Friday, July 20, 2018

സർപ്പസത്രം - (ഭാഗം 1)

ഇതികർത്തവ്യതാമൂഢന്മാരായി തരിച്ചുനിൽക്കുന്ന ശിഷ്യന്മാരെ ഒന്നുതിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ആ വിശാലമായ യാഗശാലയുടെ പിൻവാതിലിലൂടെ പുറത്തുകടന്ന മഹാഋഷി ഉത്തങ്കൻ ആ നദീതീരത്തുനിന്നും മണൽക്കടുകളിലേക്ക് നടന്നു നീങ്ങി; ഓരോ പാദമുദ്രയാലും നദീതടത്തിലേയ്ക്ക് ആഴത്തിൽ ആഴ്ന്നിറങ്ങുന്നതുപോലെ, കോപത്താൽ ഭൂമിയെയാകെ വിറപ്പിക്കുന്നതുപോലെ.. അയാൾ സിന്ധൂനദീതീരത്തുനിന്നും തക്ഷശിലാനഗരം ലക്ഷ്യമാക്കി നടന്നുനീങ്ങി.

ഗാന്ധാരത്തിൻ്റെ തലസ്ഥാനമായ തക്ഷശിലയിലെ ദശാർണ്ണനദിക്കരയിൽ പടുത്തുയർത്തിയ ആ വലിയയാഗശാലയുടെ മുൻഭാഗത്ത് ഭാരതഖണ്ഡത്തിൻ്റെ ചക്രവർത്തിയായ ജനമേജയനും, അദ്ദേഹത്തിനു പുതിയതായി ലഭിച്ച സുഹൃത്ത് ആസ്തികനും, കൃഷ്ണദൗപായനനും,അദ്ദേഹത്തിൻ്റെ ശിഷ്യന്മാരായ വൈശമ്പായനനും, ജമനിയും, പൈലനും ഏർപ്പെട്ടിരുന്ന ധർമ്മസംവാദങ്ങൾ അപ്പോഴും തുടരുന്നുണ്ടായിരുന്നു. യാഗകുണ്ഠത്തിലെ അഗ്നി അണഞ്ഞുതുടങ്ങിയിരിക്കുന്നു, ഋത്വിക്കുകൾ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിനിന്നു. പ്രധാനഹോതാവ് ചണ്ഡഭാർഗ്ഗവമുനി അർഘ്യം വെടിഞ്ഞ് കൈകൾ ശുദ്ധമാക്കി, ഹോതാക്കളായ അദ്ധ്വര്യൻ, ഹോതാ, ഉത്ഗതൻ, ബ്രഹ്മ എന്നിവരോട് തന്നെപിന്തുടരാൻ കണ്ണുകളാൽ ആജ്ഞനൽകി. പിന്നീട് മുഖ്യപുരോഹിതനായ സോമശ്രവസ്സിനെ നോക്കി ഇനിയെന്ത്? എന്ന് ആംഗ്യത്താൽ തിരക്കി. രാജാജ്ഞ വരുംവരെ കാത്തിരിക്കാമെന്ന മറുപടി അദ്ദേഹവും ആംഗ്യത്തിലൂടെത്തന്നെ നൽകി, കൃഷ്ണദ്വൈപായനൻ്റെ മുഖത്തേയ്ക്ക് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് നിന്നു.

ഇറങ്ങിപ്പോന്ന യാഗശാലയിലേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കാൻ പോലും താൽപ്പര്യമില്ലാതെ നദിക്കരയിൽ നിന്നകന്നകന്നു പോകുന്ന ഉത്തങ്കൻ വകഞ്ഞുമാറ്റുന്ന ചെടികളിൽ നിന്നും ശരീരത്തിലേൽക്കുന്ന പോറലുകളോ, അതിൽ നിന്നും പൊടിഞ്ഞുതുടങ്ങുന്ന രക്തകണങ്ങളോ ഒന്നുമറിയുന്നുണ്ടായിരുന്നില്ല. "താൻ പരാജിതനാണ്, ഈ മടക്കം തോറ്റവൻ്റേതാണ്" എന്ന ചിന്തയാൽ മനസ്സിൽ നിന്നു കിനിയുന്നത്ര രക്തമൊന്നും ആ ചെടികൾക്ക് ചീന്താനായിരുന്നില്ല, അത്രയൊന്നും നീറ്റൽ ചർമ്മത്തിനു നൽകാനുമവയ്ക്കായില്ല.

മനസ്സിൽ പൊടുന്നനെ ഗുരുവിൻ്റെ മുഖം തെളിഞ്ഞു, ഒപ്പം ആ പരന്നുകിടക്കുന്നകുറ്റിക്കാട്ടിലും ഗുരുവചനം വ്യക്തമായി കാതിൽ മുഴങ്ങി

"ഉത്തങ്കാ.. നീ കഴിവുകൾ കൊണ്ട് വലിയവനാണ്, മഹാഋഷിമാരുടെ ഗണത്തിൽ അഗ്രഗണ്യനാവേണ്ടവൻ, വസിഷ്ഠനും, വിശ്വാമിത്രനും, സപ്തർഷികൾക്കും ഒപ്പം നിൽക്കേണ്ടവൻ, എന്നാൽ നിൻ്റെ ശത്രു നിൻ്റെ ഉള്ളിൽ തന്നെയാണുള്ളത്, നിൻ്റെ ക്ഷിപ്രകോപം, അതിനാലുള്ള പ്രവൃത്തികൾ, അവയെ നിയന്ത്രിക്കാൻ, ജയിക്കുവാൻ, നിനക്കായാൽ, നിന്നെ ഈ പ്രപഞ്ചംകണ്ട ഏറ്റവും വലിയ ഋഷിയായി കാലം അടയാളപ്പെടുത്തും"

ഉത്തങ്കൻ്റെ മനസ്സ് കൂടുതൽ കലുഷിതമായി, അത് സമയമാകുന്ന നദിയുടെ ഒഴുക്കിനെതിരെ സഞ്ചരിച്ചുതുടങ്ങി, ആ യാത്ര അവൻ്റെ ബാല്യകാലത്തിൽ എത്തിനിന്നു. മഹാമുനി വേദൻ്റെ ശിഷ്യനായി വേദാശ്രമത്തിൽ മറ്റുസഹപാഠികളോടൊപ്പം വിദ്യകൾ അഭ്യസിച്ച് ഒന്നാമനായി വന്ന അവൻ, വേദനേറ്റവും പ്രിയപ്പെട്ട ശിഷ്യനയിരുന്നു, അതിനാൽതന്നെ മറ്റ് ശിഷ്യന്മാർ ഗുരുകുലവിദ്യാഭ്യാസം കഴിഞ്ഞ് ഗുരുദക്ഷിണയും നൽകി അവരവരുടെ നാട്ടിലേയ്ക്കും, പുതിയ ആശ്രമങ്ങളിലേക്കും, തൊഴിലുകളിലേയ്ക്കുമായി ആശ്രമംവിട്ടിട്ടും, അവനുമാത്രം ഗുരു യാതാനുമതി നൽകിയില്ല. ഗുരുവിനു പകരക്കാരനായി പുതിയ ശിഷ്യരെ വിദ്യ അഭ്യസിപ്പിക്കാനും, ആചാരാനനുഷ്ടാനങ്ങൾ നിർവ്വഹിക്കുവാനും, യാഗങ്ങൾക്കും യജ്ഞങ്ങൾക്കും ഗുരുവിനു സഹായിയായുമൊക്കെ അവൻ ആ ആശ്രമത്തിലെ രണ്ടാമനായി മാറി. അതിനാൽതന്നെ ഒരു വലിയ ഇടവേള ആശ്രമത്തിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യം സംജാതമായപ്പോൾ അവനെ താൽക്കാലികമായി ആശ്രമാധിപതിയാക്കാൻ വേദനൊട്ടും ആലോചിക്കേണ്ടിവന്നില്ല.

"എൻ്റെ അഭാവത്തിൽ ആശ്രമകാര്യത്തിൽ ഒരു ന്യൂനതയും വരുവാൻ പാടില്ല. എല്ലാ കാര്യങ്ങളിലും ഞാൻ എപ്രകാരം നിർവ്വഹിക്കുന്നുവോ? അതുപോലെ തന്നെ നീ പ്രവർത്തിക്കുക"

നിറഞ്ഞമനസ്സോടെ അതൊരു ബഹുമതിയായെടുത്ത് സമ്മതിച്ച് ഗുരുവിനെ യാത്രയാക്കിയ ഉത്തങ്കന്, അതൊരു വലിയ ബാധ്യതയും, അപകടവുമാണെന്ന് വളരെവേഗം ബോദ്ധ്യമായി. ഗുരുവിൻ്റെ അഭാവം ആശ്രമവാസികളെ ഒട്ടും ബാധിക്കാതെ അഹോരാത്രം കഷ്ടപ്പെട്ട ഉത്തങ്കൻ്റെ മുന്നിലേയ്ക്ക് ആ അപകടം ഗുരുപത്നിയുടെ സഖിയുടെ രൂപത്തിലാണ് കടന്നുവന്നത്. യാതൊരുസങ്കോചവും കൂടാതെ അവൾ കര്യം പറഞ്ഞു

"നിന്റെ ഗുരുപത്നിക്ക് ഇപ്പോൾ ഋതുകാലമായിരിക്കുന്നു. ഉപാദ്ധ്യനാണെങ്കിൽ ദേശാടനസംബന്ധമായി അകലെ പോയിരിക്കുന്നു. ആശ്രമകാര്യങ്ങളിൽ ഗുരുവിനുപകരക്കാരനായി വർത്തിക്കേണ്ട നീ അവളുടെ ഋതു നിഷ്ഫലമാവാത്തവിധം വേണ്ടത് പ്രവർത്തിക്കണം. അവൾക്കിപ്പോൾ തന്നെ വിഷാദമായിരിക്കുന്നു."

ഉത്തങ്കൻ ഒന്നുഞെട്ടി, ഏൽപ്പിച്ച ഉത്തരവദിത്വങ്ങളിൽ ഇതും വരുമോ? ഗുരുപത്നി മാതാവിനു തുല്യയാണെന്ന് നിരന്തരം പഠിപ്പിച്ച ആചര്യൻ ഒരിക്കലും ഇങ്ങനെ ഒരധർമ്മത്തിനു നിർദ്ദേശം നൽകിയിട്ടുണ്ടാവില്ല. അവൻ വളരെ വിനീതനായി ദൂതിയോടു പറഞ്ഞു

" നിങ്ങൾ സ്ത്രീകളുടെ വാക്കുകൾ കേട്ട് ഞാനീവണ്ണം അധർമ്മം പ്രവർത്തിക്കുകയില്ല. എന്നോട് ഉപാദ്ധ്യൻ അങ്ങനെ ചെയ്യണമെന്ന് അരുളിയിട്ടുമില്ല. മഹാജ്ഞാനിയായ ഗുരുവിന് എല്ലാമറിയാം, നക്ഷത്രയോഗവും, ഋതുസംഗമവും ആനിവാര്യമായിരുന്നെങ്കിൽ ഈ സമയം അദ്ദേഹം ഇവിടെ ഉണ്ടാകുമായിരുന്നു. ഞാൻ പുത്രസമാനനാണെന്നും, ഇത് നിഷിദ്ധമാണെന്നും ഗുരുപത്നിയെ ദയവായി അറിയിച്ചാലും"

അങ്ങനെ വിട്ടൊഴിയാൻ സഖി ഒരുക്കമായിരുന്നില്ല, അവൾ അവനെ ധർമ്മമാർഗ്ഗം ഓർമ്മിപ്പിച്ചു

"തീണ്ടാതിരുന്നു കുളിച്ചാല്‍ സ്ത്രീകള്‍ക്ക് ഏതു പുരുഷനോടും സുരതഭിക്ഷ യാചിക്കാമെന്നത് അങ്ങയ്ക്ക് അറിവില്ലാത്തതാണോ? അതുമല്ല, ആ ഭിക്ഷ കൊടുക്കല്‍ നിഷേധിച്ചാല്‍ ഗര്‍ഭപാത്രത്തിന് തുല്യമായ പാപമുണ്ടാകുമെന്നും വ്യാസശാസ്ത്രം പഠിച്ച അങ്ങേയ്ക്ക് അറിവുള്ളതല്ലേ?"

പെട്ടെന്ന് അവൻ ആശ്രമനാഥനായി, സ്വാഭാവിക പ്രതികരണമായ കോപമുണർന്നു, എങ്കിലും അവളോട് എങ്ങുംതൊടാതെ പറഞ്ഞു

"ഓരോ ആശ്രമത്തിനും അതിൻ്റേതായ ധർമ്മശാസ്ത്രങ്ങളും, നിയമങ്ങളുമുണ്ട്. ഗുരുപത്നീഗമനവും, മാതൃഗമനവും ഇവിടെ തുല്യമായ മഹാപാപങ്ങളേകുന്ന അഗമ്യഗമനങ്ങളാണെന്നറിഞ്ഞാലും, മനസ്സിനെയും ശരീരത്തേയും ഈ ആശ്രമത്തിൻ്റെ വിശുദ്ധിക്കുചേർന്ന രീതിയിൽ നിലനിർത്തുവാൻ എല്ലാ ആശ്രമവാസികളോടും നിർദ്ദേശമറിയിക്കുക"

പിന്നീടാഭാഗത്തുനിന്നും അധികം ശല്യമുണ്ടായില്ല, ഗുരുപത്നിയുമായി കാണാനുള്ള അവസരം അവനോ, അവനെ കാണാനുള്ള അവസരം ഗുരുപത്നിയോ സൃഷ്ടിച്ചുമില്ല. അധികം വൈകാതെ ഗുരു മടങ്ങിയെത്തി, ഗുരുകുലത്തിലെ എല്ലാകാര്യങ്ങളും ചോദിച്ചറിഞ്ഞ ഗുരുവിനോട് അവനക്കാര്യം മാത്രം പറഞ്ഞില്ല, മാതൃതുല്യയായ ഒരു സ്ത്രീയുടെ ജീവിതത്തെ കളങ്കപ്പെടുത്തേണ്ട എന്നവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്നാൽ ആ ഒരു വിശ്വാസം ഗുരുപത്നിക്ക് ഉണ്ടായിരുന്നില്ല, അവൻ്റെ നാവിൽനിന്നും വേദൻ ആക്കഥ അറിയുന്നതിനുമുമ്പേ പറയാനുള്ള വ്യഗ്രത അവർ കാണിച്ചു. അതവർ എങ്ങനെ അവതരിപ്പിച്ചുവെന്ന് ഊഹിക്കവുന്നതേയുള്ളൂ, എന്തായാലും വേദൻ്റെ മനസ്സുമാറി; ഉത്തങ്കനോട് ഗുരുകുലജീവിതം അവസാനിപ്പിച്ച് സ്വന്തമായി ജീവിതം നയിക്കുവാൻ ഉപദേശിച്ചു. അതൊരനുഗ്രഹമായി തോന്നിയ ഉത്തങ്കൻ ഗുരുവിനോട് എന്ത് ഗുരുദക്ഷിണയാണ് വേണ്ടതെന്ന് തിരക്കി.

"ഗുരുപത്നിയെ ചെന്നുകാണുക, അവളാണല്ലോ നിനക്ക് ഇത്രയും കാലം ആഹാരവും വാസസ്ഥാനവും, മറ്റുസൗകര്യങ്ങളും ഒരുക്കിയത്, അതിനാൽ അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കുക, അതിലൂടെ ഞാനും നിന്നിൽ സംപ്രീതനാകും"

എന്ന ഗുരുവചനം ഉത്തങ്കനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.

എന്നാൽ ശിഷ്യനെ നന്നായറിയാമായിരുന്ന ഗുരുവെല്ലാം മനസ്സിലാക്കിയിരുന്നു, അവൻ തെറ്റുകാരനല്ലെന്ന് തീർത്തറിയാമായിരുന്നെങ്കിലും ഗുരു നിസ്സഹായനായിരുന്നു. എങ്കിലും അദ്ദേഹം അവനെ ആശ്വസിപ്പിച്ചു, ധൈര്യം നൽകി

"ഉണ്ണീ.. ഉത്തങ്കാ.. ധർമ്മപ്രകാരം നീയെന്നെ ശുശ്രൂഷിച്ചു. അതുകൊണ്ട് നിന്നിലെനിക്കുള്ള പ്രീതിയും വർദ്ധിച്ചു. നിൻ്റെ ഇഷ്ടങ്ങളൊക്കെ സാധിക്കും. എന്നാലും നിൻ്റെ കർമ്മപൂർത്തിക്കായി പോയിവരൂ."

തികഞ്ഞ ആശങ്കയോടെ ഗുരുപത്നിയോടെങ്ങനെ യാത്രചോദിക്കുമെന്ന് ചിന്തിച്ചിരുന്ന ഉത്തങ്കനിപ്പോൾ അവരുടെ അടിമയായിരിക്കുന്നു. ഉറക്കെ മിടിക്കുന്ന ഹൃദയത്തോടെയവൻ ഗുരുപത്നിയെ കാണാൻ കത്തുനിന്നു. അവനെ ആ രീതിയിൽ അവിടെ വരുത്തിയ വിജയത്തിൻ്റെ ഉന്മാദച്ചിരിയുമായി അവരെത്തി, പിന്നീട് തികഞ്ഞ ഗൗരവത്തിൽ പറഞ്ഞു

പൗഷ്യരാജാവിന്റെ അടുക്കൽപോയി അദ്ദേഹത്തിന്റെ ഭാര്യയായ ക്ഷത്രീയസ്ത്രീ ധരിച്ച കുണ്ഡലങ്ങൾ എനിക്കായി കൊണ്ടുത്തരിക. അതു വാങ്ങിക്കൊണ്ടു നാലാംനാൾ ഇവിടെ വരണം, അന്നേയ്ക്ക് ആ കുണ്ഡലങ്ങൾ ധരിച്ചു ബ്രാഹ്മണർക്ക് ശ്രാദ്ധഭോജനം വിളമ്പിക്കൊടുക്കുവാൻ ഞാനാഗ്രഹിക്കുന്നു. അതു നീ സാധിച്ചുതരണം. അതാണു നീ നൽകേണ്ട ഗുരുദക്ഷിണ"

ഉത്തങ്കനു ശ്വാസം നേരേവീണു. ധർമ്മച്ച്യുതിയില്ലാത്ത എന്തും അവനു സ്വീകാര്യമായിരുന്നു; എങ്കിലും കാമം നിഷേധിക്കപ്പെട്ട, നിരസിക്കപ്പെട്ട പെണ്ണുടലിൻ്റെ പ്രതികാരം ആ വാക്കുകളിൽ അവനറിഞ്ഞു. ഒരിക്കലും സാധിക്കാൻകഴിയാത്ത ഒരു ദൗത്യംനൽകി പരാജിതനാക്കി അവനെ വിദ്യാഹീനനാക്കി പ്രതികാരം ചെയ്യുവാനുള്ള തീരുമാനത്തിൻ്റെ ആദ്യകടമ്പ കടന്ന സന്തോഷത്തിൽ അവളുടെ കണ്ണുകൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

നാലുനാളുകൾ വളരെ കുറവാണെന്നതിനാൽതന്നെ അവൻ വേഗം പുറപ്പെട്ടു; വഴിമദ്ധ്യേ അവനു വിശപ്പും ദാഹവുമനുഭവപ്പെട്ട സമയം അകലെയായി ഒരു വലിയ കാളയും, അതിന്മേൽ ഒരു വലിയപുരുഷനും ഇരിക്കുന്നതുകണ്ട് അടുത്തെത്തിയപ്പോൾ അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ

" ഉത്തങ്കാ... നീ വിശപ്പിനാലും, ദാഹത്താലും പരവശനാണല്ലോ? ഈ കാളയുടെ ചാണകം ഭക്ഷിച്ച് വിശപ്പടക്കി, മൂത്രം സേവിച്ച് ദാഹവും തീർത്താലും"

എന്നാ മഹാബാഹു പറഞ്ഞതു കേട്ട് അവനാദ്യം ശങ്കിച്ചു നിന്നു. എന്നാൽ അദ്ദേഹം വീണ്ടുമവനെ നിർബന്ധിച്ചു

" മടിക്കേണ്ട, ഇതൊക്കെ നിൻ്റെ ഗുരു വേദനും ഭക്ഷിച്ചിട്ടുള്ളതാണ്"

പിന്നീടവനൊട്ടും മടിച്ചുനിന്നില്ല, ഗുരുവിൻ്റെ ആ പ്രിയ ശിഷ്യൻ അവയെ ആഹരിച്ച്, യാത്രയുടെ ധൃതിയിൽ നിന്നുകൊണ്ട് ആചമനം വരുത്തി, ആ മഹാബാഹുവിനു നന്ദി പറഞ്ഞു യാത്രയായി. പൗഷരാജ്യത്തെത്തി മഹാരാജാവിനോട് ആ രത്നകുണ്ഡലങ്ങൾ ആവശ്യപ്പെട്ടു; അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം രാജ്ഞിയെക്കാണാൻ അന്തപ്പുരത്തിലെത്തിയെങ്കിലും അവനവരെ കാണുവാൻ സാധിച്ചില്ല. തിരിച്ചെത്തി രാജാവിനോട് കോപിച്ച അവനെ അദ്ദേഹം ശാന്തനാക്കിക്കൊണ്ട് പറഞ്ഞു

" നിനക്ക് അശുദ്ധിയുണ്ട്, അശുദ്ധർക്ക് അവരെ കാണുവാൻ സാദ്ധ്യമല്ല, ചിന്തിച്ചു നോക്കൂ, എങ്ങനെ ഈ അശുദ്ധിവന്നുവെന്ന്? പരിഹാരമുണ്ടാക്കാം"

ഉത്തങ്കൻ ആലോചിച്ചു, ശരിയാണ് ഭക്ഷണം കഴിച്ചിട്ട് നിന്നുകൊണ്ട് ആചമനം ചെയ്തു, അത് ശരിയായില്ല; തുടർന്നവൻ ശരിയായ രീതിയിൽ, കിഴക്കോട്ട് തിരിഞ്ഞിരുന്നു കൈയ്യുംകാലും നല്ലവണ്ണം കഴുകി, നുരയും ചൂടുമില്ലാത്ത വെള്ളംകൊണ്ട് നിശബ്ദമായി ഹൃദയത്തിലെത്തുമ്മട്ടു മൂന്നുപ്രാവശ്യം കുടിച്ച്, രണ്ടുരു തൊട്ടു തുടിച്ച്, ഇന്ദ്രീയസ്ഥാനങ്ങളിൽ തൊട്ട്, ആചമനം കഴിച്ചിട്ട്, അന്തപുരത്തിലേയ്ക്ക് കടന്നു. അപ്പോൾ രാജ്ഞിയെ കാണുകയും ചെയ്തു. അവരാ കുണ്ഡലം നൽകാൻ സന്തോഷത്തോടെ തയ്യാറായെങ്കിലും ഒരുമുന്നറിയിപ്പു നൽകി

"ഈ കുണ്ഡലങ്ങളിൽ നാഗരാജാവ് തക്ഷകനും ആഗ്രഹമുണ്ട്, അവൻ ഇത് സ്വന്തമാക്കാൻ ശ്രമിക്കും, അതിനാൽ കഴിവതും ഇതങ്ങയുടെ ശരീരത്തിൽ നിന്നും അകറ്റാതെ സൂക്ഷിച്ചുകൊണ്ടുപോകണം"

സ്വന്തം തപശക്തിയിൽ വിശ്വാസമുള്ള ഉത്തങ്കൻ അതിനു മറുപടി നൽകി

"തക്ഷകൻ എന്നെ തീണ്ടില്ല, അവനെ നിലയ്ക്കുനിർത്താനുള്ള മന്ത്രതന്ത്രങ്ങൾ എനിക്ക് സ്വായത്തമാണ്"

കരഗതമായ കുണ്ഡലങ്ങളുമായി വേഗം മടങ്ങുവാൻ അഗ്രഹിച്ച ഉത്തങ്കനെ ഭക്ഷണം കഴിക്കുവാൻ പൗഷരാജൻ നിർബ്ബന്ധിച്ചു. പോകാൻ ധൃതിയുള്ളതിനാൽ പെട്ടെന്ന് വിളമ്പാൻ ഉത്തങ്കൻ നിർബന്ധം പിടിച്ചു, അതിനിടയിൽ ചില കശപിശകൾ ഉണ്ടായി. തണുത്ത ആഹാരത്തിൽ മുടിയിഴകൾ കൂടികണ്ടതോടെ ഉത്തങ്കനിൽ കോപമുണർന്നു അവൻ പൗഷരാജനെ "അന്ധനായിത്തീരട്ടേ" എന്ന് ശപിച്ചു. പൗഷരാജൻ നീ ധൃതികൂട്ടിയതിനാൽ വന്ന പിശകിനെന്നെ ശപിക്കുകിൽ "നിനക്ക് സന്താനഭാഗ്യം ഇല്ലാതെയായിപ്പോകട്ടേ" എന്ന് തിരിച്ചും ശപിച്ചു. പിന്നീട് പരസ്പരം മാപ്പുപറഞ്ഞ് ഉത്തങ്കൻ ശാപം പിന്വലിച്ചു, രാജാവ് പിന്വലിച്ചതുമില്ല.

കുണ്ഡലങ്ങളുമായി തിരിച്ചുവരുന്ന ആ വിജനമായ വഴിത്താരയിൽ ഒരു നഗ്നക്ഷപണകനെ കാണാനിടയായി, അവൻ നഗ്നനായതിനാലാവാം ഇടയ്ക്ക് അപ്രത്യക്ഷനായും പിന്നീട് പ്രത്യക്ഷപ്പെട്ടും അവനും ഉത്തങ്കനോടൊപ്പം അതേ ദിശയിൽ യാത്രചെയ്തുകൊണ്ടിരുന്നു. മാർഗ്ഗമദ്ധ്യേ വന്ന ഒരു ചെറിയ അരുവിയിൽ നിന്ന് ദാഹമകറ്റി, അംഗവസ്ത്രത്തിൽ പൊതിഞ്ഞ് കുണ്ഡലങ്ങൾ കരയിൽ വച്ചശേഷം കരചരണങ്ങളും മുഖവും കഴുകി ദേവകാര്യങ്ങൾക്കായി ഉത്തങ്കൻ അരുവിയിലിറങ്ങി. ആ സമയം നഗ്നക്ഷപണകൻ ഓടിയെത്തി ആ കുണ്ഡലങ്ങളുമെടുത്ത് ഓടിപ്പോയി. ഉത്തങ്കൻ ജലസ്പർശം ചെയ്തു ശുചിയായി ദേവഗണങ്ങളേയും, ഗുരുവിനേയും നമസ്ക്കരിച്ചശേഷം, അതിവേഗത്തിൽ ആ ക്ഷപണകൻ്റെ പിന്നാലെപാഞ്ഞു. ആ ഓട്ടമത്സരത്തിൽ ഉത്തങ്കൻ ക്ഷപണകൻ്റെ സമീപത്തെത്തി, അവനെ പിടിക്കുമെന്ന സ്ഥിതിയിലെത്തിയപ്പോൾ അവൻ മനുഷ്യരൂപം വെടിഞ്ഞ് നാഗരാജാവ് തക്ഷകനായി മാറി. സ്വന്തം രൂപം കൈക്കൊണ്ട തക്ഷകൻ ഭൂമിയിലുണ്ടായിരുന്ന ഒരു വലിയ ഗുഹയിലേക്ക് കടന്ന് അപ്രത്യക്ഷനായി; അതുവഴി നാഗലോകത്തിൽ ചെന്നു കുണ്ഡലങ്ങളുമായി സ്വഗൃഹത്തിലേക്കുപോകുകയും ചെയ്തു.

ആദ്യമൊന്നമ്പരന്നെങ്കിലും ഉത്തങ്കൻ വളരെ വേഗം ധൈര്യം വീണ്ടെടുത്ത്, സമീപത്തുനിന്നും കയ്യിൽ കിട്ടിയ മരക്കഷണങ്ങൾ കൊണ്ട് ആ ഗുഹകുഴിച്ച് തക്ഷകനെ പിടിക്കാൻ പരിശ്രമിച്ചു പരാജയപ്പെട്ടു. ആ പ്രയത്നം കണ്ടുനിന്ന ദേവേന്ദ്രൻ അവനിൽ കരുണതോന്നി തൻ്റെ ആയുധമായ വജ്രത്തെ അവൻ്റെ സഹായത്തിനായി അയച്ചുകൊടുത്തു. വജ്രം അവനുപയോഗിക്കുന്ന മരക്കൊമ്പിൽ കടന്ന് ഭൂമിയെപ്പിളർന്ന് നാഗലോകത്തേയ്ക്കു വഴിതുറന്നു കൊടുത്തു. ഉത്തങ്കനതിലൂടിറങ്ങിച്ചെന്നത് വളരെ വിശാലമായ ഒരു ലോകത്തേയ്ക്കായിരുന്നു. അവിടെ അനേകം മേടകളും, മാളികകളും, കോട്ടകൊത്തളം, രാജവീഥികൾ എന്നിവയും വിവിധ ഉദ്യാനങ്ങൾ, ക്രീഡാഗൃഹങ്ങൾ, നദികൾ, മറ്റു അത്ഭുതമായികക്കാഴ്ച്ചകളുമായി അതിമനോഹരമായ നാഗലോകത്തെയവൻ കണ്ടു. നാഗവിഷജ്വാലകൾ എങ്ങും പടർന്നിരുന്നെങ്കിലും അവയിൽ നിന്നും സുരക്ഷിതമായ അകലത്തിൽ നിന്ന ഉത്തങ്കനെ ആദ്യം സ്പർശ്ശിച്ചില്ല. എങ്കിലും പിന്നീട് വിഷജ്വാലയിൽ ബുദ്ധിമുട്ടനുഭവിച്ചു തുടങ്ങിയ അവൻ, അവയ്ക്കിടയിൽ നിന്നുകൊണ്ട് നാഗരാജാവിനെ ശ്ളോകങ്ങൾ ചൊല്ലിസ്തുതിച്ചു, തൻ്റെ കുണ്ഡലങ്ങൾ തിരിച്ചേകാൻ പ്രർത്ഥിച്ചു.

എന്നാൽ തക്ഷകൻ അവനെ കാണാനോ, കുണ്ഡലം തിരികെനൽകാനോ കൂട്ടാക്കിയില്ല, ഇനിയെന്ത് ചെയ്യുമെന്ന് ചിന്തിച്ച് ചുറ്റും നോക്കുമ്പോൾ നൂലു വേമത്തിൽ കയറ്റി വസ്ത്രം നെയ്യുന്ന രണ്ടു സ്ത്രീകളെ കണ്ടു. ആ യന്ത്രത്തിൽ കറുത്തും വെളുത്തതുമായ നൂലുകൾ ആറു കുമാരൻമാർ ചുറ്റിക്കുന്നതും പന്ത്രണ്ട് അരങ്ങളുള്ള ചക്രവും കണ്ടു. അടുത്തായി മറ്റൊരു പുരുഷനേയും നല്ലയൊരു കുതിരയേയും കണ്ടു. അവരാരാണെന്ന് ഉത്തങ്കനു വ്യക്തമായില്ലെങ്കിലും അവരോട് സഹായമഭ്യർത്ഥിക്കാൻ തീരുമാനിച്ച അവനവരെ, അപ്പോൾ രചിച്ച ശ്ളോകങ്ങളാൽ സ്തുതിച്ചു. കുതിരമേലിരുന്ന ഗംഭീരപുരുഷൻ അവൻ്റെ സ്തുതിയിൽ സന്തുഷ്ടനായി നിനക്കെന്താണ് എന്നിൽ നിന്നും വേണ്ടതെന്ന് തിരക്കി. അവൻ മറുപടിയായി

‌" ഈ നാഗങ്ങളുടെ വിഷജ്വാലകളാൽ ഞാൻ പരിക്ഷീണിതനായിരിക്കുന്നു, ഇവയെ കീഴടക്കാനും എനിക്ക് നഷ്ടപ്പെട്ട കുണ്ഡലങ്ങൾ വീണ്ടെടുക്കുവാനും അവിടുന്നെന്നെ സഹായിക്കണം"

എന്നാവശ്യപ്പെട്ടു. അപ്പോഴാ മഹാബാഹു അവനോട്

"നീ എൻ്റെ കുതിരയുടെ മലദ്വാരത്തിലൂടെ ഊതിക്കൊള്ളൂ, എല്ലാം മംഗളമാകും"

എന്നറിയിച്ചു. ഉത്തങ്കൻ അദ്ദേഹം ആവശ്യപ്പെട്ടതുപോലെ കുതിരയുടെ മലദ്വാരത്തിലൂടെ ഊതി, അവൻ ഊതുമ്പോൾ കുതിരയുടെ വായിൽനിന്നും മൂക്കിൽനിന്നും അഗ്നിജ്വാലകൾ പുറപ്പെട്ടുതുടങ്ങി. തീയും പുകയും കൊണ്ട് നാഗലോകമാകെ നിറഞ്ഞു, നാഗലോകം പുകഞ്ഞുതുടങ്ങിയപ്പോൾ തക്ഷകൻ പരിഭ്രമിച്ച് അഗ്നിഭയം കൊണ്ടു വിഷണ്ണനായി കുണ്ഡലങ്ങളുമെടുത്തു സ്വഭവനത്തിൽനിന്ന് പുറത്തുവന്ന് ഉത്തങ്കനോടു പറഞ്ഞു.

"ഇതാ പൗഷമഹാരാജ്ഞിയുടെ കുണ്ഡലങ്ങൾ, ഇതു കൊണ്ടുപൊയ്ക്കൊള്ളൂ"

ഉത്തങ്കനതു വാങ്ങി, കുണ്ഡലം അതുതന്നെയാണെന്നും, ഭദ്രമാണെന്നുമുറപ്പുവരുത്തി, ആദ്യം സന്തോഷിച്ചു, അടുത്ത നിമിഷം അവൻ വിഷണ്ണനായിമാറി. അവൻ്റെ ചിന്ത തക്ഷകൻ കാരണം നഷ്ടമായ ദിനങ്ങളെപ്പറ്റിയായിരുന്നു

"ഇന്നാണാ നാലാംനാൾ, ഗുരുപത്നിയുടെ പുണ്യദിവസം. ഞാനോ വളരെ ദൂരത്തുമാണ്, എന്നാലെങ്ങനെ അവിടെ എത്തി യഥാസമയം ഗുരുദക്ഷിണ നൽകാൻ സാധിക്കും? ഈ പ്രയത്നമെല്ലാം വൃഥാവിലായല്ലോ" .

അവന്റെ നിരാശയും, വിഷമവും മനസിലാക്കിയ ആ മഹാപുരുഷൻ അവനോട് പറഞ്ഞു

"ഉത്തങ്കാ... ഈ കുതിരപ്പുറത്തു കയറിക്കൊള്ളൂ. ക്ഷണത്തിൽ അത് നിന്നെ ഗുരുകുലത്തിൽ എത്തിക്കും"

അവനുടൻതന്നെ ആ കുതിരപ്പുറത്തു കയറി ഗുരുകുലത്തിലെത്തി.ആ സമയം ഗുരുപത്നി കുളിച്ചു തലമുടിയുലമ്പിക്കൊണ്ട് പുറത്തേയ്ക്ക് വരികയായിരുന്നു

"ഉത്തങ്കൻ ഇതുവരെ വന്നില്ലല്ലോ, ഞാൻ എന്താണോ ആഗ്രഹിച്ചത് അത് സാധിച്ചിരിക്കുന്നു, അവനെ ഗുരുവിനാൽ ശാപഗ്രസ്തനാക്കി, ഏത് അറിവിൻ്റെ ബലത്തിൽ എന്നിലെ സ്ത്രീയെ നിരസിച്ചുവോ, അവൻ്റെ ആ വിദ്യതന്നെ നശിപ്പിച്ച് ഒന്നുമല്ലാതാക്കിത്തീർക്കാൻ ഇനി അമാന്തിച്ചുകൂടാ"

എന്നുറച്ച് ഭർത്താവായ ഋഷിവേദനുനേരേ നടന്നുതുടങ്ങിയതും, ആശ്രമത്തെ വിറപ്പിക്കുന്ന കുതിരക്കുളമ്പടികളുമായി ഉത്തങ്കൻ അരികിലെത്തി ഉപാദ്ധ്യായനിയെ അഭിവാദ്യം ചെയ്തു, അവൾക്കാ കുണ്ഡലങ്ങൾ കൊടുത്തുകൊണ്ട് പറഞ്ഞു

"ദേവീ... മാതേ... അടിയൻ്റെ ഗുരുദക്ഷിണ കൈക്കൊണ്ടാലും, ആശീർവദിച്ചാലും"

അസാദ്ധ്യമായ ഈ കർമ്മം ചെയ്ത ഉത്തങ്കൻ തപോബലം നേടിക്കഴിഞ്ഞിരിക്കുന്നു, ഇനിയും അവനെ ദ്രോഹിക്കാൻ ശ്രമിച്ചാൽ അത് തനിക്കുതന്നെ നാശഹേതുവാകുമെന്ന് തിരിച്ചറിഞ്ഞ്, എന്തുപറയണമെന്നറിയാതെ അന്ധാളിച്ച ആ സ്ത്രീ ഭർത്താവിനെ സാക്ഷിനിർത്തി വിക്കിവിക്കിപറഞ്ഞു.

"ഉത്തങ്കാ.. വേണ്ടസമയത്ത് നീ വേണ്ടിടത്തെത്തി. നിനക്കു സ്വാഗതം . ഉണ്ണീ നിർദ്ദോഷിയായ നിന്നെ ഞാൻ ദ്രോഹിക്കാൻ ശ്രമിച്ചതല്ല, അവ നിന്നെ പരീക്ഷിക്കുവാനും, ജീവിതവിജയങ്ങൾക്കായി നിന്നെക്കൂടുതൽ കരുത്തനാക്കുവാനുമായിരുന്നെന്ന് നീ ധരിച്ചാലും. നിനക്കു എന്നും മഹാശ്രേയസ്സായി സിദ്ധികൾ കൈവരും."

ഗുരുവിനോട് യാത്രാനുമതി വാങ്ങാനെത്തിയ അവനോട് ഗുരു, യാത്രാമദ്ധ്യേയും, നാഗലോകത്തും കണ്ട ആളുകൾ ആരൊക്കെയെന്ന് വിശദീകരിച്ചുനൽകി.

“വത്സാ‚ ഉത്തങ്ക‚ നീ ആദ്യം കണ്ട പുരുഷ൯ ഇന്ദ്രനും‚ കാള വേഷം മാറിവന്ന ഐരാവതവുമാണ്. നീ കഴിച്ച കാളച്ചാണകം അമൃതാണ്. ഇന്ദ്ര൯ എന്‍റെ ഇഷ്ടനായതുകൊണ്ട് നിന്നോട് ദയ കാണിച്ചതാണ്. നാഗലോകത്തുകണ്ട സ്ത്രീകള്‍ ധാതാവും‚ വിധാതാവുമാണ്. വെളുത്തതും കറുത്തതുമായ നൂലുകള്‍ പകലും‚ രാത്രിയുമാണ്. പന്ത്രണ്ടഴികളുള്ള ചക്രം സംവത്സരവും‚ അതുകറക്കുന്ന ആറുപേര്‍ ഋതുക്കളുമാണ്. അവിടെകണ്ട പുരുഷ൯ മഴയുടെ ദേവനാണ് (പ൪ജ്ജന്യ൯). കുതിര അഗ്നിയുമായിരുന്നു.

പിന്നീടാണാ ഉപദേശം നൽകിയത്, അതും പൗഷരാജനുമായി ശാപങ്ങൾ കൈമാറിയതിനെ പ്രതിപാദിച്ചുകൊണ്ട്, കോപം നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി. ഒടുവിൽ ഇങ്ങനെ പറഞ്ഞുനിർത്തി

"എങ്കിലും നിൻ്റെ മനസ്സിലെ നമകൾക്ക് പ്രതിഫലമായി നിനക്ക് നന്മകൾ പ്രതിഫലമായി ലഭിക്കും, നിനക്ക് എല്ലാവിധ മംഗളങ്ങളും ഭവിക്കട്ടേ..."

സ്വന്തം ഭവനത്തിലേയ്ക്കുള്ള വഴിയിലുടനീളം ഉത്തങ്കൻ്റെ മനസ്സിൽ അതൊരു സംശയമായി നിറഞ്ഞുനിന്നു. ഗുരുപത്നിയെ ഭോഗിക്കാതെ ഗുരുവിനോടും സ്വയവും നന്മയാണ് താൻ ചെയ്തത്, എന്നാൽ അതിനു പ്രതിഫലമായാണീ കഷ്ടപ്പാടുകളെല്ലാം അനുഭവിക്കേണ്ടി വന്നത്, അതിലെവിടെയാണ് പ്രതിഫലമായനന്മ കണ്ടെത്താനാവുന്നത്? ഗൃഹത്തിലെത്തിയിട്ടും, സ്വന്തമായി ശിഷ്യന്മാരും, യാഗങ്ങളും യജ്ഞങ്ങളുമൊക്കെയായി ജീവിതം തിരക്കേറിയതായെങ്കിലും ഉത്തങ്കൻ്റെ മനസ്സിൽ നിന്നും ആ നഗ്നക്ഷപണകൻ്റെ മുഖം, ക്രൂരനായ തക്ഷകൻ്റെ മുഖം മാഞ്ഞതേയില്ല, കൂടുതൽ കൂടുതൽ തെളിവോടെ അതവൻ്റെ നിദ്രയെ ഭംഗം വരുത്തിക്കൊണ്ടേയിരുന്നു.

തൻ്റെ മനസ്സിൻ്റെ താളം വീണ്ടെടുക്കാൻ തക്ഷകനോട് പ്രതികാരം ചെയ്യണം, അല്ല .. തക്ഷകനോടല്ല, നാഗലോകത്ത് വച്ച് വിഷജ്വാലകളാൽ ജീവശ്ശവമാക്കിയ നാഗങ്ങളുടെ വംശത്തോടുതന്നെ പകരം വീട്ടിയില്ലെങ്കിൽ എന്തിനീ ആർജ്ജിതതപോപുണ്യം? ഒറ്റയ്ക്കതിനു ശേഷിയില്ല, ഒരു സുഹൃത്ത്, രക്ഷകൻ, സമ്പത്ത് മുടക്കാൻ തയ്യാറായ ഒരു തക്ഷകശത്രു വേണം കൂട്ടിനായി, അങ്ങനെ ആരുണ്ട്? ആ ചിന്തകൾ ചെന്നവസാനിച്ചത് ചന്ദ്രവംശത്തിലെ ഭാരതചക്രവർത്തി ജനമേജയനിലാണ്. സ്വന്തം പിതാവ് തക്ഷകനാൽ ക്രൂരമായി ദംശിക്കപ്പെട്ട് വധിക്കപ്പെട്ടതിനാൽ ആ മനസ്സിൽ തക്ഷകനോട് പകയും, വിദ്വേഷവും ഇല്ലതിരിക്കുമോ? തീർച്ചയായും കാണും, അതാണു തൻ്റെ പിടിവള്ളി, അതിനാൽതന്നെ ഇനിമേൽ തൻ്റെ കർമ്മക്ഷേത്രം ഹസ്തിനപുരമാണെന്ന് ഉത്തങ്കൻ തീർച്ചയാക്കി.

ആശ്രമത്തിൽ നിന്നും ശിഷ്യന്മാരോടൊപ്പം ഹസ്തിനപുരിലേയ്ക്ക് പുറപ്പെട്ട ഉത്തങ്കൻ ഒരു നിമിത്തം മാത്രമായിരുന്നു, കോടിക്കണക്കിനു സർപ്പങ്ങൾ യാഗകുണ്ഡത്തിൽ വെന്തെരിഞ്ഞ സർപ്പസത്രം, അതെന്നേ തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

No comments:

Post a Comment