തിക്കുറിശ്ശിയുടെ ഗാനങ്ങൾ ഇതാദ്യമല്ല നമ്മൾ ആസ്വാദനത്തിനായി തിരഞ്ഞെടുക്കുന്നത്, "മൊട്ടിട്ടുനാളുകളേറെയായി ഒന്നു പൊട്ടിവിരിയുവാൻ ദാഹം" എന്നുപാടി ഉദ്യാനപാലകൻ്റെ പുഷ്പവാടിയിൽ ഇടംതേടിയ ജയഭാരതിയെ നമ്മൾ കണ്ടത് അദ്ദേഹത്തിൻ്റെ വരികളിലൂടെ ആയിരുന്നു. മറ്റൊരിക്കൽ കസ്തൂരിപ്പൊട്ടുമാഞ്ഞതും, കാർകൂന്തൽ കെട്ടഴിഞ്ഞതും, നാം കണ്ടതാണ്. ഇന്ന് ബലൂൺ എന്ന ചിത്രത്തിലെ തിക്കുറിശ്ശി എഴുതി, എം.കെ. അർജ്ജുനൻ സംഗീതം നൽകി യേശുദാസ്സ് ആലപിച്ച " പൂമെത്തപ്പുറത്ത് ഞാൻ നിന്നെക്കിടത്തും" എന്ന ഗാനത്തിലേയ്ക്കാവട്ടേ നമ്മുടെ യാത്ര...
നായകൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ആണിവിടെ പറയുന്നത്, അതിനാൽ തന്നെ ആദ്യരാത്രിയുടെ കാണാൻ പോകുന്ന പൂരം നായികയോട് പറഞ്ഞുകേൾപ്പിക്കുന്ന ഈ വരികളിലെ ഭാവം സംഭോഗശൃംഗാരമാണ്. പല്ലവിയിൽ, പൂമെത്തപ്പുറത്തു ഞാൻ നിന്നെ കിടത്തും - പൊതുവേ മുല്ലപ്പൂവൊക്കെ വിതറിയ ഒരു മെത്ത ആദ്യരാത്രിയുടെ അവിഭാജ്യഘടകമാണല്ലോ? പൊന്നാഭരണമെല്ലാം അഴിച്ചുവയ്ക്കും - തീർച്ചയായും അതൊരുഭാരവും, സാഹചര്യത്തിനസൗകര്യവുമാണ്, ഓമല്‍ത്തളിരുടലിൽ കസ്തൂരിച്ചാറുപൂശും - സാധാരണഗതിയിൽ പട്ടുസാരി, സെറ്റുസാരിയൊക്കെ ആവും ധിരിച്ചിരിക്കുക, അതിൻ്റെ പുറത്ത് ഈ ചാറൊക്കെ പൂശാനാവുമോ? അതോ സ്വർണ്ണാഭരണങ്ങൾക്കൊപ്പം വസ്ത്രവും?, രാമച്ചവിശറിയാൽ നിന്നെ വീശും - അത് നല്ലതുതന്നെ; ആകെമൊത്തം ഇത് കുറച്ചുപഴക്കമുള്ള അതായത് ഫാനോ, ഏ.സി യോ ഇല്ലാത്ത കാലമാകണം.
എന്തായാലും നായിക ഈ പരാക്രമങ്ങൾ ആസ്വദിക്കുകയാവുമെന്ന കര്യത്തിൽ നായകനു സംശയമില്ല, അതിനാൽ അവളുടെ ചെന്തൊണ്ടിച്ചുണ്ടുകളിൽ പിഞ്ചിരിയുടെ പാലമൃത് ഒഴുകുമ്പോൾ, ശൃംഗാരപ്പദം പാടി മെയ്യാകെ കൈ തലോടും, തലോടൽ, താഡനത്തിലേക്കും, പയോധരനിതംബമർദ്ദനത്തിലേക്കും കടക്കുന്നതോ, ചുണ്ടാൽ ദേഹമാകെ പുളകപ്പൂക്കൾ വിടർത്തുന്നതോ പറഞ്ഞ് സുഖിപ്പിക്കാൻ നിൽക്കാതെ, പദ്ധതിയുടെ രഹസ്യം രഹസ്യമാക്കി വയ്ക്കുന്നു. അതിനാൽ തന്നെ തങ്കമേ നിന്നെ.. തങ്കക്കുടമേ നിന്നെ... എന്നിടത്ത് നിർത്തി ബാക്കി പറയുന്നുമില്ല. പറഞ്ഞില്ലെങ്കിലും നായികയ്ക്ക് കാര്യങ്ങൾ ഊഹിക്കാവുന്നതേയുള്ളല്ലോ? അതിനാൽ ങുഹൂ.ങുഹുങുഹൂ.ങുഹുങുഹൂഉം.....
ഏതായാലും ആ കലാപരിപാടിയുടെ ഇടയിൽ അവളുടെ കാർകൂന്തൽക്കെട്ട് അഴിഞ്ഞുലയും, അതിൽ കൊരുത്ത മുല്ലപ്പൂക്കൾ പൊഴിയും, ആരാരിൽ പടർന്നിട്ടായാലും നെറ്റിയിൽ ചാർത്തിയ കുങ്കുമക്കുറി അവൻ്റെ മേനിയിൽ പടരും, ഒടുവിൽ ശ്വേതകണങ്ങളൂറും നാണം അവളുടെ കണ്ണുമൂടും എന്നാണു പറയുന്നത്! എന്താണീ വെളുത്തകണങ്ങൾ ഊറുന്ന നാണം? എനിക്കറിയില്ല.... നായകൻ വീണ്ടും തങ്കമേ നിന്നെ.. തങ്കക്കുടമേ നിന്നെ... എന്നിടത്ത് നിർത്തി ബാക്കി പറയുന്നുമില്ല. എങ്കിലും നായികയ്ക്ക് കാര്യങ്ങൾ മനസ്സിലായി, അവളിൽ ഉന്മാദസംഗീതമുണർന്നു ങുഹൂ.ങുഹുങുഹൂ.ങുഹുങുഹൂഉം.....
അധികപ്രസംഗം വേണ്ട എന്നാണ് തീരുമാനം, അതിനാൽ ബാക്കിയൊക്കെ നിങ്ങൾ ഹോംവർക്കായി ചെയ്താൽ മതി.... ങുഹൂ.ങുഹുങുഹൂ.ങുഹുങുഹൂഉം.....
"പൂമെത്തപ്പുറത്തു ഞാൻ നിന്നെ കിടത്തും
പൊന്നാഭരണമെല്ലാം അഴിച്ചു വയ്ക്കും
ഓമല്‍ത്തളിരുടലിൽ കസ്തൂരിച്ചാറു പൂശും
രാമച്ച വിശറിയാൽ വീശും നിന്നെ
രാമച്ച വിശറിയാൽ വീശും
ചെഞ്ചോരി വായ്‌മലരിൽ ചെന്തൊണ്ടിച്ചുണ്ടുകളിൽ
പുഞ്ചിരിപ്പാലമൃതം ഒഴുകുമ്പോൾ
ശൃംഗാരപ്പദം പാടി മെയ്യാകെ കൈ തലോടി
തങ്കമേ നിന്നെ.. തങ്കമേ നിന്നെ
തങ്കക്കുടമേ നിന്നെ...പറയൂല്ല..ബാക്കി പറയൂല്ല..
ങുഹൂ.ങുഹുങുഹൂ.ങുഹുങുഹൂഉം..
കുന്തളക്കെട്ടഴിയും തൂമുല്ലപ്പൂ പൊഴിയും
കുങ്കുമക്കുറി എന്നിൽ പതിയും
ശ്വേതകണങ്ങളൂറും നാണം നിൻ കണ്ണു മൂടും
തങ്കമേ നിന്നെ ..തങ്കമേ നിന്നെ..
തങ്കക്കുടമേ നിന്നെ..പറയൂല്ല..ബാക്കി പറയൂല്ല..
ങുഹൂ.ങുഹുങുഹൂ.ങുഹുങുഹൂഉം..."

No comments:
Post a Comment