Monday, June 11, 2018

മറ്റൊന്തോകൊതിച്ച ഹൃദയം

ആയിരം കിനാവുകൾ വന്ന് മോഹനമായ കാഴ്ചകളുടെ പറുദീസതന്നെ കാട്ടിത്തരാമെന്ന് പറഞ്ഞിട്ടും കൂടെപ്പോകാൻ തയ്യറാകാത്ത കണ്ണുകളെപ്പറ്റിയുള്ള ആ ഗാനം,  ഭൂമിദേവി പുഷ്പിണിയായി എന്നസിനിമയ്ക്കുവേണ്ടി വയലാർ രചിച്ച്, ദേവരാജന്മാസ്റ്റർ സംഗീതംനൽകി, പി. സുശീല ആലപിച്ചതാണ്. നായിക വിവാഹിതയാണ്, യൗവ്വനത്തിൻ്റെ തള്ളിക്കയറ്റം അനുനിമിഷമനുഭവിച്ച് സ്വയം തളരുന്ന അംഗപ്രത്യംഗധരാളിത്തത്തിനുടമയാണ്, എന്നിട്ടും രാപ്പടിയോടൊപ്പം ഉണർന്നിരുന്ന്  രാവിൻ്റെ ആ രണ്ടം യാമത്തിലും ആരാദ്യം പാട്ടുനിർത്തണമെന്ന ദ്വിവിധയിലാണവൾ. 

പാതിരാത്തണുപ്പും മഞ്ഞും വീണ പ്രകൃതിയിൽ ചൂടിനോടുള്ള അഭിനിവേശം തികച്ചും ആശാസ്യമാണ്. മേനിയിലെ ചൂടും, മാറിലെ ചൂടുമൊക്കെ ഉയർത്താനും, ഉണർത്താനും, പകരാനുമൊക്കെ സ്ഥലവും, സമയവും, സാഹചര്യവും ഒത്തിണങ്ങിവന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ വീട്ടിനകത്തെ രാപ്പാടി തച്ചിനിരുന്നെഴുത്താണ്, എങ്ങേരെന്തൊരു മനുഷ്യനാണപ്പാ??? ക്ഷമയുടെ നെല്ലിപ്പലക കണ്ട നായിക ഗായികയായി മാറുന്നു, വിലാസനർത്തകിയായി മാറുന്നു, വികാരഭരിതമായി അവൾ അഭ്യർത്ഥിക്കുന്നു "പാട്ടുനിർത്തി കിടക്കൂ രാപ്പാടീ.." പക്ഷികൾ കിടന്നാണോ ഉറങ്ങുക? ഏതെങ്കിലും കൂട്ടിലോ, പൊത്തിലോ, മരക്കമ്പിലോ ഇരുന്നുറങ്ങും, അത്രതന്നെ! അപ്പോൾ കിടന്നുറങ്ങേണ്ട രാപ്പാടി വേറെയാണ്; ഇനിയെങ്കിലും മനസിലാക്കാൻ ശ്രമിക്കൂ മനുഷ്യാ...

എനിക്ക് തണുക്കുന്നു, വേഗം വന്നൊരു പുതപ്പായി എന്നെ പൊതിയൂ എന്നൊക്കെയങ്ങ് ചാടിക്കയറി ആവശ്യപ്പെടാൻ കഴിഞ്ഞതലമുറയിലെ നായികമാർക്കത്ര ധൈര്യം ഉണ്ടായിരുന്നില്ല; അവരെക്കൊണ്ട് അങ്ങനെ തുറന്ന് പറയിക്കാൻ സമൂഹികമനസ്സറിയുന്ന വയലാറിനും കഴിയുമായിരുന്നില്ല. അതിനാൽ കോടക്കാറ്റുകയറിവരുന്ന ഈ ജാലകങ്ങൾ അടച്ചോട്ടേ? കുളിർക്കാറ്റ് വീശിയടിക്കുന്ന ഈ പങ്ക നിറുത്തട്ടേ? എന്നൊക്കെ ചോദിച്ചു നോക്കി, എവിടെ! അങ്ങേർക്ക് ഒരു കുലുക്കവുമില്ല. അതിനാൽ തന്നെ കുറച്ചുകൂടി തെളിച്ചുപറയാൻ അവൾ നിർബന്ധിതയായിത്തീർന്നു. ആയിരം കമ്പിളിപുതപ്പിട്ടുപുതച്ചാലും, എത്രായിരം കിനാവുകൾ വന്ന് മോഹനവാഗ്ദാനങ്ങൾ തന്നാലും, അവൾക്ക് ഉറക്കം വരുമോ? കാരണം ഭർത്തൃമതിയായ അവളുടെ ഹൃദയം മറ്റെന്തോ ആണ് കൊതിക്കുന്നത്, പാട്ടുനിർത്തി കിടക്കാനേ പറഞ്ഞുള്ളൂ, ഉറങ്ങാൻ പറഞ്ഞില്ലാന്ന് ചുരുക്കം! അതായത് രമണാ... തണുപ്പുണ്ട് പക്ഷേ അതിനു കമ്പളിപ്പുതപ്പല്ല വേണ്ടത്, കിടക്കണം പക്ഷേ അത് കിനാവുകണ്ട് ഉറങ്ങാനല്ല, സംഗതി ചെക്കായോ, ഡ്രാഫ്ടായോ താൽപ്പര്യമില്ല രൊക്കം കാശായി, ഇപ്പോൾ കിട്ടണം, അല്ല പിന്നെ! നായിക അൽപ്പം അധികപ്പറ്റായീന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എന്നാൽ അവർക്കിടയിൽ ഒരു സൗന്ദര്യപ്പിണക്കം നടക്കുകയാണെന്നും മഞ്ഞുരുക്കാനുള്ള ശ്രമമാണെന്നും സങ്കൽപ്പിക്കാം, അപ്പോൾ എല്ലാം വ്യവസ്ഥപിതവും, വിഹിതവുമാകും!

ഏതായാലും ഇത്രയും പാട്ടും ശല്യപ്പെടുത്തലുമായപ്പൊൾ നായകൻ എഴുത്തുനിർത്തി എണീറ്റു, എന്നിട്ട് ഊഞ്ഞാലാടാൻ പോയി, ഈശ്വരാ, സത്രുക്കൾക്കുപോലും ഇങ്ങനെയൊന്നും വരുത്തരുതേ...

ഒരു ഹിന്ദിസിനിമാപ്പാട്ടിൽ കണ്ടരംഗമോർമ്മവരുന്നു, ശാന്തനായി കിടന്നുറങ്ങുന്ന കാമുകൻ്റെ മേൽ കയറിക്കിടന്ന്, ചുംബനപരിരംഭണങ്ങളാൽ അവനിൽ പടർന്നുകയറി അർമ്മാദിച്ച്, കണ്ണുതുറന്ന് നോക്കുന്ന ആ പാവത്തിനെ നോക്കി ഒറ്റപ്പാട്ട് " ബത്തീ നാ ഭുജാ, മുത്സേ ലഗത്താ ഹേ ഡർ " വിളക്കണയ്ക്കരുത് അവൾക്ക് ഭയം തോന്നുന്നെന്ന്! അതവൻ പാടിയാൽ മനസ്സിലാക്കാം!!! ഹോ, നമ്മൾ സിലബസ്സിൽ നിന്നും പുറത്തുപോയി, ഇതൊക്കെ ഹയർസ്റ്റഡിക്കുള്ളതാണ്....

നായകനെ കിടക്കയിലെത്തിച്ച് കാര്യപരിപാടികൾ സുഗമമായി നയിക്കാൻ അവൾ പെടുന്നപാടുകണ്ടിട്ട് സഹതാപം തോന്നുന്നില്ലേ? ഒരുമാതിരി പഴയ ഡീസലെഞ്ചിൻ പോലെ ഇതെത്രനേരം ഹീറ്റാക്കിയാലാണോ ഒന്ന് സ്പാർക്ക് ഉണ്ടായി സ്റ്റാർട്ടാവുക? അവൾ പറയാവുന്നതിൻ്റെ പരമാവധി സഭ്യതയുടെ അതിർവരമ്പുകളിൽ നിന്നുകൊണ്ട് പറയുന്നു.... മെത്തയിൽ കന്നിപ്പൂ വിരിയ്ക്കട്ടേ? ഈ കന്നിപ്പൂ എന്നു പറയുന്നത് നമ്മുടെ തുമ്പ പോലെ പറമ്പിൽക്കാണുന്ന പൂവല്ലേ? ആ മുല്ലയും പിച്ചിയുമൊന്നും കിട്ടിയില്ലെങ്കിൽ വലിയ മണമില്ലാത്ത ആ പൂവുമാകാമല്ലേ? വിളക്ക് കെടുത്തലിൻ്റെ പ്രാധാന്യം, അനിവാര്യത മുമ്പൊരു ക്ളാസ്സിൽ നമ്മൾ വിശദമായി പഠിച്ചതായതിനാൽ വിടുന്നു. ഇണയുടെ ഗന്ധമേറ്റ്, അവൻ്റെ കൈകളാൽ ചുറ്റിവരിയപ്പെട്ട് കിടന്നാലല്ലാതെ ഉറക്കം വരുമോ? പ്രത്യേകിച്ചും സ്വർഗ്ഗങ്ങൾ കൊതിക്കുന്ന ഹൃദയം അതിനുള്ള എല്ലാ സാധ്യതയുമുള്ള ഇങ്ങനെയൊരവസ്ഥയിൽ, അവസരത്തിൽ! അതുകൊണ്ട് പരിഭവമയക്കമൊന്നും വേണ്ട; കാര്യപരിപാടികളിലേയ്ക്ക് വേഗത്തിൽ കടക്കുക, സ്വർഗ്ഗമല്ല, സ്വർഗ്ഗങ്ങളാണ് ലക്ഷ്യമെന്ന് പ്രത്യേകം ശ്രദ്ധിക്കുക പ്രിയ രാപ്പാടീ....

ഈ ഗാനം മുമ്പൊരിക്കൽ ഞാൻ എഴുതാനെടുത്തതായിരുന്നു, എന്നാൽ വേണ്ടത്ര ഉള്ളടക്കം പോരാ എന്ന് തോന്നിയതിനാൽ ആ സംരംഭം ഉപേക്ഷിച്ചിരുന്നു, ഇപ്പോൾ ഡി.പി.എ.പി ആയതിനാൽ കുട്ടികളുടെ നിർദ്ദേശങ്ങൾ കൂടി കരിക്കുലത്തിൽ സ്വീകരിക്കാൻ അദ്ധ്യാപകർ നിർബന്ധിതരാണ്, അതിനാൽ അങ്ങട് പൊലിപ്പിച്ചു, കുട്ടികൾക്കൊക്കെ സന്തോഷമായീന്ന് കരുതുന്നു, ഗാനം ആസ്വദിക്കൂ....

പാതിരാ തണുപ്പു വീണു.. മഞ്ഞു വീണു... 
പാട്ടു നിര്‍ത്തി കിടക്കൂ രാപ്പാടി 

കാറ്റോടും ജാലകങ്ങള്‍ അടച്ചോട്ടെ 
ഈ കാറ്റാടി കുളിര്‍ പങ്ക നിറുത്തിക്കോട്ടെ? 
ആയിരം പുതപ്പിട്ടു പുതച്ചാലും 
എത്രയായിരം കിനാവുകള്‍ വിളിച്ചാലും 
വരുമോ ഉറക്കം വരുമോ? 
മറ്റെന്തോ കൊതിക്കുമീ ഹൃദയം 
ഒരു ഭര്‍തൃമതിയുടെ ഹൃദയം 

ഹേയ്! എന്തിനീ സൌന്ദര്യ പിണക്കം

കന്നിപ്പൂ മെത്തയിന്‍മേല്‍ വിരിച്ചോട്ടെ?
ഈ കണ്ണാടി വിളക്കൊന്നു കെടുത്തിക്കോട്ടെ? 
നാഥന്റെ ഗന്ധമേറ്റു കിടക്കാതെ 
പ്രാണനാഥന്റെ കരവല്ലി പൊതിയാതെ 
വരുമോ ഉറക്കം വരുമോ?
സ്വര്‍ഗങ്ങള്‍ കൊതിക്കുമീ ഹൃദയം 
ഒരു ഭര്‍തൃമതിയുടെ ഹൃദയം 

ഹേയ്! എന്തിനീ പരിഭവ മയക്കം?

No comments:

Post a Comment