മനോജ് പ്രഭാകരൻ ഇന്ന് പതിവില്ലാത്ത ഉച്ച ഉറക്കത്തിലാണ്, അടുത്ത ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ച് എടുത്ത അവധി, ടിവി യിൽ നല്ല സിനിമയോ, പഞ്ച് ഡയലോഗ് ഉള്ള വാർത്തകളോ, ലൈവ് ക്രിക്കറ്റോ ഇല്ലാത്ത അവധിദിവസ മദ്ധ്യാഹ്നം ഉറങ്ങാനല്ലാതെ ഒരു ശരാശരി മലയാളി എന്തിനായി ഉപയോഗിയ്ക്കും? സദ്യയുടെ മൂന്ന് കൂട്ടം പായസ്സം ആവാം ഉറക്കത്തിന് മറ്റൊരു കാരണം. അരികിലായി ഭാര്യയും ഉറക്കത്തിലാണ്, സദ്യ അവളും കഴിച്ചതാണല്ലോ? സംശയത്തിന്റെ ആനുകൂല്യം നൽകാം!
ഭാര്യ ഉറക്കമുണർന്നത് ഒരു ചോദ്യത്തോടെ ആയിരുന്നു..
"നിങ്ങൾ വിലകൂടിയ ഒരു ഡയമണ്ട് നെക്കലെസ്സ് വാങ്ങി എന്നെ അണിയിയ്ക്കുന്നതായി ഞാൻ ഇപ്പോൾ സ്വപ്നം കണ്ടു, എന്താവും അതിന്റെ അർത്ഥം?"
അയാൾ ഒരു ചിരിയോടെ അവളുടെ ഉത്സാഹം ശ്രദ്ധിച്ചു, എന്നിട്ട് പകുതി കളിയും പകുതി കാര്യവും എന്ന മട്ടിൽ പറഞ്ഞു..
"അർത്ഥം നിനക്ക് രാത്രിയോടെ മനസ്സിലാകും"

അവൾ ആലോചനയിൽ ആയി; കുറച്ച് കാശൊക്കെ കയ്യിലുള്ള സമയമാണ്; കൂട്ടുകാരുമായി പാർട്ടിയൊക്കെ പതിവായിരിയ്ക്കുന്നു. ഇതിലെന്തോ ഒരു പ്രതീക്ഷയ്ക്ക് വകയുണ്ട്. അവൻ എന്ത് ചെയ്യുന്നു എന്നവൾ ശ്രദ്ധിച്ചു. ലാപ്പ് ടോപ്പ് തുറന്ന് വച്ചിരിപ്പാണാൾ.
"ചായ ഇടാം" എന്ന് പറഞ്ഞ് അവൾ അവനരികിലൂടെ അടുക്കളയിലേയ്ക്ക് നടന്ന് നീങ്ങുന്നതിനിടെ ലാപ്പ് ടോപ്പ് സ്ക്രീനിലേക്ക് ഒരു കണ്ണെറിഞ്ഞു; ആൾ ആമസോണിന്റെ സൈറ്റിൽ ബൈയ്‌യിങ് ആണ്, അറിയാതെ അവളുടെ വിരലുകൾ അവന്റെ തലമുടി ഇഴകളെ തഴുകി നീങ്ങി.
സമയം രാത്രിയായി, പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും അവൻ ആമസോണിന്റെ ഡെലിവറി ബോയിയെ പ്രതീക്ഷിച്ചിരുന്നു; അവൾ ആകാംഷയോടെ കാത്തിരുന്നു..
ഏതാണ്ട് 9.30 ആയപ്പോൾ അവൾ നോക്കിയിരുന്ന ആ ഡോർബെൽ മുഴങ്ങി; വാതിൽ തുറക്കാൻ പാഞ്ഞ് പോകുന്നതിനിടയിൽ തന്റെ കണ്ണുകളിൽ ആവാഹിച്ച മുഴുവൻ പ്രണയത്തോടെ അവളവനെ ഉഴിഞ്ഞു. പക്ഷെ ടിവിയിൽ വാർത്ത ശ്രദ്ധിച്ചിരുന്ന അവനതത്ര കാര്യമാക്കുന്നതായി തോന്നിയില്ല, എങ്കിലും അവന്റെ ചുണ്ടിൽ വിശദീകരിയ്ക്കാനാവാത്ത ഒരു ഗൂഢസ്മിതം ഒളിഞ്ഞിരിപ്പില്ലേ? എന്നവൾ സംശയിച്ചു.
സസ്പ്പെൻസ് ഒന്നുമുണ്ടായില്ല, വന്നത് ആമസോൺ കാരൻ തന്നെ; കയ്യിലൊരു പാക്കറ്റും. ഡെലിവറി നോട്ട് ഒപ്പിട്ട് നൽകി പാക്കറ്റുമായി അവൾ അകത്തേയ്ക്ക് പാഞ്ഞ് പോയി..
അവളുടെ ചലന വേഗതയാൽ ശ്രദ്ധമാറി തലതിരിച്ചവളെ നോക്കിയ അവന്റെ കണ്ണുകളിൽ എന്തായിരുന്നു ഭാവം?
അതെന്തായാലും ഡ്രസ്സിംഗ് റൂമിലെ നിലക്കണ്ണാടിയ്ക്ക് മുന്നിൽ വച്ച് ഒരു പാക്കറ്റിനോടൊക്കെ ചെയ്യാവുന്നതിൽ കൂടുതൽ ക്രൂരതയോടെ വലിച്ച് പൊളിച്ച് ഉള്ളിലെ സംഭവം അവൾ വെളിയിലെടുത്തു..
സിഗ്മണ്ട് ഫ്രോയിഡിന്റെ "സ്വപ്നങ്ങളുടെ അപഗ്രഥനം" !!!!!! ആമസോൺ ബുക്ക് സ്റ്റോറിൽ നിന്ന്.....
No comments:
Post a Comment