Wednesday, March 28, 2018

കരിമ്പൂച്ച

ഇരുട്ടിൽ നിന്നാൽ ആ രണ്ട് കണ്ണുകൾ മാത്രം കാട്ടി നമ്മെ ഭയപ്പെടുത്തുമെന്നല്ലാതെ ആ സാധു ജീവിയ്ക്ക് മറ്റു പൂച്ചകളിൽ നിന്ന് എന്താണാവോ പ്രത്യേകത? ആരാണവയ്ക്ക് ഔഷധഗുണമുണ്ടെന്ന് പറഞ്ഞത്? പൗരസ്ത്യസമ്പ്രദായമനുസരിച്ച് കറുത്തതാണ് ഏറ്റവും മികച്ചത്, നമ്മുടെ കൃഷ്ണൻ ഉൾപ്പടെ! എല്ലാം ആഗിരണം ചെയ്ത് ഉള്ളിൽ നിറയ്ക്കുന്നവർ, അതിനാൽ തന്നെ സകലഗുണങ്ങളും നിറഞ്ഞത് കറുത്തവയിലാണെന്നാണ് സങ്കൽപ്പം. കരിങ്കുരങ്ങും, കരിയാടും, കരിമ്പൂച്ചയും, കരിങ്കോഴിയും മാത്രമല്ല, കരാട്ടെ തുടങ്ങിയ ആയോധനകലകളിൽ പോലും ഏറ്റവും കൂടിയ ബഹുമതി കറുപ്പാണ് "ബ്ളാക്ക് ബെൽറ്റ്". വെളുത്തതോ എല്ലാം വികർഷ്യ്ക്കുന്ന വർണ്ണം, എല്ലാം ത്യജിച്ച് ഉള്ളിൽ ഒന്നുമില്ലാത്ത അവസ്ഥ, അതിനാൽ ആദ്യമായി "വൈറ്റ് ബൽറ്റ്" നൽകുന്നു. ഹോ, ഞാൻ കാടുകയറി, എവിടെ നമ്മുടെ കരിമ്പൂച്ച?

10 ആ ക്ളാസ്സിലെ പരീക്ഷ നടന്നു കൊണ്ടിരിയ്ക്കുന്ന കാലം, എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലെ പരിസരവാസികളായ പലരും, ചില ക്ളാസ്സുകളിൽ ഒരു വർഷം കൊണ്ട് പഠിച്ചത് അത്ര പോര എന്ന ചിന്തയാൽ അവിടെ തന്നെ തങ്ങി വീണ്ടും കാര്യങ്ങൾ വ്യക്തമായി പഠിച്ചതിനാൽ, എന്നേക്കാൾ മുതിർന്നവർ പോലും 8 ലും 9ലും ഒക്കെ വരെയേ എത്തിയിരുന്നുള്ളൂ. അതിനാൽ തന്നെ ഞാൻ, നൗഷാദ്, ജയപ്രസാദ്, റയിമോൾ, ലൈല എന്നിവർ മാത്രമായിരുന്നു ആ വർഷത്തെ എസ്സ്.എസ്സ്.എൽ.സി ക്കാർ. ബാക്കിയുള്ളവർക്ക് വാർഷിക പരീക്ഷ തീർന്നു, മകരക്കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങൾ ഉണങ്ങിയതിനാൽ അവ ക്രിക്കറ്റ്, ഫുട്ബാൾ, വോളീബാൾ ഗ്രൗണ്ടുകളായി മാറി, തൊട്ടടുത്ത ക്ഷേത്രത്തിൽ ഉത്സവവും ആരംഭിച്ചു. ക്ഷേത്രത്തിൽ മൈക്കിൽ നിന്നുയരുന്ന സിനിമാഗാനങ്ങളും, വയലിൽ നിന്നുയരുന്ന പന്തുകളിയുടെ ആരവവും ഒക്കെ ചേർന്ന് എന്നെ ഭ്രാന്തു പിടിപ്പിച്ചു, അവന്മാരെല്ലാം അർമ്മാദിയ്ക്കുമ്പോൾ ഞാൻ മാത്രം കുത്തിയിരുന്നു പഠിയ്ക്കണം, സത്രുക്കൾക്ക് പോലും ഇങ്ങനൊരു ഗതി വരുത്തല്ലേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ച് പോയി!

ഏഴാം ഉത്സവദിവസം എല്ലവരും കൂടി എന്നെ കാണാനെത്തി, സംഗതി ഗൗരവകരമായ പ്ളാനിംഗൊക്കെ കഴിഞ്ഞാണു വരവ്! രണ്ട് കരിമ്പൂച്ചയെ കണ്ട് വച്ചിരിയ്ക്കുന്നു, അതിനെ തട്ടി ചട്ടിയിലാക്കണം, കൂടാതെ പൊറോട്ട, പ്രാദേശിക സോഡാകമ്പനിയുടെ ശാന്തിക്കോള, പിന്നെ അവന്മാർക്ക് ചില്ലറ സേവ ഉണ്ട്, രവി എന്നൊരു ആൾ വാറ്റുന്നതിനാൽ അവരുടെ ഭാഷ രവിയാരിഷ്ടം എന്നാണ്. സഹകരിയ്ക്കണം,  കാശ് വേണം അതാണ് അവരുദ്ദേശിയ്ക്കുന്ന സഹകരണം, പിന്നെ ഒത്താൽ കമ്പനിയിൽ നിന്നും അൽപ്പം കൊഞ്ചോ, ചെമ്മീനോ കിട്ടിയാൽ അതും കൂടി ചേർത്ത് ഉഷാറാക്കാം. മാർച്ച് മാസത്തിൽ ആറ്റുകൊഞ്ച് കിട്ടില്ല, പക്ഷേ കമ്പനിയുടെ ഫ്രീസറിൽ കാണും, തവളക്കാലും, വെട്ടുകൊഞ്ചും കുറച്ചൊക്കെ അവിടെ എപ്പോഴും കാണും എന്നാൽ നാരൻ ചെമ്മീൻ സുലഭമാണ്. ഞാൻ അവർക്ക് കാശുകൊടുത്തു, രമേശനോട് ഫോണിൽ വിളിച്ചു പറഞ്ഞു, അന്ന് നംബർ 33 ആണ്, അത്രേ ഉള്ളൂ; ഇവന്മാർക്ക് ഉള്ളതിൽ നല്ലത് എന്തെങ്കിലും കൊടുക്കാൻ. പോകാൻ തുടങ്ങിയപ്പൊൾ ഞാൻ പറഞ്ഞു

"എനിയ്ക്ക് കണക്കാണിനി പരീക്ഷ, പഠിച്ച് ഒന്നുമായില്ല, വരവു നടക്കില്ല. ഇന്നു വരെ വിനോദനൻ കൊച്ചച്ചന്റെ ഉത്സവം കാണാതിരുന്നിട്ടില്ല, ഇത്തവണ മുടങ്ങി അതും ആലപ്പുഴ റൈബാന്റെ ഗാനമേളയും, സൂര്യസോമയുടെ നാടകവും! ആട്ടെ, നിങ്ങൾ എവിടാ ക്യാമ്പ് കണ്ടിരിയ്ക്കുന്നേ? വയലിലിട്ട് ചുടരുത്, പിന്നെ അതിനു വഴക്കിനു നടക്കാൻ വയ്യ"

കലാലൻ മറുപടി പറഞ്ഞു

"അതൊക്കെ ഞങ്ങൾ വേറെ സ്ഥലം കണ്ടിട്ടുണ്ട്, നെടുമ്പറമ്പിലെ പുര ഒഴിഞ്ഞ് കിടക്കുകയാണ്, ലളിതാഭായിയിക്കെ തോട്ടിന്റെ കരയിൽ വീടുവച്ച് മാറിയപ്പോൾ, അത് കുറച്ച് ദിവസം വേണു വാടകയ്ക്കെടുത്തെങ്കിലും ഇപ്പോൾ ആരുമില്ല"
സ്ഥലം എനിയ്ക്ക് മനസ്സിലായി, എന്റെ ചെറിയച്ഛന്റെ കുടുംബവീടാണ്, അവർ എറണാകുളത്താണ്, ഒരു 2 ഏക്കർ തെങ്ങിൻ പുരയിടത്തിന്റെ നടുവിൽ ഉള്ള സാമാന്യം വലിയ, അറയും പുരയും. 

എട്ടാം ഉത്സവദിവസം, വീട്ടിലുള്ളവർ കൊച്ചച്ചന്റെ വീട്ടിൽ പോയി, അന്നത്തെ ഉത്സവം അവരുടെ വകയാണ്, വീട്ടിൽ നിന്ന് താലപ്പൊലി ഉണ്ട്, സദ്യയും, ആകെ ഉതസവപ്പറമ്പ് പോലെ വെട്ടവും, ആളും ആകെ രസമാണന്നവിടെ! എന്നെ വീട്ടിൽ ഭംഗിയായി പൂട്ടിയിട്ടു. ഞാൻ ആ മുറിയിലൊക്കെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഫോർമ്മുല കാണാതെ പടിയ്ക്കാൻ ശ്രമിയ്ക്കുമ്പോഴും മനസ്സ് ഉത്സവത്തിലും, കൂട്ടുകാരുടെ ആഘോഷത്തിലും ആയിരുന്നു. 

ഏതാണ്ട് 10 മണി രാത്രിയായപ്പോൾ അമ്പലത്തിലെ ശബ്ദം കുറഞ്ഞു, ഗാനമേളക്കാർ അവരുടെ ബോക്സ്സ് ഉപയോഗിയ്ക്കുന്നതിനാൽ പുറത്തോട്ടുള്ള കോളാമ്പികൾ മിണ്ടാതായി. 11 ആയപ്പോൾ എന്റെ ജന്നലിൽ ഒരു മുട്ട് കേട്ടു. തുറന്നപ്പോൾ എന്റെ കൂട്ടുകാരെല്ലാം വെളിയിൽ ഹാജരുണ്ട്. കയ്യിൽ പൊറോട്ട, ആറ്റ് കൊഞ്ച് ചതച്ച് വറുത്തത്, അവരു പിടിച്ച വരാൽ കറി, പിന്നെ കരിമ്പൂച്ചക്കറി. ആദ്യം ജനലിലൂടെ എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള  നാപ്പിൾ ഫ്ളേവറുള്ള ഒരു കോളയും, ഒരു ചെറിയ പൊതിയും തന്നു. കോള തക്കിടി സുരേഷ് പല്ല് ഓപ്പണറാക്കിയാണ് തുറന്നത്, ഞാനാ പൊതിയഴിച്ചു, പൊറോട്ടയുടെ ആകൃതിയിലുള്ള ഒരു കറുത്ത വസ്തു! 

"ഇതെന്താണ് ഐറ്റം?"  എന്ന് ചോദിച്ചതും എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു.

അനിൽ ചിരി അൽപ്പം ശമിച്ചപ്പോൾ പറഞ്ഞു

"അതാണ് കരിമ്പൊറോട്ട; പുതിയ പലഹാരമാണ്, ഇപ്പോൾ കണ്ടുപിടിച്ഛതേയുള്ളൂ..കരിമ്പൂച്ചയ്ക്ക് ബെസ്റ്റ് കോമ്പിനേഷനാണ്"

ഞാൻ ആ സംഭവം ഒന്ന് മണത്ത് നോക്കി, നല്ല വെന്ത മൈദായുടേയും, ഡാൽഡയുടേയും മണം. എന്റെ ആ പ്രകടനം കണ്ട് അവന്മാർ വീണ്ടും ചിരിച്ചു. അപ്പോൾ എന്നേക്കാൾ ഒരു വയസ്സിനിളയ അനന്തിരവൻ കുട്ടൻ പറഞ്ഞു

"അത് ലാലണ്ണൻ കണ്ടു പിടിച്ചതാണ്, നെടുമ്പറമ്പിലെ പത്തായത്തിന്റെ പുറത്തിട്ടാണ് പൊറോട്ട അടിയ്ക്കാൻ പ്ളാനിട്ടത്, ആൾ പത്തായത്തിന്റെ പുറമൊക്കെ കഴുകി നല്ല വൃത്തിയാക്കി, ഞാങ്ങൾ അപ്പോൾ പൂച്ചയെ ചാക്കിൽ കെട്ടി തോട്ടിൽ മുക്കി കൊല്ലാൻ പോയിരുന്നു. വെള്ളം ചെന്ന് കുതിർന്നപ്പോൾ, പത്തായത്തിന്റെ പലകമേലുള്ള അഴുക്കലാം ഇളകി, അങ്ങനെ ആദ്യം അടിച്ച പൊറോട്ടായാണ് ആ കാണുന്നത്, കരിമ്പൊറോട്ട!"

അവർ പിന്നീട് എനിയ്ക്ക് തന്ന പൊറോട്ടയുടെ പൊതി ഞാൻ വേഗം അഴിച്ച് നോക്കി, രെണ്ണം കയ്യിലെടുത്ത് മണത്ത് നോക്കി, പിന്നെ ലൈറ്റിനു നേരേ പിടിച്ച് നോക്കി, അത് കണ്ട് അവർ വീണ്ടും ചിരിച്ചു. അപ്പോഴേയ്ക്കും കഥാനായകൻ ലാലൻ തന്നെ വന്നു

" ആദ്യ മൂന്നെണ്ണം പോയി, പിന്നീട് ചൊക്കലിന്റെ വീട്ടീന്ന് പലകയെടുത്ത് അതിലാണടിച്ചത്, പേടിയ്ക്കേണ്ട, നീ കഴിച്ചോ, ഞങ്ങൾ ഇവിടെ തന്നെ ഉണ്ട്, പാടത്തൂടെ ഒന്നു നടന്നാ കൈച്ചാൽ ചാടി തിരികെ വരാം, പത്രവും, വേസ്റ്റും കൊണ്ട് ദൂരെ കളഞ്ഞിട്ടേ പോകൂ, പിന്നെ നീ ആ സ്പ്രേ ഒന്നടിച്ചാൽ മതി ആരും അറിയില്ല"

ഒരു ഗാനമേളയുണ്ടെങ്കിൽ അതിന്റെ ഇടയ്ക്കിരുന്ന് ഒരു കുരിശുപോലെ കമ്പ് കെട്ടി സ്വന്തം ഷർട്ടൂരി തൂക്കി, തലയായി ഒരു ബലൂൺ കെട്ടി പാട്ടിനൊപ്പം മുകളിലോട്ട് തുള്ളിച്ചും, കൂവി വിളിച്ചു അർമ്മാദിയ്ക്കുന്ന പാർട്ടികളാണ്, അത് കളഞ്ഞിട്ട് ഇവിടെ ഞാൻ ആഹാരം കഴിയ്ക്കാൻ കാവലിരിയ്ക്കുന്നത്! അതിനാൽ ഞാൻ തിരക്കി

"അത് ശരി, നിങ്ങൾ ഗാനമേളയ്ക്ക് പോയില്ലേ?"

ഒരു കോറസ്സ് ആയിരുന്നു പിന്നീട് കാതുകളിൽ പതിച്ചത്, ഐകകണ്ഠേനയുള്ള ഉറച്ച ശബ്ദം..

"ഓ, ഇവന്മാരുറ്റെ ഗാനമേളാ ആയാപറമ്പത്ത് കളരിയ്ക്കലിൽ അടുത്ത ഒന്നാം തീയതി ഉണ്ടെടാ, അന്ന് നമുക്ക് ഒന്നിച്ച് പോകാമല്ലോ? എക്കാലക്സ്സും (എന്റെ സൈക്കിൾ) നീയും ഉണ്ടെങ്കിൽ നമ്മൾ ആലപ്പുഴ മുല്ലയ്ക്കൽ പോയും അവന്മാരുറ്റെ ഗാനമേള കാണില്ലേ? അത് വിട്.."

അങ്ങനെയാണ് എന്നെ പലപ്പോഴും ഇരുട്ടത്ത് ഭയപ്പെടുത്തിയ കരിമ്പൂച്ചയോടുള്ള കണക്ക് ഞാൻ തീർത്തത്, അതിനു സഹായിച്ചത് എന്റെ ചങ്ക് ബ്രോസ്സും! 

No comments:

Post a Comment