Wednesday, July 18, 2018

മാനേജ്ജ്മെൻ്റെ പാഠം 12 - Marketing Management - രചനകളുടെ വിപണനം

സിനിമയ്ക്ക് കളക്ഷൻ, നാടകത്തിനു കയ്യടി, ഗാനമേളയ്ക്ക് തുള്ളൽ എന്നതുപോലെ ഫേസ്സ്ബുക്കുപോലുള്ള സോഷ്യൽമീഡിയയിൽ ലൈക്കുകളും കമൻ്റുകളുമാണ് ഒരു സൃഷ്ടിയുടെ സ്വീകാര്യതയുടെ മാനദണ്ഡമെന്നാണ് സങ്കൽപ്പം. ഒലിപ്പീരെന്ന് ഫ്രീക്കൻ ഭാഷയിൽപ്പറയുന്ന കമൻ്റുകൾ ഇപ്പറഞ്ഞതിൽപ്പെടുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതുണ്ട്, എങ്കിലും മാനേജ്ജ്മെൻ്റ് എന്ന നിലയിൽ അതിനുവലിയ ഒരു പ്രാധാന്യം കൽപ്പിക്കേണ്ടതുണ്ട്. അതിനാൽ ലൈക്കും കമൻ്റും കിട്ടാതെ സൃഷ്ടിയുടെ കൂമ്പടഞ്ഞുപോയ സാമൂഹ്യമാധ്യമങ്ങളിലെ അനവധി മഹാന്മാരായ എഴുത്തുകാരിൽ പ്രത്യേകിച്ചും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു കാലിഫോർണ്ണിയക്കാരനേയും, ഒരു എമറേറ്റ്സ്സുകാരനേയും ആശ്വസിപ്പിച്ചുകൊണ്ട്, ബാക്കിയുള്ളവർക്കായി ഞാൻ ഈ ക്ളാസ്സ് തുടങ്ങുന്നു.

പുതിയതായ ഒരു പ്രോഡ്ക്ട് വിപണനം ചെയ്യാൻ രണ്ട് രീതികൾ ആണുപയോഗിക്കുന്നത്

1. പുഷ് മെതേഡ്

പുഷ് എന്നാൽ ഉത്പന്നം ഉപഭോക്താവിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണ്, 'ഇതാ ഞാൻ ഇങ്ങനെ ഇവിടെയുണ്ട്' എന്ന് വിളിച്ചുപറയുകയാണ്. ഒരു കമ്പനിയുടെ  ഒരുത്പന്നം നമ്മൾ വാങ്ങുമ്പോൾ അതിൻ്റെകൂടെ ഫ്രീയായി മറ്റൊന്നു കിട്ടുകയാണിവിടെ പതിവ്. നമ്മൾ വാങ്ങുന്ന ഒരു കമ്പനിയുടേത് അല്ലെങ്കിൽ അവരുമായി ബന്ധമുള്ളതല്ലേ? മോശമാകാൻ വഴിയില്ല എന്നുകരുതി നമ്മൾ അതുപയോഗിച്ചു നോക്കും, ആദ്യമായി നിർമ്മിക്കുമ്പോൾ ഒരുത്പ്പന്നം നിലവിൽ വിപണിയിൽ ഉള്ളവയേക്കാൾ മികച്ചതായും, അവയുടെ ന്യൂനതകൾ പരിഹരിച്ചുകൊണ്ടും നിർമ്മിക്കുന്നതിനാൽ നമുക്കതിഷ്ടപ്പെടും, നമ്മൾ പിന്നീടത് വിലകൊടുത്ത് വാങ്ങിത്തുടങ്ങും, മനശാസ്ത്രപരമായി 21 ദിവസം തുടർച്ചയായി ഉപയോഗിച്ചാൽ അത് ഹാബിറ്റായി മാറുകയുംചെയ്യും. ഈരീതിയിൽ വിൽപ്പനക്കാരനും കൂടിയ കമ്മീഷൻ, ഉപഹാരങ്ങൾ തുടങ്ങി പലതരം പ്രോത്സാഹനങ്ങൾ നൽകേണ്ടിവരുന്നു.  നമ്മുടെ വീട്ടിൽ കൊണ്ടുവന്നുതരുന്ന ഫ്രീ സാമ്പിളുകൾ, ഷോപ്പിങ്ങ് മാളുകളിൽ ഫ്രീയായി ലഭിക്കുന്ന ആഹാരവും, പാനീയവുമൊക്കെ ഇത്തരം പുഷ് മെതേഡിൻ്റെ ഭാഗമാണ്, നമ്മളറിയാതെ ആ മാർക്കറ്റിംഗ് ടാക്ടിക്സിൻ്റെ ഭാഗമായി മാറുന്നു.

സോഷ്യൽ മീഡിയയിൽ ചനകൾ ഷെയർ ചെയ്യുമ്പോൾ, ടാഗ്ഗ് ചെയ്യുമ്പോൾ, മെൻഷൻ ചെയ്യുമ്പോൾ, കമൻ്റിൽ ലിങ്ക് പോസ്റ്റ് ചെയ്യുമ്പോൾ, ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുമ്പോഴൊക്കെ പുഷ്മെതേഡ്ഡ് നമ്മൾ ഉപയോഗിക്കുകയാണ്, സാഹിത്യമല്ല അവിടെ നടക്കുന്നത് മാർക്കറ്റിംഗ് മാനേജ്ജ്മെൻ്റാണ്.

2. പുൾ മെതേഡ്

പുൾ എന്നാൽ ആവശ്യക്കരെ, ഒരുപക്ഷേ ആവശ്യമില്ലാത്തവരെപ്പോലും ഒരുത്പ്പന്നത്തിലേയ്ക്ക് വലിച്ചടുപ്പിക്കുക എന്നതാണ്. പരസ്യങ്ങളാണിതിലെ പ്രധാന രീതി. വഴിയരികിൽ കാണുന്ന ഒരു ഹോർഡ്ഡിംഗ്മുതൽ, ടിവിയിലെ തട്ടുപൊളിപ്പൻ പരസ്യങ്ങൾവരെ നമ്മുടെ മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നു. കുട്ടികൾക്കിഷ്ടപ്പെട്ട ഒരു കളിപ്പാട്ടം കിട്ടാനായി അവർ പറയുന്ന സ്ക്കൂൾബാഗ് വാങ്ങാൻ മാതാപിതാക്കൾ നിർബ്ബന്ധിതരാകാറുണ്ട്. ഐശ്വര്യാറായിയുടെ സൗന്ദര്യത്തിൻ്റെ രഹസ്യം ടിവിയിൽ കണ്ട ഒരു യുവതി എന്നാൽപ്പിന്നെ ആ സോപ്പിട്ടു കുളിച്ചിട്ടുതന്നെ കാര്യം, അതുപോലെ ഇത്തിരി സൗന്ദര്യം എനിക്കും വന്നാലെന്താ കുഴപ്പം? എന്നുകരുതി, കടക്കാരനോട് " XXX സോപ്പില്ലേ?" എന്ന് ചോദിക്കുകയും, അതില്ലെന്ന് പറയുമ്പോൾ 'എന്നാൽ ശരി' എന്നുപറഞ്ഞതുള്ള കടതേടി പോവുകയും ചെയ്യുന്നു. അങ്ങനെ പലരും ആവർത്തിക്കുമ്പൊൾ കടക്കാരൻ വിതരണക്കാരനോട് ആ സോപ്പ് വേണം എന്ന് ആവശ്യപ്പെടാൻ നിർബന്ധിതനാകുന്നു. ഇത്തവണ വിൽപ്പനക്കാരൻ്റെ ആവശ്യമാകയാൽ കമ്മീഷനോ മറ്റു ആനുകൂല്യങ്ങളോ ഡിമാൻ്റ് ചെയ്യാൻ അയാൾക്കാവുകയില്ല. എങ്കിലും പരസ്യത്തിനു ചിലവാകുന്ന വലിയ തുക പരിഗണിക്കുമ്പോൾ ചിലവിൻ്റെ കാര്യത്തിൽ കമ്പനികൾക്ക് വലിയ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല.

ഒരു രചന നടത്തിയതിനു ശേഷം വളരെ ആകർഷകമായ ഒരു ഫോട്ടോ അല്ലെങ്കിൽ ചിത്രം അതിൻ്റെ കൂടെ പോസ്റ്റ് ചെയ്യുന്നത് സോഷ്യൽ മീഡിയയിലെ ഈ രീതിക്ക് ഉദാഹരണമാണ്. ഓടിച്ചുനോക്കിപ്പോകുന്നതിനിടയിൽ ആ ചിത്രം കണ്ടവർ അതിലൊന്ന് ക്ളിക്കി വായിച്ചു നോക്കുന്നു. രചന രസകരമാണെങ്കിൽ അവർ അതുമുഴുവൻ വായിച്ച് ലൈക്കും, കമൻ്റുമിട്ടേ പോവുകയുള്ളൂ. 

മലയാളത്തിൽ ഈ രണ്ട് രീതികളുടേയും പേരൊന്നു പരിഭാഷപ്പെടുത്തിയാൽ പിന്നീട് വലിയ വിശദീകരണത്തിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.  അവയുടെ സമ്പൂർണ്ണ അർത്ഥവും ആ ഒറ്റവാക്കിൽ വെളിപ്പെടുന്നു എന്നതാണ് ഏറ്റവും രസകരമായകാര്യം; "തള്ളൽ", "വലിപ്പിക്കൽ"!!!!

പ്രകൃതിയുടെ സ്വഭാവിക അവസ്ഥ തമസ്സാണ്, മനുഷ്യൻ്റെ സ്വാഭാവികമായ രീതി അലസമായ നിശ്ചലാവസ്ഥയാണ്, ഒരിടത്ത് പ്രകാശവും, മറ്റിടത്ത് താൽപ്പര്യവും വിരുന്നുവരേണ്ടതുണ്ട് രജോഗുണമുണർത്താൻ. കൊളസ്ട്രോൾ കൂടിയതിനാൽ മരുന്നുകൂടാതെ ഒരു 40 മിന്നിട്ട് ദിവസവും കൈവീശി നടക്കുവാൻ ഡോക്ടർ ഉപദേശിച്ചാൽ എന്ത് മടിയാണത് ചെയ്യാൻ? ടൈം പീസ്സ് വക്കണം, കട്ടഞ്ചായ കിട്ടണം, ട്രാക്ക്സ്യൂട്ട്, ഷൂസ്സ്, വിയർപ്പ്, മഴനനഞ്ഞാൽ ജലദോഷം, വഴിയിൽ വെള്ളം, ഓഫീസിൽ നേരത്തേ കാലത്തേ എത്തേണ്ടേ? എന്തെല്ലാം കോലാഹലങ്ങൾ. ഇത്ര സുഖത്തിൽ ഉറങ്ങിയിട്ട് ഇനിയങ്ങ് ചത്താലും സാരമില്ല എന്നാവും ചിന്ത! എന്നാൽ രാവിലെ നല്ല കിടിലൻ പെണ്ണുങ്ങൾ ജോഗിങ്ങിനു വരുന്നുണ്ടെന്ന് കൂട്ടുകാരൻ പറഞ്ഞാലോ? ഈശ്വരാ.. ടൈം പീസ്സ് കണ്ടുപിടിക്കുന്നതിനു മുമ്പും മനുഷ്യർ കൊച്ചുവെളുപ്പാങ്കാലത്ത് ഉണർന്നിട്ടില്ലേ? ഇനിയെങ്ങാനം ഉണർന്നില്ലെങ്കിലോ? അൽപ്പം കാശുപോയാലെന്ത് വേക്കനിംഗ് കാൾ സെറ്റ് ചെയ്യാം. എന്തു ചായ എന്തോന്ന് ചായ? വിയർപ്പില്ല, മഴ വന്നെന്നുവച്ച് ആരോഗ്യം നോക്കേണ്ടേ? വഴിയിൽ വെള്ളമുണ്ടെങ്കിലെന്ത് ഇക്കണ്ട ആളുകളെല്ലാം അതുവഴിയല്ലേ ഓടുന്നത്? ഒടുവിൽ 40 മിന്നിട്ട് 140 മിന്നിട്ടായി ഇനി നിന്നുകറങ്ങിയാൽ സമയത്ത് ഓഫീസ്സിലെത്തില്ല എന്ന കൂട്ടുകാരൻ്റെ ആവർത്തിച്ചുള്ള വാക്കുകളിൽ ഗതികെട്ടൊരു മടക്കം; ആഹാ എന്തൊരു ശുഷ്ക്കാന്തി!!!

അപ്പോൾ അതാണു കാര്യം; ജോഗിങ്ങിനു വന്ന നാരീമണികളെപ്പോലെ രചനയിൽ അൽപ്പം ആകർഷകത്വം തുറന്നുവിടുക, പിന്നെ പത്തായത്തിൽ പുന്നെല്ലുണ്ടെന്നറിയുന്ന എലികൾ അങ്ങ് ഹൈറേഞ്ചിൽ നിന്നും കടലോരത്തെത്തും!  

എല്ലാവർക്കും പുതുരചകൾക്കും, അവയുടെ വിപണനത്തിനും ആശംസകൾ നേർന്നുകൊണ്ട് ഇന്നത്തെ മാർക്കറ്റിംഗ് മാനേജ്ജ്മെൻ്റ് എന്ന പാഠഭാഗം ഇവിടെ അവസാനിപ്പിക്കുന്നു.

No comments:

Post a Comment