സ്ത്രീകളെ, അവരുടെ സൗന്ദര്യത്തെ, അംഗപ്രത്യംഗ ലാവണ്യത്തെയൊക്കെ പ്രകീർത്തിക്കുന്ന നിരവധി ഗാനങ്ങൾ നമ്മൾ ഈ ക്ളാസ്സിലൂടെ വിശകലനം ചെയ്തുകഴിഞ്ഞു. ഇനി ഒരു സ്ത്രീയുടെ കണ്ണീലൂടെയുള്ള പുരുഷസൗന്ദര്യദർശനം അറിയാം. അഭിനയിച്ചതും ആലപിച്ചതും സ്ത്രീകളെങ്കിലും രചന വയലാറും, സംഗീതം ദേവരാജൻ മാസ്റ്ററും ആണീ ഗാനം വിഷ്ണുവിജയം എന്ന സിനിമയ്ക്കായി അണിയിച്ചൊരുക്കിയത്.
ഇവിടെ നായിക വിവശയാണ്, വശംവദയാണ്, ദുർബ്ബലയാണ്; എല്ലാം സംഭവിച്ചത് നായകന്റെ യൗവ്വനം കാരണമാണ്, അവന്റെ കണ്ണുകൾ അവൾക്കായി തടവറയൊരുക്കി, യൗവ്വനത്തിന്റെ തിരിച്ചറിയാനാവാത്ത ഏതോ ഇന്ദ്രജാലപ്രയോഗത്താൽ അടിമയുമാക്കിക്കളഞ്ഞു. മറ്റുവഴികളൊന്നുമില്ലാത്ത അവസ്ഥയിലാണവളിപ്പോൾ!
പുഴയുടെ കൈകളാൽ പൊതിയുന്നു എന്നതിൽ നിന്നും ഇവിടെ മറ്റൊരു കുളിരംഗത്തെയാണ് പ്രതിപാദിക്കുന്നത് എന്ന് ഗ്രഹിക്കാം, എങ്കിലും ഇത്തവണ നായകന്റെ സ്നാനം വീക്ഷിക്കുന്ന നായികയാണ്, ഒരു പരസ്യവാചകം പോലെ "ഒരു ചെയ്ഞ്ച് ആരാണിഷ്ടപ്പെടാത്തത്?" സുന്ദരനായ അവൻ പുഴയിൽ കുളിക്കുമ്പോൾ പഞ്ചലോഹമണിവിഗ്രഹം പനിനീരിൽ അഭിഷേകം ചെയ്തത് പോലെ ആണ്, അതും കൃഷ്ണവിഗ്രഹം! എന്തായാലും കുളിച്ച് ഈറനായി നിൽക്കുന്ന അവനെ അവൾ സ്വന്തം ചുരുള്‍മുടിയാല്‍ മെയ്യ് തോര്‍ത്താന്‍ ആഗ്രഹിക്കുന്നു, അതിന് അവൻ അനുവദിച്ചാൽ നിർവൃതിയായി...
അവന്റെ ചുംബനകുശലത അവളുടെ ദൗർബ്ബല്യങ്ങളിൽ ഒന്നാണ്, അതിനാൽ തന്നെ മനസ്സിൽ വിടരുന്ന പ്രണയപ്പൂക്കൾ ചുണ്ടുകളിൽ തൊടുക്കുന്ന അവൻ, കാമദേവൻ ഇടത്തെ തോളിൽ പേരുന്ന പവിഴത്താലുള്ള ആവനാഴി പോലെയാണവൾക്ക്. അവനാകുന്ന തൂണീരത്തിലെ അസ്ത്രങ്ങളായ പഞ്ചപുഷ്പങ്ങളിലെ പരാഗരേണുക്കൾ മെയ്യിലാകെ ചാർത്തുവാൻ അവൾ അനുവാദം ചോദിക്കുകയാണ്.
ചുരുക്കിപ്പറഞ്ഞാൽ ഏതായാലും ജലത്തിലാണ്, അതൊരു ജലക്രീഡയായോ, രതിക്രീഡയായോ ആയി പുരോഗമിക്കണമെന്ന് നായിക ആഗ്രഹിക്കുന്നു, വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കുവാനും, ലീലകളാടുവാനും അവൾ തയ്യാറാണ്; നായകൻ അൽപ്പം കൂടി മുൻ കൈ എടുത്ത് കാര്യപരിപാടികൾ നടത്തേണ്ടിയിരിക്കുന്നു.
ഇവിടെ ദോശമാവ് റെഡിയാണ്, ദോശക്കല്ല് ചൂടാണ്; ആ തവിയും ചട്ടുകവും എവിടെ പോയിക്കിടക്കുന്നോ... എന്തോ?
ഇനി ഗാനം ആസ്വദിക്കാം....
എന്നെ നിന്‍ കണ്ണുകള്‍ തടവിലാക്കി
എന്നെ നിന്‍ യൗവ്വനം അടിമയാക്കി
ഏതിന്ദ്രജാല പ്രയോഗം കൊണ്ടു നീ
എന്നെ വശംവദയാക്കി നിന്‍ മുന്നില്‍
എന്നെ ദുര്‍ബലയാക്കി....
പുഴയുടെ കൈകള്‍ പൊതിഞ്ഞുപിടിക്കും
പുരുഷസൗന്ദര്യമേ....
നീ പഞ്ചലോഹ മണികൃഷ്ണവിഗ്രഹം
പനിനീരാടിയ പോലെ
എന്‍ ചുരുള്‍മുടിയാല്‍ നിന്മെയ് തോര്‍ത്താന്‍
എന്നെ അനുവദിക്കൂ...എന്നെ അനുവദിക്കൂ...
ആഹാ...ആഹാ..ആഹാ...ആ....
മനസ്സിലെ പൂക്കള്‍ ചൊടികളില്‍ തൊടുക്കും
പ്രണയകൗശലമേ.....
നീ പഞ്ചബാണനിടം തോളിലിട്ടൊരു
പവിഴത്തൂണീരം പോലെ
എന്‍ മെയ്യാകെ നിന്‍ പൂമ്പൊടി ചാര്‍ത്താന്‍
എന്നെ അനുവദിക്കൂ...എന്നെ അനുവദിക്കൂ...
ആഹാ...ആഹാ..ആഹാ...ആ....
https://www.youtube.com/watch?v=dMmn-U96zyA
No comments:
Post a Comment