രൂപവതീ.. എന്ന് നായികയെ സംബോധനചെയ്യുന്ന അനേകം ഗാനങ്ങൾ മലയാളത്തിലുണ്ട്, മിക്ക ഗാനങ്ങളും രചനയിലും സംഗീതത്തിലും മികച്ചവയാണ്, അതിനാൽ തന്നെ പ്രസിദ്ധവുമാണ്. പൊന്നാപുരം കോട്ട എന്ന ചലച്ചിത്രം അല്ലെങ്കിൽ തന്നെ വിജയശ്രീയുടെ അംഗസൗന്ദര്യം കൊണ്ട് ശ്രദ്ധ വളരെയേറെ നേടിയ ഒന്നാണ്. മന്ത്രമോതിരവും, കന്നിയുടെ നീരാട്ടും ഗാനങ്ങളായി മലയാളിയെ ഭ്രമിപ്പിച്ചിട്ടുണ്ട്; അതിനൊരു അനുബന്ധമാണ് വയലാർ രചിച്ച്, ജി.ദേവരാജൻ സംഗീതം നൽകി, യേശുദാസ്സ് ആലപിച്ച്, കുഞ്ചാക്കോ ചിത്രീകരിച്ച "രൂപവതി രുചിരാംഗി രോമാഞ്ചം ചൂടി വരൂ".
ഒരു കാമുകിയെ സംബോധനചെയ്യുവാൻ എന്തെല്ലാം പദങ്ങൾ വയലാർ നൽകുന്നു? അതിൽ ഗുണപ്രശംസയാണേറെയും! ആകെക്കൂടി രൂപവതിയാണവൾ, അംഗങ്ങൾ ഒന്നൊന്നായി അവലോകനം ചെയ്താലും രുചിരം ആണ്; അതായത് ഭംഗിയുള്ളതോ രുചിയുള്ളതോ ആണെന്നാണ് വാച്യാർത്ഥം, ഇഷ്ടം പോലെ അങ്ങോട്ട് കരുതിക്കൊള്ളൂ.... അവൾ മോഹവതി ആണ് അത് കൊണ്ടാണല്ലോ അടുത്തേയ്ക്ക് വരുമ്പോൾ രോമാഞ്ചം ചൂടുന്നത്! അംഗങ്ങൾ മധുരം നിറഞ്ഞവയാണ്, കാഴ്ച്ചയിൽ ആയാൽ മുമ്പ് പറഞ്ഞ ഭംഗിയുള്ളതാകും, രുചിച്ചാൽ, രുചിയുള്ളതാകും, ഇതൊന്നുമല്ല അനുഭവിച്ചാൽ.... അതും മധുരം തന്നെ! ചൂട് മനുഷ്യശരീരത്തിൽ മുഴുവൻ ഉള്ളതാണ്, കാമുകിയെ ഒരു പുതപ്പായി പുതയ്ക്കാൻ ആഗ്രഹിച്ച നായകനെ മുമ്പും നമ്മൾ പരാമർശിച്ചിട്ടുണ്ട്; പക്ഷേ "മാറിലെ ചൂട് തരൂ" എന്ന് മാത്രം പറയുമ്പോൾ, രുചിച്ച് മധുരമുണ്ടെന്ന് തീർച്ചപ്പെടുത്തിയ ആ അംഗം സ്തനങ്ങളല്ലേ എന്നൊരു സംശയം തോന്നാമെങ്കിലും അത് സിലബസ്സിൽ ഇല്ലാത്തതിനാൽ കുട്ടികൾ ക്ളാസ്സിൽ ചർച്ച ചെയ്യേണ്ട, ഗൃഹപാഠത്തിൽ വേണമെങ്കിൽ ആവാം!
ഈ രൂപവതി വരുന്ന ഇടം അത് ഒരു കിടപ്പറയാണോ? കാറ്റും, കുളിരും ധാരളമുള്ള ഇടം ആയതിനാൽ പ്രകൃതിയിലെ ഒരു ഇടമാണെന്ന് പറയാം; പക്ഷേ ആ കാറ്റും കുളിരുമൊന്നും ഒന്നുമല്ല എന്ന് തൊട്ട് മുമ്പ് ചൂട് വേണമെന്ന് പറഞ്ഞ ആൾ പറയുകയാണ് ചരണത്തിൽ. ഒപ്പം ഇത്തവണ നമ്മൾ പറഞ്ഞ ആ പുതപ്പാകുന്നിടത്തേയ്ക്ക് കാര്യങ്ങൾ വേറൊരു രീതിയിൽ എത്തുന്നു. ഇണയരയന്നമേ എന്നാണ് ഇത്തവണ സംബോധന, അരയന്നം പൊതുവിൽ വെള്ളത്തിലൊക്കെ നീന്തുന്നതും, തണുപ്പുള്ളതുമാണ്. അതിന്റെ പട്ട് പോലെയുള്ള ഇളം പീലികൾ കൊണ്ടുള്ള ചിറകുകളാൽ പൊത്തിപ്പൊതിഞ്ഞ് നിൽക്കുവാനോ കിടക്കുവാനോ ആഗ്രഹിക്കുന്ന നായകൻ അൽപ്പം ആശയക്കുഴപ്പത്തിൽ ആണ്, അങ്ങനെ പൊതിയുമ്പോൾ ലഭിക്കുന്നത് കുളിരോ ചൂടോ? എന്ന്, അത് തന്നെയാണ് പ്രകൃതിയുടെ ഈ കുളിരൊന്നും ഒരു കുളിരല്ല എന്ന് പറഞ്ഞ് പോയതും! ഒന്ന് ഒത്തിപ്പറന്നെങ്കിൽ എന്ന് പറയുമ്പോൾ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാണ്, വന്യമായി, നായിക മുൻ കൈ എടുത്ത് നായകനെ രതിയുടെ ആകാശഗോപുരങ്ങളിലേയ്ക്ക് എത്തിക്കുവനാണ് ആവശ്യപ്പെടുന്നത്. ആ സമയം നായികയുടെ നീല പൊയ്കയുടെ മടിത്തട്ടിൽ, രതിയ്ക്ക് നീലയുമായുള്ള അഭേദ്യബന്ധം ഒരിക്കലും വിട്ടുമാറില്ലെന്ന് തോന്നുന്നു! ഒരു നെയ്തലാമ്പലായ് നായകൻ വിടരാൻ ആഗ്രഹിക്കുന്നു, അതിപ്പോൾ അവിടെ അങ്ങനെ ഒക്കെ പൊയ്കയാകുമ്പോൾ താമര്യായും, താമരയാകുമ്പോൾ വണ്ടായുമൊക്കെ മാറണമല്ലോ, അതല്ലേ അതിന്റെ ഒരു രീതി!
വീണ്ടും നായകൻ അവിടെ തന്നെ കറങ്ങി നിൽക്കുകയാണ്, ഈ മഞ്ഞ് മഞ്ഞല്ല, ഈ അമൃത് അമൃതുമല്ല, പിന്നെയോ.... നായികയുടെ മുത്തണിപ്പന്തലിലെ മുന്തിരിക്കുടുക്കകൾ മൊത്തിക്കുടിക്കുമ്പോൾ കിട്ടുന്ന ആ ഒരു അമൃതുണ്ടല്ലോ അതാണ് അമൃത്; അവളുടെ മെയ്യിൽ ചുറ്റിപ്പടരുമ്പോൾ അനുഭവിക്കുന്ന ആ മഞ്ഞുണ്ടല്ലോ അതാണ് മഞ്ഞ്, മൂടൽ മഞ്ഞല്ല, ആകെമൂടിപ്പോകുന്ന മഞ്ഞ്! കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് മുന്തിരിവള്ളികളിലെ മുന്തിരി രുചിക്കുകയല്ല ഇവിടെ ചെയ്യുന്നത് എന്നതാണ്; നായികയുടെ ശരീരമാകുന്ന പന്തലിൽ കുടുക്കയിൽ ശേഖരിച്ച മുന്തിരിച്ചാറ് മൊത്തിക്കുടിക്കുകയാണെന്റെ ശിവനേ... ഈ വയലാർ എന്നെ ഹെഡ്ഡ്മാസ്റ്ററുടെ വഴക്ക് കേൾപ്പിക്കുമോ? നായികയുടെ കഴുത്തിലും, അരക്കെട്ടിലും ഒരു നീല.. ശ്ശോ വീണ്ടും നീല... രത്നമായി നായകന് പതിക്കണം; ശരി ഉടമയ്ല്ല് സമ്മതമാണെങ്കിൽ കരമൊഴിവാക്കി തന്നെ പതിച്ചെടുത്ത് കൊള്ളൂ... നമ്മക്ക് എന്ത് ചെയ്യാനൊക്കും?
കുട്ടികൾ ഇതിന്റെ രജിസ്ടേഷൻ, ടാക്സേഷൻ തുടങ്ങിയ വിഷയങ്ങളിൽ തല പുണ്ണാക്കാതെ, ഗാനം ആസ്വദിക്കൂ.....
"രൂപവതി രുചിരാംഗി രോമാഞ്ചം ചൂടി വരൂ
മോഹവതി മധുരാംഗി മാറിലെ ചൂട് തരു
ഈ കാറ്റും കാറ്റല്ല ഈ കുളിരും കുളിരല്ല
ഇണയരയന്നമേ....
നിന്റെ പട്ടിളം പീലി കൊണ്ട്
നെയ്തൊരീ ചിറകുകള്‍ പൊത്തിപ്പൊതിഞ്ഞെങ്കില്‍
ഒന്ന് കൊത്തിപ്പറന്നെങ്കില്‍
നിന്റെ നീലപ്പൊയ്കതന്‍ മടിത്തട്ടില്‍
ഒരു നെയ്തലാമ്പലായ് ഞാന്‍ വിടര്‍ന്നെങ്കില്‍
ഈ മഞ്ഞും മഞ്ഞല്ല ഈ അമൃതും അമൃതല്ല
ഇണയരയന്നമേ....
നിന്റെ മുത്തണിപ്പന്തലിലെ
മുന്തിരിക്കുടുക്കകള്‍ മൊത്തിക്കുടിച്ചെങ്കില്‍
മെയ്യില്‍ ചുറ്റിപ്പടര്‍ന്നെങ്കില്‍
നിന്‍റെ തൂവല്‍ കഴുത്തില്‍ അരക്കെട്ടില്‍
ഒരു നീല രത്നമായ് ഞാന്‍ പതിഞ്ഞെങ്കില്‍"
https://www.youtube.com/watch?v=utgd2-uhkxw
No comments:
Post a Comment