഞ 4 എണ്ണവും പരിശോധിച്ചാൽ തന്നെ അവ പരസ്പരപൂരകങ്ങളോ, ഇഴചേർന്നവയോ ആണെന്ന് കാണാം, അതായത് ഒരു മാട്രിക്സ് അല്ലങ്കിൽ വലപോലെ ചുറ്റുപിണഞ്ഞ് കിടക്കുന്ന പ്രവർത്തനങ്ങൾ ആണിവയുടേത്, അവ വിവിധ പെർമ്യൂട്ടേഷൻ ആൻഡ് കോമ്പിനേഷൻ സൃഷ്ടിയ്ക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന വികൃതികളും , കുസൃതികളും ആണ് കണ്ണുകൾ കൊണ്ടുള്ള കഥകളി മുതൽ, ചെക്കന്മാരുടെ എർത്തും, ജാക്കിയും, ചില്ലറ കുരുത്തക്കേടും വരെ ഒപ്പിയ്ക്കുവാൻ പ്രേരിപ്പിയ്ക്കുന്നത്.

കാൽ നൂറ്റാണ്ട് പിന്നിലേയ്ക്ക് പോയാൽ.... 

കാമുകിയുടെ വിരൽത്തുമ്പിലൊന്ന് സ്പർശിയ്ക്കുന്നത് എവറസ്റ്റിന്റെ മുകളിൽ കയറുന്നത് പോലെ ക്ലേശകരമായി കരുതിയ കാമുകന്മാരുടെ കാലം... അവർക്ക് ആ വിരൽത്തുമ്പുകളിൽ സ്പർശ്ശിച്ചപ്പോൾ ലഭിച്ച ആനന്ദത്തിന്റെ 1 / 100 പോലും എന്ത് കൊണ്ട് ഇന്നത്തെ തലമുറയിലെ "ഹായ്യ്" പറഞ്ഞ് 2 ആം നാളിൽ കാമുകിയുടെ കുചകുംഭങ്ങളിൽ കൈമുദ്ര പതിപ്പിയ്ക്കുന്ന കാമുകന്മാർക്ക് ലഭിയ്ക്കുന്നില്ല?

എല്ലാം ഹോർമോണുകളുടെ കളി ... അന്ന് എല്ലായ്പ്പോഴും ഹോർമോണുകൾ ഉറവയെടുക്കാൻ പറ്റിയ സാഹചര്യങ്ങൾ ആയിരുന്നില്ല, ശൂന്യത്തിൽ നിന്ന് അധികമായ ഒരു ലാവലിലേയ്ക്ക് പൊടുന്നനെ ഹോർമോണുകൾ വരുമ്പോൾ ഉണ്ടാകുന്ന ആനന്ദമായിരുന്നു അത്. ഇന്ന് സാഹചര്യം മാറി, ജീവിതം വേഗത്തിലായി, ദൂരങ്ങൾ പ്രശ്നമല്ലാതായി, ദൃശ്യസാധ്യതകൾ ഏറി, അങ്ങനെ മിക്കപ്പോഴും അല്ലെങ്കിൽ എല്ലായ്പ്പോഴും പ്ലഷർ ഹോർമോണുകൾ ഉത്പ്പാദിപ്പിയ്ക്കപ്പെടുകയും, ശരീരത്തിൽ നിരന്തരമായി പ്രവർത്തിയ്ക്കുകയും ചെയ്യുമ്പോൾ അവയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ മാത്രമായി ഹർഷത്തിന്റെ ഏറ്റക്കുറച്ചിലുകൾ. ഒന്നും ആരുടെയും കുറ്റമല്ല, ഒരു തലമുറ മറ്റൊന്നിന് മുകളിലുമല്ല, മാറുന്ന സാഹചര്യങ്ങളിൽ പ്രകൃതിയും മനുഷ്യനും നിലനിൽപ്പിന്റെ അടവുകൾ പയറ്റുന്നു, അത്ര മാത്രം! 

No comments:

Post a Comment