എന്റെ ജാലകത്തിലൂടെ ഞാൻ കണ്ട കാഴ്ച്ചകൾ ഒന്ന് തന്നെയല്ലേ? അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ ഞാൻ കണ്ട നിലക്കണ്ണാടിയിലെ എന്റെ പ്രതിരൂപവും ഒന്നുതന്നെയല്ലേ? പിന്നെവിടെ നിന്നാണീ ഈ മായക്കാഴ്ച്ചകൾ?
ഉച്ച കഴിഞ്ഞാണ് ക്ലയന്റ് മീറ്റിങ്ങിന് വിളിച്ചിരിയ്ക്കുന്നത്; ഇന്നലെ രാത്രിമുഴുവൻ അതിന്റെ തയ്യാറെടുപ്പുകൾ ആയിരുന്നു. ഏതാണ്ട് രേഖകളൊക്കെ തയ്യാറായി, കുറച്ചോക്കെ പ്രിന്റുമെടുത്തു; എങ്കിലും നമ്മുടെ ഭാഗം ന്യായീകരിയ്ക്കുവാൻ വേണ്ട കരുത്തവയ്ക്കുണ്ടോ? ആ സംശയം ഉറങ്ങുമ്പോഴും ഉണ്ടായിരുന്നു ഇപ്പോൾ ഉണരുമ്പോഴും ഉണ്ട്. ഒരു കപ്പ് കാപ്പിയുമായി ജന്നലിന് വെളിയിലേക്ക് നോക്കി നിൽക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു.
പുറത്ത് പണിക്കരുടെ ഒച്ച കേൾക്കുന്നുണ്ടായിരുന്നു.
അവിടെ ആ വീടിനു പുറത്ത് ഒരു കുട്ടി ഓടിനടക്കുന്നു.
ആ ഭിത്തിയിൽ ചാരി ഒരാൾ അത് നോക്കി നിൽക്കുന്നു, അയാളുടെ മുഖത്ത് പ്രസന്നഭാവം കാണാം.
എന്റെ മനസ്സിലേയ്ക് അവയൊന്നും പതിയുന്നില്ല
ജീവിതത്തോട് തന്നെ മടുപ്പ് അനുഭവപ്പെടുന്നു.
വേഗം കാപ്പികുടി പൂർത്തിയാക്കി തിരിച്ച് ബാക്കി ജോലികൾ ആരംഭിച്ചു, ഇന്നലെ ചെയ്തവയും ഇന്ന് ചെയ്യേണ്ടവയും തമ്മിൽ പൊരുത്തപ്പെടുന്നില്ല. കൂടുതൽ കുഴപ്പങ്ങ ആണ്, ന്യായീകരണങ്ങൾ ദുർബ്ബലമാകുന്നു, ഇത് ശരിയാവില്ല. മീറ്റിങ്ങിന് പോകാതിരിയ്ക്കുന്നതാണ് നല്ലത്. എന്ത് ഒഴിവ് കഴിവ് പറയും? എല്ലാം വലിച്ച് വാരിയിട്ട് വീണ്ടും ആ ജാലകത്തിനരികിൽ, വീണ്ടും പുറത്തെ കാഴ്ച്ചകൾ...
പുറത്ത് പണിക്കരുടെ അരോചകമായ ബഹളം കേൾക്കുന്നുണ്ടായിരുന്നു, നാശങ്ങൾ...
അവിടെ ആ വീടിനു പുറത്ത് ഒരു കുട്ടി പേടിയ്‌ക്കേണ്ട സമയത്ത് തുള്ളുന്നു! ഇതിനൊക്കെ ചോദിയ്ക്കാനും പറയാനും ആരുമില്ലേ?
ഒരു പണിയുമില്ലാത്ത ഒരുത്തൻ ആ ഭിത്തിയിൽ ചാരി ആ കൊച്ചിന്റെ തുള്ളൽ നോക്കി നിൽക്കുന്നു, ഇവനത്തിനെ വീട്ടിൽ പറഞ്ഞ് വിടരുതോ? എന്നിട്ട് മുഖത്തോരു ഇളീം...
ഞാനെന്തിനാ അല്ലെങ്കിൽ ഇതൊക്കെ മനസ്സിലേയ്ക് വലിച്ച് കേറ്റുന്നത്..
ജീവിതത്തോട് തന്നെ ദേഷ്യം തോന്നുന്നു.
എന്തായാലും മീറ്റിങ്ങിന് പോകണം, മറ്റ് വഴിയില്ല, വരുന്നിടത്ത് വച്ച് വരട്ടെ.. ആദ്യം മുതൽ ഒന്നുകൂടി അടുക്കിപ്പെറുക്കാം. കഴിയുന്നത്ര പ്രതിരോധിയ്ക്കാം എന്ന് കരുതി ജോലി ആരംഭിച്ചു, ക്രമേണ നമ്മുടെ ഭാഗം ശക്തമായി തുടങ്ങി. അവസാനിപ്പിച്ച് വായിച്ച് നോക്കിയപ്പോൾ ആത്മവിശ്വാസമായി; കുഴപ്പമുണ്ടാവില്ല, നല്ല നിലയിൽ അവതരിപ്പിച്ചിരിയ്ക്കുന്നു, കുറെയൊക്കെ നമ്മളെ അംഗീകരിയ്ക്കേണ്ടി വരുമവർക്ക്, ചിലത് അടുത്ത മീറ്റിങ്ങിലേയ്ക്ക് വിശദവിവരങ്ങൾക്ക് മാറ്റിയും വയ്പ്പിയ്ക്കാം. മനസിന് വലിയ സന്തോഷം തോന്നി.. എന്നെ സമ്മതിയ്ക്കണം എന്ന് ഞാൻ തന്നെ നിലക്കണ്ണാടിയിൽ നോക്കിപ്പറഞ്ഞു, ഇവിടെ വേറെ ആരുമില്ലാത്ത പറയാൻ.. ഇത്രയൊക്കെ കഷ്ടപ്പെട്ടപ്പോൾ ആരെങ്കിലും പറയുകയും വേണമല്ലോ?
കണ്ണിനൽപ്പം വിശ്രമം വേണം, ജനലിനരുകിൽ അൽപ്പനേരം നിൽക്കാം.. വീണ്ടും ആ ജാലകത്തിലൂടെയുള്ള കാഴ്ച്ചകൾ..
പുറത്ത് പണിക്കരുടെ അതിമനോഹരമായ ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു, അവർ ഗാനമാലപിയ്ക്കുകയാണെന്ന് തോന്നുന്നു!
അവിടെ ആ വീടിനു പുറത്ത് ഒരു കൊച്ച് സുന്ദരികുട്ടി മനോഹരമായി നൃത്തം ചെയ്യുന്നു!
അതാ ഒരു രസികൻ ആ കുഞ്ഞിന്റെ നൃത്തത്തിൽ മയങ്ങി കണ്ട് നിന്നാസ്വദിയ്ക്കുന്നു, അയാൾ ചിരിയ്ക്കുകയാണ്.
എന്റെ മനസ്സ് ഭാരരഹിതമായി ഒരുന്മാദത്തിൽ അലഞ്ഞ് നടക്കുന്നത് പോലെ ..
ജീവിതത്തോട് തന്നെ പ്രണയം തോന്നുന്നു.
ഇപ്പോൾ ഞാൻ എന്റെ നിലക്കണ്ണാടിയ്ക്ക് മുന്നിൽ നിന്നെന്നെ നോക്കുകയാണ്, എനിയ്ക്കറിയാം പുറത്തതൊന്നും മാറിയിട്ടില്ല, മാറിയത് എന്റെ മനസ്സാണ്. "സകാരം" എന്നത് ആംഗലേയത്തിലെ പോസിറ്റിവ് എന്ന വാക്കാണ്, അതെ സകാരാത്മകത അഥവാ പോസിറ്റിവ് ആറ്റിറ്റ്യൂഡ് ആണ് എന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം!
No comments:
Post a Comment