Thursday, May 31, 2018

പുണരാത്ത പൂമൊട്ട്

ലളിതഗാനശാഖയിലെ തരംഗിണിയുടെ ഗാനം, ശ്രീയുടെ രചനയിൽ ദക്ഷിണാമൂർത്തി സംഗീതം നൽകി, യേശുദാസ്സ് ആലപിച്ച "ആദ്യത്തെ നോട്ടത്തിൽ കാലടി കണ്ടു" ഒരു കാലത്ത് വിദ്യാലയങ്ങളിൽ പാടിയ പലർക്കും അടി കിട്ടിയിട്ടുണ്ട്. സിനിമയിൽ പലവട്ടം കണ്ട കാഴ്ച്ചയായ കാലിന്റെ പാദം മുതൽ മുകളിലോട്ട് കാണിച്ചുള്ള അവതരണരീതിയാണ് ശ്രീ പിന്തുടരുന്നത്. 

വർണ്ണ്യമായ പെൺകുട്ടിയുടെ വസ്ത്രം എന്താവാം? എന്ന ഒരു കൗതുകം ഉണർത്തുന്ന പദവിന്യാസമാണ് ഗാനത്തിന്റെ പല്ലവിയിൽ. കാലടി ദൃശ്യമാകുന്ന തരം വസ്ത്രമാകണം അവൾ ധരിച്ചിരിക്കുന്നത്, അൽപ്പസ്വൽപ്പം മേദസ്സുള്ളവളാണെന്ന് വയറിലെ ഞൊറിവുകൾ സൂചിപ്പിക്കുന്നത് ശരിതന്നെ, എങ്കിലും അവ ഇത്രയ്ക്കങ്ങോട്ട് വ്യക്തമായി കാണണമെങ്കിൽ അരക്കെട്ടിനു താഴേക്കും മാറുമുതൽ മുകളിലോട്ടും വേർതിരിക്കുന്ന വസ്ത്രമാകണം; ആരോരും പുണരാത്തതെന്ന് സങ്കൽപ്പിച്ച ആ പൂമൊട്ടുകൾ എങ്ങനെ കണ്ടു? എന്നതും ചോദ്യമാണ്. നുകരാത്തതല്ല എന്നതിനാൽ ചൊടിയല്ല എന്നുറപ്പിക്കാം, പുണരാത്ത മൊട്ട് മാറിടത്തിലെ കലശമാണെങ്കിൽ അത് നഗ്നമായി ആദ്യകാഴ്ച്ചയിൽ കാണുന്നത് എങ്ങനെയെന്ന് അറിയില്ല, ഒരു പക്ഷേ വസ്ത്രങ്ങളാൽ ആവരണം ചെയ്യപ്പെട്ട കാഴ്ച്ചയാവാം. ഏതായാലും അവസാനം കണ്ണ് കണ്ണിൽ ഉടക്കി കാര്യങ്ങൾ മുന്നോട്ട് നയിക്കുന്നു. ആദ്യം കണ്ണിൽ തുടങ്ങി, താഴോട്ട് ഉമ്മറം ആകെയൊന്ന് നോക്കി, പിന്നെ നടന്നുമറയുന്നവളുടെ പിന്നാമ്പുറം കൂടി മനസ്സിലാക്കുകയാണ് സാധാരണരീതി!

"എനിക്കൊരു വള്ളം പണിത് തരുമോടീ" എന്ന് ചോദിച്ച് കരയിച്ചിരുന്ന ബാല്യകാലസഖി ഒരു സുശീല മനസ്സിൽ കയറി വരുന്നു. ആശാരി വിഭാഗത്തിൽ പെട്ട കൊലുന്നനെയുള്ള ആ സുന്ദരിപ്പെണ്ണിനെ കളിയാക്കാൻ അന്നുപയോഗിച്ച ആ പ്രയോഗം ഇന്നാണെങ്കിൽ പ്രശ്നമായേനേ! യു. പി. സ്ക്കൂളിനു ശേഷം പിന്നീട് ആദ്യമായി കണ്ടത് ഞാൻ ക്രിക്കറ്റ് കളി കഴിഞ്ഞ് സൈക്കളിൽ തിരിച്ച് വരുമ്പോൾ, അവളുടെ വീടിനു തൊട്ടടുത്ത കുളത്തിൽ ഒരു അരപ്പാവാടയും, ബ്ളൗസ്സും ധരിച്ച നിലയിൽ; ഏതാണ്ടിതേ മട്ടിൽ ഒരു കാഴ്ച്ച! പിന്നീട് രാവിലെ കോളേജിൽ പോകുന്ന വഴി ബസ്സിൽ വച്ച് എന്റെ കയ്യ് അവളുടെ ഷർട്ടിനുള്ളിൽ കുടുങ്ങി രണ്ടാളും ചമ്മി നാശകോശമായിടം വരെയെത്തി കാര്യങ്ങൾ! അത് പോട്ടെ ആ രവീന്ദ്രന് എന്നോട് എന്തോ വ്യക്തിവിരോധമുണ്ട് അല്ലെങ്കിൽ ഇത്തരം പാട്ടിനെപ്പറ്റി എഴുതാൻ എന്നെ നിർബന്ധിക്കുമോ? വെറുതെ മനുഷ്യനെ ചീത്തയാക്കാനെക്കൊണ്ട്......

നമുക്ക് ഗാനത്തിലൂടെ പോകാം...

ആദ്യം വിളിച്ചപ്പോൾ കേട്ടില്ല എന്ന മട്ടിലങ്ങ് നടന്നു, അല്ല പിന്നെ! ഇയാളു വിളിച്ചാലുടൻ തിരിഞ്ഞ് നിന്ന് കുശലം പറയാൻ ക്യൂവിലെ ഏകവ്യക്തിയൊന്നുമല്ലല്ലോ! വീണ്ടും വിളിച്ചപ്പോൾ "പേരതല്ല" എന്നാണ് മറുപടി, അതായത് പ്രതികരണം ഉണ്ടെന്നർത്ഥം, പേര് ചോദിച്ചാലോ പാവം പേരക്കയ്ക്ക് കിടക്കപ്പൊറുതിയില്ലാതാവും, അതൊക്കെ ആണൊരു നാട്ടുനടപ്പ്. "പിന്നാലെ നടന്നിട്ട് വലിയ കാര്യമൊന്നുമില്ല" എന്നൊക്കെ പറയണം, കാരണം എളുപ്പം കിട്ടുന്നതിനൊന്നും ആണുങ്ങൾ അത്ര വില കൊടുക്കില്ല, നിലനിർത്താൻ പാടുപെടുകയുമില്ല; ഇത് വിവാഹിതകൾക്ക് കുടുംബജീവിതത്തിലും ബാധകമാണെന്ന് തോന്നുന്നു, ഭർത്താവിനായാലും അൽപ്പം ലുബ്ധിയായാൽ നന്ന്, എന്നാൽ അതി സർവ്വത്ര വർജ്ജയേൽ എന്ന് മറക്കാനും പാടില്ല! പിന്നെയും വിളിച്ചപ്പോൾ "ശ്ശോ.. ഇത് എന്നേം കൊണ്ടേ പോകത്തുള്ളൂ" എന്ന തോന്നലാലാകാം വിറയൽ വന്ന് നിന്ന് പോയത്!

ആദ്യം തൊട്ടപ്പോൾ "അയ്യോ നാണമെന്ന്" പ്രതികരണം, ഇത് കഴിഞ്ഞ തലമുറയുടെ പ്രതികരണമാണ്, ഇപ്പോൾ ബാധകമല്ല. എന്നാലും ഇവൻ എവിടെയാണ് കയറി തൊട്ടത് ഇത്രയ്ക്ക് നാണമൊക്കെ വരാൻ? കൈകളിലോ കവിളിലോ ആവാൻ വഴിയില്ല, അൽപ്പം ആക്രാന്തം ആയോ? "ആരാനും കണ്ടെന്നാൽ മാനം പോകും" എന്നത് വളരെ പ്രസക്തമായ, വിശാല അർത്ഥതലമുള്ള ഒരു പ്രയോഗം ആണ്. എനിക്ക് വിരോധമില്ല, എന്നാൽ ആരെങ്കിലും കണ്ടാൽ മാത്രം ഇത് പ്രശ്നമാണ് എന്നത് ആണിനു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. കുടുംബജീവിതത്തിൽ തന്നെ "അയ്യേ വാതിൽ തുറന്നിട്ടിട്ടാണോ?" എന്നോ  "എന്നാൽപ്പിന്നെ ആ ജനലടച്ചൂടേ?" എന്നോ ഉള്ള ഒരു ചോദ്യം,  ഒരു പരിരംഭണമോ ചുംബനമോ മാത്രം ഉദ്ദേശിച്ചവനെ ശുദ്ധമദ്ദളത്തിൽ എത്തിക്കുന്നത് സാധാരണമാണല്ലോ! "എന്തെങ്കിലും വന്നാൽ എന്ത് ചെയ്യും?" എന്ന ചോദ്യം സംഗതികൾ അവസാനഘട്ടത്തിലേയ്ക്ക് കടന്നതിന്റെ ലക്ഷണമാണ്. പഴയതലമുറയെ ഈ ചോദ്യം വളരെയധികം കുഴച്ചിരുന്നു; എന്നാൽ ഇന്ന് ഒരു ഐ-പിൽ 72 മണിക്കൂറിനകം കഴിച്ചാൽ സംഗതി വെടിപ്പാകുമെന്നതിനാൽ, ഈ ചോദ്യം പുതിയ തലമുറയ്ക്ക് അപ്രസക്തമായി തോന്നാം. തന്നിലെ എല്ലാം ഏറ്റുവാങ്ങിയ ആ പുരുഷൻ തന്റേത് മാത്രമാകണമെന്നും, അവന്റെ പ്രണയം അവൾക്ക് എപ്പോഴും വേണമെന്നും തോന്നുന്നത് തികച്ചും സ്വാഭാവികവും, ന്യായവുമായ അവകാശം മാത്രമാണ്. അതിനാൽ അവൾ ആ മാറിൽ സ്ഥലവും സൗകര്യവും ഒത്തുവരുമ്പോഴൊക്കെ ആനന്ദം കണ്ടെത്തിയെങ്കിൽ അതിലൊരു തെറ്റുമില്ല. പിന്നിതൊക്കെ "ആ സമയവും, ആ സ്ഥലവും, പിന്നെ ആ പെണ്ണും " എന്ന ചിന്തക്കതീതമായി ഒരു പുരുഷൻ  " ലഭ്യമായ എല്ലാ സമയവും, അനുചിതമായ എല്ലാ സ്ഥലവും പിന്നെ ആ ഒരേ ഒരു പെണ്ണും" എന്നരീതിയിൽ പാടുന്നതെന്ന് പ്രത്യേകം ഓർക്കണം.

ഈ വിവരണം വായിച്ച് ആരും രക്തസമ്മർദ്ദം കൂട്ടരുത്, അഥവാ അങ്ങനെ കൂടിയാൽ..  ആചര്യൻ യാതൊരു വിധത്തിലും ഉത്തരവാദി ആയിരിക്കുന്നതല്ല...

ഗാനം കേട്ടോളൂ..... സമ്മർദ്ദം കുറയട്ടേ.... അതോ കൂടുമോ???? ആ... ആർക്കറിയാം...
"ആദ്യത്തെ നോട്ടത്തിൽ കാലടി കണ്ടൂ
അടുത്ത നോട്ടത്തിൽ ഞൊറിവയർ കണ്ടൂ
ആരോരും പുണരാത്ത പൂമൊട്ടും കണ്ടൂ
പിന്നത്തെ നോട്ടത്തിൽ കണ്ണു കണ്ണിൽ കൊണ്ടൂ

ആദ്യം വിളിച്ചപ്പോൾ കേട്ടില്ല പോലും
വീണ്ടും വിളിച്ചപ്പോൾ പേരതല്ല പോലും
പിന്നാലെ നടന്നാലും വരില്ലെന്നു മൊഴിഞ്ഞു
പിന്നെ ഞാൻ വിളിച്ചപ്പോൾ വിറയലാർന്നു നിന്നു

ആദ്യം ഞാൻ തൊട്ടപ്പോൾ
അയ്യോ നാണമെന്നായ്
ആരാനും കണ്ടെന്നാൽ മാനം പോകുമെന്നായ്
എന്തെങ്കിലും വന്നാലെന്തു ചെയ്യുമെന്നായ്
പിന്നെയെൻ മാറിൽ നിന്നും മാറികില്ലെന്നായ്"

https://www.youtube.com/watch?v=Y5rjmURIFPI

No comments:

Post a Comment