പദ്മാവതി എന്ന പേരിൽ എന്തെങ്കിലും എഴുതിയാൽ രജപുത്രന്മാരും, പുത്രിമാരും, മറ്റ് ബന്ധുക്കളും വഴക്കിനു വരുമോ? എന്ന ഭയമില്ലതില്ല, എങ്കിലും നമ്മൾ മലയാളീസ്സ് അങ്ങനെ അലമ്പുണ്ടാക്കില്ല എന്ന ധൈര്യത്തിൽ ഞാൻ ഒരു പദ്മാവതിയെപ്പറ്റി പറയാം.
സംഗതി വിഷ്ണുപുരാണത്തിൽ നിന്നു തുടങ്ങാം, കാളിന്ദിയുടെ കരയിലെ മധുവനത്തിലാണ് നമ്മുടെ മധുകൈടഭന്മാരിലെ മധു വിഹരിച്ചിരുന്നത്, ആ മധുവിനെ മഹാവിഷ്ണു വധിച്ചു, മധുവിന്റെ മകൻ ലവണനായി പിന്നീട് അധികാരി, അയാളെ രാമായണത്തിലെ ശത്രുഘ്നൻ വധിച്ചു, പിന്നീട് അവിടെയൊരു നഗരം പണിതുയർത്തി അതാണ് മഥുര.ശത്രുഘ്നന്റെ ചെറുമക്കളോടെ സൂര്യവംശം അന്യം നിന്നു.
പിന്നീട് ചന്ദ്രവംശത്തിലെ അനൗദ്യോഗിക വിഭാഗമായ യദുവിന്റെ വംശജർ ആണു ഭരിച്ചത്, അതിൽ വൃഷ്ണിയായിരുന്നു അതിനെ അയൽരാജ്യങ്ങൾ കൂടി ചേർത്ത് ഒരു മഹാരാജ്യം ആക്കി മാറ്റിയത്. ആ വംശം ശൂരസേനൻ വരെയെത്തി, ശൂരസേനന്റെ മക്കൾ ആയിരുന്നു വസുദേവനും, കുന്തിയും. ശൂരസേനന്റെ കാലശേഷം കിരീടാവകാശിയായ വസുദേവൻ രാജാവാകാൻ ആഗ്രഹിച്ചില്ല, അതിനാൽ ഉഗ്രസേനൻ രാജാവായി, അദ്ദേഹത്തിന്റെ ഭര്യയായിരുന്നു നമ്മൾ പറഞ്ഞ് വരുന്ന പദ്മാവതി, വിദർഭയിലെ സത്യകേതു മഹാരാജാവിന്റെ പുത്രി. ഉഗ്രസേനന്റെയും പദ്മാവതിയുടേയും മകളായ ദേവകിയെ വസുദേവൻ വിവാഹം കഴിച്ചു അതിൽ ശ്രീകൃഷ്ണൻ പിറന്നു.
ശൂരസേനൻ രാജാവായിരുന്ന കാലത്ത്, രാജ്യവിസ്തൃതി വർദ്ധിപ്പിയ്ക്കുവാനായി അനവധി യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്, അതിലൊന്നിൽ ഉഗ്രസേനൻ വിവഹാനന്തരം ഒരു യുദ്ധത്തിനായി പോയ സമയത്ത് പദ്മാവതി വിദർഭയിലെ തന്റെ കൊട്ടാരത്തിൽ വന്ന് താമസിച്ചു. ആ സമയത്ത് പൂന്തോട്ടത്തിൽ സഖികളുമായി ആനന്ദിച്ചിരുന്ന അവളുടെ സൗന്ദര്യം കണ്ട് ദ്രമിളൻ എന്ന അസുരൻ അവളിൽ ആകൃഷ്ടനായി. അവൻ അവളെ പ്രാപിയ്ക്കുവാൻ ഒരു വിദ്യ കണ്ടെത്തി.
ഉഗ്രസേനന്റെ രൂപം സ്വീകരിച്ച ദ്രമിളൻ അവളുടെ അടുക്കലെത്തി, യുദ്ധത്തിനു പോയ ഭർത്താവ് വേഗം തിരിച്ചു വന്നതിൽ സന്തോഷിച്ച് അവൾ ഭർത്താവിനെ ശുശ്രൂഷിച്ചു. വിരഹത്തിനു ശേഷമുള്ള ആവേശത്തിൽ തന്നിൽ പടർന്ന് കയറാൻ ആഗ്രഹിച്ച ഭർത്താവിനെ അവൾ എതിർത്തില്ല എന്ന് മാത്രമല്ല, കത്തിക്കയറുന്ന വികാരങ്ങളോടെ അവനെ ഏറ്റുവാങ്ങി. ഇരു വശത്തും രതിയുടെ അഗ്നി ആളിപ്പടർന്നപ്പോൾ അസുരനിലെ അസുരത്വം പൂർണ്ണമായി ഉണർന്നു, അവളിലെ ഓരോ അണുവിലും കത്തിപ്പടർന്ന് അവൻ അസുരതാളത്തിൽ സുഖം പകർന്നു. ഇത് തന്റെ ഭർത്താവല്ല എന്ന് പദ്മാവതി അപ്പോഴേയ്ക്കും തിരിച്ചറിഞ്ഞു കഴിഞ്ഞെങ്കിലും അവൾ തുടർന്നും ആ പാതാളസുഖത്തിൽ ലയിച്ച് അവനിൽ അലിഞ്ഞ് ചേർന്നു.
പിന്നീട് ആ ബന്ധത്തിനു പ്രശ്ചന്നവേഷത്തിന്റെ ആവശ്യമുണ്ടായില്ല, അത് അവനിൽ നിന്നും പദ്മാവതി ഗർഭിണിയാകുന്നത് വരെ തുടർന്നു. ഗർഭിണിയായതോടെ അവൾ ഭയചകിതയായി, യുദ്ധാനന്തരം ഭർത്താവ് തിരിച്ചെത്താറായിരിയ്ക്കുന്നു. ഈ ഗർഭം എങ്ങനെ അദ്ദേഹത്തിൽ കെട്ടി വയ്ക്കും? അദ്ദേഹത്തിന്റേതല്ലാത്ത ഈ കുഞ്ഞിനെ ഉഗ്രസേനൻ അംഗീകരിയ്ക്കുമോ? അവൾ അസുരനുമായുള്ള ബന്ധം അവസാനിപ്പിച്ചു.
യുദ്ധം കഴിഞ്ഞ് വന്ന ഭർത്താവിനോട് താനും സഖിമാരും വനാന്തരത്തിലെ പൂന്തോട്ടത്തിൽ സഞ്ചരിയ്ക്കുമ്പോൾ ഒരു അസുരൻ തന്നെ ബാലൽക്കാരം ചെയ്തെന്നും, തന്റെ തെറ്റല്ലെങ്കിലും, ഇനി മരിയ്ക്കുകയല്ലാതെ വഴിയില്ലെന്നും, അങ്ങ് തിരിച്ച് വന്നിട്ട് പറഞ്ഞിട്ട് ആവാം എന്ന് കരുതി കാത്തിരുന്നതാണെന്നും അല്ലെങ്കിൽ അങ്ങയ്ക്ക് പേരുദോഷം വരുമല്ലോ എന്നുമൊക്കെ പറഞ്ഞ് ഫലിപ്പിച്ചു, സഖിമാരും കള്ളസാക്ഷി പറഞ്ഞപ്പോൾ ഉഗ്രസേനൻ വീണുപോയി. അദ്ദേഹം ഭാര്യയെ സമാധാനിപ്പിച്ചു, ആ ഗർഭത്തേയും, ഭാര്യയേയും ഏറ്റെടുത്തു. പദ്മാവതി പ്രസവിച്ച ആ കുഞ്ഞായിരുന്നു കംസൻ!
പിന്നീട് ഉഗ്രസേനന് പദ്മാവതിയിൽ പിറന്ന മകളാണ് ദേവകി. അവർ വളർന്ന് വന്നതോടെ ശൂരസേനൻ മരണമടയുകയും ഉഗ്രസേനൻ രാജാവാകുകയും ചെയ്തു. പിന്നീട് ഉഗ്രസേനനെയും പദ്മാവതിയേയും തടവിലാക്കി കംസൻ രാജാവായി. കംസനെ വധിച്ച് ശ്രീകൃഷ്ണൻ വീണ്ടും ഉഗ്രസേനനെ മഥുരയുടെ രാജാവായി വാഴിച്ചു. ആഭരണം ഏതാണ്ട് ഭാരതയുദ്ധത്തിനു ശേഷവും തുടർന്നു എന്ന് കരുതാം, മുസലം എന്ന ഇരുമ്പുലക്ക ശ്രീകൃഷ്ണന്റെ പുത്രൻ സാംബൻ പ്രസവിച്ച വിവരം ഉഗ്രസേനനോട് പറയുന്നു എന്നാണ് മുസലപർവ്വത്തിൽ പറയുന്നത്! ഉഗ്രസേനനും പദ്മാവതിയുമൊക്കെ ദീർഘായുസ്സ് ഉള്ളവർ ആയിരുന്നു എന്ന് കരുതാം.
No comments:
Post a Comment