വന്നത് കാറ്റോ, കാമുകനോ, കാമുകൻ ഇളങ്കാറ്റോ..കൊടുങ്കാറ്റോ ആയി വന്നതോ, കാറ്റ് കാമുകനായി വന്നതോ? ആകെ കൺഫ്യൂഷൻ ആയല്ലോ! മുന്നോട്ടുള്ള വരികളുടെ ഒരു ഗതി വച്ച് നമുക്ക് അൽപ്പം രസകരമായി സങ്കൽപ്പിയ്ക്കാം... ഇവിടെ നായികയെ സ്വന്തമാക്കാൻ ഒരു മത്സരം ആണെന്ന് അതിനായി കാറ്റ് വന്നു, കാമുകനും വന്നു. രണ്ടാൾക്കും മുളങ്കുഴലിൽ ഓണപ്പാട്ടുകൾ പാടാനുമറിയാം, കാറ്റ് കുന്നിഞ്ചരുവിലെ മുളങ്കാട്ടിൽ ചില്ലകളുലച്ച് പാട്ട് മൂളുമ്പോൾ, കാമുകനും ആ ചരിവിലെ മുളങ്കാട്ടിന്റെ തണലിൽ ഇരുന്ന് ഓടക്കുഴലിൽ പാട്ടുകൾ പാടാം. ഇവർ രണ്ടാളും നായികയുടെ കാമുകന്മാർ തന്നെയല്ലേ? ഈ മുരളീവാദനം അവൾക്കായല്ലേ?
ഇനി കാറ്റവിടെ നിൽക്കട്ടേ, അല്ലെങ്കിൽ ചുണ്ടോടണയ്ക്കാൻ മുളന്തണ്ടുകൾ തേടട്ടേ.. നമുക്ക് നായികയുടെ അവസ്ഥ എന്താണെന്ന് നോക്കാം, ഗ്രാമമാകുമ്പോൾ നന്മകളുടെ ആദ്യ ഇനം ചെറുതായാൽ പോലും ഒരു പുഴയാണ്, അതിന്റെ കടവത്ത് നാണത്താൽ നീലക്കടമ്പ് പോലെ പൂത്തുലഞ്ഞ് നിന്ന അവളുടെ ചുണ്ടുകളിൽ നിന്നും സ്വരരാഗങ്ങൾ പൊഴിയുന്നു; യാതൊരു പ്രകോപനവുമില്ലാതെ അങ്ങനെ സംഭവിയ്ക്കുമോ? ഇല്ല.. അവൾ ഒരു മരളിയായി കാമുകന്റെ ചുണ്ടിൽ അമർന്നിരിയ്ക്കുന്നു, അവനിൽ പുളകമായി അവളുണർന്നപ്പോൾ അവളിൽ സംഭവിച്ചതാണ് ആ സ്വരരാഗങ്ങൾ; "ആ. ഊ. ഓ. ഉം" അങ്ങനെ സ്വരങ്ങൾക്ക് വല്ല പഞ്ഞവുമുണ്ടോ? ഇപ്പോൾ മനസ്സിലായോ നമ്മുടെ നായകനും കാറ്റും തമ്മിൽ ഒരു മത്സരമായിരുന്നു, പാവം കാറ്റ് മുളന്തണ്ടിനെ ഓടക്കുഴലാക്കിയപ്പോൾ നായകൻ നായികയെ തന്നെ മുരളിയാക്കി കാറ്റിനെ മലർത്തിയടിച്ചു; നായകൻ തന്നെ ജയിച്ചു!
രംഗം കിടപ്പുമുറിയിലേയ്ക്ക്.... ചിലവാതിലുകളും വാതായനങ്ങളും അടയ്ക്കേണ്ടതുണ്ടവിടെ. ശരത്ക്കാലമായതിനാൽ സ്വഭാവികമായി ആകാശം താരകങ്ങൾ പൂത്തുലഞ്ഞതെങ്കിലും ചന്ദ്രിക ഇല്ലാത്ത രാത്രിയുമാണ്, അതിനാൽ വാതിൽ തുറന്ന് കിടന്നാൽ പോലും അകത്ത് വിളക്കില്ലെങ്കിൽ ഇരുട്ട് കൊണ്ട് വാതിലടച്ചത് പോലെയാണ്. അടച്ചാൽ മാത്രം മതിയോ? ചിലതൊക്കെ തുറക്കുകയും വേണ്ടേ? അതുവരെ തുറക്കാത്ത ചില കിളിവാതിലുകൾ നായകനായി നായിക തുറന്ന് കൊടുത്തു; അത് മനസ്സിന്റേയും, ശരീരത്തിന്റേയും ആണെന്ന് അടുത്ത വരികളിൽ നിന്ന് മനസ്സിലാക്കാം.... അരിമുല്ലവള്ളി പോലെ നായിക കാമുകനിൽ പടർന്ന് കയറിയപ്പോൾ അവൻ തിരിച്ചറിഞ്ഞത് അവളുടെ ശാരീരികസവിശേഷതകൾ ആയിരുന്നു; അത് നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയോ, മൃദുലതയോ, ദേഹസൗരഭ്യമോ?
1978 ലെ പാദസരം എന്ന സിനിമയ്ക്ക് വേണ്ടി ജി.കെ. പള്ളത്ത് രചിച്ച്, ദേവരാജൻ മാഷ് സംഗീതം നൽകി ജയചന്ദ്രൻ ആലപിച്ച ഗാനം നമുക്കൊന്ന് കേട്ട് നോക്കാം..
കാറ്റുവന്നു..
നിന്റെ കാമുകന്‍ വന്നു..
കുന്നിൻ ചരുവിലോട ക്കുഴലിലോണപ്പാട്ടു പാടും
കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു..
കടവത്ത് നാണത്തിന്‍ കതിര്‍ചൂടി നീ നീല-
ക്കടമ്പുപോല്‍ അടിമുടി പൂത്തുനിന്നു...
കവിതപോല്‍ ഈ ഗ്രാമഭംഗികള്‍ നിന്‍ മധുര
സ്വരരാഗമഞ്ജരിയില്‍ കുളിച്ചുനിന്നു..
മുളവേണുപോലെ നീ എന്‍ ചുണ്ടില്‍ അമര്‍ന്നപ്പോള്‍
പുളകമായ് നീയെന്നില്‍ ഉണര്‍ന്നു വന്നു..
ശരറാന്തല്‍ തിരിതാഴ്ത്തി ശരത്കാല യാമിനി
ശയനമുറി വാതില്‍ ചാരിനിന്നു...
അതുവരെ തുറക്കാത്ത നിന്‍ കിളിവാതിലുകള്‍
ആദ്യമായ് എനിക്കു നീ തുറന്നുതന്നു..
അരിമുല്ലവള്ളിപോല്‍ എന്നില്‍ നീ പടര്‍ന്നപ്പോള്‍
അനുഭവിച്ചറിഞ്ഞു നിന്‍ അംഗസൗരഭ്യം..
https://www.youtube.com/watch?v=5-w_v37Sszk
No comments:
Post a Comment