സരയൂ ശാന്തമായി ഒഴുകുന്നു...
ഒരു കാലത്ത് നദിയുടെ ഇരുകരകളെയും ഉൾക്കൊണ്ട് ഒന്നായിരുന്ന മഹാരാജ്യം ഇന്ന് നദിയ്ക്കിരു കരകളിലായി രണ്ടായി പിരിഞ്ഞിരിക്കുന്നു; അതിന്റെ പ്രകമ്പനമൊന്നും അറിയാതെ സരയൂ ഒഴുകുന്നു....
രക്തച്ചൊരിച്ചിൽ കൂടാതെ ഒരു വിഭജനം, പിളർന്ന് മാറുന്ന വേദനയിലും അതൊരാശ്വാസം തന്നെ... ആ പിടച്ചിലും, കുളിർമ്മയുമറിയാതെ സരയൂ ഒഴുകുന്നു...
അകലെ മറുകരയിൽ ദണ്ഡകാരണ്യത്തിൽ എവിടെയോ സൂര്യൻ തന്റെ യാത്രയാവസാനിപ്പിയ്ക്കുവാൻ ഇടം തേടുന്നു... പ്രദോഷരശ്മികളിൽ തങ്കപ്പുടവ ചുറ്റി സുന്ദരിയായി സരയൂ ഒഴുകുന്നു...
കുളിരലകളാൽ തഴുകിയൊഴുകുന്ന സരയുവിൽ മുട്ടോളം ജലനിരപ്പിൽ സാരയുവിന്റെ ഒഴുക്കിനെ അതിശയിപ്പിയ്ക്കുന്ന ഓർമ്മകളുടെ കുത്തൊഴുക്കുമായി രത്‌നാകരൻ നിന്നു....
ശ്രവസ്തിയിൽ ലവമഹാരാജൻ സിംഹാസനാരൂഢനായി കഴിഞ്ഞിട്ട് നാളുകളായി, കേകേയം മുതൽ സാകേതം വരെ നീളുന്ന രാജ്യത്തിന് നാഥനായി.
ഇന്നിതാ കുശവസ്തിയിൽ കുശമഹാരാജനും പട്ടാഭിഷേകം നടന്നിരിയ്ക്കുന്നു. മഗധയും, മിഥിലയും, കാശിയും, ദക്ഷിണ കോസലവും ചേർന്ന മഹാരാജ്യത്തിന് അധിപനായിരിയ്ക്കുന്നു.
എത്ര പെട്ടെന്നാണ് കാലം പ്രവഹിയ്ക്കുന്നത്! ഇതേ സാരയുവിന്റെ തീരത്ത് ആ ആശ്രമത്തിൽ ഉയർന്ന് കേട്ട രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ആദ്യ രോദനം ഇന്നലെ കഴിഞ്ഞത് പോലെ കർണ്ണപുടങ്ങളിൽ മുഴങ്ങുന്നു.
ഇക്ഷ്വാകു വംശത്തിന് അലങ്കാരങ്ങൾ ആയി.. അതികായന്മാരും യുദ്ധവീരന്മാരായി... അജനും, രഘുവിനും, രാഘവനും ചേർന്ന പിൻഗാമികളായി വളർന്ന ആ കുഞ്ഞുങ്ങൾ ഇന്ന് ജനകോടികൾ വണങ്ങുന്ന മഹാരാജാക്കന്മാർ ആയിരിയ്ക്കുന്നു..
സരയൂ ഒഴുകുന്നു ... അതൊന്നും അറിഞ്ഞതായ ഭാവലേശമന്യേ.. ...
ഈ നദിയുടെ ഉയരങ്ങളിൽ.. അങ്ങ് സാകേതത്തിനു സമീപം വലിയ നീർച്ചുഴി കാണുന്ന ഗർത്തത്തിലാണ് ലക്ഷ്മണൻ ജീവത്യാഗം ചെയ്തത്; അതേ കയത്തിൻറെ ആഴങ്ങളിലാണ് ശ്രീരാമചന്ദ്രൻ സ്വയം നടന്നിറങ്ങി ആഴ്ന്ന് പോയതും...
സാരയുവിന്റെ തനുവിൽ നിറയെ നീർച്ചുഴികളുണ്ട്; അങ്ങകലെ കാണുന്ന ആ ചുഴിയും താരതമ്യേന വലിയതും, അപകടകാരിയുമാണ്. ഒഴുക്കിന്റെ വേഗത്തിൽ ആ ചുഴി വലുതായിരിയ്ക്കുന്നു, ഇരുകരകളോളം അലകൾ സൃഷ്ടിച്ച് സരയൂ രണ്ടായി ചമഞ്ഞ് രാജ്യവിഭജനത്തെ പരിഹസിയ്ക്കുന്നു... മോദിയിളക്കി കരകളെ ഇക്കിളിയാക്കി ചിരിപ്പിച്ചും സ്വയം ചിരിച്ചും അങ്ങ് താഴെ വനമേഖലയിലേയ്ക്ക് ഒഴുകി മറയുന്നു.
കോസലരാജ്യം പണ്ടും രണ്ടായിരുന്നു. ഉത്തര കോസലവും ദക്ഷിണ കോസലവും എന്നിങ്ങനെ രണ്ട് രാജ്യങ്ങൾ..
സരയൂനദിക്കരയിലെ അയോദ്ധ്യ തലസ്ഥാനമായ ഉത്തര കോസലം സൂര്യനെ ഭരദേവതയായി ആരാധിച്ചു വന്ന നല്ലവരായ ജനങ്ങളും, സൂര്യാരാധനയാൽ "സൂര്യവംശം" എന്ന് പുകഴ്‌പെറ്റ നീതിമാന്മാരായ രാജാക്കന്മാരും, അവർക്കൊത്ത അമാത്യന്മാരുമുള്ള ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു.
രഘുവംശത്തിലെ പിന്മുറക്കാരനായ ദശരഥൻ ആദ്യവിവാഹത്തിലൂടെ ദക്ഷിണകോസലത്തിലെ രാജകുമാരിയെ വിവാഹം കഴിച്ചതോടെ കോസലം താരതമ്യേന വലിയ രാജ്യമായി. എങ്കിലും കേകേയവും, മിഥിലയും, കാശിയും കോസലത്തിനൊപ്പം വലിപ്പമുള്ളവയും, മഗധ അൽപ്പം വിസ്‌തൃതിയും പ്രതാപവും കൂടിയതുമായി നിലനിന്നു.
നിമിയെന്ന രാജാവിന്റെ ഭരണം ആരംഭിച്ച കാലത്തെ തന്റെ ബാല്യം ഓർത്തെടുക്കാൻ രത്‌നാകരൻ ഒന്ന് പരിശ്രമിച്ചെങ്കിലും ചില മങ്ങിയ ദൃശ്യങ്ങളും, സാകേതത്തിലെയും, പാടലീപുത്രത്തിലെയും, തക്ഷശിലയിലെയും പഠനകേന്ദ്രങ്ങളിൽ വിദ്യ അഭ്യസിയ്ക്കാൻ തന്നെ നിർബ്ബന്ധിയ്ക്കുന്ന ശബ്ദങ്ങളല്ലാതെ പിതാവിന്റേയും മാതാവിന്റേയും മുഖങ്ങൾ ഓർത്തെഴുക്കാൻ കഴിഞ്ഞില്ല.
അല്ലെങ്കിലും ആ ഏഴുമഹർഷികൾ പറഞ്ഞ കഥയിലെ പ്രചേതയും വിഭാവരിയും അഗ്നിശർമ്മനും തനിയ്ക്ക് അന്യരാണല്ലോ? ജന്മം നൽകിയവർ ഓർമ്മ ഉറയ്ക്കാത്ത പ്രായത്തിൽ തന്നെ വിട പറഞ്ഞല്ലോ? വന്യമൃഗങ്ങളുടെ ഭക്ഷണമാകാതെ രക്ഷിച്ച നിഷാദനും പത്‌നിയും നൽകിയ രത്‌നാകരൻ എന്ന പേരും സ്നേഹവും മാത്രമാണ് ഓർമ്മകളിൽ ഉള്ളത്. നിഷാദനായ വളർത്തച്ഛൻ വനജീവിതവും, വേട്ടയും മാത്രമല്ല പഠിപ്പിച്ചത്, നിഷാദപ്രമുഖന്റെ സുഹൃത്ത് ബന്ധത്തിന്റെ ബലത്തിൽ പ്രമുഖവിദ്യാകേന്ദ്രങ്ങളുടെ പടിവാതിലും തനിയ്ക്ക് മുന്നിൽ തുറക്കപ്പെട്ടു.
പഠനവും വളർത്തിയ മാതാപിതാക്കളെയും ഉപേക്ഷിച്ചതിന് ശേഷം, പൂർണ്ണ സ്വാതന്ത്ര്യത്തിന്റെ നാളുകളിൽ ഉല്ലാസമായി നടക്കാൻ ലഭിച്ച ചില കൂട്ടുകാരുടെ മുഖങ്ങൾ അവ്യക്തമായി തെളിഞ്ഞു വന്നു. അവരോടൊപ്പം ആദ്യമായി നടത്തിയ മോഷണം എന്തിനായിരുന്നു?
ആദ്യത്തെ പിടിച്ച് പറിയ്ക്കൽ, ആദ്യത്തെ കൊല ഇവയൊക്കെ മനസ്സിലേയ്ക്ക് കടന്ന് വരുമ്പോൾ കൂടെ അവനുണ്ട് രുദ്രകീർത്തി; ഇരകളുടെ പേടിച്ചരണ്ട കണ്ണുകളിലെ ദൈന്യത അന്നും ഇന്നും മനസ്സിൽ ദുഃഖം നിറയ്ക്കുമ്പോൾ.. അന്ന് അതിനെ മറികടക്കാൻ കൂടുതൽ പ്രോത്സാഹനം നൽകിയ അവന്റെ കണ്ണുകളിലെ അഗ്നി അകലെ ആശ്രമമുറ്റത്തെരിയുന്ന ആ കെടാവിളക്കിൽ ഇപ്പോഴും ജ്വലിയ്ക്കുന്നുവോ?
കന്യാകുബ്ജത്തിനും സാകേതത്തിനും ഇടയിലെ നിബിഢമായ നൈമിഷികാരണ്യം തസ്‌ക്കരന്മാർക്കും കൊള്ളക്കാർക്കും അനുയോജ്യമായ ഒളിത്താവളം തീർത്ത് തന്നിരുന്നു.രാജ്യങ്ങളുടെ അതിർത്തി തർക്കങ്ങളും, ചെറു കലഹങ്ങളും ആ പ്രദേശത്തെ ഒറ്റപ്പെടുത്തി, ഒരു രാജ്യത്ത് നിന്ന് പുറപ്പെട്ട വ്യാപാരികളും, സഞ്ചാരികളും അടുത്ത രാജ്യത്ത് ഈ വഴി എത്തിച്ചേർന്നോ? എന്നാർക്കും തിരക്കാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല.
രത്‌നാകരൻ കൊള്ളക്കാരുടെ നേതാവായിരുന്നു, രാജ്യത്തിന് പുറത്ത് പോയി കൊന്നും കൊള്ളയടിച്ചും കിട്ടുന്ന സമ്പത്തിൽ ആറാടി അയോദ്ധ്യയിൽ സസുഖം കുടുംബമായി വാണിരുന്ന കാലം....
മഹാരാജാവ് ദശരഥൻ നാട് നീങ്ങിയെന്ന വാർത്ത രത്‌നാകരനെ അലട്ടിയില്ല.. കുറച്ച് നാൾ മുമ്പ് ജേഷ്ഠ രാജകുമാരൻ ശ്രീരാമന് യുവരാജാവായി അഭിഷേകം നിശ്ചയിച്ചത് നഗരത്തിലെ അലങ്കാരങ്ങൾ കണ്ടാണ് അവനറിഞ്ഞത്. ഇളയരാജ്‌ഞി കൈകേയിയും തോഴി മന്ഥരയും ചേർന്ന് അത് മുടക്കിയെന്നും രാജകുമാരനെ ഭാര്യാസമേതനായി 14 വർഷത്തേയ്ക്ക് വനവാസത്തിനയച്ചു എന്നും പിന്നീടറിഞ്ഞു. കാശിരാജകുമാരി സുമിത്രയുടെ മകൻ ലക്ഷ്മണനും അവരോടൊപ്പം വനത്തിൽ പോയത്രേ..
കെകെയത്തെ രാജ്ഞിയുടെ മകൻ ഭാരതനാണത്രെ ഇനി യുവരാജാവാകുക. അയാൾക്ക് തുണയായി സുമിത്രയുടെ മറ്റൊരു മകൻ ശത്രുഘ്നനും...
രാമൻ വനവാസിയായതിന് പിന്നാലെ രാജാവ് നാട് നീങ്ങി, യുവരാജാവായ ഭരതൻ ഇനി മഹാരാജാവാകും എന്ന വാർത്ത കൊണ്ട് വന്നത് രുദ്രകീർത്തി ആയിരുന്നു.. പിന്നീട് ഉറക്കെ ചിരിച്ച് കൊണ്ടവൻ പറഞ്ഞു... "
സാകേതം വാഴുന്നത് നിമിയായാലെന്ത്? രാമനായാലെന്ത്? ഭാരതനായാലെന്ത്? നൈമിഷികാരണ്യം നമുക്ക് സ്വന്തം..ഇവിടെ രത്‌നാകരൻ മഹാരാജാവ് .. അല്ല... കവർച്ചക്കാരുടെ സാർവ്വഭൗമൻ"
പിന്നീട് കേട്ട വാർത്തകൾ അപായസൂചനകൾ നിറഞ്ഞവ മാത്രമായിരുന്നു..
ഭാരതകുമാരൻ വനത്തിലെത്തി ജേഷ്ഠനെ സന്ദർശിച്ച്, പാദുകം വാങ്ങി വന്ന് അതിനെ പട്ടാഭിഷേകം ചെയ്ത്, ശ്രീരാമന്റെ പ്രതിനിധിയായി രാജ്യം ഭരിയ്ക്കുന്നു എന്നതാണാദ്യം.. അന്നും രുദ്രൻ അട്ടഹസിച്ചു..ഒരു വ്യാഴവട്ടത്തിലേറെ ഭരണം ലഭിച്ച പാദരക്ഷയെ ഓർത്ത്... ഭരതനെ "വിഡ്ഢി" എന്ന് പരിഹസിച്ച് ..
രാമരാജ്യം എന്ന ഭരതന്റെ സങ്കല്പം അത്ര വിഡ്ഢിത്തം അല്ലെന്ന് താമസിയാതെ മനസ്സിലായി തുടങ്ങി. തസ്‌ക്കരന്മാർ ഓരോരുത്തരായി തടവറയിൽ ആക്കപ്പെട്ടു. കൊള്ളക്കാരെ കൊന്നൊടുക്കിത്തുടങ്ങി. രാജ്യങ്ങൾ തമ്മിൽ ആശയവിനിമയം ഉണ്ടായി.. വ്യാപാരികളും, വാണിഭക്കാരും, സഞ്ചാരികളും, സാർത്ഥവാഹക സംഘങ്ങളുമെല്ലാം സേനകളുടെ നിരീക്ഷണത്തിനും അകമ്പടിയിലുമായി സഞ്ചാരം..
വരുമാനം ഇല്ലാതായി എന്ന് തന്നെ പറയാം.. എന്തെങ്കിലും കാര്യമായ കവർച്ച ചെയ്യണം എന്ന ആശയത്തിൽ രുദ്രൻ നിരന്തരം അലോരസപ്പെടുത്തിയപ്പോഴാണ് ചെറുസേനയുടെ അകമ്പടിയിൽ വന്ന 7 പേരടങ്ങിയ ഋഷിമാരുടെ ആ സംഘത്തെ കൊള്ളയടിയ്ക്കാൻ തീരുമാനമെടുത്തത്..
പ്രതീക്ഷകൾക്ക് വിപരീതമായ പോരാട്ടമാണ് നടത്തേണ്ടി വന്നത്, ഋഷിമാർ 7 പേരെയും ഒറ്റപ്പെടുത്തി വനാന്തർഭാഗത്ത് എത്തിച്ചെങ്കിലും, സൈന്യത്തോടേറ്റുമുട്ടിയ സഹകവർച്ചക്കാർ ഒന്നൊന്നായി കൊല്ലപ്പെട്ടു, ഒടുവിൽ രുദ്രകീർത്തിയും...
ഈ ഋഷിമാരിലൂടെ സൈന്യം തന്നെ കണ്ടെത്തും എന്ന തിരിച്ചറിവിലും, തനിയ്ക്കിനി കൂട്ടുകാരില്ല എന്ന ദുഖത്തിലും ആ ഋഷിമാരെ വധിയ്ക്കുവാനാണ് ആദ്യം തീരുമാനമെടുത്തത്. ഊരിപ്പിടിച്ച ഘട്ഗവുമായി അതിനൊരുങ്ങവേയാണ് തന്റെ ഗ്രാമത്തിലെ ചില സൈനികരുടെ "രത്‌നാകരാ പുറത്ത് വരൂ.. കീഴടങ്ങൂ" എന്ന ആജ്ഞകൾ കേട്ട് തുടങ്ങിയത്. താൻ തിരിച്ചറിയപ്പെട്ടിരിയ്ക്കുന്നു, ഇനിയെന്ത്?
ഭയന്ന് വിറച്ച് നിന്നിരുന്ന ഋഷിമാരുടെ കണ്ണുകളിലെ ദൈന്യത ആണോ?.. സ്വന്തം സ്ഥിതിയിലെ അപകടമോ അവനെ കൊണ്ടിപ്രകാരം പറയിച്ചു..
"ആ സൈനികരുടെ ശബ്ദം കേൾക്കുന്ന ദിക്കിലേക്ക് പോകൂ.. അവർ നിങ്ങളെ സുരക്ഷിതമായി സാകേതത്തിലെത്തിയ്ക്കും"
താണുവണങ്ങി ഓടിമറയുന്ന ഋഷിമാരെ ശ്രദ്ധിയ്ക്കാൻ രത്‌നാകരന് സമയമുണ്ടായിരുന്നില്ലല്ലോ.. മറുഭാഗത്തെ വഴിയിലൂടെ അയാൾ കോസലത്ത് പ്രവേശിച്ച് സാകേതത്തിലെ സ്വന്തം വീട്ടിലെത്തി.
പതിവില്ലാത്ത സമയത്തും അവസ്ഥയിലും അവനെ കണ്ട പത്നിയും മകനും കാര്യം തിരക്കി. അവനവരോട് സംഭിവിച്ചത് മുഴുവൻ പറഞ്ഞു, ഒപ്പം സഹായവും അഭ്യർത്ഥിച്ചു. ഇനി എന്നെ ഒളിവിൽ കഴിയാൻ നിങ്ങൾ വേണം സഹായിയ്ക്കാൻ...
ഭയന്ന് വിറച്ച ഭാര്യയും മകനും അതിന് തയാറായില്ല.
"നിങ്ങൾക്കറിയില്ല രാമരാജ്യത്തെ ഭാരതകുമാരന്റെ രീതികൾ, ഞങ്ങളെ ആവും ആദ്യം വധിയ്ക്കുക, നിങ്ങൾ ഇവിടെ നിന്നാൽ ഞങ്ങൾക്കും ആപത്താണ്, അതിനാൽ വേഗം എങ്ങോട്ടെങ്കിലും പോകൂ.."
ഭാര്യയുടെ വാക്കുകൾ കേട്ട രത്‌നാകരൻ ഞെട്ടലോടെ ചോദിച്ചു
"ഞാനിതൊക്കെ ചെയ്തത് നിങ്ങൾക്ക് കൂടി വേണ്ടിയല്ലേ?"
" നിങ്ങൾ ഈ നാട്ടിലെ ഒരേയൊരു കുടുംബനാഥൻ അല്ലല്ലോ? മറ്റുള്ളവരും കുടുംബം പുലർത്തുന്നുണ്ട്, അവർ കൊന്നും കൊള്ളയടിച്ചുമല്ലല്ലോ ഇതൊക്കെ ചെയ്യുന്നത്? അവർക്കും നിങ്ങൾക്കും കടമ ഒന്നുതന്നെ ആയിരുന്നു, മാർഗ്ഗം അത് നിങ്ങൾ തിരഞ്ഞെടുത്തതാണ്... അതിലെ പാപവും, അനർത്ഥങ്ങളും നിങ്ങൾ തന്നെ സ്വയം അനുഭവിയ്‌ക്കേണ്ടി വരും"
ഭാര്യയുടെ മറുപടി മുഴുവൻ കേൾക്കാൻ നേരവും അവസരവുമുണ്ടായിരുന്നില്ല; തന്റെ വീട് തേടിവരുന്ന സൈനികരുടെ കുതിരക്കുളമ്പടി അങ്ങ് ദൂരെയായി അവന്റെ കാതുകളിൽ കേട്ട് തുടങ്ങിയിരുന്നു.
ലൗകികബന്ധങ്ങളുടെ കെട്ടുപാടുകൾ ഭേദിച്ച് അവൻ കുതിച്ചു... കോസലം കടന്ന്... നൈമിഷികാരണ്യത്തിലേയ്ക്ക്... പോകുന്ന വഴിയിൽ അവൻ ദൂരെയായി സൈനികരോടൊപ്പം നടന്ന് നീങ്ങുന്ന ആ സപ്തഋഷിമാരെ ശരത്പൗർണ്ണമിയുടെ നിലാവിൽ അവ്യക്തമായി കണ്ടു.
പലായനത്തിന്റെ നാളുകൾ.. പിടികൂടാനോ വധിയ്ക്കുവാനോ ഉള്ള ഉത്തരവിൽ വെറിപൂണ്ട സൈനികരുടെ തിരച്ചിലിൽ നിന്നും തലനാരിഴയ്ക്കുള്ള രക്ഷപ്പെടലുകൾ... കാനനത്തിലെ ഫലമൂലാദികൾ കഴിച്ച് വന്യമൃഗങ്ങളോടൊപ്പം ഒളിവിലെ വനജീവിതം..
ഇതിന് മുമ്പ് സ്വന്തം ഗതകാലത്തിലേയ്ക്ക് ആദ്യ തിരിഞ്ഞ് നോട്ടം നടത്തിയ കാലം.... തെറ്റുകുറ്റങ്ങളുടെ കണക്കെടുപ്പിന്റെ കാലം.. സ്വയം കുറ്റപത്രമെഴുതിയ ദിനങ്ങൾ .... ജടയും താടിയുമായി ശരീരം പ്രാകൃതമാകുമ്പോഴും മനസ്സ് ശുദ്ധീകരിയ്ക്കപ്പെട്ട നാളുകൾ...
ഇരുളിലും ഒളിവിലും മനസ്സുമാത്രമല്ല ശുദ്ധീകരിയ്ക്കപ്പെട്ടത്, പുറത്ത് നൈമിഷികാരണ്യവും കള്ളന്മാരെയും കൊള്ളക്കാരെയും തീർത്തുമില്ലാതാക്കി ശുദ്ധമാക്കിയിരിയ്ക്കുന്നു.... വ്യാപാരികളും, സഞ്ചാരികളും ഭയമില്ലാതെ... സൈനികരുടെ അകമ്പടിയില്ലാതെ, കാനനം താണ്ടി പോയി തുടങ്ങിയിരിയ്ക്കുന്നു രാപകൽ ഭേദമില്ലാതെ.
പിടികിട്ടാനുള്ള കൊടുംകുറ്റവാളി രത്‌നാകരന് വേണ്ടി തിരച്ചിൽ അപ്പോഴും തുടർന്ന് കൊണ്ടെയിരുന്നതിനാലും, പിടികിട്ടിയാൽ വധശിക്ഷ ഉറപ്പായിരുന്നതിനാലും മാറിമാറി ഒളിച്ച സങ്കേതങ്ങൾക്ക് പുറത്തിറങ്ങനോ ഗ്രാമനഗരങ്ങളിൽ കടക്കുവാനോ സാധിച്ചതുമില്ല.
എങ്ങനെയും രക്ഷപ്പെടണം എന്ന ചിന്തയിൽ കഴിയവേ... ആ കാഴ്ച്ച വീണ്ടും കണ്ടു .... അവർ.. സപ്തഋഷിമാർ കാനനത്തിലൂടെ കന്യാകുബ്‌ജം ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നു.
വനത്തിലെ ഇരുളിലൂടെ ഓടി അവരോടൊപ്പമെത്തി സഹായമഭ്യർത്ഥച്ചു. ആദ്യം അവർ അവനെ തിരിച്ചറിഞ്ഞില്ല, പിന്നീട് മനസ്സിലായപ്പോൾ അവർക്കിടയിൽ തർക്കങ്ങൾ ഉടലെടുത്തു. കശ്യപനും, വസിഷ്ഠനും, ഗൗതമനും ഒരു ഭാഗത്ത്, അവർ സൈനികരെ വിളിച്ച് ഈ കൊടുംകുറ്റവാളിയെ ഏൽപ്പിയ്ക്കണമെന്നും ശിക്ഷിപ്പിയ്ക്കണമെന്നും വാദിച്ചു. വിശ്വാമിത്രനും ജമദഗ്നിയും, ഭരദ്വാജനും മറുഭാഗത്ത്; ഇപ്പോൾ മാനസാന്തരം വന്നതിനാൽ സന്യാസം സ്വീകരിയ്ക്കട്ടെ, ഋഷിമാരുടെ പൂർവ്വാശ്രമം അന്വേഷിയ്ക്കുന്ന കീഴ്വഴക്കം ഇല്ലെന്നുമവർ വാദിച്ചു. വാദങ്ങൾ തുല്യമായതിനാൽ ഏഴാമൻ അത്രി മഹാഋഷി ഇടപെട്ടു. അന്നൊരിയ്ക്കൽ തങ്ങളെ വധിയ്ക്കാതെ വിട്ട ആളാണിത്, ഇപ്പോൾ വൈരാഗ്യമണഞ്ഞ് പക്വതയും വന്നിരിയ്ക്കുന്നു, ഇനി തപസ്സ് അനുഷ്ടിയ്ക്കട്ടെ..
പുരാതന ഖണ്ഡൽമരങ്ങളുടെ അവശിഷ്ടങ്ങളുടെ മുകളിൽ മലകൾ പോലെ വളർന്ന നൈമിഷികാരണ്യത്തിലെ ചിതൽപുറ്റുകൾക്കിടയിൽ തപസ്സനുഷ്ടിച്ച് കൊള്ളുക, അവിടെ വേറെയും സന്യാസിമാർ ശാന്തത തേടി തപം അനുഷ്ഠിയ്ക്കുന്നുണ്ട്. ഒരിടം രത്‌നാകരനും കണ്ടെത്താവുന്നതേയുള്ളൂ.
"പക്ഷെ നിരന്തരം തിരച്ചിൽ നടത്തുന്ന സൈനികർ കണ്ടെത്തിയാൽ?" സംശയം ഉന്നയിയ്ക്കാതിരിയ്ക്കാനായില്ല..
അതിന് മുൻ രാജാവായിരുന്ന ഋഷി വിശ്വാമിത്രൻ ഉത്തരം പറഞ്ഞു
" രത്‌നാകരാ.. നീ സമാധാനമായി, ഏകാഗ്രതയോടെ, സധൈര്യം തപസ്സനുഷ്ടിച്ച് കൊള്ളൂ.. ഈ രൂപത്തിൽ നിന്നെ ആരും തിരിച്ചറിയാൻ പോകുന്നില്ല. ഇനി സമീപത്തേയ്ക്ക് ആരുടെയെങ്കിലും പദചലന ശബ്ദം കേൾക്കുന്നുവെങ്കിൽ "രാമ രാമ" എന്നുറക്കെ ജപിച്ച് കൊണ്ടെയിരിയ്ക്കൂ.... ആരും നിന്നെ ശല്യപ്പെടുത്തില്ല, ഇനി അവർ നിന്നെ തിരിച്ചറിഞ്ഞാൽ പോലും!"
ആ യുക്തി വസിഷ്ഠന് അത്ര ദഹിച്ചില്ല, പതിവ് പോലെ അവർക്കിടയിൽ തർക്കം ഉടലെടുക്കും മുമ്പേ അത്രി മഹർഷി ഇടപെട്ടു...
" അതിൽ യുക്തി ഉണ്ട്, രാമനെ കാട്ടിലയച്ച് രാജ്യം നേടിയെന്ന അപഖ്യാതി തീർക്കാൻ ഊണിലും ഉറക്കത്തിലും ജാഗരൂകനായിരിയ്ക്കുന്ന പാദുകദാസൻ ഭാരതകുമാരൻ "രാമഃ നാമം" ജപിയ്ക്കുന്നത് മുടക്കുവാൻ ശ്രമിയ്ക്കുകയില്ല"
മുനിവസിഷ്ഠൻ വീണ്ടും തടസ്സവാദം ഉന്നയിയ്ക്കാൻ ശ്രമിച്ചെങ്കിലും, അത്രി മഹർഷി മറ്റുള്ളവരെയും കൂട്ടി നടന്ന് തുടങ്ങിയിരുന്നു; എന്തൊക്കെയോ പിറുപിറുത്ത് പിന്നാലെ വസിഷ്ഠമുനിയും..
"ഒന്ന് ചിന്തിച്ചാൽ ഈ കാണുന്നതെല്ലാം അപരബ്രഹ്മം തന്നെ; അപ്പോൾ വിശ്വാമിത്രനും, രാമനും, ഈ നിഷാദബ്രഹ്മണനും വിഷ്ണു തന്നെ... അഗോചരഗോചരമായി സ്ഥിതിയുള്ള എന്തിന്റെ പേരും മന്ത്രം തന്നെ.."
ഈ പിറുപിറുക്കൽ ഇന്നും കാതിലുണ്ട്, അർത്ഥം ഏറെ കാലം കഴിഞ്ഞാണ് ഗ്രഹിച്ചതെങ്കിലും!
പിന്നീട് നിരന്തരമായ രാമജപത്തോടെ തപസ്സ്... വാത്മീകങ്ങൾക്കിടയിലെ ആ ജീവിതം അവസാനിപ്പിച്ചത് അതെ സപ്തഋഷികൾ വീണ്ടുമെത്തിയാണ്. അവർ തന്നെ "വാത്മീകി" എന്ന നാമവും ആശ്രമത്തിനുള്ള സ്ഥലവും നിശ്ചയിച്ചു നൽകി.
നൈമിഷികാരണ്യത്തിൽ ഒരിയ്ക്കൽ കൊള്ളയും കൊലയും നടത്തി രക്തം ചീന്തിയ അതെ സരയൂ നദിയുടെ കരയിൽ തന്നെ പുതിയജന്മം ജീവിയ്ക്കാൻ ഒരാശ്രമം..
ആ ആശ്രമജീവിതം അര വ്യാഴവട്ടം പൂർത്തിയാക്കിയ കാലത്താണ് ശ്രീരാമചന്ദ്രൻ രാവണനെ വധിച്ച്, ലങ്കയെ ജയിച്ച്, വനവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയത്. പിന്നീട് പാദുകങ്ങൾക്ക് പകരം ശ്രീരാമപട്ടാഭിഷേകം.. ആദരവോടെ ക്ഷണിയ്ക്കപ്പെട്ട അതിഥിയായി പങ്കെടുത്തതോടെ പൂർവ്വാശ്രമം പൂർണ്ണമായി മനസ്സിലും ജനങ്ങളിലും നിന്നകന്ന് കഴിഞ്ഞിരുന്നു....
പിന്നീട് അയോദ്ധ്യയുടെ രാജകൊട്ടാരത്തിൽ നടന്നതൊന്നും അത്ര നല്ലതായിരുന്നില്ല; മഹാരാജ്ഞി സീതാദേവിയെ പറ്റിയുള്ള അപവാദപ്രചാരണങ്ങൾ ഉൾപ്പടെ നാട്ടിൽ നടന്നവയും..
രാജാവിന്റെ നിർദ്ദേശപ്രകാരം ലക്ഷ്മണകുമാരൻ ഗർഭവതിയായ സീതാദേവിയെ ഉപേക്ഷിയ്ക്കുവാൻ ദണ്ഡകാരണ്യത്തിലേയ്ക്ക് പുറപ്പെടുന്ന വിവരം ആശ്രമത്തിലെത്തിയ മഹാഋഷി വിശ്വാമിത്രൻ ആണ് അറിയിച്ചത്. രാജ്ഞിയെ കൂട്ടിക്കൊണ്ട് വന്ന് ആശ്രമത്തിൽ താമസിപ്പിച്ച് ഗർഭശിശ്രൂഷയും പ്രസവശിശ്രൂഷയും ചെയ്ത് സൂര്യവംശത്തിൻറെ അനന്തര തലമുറയെ ഉചിതമായി കാത്ത് രക്ഷിയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശിഷ്യരുമൊത്ത് ദണ്ഡകാരണ്യത്തിലെത്തി സീതാദേവിയെ ആശ്രമത്തിലേയ്ക്ക് കൂട്ടികൊണ്ട് വന്നു, രാജ്ഞി ജന്മം നൽകിയ രണ്ട് കുമാരന്മാർ ലവനും കുശനും ഈ ആശ്രമത്തിൽ വളർന്നു. വീരന്മാരും അതിസാഹസികരുമായ കുമാരന്മാർ ചേർന്ന് കോസലനരേശൻ ശ്രീരാമചന്ദ്രന് കേകേയം മുതൽ കിഷ്‌കിന്ധ വരെ ചക്രവർത്തി പദത്തിനായുള്ള അശ്വമേധത്തിന്റെ കുതിരയെ അവിടെ ആ വൃക്ഷത്തിലാണ് പിടിച്ച് കെട്ടിയത്. പേരുകേട്ട യുദ്ധവീരന്മാർ, ഹനുമാൻ, യുവരാജാവായ ലക്ഷ്മണകുമാരനും രണ്ട് കൗമാരക്കാർക്ക് മുന്നിൽ തലകുനിച്ചത് ആ കുന്നിനും മരങ്ങൾക്കുമിടയിലുള്ള സമതലത്തിലാണ്.
പിന്നീട് അശ്വമേധം.. സീതാ പരീക്ഷണം... രാജാവായ ഭർത്താവിന്റെ തീരാത്ത സംശയത്തിൽ മനം നൊന്ത സീതാദേവി ശ്രീരാമനെന്ന ധർമ്മരാജാവിന്റെ കണ്മുന്നിൽ അഗാധമായ കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. കുമാരന്മാരായ ലവനും കുശനും പിന്നീട് ഇളയമ്മ ഊർമ്മിളയോടൊപ്പം കൊട്ടാരത്തിൽ വളർന്നു മികച്ച യുവരാജാക്കന്മാരായി അറിയപ്പെട്ടു തുടങ്ങി.
ഇക്കാലത്ത് യുവരാജാവ് ഭാരതൻ മാതൃരാജ്യമായ കേകേയം വികസിപ്പിച്ച് ഗാന്ധാര രാജ്യമാക്കി ഭരിയ്ക്കുകയും തക്ഷശില എന്ന നഗരം നിർമ്മിയ്ക്കുകയും ചെയ്തു.
ലക്ഷ്മണകുമാരൻ വംഗരാജ്യം ഭരിയ്ക്കുകയും ചന്ദ്രകാന്ത, ലക്ഷ്മണപുരി എന്നീ നഗരങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.
ശത്രുഘ്നനകുമാരൻ സുരസേനരാജ്യം ഭരിയ്ക്കുകയും മധുവനം തകർത്ത് മധുര എന്ന നഗരം നിർമ്മിയ്ക്കുകയും ചെയ്തു.
ശ്രീരാമചന്ദ്രന്റെ ഗാന്ധാരം മുതൽ ലങ്ക വരെയുള്ള സാമ്രാജ്യത്തിന്റെ ചക്രവർത്തിയായുള്ള പട്ടാഭിഷേകത്തിന് സഹോദരന്മാർ നേതൃത്വം നൽകിയതിനാൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അവരുടെ ഒരുമ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാൻ കാരണമായി; ജേഷ്‌ഠസഹോദരന് സാമന്തന്മാരായി വാഴുവാൻ ആ കനിഷ്ഠർക്ക് യാതൊരു അപകർഷതയും ഉണ്ടായില്ല എന്നല്ല അഭിമാനമായിരുന്നു.
എന്നാൽ സരയൂ നദിയുടെ ആഴങ്ങളിൽ ലക്ഷ്മണനും ശ്രീരാമചന്ദ്രനും ജീവത്യാഗം ചെയ്ത് മറഞ്ഞപ്പോൾ അനാഥമായ രാജ്യങ്ങളുടെ, വിശാലസാമ്രാജ്യത്തിന്റെ അവകാശത്തർക്കം ഉടലെടുത്ത് തുടങ്ങി; ഒരു വയറ്റിൽ പിറന്ന ഈ രണ്ട് കുമാരന്മാർക്ക്, മൂന്ന് അമ്മമാർക്ക് പിറന്ന മുൻതലമുറയിലെ ആ നാലു സഹോദരന്മാരുടെ ഐക്യം ഉണ്ടായിരുന്നില്ല!
എങ്കിലും ബുദ്ധിമതിയായ പോറ്റമ്മ രാജ്ഞി ഊർമ്മിളയുടെ നിർദ്ദേശങ്ങളിൽ കാര്യങ്ങൾ രക്തച്ചോരിച്ചിൽ ഇല്ലാതെ അവസാനിച്ചു.
പുഷ്ക്കലവതിയും ഗാന്ധാരവും തുടങ്ങി മധുരയും, കന്യാകുബ്ജവും, നൈമിഷികാരണ്യവും, ഉത്തരകോസലവും അടങ്ങുന്ന പാതി സാമ്രാജ്യത്തിന് ശ്രാവസ്തി തലസ്ഥാനമായി ലവമഹാരാജാവ് അധിപനായി...
ദക്ഷിണകോസലത്തിൽ തുടങ്ങി വിദേഹവും, മിഥിലയും, വംഗവും, കാശിയും, പ്രതിഷ്ഠാനവും, ദണ്ഡകാരണ്യവും, കിഷ്ക്കിന്ധയും, ലങ്കയും അടങ്ങുന്ന മറുപകുതി സാമ്രാജ്യത്തിന് കുശവതി തലസ്ഥാനമായി കുശമഹാരാജാവ് അധിപനായി...
നഷ്ടപ്രതാപത്തിന്റെ നിശ്വാസങ്ങളുമായാണെങ്കിൽ പോലും യുദ്ധമില്ലാത്ത നഗരം എന്ന പേര് അന്വർത്ഥമായി നിലനിർത്തിയ ആശ്വാസത്തിൽ നിലകൊള്ളുന്ന അയോദ്ധ്യയെ തഴുകി ആശ്വസിപ്പിച്ച് സരയൂ ശാന്തമായി പ്രവാഹം തുടരുന്നു...
തേടി വന്ന ശിഷ്യരുടെ പദചലനം വാത്മീകിയെ ഓർമ്മകളിൽ നിന്നുണർത്തി.. അവരോടൊപ്പം നദിയുടെ കരയിലേക്ക് നടന്ന് കയറുമ്പോൾ മങ്ങിയ വെളിച്ചത്തിൽ കണ്ട കാഴ്ച്ചയിൽ.. വൃക്ഷക്കൊമ്പുകളിൽ അന്തിയ്ക്ക് ചേക്കേറിയ ക്രൗഞ്ചമിഥുനങ്ങൾ എന്താണാവോ ചിലച്ചത്???
എന്ത് തന്നെയായാലും മാമുനിയുടെ കാതുകളിൽ അവ പതിഞ്ഞത് "മാ.. നിഷാദാ.." എന്നായിരുന്നു!!!
No comments:
Post a Comment