Friday, September 15, 2017

മുൻഗണനകളും കാഴ്ച്ചപ്പാടുകളും

എം.കെ. സിദ്ധാർദ്ധൻ എന്ന ആഡിറ്റർ പി.ഡബ്ള്യു.സി. എന്ന പ്രൈസ്സ്വാട്ടർ കൂപ്പറിന്റെ ഏഷ്യൻ റീജിയണൽ ഓഫീസ്സിൽ നിന്ന് ഡെലിഗേഷനിൽ ഇന്ത്യയിൽ ജോലിയ്ക്ക് വന്നത് മുതലാണ് മാസത്തിൽ ഒന്നോ അതിൽ കൂടുതലോ തവണ ത്രിശ്ശൂരുള്ള വീട്ടിൽ എത്തിത്തുടങ്ങിയത്. ബാങ്കിൽ അക്കൗണ്ട് ഓഫീസറായ ഭാര്യ രേണുകയും രണ്ട് കുട്ടികളുമാണ് അദ്ദേഹത്തിനുള്ളത്. മകൻ അരവിന്ദ് സിദ്ധാർദ്ധ് എഞ്ചിനീയറിംഗിന് അവസാന വർഷത്തിലേയ്ക്ക് കടക്കുന്നു, മകൾ വീണാ സിദ്ധാർദ്ധ് എം.ബി.ബി.എസ്സ് കിട്ടിയേ അടങ്ങൂ എന്ന വാശിയിൽ റീറിപ്പിറ്റേഷനു എൻട്രൻസ്സ് കോച്ചിംഗ് സെന്ററിൽ പഠിയ്ക്കുന്നു . 

വർഷങ്ങൾക്ക് ശേഷം അച്ഛന്റെ തുടർച്ചയായ വരവും വീട്ടിൽ താമസവും മകൾക്ക് വലിയ സന്തോഷം ആയെങ്കിലും മകന് അത് വലിയ അലോസരങ്ങൾ സൃഷ്ടിച്ച് തുടങ്ങി.അവന്റെ കൂട്ട് കെട്ടും കറക്കവും എല്ലാം അവതാളത്തിൽ ആയി ഒപ്പം പഠനത്തെ പറ്റിയും പരീക്ഷയിലെ മാർക്കുകളെ പറ്റിയും അച്ച്ഛൻ ചോദ്യം ചെയ്ത് തുടങ്ങിയപ്പോൾ അവൻ റിബൽ ആയിത്തുടങ്ങി. പലപ്പോഴും അവരുടെ തർക്കങ്ങൾ ഡൈനിംഗ് ടേബിളിലും സ്റ്റഡിറൂമിലും ഒതുങ്ങാതായി, അച്ഛനും മകനുമിടയിൽ മദ്ധ്യസ്ഥത പറഞ്ഞ് രേണുക തളർന്നു. എന്തായാലും ഈ തർക്കങ്ങൾക്കിടയിൽ സിദ്ധാർദ്ധനൊന്നു മനസ്സിലായി, തന്റെ മകൻ നേരാം വണ്ണം പഠിയ്ക്കുന്നില്ല. അദ്ദേഹം കോളേജിലെത്തി പ്രിന്സിപ്പാളിനേയും പ്രൊഫസറന്മാരെയും, ലക്ച്ചറന്മാരെയും കണ്ടു , കാര്യങ്ങൾ കൂടുതൽ വ്യക്തമായി; പയ്യൻസിനു ഒരുപാട് ബാക്ക് ലോഗ്ഗ് ഉണ്ട്, ആദ്യവർഷങ്ങളിലെ പല പേപ്പറും ഇതുവരെ കിട്ടിയിട്ടില്ല.

വീട്ടിൽ തിരിച്ചെത്തിയ അച്ഛനും മകനും തമ്മിൽ കാര്യമായ പോരാട്ടം നടന്നു, തുടർച്ചയുള്ള വിഷയങ്ങളുടെ ആദ്യ പേപ്പറുകൾ പിന്നീട് മുന്നോട്ടുള്ള പേപ്പറുകളിലെ ചാപ്റ്ററുകൾ കഴിയുമ്പോൾ എളുപ്പമാകുമെന്ന് മകൻ, അമ്മയെ പഠിയ്ക്കുന്നത് പോലെ എന്നെ പറ്റിയ്ക്കാൻ നോക്കേണ്ട എന്ന് അച്ഛൻ. ഇത്തവണ അവരെ സമാധാനിപ്പിച്ച് രണ്ട് വഴിയ്ക്കാക്കാൻ രേണുകയ്ക്ക് നന്നേ പാടുപെടേണ്ടി വന്നു. എങ്കിലും ഇനിയും ഇത് പോലെ ഉഴപ്പുവാനും തോൽക്കുവാനും ആണ് ഭാവമെങ്കിൽ ബൈക്ക് വിൽക്കുമെന്നും, പോക്കറ്റ് മണി ഇല്ലാതാക്കുമെന്നും, സ്വയം പഠിയ്ക്കാൻ വഴി നോക്കിക്കൊള്ളണമെന്നും, എന്തിന് പറഞ്ഞ് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിക്കോളണം എന്ന് വരെയായി സിദ്ധാർദ്ധൻ. ഈ പ്രായത്തിലുള്ള കുട്ടികളെ സ്നേഹത്തിലൂടെ വേണം അല്ലാതെ ദേഷ്യപ്പെട്ടിട്ട് വിപരീത ഫലമേ ഉണ്ടാവൂ എന്നൊക്കെ രേണുക ഭർത്താവിനോട് കേണുപറഞ്ഞിട്ടും അദ്ദേഹമോ, "ഓഹ് അങ്ങനെയെങ്കിൽ അങ്ങനെ ആയിക്കോട്ടെ" എന്ന് പറഞ്ഞ് നിൽക്കുന്ന മകനോ അയഞ്ഞില്ല. പിറ്റേ ദിവസം സിദ്ധാർദ്ധൻ ഡൽഹിയ്ക്ക് പോയതിനാൽ താൽക്കാലത്തേയ്ക്ക് ഒരയവ് അന്തരീക്ഷത്തിൽ വന്നു, എന്നാൽ ഡൽഹിയിൽ നിന്ന് വന്ന ഫോൺ കാളിലെ തണുത്ത ശബ്ദം രേണുകയെ ശരിയ്ക്കും അദ്‌ഭുതപ്പെടുത്തി.

മകളെപ്പറ്റി പതിവ് പോലെ സ്നേഹത്തോടും ശാന്തതയോടും ചോദിച്ചതിന് പുറമേ മകനെപ്പറ്റിയും സ്നേഹത്തോടെ തിരക്കിയപ്പോൾ സത്യത്തിൽ മറുവശത്ത് സിദ്ധാർദ്ധൻ തന്നെയാണോ എന്ന് പോലും രേണുക സംശയിച്ച് പോയി. എന്തായാലും അവൾക്ക് അത് വിശ്വസിയ്ക്കുവാൻ പ്രയാസം ആയതിനാൽ ഈ മാറ്റത്തിനുള്ള കാരണം ഭർത്താവിനോട് തിരക്കി, ഡൽഹി വിമാനത്തിൽ വച്ച് അരവിന്ദിന്റെ ക്ലാസ്സ്മേറ്റ് റോബിൻറ്റെ അച്ഛൻ അഡ്വക്കറ്റ് അബ്രഹാം സാമുവലുമായി സംസാരിച്ചപ്പോൾ അദ്ദേഹം അരവിന്ദിന്റെ പറ്റി വളരെ നല്ല അഭിപ്രായം പറഞ്ഞുവത്രേ. ഇത് പോലെ ബുദ്ധിയും സ്വഭാവശുദ്ധിയുമുള്ള ഒരു കുട്ടിയെ ഇക്കാലത്ത് കാണാൻ കിട്ടില്ലെന്ന് പ്രസിദ്ധ ക്രിമിനൽ അഭിഭാഷകൻ പറഞ്ഞപ്പോൾ തീർച്ചയായും ആഡിറ്റർ വീണ് പോയി. വളരെ പെട്ടെന്ന് വീട്ടിലെ അന്തരീക്ഷം സന്തോഷം നിറഞ്ഞതായെങ്കിലും, അരവിന്ദ് അത്രമേൽ സന്തുഷ്ടനായി കാണപ്പെട്ടില്ല.

സിദ്ധാർദ്ധൻ വീണ്ടും രണ്ടാഴ്ച്ചത്തെ ഗൃഹവാസത്തിന് എത്തിയിരിയ്ക്കുന്നു, ഇത്തവണ മനസ്സിൽ നിറയെ സന്തോഷവും സമാധാനവുമാണ്, ഭാര്യയും കുട്ടികളുമായി ഒരു വിനോദയാത്ര, മകനുമായി സുഹൃത്തിന്റെ കിഴക്കൻ മലയിലെ എസ്റ്റേറ്റിൽ ഒരു രാത്രി വേട്ട ഒക്കെ മനസ്സാ പ്ലാൻ ചെയ്‌തെങ്കിലും ആരോടും പറഞ്ഞില്ല, ഒരു സർപ്രൈസ് ആയിക്കോട്ടെ. വൈകുന്നേരത്തോടെ വീട്ടിലെത്തിയ സിദ്ധാർദ്ധൻ അവിടെ ഭാര്യയേയും മകളേയും കണ്ടെങ്കിലും, അദ്ദേഹം വരുന്നതിന് തൊട്ട് മുമ്പ് പുറത്ത് പോയ  മകൻ രാത്രിയേറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ നിരന്തരം സ്വിച്ച്ട് ഓഫ് ലഭിച്ചത് ആ വീട്ടിലുള്ളവരെയെല്ലാം ആകാംഷയുടെ മുൾമുനയിൽ ആക്കി. ബന്ധുക്കളുടെയും, ലഭ്യമായ കൂട്ടുകാരുടെയും വീട്ടിൽ എല്ലാം വിളിച്ച് നോക്കിയെങ്കിലും അവർക്കാർക്കും ഒന്നുമറിയില്ലായിരുന്നു.

രേണുക വിളിച്ചെത്തിയ അളിയൻ രവീന്ദ്രൻ പോലീസിൽ പരാതി നൽകുന്നതിനെ കുറിച്ച് പറഞ്ഞതോടെ  പരിഭ്രാന്തനായ സിദ്ധാർദ്ധൻ അരവിന്ദിന്റെ മുറിയിൽ പരിശോധന നടത്തി. ഒട്ടും തിരയേണ്ടി വന്നില്ല, ബെഡ്ഡിന്റെ സൈഡ്ഡ് ടേബിളിൽ ഒരു കത്ത് അരവിന്ദന്റെ കൈപ്പടയിൽ സിദ്ധാർദ്ധനെ കാത്തിരുന്നു. ഉത്കണ്ഠനിറഞ്ഞ മനസ്സോടെ അയാൾ ആ എഴുത്ത് വായിച്ചു തുടങ്ങി, കത്ത് ഒറ്റയ്ക്ക് വായിക്കേണ്ടതാണെന്ന് പെട്ടെന്ന് മനസിലായ അദ്ദേഹം മുറിയുടെ വാതിലടച്ച് വായന തുടർന്നു.

"പ്രിയപ്പെട്ട അച്ഛൻ അറിയുവാൻ..

ഈ കത്ത് അച്ഛന് വിഷമമുണ്ടാക്കുമെന്നറിയാം പക്ഷേ ഒക്കെ സംഭവിച്ച് പോയി, ഇനി ഒന്നും ചെയ്യാനുമില്ല. എന്റെ വിവാഹം കഴിഞ്ഞു. ഞാൻ ആയി കഴിച്ചതല്ല, നാട്ടുകാർ പിടികൂടി കെട്ടിച്ചതാണ്. അവൾക്ക് എന്നേക്കാൾ 8 വയസ്സ് കൂടുതലുണ്ട്. ഞാനും ഫ്രണ്ട്സ്സും കൂടി ആന്വൽ എക്സസാമിന്‌ ശേഷം ബാറിൽ പോയി ശരത്തിന്റെ വക പാർട്ടി ആയിരുന്നു, മദ്യപിച്ച ശേഷം സക്കറിയായുടെ ഇടപാടിൽ വൈപ്പിൻ ദ്വീപിലെ ഒരു സ്ത്രീയുടെ വീട്ടിൽ പോയി, അവർ ഒരു സെക്‌സ് വർക്കർ ആയിരുന്നു, അവരുമായി നല്ല പരിചയമായതിനാൽ ഞാൻ കഴിഞ്ഞയാഴ്ച്ച ഒറ്റയ്ക്ക് അവരുടെ വീട്ടിൽ പോയി. സദാചാരപ്പോലീസുകാരായ നാട്ടുകാർ എന്നെ പിടികൂടി, അവർ വേറൊരാളെ പിടിയ്ക്കാൻ കാത്തിരുന്നതാണ്, ഞാൻ അതിൽ പെട്ടുപോയി, ആള് മാറിയതിനാൽ അവർ എന്നെ വിട്ടയയ്ക്കാൻ തയ്യാറായിരുന്നു എന്നാൽ ആ സ്ത്രീയുടെ സഹോദരൻ സമ്മതിച്ചില്ല, ഒടുവിൽ നാട്ടുകാർ എന്നെ കൊണ്ട് അവരെ കല്യാണം കഴിപ്പിച്ചു.

ഞാൻ കഴിഞ്ഞ ദിവസ്സങ്ങളിൽ അമ്മയോട് പറഞ്ഞത് പോലെ ഹോസ്റ്റലിൽ കംബൈൻഡ്ഡ് സ്റ്റഡി നടത്തുകയായിരുന്നില്ല, വൈപ്പിനിലെ വീട്ടിലും ആശുപത്രിയിലുമായിരുന്നു. കല്യാണത്തിന്റെ പിറ്റേ ദിവസ്സം അവൾ തല ചുറ്റി വീണു, അങ്ങനെ എറണാകുളത്തെ ലിസ്സി ഹോസ്പിറ്റലിൽ കൊണ്ട് പോയി. ടെസ്റ്റ് റിസൾട്ടിൽ  രണ്ട് കാര്യങ്ങൾ ആണറിഞ്ഞത്, വന്നവൾ ഗർഭിണിയാണെന്നും, മറ്റൊന്ന് അവൾക്ക് എഛ്. ഐ.വി. പോസിറ്റിവ് ആണെന്നും. വയറ്റിലുള്ള കുട്ടി എന്റേതല്ലെന്ന് അവൾ തന്നെ സമ്മതിച്ചു, രോഗമുള്ള വിവരം അവൾക്കറിയില്ലായിരുന്നു എന്നും. എനിയ്ക്കും ആ രോഗം പിടിച്ചിരിയ്ക്കാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്, അവളുടെ സഹോദരൻ ഈ പ്രദേശത്തെ ഏറ്റവും വലിയ ഗുണ്ടയും, ക്വൊട്ടേഷൻ സംഘത്തിന്റെ നേതാവുമായതിനാൽ എനിയ്ക്ക് രക്ഷപ്പെടാനാവില്ല. അങ്ങനെ ചെയ്‌താൽ നിങ്ങളെ കൂടി ജീവിയ്ക്കാൻ അവർ അനുവദിയ്ക്കുകയില്ല.

അതിനാൽ എന്നെ ഇനി തിരയേണ്ട, എന്റെ വിധി ഞാൻ അനുഭവിച്ച് തീർക്കാം. അമ്മയോടും കുഞ്ഞിയോടും ഇതൊന്നും പറയേണ്ട, മറ്റാരും അറിയേണ്ട, അത് കുടുംബത്തിന് കുറച്ചിലാകും, അവളുടെ ഭാവിയെ പോലും ബാധിയ്ക്കും, പിഴച്ച് പോയ ഈ മകന്റെ നശിച്ച ജന്മം ഇതോടെ അവസാനിയ്ക്കട്ടെ, എനിയ്ക്കായി എന്തെങ്കിലുമൊക്കെ ചെയ്ത് അച്ഛനും  മറ്റുള്ളവരും കൂടി അപകടത്തിൽ ആവേണ്ട...

എന്ന് ദുഖിതനായ മകൻ ."

എഴുത്തിന്റെ അവസാന ഭാഗത്തോടടുത്തപ്പോൾ ഒരു ആഡിറ്ററുടെ സ്വാഭാവികമായ മനസ്സോടെ അദ്ദേഹം താഴേയ്ക്ക് കണ്ണോടിച്ച് രണ്ട് കുറ്റങ്ങൾ കണ്ടുപിടിച്ചു 1. അവൻ താഴെ ഡേറ്റ് ഇട്ടിട്ടില്ല, 2. അവൻ താഴെ പേരെഴുതി ഒപ്പിട്ടിട്ടില്ല, സ്വാഭാവികമായി അദ്ദേഹത്തിന് ആദ്യം അതിൽ ദേഷ്യവും, പിന്നീട് മകൻ അകപ്പെട്ട മരണക്കുരുക്കിൽ വേദനയും ഉണ്ടായി. തലയിലേക്ക് രക്തം കുതിച്ചെത്തി ചുറ്റികയ്ക്കടിയ്ക്കുന്നത് പോലെ നെറ്റിയിൽ വേദന അനുഭവപ്പെട്ടു, തലകറക്കവും, അദ്ദേഹം തളർച്ചയോടെ അടുത്തുള്ള കട്ടിലിലേക്ക് ഇരുന്നു. 

അദ്ദേഹത്തിന്റെ മനസിലൂടെ ഓർമ്മകളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി, തോളിലിരുത്തി ഉത്സവപ്പറമ്പിൽ കൊണ്ട് നടന്ന അവന്റെ ബാല്യം മുതൽ പാഡും ഗ്ലൗസും അണിയിച്ച് ക്രിക്കറ്റ് കളിയ്ക്കാനയച്ച യൗവ്വനവും, പുതിയ ബൈക്കിന്റെ താക്കോൽ വാങ്ങിയ അവന്റെ കണ്ണുകളിലെ തിളക്കവുമൊക്കെ ഒട്ടും മായാതെ അദ്ദേഹം കണ്മുന്നിൽ കണ്ടു.  


മകൻ പഠനം പൂർത്തിയാക്കിയിട്ടില്ല, ഒരു ജോലി സമ്പാദിച്ച് സ്വന്തം കാലിൽ നിന്നിട്ടില്ല, അതിനുള്ള യോഗ്യതയുമായില്ല. 21 വയസ്സ് തികഞ്ഞവന് ഒരു വിവാഹം നിയമപരമായി കഴിയ്ക്കാവുന്നതേയുള്ളൂ, എന്നാൽ ഇങ്ങനൊരു സ്ത്രീയെ, ഇതെങ്ങനെ സ്വന്തക്കാരുടെ, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ, സമൂഹത്തിന്റെ മുന്നിൽ പരസ്യമാക്കും. ആ പെണ്ണിന്റെ രോഗം നാടാകെ വെറുക്കുന്ന ഐഡ്ഡ്സ്സ് , അത് മകനും കൂടി പകർന്ന് കിട്ടിയെങ്കിൽ അവനിനി എത്ര കാലം കൂടി ജീവിതം? എത്ര ദുരിതപൂർണ്ണമായ മരണം, നാട്ടാരറിഞ്ഞാൽ കൂട്ട ആത്മഹത്യയേ പിന്നെ വഴിയുള്ളൂ.

കട്ടിലിൽ ഇരുന്ന് വിയർത്ത് അവശനായ സിദ്ധാർദ്ധന്റെ കയ്യിൽ നിന്നും ആ എഴുത്ത് വഴുതി തറയിലേക്ക് വീണു. അത് വീണത് മറുപുറം മുകളിലായി ആയിരുന്നു, അവിടെയും എന്തോ എഴുതിയിരിയ്ക്കുന്നത് നിറഞ്ഞ കണ്ണുകളിലെ മൂടാപ്പിനിടയിൽ അയാൾ കണ്ടു. കുനിഞ്ഞ് ആ കടലാസ്സ് വീണ്ടും എടുത്ത് മറുപുറത്ത് എഴുതിയിരുന്നത് വായിച്ചു .

"പ്രിയപ്പെട്ട അച്‌ഛാ..

മറുപുറത്ത് ഞാൻ എഴുതിയത് മുഴുവൻ കള്ളമാണ്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ അച്ഛനിപ്പോൾ മനസ്സിലായി കാണുമല്ലോ  കോളേജിലെ പഠനവും, പരീക്ഷകളിൽ വിജയവും മാത്രമല്ല ജീവിതത്തിൽ പ്രധാനമായിട്ടുള്ളത്; മറ്റു പലതും കൂടിയുണ്ട്. 

എനിയ്ക്ക് റീ എക്‌സാമിനും ആദ്യവർഷത്തെ ഒരു പേപ്പർ കിട്ടിയില്ല അതിനാൽ ഒരു വർഷത്തേയ്ക്ക് ഞാൻ കോളേജിൽ നിന്ന് പുറത്തായി (ഇയർ ഔട്ട്). അതിന്റെ റിപ്പോർട്ട് എന്റെ മേശയുടെ പുറത്ത് വച്ചിട്ടുണ്ട്, അതിൽ അച്ച്ഛൻറെ  ഒപ്പിട്ട് ഇടീച്ച് കോളേജിൽ തിരിച്ച് കൊടുക്കണം. അതൊപ്പിടാനും എന്നെ വീട്ടിൽ പ്രവേശിപ്പിയ്ക്കുവാനും അച്ഛൻ മനസ്സാ തയ്യാറാകുമ്പോൾ ഫോൺ എടുത്ത് വിളിച്ചാൽ മതി, ഞാൻ അച്ചച്ചന്റെ സുഹൃത്ത് അഡ്വക്കറ്റ്  സാമുവങ്കിളിന്റെ വീട്ടിലുണ്ട്. ലാൻഡ് ഫോണിൽ വിളിച്ചാൽ മതി."

സമ്മിശ്രമായ മാനസ്സിക വികാരങ്ങളോടെ വാതിൽ തുറന്ന് മറ്റുള്ളവരുടെ അടുത്തേയ്ക്ക് നടന്ന സിദ്ധാർദ്ധന്റെ മനസ്സിൽ ഒരു ചോദ്യം മാത്രം നിറഞ്ഞ് നിന്നു 

" ഇത്രയും ബുദ്ധിമാനായ കുട്ടി എങ്ങനെയാണ് പരീക്ഷയ്ക്ക് തോൽക്കുന്നത്?"

No comments:

Post a Comment