ദേവന്മാരുടെ സേന ഒരു സ്ത്രീരൂപത്തിൽ ആണ് നിലയുറപ്പിക്കുന്നത്, ആ ദേവസേന എന്ന സ്ത്രീസങ്കൽപ്പത്തിന് ഒരു നാഥനെ വേണ്ടിയിരുന്നു, താരകൻ എന്ന അസുരചക്രവർത്തിയിൽ നിന്ന് ദേവന്മാരെ മോചിപ്പിക്കുവാൻ; അതിനാൽ തന്നെ കുമാരൻ്റെ ജനനത്തിനായി കഠിനമായ കാത്തിരുപ്പ് തന്നെ വേണ്ടിവന്നു. എങ്കിലും ആ ജനനം ഒരു സാധാരണജനനനം ആയിരുന്നില്ല അതൊരു സംഭവം ആയിരുന്നു "കുമാരസംഭവം"!
മഹാഭാരതപ്രകാരം അഗ്നിയുടെ പുത്രനാണ് ശരവണൻ. നഗ്നരായ ഋഷിപത്നിമാർ "കൃതിക" കളെക്കണ്ട് കാമപരവശനായി അഗ്നിദേവൻ. ആൾ മാന്യനായതിനാൽ ബലാത്സംഗത്തിനൊന്നും മുതിർന്നില്ല, എങ്കിലും സഹായം ചെയ്തില്ലെങ്കിൽ ഒരുപക്ഷേ അതിക്രമത്തിനിരയായാലോ എന്ന് ഭയന്ന "സ്വഹ" എന്ന സ്ത്രീ ഒരു കൈ സഹായം ചെയ്ത് അഗ്നിയുടെ രേതസ്സ് കൈക്കുമ്പിളിൽ ഏറ്റുവാങ്ങി! പക്ഷേ ഉദ്ദേശിച്ചതിലും താപമുള്ളതായിരുന്നു അഗ്നിയുടെ അഗ്നി, അത് സഹിക്കാനാവാതെ അവൾ അടുത്തുകണ്ട പൊയ്കയിൽ വലിച്ചെറിഞ്ഞു, അവിടെ കൃതികളാൽ ഉത്ഭവം കൊണ്ട കാർത്തികേയൻ പിറന്നു. അഗ്നിയിൽ എന്തെങ്കിലും അർപ്പിക്കുമ്പോൾ ഇന്നും നന്ദിസൂചകമായി സ്വാഹ എന്ന് ഉരുവിടുന്നു; ഒരുപക്ഷേ അഗ്നിദേവനു പഴയ ഒരു മുഷ്ടിമൈഥുനത്തിൻ്റെ ഓർമ്മ നൽകി ഒരു സുഖിപ്പിക്കൽ!!!
മഹാഭാരതം വീണ്ടും തിരുത്തുന്നു, അഗ്നിക്ക് ഉത്തേജനമുണ്ടായ ആ പർവ്വതം വെറുമൊരു പർവ്വതം ആയിരുന്നില്ല, അത് ശിവൻ്റെ രേതസ്സ് പർവ്വതാകാരം പൂണ്ടതായിരുന്നത്രേ! അങ്ങനെ പുരുഷനായ ശിവൻ്റേയും മറ്റൊരു പുരുഷനായ അഗ്നിയുടേയും രേതസ്സുകളുടെ സംഗമായി സ്ത്രീയുടെ അഭാവത്തിൽ കുമാരൻ സംഭവിച്ചു, ശ്ശോ.. പിന്നെ ഈ പാർവ്വതീ പരിണയവും, പാവം മന്മഥൻ ചാരമായതും എന്തിനു വേണ്ടിയായിരുന്നു? അഗ്നിദേവൻ്റെ ഭാര്യയായ സ്വാഹ ഇക്കണ്ട കഷ്ടമൊക്കെ സഹിച്ചതെന്തിന്?
ശിവപുരാണം ആധാരമാക്കിയാൽ മഹാപിശകാണ്! സ്വവർഗ്ഗരതിയും, വദനസുരതവുമൊക്കെ കാണേണ്ടി വരും. എന്തായാലും അഗ്നിദേവൻ ഉള്ളിലാക്കിയ ശിവൻ്റെ രേതസ്സ്, അദ്ദേഹത്തെ ചുട്ടുപൊള്ളീച്ചു, ശിവൻ അത് ഒരു സ്ത്രീയുടെ ഗർഭപത്രത്തിൽ അർപ്പിക്കാൻ ആവശ്യപ്പെടുന്നു, വീണ്ടും സ്വാഹ! സഹിക്കാനാവാതെ അവളത് ഗംഗയിലിട്ടു, ഗംഗ വറ്റിവരളാതെ അത് ശരവണപൊയ്കയിലെ പുല്ലിന്മേലും, അവിടെ കുമാരൻ സംഭവിച്ചു. രണ്ട് പുരുഷന്മാർക്കുണ്ടായ ആ കുഞ്ഞിനെ പിതാവിൻ്റെ ഭാര്യ ആയ പാർവ്വതി എടുത്ത് വളർത്തി.
സ്ക്കന്ദപുരാണപ്രകാരം വിവാഹമൊക്കെ കഴിഞ്ഞ് മാനം മര്യാദയ്ക്ക് രതിയിലേർപ്പെട്ടിരുന്ന ശിവപാർവ്വതിമാരെ അഗ്നിദേവൻ ഒരു സന്യാസിയുടെ രൂപത്തിൽ തടസ്സപ്പെടുത്തുകയും, പാർവ്വതി സ്ഥലം വിട്ടതിനാൽ ശിവൻ്റെ രേതസ്സ് അഗ്നിദേവൻ സ്വന്തം കൈക്കുള്ളിൽ ഏറ്റുവാങ്ങുകയും, വിഴുങ്ങുകയും ചെയ്യുന്നു. ബാക്കിയൊക്കെ കഥ ഒന്നു തന്നെ.
കഥാസരിതസാഗരത്തിൽ തൻ്റെ ഭർത്താവായ കാമദേവനെ കൊലയ്ക്ക് കൊടുത്ത പാർവ്വതിയെ രതീദേവി ശപിച്ചതിനാൽ, ഒരു കുട്ടിയെ ഉദരത്തിൽ ചുമക്കാൻ പാർവ്വതിക്കാവില്ല എന്നതിനാൽ ; ശിവപാർവ്വതീ സംഗമത്തിൻ്റെ അവസാനഘട്ടത്തിൽ അഗ്നിദേവനെ വിളിച്ച് വരുത്തി, മനസ്സില്ലാമനസ്സോടെ നിൽക്കുന്ന അദ്ദേഹത്തെ അടിച്ചേൽപ്പിക്കുകയോ, കോരി അഭിഷേകം ചെയ്യുകയോ ആണ്, ആ പാവം ഓടിപ്പോയി ഗംഗയിൽ കഴുകിയതിനാൽ ഗംഗയ്ക്കും പണിയായി, ബാക്കി കഥ ഒന്നുതന്നെ!
എന്തായാലും ഇന്ദ്രൻ്റെ ക്ഷമയില്ലയ്മയാണ് മൂലകാരണം, പണി വാങ്ങിക്കൂട്ടിയത് പാവം അഗ്നിദേവനും പിന്നെ സ്വാഹാ..! ശിവപാർവ്വതീമാരലീലകൾ അങ്ങ് നീണ്ട് നീണ്ട് പോയി, സംഗതി കുമാരൻ സംഭവിക്കുന്നതിൻ്റെ ഒരു ലക്ഷണവും കാണാതെ വന്നപ്പോൾ ഇന്ദ്രൻ അഗ്നിദേവനെ ഋഷിയുടെ വേഷം കെട്ടിച്ച് കൈലാസത്തിലെ കാവൽക്കാരെ ഭയപ്പെടുത്തി അകത്ത് കടത്തി. തങ്ങളുടെ സംഗമസ്ഥലത്ത് അന്യനെ കണ്ട് പാർവ്വതി ഓടിമറഞ്ഞു. ശിവൻ പിറന്നപടി വെളിയിൽ വന്നു ദേവന്മാരോട് വിവരം തിരക്കാൻ, അവർ അപകടം മനസിലാക്കി സ്തുതി തുടങ്ങി. ശിവനിൽ നിന്നും രേതസ്സ് നിലത്ത് വീണു, അത് അതവിടമെല്ലാം ദ്രവിപ്പിച്ച് ലോകം നശിപ്പിക്കുമെന്നായപ്പോൾ ഇന്ദ്രൻ വീണ്ടും അഗ്നിദേവനോട് സഹായമഭ്യർത്ഥിച്ചു. അദ്ദേഹം ഒരു പ്രാവായി മാറി ആ രേതസ്സ് കൊക്കിനാൽ കൊത്തിവിഴുങ്ങി. ഇതോടെ അഗ്നിദേവൻ്റെ ശരീരമാകെ പുകയാൻ തുടങ്ങി.
ഇതിനിടയിൽ വസ്ത്രമൊക്കെ ധരിച്ചെത്തിയ പാർവ്വതി അഗ്നിദേവനോട് "എടാ വൃത്തികെട്ടവനേ നീയെന്ത് പണിയാണീ കാണിച്ചത്?" എന്ന് ചോദിച്ച് വിഷ്ണുദേവനടക്കം എല്ലാവർക്കും കുട്ടികൾ ഉണ്ടാകാതെ പോകട്ടേ എന്നൊരു ശാപവും അങ്ങ് കൊടുത്തു. "നീ വകതിരിവില്ലാതെ കണ്ണീൽ കണ്ടതൊക്കെ ആഹരിക്കുമാറാകട്ടേ" എന്ന് അഗ്നിക്കും കിട്ടി ഒരെണ്ണം!
അഗ്നിദേവൻ്റെ പുകച്ചിലകറ്റാൻ ബ്രഹ്മാവിൻ്റെ നിർദ്ദേശപ്രകാരം ഒരു നല്ല സ്ത്രീയുടെ ഗർഭപാത്രത്തിൽ ആ രേതസ്സ് അഗ്നിഭഗവാൻ നിക്ഷേപിച്ചു, അഗ്നിദേവൻ പറഞ്ഞാൽ കേൾക്കുന്ന ഏക സ്ത്രീ ഭാര്യയായ സ്വഹ ആയതിനാൽ വീണ്ടും സ്വഹാ! എന്തായാലും സ്വഹ, കുഞ്ഞിനെ പ്രസവിച്ചാൽ തനിക്ക് ചാരിത്ര്യഭംഗം വരുമെന്നുകരുതി ആ രേതസ്സ് ഹിമവാനിൽ ചൊരിഞ്ഞു, താപത്താൽ പരവശനായ ഹിമവാൻ അത് ഗംഗയിലും, ഗംഗ ശരവണപ്പൊയ്കയിലും.
ആകെ പുകമറയിലാണ് കാര്യങ്ങൾ, ഇനി മൂന്നാമത്തെ ഭാര്യയ്ക്ക് (പാർവ്വതി) ഗർഭം താങ്ങനുള്ള ആരോഗ്യമില്ലത്തതിനാൽ, രണ്ടാം ഭാര്യയിൽ (ഗംഗ) പുത്രോത്പ്പാദനം നടത്തിയതാണോ? ഇതിനിടയിൽ ഈ അഗ്നിദേവൻ എവിടുന്ന് വന്നു? എന്തായാലും സ്വാഹാ...!!!!
No comments:
Post a Comment