Friday, January 5, 2018

രതിയുടെ വാഗ്ദാനങ്ങൾ



"രതി വിവാഹ വാഗ്ദാനമോ, ഉറപ്പോ അല്ല"

മായാനദി സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഈ വരിയുടെ പ്രസക്തിയോ, ശരിതെറ്റുകളോ അല്ല പറയാൻ വരുന്നത്. ഒരു ഗണിതശാസ്ത്രസൂത്രവാക്യം പരിഗണിച്ചാൽ A = B, ആണെങ്കിൽ B = A ആവണം, (Property of Equality). അപ്പോൾ നമുക്ക് A = B ആയ ലൈംഗികബന്ധം വിവാഹബന്ധത്തിനു സധൂകരണമല്ല എന്നത് വിപരീതമായി B = A യിലൂടെ ഒന്ന് പരിശോധിയ്ക്കാം "വാഹവാഗ്ദാനമോ, നിശ്ചയമോ ലൈംഗികതയ്ക്കുള്ള അനുമതിയുമല്ല".



നമുക്ക് 1976 ൽ റോമിയോ എന്ന സിനിമയ്ക്ക് വേണ്ടി വയലാർ എഴുതിയ "ചാരുലതേ... ചന്ദ്രിക കൈയ്യില്‍" എന്ന ഗാനത്തിൽ വിവാഹനിശ്ചയം കഴിച്ച പെണ്ണുമായി രതിയിലേർപ്പെടാൻ, അതിനുള്ള സാഹചര്യം സൃഷ്ടിയ്ക്കുവാൻ പുരാണങ്ങളേയും, ദൈവങ്ങളേയും കൂട്ടുപിടിച്ച് ആവശ്യം അറിയിയ്ക്കുന്ന നായകനെ കാണാം.

സംഗതി വളരെ ലളിതമാണ്, ചാരുലതേ നീ എന്നിൽ പടരൂ, നിന്റെ എല്ലാമെല്ലാം എനിയ്ക്ക് തരൂ....

പക്ഷേ പൂവൊക്കെ ചൂടി ഒരുങ്ങി നിൽക്കുന്ന വേളിപ്പെണ്ണ് ലജ്ജിച്ച് അകന്ന് നിൽക്കുകയാണ്, സ്വാഭാവികമായി അടുത്ത് കൊണ്ടുവരാൻ പറയുന്ന ന്യായമാണ്, പ്രതിശ്രുതവരനെ പെണ്ണുങ്ങള്‍ പണ്ടും പൂജിച്ചിട്ടില്ലേ??? അടുത്തു വരാതെ എന്ത് പൂജ?

അടുത്ത ഘട്ടം കൂടുതൽ ദുർഘടമാണ്, പെണ്ണിന്റെ നിൽപ്പൽപ്പം വശക്കേടാണ്, മാറുമറച്ചിരുന്ന തുണി കാറ്റത്തുലഞ്ഞ് നിമ്നോന്നതിയുടെ ഭൂമിശാസ്ത്രങ്ങൾ വ്യക്തമാക്കുമ്പോൾ, അത് ആർത്തിയോടെ നോക്കുന്ന മുഖത്തേയ്ക് കള്ളനോട്ടമെറിഞ്ഞ്, നായകനു കാഴ്ചയ്ക്ക് സാവകാശം നൽകി ആലസ്യത്തോടെ വസ്ത്രം പിടിച്ച് യൗവ്വനാംഗങ്ങളെ മറയ്ക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടമായ നായകൻ "പ്രതിശ്രുതവധുവെ ദൈവങ്ങള്‍ പോലും പ്രാപിച്ചിട്ടില്ലേ???" എന്ന് ചോദിയ്ക്കുന്നു.

ഇവിടെയാണ് തുടക്കത്തിൽ പറഞ്ഞ വാചകത്തിന്റെ പ്രസക്തി, രതി ഒരു വാഗ്ദാനവുമല്ല, വാഗ്ദാനം രതിയ്ക്കുള്ള അനുമതിയുമല്ല!

ഇനി പാട്ട് കേട്ടാലോ?
ചാരുലതേ...
ചന്ദ്രിക കൈയ്യില്‍
കളഭംനല്‍കിയ ചൈത്രലതേ...
എന്റെ മുല്ലപ്പന്തലില്‍ നീ പടരൂ...
ഇന്നെല്ലാമെല്ലാം എനിക്കു തരൂ...

ഈറന്‍ ചുരുള്‍മുടി തുമ്പുകൾ ‍കെട്ടി
ഇലഞ്ഞിപ്പൂ ചൂടി..
വ്രീളാവതിയായ് അകലെ നില്‍ക്കും നീ
വേളിപ്പെണ്ണല്ലേ..
പ്രതിശ്രുതവരനെ പെണ്ണുങ്ങള്‍ പണ്ടും
പൂജിച്ചിട്ടില്ലേ?.

കാറ്റത്തുലയും മാര്‍മുണ്ടൊതുക്കി
കടക്കണ്ണാല്‍ നോക്കി...
ആലസ്യത്തില്‍ മുഴുകിനില്‍ക്കും നീ
അന്തര്‍ജ്ജനമല്ലേ..
പ്രതിശ്രുതവധുവെ ദൈവങ്ങള്‍പോലും
പ്രാപിച്ചിട്ടില്ലേ?

No comments:

Post a Comment