"പാലരുവീ നടുവിൽ പണ്ടൊരു
പൗർണ്ണമാസീ രാവിൽ
പൗർണ്ണമാസീ രാവിൽ
തോണിക്കാരിയാം മത്സ്യഗന്ധിയെ
മാമുനിയൊരുവൻ കാമിച്ചു
മാമുനിയന്നേരം ദിവ്യപ്രഭാവത്താൽ
മേഘങ്ങൾ തൻ നീല മറയുയർത്തീ
തനിക്കു മുന്നിലെ സൗന്ദര്യ ലഹരിയിൽ
തന്നെ മറന്നു നിന്നാറാടി
ആ..ആ...ആ...ആ...ആ..."
മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇനിയെത്ര സന്ധ്യകൾ സിനിമയ്ക്കായി എഴുതിയ ഗാനം ഉണർത്തിയ ചിന്തകൾക്ക് ഒരു കസ്തൂരിഗന്ധം...
ഋഷിമാരും ഒട്ടും മോശമായിരുന്നില്ല!

അലറി വിളിച്ചാലും അത് ഇരുകരയിലുമെത്താത്ത, ആളോടിക്കൂടാത്ത ദൂരം വഞ്ചി കരയിൽ നിന്നകന്ന് കഴിഞ്ഞ്, കടത്തുവള്ളം ഒഴിഞ്ഞ് കണ്ടപ്പോൾ..
"കടത്തുകാരിപ്പെണ്ണേ ..പെണ്ണേ
ഞാനൊന്നടത്തിരുന്നോട്ടെ..
എന്ന് ചോദിച്ച് അവളെ സമീപിയ്ക്കുമ്പോൾ..
"അയ്യയ്യേ മുനിമാരിത്തരം
ആളുകളാണോ???"
എന്ന അവളുടെ വാക്കുകളെ അവഗണിച്ച് നദിയുടെ മദ്ധ്യേ ഉലയുന്ന തോണിയിൽ പിടയുന്ന പെണ്ണിനെ കൈക്കരുത്താൽ പ്രാപിച്ച മഹാഋഷി പരാശരന് വള്ളത്തിൽ കാലെടുത്ത് വച്ചപ്പോൾ അവൾ മീനിന്റെ ഉളുമ്പ് മണക്കുന്ന മത്സ്യഗന്ധിയായിരുന്നു.
ഋഷി മുക്കുവപെണ്ണിനെക്കണ്ട് മോഹിച്ച് അവളെ വശത്താക്കാൻ ഭാണ്ഡത്തിൽ സൂക്ഷിച്ചിരുന്ന കസ്തൂരി, വനത്തിലെ ആദിവാസികൾ കാണിയ്ക്കയായി കാഴ്ച്ച വച്ചത്, ഹസ്തിനപുരിയിലെ പ്രതിപ മഹാരാജാവിന് സമ്മാനിയ്ക്കാൻ കരുതിയത്, തോണിയുടെ പടിയിലിരുന്ന് ശരീരത്തിൽ മുഴുവൻ വാരി പൂശിയിരുന്നു.
രതിയുടെ വേലിയേറ്റങ്ങളിൽ ആ സുഗന്ധലേപനം കരയുടെ വിരിമാറിലും, ഇരയുടെ അംഗോപാംഗങ്ങളിലും പടർന്നപ്പോൾ അവൾ മത്സ്യഗന്ധിയിൽ നിന്ന് കസ്തൂരിഗന്ധിയായി മാറി. തന്നിൽ നിന്നും മടങ്ങുന്ന ഋഷിപുംഗവനോട് അവൾ കടത്തുകൂലിയായി ആഗ്രഹിച്ചതും ആ സുഗന്ധധാതു മാത്രമായിരുന്നു. ഋഷി അവൾക്ക് നൽകിയ കൃഷ്ണദ്വൈപായണൻ എന്ന മകനോളം അതിന് വിലയുണ്ടെന്ന് അവളോ ഋഷിയോ അറിഞ്ഞിരുന്നില്ല.
നിയതി അങ്ങനെയൊന്നാണ്!
ഋഷി ആ കസ്തൂരിയുമായി ഹസ്തിനപുരിയിലെ പ്രതിപ മഹാരാജാവിനെ സന്ദർശ്ശിച്ച് അത് സമ്മാനിച്ചിരുന്നെങ്കിലും വൃദ്ധനായ രാജാവ് വാർദ്ധക്യത്തിൽ തനിയ്ക്ക് പിറന്ന പ്രിയപുത്രൻ ശന്തനുവിന് അത് സമ്മാനിയ്ക്കുമായിരുന്നു. ഇതിപ്പോൾ ഋഷി പരാശരൻ പ്രതിപയ്ക്കുള്ളത് സത്യവതിയ്ക്ക് നൽകി അവളെ സുഗന്ധിയാക്കിയിരിയ്ക്കുന്നു, ആശ്രമത്തിൽ കാലങ്ങളായി ശേഖരിച്ച കസ്തൂരി ഭാണ്ഡത്തിൽ വയ്പ്പിച്ച നിയതിയെ തോൽപ്പിച്ച് കൊണ്ട്...
എന്നാൽ നിയതി അതാർക്ക് കൊടുക്കണമെന്ന് തീരുമാനിച്ചോ, അയാൾക്ക് തന്നെ കൊടുത്തു, ഭാണ്ഡത്തിൽ നിറച്ചല്ല, സൗന്ദര്യധാമത്തിൽ നിറച്ച്, ഗംഗയുടെ കരയിൽ സവാരിയ്ക്കെത്തിയ ശന്തനുവിന്റെ നാസികയിൽ കസ്തൂരിഗന്ധമായി അവളെത്തി, സത്യവതി....
വിധി അവരോടൊപ്പം ആ കൊട്ടാരത്തിന്റെ പടവുകൾ ചവുട്ടിക്കയറുമ്പോൾ ആ കസ്തൂരിയും ഒപ്പമുണ്ടായിരുന്നു, സേവകരുടെ തോളിലേറി, മുഷിഞ്ഞ ഭാണ്ഡത്തിലല്ല, ആഡംബരപ്പെട്ടിയിൽ, പട്ടിൽ പൊതിഞ്ഞ്, വൈകിയെങ്കിലും രാജകീയമായി ഒരു അന്തപ്പുരപ്രവേശം......
No comments:
Post a Comment