ഉത്തങ്കമുനി ഹസ്തിനപുരിയിലെ പുരോഹിതസ്ഥാനം സ്വീകരിച്ചെങ്കിലും തൻ്റെ ഉദ്ദേശം നിറവേറ്റാനുതകുന്ന ഒരു സാഹചര്യവും അവിടെ കാണാനായില്ല. മഹാരാജാവായ ജനമേജയനു തൻ്റെ പിതാവായ പരീക്ഷിത്തിൻ്റെ മരണത്തെ സംബന്ധിച്ച് തെറ്റായ അറിവാണുണ്ടായിരുന്നത് എന്നതിനാൽ തന്നെ തക്ഷകനോടോ നാഗവംശത്തോടോ ഏതെങ്കിലും രീതിയിലുള്ള ദ്വേഷമോ, പ്രതികാരമനോഭാവമോ ഉണ്ടായിരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ ഉത്തങ്കൻ രാജാവിനെ ഏകനായി ലഭിക്കുവാനും, തക്ഷകൻ അദ്ദേഹത്തിൻ്റെ പിതാവിനോട് ചെയ്ത ക്രൂരകൃത്യങ്ങൾ ധരിപ്പിച്ച് പ്രതിശോകത്തിനു പ്രേരിപ്പിക്കുവാനും ഒരവസരത്തിനായി പരിശ്രമിച്ചുകൊണ്ടേയിരുന്നു.
ഉത്തങ്കമുനി തൻ്റെ പരിശ്രമങ്ങളുമായി മുന്നോട്ട് പോകട്ടേ.... നമുക്ക് ഇതിനിടയിൽ ദേവലോകത്തിലെ ചില പഴയ വിശേഷങ്ങൾ അറിഞ്ഞുവരാം....
നമ്മളെല്ലാം പിറന്ന കശ്യപഗോത്രത്തിൻ്റെ സ്ഥാപകൻ കശ്യപപ്രജാപതി, ബ്രഹ്മാവിൻ്റെ പുത്രൻ മരീചിയുടെയും കലയുടേയും പുത്രൻ, ദക്ഷപ്രജാപതിയുടെ പന്ത്രണ്ട് പെണ്മക്കളെ വിവാഹം കഴിച്ചു. അവരിൽ ദിതിയിൽ നിന്നും അസുരരും, അദിതിയിൽ നിന്നും സുരന്മാരും, വിനിതയിൽ നിന്നും അരുണൻ, ഗരുഢൻ എന്നിവരും, കദ്രുവിൽ നിന്നും നാഗങ്ങളും പിറവിയെടുത്തു.
കദ്രുവെന്ന ഇളയസപത്നിക്ക് അനേകം നാഗസന്താനങ്ങൾ പിറന്ന് അവരിൽ വാസുകി, തക്ഷകൻ, അനന്തൻ എന്നിവരെല്ലാം പ്രമാണിമാരായി വിലസവേ തനിക്ക് പിറന്ന രണ്ട് മുട്ടകൾ ഇനിയും വിരിയാത്തതിൽ ഖിന്നയായ വിനിത അതിലൊരെണ്ണം പൊട്ടിച്ചുനോക്കി. അതിൽ നിന്നും പൂർണ്ണവളർച്ചയെത്താത്ത ഒരു അതിതേജസ്വിയായ പുരുഷൻ പുറത്തുവന്നു. തന്നെ പൂർണ്ണമായി വളരാൻ അനുവദിക്കാത്ത ആ അക്ഷമയെ അവൻ ശപിച്ചു
" നിൻ്റെ അക്ഷമ മൂലം ഞാൻ അപൂർണ്ണനായി പിറവിയെടുത്തിരിക്കുന്നു, അതിനാൽ നീ ശിക്ഷയർഹ്ഹിക്കുന്നു, ആരോട് മത്സരിച്ച് നീയീ തെറ്റുചെയ്തോ, ആ കദ്രുവിനടിമയായി നീ ജീവിക്കേണ്ടി വരും"
തൻ്റെ തെറ്റിൽ ആ മാതൃഹൃദയം വേദനിച്ചു, ശാപത്തിൽ അവൾക്ക് തെല്ലും ദുഃഖമുണ്ടായില്ല, എന്നാൽ തൻ്റെ മകൻ താൻ മൂലം പൂർണ്ണവളർച്ചയെത്താതെ പിറന്നതിൽ ആ മനസ്സുരുകി, കണ്ണുകളിലൂടെ പ്രവഹിച്ചു. അത് കണ്ടുനിന്ന അരുണനും ദുഃഖിതനായി, അവൻ അമ്മയ്ക്ക് ശാപമോക്ഷം നൽകി.
" അമ്മേ, ദുഃഖിക്കേണ്ട, ഞാൻ ഇച്ഛാധാരിയായ ജന്മമാണ്, ഇനിയുള്ള ആ മുട്ടയിലുള്ള എൻ്റെ അനുജനെ കാത്തുസൂക്ഷിക്കുക, അതിബലവാനായ അവൻ അമ്മയുടെ ദാസ്യം നീക്കി രക്ഷചെയ്യുന്നതായിരിക്കും"
സഹോദരിമാരെങ്കിലും, സപത്നിമാരായ വിനിതയ്ക്കും കദ്രുവിനുമിടയിൽ കിടമത്സരങ്ങൾ വളർന്നുകൊണ്ടേയിരുന്നു. രണ്ടാമത്തെ മുട്ടയിൽ നിന്നും അതിബലവാനും, തേജസ്വിയുമായ സുപർണ്ണൻ പിറന്നു. അരുണൻ സൂര്യഭഗവാൻ്റെ തേരാളിയും, ഗരുഢൻ മഹാവിഷ്ണുവിൻ്റെ വാഹനവുമായിമാറിയതോടെ ആ പോരുമുറുകി. കദ്രുവിൻ്റെ മക്കൾ നാഗലോകത്തെ ചക്രവർത്തിമാരായി വാഴുമ്പോൾ വിനിതയുടെ മക്കൾ വെറും ദാസ്യപ്പണിചെയ്യുന്നവരാണെന്ന് കദ്രു ആക്ഷേപിച്ചു.
"നിൻ്റെ പുത്രന്മാർ രണ്ടാളും പേരിനു മുഴുവൻ ദേവന്മാർക്കും തുല്യം, മഹാബലവാന്മാർ എന്നാൽ ബുദ്ധി ലേശം പോലുമില്ലാത്തവർ, ത്രിമൂർത്തികൾക്കും, ദേവന്മാർക്കും എന്തെങ്കിലും വരമാവശ്യമുണ്ടോ എന്ന് അങ്ങോട്ട് ചോദിച്ച്, ഒരാളുടെ തേരാളിയും, മറ്റയാളുടെ വാഹനുമായിത്തീർന്ന വിഡ്ഢികൾ.. അതെങ്ങനാണ് മാതാവിനില്ലാത്ത ബുദ്ധി പുത്രന്മാർക്കുണ്ടാകുമോ? ഞാൻ ചെറുപ്പം മുതൽ കാണുന്നതല്ലേ?"
ഈ പരിഹാസം വിനിതയെ ചൊടിപ്പിച്ചു, അവൾ ശക്തമായി പ്രതികരിച്ചു
"നീ എന്നും വക്രബുദ്ധിയുള്ളവളായിരുന്നല്ലോ? നമ്മുടെ ബാല്യത്തിലേതെങ്കിലും ഒരു ക്രീഡയിൽ നീ കൗശലം കൊണ്ടല്ലാതെ എന്നെ തോൽപ്പിച്ചിട്ടുണ്ടോ? ശരി നീ എൻ്റെ ബുദ്ധി അളക്കുക, അതിൽ നീ വിജയിച്ചാൽ ഞാൻ നിനക്കടിമയായിരുന്നുകൊള്ളാം, മറിച്ചായാൽ നീ എനിക്കും"
കദ്രു ഒട്ടും ആലോചിക്കാതെ അത് സമ്മതിച്ചു, കൗശലത്തിറ്റെ റാണിയായ അവൾ മനസ്സിൽ ചിലകണക്കുകൾ കൂട്ടി എന്നിട്ട് ചോദിച്ചു
"അല്ലയോ ബുദ്ധിമതിയായ സഹോദരീ... ഇന്ദ്രാശ്വമായ ഉച്ചൈശ്രവസ്സിൻ്റെ വാലിൻ്റെ നിറമെന്താണ്?"
വിനിത ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു
"സൂത്രശാലിയും, അമിതാത്മവിശ്വാസത്തിൽ സമനിലതെറ്റിയവളുമായ സഹോദരീ..നീ മറ്റൊരു ചോദ്യം ചോദിച്ചുകൊള്ളൂ, ഇത്ര നിസ്സാരമായ ചോദ്യത്തിലൂടെ നിന്നെ എനിക്ക് ജയിക്കേണ്ട. ക്ഷീരസാഗരമഥനത്തിൽ ഉയർന്നുവന്ന ആ ദിവ്യവാജിയുടെ ശരീരത്തിൽ ആ പാൽക്കടൽ പോലെ വെളുത്ത രോമങ്ങളല്ലാതെ മറ്റൊരു നിറവുമില്ലെന്ന് ആർക്കാണറിയാത്തത്?"
കദ്രും ഗൂഢസ്മിതത്തോടെ പ്രതിവചിച്ചു
"തെറ്റാണ് നീ പറഞ്ഞത്, ഉച്ചൈശ്രവസ്സിൻ്റെ വാലിനു കൃഷ്ണവർണ്ണമാണ്, ഇതാണ് നീ അറിവില്ലാത്തവളെന്ന് ഞാൻ പറഞ്ഞത്"
വിനിതയ്ക്ക് നന്നായി അറിയാമായിരുന്നു കദ്രു പറഞ്ഞത് കള്ളമാണെന്ന്, അതിനാൽ തന്നെ അവൾ ആ ചോദ്യം മത്സരമായി പരിഗണിച്ചു
"ശരി എങ്കിൽ നമുക്ക് നേരിട്ട് നിരീക്ഷിക്കാം, വാലു വെളുത്തതോ കറുത്തതോ എന്ന്"
അവിടെ നിന്നും മടങ്ങിയെത്തിയ കദ്രു തൻ്റെ മക്കളായ നാഗങ്ങളെ വിളിച്ച് നടന്ന തർക്കത്തിൻ്റെ കഥ പറഞ്ഞു, ഒടുവിൽ ഇങ്ങനെ പറഞ്ഞു നിർത്തി
"നിങ്ങളുടെ അമ്മയെ ദാസ്യത്തിലേർപ്പെടാതെ രക്ഷയേകേണ്ടത് മക്കളുടെ കടമയാണ്, അതിനാൽ നിങ്ങൾ ഉച്ചൈശ്രവസ്സ് എന്ന ദിവ്യാശ്വത്തിൻ്റെ വാലിൽ കടിച്ചുതൂങ്ങി ദൂരെനിന്നു നോക്കുമ്പോൾ കറുത്തതാണെന്ന് തോന്നത്തക്കവണ്ണം കിടക്കുക, പിന്നീടുള്ളത് ഞാൻ കൈകാര്യം ചെയ്തുകൊള്ളാം"
സർപ്പങ്ങളിൽ ശ്രേഷ്ഠരായവർ അതിനെ എതിർത്തു.,
"ഒന്നാമത് ഇപ്രകാരം തെറ്റായ ഒരു കാര്യത്തിൽ മത്സരം അറിഞ്ഞുകൊണ്ടുവച്ചത് തെറ്റ്, രണ്ടാമത് മത്സരത്തിൽ വഞ്ചനയും ചതിയും ധർമ്മമല്ല. അതിനാൽ അപ്രകാരം അധർമ്മം പ്രവർത്തിക്കുവാൻ ഞങ്ങളിലാരും ഒരുക്കമല്ല"
നാഗരാജാവായ തക്ഷകൻ തീർത്തുപറഞ്ഞു.
കദ്രു കോപം കൊണ്ടുതിളച്ചുമറിഞ്ഞു, അവൾ ശപിച്ചു
"മാതാവിൻ്റെ നിർദ്ദേശമനുസരിക്കാത്ത സന്താനങ്ങളേ.. നിങ്ങൾ ജനമേജയൻ്റെ സർപ്പസത്രത്തിലെ യഗകുണ്ഡത്തിൽ വീണ് വെന്തെരിഞ്ഞ് ഇല്ലാതാകട്ടേ..."
സർപ്പങ്ങളിൽ ഇളയകുട്ടി അപ്പോഴും മാതാവിൻ്റെ മടിയിൽ കളിച്ചിരുന്ന ഇളപത്ര അതുകേട്ട് ഭയന്ന് അമ്മയുടെ നിർദ്ദേശം അനുസരിക്കുവാൻ തയ്യാറായി, അവൻ ഉച്ചിശ്രവസ്സിൻ്റെ വാലിൽ കടിച്ചുതൂങ്ങി, കദ്രു വിനിതയെ ആ കാഴ്ച്ച കാണിച്ചുകൊടുത്തു; കറുത്ത വാലുള്ള വെളുത്ത ആ കുതിരയെ. വിനിത കദ്രുവിൻ്റെ അടിമയായി.
കശ്യപപ്രജാപതി കദ്രുവിൻ്റെ ഈ ശാപത്തിൽ വളരെ അസ്വസ്ഥനായി, ബ്രഹ്മാവിനെ സമീപിച്ചു ചോദിച്ചു
"ശരിയായ ധർമ്മമല്ലേ സർപ്പങ്ങൾ പാലിച്ചത്? അധർമ്മത്തിനുകൂട്ടുനിൽക്കുവാൻ തയ്യാറാകാതിരുന്ന അവർക്ക് ശാപം ലഭിച്ചത് ഉചിതമോ?"
ബ്രഹ്മാവ് പൗത്രനെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു
"ഉണ്ണീ... നാഗങ്ങളുടെ എണ്ണം പ്രപഞ്ചത്തിനുതാങ്ങാവുന്നതിനുമപ്പുറത്താകുമ്പോൾ ഒരു നിയന്ത്രണമാവശ്യമാണ്, ഈ ശാപവും, ആ സർപ്പസത്രവും സൃഷ്ടാവായ എൻ്റേയും തീരുമാനങ്ങൾക്കപ്പുറം, സംഹാരമൂർത്തിയുടെ കർത്തവ്യമാണ്, അത് സ്ഥിതിയുടെ മൂർത്തിയുടെ ആവശ്യപ്രകാരം സംതുലിതാവസ്ഥ നിലനിർത്താൻ... സമാധാനിക്കൂ... "
കുഞ്ഞിളപത്രയിലൂടെ ലഭിച്ച് ദാസിയേയും, പുത്രനേയും പരമാവധി കഷ്ടപ്പെടുത്തി രസിച്ച കദ്രു തൻ്റെ പുത്രന്മാർക്ക് ശാപമോക്ഷം നൽകി
"ജരത്ക്കാരു എന്ന മുനിക്ക് ജരത്ക്കാരു എന്ന സർപ്പകന്യകയിൽ ഉണ്ടാകുന്ന പുത്രൻ നിങ്ങളെ വംശനാശത്തിൽ നിന്നും രക്ഷിക്കും"
കഥയിൽ ആവശ്യമില്ലാത്തതെങ്കിലും നമുക്ക് ആ അമ്മയേയും മകനേയും അടിമകളാക്കിവിട്ട് പോകാൻ മനസ്സനുവദിക്കാത്തതിനാൽ അവരെ മോചിപ്പിച്ചിട്ട് സർപ്പങ്ങളോടൊപ്പം ആ യാഗത്തിലേയ്ക്ക് യാത്രതുടരാം...
തൻ്റെ അടിമകളോട് സമുദ്രത്തിൻ്റെ മദ്ധ്യത്തിലുള്ള രമണിയകദ്വീപിലേയ്ക്ക് തങ്ങളെ ഒരു വിനോദയാത്രയ്ക്ക് കൊണ്ടുപോകുവാൻ ആജ്ഞാപിച്ചു. കദ്രുവിനെ വിനിതയും നാഗങ്ങളെ ഗരുഢനും ചുമന്നുകൊണ്ട് പോകണം അതാണാവശ്യം, അവർ അപ്രകാരം രമണീയദ്വീപിലെത്തി. അപ്പോൾ കദ്രും തൻ്റെ സന്താനങ്ങളെ പുറത്തേറ്റി സൂര്യനുചുറ്റും കറങ്ങാൻ ഗരുഢനോട് ആവശ്യപ്പെട്ടു, ഗരുഢൻ അത് നിറവേറ്റി. എന്നാൽ സൂര്യനോടടുത്തപ്പോൾ നാഗങ്ങൾ സൂര്യതാപം സഹിക്കവയ്യാതെ ബോധരഹിതരായി മൃതപ്രായരായി വിരാനദ്വീപിലേക്ക് കൂട്ടത്തോടെ വീണു. ഇതറിഞ്ഞ കദ്രു ഗംഗാജലം കൊണ്ടുവന്ന് തളിച്ച് അവരെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരുവാൻ ആജ്ഞാപിച്ചു. ഗരുഢൻ അതും ചെയ്തുകൊടുത്തു.
ഏതായാലും ഈ സംഭവം കദ്രുവിനെയും നാഗങ്ങളേയും ഇരുത്തിച്ചിന്തിപ്പിച്ചു, ബോധംകെട്ട് താഴെവീണതു നന്നായി അല്ലെങ്കിൽ കരിഞ്ഞുപോയേനേ സൂര്യൻ്റെ താപത്താൽ; ഇനിയും ഈ അപകടമുണ്ട്, ഒരടിമയും അവൻ്റെ യജമാനനെ സ്നേഹിക്കാറില്ല. അവർ ഗരുഢനോടു പറഞ്ഞു
"ഗരുഢാ... നീ ഞങ്ങൾക്ക് അമൃത് കൊണ്ടുവന്ന് തരികയാണെങ്കിൽ നിൻ്റെ മാതാവിൻ്റെ ദാസ്യം അവസാനിപ്പിച്ച് മോചിപ്പിക്കുന്നതായിരിക്കും"
ഗരുഢൻ ദേവലോകം ആക്രമിച്ച് ഇന്ദ്രനെ പരാജയപ്പെടുത്തി അമൃത് സ്വന്തമാക്കി, എന്നാൽ ബ്രഹ്മാവിൻ്റേയും വിഷ്ണുവിൻ്റേയും അഭ്യർത്ഥനപ്രകാരം അത് ഇന്ദ്രനുതിരികെ നൽകാമെന്നുറപ്പു നൽകി.
അമൃതിനായി കാത്തിരുന്ന നാഗങ്ങളുടെ മദ്ധ്യത്തിൽ ഇലയിൽ ആ അമൃതകുംഭം ഗരുഢൻ വച്ചുകൊടുത്തു, കദ്രുവും നാഗങ്ങളും ഇനിമുതൽ വിനിത ദാസിയല്ല എന്ന് പ്രഖ്യാപിച്ചു, അടുത്ത നിമിഷം മറഞ്ഞിരുന്ന ഇന്ദ്രൻ ആ അമൃതകുംഭവുമായി ദേവലോകത്തേയ്ക്ക് മടങ്ങിപ്പോയി. നാഗങ്ങൾ ആ കുംഭത്തിലെ അമൃത് ആ ഇലകളിൽ വീണുകാണും എന്നുകരുതി നാവിനാൽ ആ ഇലകളിൽ നക്കി, അവരുടെ നാവ് ഇലയുടെ മൂർച്ചയിൽ രണ്ടായിപ്പിളർന്നു. പിന്നീട് തൻ്റെ പഴയ യജമാനന്മാരെ ഗരുഢൻ വേട്ടയാടി, കൊന്നൊടുക്കിത്തുടങ്ങി, ഒടുവിൽ ഗരുഢനെക്കണ്ട് ഭയന്ന തൻ്റെ കഴുത്തിലെ സർപ്പത്തിനാൽ പൊറുതിമുട്ടിയ പരമശിനൻ്റെ അഭ്യർത്ഥനപ്രകാരം ഗരുഢൻ ആ വേട്ട അവസനിപ്പിച്ചു.
നമുക്ക് സർപ്പങ്ങൾക്ക് പിന്നാലേയുള്ള യാത്ര പുനഃരാരംഭിക്കാം..
ജരത്ക്കാരുവെന്ന മഹർഷി തൻ്റെ അതേ പേരുള്ള ഒരു കന്യകയെ മാത്രമേ വിവാഹം കഴിക്കൂ എന്ന ശപഥത്തിലാണല്ലോ? അതിനാൽ തന്നെ വാസുകി തൻ്റെ സഹോദരി മാനസയുടെ പേര് ജരത്ക്കാരുവെന്നാക്കിമാറ്റി, കദ്രുവിനു ചേർന്ന സന്താനം തന്നെ വാസുകി! ജരത്ക്കാരുമുനി സമീപസ്ഥനെന്നറിഞ്ഞ വാസുകി അദ്ദേഹത്തെ സമീപിച്ച് തൻ്റെ സഹോദരിയെ അദ്ദേഹത്തിനു വിവാഹം കഴിച്ചു നൽകുവാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നു. തൻ്റെ നിബന്ധന ശരിയായി വന്നതിനാൽ ആ വിവാഹത്തിനദ്ദേഹം തയ്യാറായി, എങ്കിലും പത്നിയോട് തന്നെ ഒരുകാരണവശാലും ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. അവർക്ക് ആസ്തികൻ എന്ന ഒരു പുത്രൻ പിറന്നു. ഒരു ദിവസം പത്നിയുടെ മടിയിൽ തലവച്ചുറങ്ങിയ ജരത്ക്കാരുമുനി സന്ധ്യയായിട്ടും ഉണർന്നില്ല. ഭാര്യയായ ജരത്ക്കാരു ആകെ ദ്വിവിധയിലായി, ഇനിയുമുണർന്നില്ലെങ്കിൽ സന്ധ്യാവന്ദനവും, അഗ്നിഹോത്രത്തിൻ്റെ മുടക്കവും സംഭവിക്കും എന്നതിനാൽ അവൾ ഭർത്താവിൻ്റെ ചെവിയിൽ ചെറുതായി ഉണരുവാൻ മന്ത്രിച്ചു. ഉണർന്നെണീറ്റ മുനി കോപാകുലനായി നിബന്ധനതെറ്റിച്ച പത്നിയെ ഉപേക്ഷിച്ച് തപസ്സിനായി യാത്രയായി.
നമ്മൾ മൂന്നാംവട്ടവും ഒരു ധർമ്മസംവാദത്തിൽ വന്നു നിൽക്കുകയാണ്, പ്രാപഞ്ചികധർമ്മമോ ഭാര്യാധർമ്മമോ അനുഷ്ഠിക്കേണ്ടത്? തൻ്റെ ഭർത്താവിനു വന്നുചേരുമായിരുന്ന ധർമ്മച്ച്യുതി തടയാൻ ശ്രമിച്ച ഭാര്യക്ക് ദാമ്പത്യം നഷ്ടപ്പെടുന്നു, എന്താണോ അവൾ നിലനിർത്താൻ സഹായിച്ചത്. ആ പുണ്യം കൂടുതൽതേടി അദ്ദേഹം യാത്രയുമായി.
വാസുകി സഹോദരിയേയും കുലരക്ഷയ്ക്കുപിറന്ന അനിന്തരവൻ ആസ്തികനേയും തൻ്റെ കൊട്ടാരത്തിൽ കൂട്ടിക്കൊണ്ടുവന്ന് പരിപാലിച്ചു, ആസ്തികൻ സകലവിദ്യകളും അഭ്യസിച്ച് കൗമാരത്തിൽത്തന്നെ ഒരു ത്വേജസ്വിയായ സന്യാസിയായി തൻ്റെ ജീവിതനിയോഗത്തിൻ്റെ സമയം ആഗതമാകാൻ കാത്തിരുന്നു.
No comments:
Post a Comment