വളരെ വിവാദവിഷയമായതിനാൽ അധികം പറയുന്നില്ല എങ്കിലും; നീരജാക്ഷിയും സത്യഭാമയിലും കുരുങ്ങി രാജ്യഭരണത്തിൽ ശ്രദ്ധയില്ലാത്ത രാജാവിനെ ഒന്ന് നിയന്ത്രിയ്ക്കാൻ ബ്രിട്ടീഷുകാർ ഭരതനാട്യവും, ദാസിയാട്ടവും (ദേവദാസീനൃത്തം) നിരോധിച്ചപ്പോൾ, സാമൂതിരി കൃഷ്ണനാട്ടവും, വെമ്പലനാട്ട് രാജാവ് കഥകളിയും കണ്ട് രസിയ്ക്കുന്ന വാർത്ത കൂടി അറിഞ്ഞ്, തിരുവിതാംകൂറിനു ഒരു തനത് കലയായി മോഹിനിയാട്ടം വികസിപ്പിയ്ക്കാൻ വടിവേലുവും, ഇരയിമ്മന്തമ്പിയും, സ്വാതിയും കൊണ്ടു വന്ന മോഹിനി, സുഗന്ധവല്ലി.
ആദ്യഭാര്യയുടെ മരണത്തിനു മുമ്പായി മനസ്സിൽ നൃത്തം വച്ച് തുടങ്ങിയ സുഗന്ധവല്ലിയെന്ന നർത്തകിയെ തഞ്ചാവൂർ അമ്മവീട് കെട്ടി കുടിയിരുത്തി ഭര്യയാക്കിയെങ്കിലും, ബന്ധുക്കളും സദസ്യരും അംഗീകരിച്ചില്ല, പ്രത്യേകിച്ച് പിൻ ഗാമി ഉത്രം തിരുനാളിന്റെ ഭര്യ തിരുവട്ടാർ അമ്മച്ചിയുടെ എതിർപ്പ്. ഇടയ്ക്ക് സ്വാതിയും സുഗന്ധ്വല്ലിയും തമ്മിൽ പിണങ്ങിയ ശേഷം അവർക്കിടയിലെ മഞ്ഞുരുകുവാൻ, സുഗന്ധവല്ലിയുടെ നിർദ്ദേശപ്രകാരം ഇരയിമ്മൻ തമ്പി സ്വാതിതിരുനാളിന്റെ കാമലീലകൾ വിവരിയ്ക്കുന്ന ഈ ഗാനം വയലിൻ വിദ്വാൻ വടിവേലു ആണ് ആദ്യം പാടിയതെന്നും, സുഗന്ധവല്ലി ഭരതനാട്യം, മോഹിനിയാട്ടം എന്നിങ്ങനെയൊക്കെ ആടി രാജസദസ്സിനെ ഭ്രമിപ്പിച്ചു എന്നൊക്കെയാണ് കഥകൾ . എന്തായാലും സംഗതി നല്ല ഒന്നാന്തരം ശ്രംഗാരപദലഹരി തന്നെ, അതിനാൽ രാജാവ് വീണ്ടും സുഗന്ധവല്ലിയുമായി ഒന്നിച്ചു, സുരതാന്തമഹോൽസവം വീണ്ടും കൊടിയേറി...
ഇത് മലയാളം തന്നെ ആകയാൽ അധികം വിവരണം വേണമോ എന്നൊരു സംശയം..
"പ്രാണനാഥനെനിയ്ക്ക് നൽകിന പരമാനന്ദരസത്തെ
ബാലേ! പറവാനെളുതല്ല
ഏണനേർമിഴിമാർമണേ സഖി
ഏകാന്തേ മണിമയ ശയനേ"
പ്രാണനാഥൻ നൽകിയ പരമാനന്ദസുഖത്തെ പറ്റി സഖിയോട് വിവരിയ്ക്കാൻ വാക്കുകൾക്ക് ക്ഷാമം നേരിടുന്ന നായിക, സന്ദർഭം ഏകയായി ശയ്യാതലത്തിൽ ഇരിയ്ക്കുന്ന നേരത്താണെന്ന് പറഞ്ഞ് വയ്ക്കുന്നു, അതിൽ വന്ന അനർത്ഥവുമുണ്ടോ? രാജാക്കന്മാരിൽ സംഘരതിയുടെ വക്താക്കൾ കുറവല്ലല്ലോ!
"അങ്കത്തിലിരുത്തിയെൻ കൊങ്കത്തടങ്ങൾ കര-
പങ്കജം കൊണ്ടവൻ തലോടി പുഞ്ചിരിതൂകി
തങ്കക്കുടമെന്നു കൊണ്ടാടീ ഗാഢം പുണർന്നു
അങ്കുരിതപുളകം കലർന്നിടുമെൻ കപോലമതിങ്കലമ്പൊടു
തിങ്കൾമുഖത്തെയണച്ചധരത്തെ നുകർന്നും പല ലീലതുടർന്നും"
മടിയിലിരുത്തി കുചകലശങ്ങളെ തലോടി സംഗതി കേമമയതിനാൽ പുഞ്ചിരിച്ച് തങ്കക്കുടമെന്ന് പ്രശംസിച്ച് മാറോട് ചേർത്ത് പുണർന്നു, രോമഹർഷമുണർന്ന തലയിലും, നെറ്റിയിലും, കവിളുകളിലുമൊക്കെ ചുംബിച്ച് സഞ്ചരിച്ച സുന്ദരമായ മുഖം, ചുണ്ടുകൾ നുകർന്ന് ബാഹ്യലീലകൾ തുടർന്നു എന്ന് നായിക പറയുന്നു.
"ഊരുമൂലത്തിൽമെല്ലെ ചാരുവാം പാണികൊണ്ടു
പാരാതെ കരികരലീലാ ഭേദങ്ങൾ ചെയ്തു
മാരരസാമ്മ്ബുരാശിവേൽകാകവിയുമാറ-
ന്നേരമതി സീൽക്കാര ഭാവവികാര പരയായൊരെൻ കുച-
ഭാരമതിങ്കലുദാര നഖക്ഷതിപേർത്തും ചെയ്തു രസം ചേർത്തും"
നായകന്റെ കൈകൾ നായികയുടെ നിതംബത്തിലേയ്ക്ക് ചലിയ്ക്കുന്നു, കൃത്യമായി പറഞ്ഞാൽ അരക്കെട്ടിൽ രണ്ട് നിതംബങ്ങളുടേയും ഇടയിലുള്ള വിടവിലൂടെ വിരലുകൾ കൊണ്ടും നിതംബങ്ങളിൽ കൈകൾ കൊണ്ടും തഴുകിയും താടനം ചെയ്തും രസിപ്പിച്ചു, ഇപ്പോഴും ഇതെല്ലാം വസ്ത്രത്തിനുള്ളിലൂടെയാണെന്നതും ശ്രദ്ധേയം. കാമരസത്തിന്റെ സമുദ്രത്തിൽ മുങ്ങിക്കുളിച്ച സുഗന്ധവല്ലി സീൽക്കരങ്ങൾ പുറപ്പെടുവിച്ച് അവയെ ആസ്വദിയ്ക്കുകയും, രാജാവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പൊൾ സ്തനങ്ങളിൽ നഖക്ഷതങ്ങൾ ഏൽപ്പിച്ച് കൊണ്ട് താടനം നടത്തി, അത് അവളിൽ വേദന അല്ല വികാരഭാവരസമാണ് ഉളവാക്കിയത്.
"ഉത്താനശായീ കാന്താൻ വിസ്താരമാർന്ന മാറിൽ
ചിത്താനന്ദത്തോടണച്ചെന്നെ ചുംബനാദികൾ
തത്താദൃശങ്ങൾ ചെയ്തു പിന്നെ എന്റെ മന്മഥ
പത്തനാംബുജമാശു കണ്ടതി ചിത്ത കൗതുകമാർന്നു മത്പതി
മത്തമതിം ഭ്രമത്തോടു സമതവഹിച്ചും മധുവുണ്ടുരസിച്ചും"
നായകൻ മലർന്ന് (ഉദ്+താന) കിടക്കുകയാണ്, ആ കിടപ്പിൽ അവന്റെ മാറിൽ നായികയെ ചേർത്ത് ചുംബനാദികൾ ചെയ്തു. പിന്നീട് ഒരു മന്മഥപത്തനം, കാമദേവന്റെ ഗൃഹം അതും താമരമലർ പോലെയൊന്ന് കണ്ട് ഭർത്താവ് കൗതുകചിത്തനായി എന്നാണ്... തുടർന്ന് അതി ഉന്മത്തനായി ഭ്രമിച്ച് സമാന്തരമായി കിടന്ന് മധു കുടിച്ച് രസിച്ചു എന്നാണു പറയുന്നത്, ഏത് മധു? എന്ത് മധു എന്നൊന്നും എനിക്കറിയില്ലെന്റെ ശിവനേ..
"സീമവെടിഞ്ഞുള്ളൊരു കാമാദ്വൈതരസത്തിൽ
സാമോദമെന്മനം ലയിച്ചു വീരായിതേ നീ-
കാമമെന്നെയും പ്രശംസിച്ചു രതി പാരവശ്യാൽ
പ്രേമവാക്യവിലാസവും മമ കോമളാധര പാനവും ബത
കാമുകനുടെ രതി കൗശലമതിനു സമാനമില്ലിഹ ഭുവിനൂനം"
എല്ലാ അതിരുകളും ലംഘിച്ചുള്ള രണ്ടാമതൊന്നില്ലാത്ത ആ കാമരസത്തിൽ ആനന്ദത്തിൽ നായികയുടെ മനം അലിഞ്ഞലിഞ്ഞവൾ ഇല്ലാതായി. നായകനും യഥേഷ്ടം രസിയ്ക്കയാൽ നായികയുടെ ഗുണങ്ങളും രതികുശലതയും പ്രശംസിച്ച് പ്രണയവചനങ്ങൾ കൊണ്ടവളെ അഭിഷേകം ചെയ്തു പ്രോത്സാഹിപ്പിച്ചും, ഒപ്പം അധരങ്ങളെ നുകർന്നും, രതിയുടെ വിവിധ തലങ്ങളിലേയ്ക്കവളെ ഉണർത്തിയും ഉയർത്തിയും ഈ ഭൂമിയിൽ ഇതിനു സമാനമായി വേറെയില്ല എന്ന് അവളിൽ തോന്നലുണർത്തുന്ന രതികൗശലം കാട്ടിയും മദനകേളികളാടി തിമിർത്തു.
"കാന്തനോരോരോ രതി കാന്തതന്ത്രത്തിലെന്റെ
പൂന്തികിലഴിച്ചോരുനേരം തുടങ്ങി ഞാനും
മാന്താർശരക്കടലിൽ പാരംതന്നെ മറന്നു
നീന്തിമദന ഭ്രാന്തിനാലതിതാന്തിപൂണ്ടു നിതാന്തമിങ്ങനെ
കാന്തകൃതം സുരതാന്ത മഹോൽസവഘോഷം പുനരെത്ര വിശേഷം"
കാന്തൻ ഓരോ രതി തന്ത്രത്തിലൂടെ ആവശ്യമായ ഭാഗങ്ങളിലെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ച് മാറ്റിയപ്പോൾ നായിക പൂർണ്ണമായി വിവസ്ത്രയാക്കപ്പെട്ടു. (അപ്പോൾ ഇതുവരെ കെ.എസ്സ്. ഗോപാലകൃഷ്ണന്റെ സിനിമയിലെ പോലെ വസ്ത്രങ്ങൾക്ക് മുകളിൽ മുഖമിട്ടുരയ്ക്കുന്ന പരിപാടിയായിരുന്നോ എന്ന് എന്നോട് ചോദിയ്ക്കരുത്). എന്തായാലും അതോടെ നായികയും മാമ്പൂവിന്റെ അമ്പുമായി വരുന്ന കാമദേവന്റെ ആഴക്കടലിൽ സ്വയം മറന്ന് നീന്തുവാനാരംഭിച്ചു... ഭ്രന്തമായ രതിയുടെ അതിയായ ആലസ്യത്തിലേയ്ക്ക് ആഴ്ന്നു പോയത് അവസാനമില്ലാതെ തുടർന്നപ്പോൾ... ഭർത്താവിനോടൊപ്പമുള്ള സുരതാലസ്യമഹോത്സവം എത്രയും വിശേഷപ്പെട്ടതായി വീണ്ടും വീണ്ടും ആവർത്തിയ്ക്കപ്പെട്ടു. (ഇങ്ങനെയൊക്കെ ഓർമ്മിപ്പിച്ചപ്പോൾ സ്വാതിതിരുനാൾ വീണുപോയതിൽ കുറ്റം പറയാനാവില്ല, അമ്മാതിരി ഓർമ്മപ്പെടുത്തലല്ലേ, ഭഗവാനേ..!!!)
"കാമിനീജനം കണ്ടു കാമനെന്നു കൊണ്ടാടും
കോമളാകൃതി ചാരുശീലൻ ശ്രീപദ്മനാഭ-
സ്വാമിതൻ പാദസേവാലോലൻ വല്ലഭനെന്നിൽ
പ്രേമമതിനു വിരാമമെന്നിയേ കാമലീലയിലോമലേ ശൃണു
മാമകമാനസമാശു വശീകൃതമാക്കി വിരവൊടഴൽ പോക്കി"
അവസാനവരികളിൽ ആൾ ആരെന്ന് വ്യക്തമാക്കുന്നതിനപ്പുറം ഇപ്പോഴത്തെ അവസ്ഥയും, ദു:ഖവും സഖിയോട് പറഞ്ഞവസാനിപ്പിയ്ക്കുന്നു. രാജ്യത്തെ സ്ത്രീകൾ കാമദേവനു തുല്യനായി കണക്കാക്കുന്ന സുന്ദരനായ പദ്മനാഭദാസൻ അവിരാമമായ പ്രേമത്താലും കാമലീലകളായും നായികയുടെ മനസ്സിനെ വശീകരിച്ച് വിരഹദു:ഖം നിറച്ചിരിയ്ക്കുന്നു. ഒരു പുനർസമാഗമത്തിനുള്ള ക്ഷണവും അതിനായുള്ള പ്രലോഭനങ്ങളുമായി പ്രാണനാഥനെനിയ്ക്ക് നൽകിയ പരമാനന്ദരസം നൃത്തവേദികളിൽ നിറഞ്ഞു.
https://www.youtube.com/watch?v=0ptIlmlpa5A
https://www.youtube.com/watch?v=0ptIlmlpa5A


No comments:
Post a Comment