രഞ്ജിത് രവീന്ദ്രനെ അവനീ കമ്പനിയിൽ ചേർന്ന നാൾ മുതൽ എനിയ്ക്കറിയാം. കമ്പനിയുടെ നിയമപ്രകാരം പ്രോജക്ടുകളുടെ സാമഗ്രികൾ വാങ്ങുന്നത് പ്രൊക്വേയർമെൻറ്റ് വിഭാഗവും, കൺസ്യൂമബിൾസ്സ് വാങ്ങുന്നത് പർച്ചേസ്സ് വിഭാഗവും ആണ്. സ്വാഭാവികമായും പ്രൊജക്ടിൽ നിന്നുള്ള ഞാൻ പ്രൊക്വേയർമെൻറ്റ് വിഭാഗവുമായി കൂടുതൽ ബന്ധം പുലർത്തുന്നതിനാൽ അവിടെ പുതിയതായി വന്ന എഞ്ചിനീയറെ വന്ന നാൾ തന്നെ പരിചയപ്പെട്ടു. അയാൾക്ക് ഓഫീസർ സ്ഥാനത്ത് നിന്നും മാനേജർ സ്ഥാനത്തേയ്ക്ക് കയറ്റം കിട്ടിയപ്പോഴും എന്റെ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ച് കൊണ്ടിരുന്നത്. വിവാഹവും ഈ കമ്പനിയിൽ വന്നതിനു ശേഷം ആയിരുന്നു, പിന്നീടൊരിയ്ക്കൽ എന്റെ ക്യാബിനിൽ വന്ന് ലഡു തന്നും ഓഫീസ്സിൽ വിതരണം ചെയ്തും തനിയ്‌ക്കൊരു മകൻ ഉണ്ടായ സന്തോഷം പങ്ക് വച്ചത് ഓർമ്മയിലുണ്ട്.
തിരക്കായതിനാൽ വ്യക്തിപരമായ കാര്യങ്ങൾ കുറേനാളുകളായി ഞങ്ങൾ സംസാരിച്ചിരുന്നില്ല, എന്നാൽ ഇന്നലെ നേരിട്ട് കാണാനെത്തി തനിയ്ക്ക് രണ്ടാമതൊരു കുട്ടിയുണ്ടായെന്നും അതിന്റെ വക പാർട്ടി റാഡിസ്സൺ ഹോട്ടലിൽ വച്ച് കമ്പനിയിലെ മാനേജേഴ്‌സിനേയും സ്‌റ്റാഫിനേയും വിളിച്ച് ഗ്രാൻഡായി ആഘോഷിയ്ക്കുവാൻ പോവുകയാണെന്നും അതിനായി എന്നെ ഫാമിലി അടക്കം ക്ഷണിയ്ക്കുവാൻ വന്നതാണെന്നും പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി എന്നുള്ളത് സത്യം.
അൽപ്പം പരദൂഷണം പറഞ്ഞാൽ, രഞ്ജിത്തിനെ പറ്റി അവന്റെ ഡിപ്പാർട്ട്മെന്റിലെ സഹപ്രവർത്തകരുടെ ഇടയിൽ ഉള്ള സംസാരം ആളൊരു നല്ല പിശുക്കനാണെന്നാണ്; "ഷെയറിട്ട് ഡോമിനോസ്സിൽ നിന്നൊരു പിസ്സാ വാങ്ങാൻ പോലും കാശിറക്കാത്ത ബാച്ചാ..." എന്ന ഹരിയുടെ വാക്കുകൾ മുഖവിലയ്‌ക്കെടുത്താൽ, കമ്പനിയിലെ 400 ഓളം ആളുകൾക്ക് ഒരു ഫൈവ്വ് സ്റ്റാറിൽ പാർട്ടി നടത്തുന്നത് അൽപ്പം അവിശ്വസനീയമായി തോന്നി.
എന്തായാലും ആ ദിവസ്സം വന്നെത്തി, ഞാൻ കുടുംബസമേതം പാർട്ടിയിൽ പങ്കെടുത്തു, വളരെ വിപുലമായി തന്നെ സംഘടിപ്പിച്ച പാർട്ടി ആയിരുന്നു, കുട്ടികൾക്ക് കളിയും സമ്മാനങ്ങളും, കരോക്കെ സംഗീതമേളയും, ഇൻഡോറിൽ സ്നാഗ്ഗും ഔട്ട് ഡോറിൽ ഗ്രില്ലും, ബാര്ബിക്യുവും , അങ്ങനെ ഒരു സെവൻ കോഴ്‌സിന്റെ എല്ലാ ഘടകങ്ങളും പൂർണ്ണമായ ആ പാർട്ടിയിലും എന്റെ മനസ്സിൽ സംശയം തങ്ങി നിന്നു. പക്ഷെ അത് പുറത്ത് വരാൻ ഉഗ്രസേൻ മിശ്രയെന്ന കൺസ്ട്രക്ഷൻ മാനേജർ വേണ്ടി വന്നു. ലോണിൽ ഒരു കസേരയിൽ ക്യാപ്‌സിക്കം കമ്പിയിൽ കുത്തി ചാർക്കോളിൽ ചുട്ടെടുത്തത് ഓരോന്നായി ഊരിയെടുത്ത് രുചിച്ചിരുന്ന എന്റെയടുക്കൽ കസേരയിട്ടിരുന്ന് മിശ്ര നേരേ കാര്യത്തിലേക്ക് കടന്നു.
"അപ്പനാ രൺജി പഹ്‌ലവാലാ.... വോ ഭീ ലഡ്‌ക്കി യാർ"
സംഗതി പരിഭാഷപ്പെടുത്തിയാൽ...
"നമ്മുടെ രഞ്ജിത്ത് ആദ്യകുട്ടിയുടെ ജനനം ഒരു ലഡ്ഡുവിൽ ഒതുക്കി, ഇതിപ്പോൾ രണ്ടാമത്തെ കുട്ടിയ്ക്ക് ഇത്ര വലിയ പാർട്ടി! അതെന്താ അങ്ങനെ? അത് പെൺകുട്ടി ജനിച്ചപ്പോൾ!"
മിശ്രയുടെ കൂടെ വന്ന ബാലമുരുകനും തമിഴ് കലർന്ന ഹിന്ദിയിൽ പറയാനുണ്ടായിരുന്നു ചിലത്..
"പൊതുവേ ആൺകുട്ടി ജനിച്ചാൽ ലഡ്ഡുവും, പെൺകുട്ടി ജനിച്ചാൽ ജിലേബിയുമാണല്ലോ കൊടുക്കുക, ആൺകുട്ടിയ്ക്ക് ലഡു, പെൺകുട്ടിയ്ക്ക് പാർട്ടി ഇത് പാതിവില്ലാത്തതാണ്."
"ചിലപ്പോൾ ആ സമയത്ത് അവന്റെ കയ്യിൽ അത്രയ്ക്ക് പൈസ്സ ഉണ്ടായിരുന്നിരിയ്ക്കില്ല, ഇപ്പോൾ നല്ല കമ്മീഷൻ വല്ലതും തടഞ്ഞിരിയ്ക്കും" ഞാൻ ഒരു ന്യായീകരണം പറഞ്ഞ് നോക്കി, നമ്മുടെ എതിരൻ എന്ന പേര് കളയാൻ പാടില്ലല്ലോ!
"ഒയ്യാ.. ഐസ്സാ കൺജൂസ്സ് ആദ്മി...." മിശ്ര വിടാനുള്ള ലക്ഷണമില്ല. അവന്റെ കള്ളടിച്ചിട്ട് അവനെ കുറ്റം പറയുന്നത് ഞാൻ രസിച്ചിരുന്നു.
"സാബ്ബ്, താങ്കൾ ചോദിയ്ക്കണം, നമുക്കറിയണമല്ലോ.." ബാലയും നിർബന്ധിച്ചപ്പോൾ ഞാൻ എണീറ്റ് രഞ്ജിത്തിനെ വിളിച്ച് കാര്യം ചോദിച്ചു. അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
" ഇത് ഇപ്പോൾ തന്നെ 50 ലേറെ ആയി ഈ ചോദ്യം, ശരി എല്ലാവർക്കുമായി ഞാനത് പറയാം, പക്ഷെ ആദ്യം എന്റെ ഭാര്യ അതിനനുവദിയ്ക്കണം,അല്ലെങ്കിൽ ചിലപ്പോൾ കുട്ടിയുടെ ബർത്തും, അച്ഛനമ്മമാരുടെ ഡൈവേഴ്സ്സും ഒന്നിച്ചുള്ള ആഘോഷമായി ഇത് മാറിയാലോ?"
രജ്ഞിത്ത് പ്ലാറ്റ്ഫോമിലേയ്ക്ക് കയറി ഭാര്യയുമായി എന്തോ ചെവിയിൽ സംസാരിച്ചു; അവളുടെ മുഖം പെട്ടെന്ന് ചുവന്നു, കണ്ണുകളിൽ ആദ്യം ദേഷ്യവും, പിന്നീട് നിസ്സഹായാവസ്ഥയും നിഴലിച്ചു. പിന്നീട് അവൾ മെല്ലെ ചിരിച്ചു കൊണ്ട് രഞ്ജിത്തിനോട് എന്തോ മറുപടി പറഞ്ഞു. അവൻ മൈക്ക്രോഫോൺ കയ്യിലെടുത്ത് സദസ്സിനെ അഭിമുഖീകരിച്ച് പറഞ്ഞ് തുടങ്ങി...
ഞാൻ മൂന്ന് വർഷം മുമ്പ് എന്റെ മകൻ ജനിച്ചപ്പോഴോ, പിന്നീട് അവന്റെ ജന്മദിനങ്ങളിലോ വീട്ടിൽ ചെറിയ നിലയിലുള്ള ആഘോഷമല്ലാതെ അത്ര കാര്യമായ സെലിബ്രെഷൻ നടത്തിയിട്ടില്ല, എന്നാൽ എന്റെ മകൾ ജനിച്ചപ്പോൾ എന്ത് കൊണ്ടാണിത്ര വലിയ ആഘോഷം നടത്തുന്നത്? എന്നോട് ഇവിടെ വന്നിരിയ്ക്കുന്നു മിക്കവരും ചോദിച്ച ആ ചോദ്യത്തിന് ഉത്തരം പറയാനാണ് ഞാനിവിടെ നിൽക്കുന്നത്. എന്നോട് ചോദ്യം ചോദിച്ച പലരും ആൺകുട്ടിയ്ക്ക് ആണ് പ്രാധാന്യം എന്നും, ലഡുവും ജിലേബിയും കൊടുക്കുന്ന ആചാരവും വരെ പറയുകയുണ്ടായി, പക്ഷേ പെൺകുട്ടിയുടെ പിറവി അത്ര നിസ്സാരമാണോ?
ഞാൻ എന്റെ കഥ പറയാം.. എന്റെ അച്ഛനുമമ്മയ്ക്കും ഒരാണും ഒരു പെണ്ണുമാണ് മക്കൾ; എന്റെ ചേച്ചി വിവാഹിതയാണ് ഭർത്താവിനോടും കുട്ടികളോടും കൂടി ഇതാ ഇവിടെയുണ്ട്.
രഞ്ജിത്തിന്റെ സഹോദരിയും ഭർത്താവും രണ്ട് കുട്ടികളും സ്റ്റേജിൽ നിന്ന് ഞങ്ങളെ കൈ വീശി അഭിവാദനം ചെയ്തു മടങ്ങി. രഞ്ജിത്ത് തുടർന്നു...
ചേച്ചിയുടെ വിവാഹ ശേഷം വീട്ടിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നു എങ്കിലും എന്റെ വിവാഹത്തിന് മുമ്പ് അച്ഛൻ എനിയ്ക്കായി അൽപ്പം അകലെ ഒരു ഫ്‌ളാറ്റ് വിലയ്ക്ക് വാങ്ങി, മോടികൂട്ടി, ഫർണ്ണീഷ് ചെയ്ത് തയ്യാറാക്കി, അതിന്റെ താക്കോൽ എന്നെ ഏൽപ്പിച്ച് കൊണ്ട് പറഞ്ഞു "മോനേ, നിനക്ക് അമ്മയോട് അൽപ്പം അടുപ്പം കൂടുതലാണ്, ആരാധനയും, നിന്റെ അമ്മയ്ക്കും നീ ഇപ്പോഴും ചെറിയ കുഞ്ഞാണ്. അത് നിന്റെ ഭാര്യയ്ക്കിഷ്ടപ്പെടണമെന്നില്ല. തുടക്കത്തിലേ ഉണ്ടാകുന്ന പ്രശ്നങ്ങൾ ജീവിതകാലം മുഴുവൻ തുടരും, അതിനാൽ വിവാഹത്തിന്റെ അന്ന് തന്നെ നീ ഈ പുതിയ ഫ്‌ളാറ്റിലേയ്ക്ക് മാറി പുതിയ ജീവിതം തുടങ്ങണം. ഏതാനും ദിവസ്സം നിങ്ങൾ ഒറ്റയ്ക്ക് ജീവിയ്ക്കുക, അപ്പോൾ നിങ്ങൾ തമ്മിൽ പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയും, ഞങ്ങളുടെ ഒക്കെ സാമീപ്യത്തിന്റെ ആവശ്യകതയും. നിന്റമ്മയെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കൊള്ളാം."
അങ്ങനെ വിവാഹ ദിവസ്സം വന്നു, ഞാൻ അതിനു മുമ്പ് തന്നെ വിവാഹം കഴിഞ്ഞ് പുതിയ ഫ്‌ളാറ്റിലാണ് താമസിയ്ക്കുന്നത് എന്ന് എന്റെ ഭാര്യയോട് പറഞ്ഞിരുന്നു. അപ്പോൾ അവൾ ഒരു ആശയം മുന്നോട്ട് വച്ചു. "വിവാഹം കഴിയുന്ന ദിവസ്സം, കുടിവയ്പ്പ് കഴിഞ്ഞെല്ലാവരും പോയിക്കഴിഞ്ഞാൽ പിന്നീട് ആരെയും പ്രവേശിപ്പിയ്ക്കേണ്ട. നമ്മുടെ ലോകം, നമുക്ക് പരസ്പരമറിയാൻ, അടുത്ത ദിവസ്സം ഉച്ച വരെ നമ്മൾ മാത്രം." അത് എനിയ്ക്കും ഇഷ്ടപ്പെട്ടു.
വിവാഹം കഴിഞ്ഞു, ഞങ്ങൾ ഫ്‌ളാറ്റിലെത്തി, ചടങ്ങുകൾ കഴിഞ്ഞ് ജോലിക്കാർ ഫ്‌ളാറ്റ് വൃത്തിയാക്കി, എല്ലാവരും മടങ്ങുമ്പോൾ ഞങ്ങളുടെ തീരുമാനം ഞങ്ങളുടെ മാതാപിതാക്കളോട് അറിയിച്ചു, അവരും അത് നല്ല തീരുമാനമാണെന്ന് പ്രശംസിച്ച് "അപ്പോൾ നാളെ ഉച്ചയ്ക്ക് ശേഷം കാണാം" എന്ന് പറഞ്ഞ് യാത്രയായി.
എന്റെ അമ്മയ്ക്ക് എന്റെ മേലുള്ള ഉത്കണ്ഠ എനിയ്ക്ക് നന്നായി അറിയാമായിരുന്നു, സന്ധ്യ മയങ്ങിയപ്പോഴേ എന്റെ അമ്മ എന്നെ രണ്ട് തവണ ഫോൺ ചെയ്തു വിശേഷങ്ങൾ തിരക്കി, അതുവരെ ഫോൺ ചെയ്യാതിരുന്നത് അച്ഛൻ വിരട്ടിയതിനാലാവണം എന്നെനിയ്ക്ക് അറിയാമായിരുന്നു. രാത്രി ആയതും അമ്മ എന്നെ കാണണമെന്ന് കാണണമെന്ന് പറഞ്ഞ് കരച്ചിലായി, അങ്ങനെ സഹികെട്ട അച്ഛൻ അമ്മയെയും കൂട്ടി എന്റെ ഫ്‌ളാറ്റിന്റെ മുന്നിലെത്തി. ഞങ്ങൾ വ്യൂവറിലൂടെ പുറത്ത് ആരെന്ന് കണ്ടു, ഞങ്ങൾ രണ്ടാളും ചേർന്ന് എടുത്ത തീരുമാനം അവരെ ഓർമ്മിപ്പിച്ചു, ആദ്യതീരുമാനം തന്നെ പൊളിയുന്നതിന്റെ അനൗചിത്യം അച്ഛൻ അമ്മയെ ബോദ്ധ്യപ്പെടുത്തി, ജനലിലൂടെ ഞങ്ങളെ കണ്ട് കൈകളിൽ പിടിച്ചമർത്തി അമ്മയും മടങ്ങിപ്പോയി. എന്നിൽ അമ്മയുടെ സങ്കടം ദുഖമുണ്ടാക്കുന്നത് മനസിലാക്കിയ അച്ഛൻ തിരിച്ച് വന്ന് "നീ അമ്മയെ ഓർത്ത് ഇന്നത്തെ ദിവസ്സം നശിപ്പിയ്ക്കരുത്, അവൾക്ക് അവളുടെ ഭർത്താവ് ഉണ്ട്" എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്നു.
ഏതാണ്ട് ഒരു മണിയ്ക്കൂറിന് ശേഷം ഡോർബെൽ വീണ്ടും മുഴങ്ങി, ഇത്തവണ വ്യൂവറിൽ തെളിഞ്ഞത് ഭാര്യയുടെ അച്ഛന്റേയും അമ്മയുടെയും അനുജത്തിയുടെയും മുഖങ്ങൾ ആയിരുന്നു. ഞങ്ങൾ എടുത്ത തീരുമാനം ഞാൻ അവരെ ഓർമ്മിപ്പിച്ചു, ഭാര്യ നിശബ്ദയായി നിന്നതേ ഉള്ളൂ, . ഇതിനിടയിൽ അവൾ ജനൽ തുറന്ന് അമ്മയോടും അനുജത്തിയോടും സംസാരിയ്ക്കാനും കെട്ടിപ്പിടിയ്ക്കാനുമൊക്കെ ആരംഭിച്ചിരുന്നു. എന്റെ മാതാപിതാക്കൾ വന്നതും മടക്കി അയച്ചതും ഞാൻ അവളുടെ അച്ഛനെ ധരിപ്പിച്ചു. അതോടെ സംഭാഷണങ്ങൾക്ക് ശേഷം വിരാമമിടീച്ച് അദ്ദേഹം അവരുമൊത്ത് മടങ്ങാൻ തുടങ്ങി; അവളെ കവിളിൽ തലോടി അമ്മ കരഞ്ഞ് മുഖം തിരിച്ചതും, അവൾ എന്റെ നേരേ തിരിഞ്ഞിങ്ങനെ പറഞ്ഞു.
"വന്നിരിയ്ക്കുന്നത് എന്റെ അച്ഛനുമമ്മയുമാണ് അവരെ അങ്ങനെ മടക്കിയയക്കാൻ എനിയ്ക്ക് കഴിയുകയില്ല."
അവൾ നേരേ വാതിലിന് നേരേ നടന്ന് അവർക്കായി അത് തുറന്നു; ഞങ്ങൾ മാറ്റിവച്ചിരുന്ന താക്കോൽ എപ്പോഴാണവൾ പോയെടുത്തതെന്ന് എനിയ്ക്ക് ഇപ്പോഴുമറിയില്ല! അവർ ഉള്ളിൽ വന്നു ഏതാണ്ട് ഒന്നര മണിയ്ക്കൂർ അവിടെ തങ്ങി, ഞാനും അച്ഛനും ഹാളിലും, അവളും അമ്മയും സഹോദരിയും ബെഡ്ഡ്‌റൂമിലും.
രാത്രിയേറെ വൈകി അവർ മടങ്ങി; നിസ്സഹായനായി മനസ്സ് മടുത്ത് ഞാൻ ഉറങ്ങി, സന്തോഷത്തോടെ അടുത്തതായി അവളും. പിന്നീട് സാധാരണ ദമ്പതികളെ പോലെ ഞങ്ങളും ജീവിതം സന്തോഷമായി നയിച്ചു, ഇന്ന് രണ്ട് കുഞ്ഞുങ്ങളുമായി. ഈ രണ്ടാമത്തെ കുഞ്ഞിന്റെ പിറവി, എന്റെ മകളുടെ ജനനം ഞാൻ ആർഭാടമായി ആഘോഷിയ്ക്കുന്നു അതിന്റെ കാരണമാണ് നിങ്ങൾക്കറിയേണ്ടതെങ്കിൽ എന്റെ പൂർണ്ണ മനസ്സോടെ ഞാൻ പ്രഖ്യാപിയ്ക്കട്ടേ..
"ഇതാ അവൾ ജനിച്ചിരിയ്ക്കുന്നു; എനിയ്ക്കായി വാതിൽ തുറന്ന് തരേണ്ടവൾ......"
No comments:
Post a Comment