ഓർമ്മകൾ എന്റേതാണ് പക്ഷേ ആ ഓണം കുഞ്ചുവിന്റേതും!
കുഞ്ചുവെന്നാൽ ആറിനക്കരെ നിന്നും വസ്തുവും വീടും വാങ്ങി ഇക്കരെ ഭാര്യയും രണ്ട് കുട്ടികളുമായി താമസിയ്ക്കുന്ന രമേശൻ, ഞങ്ങളുടെ സംഘത്തിലെ ഏറ്റവും മുതിർന്ന ആൾ.
പഠനം കഴിഞ്ഞ് ജോലിയ്ക്ക് കാത്തിരിയ്ക്കുന്ന കാലം, ക്രിക്കറ്റും, വായനയും, വായിൽനോട്ടവും, പൊതുജനസേവനവും, പൊതുശല്യവും, ക്ഷേത്രദർശ്ശനവും, ഗാത്രദർശ്ശനവുമൊക്കെ ആയി കഴിഞ്ഞ സുവർണ്ണ പരാദകാലം. ഓണത്തിന് പതിവ് പോലെ താനിതക്കണ്ടത്തിലും, പതാരംപറമ്പിലും ഊഞ്ഞാലുകളും, ഓണക്കളിനിലവും, ആകാശത്ത് നിലാവുമൊരുങ്ങി. ഇത്തവണത്തെ പുതുമ ഒരു ടി . വി യും വീഡിയോ ഗെയിമും ആയിരുന്നു. മാരിയോ, ടാങ്ക്, കോംബാറ്റ്, ബൊംബർമാൻ ഇങ്ങനെയുള്ള കളികൾ കുട്ടികളെ മാത്രമല്ല, അവരുടെ ചെറുപ്പത്തിൽ കളിയ്ക്കാൻ കഴിയാതെ പോയ വയോജനങ്ങളെയും ആകർഷിച്ചു. രണ്ട് കൺട്രോളുകളിൽ ഒന്ന് കുട്ടികൾക്കും മറ്റേത് മുതിർന്നവർക്കും നൽകി രണ്ട് പേർ കളിക്കുന്ന കളികൾ നൽകി, കമ്പ്യൂട്ടർ ടാങ്കിന്റെ വെടികൊണ്ട് സ്വന്തം ടാങ്ക് നശിച്ചപ്പോൾ രക്ഷിയ്ക്കാതിരുന്ന പാർട്ടണർ മുത്തച്ഛനെ പുലഭ്യം പറഞ്ഞ ചെറുമകൻ ശങ്കു ഓണച്ചിരിയിലെ താരമായി.
വീഡിയോ ഗെയിമിന് മേൽനോട്ടം വഹിച്ചും, ഗുലാൻപെരിശ്ശ് കളിച്ചും, സുന്ദരിപ്പെൺപിള്ളാരെ ഊഞ്ഞാലാട്ടിയും ഇരുന്ന ഞങ്ങൾ "ഇരുട്ടടിബ്രദേഴ്സ്സ്" എന്ന ചെറിയ സാമൂഹ്യവിരുദ്ധ കലാകാരന്മാരുടെ ഇടയിലേക്ക് അവൻ വന്നു സത്യൻ... ആള് ഞങ്ങളിൽ ഒരുവൻ പക്ഷേ ഇപ്പോൾ ഗുജറാത്തിലാണ് ജോലി, ഒരു വർഷം കഴിഞ്ഞ് കാണുന്നതിന്റെ സന്തോഷവും, കഥകളും ഒക്കെ കഴിഞ്ഞപ്പോൾ അവൻ പോക്കറ്റിൽ നിന്നൊരു ചെറിയ പൊതിയടുത്തത് കണ്ട് ഉദയൻ ചോദിച്ചു
"അപ്പൊ കുപ്പിയൊന്നും ഇല്ലേ? ഇതെന്താ പൊടിയോ? ശ്ശോ... ഒരുമാതിരി ചെയ്ത്തായി പോയി!"
സത്യനത് തീരെ പിടിച്ചില്ല, അവൻ പറഞ്ഞു.
"അതല്ലെടാ ചോക്കല് പൊട്ടാ... ഇത് ഒരു സംഭവമാ..."
പിന്നെ ഒരു മാന്ത്രികന്റെ ഗമയിൽ അവൻ ആ പൊതിതുറന്നു, അകത്ത് പാരസെറ്റമോൾ പോലെ കുറച്ച് ഗുളികകൾ... മാജിക്കുകാരന്റെ രീതിയിൽ അവൻ തുടർന്നു..
"ഫ്രെണ്ട്സ്... വെറും കൺട്രീസ്...കോജാളൻസ്സ്.... ഇത് "ചിന്ത" എന്ന ഗുളികയാണ്, ഭാംഗ് മരത്തിൽ നിന്നും ഉണ്ടാക്കുന്ന ലഹരിഗുളിക."
"മരയ്ക്കാൻ പറയുന്നതാണ് മീനിന്റെ പേര്" എന്ന അവസ്ഥയാണ് ഞങ്ങൾക്ക്, കവറില്ലാത്ത ഗുളികയ്ക്ക് അവൻ പറയുന്നത് തന്നെ പേര്; എന്നാലും "ചിന്ത"! അതും, ഗുജറാത്തിൽ? ഞാൻ തർക്കിച്ചു.
"ഓസിനു കിട്ടിയാൽ ആസിഡും കുടിയ്ക്കാമെണ്ണാ.. " ജോർജ്ജുകുട്ടിയ്ക്ക് ഒരു സംശയവുമില്ല.
"എന്താ ഇതിന്റെ ഒരു ഡിങ്കോലാഫി?" അതാണ് വരാലുകളെപ്പറ്റി ഗവേഷണം നടത്തുന്ന ഡോക്ടർ സജിയ്ക്കറിയേണ്ടിയിരുന്നത്.
"കിക്കാവും, തളർന്ന് കിടക്കും, പറന്ന് നടക്കും, ചിന്തകൾ, ദിവാസ്വപ്നങ്ങൾ.... അനുഭവിച്ച് തന്നെ അറിയണം.. " സത്യന്റെ വിശദീകരണം
കലാലൻ കാര്യത്തിലേക്ക് വന്നു
" അളിയാ, രാമാ (സത്യന്റെ അച്ഛന്റെ പേരാ.) നീ ഒന്ന് സാമ്പിളടി"
പിന്നെ, നിനക്കൊക്കെ വേണേൽ മതി, 20 ദിവസം നാട്ടിൽ വന്നത് ഗുളികയടിച്ച് കിറിഞ്ചി കിടക്കാനല്ലേ, പോടാ മറുതായേ .. (മറുതാശ്ശേരി ഓന്റെ വീട്ടുപേരാ)" എന്നായി സത്യൻ.
വച്ച് താമസിപ്പിയ്ക്കാതെ ഞാൻ ഇടപെട്ടു, ചുറ്റും നോക്കി ആളെണ്ണി, സത്യനെ ഒഴിച്ചാൽ ഗുളിക ആളൊന്നുക്ക് ഉണ്ട്. ഇനി ഇല്ലാത്തവരാര്? ഒരേ ഒരാൾ കുഞ്ചു മാത്രം, ഈ വിവരം അറിയാത്തവൻ, അവനാണെന്റെ ഇര!
"നമുക്ക് കുഞ്ചുവിന് കൊടുത്തു പരീക്ഷിയ്ക്കാം; സംഗതി എന്താകുമെന്ന് അറിയും വരെ ഇത് ഞാൻ വച്ചോളാം"
ഭാര്യവീട്ടിൽ ഉത്രാടമൊക്കെ ആഘോഷിച്ച് വന്ന കുഞ്ചുവിനെ ഞങ്ങൾ പ്രലോഭിപ്പിച്ചു. ഞങ്ങളൊക്കെ ഇന്നലെ ഓരോന്ന് വിഴുങ്ങി പറന്ന് നടന്ന കഥകളിൽ കുഞ്ചു വീണു; മുജീബ് കൊടുത്ത ഗുളിക കുഞ്ചു അകത്താക്കി.
പയറുപോലെ വീഡിയോ ഗെയിങ് കളിച്ച് കുഞ്ചു കുറച്ച് നേരം അവിടിരുന്നു; ഞങ്ങൾ സംശയദൃഷ്ടിയോടെ സത്യനെ നോക്കി, പക്ഷെ അവനു കുലുക്കമില്ലായിരുന്നു.
കുറച്ച് കഴിഞ്ഞ് കുഞ്ചു ഉറക്കം വരുന്നെന്ന് പറഞ്ഞ് വീട്ടിൽ പോയി, കിടപ്പായി, ഞങ്ങൾക്ക് പേടിയുമായി, വീഡിയോ ഗെയിമിന്റെ അടുത്തായി അശോകന്റെ വീട്ട് വരാന്തയിൽ കുഞ്ചുവിന്റെ വാതിൽപ്പടിയിൽ കണ്ണുംനട്ട് എല്ലാവരും ഇരുന്നു. ഞാൻ ആ ഇടവഴി കടന്ന് സത്യന്റെ വീട്ടിലെ വേലിയ്ക്കകത്ത് കൂടി നടന്ന് രാധാകൃഷ്ണന്റെ വീട്ടിലെ അരകല്ലിന്റെ താഴെ ഇരുന്ന കൊട്ടയ്ക്കുള്ളിൽ ഒരു ചെറിയ പാട്ടയിൽ ഗുളികകൾ ഒളിച്ച് വച്ചു, തിരിച്ച് വന്ന് സംഘത്തോട് ചേർന്നു.
ഏതാണ്ട് ഒരു മണിയ്ക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ആശ്വസമേകി കുഞ്ചു പുറത്ത് വന്നു; ആദ്യമായി വാഴപ്പറമ്പിൽ വളവിലെ സർക്കാർ പൈപ്പിൽ നിന്നും ഭാര്യ കുടത്തിൽ പിടിച്ച് കൊണ്ട് വന്നുവച്ച വെള്ളം കമഴ്ത്തി കളഞ്ഞു, ആ കുടവുമായി പൈപ്പിൻ ചുവട്ടിൽ പോയി വെള്ളം പിടിച്ച് ചുമന്നു കൊണ്ട് വന്ന് മുറ്റത്ത് വച്ചിട്ട് പടിയിലിരുന്നു ആലോചനയിൽ മുഴുകി. അഞ്ചു മിന്നിട്ടായിക്കാണും വീണ്ടും എഴുന്നേറ്റു വെള്ളം കമഴ്ത്തി കുടവുമായി പൈപ്പിൻ ചുവട്ടിൽ പോയി വെള്ളം പിടിച്ച് മുറ്റത്ത് കൊണ്ട് വച്ചു. ഇത് മൂന്നാം വട്ടം ആയപ്പോൾ ഭാര്യ ശ്രദ്ധിച്ചു, ആളെ നാലാമത്തതിൽ നിന്ന് തടഞ്ഞ് വീട്ടിനുള്ളിൽ കൊണ്ട് പോയി; പിന്നാളിനെ അന്ന് പുറത്തോട്ട് കണ്ടില്ല.
ഓണനിലത്ത്
"ഒന്നാം ഗണപതി സരസ്വതി ഓഹോ" യിൽ തുടങ്ങി
"പണ്ട് മഹാബലി നാട് ഭരിച്ചപ്പോൾ സ്ത്രീധനമില്ലാതെ പെണ്ണുകെട്ടി"
മുതൽ കമലാക്ഷിചേച്ചിയുടെ
"താമരവിലോചന നീ എന്നെ അറിവില്ലേ?
കോമളമാം പേർ പുകഴും രാവണൻ ഞാനല്ലോ!
തങ്കമേ നീ കേട്ടിടുമോ ലങ്കയാകും രാജ്യം?
പങ്കജമുഖീ നിനക്ക് വാഴ്വതിനു യോഗ്യം!"
വരെ നീണ്ട തിരുവാതിരയും, കുമ്മിയും, കൈകൊട്ടിക്കളിയും, കുടമൂത്തും
("കുടമൂതെടീ കുടമൂതെടീ കുറത്തികൊച്ചേ; നിന്റെ കുടത്തിന്റെ വിലചൊല്ലെടീ കുറത്തികൊച്ചേ" എന്ന് തുടങ്ങി "പോരാ പോരാ കലിയേശുന്നത് പോരായേ .." എന്ന് പാടി തുള്ളിയ്ക്കുന്ന കല)
ഒക്കെയായി രാത്രി കടന്നുപോയി. ഓട്ടുവളകൾ തൻ പാട്ടിലൂടോമന രാത്രിസംന്ദേശം ഒന്നുമയച്ച് തന്നില്ല, അതിനാൽ ഞാനുറങ്ങി.
അവിട്ടം പിറന്നത് മനോജിനെ കണികണ്ട്... "പ്രശ്നമുണ്ട് വാ... ആ പൊതി ഇവിടെ വച്ചു?"
അത് കേട്ടപ്പോഴേ കുഞ്ചുചരിതം ആണ് മോർണ്ണിംഗ് ഷോ എന്ന് മനസിലായി.
അവിടെ കുഞ്ചിവിന്റെ വീട്ടിൽ സംഘത്തിന്റെ ഇടയിൽ കുഞ്ചു കട്ടിലിൽ കിടക്കുന്നു, നോട്ടം മച്ചിലാണ്, ആൾ വലിയ ചിന്തയിലാണ്. ഞാൻ ചെന്നപ്പോഴേ പറഞ്ഞു "നമുക്ക് ദീപായിൽ (അടുത്തുള്ള ആശുപത്രി) കൊണ്ട് പോയാലോ?"
ഉത്തരം കുഞ്ചത്തിയാണ് പറഞ്ഞത്...
"എന്തിന്? ഏതാണ്ട് വലിച്ച് കേറ്റിക്കൊണ്ട് വന്നിരിയ്ക്കുവാ... അവിടെ കിടക്കട്ടെ.."
ഞാൻ അവരോട് കാര്യം തിരക്കി...
"പ്രത്യേകിച്ചൊന്നുമില്ല, ഇപ്പോഴും ആലോചനയാണ്, ചോദിയ്ക്കുന്നതിനൊന്നും മറുപടിയില്ല, ചോറിന്റെ മുന്നിലിരുത്തിയാലും കാപ്പി കൊടുത്താലും അവിടിരുന്നാലോചന... ഇടയ്ക്ക് ഓരോ ജോലി ചെയ്യും, വിറ്റിട്ടിരിയ്ക്കുന്ന സാന്ദ്രൻ ചേട്ടന്റെ തേങ്ങ ആ വണ്ടിക്കാര് വരുന്നത് വരെ ഇവിടുത്തെ ചായ്പ്പിലിട്ടതാരുന്നു...ഞാനൊന്ന് പോയി വന്നപ്പോഴേയ്ക്ക് അത് മുഴുവൻ പൊതിച്ച് പൊട്ടിച്ച് കോട്ടേ വച്ചിട്ടുണ്ട്.. ഏന്റീശ്വരാ.. ഞാനിനി അവരോടെന്ത് സമാധാനം പറയും?"
സംഗതി വൈകിട്ടോടെ കുഞ്ചു ഉഷാറായി, സംഘത്തിൽ ചേർന്നു, ആകാംഷയോടെ ഞങ്ങൾ അയാളുടെ അനുഭവം കേട്ടിരുന്നു. നല്ല ഭാരക്കുറവ് അനുഭവപ്പെട്ടു, പിന്നെ വല്ലാത്ത ഊർജ്ജം, എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ. പിന്നെ ചെറുപ്പം മുതലുള്ള ജീവിതസംഭവങ്ങൾ സിനിമയിലെന്നത് പോലെ.... സ്‌കൂളിൽ പോയതും , അടിപിടി കൂടിയതും, സാർ തല്ലിയതും, കുറിച്ചിയ്ക്കൽ അമ്പലത്തിൽ താലം കൊണ്ടുപോയതും, ആദ്യപ്രണയവും, രതിയും, ആദ്യരാത്രിയും, ഹോ ഒന്നും പറയേണ്ടാ... പിന്നൊരു ചോദ്യവും "ആ ഗുളിക ഇനീം ഉണ്ടോ?"
കുഞ്ചുവിന്റെ വിവരണം എന്നെ അക്ഷമനാക്കി, താമസിച്ചില്ല.. ഞാൻ ഗുളിക വച്ച സ്ഥലത്തെത്തി, പാട്ട തുറന്നു, അത് കാലി! അവന്മാർക്കറിയാമല്ലോ ഒരെണ്ണം കുറവുണ്ടെന്ന്, ആരെങ്കിലും ഒരാൾ സഹിച്ചെ പറ്റൂ, ഞാനാ മുജീബിനെ നോക്കി വച്ചിരുന്നതാണ്, ഹറാമാണ് എന്ന് പറഞ്ഞ് വിരട്ടാമെന്ന് കരുതി; യൂ റ്റൂ മുജീബേ ? എന്ന് പറഞ്ഞ് ഞാൻ സത്യനെ തേടിപ്പോയി.
ഗുളികയിനിയും ഇല്ല കയ്യിൽ എന്നവൻ അറിയിച്ചു. അടുത്ത ലീവ് എന്നാണെന്ന ചോദ്യത്തിന് വിഷുവിന് അല്ലെങ്കിൽ അടുത്ത ഓണം എന്ന് മറുപടി; അപ്പോൾ കുറഞ്ഞത് 8 മാസം..... ഞാൻ കണക്ക് കൂട്ടി, ഗുളികയുമായി കടന്നവന്മാരുടെ മുഖങ്ങൾ ഓരോന്നായി മനസ്സിൽ തെളിയവേ, ഞാൻ ചോദിച്ച് പോയി...
മച്ചുനാ
.. അമ്പലപ്പുഴേന്ന് ബറോഡയ്ക്ക് ട്രെയിൻ ടിക്കറ്റിന് എത്രയാ????
എല്ലാവർക്കും എന്റെ ഹൃദയംഗമമായ ഓണാശംസകൾ
No comments:
Post a Comment