Friday, March 23, 2018

മേഘനാദം ഭാഗം 5 - മണ്ഡോദരി

അശോകവനത്തിൽ മൈഥിലിയ്ക്കും മകൾ ത്രിജടയ്ക്കും ഒപ്പം കുശലം പറഞ്ഞിരുന്ന സരാമയെ തേടി വന്ന ചാരന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു, ആ തിളക്കത്തിൽ മതിമറന്ന അവൾ, ഇനി ആരേയും ഭയപ്പെടാനില്ല എന്നുറച്ച് ഉറക്കെ തന്നെ ചോദിച്ചു

"ലങ്കേശൻ വധിയ്ക്കപ്പെട്ടോ? രാമസേനവിജയം നേടിയോ? എന്താണ് നിന്റെ സന്ദേശം?"

അവളുടെ അമിതാവേശത്തിന്റെ അലയൊലികൾ പടർന്നപ്പോൾ ജാനകിയും, ത്രിജടയും ആഹ്ളാദത്തോടെ എണീറ്റ് പടയാളിയുടെ വാക്കുകൾക്കായി കാത്ത് നിന്നു.

അരികിലെത്തിയ അവൻ സരാമയ്ക്ക് മറുപടി നൽകി

"ലങ്കേശൻ ഇനിയും വധിയ്ക്കപ്പെട്ടിട്ടില്ല, എന്നാൽ അതിനിനി അധികം സമയമില്ല, ഇന്ന് തന്നെ യുദ്ധം അവസാനിയ്ക്കും എന്ന് അറിയിയ്ക്കാൻ പ്രഭു കൽപ്പിച്ചു, എന്നാൽ മഹാരാജ്ഞി മണ്ഡോദരിയ്ക്ക് എന്തോ ആപത്ത് സംഭവിച്ചിരിയ്ക്കുന്നതിനാൽ എത്രയും പെട്ടെന്ന് അന്തപ്പുരത്തിൽ എത്തി വേണ്ടത് ചെയ്യണമെന്ന കൽപ്പനയറിയ്ക്കുവാൻ ആണ് ഇപ്പോൾ അടിയൻ വന്നത്"

ചാരന്റെ വാക്കുകൾ അവർ മൂവരിലും ഉയർന്നു നിന്ന ആഹ്ളാദത്തിരമാലകൾ അടക്കിയെങ്കിലും, സന്തോഷം അകലെയല്ല എന്ന തോന്നൽ നിലനിന്നു. മൈഥിലി ആ പടിക്കെട്ടിൽ ഇരുന്നപ്പോൾ, തിജട മറ്റ് തോഴികളെ വിളിച്ച് സീതയ്ക്ക് കൂട്ടായി നിൽക്കുവാൻ കൽപ്പിച്ചു. സരാമ മാത്രം തികച്ചും അസ്വസ്ഥയായി അവിടെ നിലകൊണ്ടു. 'എന്താണ് ജേഷ്ഠത്തിയ്ക്ക് പറ്റിയ അപകടം? എന്നതിലേറെ, എന്തിനാണ് തന്റെ ഭർത്താവിനീ കര്യത്തിൽ ഇത്ര താൽപ്പര്യം? എന്നതാണ് അവളെ ആകുലയാക്കിയത്' ഏറെ നാളുകളായി കാത്തിരിയ്ക്കുന്ന ആ മുഹൂർത്തം അരികിലെത്തിയതിന്റെ സന്തോഷം ഒരുന്മാദത്തിന്റെ വക്കോളമെത്തിയതായിരുന്നു, എല്ലാം ഒരു നിമിഷം കൊണ്ട് തകിടം മറിഞ്ഞിരിയ്ക്കുന്നു.

ഇളയരാജാവിന്റെ പത്നിയായ കാലം മുതലുള്ള സ്വപ്നമാണ് ലങ്കയുടെ മഹാരാജാവായ ഭർത്താവും, പട്ടമഹിഷിയായി താനും! ലങ്കേശന്റേയും, മണ്ഡോദരിയുടേയും അധികാരവും, ആഡംബരങ്ങളും എന്നും താൻ അസൂയയോടെയാണ് നോക്കി കണ്ടിരുന്നത്. അതൊക്കെ എന്നെങ്കിലും തനിയ്ക്കും സ്വന്തമാകും എന്ന് കരുതിയിരിയ്ക്കേ ആണ് മേഘനാദൻ യുവരാജാവായി വരുന്നത്, അതോടെ ആ സ്വപ്നങ്ങൾ എല്ലാം കരിഞ്ഞുണങ്ങി. അടുത്ത ലങ്കേശൻ ആയി മേഘനാദൻ പട്ടാഭിഷേകം ചെയ്യപ്പെടുമെന്ന് മൂന്നുലോകവും തിരിച്ചറിഞ്ഞതോടെ തകർന്ന് പോയ ഭർത്താവിനെക്കാൾ ജീവിതം തന്നെ വേറുത്ത് പോയിരുന്നു അവൾ.

ഏറെ വർഷങ്ങൾക്കിപ്പുറം സീതാപഹരണവും, ബാലിവധവും, സുഗ്രീവൻ കിഷ്ക്കിന്ധാപതി അവരോധിയ്ക്കപ്പെട്ടതും വീണ്ടും പ്രതീക്ഷകൾ പൂവണിയിച്ചു. എത്രയോ രാത്രികൾ ഭർത്താവ് ഇതിനെപ്പറ്റി മാത്രം ചർച്ച ചെയ്ത് ഉറങ്ങാതിരുന്നു! പിന്നീട് വിശ്വസ്തരായ ചാരന്മാരെ ലങ്കയിൽ മർമ്മപ്രധാനമായ ഇടങ്ങളിലെല്ലാം വിന്യസിച്ച്, സമുദ്രം താണ്ടി രാമനുമായി സന്ധി ചെയ്ത്, ലങ്കയുടെ ഭാവി മഹാരാജാവായി രാമനാൽ പട്ടം ചാർത്തപ്പെട്ടു. അപ്പോഴും അതൊരു വിദൂരസാദ്ധ്യത മാത്രമായിരുന്നു.

യുദ്ധത്തിന്റെ തലേദിവസം വന്ന സന്ദേശത്തിൽ മുഴുവൻ ഒരാശങ്ക മാത്രമായിരുന്നു നിറഞ്ഞ് നിന്നിരുന്നത്... യുദ്ധത്തിന്റെ നീതീകരണത്തിൽ അച്ഛനും മകനും തമ്മിൽ തർക്കമുണ്ടായി ലങ്കേശൻ മകനെ യുദ്ധത്തിൽ പങ്കെടുപ്പിയ്ക്കതിരുന്നാൽ... ധീരനായ മേഘനാദൻ ജീവിച്ചിരിയ്ക്കുമ്പോൾ പിതാവിനെ യുദ്ധത്തിനയക്കില്ല എങ്കിലും.... പുത്രനെ വിലക്കി യുദ്ധത്തിനെത്തി ലങ്കേശൻ ആദ്യം വധിയ്ക്കപ്പെട്ടാൽ, സുലോചന മൈഥിലിയെ മടക്കി നൽകി യുദ്ധം അവസാനിപ്പിയ്ക്കുവാൻ മേഘനാദനെക്കൊണ്ട് സമ്മതിപ്പിയ്ക്കും എന്നുറപ്പാണ്. പിന്നെന്ത് യുദ്ധം? മേഘനാദൻ ആവും പുതിയ ലങ്കേശൻ.

ആ ആശങ്കകൾക്ക് അധികം ആയുസ്സുണ്ടായില്ല, മേഘനാദൻ തന്നെ യുദ്ധം നയിച്ചു; എന്നാൽ മേഘനാദന്റെ മരണത്തോടെ ഇരു വിഭാഗത്തിൽ ആരു ജയിച്ചാലും ലങ്കയുടെ മഹാരാജാവെന്ന പദവി ഇന്നല്ലെങ്കിൽ നാളെ ലഭിയ്ക്കുമെന്ന് ഉറപ്പായി. ലങ്കേശന്റെ പുത്രന്മാർ ഓരോരുത്തരായി വധിയ്ക്കപ്പെട്ടപ്പോൾ ആ സാദ്ധ്യത കൂടി വരുന്നതായി അറിഞ്ഞു, ഇപ്പോൾ ഇന്നുതന്നെ ലങ്കേശൻ കൂടി വധിയ്ക്കപ്പെടുമെന്ന് അറിയുമ്പോൾ, കയ്യെത്താവുന്ന അകലത്തിൽ ഭർത്താവിനു ലങ്കേശന്റെ സിംഹാസനവും, തനിയ്ക്ക് വാമഭാഗത്ത് മഹാരാജ്ഞിയെന്ന പദവിയും എത്തി നിൽക്കുന്നു. അപ്പോഴാണ് വെള്ളിടി പോലെ മനസ്സിലേയ്ക്ക് ആ സന്ദേഹം കടന്നുവന്നത്!!!

ലങ്കേശൻ സഹോദരപത്നിയായല്ല തന്നെ കണ്ടിരുന്നത്, മേഘനാദനൊപ്പം പിറക്കാതെ പോയ ഒരു പുത്രിയെ പോലെ വാത്സല്യത്തോടെ മാത്രമേ ഇന്നോളം പെരുമാറിയിട്ടുള്ളൂ, അതിനാൽ തന്നെ രാമനോട് സൗഹൃദം തേടിപ്പോയ ഭർത്താവിന്, ഭാര്യയുടേയോ മകളുടെയോ സുരക്ഷിതത്വത്തെപ്പറ്റി യാതൊരു ഉത്കണ്ഠയും ഉണ്ടായിരുന്നില്ല. എന്നാൽ കൊട്ടാരത്തിൽ രാജ്ഞിയായി എല്ലാ സുഖസൗകര്യങ്ങളും തന്ന ലങ്കേശനിൽ നിന്നു വ്യത്യസ്ഥനായി, അശോകവനത്തിലെ സുന്ദരിയ്ക്ക് കാവൽക്കാരിയും ദാസിയുമാക്കുവാനാണ് ഭർത്താവ് ശ്രമിച്ചത്, അത് വരും കാല സ്വാമിനിയോടുള്ള ദാസ്യം ആയിരുന്നു.

പരസ്ത്രീവിഷയത്തിൽ ഭർത്താവിനെ പറ്റി അത്ര നല്ലതൊന്നുമല്ല കേട്ടിരുന്നത്, എങ്കിലും രാജാനോ ബഹുവല്ലഭാഃ എന്ന് സ്മൃതികളിലൂടെ ചിരിച്ച് തള്ളുന്ന പതിയെ നിയന്ത്രിയ്ക്കുവാനും കഴിഞ്ഞിരുന്നില്ല. കിഷ്ക്കിന്ധയിലെ ബാലി മഹാരാജാവിന്റെ ഭാര്യ താരയെ അനുജൻ സുഗ്രീവൻ പട്ടമഹിഷിയാക്കിയ കഥ അറിഞ്ഞപ്പോൾ മനസ്സിൽ ഒരു ചെറുകനൽ വീണിരുന്നു, അണയാതെ കിടന്ന ആ കനൽ ഇതാ ഇപ്പോൾ ആളിക്കത്തുന്നു. മണ്ഡോദരി എന്നും ലങ്കേശന്റെ പട്ടമഹിഷി, സിംഹാസനത്തിലെ ആളുകൾ മാത്രം മാറുന്നു, ഇതുവരെ പരസ്യമായി താൻ മാത്രമായിരുന്നു പത്നി, ഇനി ആ പദവും നഷ്ടമാകുകയാണോ .. ഇനി മേൽ താൻ വെറുമൊരു സപത്നി???

സരാമ മൈഥിലിയ്ക്കരികിൽ തളർന്നിരുന്നു, ത്രിജട ആ കാഴ്ച്ച കണ്ട് അമ്മയ്ക്കരികിലെത്തി തിരക്കി

"അമ്മയെന്താണിവിടെ ഇരിയ്ക്കുന്നത്? വലിയമ്മയ്ക്ക് എന്തോ ആപത്ത് വന്നെന്ന് കേട്ടില്ലേ? അവിടേയ്ക്ക് ആദ്യം ഓടിയെത്തേണ്ട ആളല്ലേ അമ്മ? വരൂ നമുക്ക് ശീഘ്രം പോകാം"

അവളുടെ അമിതാവേശത്തിൽ അമർഷത്തോടെ അമ്മ പ്രതികരിച്ചു

" നീ പോയി വിവരങ്ങൾ തിരക്കി വേണ്ടത് ചെയ്യൂ.. ഞാൻ ഇവിടെ ഇരിയ്ക്കാം, ജാനകിയ്ക്ക് കൂട്ടായി"

ഇത്തവണ സംസാരിച്ചത് ജാനകി ആയിരുന്നു

"ഒരു സ്ത്രീ, അതാരായാലും അപകടത്തിൽ പെട്ടെന്നറിഞ്ഞാൽ സഹായിയ്ക്കേണ്ടേ? പ്രത്യേകിച്ച് ബന്ധുക്കൾ ആവുമ്പോൾ, എന്നെ കാര്യമാക്കേണ്ട, നിങ്ങൾ പോയി എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യുക"

സരാമ വളരെ ശാന്തയായി അതിനു മറുപടി പറഞ്ഞു

"സ്വമിനീ, ഇത് ലങ്കയുടെ മഹാരാജ്ഞിയുടെ കാര്യമാണ്, അതും അവരുടെ അന്തപ്പുരത്തിൽ, അവിടെ ആയിരങ്ങൾ അംഗരക്ഷകരായും, ദാസികളായും ഉണ്ട് സൗഖ്യം ശ്രദ്ധിയ്ക്കുവാൻ, ഞാൻ എന്റെ നാഥൻ എന്നെ ഏൽപ്പിച്ച അവിടുത്തെ സംരക്ഷണം എന്ന ഉത്തരവാദിത്വം നിറവേറ്റട്ടേ, നിർബ്ബന്ധിച്ച് എന്നെ വിവശയാക്കാതിരുന്നാലും."

മൈഥിലിയ്ക്ക് മറുപടി പറയാനിടം കൊടുക്കാതെ അവൾ മകളെ നോക്കി തുടർന്നു

" ത്രിജട.. നീ വേഗം പോയി വേണ്ടത് ചെയ്യൂ..."

ആ വാക്കുകൾ ലങ്കയുടെ പുതിയ മഹാരാജ്ഞിയുടേതായിരുന്നു, ആ ഖനഗംഭീരതയ്ക്ക് മുന്നിൽ മൈഥിലിയും ത്രിജടയും നിശബ്ദരായി.

അന്തപ്പുരത്തിൽ പാഞ്ഞെത്തിയ ത്രിജട കണ്ടത് പൂർണ്ണനഗ്നയായി, രക്തത്തിൽ കുളിച്ച്, ബോധരഹിതയായി കിടക്കയിൽ കിടക്കുന്ന മണ്ഡോദരിയെ ആയിരുന്നു. സ്വന്തം അമ്മയേക്കാൾ അവളെ എന്നും സ്നേഹിച്ചിരുന്ന വലിയമ്മയുടെ ആ അവസ്ഥയിൽ അവൾ ആകെ തകർന്ന് പോയെങ്കിലും വേഗം വസ്ത്രം ധരിപ്പിച്ച് കിടത്തി, മണിയടിച്ച് മറ്റുള്ളവരെ വരുത്തി, വൈദ്യന്റെ സഹായത്തോടെ പ്രജ്ഞ വീണ്ടെടുത്തു. എണീറ്റ് നിൽക്കാൻ ത്രാണിയില്ലാതിരുന്ന വലിയമ്മയെ കുളിപ്പിച്ച്, മുറിവുകളിൽ മരുന്ന് പുരട്ടി, ഉള്ളിൽ കഴിയ്ക്കുവാനുള്ള മരുന്നുകൾ നൽകി, ശയ്യ ഒരുക്കി നിദ്രയുടെ വിശ്രമം നൽകുവാൻ ശ്രമിച്ചു. എന്നാൽ നിദ്ര മണ്ഡോദരിയെ സ്പർശ്ശിയ്ക്കാതെ ഒഴിഞ്ഞു നിന്നു, നടന്ന സംഭവങ്ങൾ ഓർത്ത് അവൾ ഞെട്ടിയുണർന്നു, ത്രിജടയുടെ കൈകളിൽ ഇറുക്കെ പിടിച്ചു, കണ്ണുകൾ നിരന്തരം നിറഞ്ഞൊഴുകി. ആ മനസ്സ് അൽപ്പം ശാന്തയായപ്പോൾ തന്റെ കയ്യിലെ പിടിത്തം അയയുന്നത് ത്രിജട അറിഞ്ഞു, അവളുടെ മനസ്സും അൽപ്പം തണുത്തു, എന്നാൽ അതിനധികം ആയുസ്സുണ്ടായില്ല.

കിടക്കയുടെ ഒരു വശത്ത് ത്രിജടയും, മറുവശത്ത് ധന്യമാലിനിയും, ലങ്കേശന്റെ ഇളയപത്നിയും, മണ്ഡോദരിയെ സമാധാനിപ്പിച്ച് കാവലിരിക്കവേ, അതുവരെ തിരിഞ്ഞ് നോക്കാത്ത സരാമ ആ വാർത്തയുമായി കടന്നു വന്നു 'ലങ്കേശൻ രാമനാൽ വധിയ്ക്കപ്പെട്ടു, യുദ്ധം അവസാനിച്ചു!' അവസരബോധമില്ലാത്ത മാതാവിന്റെ പെരുമാറ്റത്തിൽ അമർഷത്തോടെ നോക്കിയ ത്രിജടയ്ക്ക് കൈകളിൽ ഒരു ഭാരം അനിഭവപ്പെട്ടു, അവളുടെ ചുമലിൽ താങ്ങി എണീറ്റിരിയ്ക്കാൻ വലിയമ്മ നടത്തുന്ന ശ്രമത്തിലേയ്ക്കവളുടെ ശ്രദ്ധ തിരിഞ്ഞു, തന്റെ കവിളോളം എത്തിയ ആ മുഖം അടുത്ത നിമിഷത്തിൽ വീണ്ടും ബോധമറ്റ് കിടക്കയിലേയ്ക്ക് തന്നെ വീണു.

ലങ്കേശന്റെ ജഡം എല്ലാവിധ ആദരവുകളോടും കൂടി സംസ്ക്കരിയ്ക്കപ്പെട്ടു; ഭർത്താവിന്റെ മൃതശരീരത്തിനൊപ്പം സതി അനുഷ്ടിയ്ക്കുവാൻ മണ്ഡോദരി തയ്യാറായി. അതിനെപ്പറ്റി ആ മൂന്ന് പത്നിമാർക്കിടയിൽ വളരെ നേരത്തേ സംവാദം നടന്നു; മറ്റ് രണ്ട് രാജ്ഞിമാരും അവർ സതി അനുഷ്ടിയ്ക്കുമെന്നും മണ്ഡോദരി മേഘനാദന്റേയും, പ്രഹസ്തന്റേയും, ദേവാന്തന്റേയുമൊക്കെ മക്കൾക്ക് തുണയായി ജീവിയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേ വിഷയത്തിൽ സരാമയ്ക്കും ത്രിജടയ്ക്കും ഇടയിലും തർക്കം ഉടലെടുത്തു; 'മണ്ഡോദരി പട്ടമഹിഷി ആയതിനാൽ സതി അനുഷ്ടിയ്ക്കണമെന്നും, വയോധികയായ ധന്യമാലിനി കുട്ടികളുടെ കാര്യങ്ങൾ നോക്കി ജീവിയ്ക്കട്ടേയെന്നും, താരതമ്യേന യൗവ്വനമായ ഇളയരാജ്ഞിയും ഉടന്തടി അനുഷ്ടിയ്ക്കട്ടേ' എന്നുമുള്ള അമ്മയുടെ കുടിലത നിറഞ്ഞ വാക്കുകൾ ത്രിജടയെ ചൊടിപ്പിച്ചു. അവൾ അമ്മയോട് കലഹിച്ച് വലിയമ്മയുടെ അന്തപ്പുരത്തിൽ എത്തി, അവിടെ നടന്ന സംവാദങ്ങളിൽ പങ്കുചേർന്നു. എണീറ്റ് നിൽക്കാൻ കൂടി ശക്തിഹീനയെങ്കിലും, കളങ്കപ്പെട്ട ശരീരവുമായി ജീവിയ്ക്കാൻ ആഗ്രഹിയ്ക്കാതിരുന്ന മണ്ഡോദരിയെ അവൾ സുലോചനയ്ക്ക് നൽകിയ വാക്കുകൾ ഓർമ്മിപ്പിച്ചു.
"നാളെ ലങ്കയുടെ ഭരണാധികാരി ആവേണ്ടത് ജേഷ്ടൻ മേഘനദന്റെ മകനാണ്, അത് സാധ്യമാകാൻ അവന്റെ അച്ഛന്റേയും അമ്മയുടേയും സ്ഥാനത്ത് വലിയമ്മ ഉണ്ടാവണം. എനിയ്ക്ക് സഹോദരങ്ങളില്ല, അനന്തിരാവകാശിയായി സ്വന്തം രക്തത്തിൽ ഒരു മകൻ പിറക്കാൻ വേണ്ടി അച്ഛൻ ഒരുപക്ഷേ ഇനിയും വിവാഹം കഴിച്ചേയ്ക്കാം, ആ സ്ത്രീയും അവരിലുണ്ടാകുന്ന മക്കളും, ജേഷ്ടന്റെ കുഞ്ഞുങ്ങളെ നശിപ്പിയ്ക്കില്ല എന്നതിൽ എന്താണുറപ്പ്? വലിയമ്മ സുലോചനയ്ക്ക് നൽകിയ വാക്ക് പാലിയ്ക്കുവാൻ ജീവിച്ചിരിയ്കുക തന്നെ വേണം"

ത്രിജടയുടെ സഹായത്തോടെ മണ്ഡോദരിയെ മറ്റ് രാജ്ഞിമാർ അനുനയിപ്പിച്ചു; ലങ്കേശന്റെ ചിതയിൽ അവർ ഇരുവരും സതി അനുഷ്ടിച്ചു. മണ്ഡോദരി മേഘനദന്റെ കുട്ടികളുമായി സമുദ്രത്തിന്റെ കരയിൽ ഉള്ള സ്വന്തം കൊട്ടാരത്തിലേയ്ക്ക് താമസം മാറ്റി. ആ യാത്രയുടെ ആരംഭത്തിൽ തന്നെ അവൾ ഏറ്റവും വെറുക്കുന്ന ആ രണ്ട് രൂപങ്ങളെ വീണ്ടുമൊരിയ്ക്കൽ കൂടി കണ്ടു. ലങ്കയുടെ പുതിയ രാജാവും, സുഹൃത്ത് ആയ വനരനും! അവളെ കണ്ട് അമ്പരന്ന്, കത്തുന്ന ആ കണ്ണുകളെ നേരിടാനാവാതെ തലകുനിച്ച് നിന്ന ആ അപരാധിയുടെ മുന്നിൽ അവളുടെ നിയന്ത്രണം നഷ്ടമായി, വാക്കുകൾ പുറത്തേയ്ക്ക് തെറിച്ചു വീണു

"ഹേ, ദുരാത്മാവേ.. ആർക്ക് വേണ്ടിയാണോ നീ എന്നോട് ഈ കൊടുംക്രൂരത കാട്ടിയത്, അതേ ആളിന്റെ മരണത്തിൽ ദുഃഖിച്ച് നീറി നീറി നീ മരണമില്ലാതെ അലയും, നിന്റെ കളങ്കം പേറി ഞാൻ എപ്രകാരം ജീവിയ്ക്കുന്നുവോ, അതു പോലെ മരണത്തിനായി നീയും കേഴും"

സ്തബ്ധരായ ഭടന്മാർക്ക് നടുവിൽ ഞെട്ടിത്തരിച്ച വിഭീഷണനോടൊപ്പം, കുനിഞ്ഞ ശിരസ്സുമായി ആ രഥം പോയി മറയുന്നത് വരേയും ഹനുമാൻ നിശ്ചേഷ്ടനായി നിലകൊണ്ടു.

"ഒരു സൈനികൻ യുദ്ധത്തിൽ എതിരാളിയെ വധിയ്ക്കുന്നത് ജോലിയുടെ ഭാഗമായാണ്; അല്ലാതെ എന്തെങ്കിലും വ്യക്തിവിരോധം ഉള്ളതിനാലല്ല, ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത വ്യക്തികളെ കടുത്ത ശത്രുതയോടെ പോരാടി വധിയ്ക്കുന്നത് സൈന്യാധിപനോടുള്ള വിധേയത്വത്താലും, രാജാവിനോടുള്ള കടമയാലുമാണ്. അതിൽ ശരി മാത്രമേ ഉള്ളൂ, പാപവും, പുണ്യവുമില്ല, അതിനാൽ തന്നെ ശാപങ്ങളൊന്നും സ്വകർമ്മം അനുഷ്ഠിച്ചവനേൽക്കില്ല!"

വിഷണ്ണനായ ആഞ്ജനേയന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

ഹനുമാൻറ്റെ ചിന്തകൾ മിന്നൽ വേഗത്തിൽ പുറകോട്ട് സഞ്ചരിച്ചു; ആ യാത്ര സുഗ്രീവാജ്ഞപ്രകാരം മൈഥിലിയെ അന്വേഷിച്ച് സമുദ്രം താണ്ടി, ആദ്യമായി ലങ്കയിൽ എത്തിയ ആ ദിവസത്തിൽ ചെന്ന് നിന്നു. കൊട്ടാരത്തിലെ വിവിധമുറികളിൽ ജാനകിയെ അന്വേഷിച്ച് അലഞ്ഞ തെന്റെ കണ്ണുകളിലേയ്ക്ക് പൊടുന്നനെ ആണാ കാഴ്ച്ച പതിഞ്ഞത്. രാജകീയമായ ശയനമുറിയിൽ ഉറങ്ങിക്കിടക്കുന്ന ഒരു തരുണി, മദ്ധ്യവയസ്സും കടന്ന ആ പ്രായത്തിലും അംഗപ്രത്യംഗസൗന്ദര്യം വഴിഞ്ഞൊഴുകുന്ന അതി സുന്ദരി, ഇങ്ങനേയും സ്ത്രീകൾ ഭൂമിയിലുണ്ടോ? വെറുതേയല്ല മൂന്ന് ലോകങ്ങളിലേയും മികച്ചതെല്ലാം രാവണൻ ലങ്കയിൽ സംഭരിച്ചിരിയ്ക്കുന്നു എന്ന് ശ്രുതിയുള്ളത്! അലസമായ് ഉറക്കത്തിനിടയിൽ വസ്ത്രങ്ങൾക്ക് സ്ഥാനചലനം സംഭവിച്ച് അവളുടെ ശരീരഭാഗങ്ങളുടെ സ്വർണ്ണവർണ്ണവും, തുടിപ്പും, തിളക്കവും കണ്ട് മോഹാന്ധനായ അവൻ സ്തംഭിച്ച് നിന്നു!

ആരുടേയോ കാൽപ്പെരുമാറ്റം കേട്ട അവനു പെട്ടെന്ന് സ്ഥലകാലബോധം വന്നു. ഇത് ഒരു പക്ഷേ മൈഥിലിയെങ്കിൽ, സ്വാമിനിയെ ആ കണ്ണുകളോടെ വീക്ഷിച്ചത് അപരാധമായിപ്പോയി; അവൻ വേഗം മുന്നോട്ട് നടന്നു. പെട്ടെന്ന് അവന്റെ ചിന്തകൾ മറ്റൊരു വഴിയ്ക്ക് തിരിഞ്ഞു.. ശ്രീരാമനെ വേർപെട്ട സീത ഇതുപോലെ ആഡംബരമായി വസ്ത്രങ്ങൾ ധരിച്ച്, പട്ട് മെത്തയിൽ ശയിയ്ക്കുകയില്ല, ഇത് ലങ്കേശന്റെ രാജ്ഞിമാർ ആരോ ആണ്, മറ്റ് മുറികളെ താരതമ്യം ചെയ്യുമ്പോൾ ഉള്ള പ്രൗഢിയിൽ നിന്നും ഇത് പട്ടമഹിഷി മണ്ഡോദരി ആയിരിയ്ക്കണം. അവനെ കാലുകൾ അവനറിയാതെ പിന്നോട്ട് നയിച്ചു, ആ അസുലഭസൗന്ദര്യം ഒരിയ്ക്കൽ കൂടി ദർശ്ശിയ്ക്കുവാൻ, നയനത്താലെങ്കിലും ആസ്വദിയ്ക്കുവാൻ, വീണ്ടു ആ ശയനഗൃഹത്തിലെത്തിയ അവൻ ആ അലസശയനത്തിൽ ഏറെനേരം സീതാന്വേഷണം മറന്നു നിന്നുപോയി!

രാവണനെ വധിയ്ക്കുവാനുള്ള ആ അസ്ത്രം തേടി പോകാൻ വിഭീഷ്ണന്റെ നിർദ്ദേശപ്രകാരം രാമൻ ആജ്ഞാപിച്ചപ്പോൾ മനസ്സിൽ ഒരു പൂത്തിരി കത്തിയിരുന്നില്ലേ? അവളെ ഒരിയ്ക്കൽ കൂടി നേരിട്ട് കാണുവാനുള്ള അവസരം കൈവന്നതിന്റെ സന്തോഷം നിറഞ്ഞതായിരുന്നു ആ യാത്ര. നിസ്സഹായയായി ഒറ്റയ്ക്ക് അവളെ സമീപത്ത് കിട്ടിയപ്പോൾ ഒരിയ്ക്കലെങ്കിലും ആ ത്രിലോകസുന്ദരപുഷ്പത്തിലെ മധു നുകരണമെന്ന് ശക്തമായി ആഗ്രഹിച്ചില്ലേ? അഘോരിയായെത്തി നിർദ്ദേശം നൽകി, തിരസ്ക്കരണിയിലൂടെ വേണമെങ്കിൽ മറഞ്ഞ് നിന്നത് കണ്ടുപിടിയ്ക്കമായിരുന്നിട്ടും, അവളെ കീഴ്പ്പെടുത്തി ആ ഉടലിനെ ആസ്വദിയ്ക്കാൻ ശ്രമിച്ചതും, അവൾ പ്രതീക്ഷിച്ചതിലും ശക്തിയായി പ്രതിരോധിച്ചപ്പോൾ നിർദ്ദയം പിച്ചിച്ചീന്തിയതും യുദ്ധനീതിയോ, ആജ്ഞ അനുസരിയ്ക്കലോ ആയിരുന്നില്ല, ആദ്യദർശ്ശനത്തിൽ തന്നെ മനസ്സിൽ നിറഞ്ഞ ആശയുടെ നിറവേറ്റൽ മാത്രമായിരുന്നു. അതിനാൽ തന്നെ ആ ശാപം തന്നിൽ പതിച്ചിരിയ്ക്കുന്നു, അത് ഫലിയ്ക്കുകയും ചെയ്യുമെന്ന് തിരിച്ചറിയുന്നു.

യുദ്ധാനന്തരം വിഭീഷ്ണൻ ലങ്കയുടെ കൊട്ടാരത്തിൽ പ്രവേശിച്ചു, ലങ്കയുടെ രാജസിംഹാസനത്തിൽ ആരൂഢനായി. സുഗ്രീവനും, മറ്റ് വാനരപ്രമുഖരും കൊട്ടാരത്തിൽ പാർത്തു, രാമൻ പടകുടീരത്തിൽ തന്നെ താമസം തുടർന്നു; ലക്ഷ്മണൻ പകൽ സമയങ്ങളിൽ കൊട്ടാരത്തിലെത്തുകയും, ലങ്കയിലൂടെ സഞ്ചരിച്ച് വിവിധമേഖലകൾ സന്ദർശിയ്ക്കുകയും ചെയ്തു, രാത്രിയിൽ തിരിച്ചെത്തി ജേഷ്ഠനോടൊപ്പം പടകുടീരത്തിൽ കഴിയുകയും ചെയ്തു. സരാമ മഹാരാജ്ഞിയുടെ അധികാരം സ്വയം കയ്യാളി, മണ്ഡോദരിയുടെ അന്തപ്പുരം സ്വന്തമാക്കി, ലങ്കയുടെ സ്വാമിനിയ്ക്ക് ചേർന്ന വിധത്തിൽ പ്രവർത്തിച്ച് തുടങ്ങി.

രാമലക്ഷ്മണന്മാർ മടക്കയാത്രയ്ക്ക് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ആ രാത്രിയിൽ, വിഭീഷ്ണൻ യാതൊരു രാജകീയ ആഡംബരങ്ങളുമില്ലാതെ ആ പടകുടീരത്തിലെത്തി. പതിവില്ലാത്ത സമയത്തെ ആ സന്ദർശ്ശനത്താലും, അയാളുടെ മുഖത്തെ ആശങ്കയാലും സംഗതി ഗൗരവമുള്ളതെന്ന് തിരിച്ചറിഞ്ഞ രാമൻ കാരണം തിരക്കി.

"കുറച്ച് കാലം കൂടി നിങ്ങൾ സഹോദരന്മാരും, സുഗ്രീവാദികളും ഇവിടെ എന്റെ അതിഥികളായി തുടരുക, അല്ലെങ്കിൽ എന്നെ കൂടി നിങ്ങളുടെ കൂടെ കൊണ്ടുപോകുക"

വിഭീഷ്ണൻ തന്റെ ആവശ്യം മുഖവുരയില്ലാതെ അവതരിപ്പിച്ചു.

"അതിന്റെ ആവശ്യകത എന്താണ്? എനിയ്ക്ക് വനവാസ കാലാവധി തീരാറായിരിയ്ക്കുന്നു, എത്രയും വേഗം സാകേതത്തിൽ എത്തേണ്ടതുണ്ട്, സുഗ്രീവനും കിഷ്ക്കിന്ധയുടെ ഭരണസാരിഥ്യം വഹിയ്ക്കേണ്ടതുണ്ട്, താങ്കൾക്ക് ഇവിടെ വസിച്ച് ലങ്കയുടെ ഭരണം നിർവ്വഹിയ്ക്കേണ്ടതുമുണ്ട്, പിന്നെ എന്തിനാണിനി അമാന്തം?"

രാമൻ പ്രതിവചിച്ചു.

"എങ്കിൽ അങ്ങ് ഒരു കാര്യം ചെയ്തു തരൂ.. സുഗ്രവനോട് ആജ്ഞാപിച്ചാലും യുദ്ധവിജയികൾ, പരാജയപ്പെട്ട നാട്ടിലെ ജനതയോട് എങ്ങനെ പെരുമാറുന്നുവോ, അത് പോലെ ലങ്കയെ ആക്രമിയ്ക്കുവാൻ... വിജയികളായ സൈനികർ അവരുടെ അർഹ്ഹിയ്ക്കുന്ന അവകാശമായ സുഖഭോഗങ്ങൾ അനുഭവിയ്ക്കട്ടേ.... ലങ്കയുടെ മാറിൽ അവർ മദിച്ച് വിഹരിയ്ക്കട്ടേ.. ധനമുള്ള വീടുകളും, ജീവനുള്ള പുരുഷന്മാരും, മാനഭംഗം ചെയ്യപ്പെടാത്ത സ്ത്രീകളും അവശേഷിയ്ക്കാത്ത ഒരു ലങ്ക എനിയ്ക്കു തരൂ.."

വിഭീഷണന്റെ വാക്കുകൾ കേട്ട് രാമൻ നടുങ്ങി, ലക്ഷ്മണൻ ഇരിപ്പിടത്തിൽ നിന്നും എണീറ്റു. മറ്റ് സദസ്യരും ലങ്കയുടെ രാജാവിന് ഭ്രാന്തായോ? എന്ന സംശയത്തോടെ പരസ്പരം നോക്കി

സമചിത്തത വീണ്ടെടുത്ത രാമൻ തിരക്കി

"വിഭീഷണാ.., അങ്ങെന്താണീ പറയുന്നത്? അങ്ങിപ്പോൾ അതേ നാടിന്റെ അധിപനാണ്, സ്വാമിയാണ്, ആ നാട്ടിലെ പ്രജകളുടെ ക്ഷേമം അങ്ങയുടെ കർത്തവ്യവുമാണ്. സ്വന്തം നാടിനെ കൊള്ളയടിയ്ക്കാൻ, പ്രജകളെ വധിയ്ക്കുവാൻ, മാനഭംപ്പെടുത്തുവാനാൻ ആവശ്യപ്പെടുന്ന തരത്തിൽ എന്താണങ്ങയെ അലട്ടുന്നത്?"

ഖിന്നനായി വിഭീഷണൻ മറുപടി പറഞ്ഞു

" അല്ല, ഞാൻ അവരുടെ സ്വമിയല്ല. ലങ്കേശനായ എന്റെ ജേഷ്ഠനാണിപ്പോഴും അവരുടെ നാഥൻ! ത്രിലോകങ്ങളിലെ മികച്ചതെല്ലാം ലങ്കയ്ക്കായി ശേഖരിച്ചവൻ, മൂന്നു ലോകങ്ങൾക്കും അധിപനായി ലങ്കയെ അതിന്റെ രാജധാനിയാക്കിയവൻ, എല്ലാവരും വണങ്ങിയ ലങ്കേശന്റെ മഹത്വം ഇന്ന് ഞാനും തിരിച്ചറിയുന്നു. ലങ്കയിലെ ജനത അത് എന്നും അറിഞ്ഞിരുന്നു. 

ഞാൻ അങ്ങയുടെ അടിമ, ഒരു സാമന്തരാജൻ, ലങ്കയെ മൂന്ന് ലോകങ്ങളുടേയും ആസ്ഥാനപദവിയിൽ നിന്നും ഒരു സാമന്തരാജ്യമാക്കിയ എനിയ്ക്കെതിരെ രാജ്യത്ത് ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടിരിയ്ക്കുന്നു. നിങ്ങളെല്ലാം ഇവിടെ ഉള്ളതിനാൽ അവർ ശാന്തരാണ്, എങ്കിലും എന്റെ സേവകർക്കോ, സൈനികർക്കോ ഭയരഹിതരായി രാജധാനി വിട്ട് ഗ്രാമങ്ങളിൽ പോകുവാനാകുന്നില്ല, പോയവർ മടങ്ങി വരുന്നില്ല. നിങ്ങളെല്ലാം പോയതിനു ശേഷം ഇവിടെ ഒരു കലാപവും നാഴികകൾക്കുള്ളിൽ വിഭീഷണന്റെ അന്ത്യവും സംഭവിയ്ക്കും. 

അത് ഒഴിവാക്കാൻ പ്രജകളിൽ ഭയം വിതയ്ക്കണം, നിങ്ങൾ പോയാലും അവരിൽ ആ ഭയം നിലനിൽക്കണം, എന്നെ സഹായിയ്ക്കാൻ നിങ്ങൾ മടങ്ങി വരുമെന്നും വീണ്ടും ക്രൂരപീഡനങ്ങൾക്ക് ഇരയാകുമെന്നുമുള്ള ഭയം മാത്രമാണേക പ്രതിവിധി, അതിലൂടെ മാത്രമേ അവർ എനിയ്ക്ക് വിധേയരാകൂ "

രാമൻ എന്ത് പറയണമെന്നറിയാതെ പകച്ച് നിന്നപ്പോൾ ലക്ഷ്മണൻ ഇടപെട്ടു

"ജീവൻ വെടിയുന്ന സമയത്ത് എന്റെ ഗുരു കൂടിയായ ലങ്കേശന് നൽകിയ വാക്കാണ് ഇപ്പോൾ ലംഘിയ്ക്കുവാൻ അങ്ങ് ആവശ്യപ്പെടുന്നത്. അത് ഞാൻ ജീവനോടെയുള്ളപ്പോൾ അനുവദിയ്ക്കുകയില്ല, ജേഷ്ഠനും അതേ വാഗ്ദാനം നൽകിയതുമാണ്, വിഭീഷണാ.. താങ്കൾ മറ്റെന്തെങ്കിലും പോംവഴി പറയൂ"

മടിച്ച് മടിച്ച് വിഭീഷ്ണൻ പറഞ്ഞു

"എങ്കിൽ പ്രജകളിലെ ലങ്കേശനോടുള്ള സ്നേഹം എന്നിൽ വന്നു ചേരണം, അതിന് ഇപ്പോഴും അവരുടെ മനസ്സിൽ രാവണന്റെ പ്രതിരൂപമായി ജീവിച്ചിരിയ്ക്കുന്ന മണ്ഡോദരി എന്നെ വിവാഹം കഴിയ്ക്കണം; അവളോടുള്ള ആദരവും, ഭക്തിയും ജനങ്ങൾ ഭർത്താവായ എന്നോടും പ്രകടിപ്പിയ്ക്കും, മഹാരാജ്ഞിയായി അവൾ നാട് ഭരിയ്ക്കുമ്പോൾ അതിനെതിരെ പ്രജകൾ കലാപത്തിനൊരുങ്ങില്ല"

സുഗ്രീവൻ അനുഭവസ്ഥനായതിനാൽ പെട്ടെന്ന് അതിനെ പിന്തുണച്ചു

"അതിനിപ്പോൾ എന്താണ് കുഴപ്പം, വേഗം അങ്ങനെ ചെയ്യുക; പ്രശ്നം പരിഹരിയ്ക്കപ്പെടട്ടേ, ഞങ്ങൾക്ക് മടങ്ങിപ്പോകാമല്ലോ"

"ഇന്ന് മണ്ഡോദരി ഏറ്റവുമധികം വെറുക്കുന്ന വ്യക്തി ഞാനാണ്, ലങ്കയുടെ കൊട്ടാരം വിട്ട് അവളുടെ സ്വന്തം കൊട്ടാരത്തിൽ ആണിപ്പോൾ താമസം. അവിടെ ലങ്കേശന്റെ അനുഭാവികളും, ആശ്രിതരുമാണ് ചുറ്റുമുള്ളത്; അവിടേയ്ക്ക് ഞാനോ സൈന്യമോ ചെന്നാൽ ആ നിമിഷം ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടും."

വിഭീഷ്ണൻ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.

"ഇതിലിപ്പോൾ ഞങ്ങൾക്കെന്ത് ചെയ്യാനാവും? നമ്മുടെ സന്ധി പ്രകാരം ഞങ്ങൾ താങ്കൾക്ക് രാജ്യം നൽകി, ഇനിയത് പരിപാലിയ്ക്കേണ്ടത് താങ്കളുടെ കർത്തവ്യം ആണ്"

ലക്ഷ്മണന്റെ ശബ്ദം കടുത്തു.

"ഞാൻ പലരീതിയിൽ ശ്രമിച്ച് നോക്കി, മേഘനാദന്റെ കുട്ടികൾ വിദ്യ അഭ്യസിയ്ക്കുവാൻ പോകുമ്പോൾ മാത്രമാണ് ആ കോട്ടയിൽ നിന്നും പുറത്തേയ്ക്ക് ആരെങ്കിലും വരിക, അപ്പോൾ ആ വാഹനം ആക്രമിയ്ക്കുവാൻ ശ്രമിച്ചു, ആ കുട്ടികളെ കൊട്ടാരത്തിൽ കിട്ടിയാൽ, അവരെ തേടി അവൾ വരുമായിരുന്നു, നിബന്ധനകൾ മുന്നിൽ വയ്ക്കാമായിരുന്നു, എന്നാൽ എന്റെ നിയന്ത്രണത്തിലുള്ള സേനയേക്കാൾ കരുത്തർ പുറത്താണുള്ളത്, അവർ അത് പ്രതിരോധിച്ചു, ലങ്കയുടെ സൈന്യം തോറ്റോടി!!!"

ഒന്ന് നിർത്തിയിട്ട് നിരാശ്ശനായി അയാൾ തുടർന്നു

"അല്ലയോ രാഘുരാമാ, അങ്ങയുടെ വാക്ക് വിശ്വസിച്ചാണ് ഞാനീ വലിയ അബദ്ധം കാട്ടിയത്, അങ്ങെന്നെ ലങ്കയുടെ രാജാവാക്കാമെന്നല്ല, അധിപനാക്കാമെന്നാണ് വാക്ക് തന്നത്. ഞാൻ ആ രാജസിംഹാസനത്തിൽ ഇരിയ്ക്കുന്നുവെന്നേയുള്ളൂ, രാജ്യത്തിന്റെ അധിപനല്ല, അതിനാൽ അങ്ങ് വാക്ക് പാലിച്ചിട്ടുമില്ല, അങ്ങയുടെ അനുജന്റെ മുഖത്ത് ഞാൻ അതിയായ കോപം കാണുന്നു, അദ്ദേഹത്തോട് എന്നെ വധിയ്ക്കുവാൻ ആവശ്യപ്പെട്ടാലും.. അല്ലെങ്കിൽ ലങ്കയുടെ ഭരണാധികാരികൾക്കെല്ലാം അങ്ങയുടെ കയ്യാൽ തന്നെ ആവട്ടേ അന്ത്യം, എന്നെ ശസ്ത്രമെടുത്ത് അങ്ങ് തന്നെ വധിച്ചാലും"

രാമനും ലക്ഷ്മണനും പരസ്പരം നോക്കി, പിന്നീട് അവിടെ കൂടിയിരുന്നവർക്കിടയിൽ പരസ്പര ചർച്ചകൾ നടന്നു, ഒടുവിൽ രാമൻ ഒന്നും പറയാതെ തന്റെ ശയനസ്ഥലത്തേയ്ക്ക് നടന്ന് പോയി. ലക്ഷ്മണൻ കടുത്ത വിഷമത്തോടെ സുഗ്രീവനോടായി പറഞ്ഞു

"നമുക്കധികം സമയമില്ല, വേണ്ടതെന്തായാലും വേഗം തീർക്കണം, നമ്മുടെ ഭാഗത്ത് നിന്ന് ഇനിയും വലിയ ആൾ നാശം വരാതെ ശ്രദ്ധിയ്ക്കണം, വിഭീഷണന്റെ ഇച്ഛ പോലെ എല്ലാം നടക്കട്ടേ..., അത് ലങ്കയുടെ വിധി, മരിച്ച് പോയവരേക്കാൾ ജീവിച്ചിരിയ്ക്കുന്നവരോടുള്ള കടമ നിർവ്വഹിയ്ക്കണമല്ലോ!!!"

ആ വാക്കുകൾ കേട്ട് വിഭീഷണന്റെ മുഖം തെളിഞ്ഞു, ഇതിനോടകം തന്നെ വലിയ സേനാനഷ്ടം സംഭവിച്ച സുഗ്രീവനും, അംഗദനും ചിന്തയിലാണ്ടു; എന്നാൽ വനരസേനയാകെ സന്തോഷം കൊണ്ട് തുള്ളിച്ചാടി, തങ്ങൾ നേരിട്ട കൊടിയ സംഘർഷത്തിന്റെ വലിയ വിജയത്തിലൂറിയ മധുരം നുകരാൻ ഇതാ അനുവാദം ലഭിച്ചിരിയ്ക്കുന്നു, അവരോരോരുത്തരും ലങ്കയുടെ കോട്ടവാതിലിലേയ്ക്ക് ആർത്തിയോടെ നോക്കി, ആ കണ്ണുകൾ വിഭീഷണനെ ഒരേസമയം ആനന്ദിപ്പിയ്ക്കുകയും, ഭയപ്പെടുത്തുകയും ചെയ്തു.

ലങ്കയിലെ വൈദ്യശിരോമണികളുടെ ചികിത്സയിൽ ഇതിനോടകം ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞ മണ്ഡോദരിയും രാത്രിയുടെ ആ രണ്ടാം പകുതിയിൽ ഉണർന്ന് തന്നെയിരിയ്ക്കുകയായിരുന്നു. ലങ്കേശന്റെ വിശ്വസ്തരായ ജനങ്ങൾക്ക് മധ്യത്തിൽ അവരുമായി ചർച്ച ചെയ്തു കൊണ്ടിരുന്ന അവളോടൊപ്പം ത്രിജടയുമുണ്ടായിരുന്നു. മേഘനദന്റെ പുത്രനെ രാജകീയസേന ആക്രമിച്ചതും, ലങ്കേശന്റെ പക്ഷക്കാർ തുരത്തിയതും അമ്മയിൽ നിന്നറിഞ്ഞ്, അപ്പോൾ തന്നെ വന്നതാണവൾ. ആ രാത്രി ലങ്കയുടെ മഹാരാജാവ് രാമസന്നിധിയിൽ പോയപ്പോൾ ചാരന്മാരെ അയയ്ക്കാൻ ലങ്കേശപക്ഷവും മറന്നില്ല. അവിടെ നടന്ന സംവാദങ്ങളും, തീരുമാനങ്ങളും അറിഞ്ഞ മണ്ഡോദരി വളരെ ആകുലചിത്തയായി, തന്റെ കഷ്ടകാലം ഇനിയുമവസാനിച്ചിട്ടില്ലെന്ന് അവൾക്ക് മനസ്സിലായി. ഒരു വശത്ത് തന്റെ അനന്തര തലമുറ, ലങ്കയുടെ ഭാവി രാജാവിന്റെ സുരക്ഷ, മറുവശത്ത് താൻ ഏറ്റവും വെറുക്കുന്ന ആളിന്റെ ഭാര്യാപദവി, ഇവയ്ക്കിടയിൽ അവളുടെ മനസ്സ് ഞെരിഞ്ഞമർന്നു. വാനരസേനയോട് യുദ്ധം ചെയ്യാമെന്ന് ലങ്കേശപക്ഷക്കാർ തറപ്പിച്ചു പറഞ്ഞു, എങ്ങനേയും വിഭീഷണനെ വധിയ്ക്കാം, മേഘനാദന്റെ പുത്രനെ രാജാവാക്കാം, മഹാരാജ്ഞി എല്ലാം നോക്കി ഭരിച്ചാൽ മതി.
അതൊന്നും പ്രായോഗികമല്ലെന്ന് മണ്ഡോദരിയ്ക്ക് അറിയാമായിരുന്നു. തിലോകവിക്രമന്മാരായ ലങ്കേശനും, മേഘനാദനും, പ്രഹസ്തനും, കുംഭകർണ്ണനും, നരാന്തകനും, ദേവാന്തകനുമൊക്കെ പരാജയപ്പെട്ടിടത്ത് നയിക്കാൻ നല്ലൊരു പടനായകൻ പോലുമില്ലാത്ത ചിതറിയ സേന എന്ത് ചെയ്യാൻ? യുദ്ധക്കളത്തിലല്ല ഇനിയുള്ള യുദ്ധം, ഓരോ ഗൃഹങ്ങളിലുമാണവർ ആക്രമിയ്ക്കുക, കൊന്നൊടുക്കുക, കൊള്ളയടിയ്ക്കുക, മാനഭംഗപ്പെടുത്തുക, ഒരു വാനരൻ ഒറ്റയ്ക്ക് നടത്തിയ തീവയ്പ്പ് അവളവരെ ഓർമ്മിപ്പിച്ചു, അതു പോലെ ലങ്കയിലെ വീടുകൾ കത്തിയമരും!പ്രജകളെ രക്ഷിയ്ക്കണം, അതായിരുന്നു മരണസമയത്ത് ലക്ഷമണനോടും രാമനോടും ലങ്കേശൻ ആവശ്യപ്പെട്ടത്... അദ്ദേഹത്തിന്റെ അന്ത്യഭിലാഷം, അതവർ നിർവ്വഹിച്ചില്ലെങ്കിൽ ഭാര്യ എന്ന നിലയിൽ, ലങ്കയുടെ മുൻ മഹരാജ്ഞി എന്ന നിലയിൽ താൻ നടത്തേണ്ടതുണ്ട്.

പുറകിൽ നിന്ന് തന്നെ കെട്ടിപ്പുണർന്ന് നിൽക്കുന്ന ത്രിജടയോട് അവൾ മനസ്സ് തുറന്നു

"മണ്മറഞ്ഞ രണ്ട് പുണ്യാത്മാക്കളുടെ, ലങ്കേശന്റേയും, സുലോചനയുടേയും അന്തിമാഭിലാഷങ്ങൾക്കായി ഹോമിയ്ക്കാം മണ്ഡോദരിയുടെ ഇനിയുള്ള ജീവിതം... പ്രജകൾ സുരക്ഷിതരാവണം, ഒപ്പം ലങ്കയുടെ ഭാവി രാജാവും; മണ്ഡോദരിയുടെ ജന്മം അതിനായി ദ്രവിച്ച് വളമാകട്ടേ..."

തീരുമാനം എടുത്ത് കഴിഞ്ഞ മണ്ഡോദരി തന്റെ പടയാളിയെ രാമന്റെ പടകുടീരത്തിലേയ്ക്ക് അയച്ചു. ഏഴരവെളുപ്പിനേ ഉണർന്ന് ലങ്കയിൽ ആക്രമണം നടത്താൻ തയ്യാറെടുക്കുന്ന സേനയുടെ മദ്ധ്യത്തിലൂടെ ആ ദൂതൻ രാമലക്ഷ്മണന്മാരെ സന്ദർശ്ശിച്ചു. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ആ ഊരാക്കുടുക്കിന് ഒരു പരിഹാരമുണ്ടാകാനുള്ള സാദ്ധ്യത രാമനേയും, ലക്ഷ്മണനേയും സന്തുഷ്ടരാക്കി, അൽപ്പം പോലും സമയം പാഴാക്കാതെ ദൂതനോടൊപ്പം ലക്ഷ്മണനും സുഗ്രീവനും മണ്ഡോദരിയുടെ കൊട്ടാരത്തിലെത്തി.

കാത്തിരുന്ന മണ്ഡോദരിയോട് ലക്ഷ്മണൻ അവളുടെ ആരോഗ്യത്തെപ്പറ്റി ആദ്യം തിരക്കി, പിന്നീട് സംഭവിച്ച തെറ്റുകൾക്ക് രഘുവംശത്തിന്റെ പേരിൽ മാപ്പ് ചോദിച്ചു. മണ്ഡോദരി ലക്ഷ്മണനെ ആശ്വസിപ്പിച്ചു, പിന്നീട് വിഭീഷ്ണനെ വിവാഹം കഴിയ്ക്കുവാനും, ലങ്കയുടെ മഹാരാജ്ഞിയായി വാഴുവാനുള്ള സമ്മതവും അവരെ അറിയിച്ചു. പ്രജകളുടെ സുരക്ഷിതത്വവും, സുലോചനയുടെ മകന് യുവരാജാവെന്ന പദവിയും അവൾ ആവശ്യപ്പെട്ടപ്പോൾ പുഞ്ചിരിയോടെ ലക്ഷ്മണൻ പറഞ്ഞു

"അതൊക്കെ ഇനിമേൽ ലങ്കയുടെ മഹാരാജ്ഞിയുടെ അധികാരവും, കർത്തവ്യവും ആണല്ലോ?"

"ഈ വിവരങ്ങൾ രാമനേയും അറിയിച്ച് സേനയേയും നിയന്ത്രിയ്ക്കാം"

എന്ന വാക്കുകളോടെ, ഇപ്പോൾ തന്നെ വിധവകൾ നിറഞ്ഞ ഒരു രാജ്യത്തിനുടമയായി മാറിയ സുഗ്രീവൻ, തന്റെ ഭാഗത്തിന് സംഭവിയ്ക്കാവുന്ന കൂടുതൽ നാശം തടയാൻ വേഗം മടങ്ങിപ്പോയി.

ലങ്കേശനും വിഭീഷ്ണനും നൽകിയ വാഗ്ദാനങ്ങൾ ഒരേ സമയം പാലിയ്ക്കാൻ കഴിഞ്ഞതിൽ ലക്ഷ്മണൻ അതീവ സന്തുഷ്ടനായി, മണ്ഡോദരിയോട് അതിന് പ്രത്യേകം നന്ദി പ്രകശിപ്പിച്ച് പിരിഞ്ഞു. ലക്ഷ്മണൻ തന്നെ കൊട്ടാരത്തിലെത്തി വിഭീഷണനെ കാര്യങ്ങൾ ധരിപ്പിച്ചു. അന്ന് ജ്യോതിഷികൾ നിർദ്ദേശിച്ച ശുഭമുഹൂർത്തത്തിൽ രണ്ട് ചടങ്ങുകൾ നടന്നു, ഒന്ന് വിഭീഷ്ണന്റേയും, മണ്ഡോദരിയുടേയും വിവാഹം, മറ്റൊന്ന് മേഘനാദപുത്രൻറ്റെ ലങ്കയുടെ യുവരാജാവായുള്ള അഭിഷേകം. ലങ്ക ഒരിയ്ക്കൽ കൂടി ശന്തമായി, വീരസ്വർഗ്ഗം പൂകിയ അവരുടെ പ്രിയപ്പെട്ട ലങ്കേശന്റെ, ഭാര്യയും ചെറുമകനും ചേർന്ന് നയിക്കുന്ന ഭരണത്തിനു കീഴിൽ, മരണങ്ങളുടെ മുറിവുകൾ ഉണങ്ങി, ആ പ്രജകൾ സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും ആ പഴയ ജീവിതത്തിലേയ്ക്ക് ക്രമേണ മടങ്ങി വന്നു.

(ലങ്കയുടെ ലങ്കാരാമായണം, കംബോഡിയയുടെ റീംകർ, തായ് ലാണ്ടിന്റെ രാമകീൻ, ജൈനരുടെ പൗമചരിതം, ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി, രാമരാജന്റെ മേഘനാദം, പെരിയോരുടെ കീമായണം എന്നിവയെ അവലംബിച്ച് രചിച്ച മേഘനാദം ഇവിടെ പൂർണ്ണമാകുന്നു)

No comments:

Post a Comment