"അഹല്യ ദ്രൗപദി കുന്തി താരാ മണ്ഡോദരീ തഥാ
പഞ്ചകന്യാ സ്മരേന്നിത്യം മഹാപാതകനാശിനിം"
അല്ലെങ്കിൽ
"അഹല്യ ദ്രൗപദി സീത താര മണ്ഡോദരി തഥാ
പഞ്ചകന്യാ സ്മരേ നിത്യം മഹാപാതക നാശനം"
ശ്ളോകങ്ങളിൽ കുന്തിമാറി സീത വന്നെന്നല്ലാതെ മറ്റുമാറ്റങ്ങളില്ല, എന്തായാലും ഇവരെ നിത്യം സ്മരിക്കുന്നത് മഹാപാതകങ്ങളെ നശിപ്പിക്കും എന്നാണ് സാരം; എന്താണാവോ അങ്ങനെ?
"അവരോട് ചെയ്ത പാതകങ്ങൾക്കുള്ള പരിഹാരമായി പുരുഷന്മാർ അവരെ സ്മരിക്കട്ടേ" എന്നാണോ? അതോ അവർക്കുണ്ടായത് പോലെയുള്ള അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ സ്ത്രീകൾ എപ്പോഴും അവരുടെ കഥ ഓർക്കണമെന്നാണോ?
പഞ്ചകന്യകകൾ... ആ പേര് കൊള്ളാം, ജീവിതത്തിലെ ഒരു ഘട്ടം വരെ അവർ കന്യകളും ആയിരുന്നു, പിന്നീട് ഭർതൃമതികളും, അമ്മമാരും, അമ്മൂമ്മമാരുമൊക്കെയായി.. പക്ഷെ അവരെല്ലാം തന്നെ അന്യപുരുഷന്മാരാൽ പ്രാപിക്കപ്പെട്ടവർ, അവിഹിത ബന്ധം ഉണ്ടായിട്ടുള്ളവർ ആയിരുന്നു. മിക്കവരുടെയും ജനനത്തിനു രണ്ട് കഥകൾ ഉണ്ട്, യോനിജയായും അയോനിജയായും. അത് ഒന്നിലേറെ അതേ പേരുകാർക്ക് ദുർഗ്ഗതി ഉണ്ടായതിനാലോ? എന്തായാലും അവർ ഒരാളിൽ നിന്നും അടുത്ത ആളുടേതാവുമ്പോൾ കന്യകയായി വേണം എന്ന് പുരുഷമേധാവിത്വമനോഭാവം ആണീ വിചിത്ര പേരിനടിസ്ഥാനം എന്ന് തോന്നുന്നു. അല്ലാതെ ഒരു പുരുഷനിൽ നിന്ന് അടുത്ത പുരുഷനിൽ എത്തുമ്പോൾ കന്യകാചർമ്മം പുനസ്ഥാപിക്കപ്പെടുന്ന വിദ്യ അവർക്ക് സ്വായത്തമായിരുന്നു എന്ന് കുന്തിയുടെ കാര്യത്തിലൊഴികെ എവിടേയും കണ്ടിട്ടില്ല.
അഹല്യ
========
ദേവലോക സുന്ദരിപ്പട്ടം കെട്ടിയ ഉർവ്വശ്ശിയുടെ അഹങ്കാരം അവസാനിപ്പിക്കാൻ അഹല്യയെ ബ്രഹ്‌മാവ് സൃഷ്ടിച്ചത് സൗന്ദര്യമുള്ള വസ്തുക്കളുടെയെല്ലാം സത്തെടുത്തതാണെന്നാണ് പുരാണം; അതിനാൽ തന്നെ ആരും ഭ്രമിക്കുന്ന അഴകിനും വടിവിനും ഉടമയായിരുന്നു ആ ദേവനാരി. പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വ മഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ എന്നും കഥയുണ്ട്. എന്തായാലും സ്വയംവരത്തിലെ മത്സരത്തിൽ വിജയിച്ച ദേവേന്ദ്രനെ വരട്ടുതത്വശാസ്ത്രം പറഞ്ഞ് വിരട്ടിവിട്ട് ഗൗതമമഹർഷിക്ക് അഹല്യയെ വിവാഹം ചെയ്തുകൊടുത്തു. പിന്നീടങ്ങോട്ട് ഇന്ദ്രനും അഹല്യക്കും പാവം ഗൗതമനും ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു. പലശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ, ആശ്രമത്തിൽ ഒന്ന് കയറിയിറങ്ങി നടക്കാൻ ഇന്ദ്രൻ സൂര്യനേയും കൂട്ടുപിടിച്ച് അവരുടെ മക്കളായ ബാലിയേയും സുഗ്രീവനേയും അഹല്യയെ വളർത്താൻ ഏൽപ്പിച്ചു. എന്നാൽ ബുദ്ധിമാനായ മുനി ആ കുട്ടികളെ ദ്രാവിഡരുടെ ഇടയിലേയ്ക്ക് അടിച്ചോടിച്ചുവിട്ടു, അങ്ങനെ അവർ ആ ഗോത്രഥ്റ്റിലെ പ്രമുഖരും രാജാക്കന്മാരും വാത്മീകിക്ക് വാനരന്മാരും ആയി. ഒടുവിൽ മാർജ്ജാര രൂപേണ മജ്ജാരനായ ഇന്ദ്രനെ പിടികൂടിയ ഗൗതമൻ അഹല്യയ്ക്ക് കഠിനമായ ഇരുട്ടറയിൽ കാരാഗൃഹജീവിതം വിധിച്ചു, ഒടുവിൽ ഇരുട്ടറ തകർത്ത് ശ്രീരാമൻ മോചിപ്പിച്ചു, ആ നിത്യകന്യകയെ. അപ്പോഴേക്കും അവളുടെ മകൻ ശതാനന്ദൻ വളർന്ന് മിഥിലയിലെ ജനകമഹാരാജാവിൻ്റെ കുലഗുരുവായിത്തീർന്നിരുന്നു. പിന്നീടുള്ളകാലം അഹല്യ മിഥിലയിൽ സമാധാനമായി പുത്രകളത്രാദികളോടൊപ്പം കഴിച്ചുകൂട്ടി എന്ന് കരുതാം.
കുന്തി
======
ജനനത്തിൽ വലിയ പ്രശ്നങ്ങൾ ഇല്ല, യാദവകുലത്തിലെ ശൂരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ് വാസുദേവരുടെ സഹോദരിയുമാണ് പൃഥ. ശൂരസേനൻ മക്കളില്ലാതിരുന്ന തന്റെ സുഹൃത്ത് കുന്തിഭോജന് ദത്തുപുത്രിയായി നൽകി അങ്ങനെ കൗന്തേയത്തിലെ കുന്തിയായി. സ്വന്തം മകളല്ലാത്തതിനാൽ ആവാം കോപിഷ്ടരായ മുനിമാരെ ശാന്തരാക്കാൻ അവൾ നിയോഗിക്കപ്പെട്ടത് ഏതായാലും ദുർവ്വാസാവിൽ നിന്നും അവൾ പുരുഷന്മാരെ രമിപ്പിക്കുന്ന കല സ്വായത്തമാക്കി, ഒപ്പം ഒരു അവിഹിത പുത്രനേയും! ആദ്യപുത്രനെ നദിയിൽ ഉപേക്ഷിച്ചു, രാജ്യതന്ത്രത്തിൻ്റെ ഭാഗമായി ഷണ്ഡനായ പാണ്ഡുവിനെ വിവാഹം കഴിച്ചു, പിന്നീട് ദുർവ്വാസാവിൽ നിന്ന് പഠിച്ച് കൗശലം സ്വയം ഉപയോഗിച്ചും, സഹപത്നിയെ പഠിപ്പിച്ചും പാണ്ഡവർക്ക് ജന്മം നൽകി. അധികാരത്തിനായുള്ള വടംവലിയിൽ പുത്രന്മാരെ പ്രോത്സാഹിപ്പിച്ചു കൂടെനിന്നു, ഒരിക്കലും മനസ്സമാധാനമോ, സ്വന്തക്കരുടെ കൂടെ കഴിയാനുള്ള യോഗമോ ഉണ്ടായില്ല. ആദിപാണ്ഡവൻ്റെ പിതാവായ യമനായ വിദുരരുടെ കൂടെ ആയിരുന്നു മിക്കപ്പോഴും ജീവിതം. യുദ്ധാനന്തരം വിദുരർ കൂടി വനത്തിൽ പോയപ്പോൾ വനവാസം സ്വീകരിച്ചു.
സീത
======
സീതയുടെ ജനനത്തെപ്പറ്റിയും സംശയമേറെയുണ്ട്; വേദവതിയുടേയും രാവണൻ്റേയും മകളാണെന്നും, ഭൂമീപുത്രിയാണെന്നുമൊക്കെയുണ്ട് കഥകൾ. ഏതായാലും ഇന്നത്തെ നേപ്പാളിലെ മിഥിലയിൽ ജനകമഹാരാജാവ് വളർത്തി, അയോദ്ധ്യയിലെ ദശരഥപുത്രൻ ശ്രീരാമൻ വിവാഹം കഴിച്ചു. ഇളയമ്മയാൽ വനത്തിലേയ്ക്കയക്കപ്പെട്ടു, അവിടെ വച്ച് വിരാധനെന്ന രാക്ഷസാനാൽ ആക്രമിക്കപ്പെട്ടു, പിന്നീട് ലങ്കേശൻ വ്യോമമാർഗ്ഗം ലങ്കയിലെ അശോകവനിയിലേയ്ക്ക് പിടിച്ചുകൊണ്ടുപോയി തടവിലാക്കി. രാമരാവണയുദ്ധാനന്തരം മോചിപ്പിക്കപ്പെട്ടു എങ്കിലും ഭർത്താവിൻ്റെ ചാരിത്ര്യഹീന, അന്യപുരുഷാസക്ത തുടങ്ങിയ പരുഷവാക്കുകളും, തീയിൽ തള്ളിയിടൽ, വനത്തിൽ ഉപേക്ഷിക്കൽ പോലുള്ള പ്രവൃത്തികളൂം അവിടെ മുതൽ സ്വയം ജീവനൊടുക്കുന്നതുവരെ തുടർന്നുകൊണ്ടേയിരുന്നു.
താര
=====
താരയുടെ ജനനവും രണ്ട് രീതിയിൽ കാണാം, ഒന്ന് വാനരവൈദ്യനായ സുഷേണൻ്റെ പുതിയായി, മറ്റൊന്ന് മന്ദരപർവ്വതത്തെ ഉപയോഗിച്ച് പാലാഴി മഥനം നടത്തിയവസരത്തിൽ പാലാഴിയിൽനിന്നും ഉയർന്നു വന്നതാണ് താര, ദേവന്മാരൊക്കെ അൽപ്പം ക്ഷീണമകറ്റാൻ പോയപ്പൊൾ വാസുകിയുടെ തലഭാഗം ഒറ്റക്ക് പിടിച്ച ബാലി താരയെ സ്വന്തമാക്കി. ഗുണവാനായ ബാലിയെ ശ്രീരാമനെ ഉപയോഗിച്ച് വധിച്ച് രാജാവായിത്തീർന്ന, സുഗ്രീവൻ താരയെ സ്വന്തമാക്കി, ബാലിയുടെ മകൻ അംഗദനെ സുഗ്രീവൻ്റെ പകയിൽ നിന്നും രക്ഷിക്കുവാൻ, കുപിതനായി എത്തിയ ലക്ഷ്മണനെ ശാന്തമാക്കാൻ താരയുടെ സ്ത്രീത്വം ഉപയോഗിച്ച രാജ്യതന്ത്രത്തിലെ എല്ലാ പാതകങ്ങളും സഹിച്ച് കിഷ്ക്കിന്ദയിൽ കഴിഞ്ഞുകൂടി.
മണ്ഡോദരി
===========
ജനനം വീണ്ടും പ്രശ്നമാണ്, അസുരശിൽപ്പി മയന് ഹേമ എന്ന അപ്സരസ്സിൽ ഉണ്ടായപുതിയാണെന്ന് പറയപ്പെടുന്നു. എന്നാൽ ശ്രീപരമേശ്വരനെ "മീറ്റൂ" വിൽ കുടുക്കിയ മധുര എന്ന അപ്സരസ്സിനെ പാർവ്വതി ശപിച്ച് തവളയാക്കി 12 വർഷം കിണറ്റിലിട്ടെന്നും പിന്നീട് തിരിച്ച് യുവതിയായ അവളെ മയൻ വളർത്തുപുത്രിയാക്കിയെന്നും കഥയുണ്ട്. ഉദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി മഹാദേവന്റെ വരപ്രസാദത്താൻ നിത്യകന്യകയുമായി. അതിസുന്ദരിയായ മണ്ഡോദരിയെ ലങ്കാധിപതി രാവണൻ വിവാഹം ചെയ്തു. രാവണനിൽ മണ്ഡോദരിക്ക് ഇന്ദ്രജിത്ത്, അതികായകൻ, അക്ഷകുമാരൻ എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ടായി. സീതയെ വീണ്ടെടുക്കാൻ വന്ന വാനരസേനയാൽ മർദ്ദനവും മാനഭംഗവും നേരിടേണ്ടിവന്നു. രാവണൻ്റെയും പുത്രന്മാരുടേയും മരണാനന്തരം വിഭീഷണൻ്റെ ഭാര്യയായി ജീവിക്കേണ്ടിവന്നു.
രണ്ടാം ശ്ളോകപ്രകാരം ദ്രൗപദി കുന്തിയ്ക്ക് പകരക്കാരിയാവുന്നു, അതിനാൽ അതും നോക്കാം...
ദ്രൗപദി
=======
വ്യാസൻ്റെ മഹാഭാരതത്തിലെ ഈ നായികയുടേയും ജനനം യജ്ഞത്തിലോടെ ആണ്, അതിപ്പോൾ യജ്ഞം ഇല്ലെങ്കിലും യത്നം എങ്കിലും ചെയ്യാതെ പിറവിയുണ്ടാകില്ലല്ലോ! പൂർവ്വജന്മത്തിലെ നാളായണി ആർജ്ജിച്ച സുകൃതമായി ശ്രീപരമേശ്വരന്റെ വരപ്രസാദത്താൽ നിത്യയൗവവും പാണ്ഡവർ അഞ്ചുപേരെ ഭർത്താക്കന്മാരായും ലഭിച്ചു. പാണ്ഡവരിൽ 6 പുത്രന്മാർ ജനിക്കുകയും യുദ്ധവിജയം നേടിയ ആ രാവിൽത്തന്നെ അശ്വദ്ധാമാവ് പാണ്ഡവരെന്ന് തെറ്റിദ്ധരിച്ച് അവരെ വധിക്കുകയും ചെയ്തു.. വിവാഹാനന്തരം സ്വസ്ഥത എന്തെന്നറിഞ്ഞിട്ടില്ല, കാടും മേടുമായി അടിമയായും, ദാസിയായും ദുരുതമനുഭവിച്ചു, ഒടുവിൽ രാജ്ഞി ആയപ്പോൾ പാഞ്ചാലവംശം തന്നെ നശിച്ചു ഒപ്പം പുത്രന്മാരും. വാനപ്രസ്ഥത്തിൽ ഹിമാലയസാനുക്കളിൽ വീണ് മരണമടഞ്ഞു. കാമുകനോ മിത്രമോ ശത്രുവോ എന്നറിയാത്ത ഒരു മയിപ്പീലി എന്നും കൂട്ടിനുണ്ടായിരുന്നു!
എന്തായാലും ഈ പഞ്ചകന്യകമാർ ആരും തന്നെ മനസ്സമാധാനത്തോടെ ജീവിച്ചിട്ടില്ല, അതിനാലാവാം ആ ശ്ളോകത്തിൽ മഹാപാതകങ്ങളിൽ നിന്നും രക്ഷലഭിക്കുമെന്ന് പറഞ്ഞിട്ടുള്ളതും! എന്നാൽ ഇവരെല്ലാം കരുത്തുറ്റ സ്ത്രീകളായിരുന്നു, ശാരീരികമായും, മാനസ്സികമായും... ഒരു പരിധിവരെ രാഷ്ടങ്ങളുടെ ഭാവി തീരുമാനിച്ചവ ബുദ്ധിമതികൾ... ഒരുഘട്ടത്തിലെങ്കിലും സ്ത്രീവിമോചനവാദികൾ, സ്ത്രീശാക്തീകരണത്തിൻ്റെ പ്രതിരൂപങ്ങൾ....!!
അതിനാലീ വനിതാദിനം അവർക്കായി സമർപ്പിക്കുന്നു....
No comments:
Post a Comment