സൗന്ദര്യപൂജ എന്ന സിനിമയ്ക്കായി മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച്, എം.എസ്സ്. ബാബുരാജ് സംഗീതം നൽകി യേശുദാസ്സ് ആലപിച്ച "ആപാദചൂഡം പനിനീര്" എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്നത്തെ വിഷയം.
സ്ത്രീവർണ്ണന തന്നെയാണ് എ ഗാനത്തിൽ ഉടനീളമുള്ളത് എങ്കിലും അനുഭവസ്ഥന്റെ വിലയിരുത്തലായി മാറുന്നു പലവരികളും. ഉദാഹരണത്തിനു പല്ലവിയെടുത്താൽ സ്ത്രീയുടെ മാദകഗന്ധം നായകനു പനിനീരു പോലെ അനുഭവപ്പെട്ടു, അത് അടിമുടി എവിടെ തിരഞ്ഞാലും, "ഇത്രനല്ല പഴയ ഗന്ധം ഗന്ധിച്ചിട്ടില്ല" എന്ന മട്ട്! അണിമുത്തുക്കുടങ്ങളിൽ ഇളനീര്,അത് വെറുതേ കണ്ട് പറയാവുന്ന ഒന്നല്ല, രുചിച്ചറിയേണ്ടതാണ്, ഇത്ര ആധികാരികമായി പറയുമ്പോൾ, അനുഭവസ്ഥൻ എന്ന ധ്വനി കടന്നു വരുന്നു. അടുത്തവരിയിൽ അൽപ്പം കൂടി കടന്നു ചെല്ലുന്നു കാദംബരിയുടെ കദളീവനത്തിലേയ്ക്ക് എന്നിട്ട് ഒരക്രമവും! കരിമ്പ് നീരിനായി കടിച്ചേ പറ്റൂ എന്നത് വാസ്തവം, എന്നാലും...!
പല്ലവിയുടെ അത്ര അതിക്രമം ആദ്യചരണത്തിലില്ല; ഒരു പക്ഷേ ആദ്യമേ ഉത്തുംഗശൃംഗം കയറിക്കളഞ്ഞോ? പിന്നീട് അവരോഹണമായോ? എന്നൊരു സന്ദേഹം ജനിപ്പിയ്ക്കുന്ന രീതിയിൽ തുടരുന്നു. ഏത് അണിവയറു കണ്ടാലും ആലിലയ്ക്കാണല്ലോ കിടക്കപ്പൊറുതിയില്ലാത്തത്; ഇത്തവണ ആതിരനിലാവിന്റെ കുളിര് കൂട്ടിനുണ്ട്, ദർശ്ശനത്തിൽ മനസ്സിനുണ്ടായ കുളിരോ, സ്പർശ്ശനത്തിൽ വദനത്തിലറിഞ്ഞ കുളിരോ? എന്തായാലും മഞ്ജുളയ്ക്ക് അതങ്ങ് ബോധിച്ചു, അവൾ മന്ദസ്മിതം കൊണ്ട് ഈറനുടുത്തു, മലരമ്പായി മാറി! ഇവിടെ വീണ്ടും സംശയമുയരുന്നു, അണിവയറ്റിലെ നോട്ടത്തിനവൾ മന്ദസ്മിതത്തോടെ മലർമിഴിയാകും ശരം അയച്ചതാണോ? അല്ലെങ്കിൽ അണിവയറ്റിൽ ചുംബിച്ചപ്പോൾ പുഴയിലെ ഓളങ്ങളല്ലാതെ, കണ്ണുകളിലെ മലരമ്പ് കാണുക ക്ളേശകരം! അതാണ് പല്ലവിയിൽ നിന്നു ചരണത്തിലേയ്ക്ക് വന്നപ്പോൾ സ്പർശ്ശനത്തിൽ നിന്നു ദർശ്ശനത്തിലേയ്ക്ക് ഇറങ്ങി എന്ന് തോന്നിയത്.
അടുത്ത ചരണത്തിൽ കാര്യങ്ങൾ വീണ്ടും പല്ലവിയോട് ചേർന്ന് നിൽക്കുന്നു. അംഗങ്ങളും ഉപാംഗങ്ങളും താലോലിയ്ക്കുന്നത് പ്രാഥമികബാഹ്യലീലകളുടെ വിശദമായ ആസ്വദനം തന്നെ. പിന്നീട് ഗന്ധർവ്വ വീണയിൽ തഴുകുന്നിടത്ത് മുമ്പൊരിയ്ക്കൽ പറഞ്ഞ വീണയുടെ കുടവും, ചുരയ്ക്കാ കുടുക്കയും കടന്നു വരുന്നോ? അല്ലെന്ന് തോന്നുന്നു, ഇവിടെ നായികയുടെ മന്മഥകേളീഗൃഹം ഒരു വീണപോലെ വിരലുകളാൽ മീട്ടിയെന്ന് കരുതുന്നതാണ് കാമ്യം; അവിടെ അതിനുതകുന്ന തരത്തിൽ തന്ത്രികൾ പോലെ പലതുമുണ്ടല്ലോ! പക്ഷേ ഇതൾ വിരിഞ്ഞത് ആത്മാവിൽ വാദകന്റെ ആണ്, അതായത് ഇതളുകൾ നായികയുടെ അംഗത്തിലും, നായകന്റെ മനസ്സിലും വിരിഞ്ഞു, രണ്ടാൾക്കും രോമഹർഷമുണ്ടാക്കി. ഇതുവരെ അറിയാത്തതെന്ന് പറഞ്ഞപ്പോൾ ആദ്യസമാഗമം എന്ന ധ്വനി ശക്തമാകുന്നു. ഏതായാലും നായകൻ ഇതുവരെ അറിയാത്തത് എന്ന് പറഞ്ഞത് നമുക്ക് മുഖവിലയ്ക്കങ്ങെടുക്കാം, അപ്പോഴും ആദ്യസമാഗമത്തിൽ നായികയ്ക്ക് കഠിനമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ ഒരു പരിചയസമ്പന്നനെ പോലെ പെരുമാറിയെന്ന് സമ്മതിച്ച് കൊടുക്കാം...
ഇനി ഗാനത്തിലേയ്ക്ക് പോകാം, വരികളിലൂടെ, ആലാപനത്തിലൂടെ
"ആപാദചൂഡം പനിനീര്
അണിമുത്തുക്കുടങ്ങളില്‍ ഇളനീര്
കാദംബരീ നിന്‍ കദളീ ദളത്തില്‍
കടിച്ചാല്‍ നിറച്ചും കരിമ്പുനീര്
ആലിലയ്ക്കൊത്തോരണിവയറോ
ആതിര ചന്ദ്രികക്കുളിര്‍ച്ചാറോ
മന്ദസ്മിതത്തിന്‍ ഈറനുടുക്കുമ്പോള്‍
മഞ്ജുളേ നീ ഒരു മലരമ്പ്
അംഗോപാങ്ഗങ്ങള്‍ തടവുമ്പോള്‍
നിന്‍റെ ഗന്ധര്‍വ്വവീണയില്‍ തഴുകുമ്പോള്‍
ഇതള്‍ വിരീഞ്ഞുടുമെന്‍ ആത്മാവില്‍
ഇതുവരെ അറിയാത്ത രോമാഞ്ചം"
No comments:
Post a Comment