Thursday, January 25, 2018

സസ്പെൻഷൻ ഒരു ശിക്ഷയല്ല

കുരുത്തം കെട്ടവൻ, എതിരൻ , അസുരവിത്ത് എന്നിങ്ങനെ വിവിധതരം പുരസ്കാരങ്ങൾ വാരിക്കൂട്ടിയെങ്കിലും ഒന്നുകിൽ അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ കൂടെ പഠിച്ചവരോ പഠിപ്പിച്ചവരോ ആയ അദ്ധ്യാപകരുടെ സാന്നിദ്ധ്യം കാരണം സസ്പെൻഷൻ മാത്രം അങ്ങോട്ട് തരപ്പെട്ടില്ല.

ഒടുവിൽ ക്ളയർ എന്ന് മറ്റദ്ധ്യാപകർ വിളിച്ചിരുന്ന സിസ്റ്റർ ക്ളാരമ്മ റൊസറി വേണ്ടിവന്നു അതും ക്ളാസ്സിൽ താമസിച്ചെത്തിയെന്ന താരതമ്യേന നിസ്സാര കുറ്റത്തിന്! "കിലുക്കം സിനിമയിലെ ഞാനിത്രേ ചെയ്തുള്ളൂ. അതിനാ.. " എന്ന് എന്നെ അറിയാവുന്ന ചിലരെങ്കിലും കരുതുമെന്നതിനാൽ.... സന്ദര്‍ഭം വിശദമാക്കാം.

ദിവസത്തെ ആദ്യ ഹവറിൽ താമസിച്ചെത്തി എന്നതിനപ്പുറം ആഴ്ചയിലൊരിയ്ക്കൽ ഷൂസ്സ് ഇടാതിരിക്കാനുള്ള സ്വാതന്ത്ര്യം കോലാപ്പൂരി ചെരുപ്പായി ഞാൻ ആഘോഷിക്കുകയും അതിന്റെ കിരു കിര ശബ്ദം സിസ്റ്റർ ഇഷ്ടപ്പെടാതെ വരികയും ചെയ്തതാണ് തുടക്കം

ഞാൻ പൊതുവെ ശുദ്ധാത്മാവായതിനാൽ താമസിച്ച് വരുന്നതിൽറെ അഹങ്കാരം ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല കാപട്യം ഇല്ലാത്ത മനസ്സായതിനാൽ അതേ ബസ്സിൽ വരുന്ന മറ്റ് കുട്ടികളെ പോലെ ക്ളാസ് തുടങ്ങിയെന്ന് കരുതി ഓടാനും കുറുക്കുവഴികൾ തേടി പുൽത്തകിടിയും പൂച്ചെടികളും ചവുട്ടി മെതിയ്ക്കാനുമൊന്നും ഞാൻ തയ്യാറായിരുന്നില്ല.

കോളേജ് കെട്ടിടം കുറേയേറെ വലുതായതും, പ്രധാന പ്രവേശനപ്പടികൾ ഏതാണ്ട് 250 മീറ്റർ മദ്ധ്യഭാഗത്തായതും എന്റെ കുറ്റമല്ലല്ലോ... അതിനാൽ തന്നെ ഏകദേശം അര കിലോമീറ്റർ നടന്ന് ഞാൻ ക്ളാസ്സിലെത്തുമ്പോൾ എന്റെ കൂടെ ബസ്സിൽ എത്തിയ മറ്റുള്ളവർ എന്നേക്കാൾ 5 മിന്നിട്ട് മുമ്പേ തന്നെ ക്ളാസ്സിൽ എത്തിയെങ്കിലിൽ അതിനു നേർവഴി മാത്രം സഞ്ചരിയ്ക്കുന്ന ഈയുള്ളവൻ എന്ത് പിഴച്ചു? നേരത്തെ പറഞ്ഞ 500 മീറ്ററിൽ 250 മീറ്റർ പുറകോട്ട് സഞ്ചരിയ്ക്കുമ്പോൾ അത് കോൺക്രീറ്റ് വരാന്തയിലൂടെ ആവുകയും, കോലാപ്പൂരി ചപ്പൽ അതിന്റെ സ്വഭാവികമായ സംഗീതം കുറു കിറാന്നു പൊഴിയ്ക്കുകയും അത് ദൂരെ ക്ളാസ്സിൽ വരെ കേൾക്കുകയും ഒരുമതിരി ഹിന്ദി സിനിമയിലെ അമരീഷ്പ്പുരിയുടെ എണ്ട്രിപോലെ എന്റെ അന്നത്തെ ഭാഷയിലെ "സിസ്റ്റർ കസറി" യ്ക്ക് അനുഭവപ്പെടുകയും ചെയ്യാറുണ്ടെങ്കിലും അവർ മാന്യയായതിനാൽ " ഹീ ഇസ് കമിങ്, അവ്വർ ഈസ്സി വാക്കിങ് ലേസ്സീ ജെൻറ്റിൽമാൻ" എന്ന് മാത്രമേ അന്നുവരെ പറഞ്ഞിട്ടുള്ളത്രേ!

ഏതായാലും അന്നത്തെ പതിവ് കലാപരിപാടികളിൽ ദേഷ്യം വന്ന സിസ്റ്റർ എന്നോട് "വീട്ടിൽ നിന്നും ഇവിടെ വരെ വരാൻ എത്ര സമയമെടുക്കും?" എന്ന് അൽപ്പം ദേഷ്യത്തിൽ ചോദിച്ചു.

അതീവ ഗുരുഭക്തനായ ഞാൻ തിരിച്ച് ക്ഷോഭിയ്ക്കുന്നത് ഉചിതമല്ലാത്തതിനാൽ വളരെ വിനയത്തിൽ : അതിപ്പോൾ ബസ്സ് ഓടുന്ന സ്പീഡ്ഡ് അനുസരിച്ചിരിയ്ക്കും" എന്ന നിർദ്ദോഷമായ മറുപടിയും നൽകി.

എന്നാൽ ആദ്യമേ അസ്വസ്ഥയായിരുന്ന സിസ്റ്റർ എന്നോട് " എന്താ എന്താ? എനിയ്ക്ക് വിറയ്ക്കുന്നുണ്ട്" എന്ന് ഒരു കാഞ്ഞിരപ്പള്ളി ഭാഷയിൽ പറഞ്ഞു.

തരളഹൃദയനായ ഞാൻ അപ്പോൾ " ഈ വിറയൽ എന്ന് പറയുന്നത് തണുപ്പ്, പേടി, ദേഷ്യം അങ്ങനെ പല വികാരങ്ങൾ കൊണ്ടും വരാം" എന്നൊരു ലോകതത്വം പറഞ്ഞു.

ക്ളാസ്സിൽ ഉണ്ടായിരുന്ന വിവരദോഷികൾ എന്റെ മറുപടിയുടെ സാരാംശം മനസ്സിലാക്കാതെ ആൺ പെൺ ഭേദമന്യേ പൊട്ടിച്ചിരിച്ചു; സിസ്റ്റർ അതി രൂക്ഷമായി എന്നെ നോക്കി, വേണമെങ്കിൽ അവർക്കെന്നെ "ഗെറ്റ് ഔട്ട്" അടിയ്ക്കാമായിരുന്നു, പക്ഷേ ഞാൻ "ജെൻറ്റിൽ" മാനും അവർ "ടഫ് ലേഡി"യുമായിരുന്നല്ലോ, അതിനാൽ കന്യാസ്ത്രീ ക്ളാസ്സ് വിട്ട് പോയി.

ഒട്ടും താമസ്സിയാതെ എന്നെ പ്രിൻസിപ്പിൾ വിളിപ്പിച്ചു; അദ്ദേഹം എനിയ്ക്ക് ആ ആഴ്ച്ചയിലെ അവശേഷിച്ച 3 ദിവസം അവധി അനുവദിച്ചു; കുറ്റം വനിതാ ഫാക്കൾട്ടിയെ അപമാനിച്ചു, യഥാർത്ഥ സംഭവം അറിയാത്ത ആരെങ്കിലും കേട്ടാൽ എന്തൊക്കെ തെറ്റിദ്ധരിയ്ക്കും? അതിനാൽ ഞാൻ സസ്പെൻഷൻ എന്ന ആ അവധി സ്വീകരിച്ച് ലോഡ്ജിൽ പോയി. എന്നെ പണ്ടേ ഹോസ്റ്റലിൽ നിന്നും പുറത്താക്കിയിട്ടുള്ളതും, പുറത്താക്കിയത് റൊമൻ കാത്തോലിക്കർ ആയതിനാൽ തൊട്ടടുത്ത ലാത്തിൻ കത്തോലിക്കക്കാരുടെ ലോഡ്ജിൽ എനിയ്ക്കൊരു മുറി കിട്ടിയതും കോളേജിലെ രേഖകളിൽ പിച്ചളലിപികളിൽ രേഖപ്പെടുത്തിയിട്ടുള്ളതായതിനാൽ വേറെ എവിടെ പോകാൻ?
ഇനിയുള്ള മൂന്ന് ദിവസം എന്ത് ചെയ്യണം? എന്ന് എന്തൂട്ടോ ഒരു മൂഢനുണ്ടല്ലോ? അവനായിരിയ്ക്കവേ അന്തിക്കമ്പനിയിലുള്ള ആളും ആ അടുത്ത കാലത്ത് റവന്യൂ വകുപ്പിൽ എൽ.ഡി. ക്ളർക്കായി ജോലി കിട്ടിയവനുമായ ഒരു സദാശിവനാണ് എന്നോട് പറഞ്ഞത് "Suspension is not a punishment it is just an entertainment".

ഞാൻ ക്ളാസ്സിൽ നിന്നു പോന്നതിനു ശേഷം ക്ളാസ്സ് തീർന്നപ്പോൾ എന്റെ കൂടെ അതേ ബസ്സിൽ വരുന്ന രാജി എന്ന പെൺകുട്ടിയോട് സിസ്റ്റർ എന്നോട് ചൊദിച്ച അതേ ചോദ്യം അതായത് എന്റെ വീട് എത്ര ദൂരെയാണെന്ന് ചോദിച്ചുവെന്നും അതിനു മറുപടിയായി എന്നേക്കാൾ ഒരു മണിയ്ക്കൂർ നേരത്തേ ബസ്സിൽ കയറുന്ന ആ കുട്ടി അവളുടെ വീടിനും ദൂരെയാണെന്ന് കള്ളമൊഴി നൽകിയതായും ഞാൻ വൈകിട്ടറിഞ്ഞു; അതോടെ അവർ രണ്ടാൾക്കും എന്നോട് സ്നേഹമാണെന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേരുകയും അടുത്ത മൂന്ന് ദിവസം അടിച്ച് പൊളിച്ച് കഴിയുകയും ചെയ്തു. എന്തായാലും 2 മണിയ്ക്കൂർ യാത്ര ചെയ്ത് ആഴ്ച്ചയിലെ ആദ്യദിവസം മാത്രം താമസ്സിച്ച് വരുന്ന ഞാനെന്ന പാവം കുട്ടിയോട് അതിൽപ്പിന്നെ സിസ്റ്റർ ദേഷ്യപ്പെട്ടിട്ടേയില്ല, അതെനിയ്ക്കൽപ്പം ബോറടിയായെങ്കിലും ഞാൻ സ്വഭാവം മാറ്റാനൊന്നും പോയില്ല; എന്നെ സമ്മതിക്കണം!!!

No comments:

Post a Comment