Showing posts with label മാനേജ്മെൻ്റ് പാഠങ്ങൾ. Show all posts
Showing posts with label മാനേജ്മെൻ്റ് പാഠങ്ങൾ. Show all posts

Wednesday, June 2, 2021

ചമ്മന്തിയും പ്രോജക്ട് മാനേജ്‌മെൻറ്റും

ഒരു പ്രത്യേക ലക്ഷ്യമോ ഫലമോ നേടിയെടുക്കുവാൻ ആവശ്യമായ ഒരു നിര പ്രവർത്തികളുടെ സംയോജിത രൂപമാണ് പദ്ധതി അഥവാ പ്രോജക്ട്. ഓരോ പ്രോജക്ടും 5 ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു

1. വിഭാവന - Initiation

2. തയ്യാറെടുക്കൽ - Planning

3. പ്രവർത്തി / നടത്തിപ്പ് - Execution

4. നിരീക്ഷണവും നിയന്ത്രണവും - Monitoring and Controlling

5. പരിസമാപ്തി - Closing

ഇതിനെ പ്രോജക്ട് മാനേജ്മെൻ്റിൽ പി.ഡി.സി.എ (പ്ലാൻ - ഡൂ - ചെക്ക് - ആക്ട്) ആക്കി ചുരുക്കിപ്പറയുന്നു.

ഈ 5 ഘട്ടങ്ങളിലൂടെ ഒരു പ്രോജക്ട് പരിസമാപ്തിയിൽ എത്തുന്നതുവരെ 10 രീതിയിലുള്ള മാനേജ്മെൻ്റുകൾ അവിടെ നടക്കുന്നുണ്ട്.

Integration Management (സംയോജിത/ഏകീകരണം)

Scope Management (ഉദ്ദേശം / ലക്ഷ്യം/പരിധി)

Time Management (സമയബന്ധിതം)

Cost Management (ചിലവ്)

Quality Management (ഗുണമേന്മ)

HR Management (മാനവവിഭവശേഷി)

Communication Management (ആശയവിനിമയം)

Risk Management (പരാജയ/തടസ്സ സാദ്ധ്യതകൾ)

Procurement Management (മാനവേതര വിഭവശേഖരണം)

Stakeholder Management (ഭാഗഭാക്കുകൾ/തൽപ്പരകക്ഷികൾ)

ഈ 10 മാനേജീരിയൽ പ്രവർത്തനങ്ങളുടെ വിവിധ ചെറുഘടകങ്ങൾ കൂടി പരിഗണിച്ചാൽ ഒരു പ്രോജക്ട് അതെന്തുതന്നെ ആയാലും ചെയ്തു തീരുമ്പോഴേയ്ക്കും 49 പ്രവൃത്തികൾ ഒരു മാനേജർ ചെയ്തു കഴിഞ്ഞിരിക്കും എന്നതാണ് വസ്തുത.

അപ്പോൾ നമ്മൾ പറഞ്ഞു വരുന്നത് അടുക്കളയിൽ അമ്മ ചമ്മന്തിയുണ്ടാക്കുന്നത് ഒരു പ്രോജക്ട് ആണോ? തീർച്ചയായും അതേ, കാരണം അവിടെ ഒരു ഔട്ട്കം ഉണ്ട്!

എങ്കിൽപ്പിന്നെ അമ്മയെന്ന മാനേജരെ പിന്തുടർന്ന് നമുക്കാ മാനേജ്മെൻ്റ് ഒന്നു പഠിക്കാം.....

ഘട്ടം 1 - ആദ്യമായി പദ്ധതി വിഭാവന ( Initiation ) ചെയ്യൽ...

അവിടെ നമുക്കറിയാം 2 കാര്യങ്ങളേയുള്ളൂ,

പ്രോജക്ട് ചാർട്ടർ - എന്താണു പദ്ധതിയുടെ ഉദ്ദേശം? ഇവിടെ നാളെ രാവിലത്തെ പ്രാതലിനു ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന ദോശയുടെ കൂടെ കറിയായി ഉണ്ടാക്കുന്ന ചമ്മന്തിയാണു ഓബ്ജക്ടീവ്.

സ്റ്റേക്ക്ഹോൾഡർമാരെ തിരിച്ചറിയൽ - വീട്ടിൽ അപ്പൂപ്പൻ, അമ്മൂമ്മ, അച്ഛൻ, ആണ്മക്കൾ, പെണ്മക്കൾ അങ്ങനെ പലരും ഈ പ്രോജക്ടിൻ്റെ ഭാഗഭാക്കുകളാണ്. അവരെ തിരിച്ചറിയുന്നതാണ് പ്രധാനഘട്ടം. ഉദാഹരണം പറഞ്ഞാൽ, ഈ പ്രൊഡക്ട് ആയ ചമ്മന്തി കഴിച്ചു സഹകരിക്കുന്നതിനപ്പുറം, തേങ്ങ ഇല്ലെങ്കിൽ അതൊന്നു പൊതിച്ചു തരുന്ന അച്ഛനോ അപ്പൂപ്പനോ, ഉപ്പോ, മുളകോ ഇല്ലെങ്കിൽ അതുവാങ്ങിയെത്തുന്ന മകൻ, തേങ്ങ തിരുമ്മിയും അരച്ചും സഹായിക്കുന്ന മകൾ ഒക്കെ സ്റ്റേക്ക്ഹോൾഡേഴ്സ് ആണ്.

ഘട്ടം 2 - പദ്ധതിയുടെ രൂപരേഖ തയ്യാറാക്കൽ ( Planning )

ആകെമൊത്തം ഇതെങ്ങനെ ചെയ്തെടുക്കണം എന്ന ഒരു കണക്കുകൂട്ടൽ മനസ്സിൽ ഉറപ്പിക്കുന്നു ( Develop Project Management Plan)

ചമ്മന്തിക്കാവശ്യമായ സാദ്ധ്യതാപഠനമാണടുത്തത് ( Plan Scope Management). ഇവിടെ ആവശ്യകത പരിഗണിക്കപ്പെടുന്നു (Collect Requirement). ഒരാൾ എത്ര ദോശ കഴിക്കുമെന്ന അനുഭവത്തിൻ്റെ വെളിച്ചത്തിലും, ഫ്രിഡ്ജിൽ വച്ചിരുന്നാൽ പിന്നീട് ചൂടാക്കിയാൽ ആരൊക്കെ കഴിക്കുമെന്നതിലും ഒക്കെ മുൻ കാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ആവും തീരുമാനങ്ങൾ. അതിൻ്റെ അടിസ്ഥാനത്തിൽ കൃത്യമായി ഉദ്ദേശം തീരുമാനിക്കപ്പെടുന്നു (Define Scopes). ഇനി പ്രവർത്തികളെ വിഭജിക്കുന്ന രീതി (Create "WBS" - Work breakdown structure) അവിടെയുമുണ്ട്. ഉദാഹരണത്തിനു സ്റ്റോർ മുറിയിൽ ചെയ്യുന്ന കാര്യങ്ങൾ (ഉപ്പ്, മുളക് തുടങ്ങിയ എടുക്കുക), വർക്ക് ഏരിയയിൽ ചെയ്യേണ്ടവ (അരയ്ക്കൽ, തേങ്ങ തിരുമ്മൽ) അടുക്കളയിൽ ചെയ്യേണ്ടവ (പാചകം, പാത്രത്തിലാക്കൽ) അങ്ങനെ വിവിധ ആക്ടിവിറ്റികൾ ഓരോ WBSൻ്റെ കീഴിലായാണു ചെയ്യപ്പെടുന്നത്.

ഇനി ഷെഡ്യൂൾ ചെയ്യപ്പെടുന്നു ( Plan Schedule Management ). അതിനായി വിവിധ ആക്ടിവിറ്റികൾ നിർവ്വചിക്കപ്പെടുന്നു (Define Activities) അതായത് മുളകുപാട്ടയിൽ നിന്നതെടുക്കൽ, തേങ്ങ തിരുമ്മിയെടുക്കൽ, അരയ്ക്കൽ, ചീനച്ചട്ടി എടുക്കൽ, പാചകം ചെയ്യൽ, പാത്രത്തിലാക്കൽ, വിളമ്പൽ അങ്ങനെ 100 കൂട്ടം ആക്ടിവിറ്റികൾ ഇതിനിടയിൽ സംഭവിക്കുന്നുണ്ട്. ആ ആക്ടിവിറ്റികളെ അതിൻ്റെ മുറയ്ക്ക് ചെയ്യേണ്ടതാണ് (Sequence Activities). ഓരോ ആക്ടിവിറ്റിക്കും വേണ്ട വിഭവശേഷി കണക്കാക്കുക (Estimate Activity Resources) ഇവിടെ തിരുമ്മാനുള്ള തേങ്ങയും തിരുമ്മിത്തരേണ്ട മകളും വിഭവശേഷിയിൽ വരുന്നു. ഓരോ ആക്ടിവിറ്റിക്കും വേണ്ട സമയം കണക്കാക്കപ്പെടുന്നു (Estimate Activity Duration) അതൊന്നറിഞ്ഞിട്ടും വേണം മൂട്ടിൽ വെയിലടിക്കുന്നതുവരെ കിടന്നുറങ്ങുന്ന പുത്രിയെ വിളിച്ചുണർത്താൻ.. ഷെഡ്യൂൾ തയ്യാറാക്കണമിനി (Develop Schedule) രാവിലെ എപ്പോൾ എണീൽക്കണം എന്നതു മുതൽ ചമ്മന്തിയുണ്ടാക്കൽ ദോശ ചുടുന്നതിനിടയിൽ വേണോ, അതോ ആദ്യം ഉണ്ടാക്കിവയ്ക്കണോ എന്നതൊക്കെ തീരുമാനിക്കപ്പെടുന്നു.

അടുത്തത് കോസ്റ്റ് മാനേജ്മെൻ്റ് ആണ് (Plan Cost Management) ചിലവുകണക്കാക്കൽ ( Estimate Costs) ബജറ്റ് തീരുമാനിക്കൽ (Determine Budget) ഇപ്പോൾ വീട്ടിലുണ്ടാക്കണോ അതോ സ്നിഗ്ഗിയിൽ വിളിച്ചുപറയണോ എന്നതിലാണെത്തി നിൽക്കുന്നത്. എന്തായാലും അനാവശ്യമായി സാധനങ്ങൾ കളയാതെ ലാഭകരമായി ഒരു പ്ലാനിംഗ് അവിടെ നടക്കാറുണ്ട്.

അടുത്തത് ഗുണനിലവാരം (Plan Quality Management) വീട്ടുകാർക്ക് കഴിക്കാനുള്ളതല്ലേ അത് നല്ല നിലവാരത്തിൽ ഉണ്ടാക്കും, നാക്കിൽ വക്കുമ്പോൾ രുചിക്കാതെ തലതെറിച്ച കുട്ടികൾ കളഞ്ഞിട്ടു പോകുന്ന ആ ചമ്മന്തിയിൽ സ്നേഹവും വാത്സല്യവും കൂടി കലർന്നിട്ടുണ്ടല്ലോ!

ഇനി മാനവവിഭവശേഷി (Plan HR Management) തീർച്ചയായും തേങ്ങ രാവിലെ പറഞ്ഞാൽ പൊതിച്ചുതരില്ലെങ്കിൽ വൈകിട്ടേ അത് ചെയ്യിക്കണം, പയ്യൻസ് കടയിൽ പോകാൻ പറഞ്ഞാൽ കേട്ടില്ലെങ്കിൽ അവനെ വിരട്ടണം, പെൺകൊച്ച്, അമ്മൂമ്മ, എല്ലാവർക്കും ഡ്യൂട്ടി അസൈൻ ചെയ്യണം.

ആശയവിനിമയം ഒരു മാനേജരുടെ ജോലിയുടെ 90% ആണ് (Plan Communication Management) അതിനാൽ ഭാഗഭാക്കായ എല്ലാവരോടും മുങ്കൂട്ടി കാര്യങ്ങൾ പറയാം, കമ്മ്യൂണിക്കേഷൻ ചാനൽ തുറക്കാം, ആ തള്ള കേട്ടാൽ വേറെ എന്തെങ്കിലും പണി ഒപ്പിക്കും, ചെറുക്കൻ കേട്ടാൻ ഇപ്പോൾ മുങ്ങും എന്നൊക്കെ ആശങ്കയുണ്ടെങ്കിൽ മകളോട് മാത്രമായി പ്രൈവറ്റ് കമ്മ്യൂണിക്കേഷൻ ചാനൽ വയ്ക്കാം.

പണിപാളാതിരിക്കുവാനുള്ള തയ്യാറെടുപ്പുകൾ (Plan Risk Management) അപായ സാദ്ധ്യതകളെ തിരിച്ചറിയണം, മിക്സിയിൽ അരയ്ക്കാൻ തുടങ്ങുമ്പോൾ കറണ്ടുപോയി, ഗ്യാസ് തീർന്നു, അമ്മായിയമ്മ മുട്ടക്കറി മതീന്ന് പറഞ്ഞു, ശ്രദ്ധമാറി പാത്രത്തിൻ്റെ അടിയിൽപ്പിടിച്ചു, അങ്ങനെ സംഭവിക്കാവുന്ന പ്രശ്നങ്ങൾ തിരിച്ചറിയണം (Identify Risks), അവയ്ക്കൊക്കെയുള്ള മറുമരുന്ന് കണ്ടെത്താൻ വിശകലനം ചെയ്യണം അത് ഗുണപരമായും (Plan Qualitative Risk Analysis) ആഘാതത്തിൻ്റെ അളവനുസരിച്ചും (Plan Quantitative Risk Analysis). അങ്ങനെ സംഭവിച്ചാൽ ഇങ്ങനെ നേരിടും എന്നത് ഉറപ്പാക്കുന്നു (Plan Risk Responses).

മാനവേതരവിഭവശേഷിയുടെ സമാഹരണം (Plan Procurement Management). പാട്ടയിൽ നോക്കിയപ്പോഴാണു മുളകാവശ്യത്തിനില്ലെന്ന് മനസ്സിലായത്, തേങ്ങ ഇട്ടതില്ല, ഒരു തൈത്തെങ്ങുണ്ട് അതീന്നൊന്ന് കുത്തിയിടാം, ഇങ്ങനെ പലതും അതിൽ വരും.

ഭാഗഭക്താക്കളെ മാനേജ് ചെയ്യുക (Plan Stakeholders Management) ഉണ്ടാക്കാൻ സഹായിക്കുന്നവരെ മുതൽ കഴിച്ചുമാത്രം സഹായിക്കുന്നവരെ വരെ കൂടെക്കൂട്ടണം. ചമ്മന്തിക്കറി കൂട്ടാത്തവനു ഇടയ്ക്ക് വച്ച് കുറച്ച് കട്ടച്ചമ്മന്തിയാക്കി മാറ്റിവയ്ക്കണം. തക്കാളി ചമ്മന്തിവേണം, വെള്ളച്ചമ്മന്തി, പുദീനച്ചമ്മന്തി അങ്ങനെ സ്റ്റേക്ക് ഹോൾഡേഴ്സ് പലതും പറയും, സിമ്പിളീ ഷട്ട്ഡൗൺ ദ കമ്മ്യൂണിക്കേഷൻ ചാനൽ, ത്ര തന്നെ!

ഘട്ടം - 3 - പ്രവർത്തി / നടത്തിപ്പ് - (Execution)

നമ്മൾ വർക്ക് ബ്രേക്ക്ഡൗൺ സ്ട്രക്ചർ കണ്ടതാണ്, അതിൽ ഇന്നു വൈകിട്ടു ചെയ്യേണ്ടത്, നാളെ രാവിലെ ചെയ്യേണ്ടത് അങ്ങനെയാണു തിരിച്ചതെങ്കിൽ അങ്ങനെ എന്തായാലും പ്രോജക്ട് ഈസ് ഓൺ, അതിനെ നയിക്കുക (Direct & Manage Project Work). ആവശ്യമായ എല്ലാ ഘടകങ്ങളും സംഘടിപ്പിക്കുക (Conduct Procurement), സഹായിക്കുന്നവരെ കൂടെ നിർത്തുക ( Acquire Project Team), അവരെ ചെയ്യേണ്ട പ്രവർത്തികൾ ഏൽപ്പിക്കുക, അതിനുള്ള നിർദ്ദേശം നൽകുക, തേങ്ങാ തിരുമ്മുമ്പോൾ കൈ ചിരവനാക്കിൽ കൊണ്ട് മുറിയരുത്, രാവിലെ ആശുപത്രിയൊന്നും തുറക്കില്ല കൊണ്ടോടാൻ.. (Develop Project Team), അവരെക്കൊണ്ട് ഗുണനിലവാരത്തോടെ കാര്യങ്ങൾ ചെയ്യിക്കുക (Manage Project Team), അതിനെല്ലാം ആശയവിനിമയമാണു വേണ്ടത് സോപ്പെങ്കിൽ സോപ്പ് , വിരട്ടെങ്കിൽ വിരട്ട് (Manage Communications). ഭാഗഭക്താക്കളെ നന്നായി കൈകാര്യം ചെയ്യണം, തിരുമ്മുന്ന തേങ്ങാ കയ്യിട്ടു വാരിയാൽ കയ്യുടെ പുറത്ത് ഒരടി കൊടുക്കണം (Manage Stakeholders Engagement)

ഘട്ടം - 4 - നിരീക്ഷണവും നിയന്ത്രണവും - (Monitoring and Controlling)

ചമ്മന്തി ഉണ്ടാക്കിക്കൊണ്ടിരിക്കെ അതിൻ്റെ ഗുണനിലവാരം പരിശോധിക്കുകയും മെച്ചപ്പെടുത്തുകയും വേണമല്ലോ (Monitor & Control Project Work). മാറ്റങ്ങൾ വരുത്താൻ കമ്മറ്റിക്ക് ഏതുസമയത്തും അധികാരമുണ്ടല്ലോ അതിനാൽ മൊത്തമായി ചിലപ്പൊൾ മാറ്റങ്ങൾ വരുത്തേണ്ടി വരാം (Perform Integrated Change Control). ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തണം, ഇല്ലെങ്കിൽ വെള്ളമോ തേങ്ങാപ്പാലോ എന്താനെന്നു വച്ചാൽ ചേർക്കുക (Control Scope), സംഗതി ദോശയ്ക്ക് മാച്ചാണെന്ന് ഉറപ്പുവരുത്തണം (Validate Scope), സമയബന്ധിതമായി ചെയ്യണം, ആളുകൾ ഡൈനിംഗ് ടേബിളിൽ ഇരുന്നിട്ടല്ലല്ലോ .. യേത്? (Control Schedule), അനാവശ്യചിലവരുത് (Control Costs), നല്ല ടേസ്റ്റാവണം, കൂടുതൽ ദോശ കഴിക്കാൻ തോന്നണം (Control Quality).

ആശയവിനിമയം പരിശോധിച്ച് തൃപ്തികരമാക്കണം (Control Communications).

പരാജയ സാദ്ധ്യതകൾ നിയന്ത്രണവിധേയമാക്കണം (Control Risks), ഉപ്പ് കൂടരുത്, പാത്രത്തിനടിയിൽ പിടിക്കരുത്, പുകകയറരുത്, ഇറക്കിവച്ച്ത പൂച്ച തട്ടിക്കളയരുത്!

സാധനങ്ങൾ അനാവശ്യമായി പാഴാക്കരുത് (Control Procurement), ആവശ്യത്തിനും വേണ്ടി എണ്ണ ഉണ്ടായിരുന്നു, രാത്രി ഉറപ്പുവരുത്തിയതുമാണ്, രാവിലെ കയ്യിൽ ചക്കക്കറ പുരണ്ടെന്നും പറഞ്ഞ് ഒരുത്തൻ ആ എണ്ണയിൽ പകുതി കൊണ്ടുപോയി, ഇനിയെന്താ? തൽക്കാലം ഉള്ളതുകൊണ്ട്, അല്ല പിന്നെ!

സ്റ്റേക്ക് ഹോൾഡേഴ്സിനെ ഒരുപാടങ്ങ അടുപ്പിക്കാനും പറ്റില്ല, അകറ്റാനും പറ്റില്ല (Manage Stakeholders Engagement) ഒരു പരുവത്തിനു കൊണ്ടുപോണം അല്ലെങ്കിൽ ചമ്മന്തി ചിക്കൻഫ്രൈ ആവും!

ഘട്ടം 5 - പരിസമാപ്തി - (Closing)

ചമ്മന്തിക്കറിയും കട്ടച്ചമ്മന്തിയും ഒക്കെ ഉണ്ടാക്കി ഇറക്കിവച്ച്, അത് വിളമ്പിക്കൊടുത്ത്, സ്വയം കഴിച്ച്, ബാക്കി ഫ്രിഡ്ജിൽ വയ്ക്കുകയോ, കളയുകയോ ചെയ്ത് പാത്രം കഴുകി വയ്ക്കുമ്പോൾ പ്രോജക്ട് പരിസമാപ്തിയിലെത്തുന്നു. ആകെക്കൂടി രണ്ടുതരം ക്ലോസിംഗേയുള്ളൂ ഭൗതികമയതും, ധനപരമയതും. ആദ്യത്തേത് നമ്മൾ പരഞ്ഞുകഴിഞ്ഞു രണ്ടാമത്തേത് പറ്റുപടി ആണെങ്കിൽ കറ്റക്കാരൻ്റെ കാശ് കൊടുക്കാൻ മറക്കേണ്ട (Close Procurement).

അപ്പോൾ ഇതാണ് ഒരു ചമ്മന്തിയുടെ പ്രോജക്ട് മാനേജ്മെൻ്റ്, പി.എം.പി ഒക്കെ പഠിച്ചവർ എന്തോ വലിയ സംഭവമാണു തങ്ങൾ ചെയ്യുന്നതെന്ന് ധരിക്കേണ്ട, നമ്മുടെ സ്ത്രീകൾ അടുക്കളയിൽ ഇത്തരം 10 പ്രോജക്ടുകൾ ഒരേസമയം ചെയ്യുന്ന മൾട്ടി ടാസ്ക്ക് മാനേജേഴ്സ് ആണ്, അവരുടെ ഏഴയലത്തു വരില്ല നമ്മുടെ മാനേജീരിയൽ സ്ക്കിൽസ്സ്!

ഇനി സംശയം ഉണ്ടെങ്കിൽ റീത്ത മാക്ലാളി എഴുതിയ പ്രോജക്ട് മാനേജ്മെൻ്റ് ഗൈഡ് എടുത്ത് വായിച്ചു പഠിക്കുക, പി.എം.പി ടെൻഷൻ കാരണം കിട്ടാത്ത ആളുകൾ ഇതുവായിച്ചിട്ടു നേരേ പോയി ഓൺലൈൻ എക്സാം പ്രൂമെട്രിക്കിലോ എവിടെ വേണേൽ അപ്പിയർ ചെയ്തോളൂ, പാസ്സാകും, പരീക്ഷിച്ചു ഉറപ്പാക്കിയതാണ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഞ്ചിനീയർന്മാർക്ക് അമ്മയുടെ ചമ്മന്തിക്കഥ പറഞ്ഞു പി.എം.പി ക്കു ക്ലാസ്സെടുത്ത ആചാര്യ മഹിഷാസുരാനന്ദയുടെ ഉറപ്പ്!!!

Saturday, November 14, 2020

തെറ്റു ചെയ്യാത്തവർ

"ഇവിടെയാരും തെറ്റ് ചെയ്യുന്നില്ല ഗോപൂ..!!! "

"ങേ.. ഗോപുവോ?"

വിക്രമാദിത്യസാർവ്വഭൗമന്റെ വാക്കുകൾ കേട്ട് വേതാളം ഞെട്ടി.

പിന്നീട് മനസ്സിൽ ഒരു മുഖം തെളിഞ്ഞു. മുരിക്കുമരത്തിൽ തലകീഴായി കിടക്കവേ, രണ്ടുപുരുഷുക്കൾ അതിന്റെ ചുവട്ടില്‍ വന്നിരുന്നു മൊബൈല്‍ ഫോണില്‍ കണ്ട വീഡിയോയിലെ തടിച്ചുകൊഴുത്ത സ്ത്രീയുടെ മുഖം. വേതാളം ചക്രവര്‍ത്തിയുടെ മുഖത്തുനോക്കി ഒന്നു ചിരിച്ചു.. ഒരൂളച്ചിരി.

വേതാളം ചിന്തയിലായി. സമയം പാതിരാത്രിയോടടുത്തപ്പോൾ പതിവുപോലെ ഉജ്ജയിനിയുടെ ചക്രവര്‍ത്തി മുരിക്കുമരത്തിന്റെ ചുവട്ടില്‍ വന്നു ശവം തൂങ്ങിക്കിടക്കുന്ന കൊമ്പിനെ ലക്ഷ്യമാക്കി കയറിത്തുടങ്ങി.

ശവത്തോടൊപ്പം കാറ്റില്‍ ഊഞ്ഞാലാടിക്കിടന്ന വേതാളം അപ്പോൾ വെട്ടിയ ഇടിയുടെ മിന്നലിൽ ചക്രവര്‍ത്തിയെക്കണ്ടു. കർത്തവ്യബോധത്തിന്റെ ദൃഢനിശ്ചയം ആ മുഖത്ത് പ്രതിഫലിച്ചത് തിരിച്ചറിഞ്ഞ വേതാളം സ്വയം പറഞ്ഞു

"ഇതെന്നേം കൊണ്ടേ പോകത്തുള്ളൂ.."

മിന്നലിന്റെ വെളിച്ചത്തില്‍ തൊട്ടടുത്ത മുരിങ്ങമരം നിറയെ പാകത്തിനുള്ള കായകൾ കണ്ട വേതാളത്തിന്റെ ആത്മഗതം തുടർന്നു.

"ഈ ചക്രവര്‍ത്തിക്ക് മുള്ളുകള്‍ നിറഞ്ഞ ഈ മുരുക്കിൽ കയറി, മേലുംപോറി, ആകെനീറി എന്നെ പിടികൂടി കൊണ്ടുപോകുന്നതിനു പകരം ആ മുരിങ്ങയിൽ കയറി കുറച്ചു മുരിങ്ങയ്ക്കാ പറിച്ചുകൊണ്ടു പൊയ്ക്കൂടേ? അതുകഴിച്ചാൽ പിന്നെ അദ്ദേഹം ഉദ്ധരിച്ച നൂൽക്കൊടിയുമായി ഏതെങ്കിലും പേശാമടന്തയേയോ ചെമ്പകവല്ലിയേയോ അഹങ്കാരദീപികയേയോ അന്വേഷിച്ചു പൊയ്ക്കൊള്ളുമായിരുന്നു.. എനിക്കിവിടെ തലകീഴായി കിടന്നു ട്രംമ്പ് അധികാരം കൈമാറുമോ? ബൈഡൻ അദ്ദേഹത്തിന്റെ ആഫ്രോന്ത്യനമേരിക്കൻ വേതാളത്തനെയും തോളിലിട്ടു വെള്ളവീട്ടിൽ ഇടിച്ചുകയറുമോ? എന്നൊക്കെ ചിന്തിച്ചു രസിക്കാമായിരുന്നു.. സമയദോഷത്തിനീ മാസ്ക്കുപോലും നേരേയിരിക്കുന്നില്ല"

വേതാളം വെറുതേ ആശിച്ചതല്ലാതെ ഒന്നും നടന്നില്ല, വിക്രമദിത്യൻ ശവം താഴെയിറക്കി, തോളിലേറ്റി ഭദ്രകാളിക്ഷേത്രം ലക്ഷ്യമാക്കി യാത്രയാരംഭിച്ചു, വഴിയിൽ കിടന്ന പാമ്പിനെ കാലിനാൽ തൂക്കിയെറിഞ്ഞും, ചാടിവീണകുറുക്കനെ വാളുവീശി ഓടിച്ചും നടന്നുനീങ്ങിയ ചക്രവർത്തിക്കൊപ്പം വേതാളവും സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരു കാട്ടരുവിയുടെ ചോല മുറിച്ചുകടക്കുന്ന ശബ്ദവും കുലുക്കവും ആയപ്പോൾ വേതാളം സംസാരിച്ചുതുടങ്ങി.

"രാജൻ, അങ്ങെന്തിനാണിങ്ങനെ കഷ്ടപ്പെടുന്നത്? ഒരുകാര്യം മനസ്സിലാക്കുക, എനിക്ക് വേണമെങ്കിൽ ശവമില്ലാത്ത സമയത്ത് കിടക്കുന്നതുപോലെ ആ മുരിക്കിങ്കൊമ്പിൽ അങ്ങോട്ടൽപ്പം മാറി തൂങ്ങിക്കിടക്കാവുന്നതേയുള്ളൂ, ശവത്തിൻ്റെ കൂടെ ആടുന്നത് എൻ്റെ ഒരു വിനോദമായതിനാലാണ് ഞാൻ അതിന്മേൽ ഉണ്ടാവുന്നത്. അങ്ങിതുമായി പോകുമ്പോൾ കൂടെവരുന്നത് അങ്ങ് കാട്ടുന്ന പോരാട്ടവീര്യമുണ്ടല്ലോ അതിനു മറുപടിയായി ഒരു കായികമത്സരവീര്യം മാത്രമാണ്."

വിക്രമാദിത്യൻ ഒന്നുമുരിയാടാതെ നടന്നുകൊണ്ടും, വേതാളം പറഞ്ഞുകൊണ്ടുമിരുന്നു

"എന്നെ കൂട്ടിക്കൊണ്ടുപോകാനുള്ള നിബന്ധന അങ്ങ് സംസാരിക്കരുതെന്നതാണ്, അതെന്താണെന്നറിയാമോ? സാധാരണ ഒരു ഭരണാധികാരിയും അവർ പറയുന്നത് മറ്റുള്ളവർ കേൾക്കണമെന്നു ശഠിക്കുകയും മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയ്യാറാകാത്തവരുമാണ്. പിന്നെ ചില മരപ്പൊട്ടന്മാരൊക്കെ പത്തുമുപ്പത് പേരെ ഉപദേശിക്കാൻ വയ്ക്കും, ഒരുകാര്യവുമില്ല, പ്രവർത്തി അങ്ങേർക്ക് തോന്നുന്ന വിവരക്കേടാവും! അങ്ങയെ കുറച്ചുസമയം അതിനുവിപരീതമായി ശീലിപ്പിക്കാനാണു ഞാൻ ശ്രമിക്കുന്നത്, അങ്ങെന്നെ കേൾക്കുക, തിരിച്ചു മിണ്ടാനാവാത്ത അവസ്ഥ! ലോകമാസകലമുള്ള പ്രജകൾക്കായി ഭരണവർഗ്ഗത്തോടുള്ള പ്രതീകാത്മക പ്രതിഷേധം!!"

വിക്രമാദിത്യനൽപ്പം ദേഷ്യം വന്നു, ഇവനെ സവം സഹിതം എടുത്തൊരേറു കൊടുത്താലോ എന്നാദ്യം ചിന്തിച്ചു, പിന്നെ സന്യാസിക്കുകൊടുത്ത വാക്കോർത്ത് നിശബ്ദനായി എന്നാൽ തറയിൽ ആഞ്ഞുചവിട്ടി നടന്നുനീങ്ങി. വേതാളത്തിനാ കുലുക്കത്തിൽ നിന്നും കാര്യം പിടികിട്ടി അതിനാൽ കൂടുതൽ ചൊറിയാൻ നിന്നില്ല, സംസാരം തുടർന്നു

"എന്തായാലും ഒരുപാടുദൂരം സഞ്ചരിക്കാനുണ്ട്, നാട്ടുനടപ്പനുസരിച്ച് മിണ്ടീമ്പറഞ്ഞും പോകണം, അങ്ങയ്ക്ക് മിണ്ടാൻ പറ്റില്ല, അതിനാൽ ഞാൻ ഒരു കഥ സൊല്ലട്ടുമാ.. "

ചോദ്യത്തിനൊടുവിൽ വിക്രംവേതയുടെ പശ്ചാത്തലസംഗീതം തുടങ്ങി വേതാളം

"ഥനന നനന നാ... ഥനന നനന നാ... ഥനന നനന നാ..."

വിക്രമാദിത്യനു മനസ്സിൽ "ട്രാൻസ്" സംഭാഷണം ഓർമ്മവന്നു

"പണിവരുന്നുണ്ട് അവറാച്ചാ...."


ഇന്നു ഞാൻ സഹ്യപർവ്വതത്തിൻ്റെ പടിഞ്ഞാറേ ചരുവിലെ ഒരു കഥ പറയാം..

"കെട്ടിയോൾ അന്നക്കുട്ടി കല്ല്യാണത്തിനുപോയ തക്കംനോക്കി മദ്ധ്യവയസ്ക്കനായ തോമാച്ചായൻ അയലത്തുകാരി കിളുന്നുയുവതി ജാൻസിപ്പെണ്ണിനെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടു പറഞ്ഞു

''ഞാനിന്ന് തോട്ടത്തിൽ പോവുന്നുണ്ടെന്നവളോട് പറഞ്ഞിട്ടുണ്ട്, അവളിനി വൈകിയേവരു...''

വിക്രമാദിത്യൻ മനസ്സിലോർത്തു "ഇതാണ് ശരിയായ രാഷ്ട്രീയം, അവസരങ്ങളുടെ കല! അവസരങ്ങൾ വീണുകിട്ടുമ്പോഴുളള കൃത്യമായ പദ്ധതിയും അതിനനുസരിച്ചുളള ആസുത്രണവും"

"കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കല്ല്യാണത്തിനുപോയ അന്നക്കുട്ടി അയലത്തുളളവനും തോമാച്ചൻ്റെ സ്ഥിരം ജോലിക്കാരനുമായ കട്ടച്ചെറുപ്പക്കാരൻ സണ്ണിയെ ഫോണിൽവിളിച്ചു..

''എടാ അതിയാനിന്ന് തോട്ടത്തിൽ പോവുന്നുണ്ട്. ഞാനൊറ്റയ്ക്കാണ്, നീ വീട്ടിലോട്ട് വാ''

വിക്രമദിത്യൻ വീണ്ടും ചിന്തിച്ചു "അവസരങ്ങൾ പാഴാക്കാതിരിക്കുന്നതാണ് ശരിയായ രാജ്യതന്ത്രം"

"കല്ല്യാണത്തിനുപോയ അന്നക്കുട്ടി പ്രതീക്ഷിച്ചതിലും നേരത്തെ വീട്ടിലേക്ക് വരുന്നത് ജാലകപ്പഴുതിലൂടെ തോമാച്ചായൻ കണ്ടുവിരണ്ടു. ഉടനെ ജാൻസിപ്പെണ്ണിനെ പിടിച്ചു കട്ടിലിൻെറ കീഴിൽ ഒളിപ്പിച്ചു

വീട്ടിൽ കെട്ടിയോനെക്കണ്ട അന്നക്കുട്ടിയും സാമാന്യം തരക്കേടില്ലാതെ ഞെട്ടി

തോമാച്ചായൻ യാതൊരു ഭാവവൃത്യാസവുമില്ലാതെ ചോദിച്ചു..

''എന്താടിയേ നീ കല്യാണത്തിന് പോയില്ലേ.. ?''

''ഓ... എന്നാ പറയാനാന്നേ? ഇവിടുന്നിറങ്ങിയപ്പോൾ മുതൽ വയറിനൊരു ദീനക്കേട്..'' അന്നമൊഴി

''വയറിന് സുഖമില്ലേൽപ്പിന്നെ കല്ല്യാണത്തിന് പോയിട്ടെന്നാകാര്യമാ? എന്നതാന്നറിയാൻമ്മേല, എനിക്കും രാവിലെ മുതൽ വയറിനൊരു കൊളുത്തിപ്പിടി; അതാ ഞാൻ തോട്ടത്തിൽ കുറച്ചുകഴിഞ്ഞു പോവാന്നുവെച്ചത്"

വിക്രം വീണ്ടും ചിന്തിച്ചു " ഇതാണ്, ആശയവിനിമയമേന്മ! സാഹചര്യങ്ങൾക്കനുസരിച്ച് ആശയവിനിമയം നടത്താനുളള അപാരമായ കഴിവ്"

"തോമാച്ചായൻ ശൗചാലയത്തിലേക്ക് കയറിയതും അയലത്തുകാരൻ സണ്ണിക്കുട്ടി വീട്ടിലേക്കെത്തി. അന്നക്കുട്ടി അയാളെ കട്ടിലിന്‍റെ കീഴിലേക്കാക്കിയിട്ട് പറഞ്ഞു.

''അതിയാൻ കുറച്ചുകഴിഞ്ഞേപോവു. നീ ഇച്ചിരിനേരം ഇവിടെയിരി"

കട്ടിലിന്‍റെ കീഴിലുണ്ടായിരുന്ന അയലത്തുകാരി ജാൻസിപ്പെണ്ണ് പുതിയ കടന്നുവരവിനെ തുറിച്ചുനോക്കി; തൻെറ കെട്ടിയോൻ.. ! സണ്ണിച്ചായൻ... !!

വിക്രം ചിന്തിച്ചു "ഒരേ തെറ്റുകൾ ചെയ്യുന്നവർ പരസ്പരം കുറ്റപെടുത്തുകയില്ല"

തോമാച്ചായൻ തോട്ടത്തിൽ പോവാന്‍ കെട്ടിയോളും , കെട്ടിയോൾ എങ്ങോട്ടേലുമൊന്ന് പോവാന്‍ തോമാച്ചായനും കാത്തിരുന്നു.

അങ്ങനെ കാത്തിരിക്കുന്നവരുടെ വിളിക്കായി കാത്തിരുന്നു മടുത്തപ്പോൾ സണ്ണിച്ചനും ജാൻസിപ്പെണ്ണും കട്ടിലിനടിയിൽ നിന്നും പുറത്തുവന്നു.

സണ്ണിച്ചനെ മുറിയിൽക്കണ്ട് തോമാച്ചായൻ ഞെട്ടി..ജാൻസിപ്പെണ്ണിനെക്കണ്ട് അന്നകുട്ടിയും.

നാലുപേരും പരസ്പരം പിന്നെ നോക്കിയില്ല കുറച്ചുനേരമവിടെ മൗനം പരന്നു.

വിക്രം വീണ്ടും ചിന്തിച്ചു " ഇതാണ്, വളരെയധികം സങ്കീർണ്ണമായൊരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോഴുളള ആത്മനിയന്ത്രണം"

"സമചിത്തത വീണ്ടെടുത്ത തോമാച്ചായൻ അയലത്തുകാരോട് കുശലങ്ങൾ തിരക്കി, അന്നക്കുട്ടി കട്ടനിട്ടുകൊണ്ടുവന്നു., ഇറങ്ങാൻ നേരം തോമാച്ചായൻ സണ്ണിച്ചനോട് പറഞ്ഞു.

*''ഇതിപ്പോൾ നമ്മള്‍ നാലുപേർക്കുമാത്രമേ എല്ലാമറിയത്തൊള്ള്.. അഞ്ചാമതൊരാൾ അറിഞ്ഞാൽ നാറ്റക്കേസാണ്.. അതുകൊണ്ട്, ഒന്നുമറിയാത്തപോലങ്ങ് പോവാം, ല്ല്യോ.''

അന്നക്കുട്ടി ദയനിയമായിചിരിച്ചു.. ജാൻസിയും.."

കഥ പറഞ്ഞവസാനിപ്പിച്ചിട്ട് വേതാളം പതിവുപോലൊരു ചോദ്യം

"ഈ കഥയിൽ ആരാണു തെറ്റു ചെയ്തത്?"

അതിനു മറുപടിയായാണ് വിക്രമാദിത്യൻ ആദ്യം പറഞ്ഞ മറുപടി പറഞ്ഞത്!

എങ്കിലും വേതാളം വിട്ടില്ല

"താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിച്ചത്!"

അതോടെ വിക്രമാദിത്യൻ പറഞ്ഞുതുടങ്ങി

തോമാച്ചൻ മദ്ധ്യവയസ്ക്കനാണെന്ന് നീ തന്നെ പറഞ്ഞ സ്ഥിതിക്ക് അയാൾക്ക് തൻ്റെ പാനപാത്രത്താടു തോന്നിയ വിരക്തികാരണമാവാം, പുതുമകളോ, യൗവ്വനപ്രസരിപ്പോ തേടി ജാൻസിപ്പെണ്ണിൻ്റെ അടുത്തു പോയിട്ടുണ്ടാകാം. തോമാച്ചനു സ്വന്തം കെട്ട്യോളിൽ താൽപ്പര്യമില്ലാതെ വരികയും അയലത്തെ പുതുയവ്വനത്തിൽ ആശകൂടുകയും ചെയ്തപ്പോൾ അവഗണിക്കപ്പെട്ട അന്നക്കുട്ടിയുടെ യവ്വനം സണ്ണിച്ചനെത്തെടിപ്പോയി അതും തെറ്റുപറയാനൊക്കില്ല. ഒരുകണക്കിനു ആശ്രിതയും ചെറുപ്പക്കാരിയുമായ ജാൻസിപ്പെണ്ണ് തോമാച്ചൻ്റെ ഏതെങ്കിലും വിധത്തിലുള്ള പ്രലോഭനങ്ങളിൽ വീണുപോയതാവാനാണു വഴി, എങ്കിലും അവൾക്ക് വേണ്ടവിധം കാര്യങ്ങൾ നടത്തിനൽകാതെ അന്നക്കുട്ടിയുടെ വിളംബയൗവ്വനം തേടിപ്പോകുന്ന സണ്ണിച്ചനെ കുറ്റപ്പെടുത്തേണ്ടിയിരിക്കുന്നു, അവൻ്റെ അശ്രദ്ധയാണല്ലോ തോമാച്ചൻ്റെ അവസരമായി മാറിയത്?"

മറുപടിയിൽ തൃപ്തനാകാതെ വേതാളം വീണ്ടും ചോദിച്ചു

"അപ്പോൾ സണ്ണിച്ചനാണോ കുറ്റക്കാരൻ? ആദ്യം ഇങ്ങനല്ലല്ലോ പറഞ്ഞത്?"

വിക്രമാദിത്യൻ ചിരിച്ചുകൊണ്ടുപറഞ്ഞു

"ഞാൻ അങ്ങനെ കടകവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല, സണ്ണിച്ചൻ്റെ ഭാഗത്തും ന്യായമുണ്ട്. തോമാച്ചൻ്റെ തൊഴിലാളി എന്ന നിലയിൽ സ്ഥിരമായി ജോലിക്കിടയിൽ വഴക്കും, ചീത്തവിളിയും, പ്രത്യേകിച്ച് അന്നക്കുട്ടിയോ ജാൻസിയോ കൺ വെട്ടത്തുണ്ടെങ്കിൽ കടുപ്പിച്ച് ലഭിക്കുന്ന സണ്ണിയുടെ പ്രതികാരമാണ് മുതലാളിച്ചിയെ കളിച്ചുതീർക്കുന്നത്. ഓരോ പ്രാവശ്യവും അന്നക്കുട്ടിയെ പ്രാപിക്കുമ്പോൾ സണ്ണിക്കുട്ടിയെന്ന തൊഴിലാളി തോമാച്ചനെന്ന മുതലാളിയുടെ മേൽ ആധിപത്യം സ്ഥാപിക്കുക മാത്രമാണ്; അതൊരു വർഗ്ഗസമരമാണ്, അവിടെ വ്യക്തിക്ക് പ്രാധാന്യമില്ല, തെറ്റുമില്ല!"

ശവം വിട്ടു പറന്നുയരാൻ തയ്യാറെടുക്കവേ വേതാളം പറഞ്ഞു

ഉം ഉം മനസിലായി. ജാൻസിപ്പെണ്ണിന്റെ മേലേ തോമാച്ചന്‍ കിടന്നാലത് വൈദേശിക മുതലാളിത്ത അധിനിവേശം... അന്നക്കുട്ടീടെ മേലെ സണ്ണിക്കുട്ടി കിടന്നാൽ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം. ശ്ശോ.. എന്നാലും ഇതൊരുമാതിരി അഞ്ചുവർഷം മാറിമാറി ഭരിച്ചിട്ട്, എല്ലാ കൊള്ളരുതഴികയും ഒന്നിച്ചുചേർന്ന് ഒളിപ്പിച്ചുവക്കുന്ന കേരളത്തിലെ മുന്നണികളെപ്പോലായല്ലോ! ആരുടേം കുറ്റവുമല്ല, അപ്പൊൾപ്പിന്നെ ഈ.ഡി ക്കെന്താണ് കേരളത്തിൽക്കാര്യം?"

(നാണ്വാരുടെ ബാധയാണിന്നു കൂടിയത്, അതിങ്ങനെയായി! കഥ ഒരുപാട് വായിച്ച വാട്ട്സാപ്പ് തമാശ, ആരുടെ സൃഷ്ടിയെന്നറിയില്ല)

Wednesday, July 18, 2018

മാനേജ്ജ്മെൻ്റെ പാഠം 12 - Marketing Management - രചനകളുടെ വിപണനം

സിനിമയ്ക്ക് കളക്ഷൻ, നാടകത്തിനു കയ്യടി, ഗാനമേളയ്ക്ക് തുള്ളൽ എന്നതുപോലെ ഫേസ്സ്ബുക്കുപോലുള്ള സോഷ്യൽമീഡിയയിൽ ലൈക്കുകളും കമൻ്റുകളുമാണ് ഒരു സൃഷ്ടിയുടെ സ്വീകാര്യതയുടെ മാനദണ്ഡമെന്നാണ് സങ്കൽപ്പം. ഒലിപ്പീരെന്ന് ഫ്രീക്കൻ ഭാഷയിൽപ്പറയുന്ന കമൻ്റുകൾ ഇപ്പറഞ്ഞതിൽപ്പെടുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതുണ്ട്, എങ്കിലും മാനേജ്ജ്മെൻ്റ് എന്ന നിലയിൽ അതിനുവലിയ ഒരു പ്രാധാന്യം കൽപ്പിക്കേണ്ടതുണ്ട്. അതിനാൽ ലൈക്കും കമൻ്റും കിട്ടാതെ സൃഷ്ടിയുടെ കൂമ്പടഞ്ഞുപോയ സാമൂഹ്യമാധ്യമങ്ങളിലെ അനവധി മഹാന്മാരായ എഴുത്തുകാരിൽ പ്രത്യേകിച്ചും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു കാലിഫോർണ്ണിയക്കാരനേയും, ഒരു എമറേറ്റ്സ്സുകാരനേയും ആശ്വസിപ്പിച്ചുകൊണ്ട്, ബാക്കിയുള്ളവർക്കായി ഞാൻ ഈ ക്ളാസ്സ് തുടങ്ങുന്നു.

പുതിയതായ ഒരു പ്രോഡ്ക്ട് വിപണനം ചെയ്യാൻ രണ്ട് രീതികൾ ആണുപയോഗിക്കുന്നത്

1. പുഷ് മെതേഡ്

പുഷ് എന്നാൽ ഉത്പന്നം ഉപഭോക്താവിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണ്, 'ഇതാ ഞാൻ ഇങ്ങനെ ഇവിടെയുണ്ട്' എന്ന് വിളിച്ചുപറയുകയാണ്. ഒരു കമ്പനിയുടെ  ഒരുത്പന്നം നമ്മൾ വാങ്ങുമ്പോൾ അതിൻ്റെകൂടെ ഫ്രീയായി മറ്റൊന്നു കിട്ടുകയാണിവിടെ പതിവ്. നമ്മൾ വാങ്ങുന്ന ഒരു കമ്പനിയുടേത് അല്ലെങ്കിൽ അവരുമായി ബന്ധമുള്ളതല്ലേ? മോശമാകാൻ വഴിയില്ല എന്നുകരുതി നമ്മൾ അതുപയോഗിച്ചു നോക്കും, ആദ്യമായി നിർമ്മിക്കുമ്പോൾ ഒരുത്പ്പന്നം നിലവിൽ വിപണിയിൽ ഉള്ളവയേക്കാൾ മികച്ചതായും, അവയുടെ ന്യൂനതകൾ പരിഹരിച്ചുകൊണ്ടും നിർമ്മിക്കുന്നതിനാൽ നമുക്കതിഷ്ടപ്പെടും, നമ്മൾ പിന്നീടത് വിലകൊടുത്ത് വാങ്ങിത്തുടങ്ങും, മനശാസ്ത്രപരമായി 21 ദിവസം തുടർച്ചയായി ഉപയോഗിച്ചാൽ അത് ഹാബിറ്റായി മാറുകയുംചെയ്യും. ഈരീതിയിൽ വിൽപ്പനക്കാരനും കൂടിയ കമ്മീഷൻ, ഉപഹാരങ്ങൾ തുടങ്ങി പലതരം പ്രോത്സാഹനങ്ങൾ നൽകേണ്ടിവരുന്നു.  നമ്മുടെ വീട്ടിൽ കൊണ്ടുവന്നുതരുന്ന ഫ്രീ സാമ്പിളുകൾ, ഷോപ്പിങ്ങ് മാളുകളിൽ ഫ്രീയായി ലഭിക്കുന്ന ആഹാരവും, പാനീയവുമൊക്കെ ഇത്തരം പുഷ് മെതേഡിൻ്റെ ഭാഗമാണ്, നമ്മളറിയാതെ ആ മാർക്കറ്റിംഗ് ടാക്ടിക്സിൻ്റെ ഭാഗമായി മാറുന്നു.

സോഷ്യൽ മീഡിയയിൽ ചനകൾ ഷെയർ ചെയ്യുമ്പോൾ, ടാഗ്ഗ് ചെയ്യുമ്പോൾ, മെൻഷൻ ചെയ്യുമ്പോൾ, കമൻ്റിൽ ലിങ്ക് പോസ്റ്റ് ചെയ്യുമ്പോൾ, ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുമ്പോഴൊക്കെ പുഷ്മെതേഡ്ഡ് നമ്മൾ ഉപയോഗിക്കുകയാണ്, സാഹിത്യമല്ല അവിടെ നടക്കുന്നത് മാർക്കറ്റിംഗ് മാനേജ്ജ്മെൻ്റാണ്.

2. പുൾ മെതേഡ്

പുൾ എന്നാൽ ആവശ്യക്കരെ, ഒരുപക്ഷേ ആവശ്യമില്ലാത്തവരെപ്പോലും ഒരുത്പ്പന്നത്തിലേയ്ക്ക് വലിച്ചടുപ്പിക്കുക എന്നതാണ്. പരസ്യങ്ങളാണിതിലെ പ്രധാന രീതി. വഴിയരികിൽ കാണുന്ന ഒരു ഹോർഡ്ഡിംഗ്മുതൽ, ടിവിയിലെ തട്ടുപൊളിപ്പൻ പരസ്യങ്ങൾവരെ നമ്മുടെ മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നു. കുട്ടികൾക്കിഷ്ടപ്പെട്ട ഒരു കളിപ്പാട്ടം കിട്ടാനായി അവർ പറയുന്ന സ്ക്കൂൾബാഗ് വാങ്ങാൻ മാതാപിതാക്കൾ നിർബ്ബന്ധിതരാകാറുണ്ട്. ഐശ്വര്യാറായിയുടെ സൗന്ദര്യത്തിൻ്റെ രഹസ്യം ടിവിയിൽ കണ്ട ഒരു യുവതി എന്നാൽപ്പിന്നെ ആ സോപ്പിട്ടു കുളിച്ചിട്ടുതന്നെ കാര്യം, അതുപോലെ ഇത്തിരി സൗന്ദര്യം എനിക്കും വന്നാലെന്താ കുഴപ്പം? എന്നുകരുതി, കടക്കാരനോട് " XXX സോപ്പില്ലേ?" എന്ന് ചോദിക്കുകയും, അതില്ലെന്ന് പറയുമ്പോൾ 'എന്നാൽ ശരി' എന്നുപറഞ്ഞതുള്ള കടതേടി പോവുകയും ചെയ്യുന്നു. അങ്ങനെ പലരും ആവർത്തിക്കുമ്പൊൾ കടക്കാരൻ വിതരണക്കാരനോട് ആ സോപ്പ് വേണം എന്ന് ആവശ്യപ്പെടാൻ നിർബന്ധിതനാകുന്നു. ഇത്തവണ വിൽപ്പനക്കാരൻ്റെ ആവശ്യമാകയാൽ കമ്മീഷനോ മറ്റു ആനുകൂല്യങ്ങളോ ഡിമാൻ്റ് ചെയ്യാൻ അയാൾക്കാവുകയില്ല. എങ്കിലും പരസ്യത്തിനു ചിലവാകുന്ന വലിയ തുക പരിഗണിക്കുമ്പോൾ ചിലവിൻ്റെ കാര്യത്തിൽ കമ്പനികൾക്ക് വലിയ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല.

ഒരു രചന നടത്തിയതിനു ശേഷം വളരെ ആകർഷകമായ ഒരു ഫോട്ടോ അല്ലെങ്കിൽ ചിത്രം അതിൻ്റെ കൂടെ പോസ്റ്റ് ചെയ്യുന്നത് സോഷ്യൽ മീഡിയയിലെ ഈ രീതിക്ക് ഉദാഹരണമാണ്. ഓടിച്ചുനോക്കിപ്പോകുന്നതിനിടയിൽ ആ ചിത്രം കണ്ടവർ അതിലൊന്ന് ക്ളിക്കി വായിച്ചു നോക്കുന്നു. രചന രസകരമാണെങ്കിൽ അവർ അതുമുഴുവൻ വായിച്ച് ലൈക്കും, കമൻ്റുമിട്ടേ പോവുകയുള്ളൂ. 

മലയാളത്തിൽ ഈ രണ്ട് രീതികളുടേയും പേരൊന്നു പരിഭാഷപ്പെടുത്തിയാൽ പിന്നീട് വലിയ വിശദീകരണത്തിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.  അവയുടെ സമ്പൂർണ്ണ അർത്ഥവും ആ ഒറ്റവാക്കിൽ വെളിപ്പെടുന്നു എന്നതാണ് ഏറ്റവും രസകരമായകാര്യം; "തള്ളൽ", "വലിപ്പിക്കൽ"!!!!

പ്രകൃതിയുടെ സ്വഭാവിക അവസ്ഥ തമസ്സാണ്, മനുഷ്യൻ്റെ സ്വാഭാവികമായ രീതി അലസമായ നിശ്ചലാവസ്ഥയാണ്, ഒരിടത്ത് പ്രകാശവും, മറ്റിടത്ത് താൽപ്പര്യവും വിരുന്നുവരേണ്ടതുണ്ട് രജോഗുണമുണർത്താൻ. കൊളസ്ട്രോൾ കൂടിയതിനാൽ മരുന്നുകൂടാതെ ഒരു 40 മിന്നിട്ട് ദിവസവും കൈവീശി നടക്കുവാൻ ഡോക്ടർ ഉപദേശിച്ചാൽ എന്ത് മടിയാണത് ചെയ്യാൻ? ടൈം പീസ്സ് വക്കണം, കട്ടഞ്ചായ കിട്ടണം, ട്രാക്ക്സ്യൂട്ട്, ഷൂസ്സ്, വിയർപ്പ്, മഴനനഞ്ഞാൽ ജലദോഷം, വഴിയിൽ വെള്ളം, ഓഫീസിൽ നേരത്തേ കാലത്തേ എത്തേണ്ടേ? എന്തെല്ലാം കോലാഹലങ്ങൾ. ഇത്ര സുഖത്തിൽ ഉറങ്ങിയിട്ട് ഇനിയങ്ങ് ചത്താലും സാരമില്ല എന്നാവും ചിന്ത! എന്നാൽ രാവിലെ നല്ല കിടിലൻ പെണ്ണുങ്ങൾ ജോഗിങ്ങിനു വരുന്നുണ്ടെന്ന് കൂട്ടുകാരൻ പറഞ്ഞാലോ? ഈശ്വരാ.. ടൈം പീസ്സ് കണ്ടുപിടിക്കുന്നതിനു മുമ്പും മനുഷ്യർ കൊച്ചുവെളുപ്പാങ്കാലത്ത് ഉണർന്നിട്ടില്ലേ? ഇനിയെങ്ങാനം ഉണർന്നില്ലെങ്കിലോ? അൽപ്പം കാശുപോയാലെന്ത് വേക്കനിംഗ് കാൾ സെറ്റ് ചെയ്യാം. എന്തു ചായ എന്തോന്ന് ചായ? വിയർപ്പില്ല, മഴ വന്നെന്നുവച്ച് ആരോഗ്യം നോക്കേണ്ടേ? വഴിയിൽ വെള്ളമുണ്ടെങ്കിലെന്ത് ഇക്കണ്ട ആളുകളെല്ലാം അതുവഴിയല്ലേ ഓടുന്നത്? ഒടുവിൽ 40 മിന്നിട്ട് 140 മിന്നിട്ടായി ഇനി നിന്നുകറങ്ങിയാൽ സമയത്ത് ഓഫീസ്സിലെത്തില്ല എന്ന കൂട്ടുകാരൻ്റെ ആവർത്തിച്ചുള്ള വാക്കുകളിൽ ഗതികെട്ടൊരു മടക്കം; ആഹാ എന്തൊരു ശുഷ്ക്കാന്തി!!!

അപ്പോൾ അതാണു കാര്യം; ജോഗിങ്ങിനു വന്ന നാരീമണികളെപ്പോലെ രചനയിൽ അൽപ്പം ആകർഷകത്വം തുറന്നുവിടുക, പിന്നെ പത്തായത്തിൽ പുന്നെല്ലുണ്ടെന്നറിയുന്ന എലികൾ അങ്ങ് ഹൈറേഞ്ചിൽ നിന്നും കടലോരത്തെത്തും!  

എല്ലാവർക്കും പുതുരചകൾക്കും, അവയുടെ വിപണനത്തിനും ആശംസകൾ നേർന്നുകൊണ്ട് ഇന്നത്തെ മാർക്കറ്റിംഗ് മാനേജ്ജ്മെൻ്റ് എന്ന പാഠഭാഗം ഇവിടെ അവസാനിപ്പിക്കുന്നു.

Monday, September 25, 2017

സകാരം

എന്റെ ജാലകത്തിലൂടെ ഞാൻ കണ്ട കാഴ്ച്ചകൾ ഒന്ന് തന്നെയല്ലേ? അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ ഞാൻ കണ്ട നിലക്കണ്ണാടിയിലെ എന്റെ പ്രതിരൂപവും ഒന്നുതന്നെയല്ലേ? പിന്നെവിടെ നിന്നാണീ  ഈ മായക്കാഴ്ച്ചകൾ?

ഉച്ച കഴിഞ്ഞാണ് ക്ലയന്റ് മീറ്റിങ്ങിന് വിളിച്ചിരിയ്ക്കുന്നത്; ഇന്നലെ രാത്രിമുഴുവൻ അതിന്റെ തയ്യാറെടുപ്പുകൾ ആയിരുന്നു. ഏതാണ്ട് രേഖകളൊക്കെ തയ്യാറായി, കുറച്ചോക്കെ  പ്രിന്റുമെടുത്തു; എങ്കിലും നമ്മുടെ ഭാഗം ന്യായീകരിയ്ക്കുവാൻ വേണ്ട കരുത്തവയ്ക്കുണ്ടോ? ആ സംശയം ഉറങ്ങുമ്പോഴും ഉണ്ടായിരുന്നു ഇപ്പോൾ ഉണരുമ്പോഴും ഉണ്ട്. ഒരു കപ്പ് കാപ്പിയുമായി ജന്നലിന് വെളിയിലേക്ക് നോക്കി നിൽക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. 

പുറത്ത് പണിക്കരുടെ ഒച്ച കേൾക്കുന്നുണ്ടായിരുന്നു. 
അവിടെ ആ വീടിനു പുറത്ത് ഒരു കുട്ടി ഓടിനടക്കുന്നു. 
ആ ഭിത്തിയിൽ ചാരി ഒരാൾ അത് നോക്കി നിൽക്കുന്നു, അയാളുടെ മുഖത്ത് പ്രസന്നഭാവം കാണാം.
എന്റെ മനസ്സിലേയ്ക് അവയൊന്നും പതിയുന്നില്ല 
ജീവിതത്തോട് തന്നെ മടുപ്പ് അനുഭവപ്പെടുന്നു.

വേഗം കാപ്പികുടി പൂർത്തിയാക്കി തിരിച്ച് ബാക്കി ജോലികൾ ആരംഭിച്ചു, ഇന്നലെ ചെയ്തവയും ഇന്ന് ചെയ്യേണ്ടവയും തമ്മിൽ പൊരുത്തപ്പെടുന്നില്ല. കൂടുതൽ കുഴപ്പങ്ങ ആണ്, ന്യായീകരണങ്ങൾ ദുർബ്ബലമാകുന്നു, ഇത് ശരിയാവില്ല. മീറ്റിങ്ങിന് പോകാതിരിയ്ക്കുന്നതാണ് നല്ലത്. എന്ത് ഒഴിവ് കഴിവ് പറയും? എല്ലാം വലിച്ച് വാരിയിട്ട് വീണ്ടും ആ ജാലകത്തിനരികിൽ, വീണ്ടും പുറത്തെ കാഴ്ച്ചകൾ...  

പുറത്ത് പണിക്കരുടെ അരോചകമായ ബഹളം കേൾക്കുന്നുണ്ടായിരുന്നു, നാശങ്ങൾ... 
അവിടെ ആ വീടിനു പുറത്ത് ഒരു കുട്ടി പേടിയ്‌ക്കേണ്ട സമയത്ത് തുള്ളുന്നു! ഇതിനൊക്കെ ചോദിയ്ക്കാനും പറയാനും ആരുമില്ലേ? 
ഒരു പണിയുമില്ലാത്ത ഒരുത്തൻ ആ ഭിത്തിയിൽ ചാരി ആ കൊച്ചിന്റെ തുള്ളൽ നോക്കി നിൽക്കുന്നു, ഇവനത്തിനെ വീട്ടിൽ പറഞ്ഞ് വിടരുതോ? എന്നിട്ട് മുഖത്തോരു ഇളീം...
ഞാനെന്തിനാ അല്ലെങ്കിൽ ഇതൊക്കെ മനസ്സിലേയ്ക് വലിച്ച് കേറ്റുന്നത്.. 
ജീവിതത്തോട് തന്നെ ദേഷ്യം തോന്നുന്നു.

എന്തായാലും മീറ്റിങ്ങിന് പോകണം, മറ്റ് വഴിയില്ല, വരുന്നിടത്ത് വച്ച് വരട്ടെ.. ആദ്യം മുതൽ ഒന്നുകൂടി അടുക്കിപ്പെറുക്കാം. കഴിയുന്നത്ര പ്രതിരോധിയ്ക്കാം എന്ന് കരുതി ജോലി ആരംഭിച്ചു, ക്രമേണ നമ്മുടെ ഭാഗം ശക്തമായി തുടങ്ങി. അവസാനിപ്പിച്ച് വായിച്ച് നോക്കിയപ്പോൾ ആത്മവിശ്വാസമായി; കുഴപ്പമുണ്ടാവില്ല, നല്ല നിലയിൽ അവതരിപ്പിച്ചിരിയ്ക്കുന്നു, കുറെയൊക്കെ നമ്മളെ അംഗീകരിയ്ക്കേണ്ടി വരുമവർക്ക്, ചിലത് അടുത്ത മീറ്റിങ്ങിലേയ്ക്ക് വിശദവിവരങ്ങൾക്ക് മാറ്റിയും വയ്പ്പിയ്ക്കാം. മനസിന് വലിയ സന്തോഷം തോന്നി.. എന്നെ സമ്മതിയ്ക്കണം എന്ന് ഞാൻ തന്നെ നിലക്കണ്ണാടിയിൽ നോക്കിപ്പറഞ്ഞു, ഇവിടെ വേറെ ആരുമില്ലാത്ത പറയാൻ.. ഇത്രയൊക്കെ കഷ്ടപ്പെട്ടപ്പോൾ ആരെങ്കിലും പറയുകയും വേണമല്ലോ?

കണ്ണിനൽപ്പം വിശ്രമം വേണം, ജനലിനരുകിൽ അൽപ്പനേരം നിൽക്കാം.. വീണ്ടും ആ ജാലകത്തിലൂടെയുള്ള കാഴ്ച്ചകൾ..

പുറത്ത് പണിക്കരുടെ അതിമനോഹരമായ ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു, അവർ ഗാനമാലപിയ്ക്കുകയാണെന്ന് തോന്നുന്നു!
അവിടെ ആ വീടിനു പുറത്ത് ഒരു കൊച്ച് സുന്ദരികുട്ടി മനോഹരമായി നൃത്തം ചെയ്യുന്നു!  
അതാ ഒരു രസികൻ ആ കുഞ്ഞിന്റെ നൃത്തത്തിൽ മയങ്ങി കണ്ട് നിന്നാസ്വദിയ്ക്കുന്നു, അയാൾ ചിരിയ്ക്കുകയാണ്. 
എന്റെ മനസ്സ് ഭാരരഹിതമായി ഒരുന്മാദത്തിൽ അലഞ്ഞ് നടക്കുന്നത് പോലെ .. 
ജീവിതത്തോട് തന്നെ പ്രണയം തോന്നുന്നു.   

ഇപ്പോൾ ഞാൻ എന്റെ നിലക്കണ്ണാടിയ്ക്ക് മുന്നിൽ നിന്നെന്നെ നോക്കുകയാണ്, എനിയ്ക്കറിയാം പുറത്തതൊന്നും മാറിയിട്ടില്ല, മാറിയത് എന്റെ മനസ്സാണ്. "സകാരം" എന്നത് ആംഗലേയത്തിലെ പോസിറ്റിവ് എന്ന വാക്കാണ്, അതെ സകാരാത്മകത അഥവാ പോസിറ്റിവ് ആറ്റിറ്റ്യൂഡ് ആണ് എന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം!  

Monday, December 21, 2015

റിസ്ക്ക് മാനേജ്മെന്റ്റ്

ഒരു ബുക്കിലെ പേജുകൾ മറിയ്ക്കുന്നതിനിടയിൽ, ആ കടലാസ്സിന്റെ മൂല കണ്ണിൽ കൊണ്ട് കണ്ണീന്റെ കൃഷ്ണമണിയ്ക്ക് മുറിവ് പറ്റിയാൽ അത് ഹസ്സാർഡ്ഡ് ആണ് .

ഒരു സൈനികൻ വീഴുന്ന ബോംബുകളുടേയും, മിസൈലുകളുടേയും നടുവിൽ പെടുന്നത് അയാൾ എടുത്ത റിസ്ക്കാണ്. എന്നാൽ അതിൽ നിന്നൊക്കെ പരുക്കേല്ക്കാതെ രക്ഷപ്പെട്ട്, വീട്ടിലെത്തി മുറ്റത്തെ കൊന്നത്തെങ്ങിന്റെ ചുവട്ടിൽ, ജോലിയുടെ ഭാഗമായി ശീലിച്ച സ്വാഭാവികമായ റിസ്ക്ക് അനാലിസ്സിസ്സിൽ ആ തെങ്ങിൽ കൊഴിയാറായ തെങ്ങയോ, അടരാനായി നിൽക്കുന്ന ഓലയോ ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ട് തന്നെ നാടിന്റെ ഭംഗി ആസ്വദിച്ച് പല്ലുതേയ്ക്കവേ...ഇളംകാറ്റിൽ തലേ ദിവസം രാത്രിയിൽ ഏതോ എലി കരണ്ട് വച്ച ഞെടുപ്പറ്റ് തെങ്ങാ തലയിൽ വീണാൽ അതിനെ ഹസ്സാർഡ്ഡ് എന്നാണ് വിളിയ്ക്കെണ്ടത്.

റിസ്ക്ക് ഉണ്ടോ എന്നതില കാര്യമില്ല, ഒരു വാഹനത്തിൽ റോഡിലൂടെ സഞ്ചരിയ്ക്കുന്നത് റിസ്ക്കായതിനാൽ ആരും സഞ്ചരിയ്ക്കാതിരിയ്ക്കുന്നില്ല. ആ റിസ്ക്കിനെ നേരിടുക എന്നതാണ് കരണീയം. അതിനുള്ള വഴികൾ 

1. റിസ്ക്ക് ഒഴിവാക്കുക - മൂലകരണം കണ്ടെത്തി പ്രതിവിധി ചെയ്യുക.

2. തീവ്രത കുറയ്ക്കുക - എല്ലാ റിസ്ക്കുകളും ഒഴിവാക്കുവാൻ സാധിയ്ക്കില്ല, എന്നാൽ അതി തീവ്രമായ ഒന്നിനെ കുറഞ്ഞ തീവ്രത ഉള്ളതാക്കി മാറ്റാം. ഡ്രൈവ്വ് ചെയ്യുമ്പോൾ മൊബൈൽ കൈകൊണ്ട് ഉപയോഗിയ്ക്കുന്നത് അതീവഗുരുതരമായ റിസ്ക്ക് ആണ് , എന്നാൽ ഹാൻഡ്സ്സ് ഫ്രീ ഉപയോഗിയ്ക്കുമ്പോൾ ശ്രദ്ധക്കുറവ്, മറ്റ് ശബ്ദങ്ങൾ കേൾക്കാതെ പോകൽ ഇവയൊക്കെ അവിടെ തന്നെ ഉണ്ടെങ്കിലും, രണ്ട് കയ്യും ഫ്രീ ആയതിനാൽ റിസ്ക്ക് കുറഞ്ഞിട്ടുമുണ്ട്.

3. മാറ്റിവയ്ക്കുക / താമസിപ്പിയ്ക്കുക - ചില റിസ്ക്കുകൾ ഒന്നും ചെയ്യാതിരുന്നാൽ കാലക്രമേണ ഇല്ലാതാകും, അല്ലെങ്കിൽ പ്രസക്തി നഷ്ടപ്പെടും.

4. പങ്കിടുക - വലിയ ഒരു റിസ്ക്കിനെ പങ്കിട്ടെടുക്കുമ്പോൾ താരതമ്യേന തീവ്രത കുറഞ്ഞ അല്ലെങ്കിൽ സ്വീകരിയ്ക്കാവുന്ന റിസ്ക്ക് ആയി മാറും .പൂവാലന്മാർ കലുങ്കിൽ ഉണ്ടെന്നത് റിസ്ക്കാണ്, എന്നാൽ പെണ്‍കുട്ടി ഒറ്റയ്ക്ക് അതുവഴി പോകാതെ കൂട്ടുകാരികൾക്കായി കാത്ത് അവരോടൊപ്പം കടന്ന് പോകുമ്പോൾ ആദ്യത്തെ റിസ്ക്ക് അവിടെ തന്നെ ഉണ്ട്, എങ്കിലും അത് പങ്ക് വയ്പ്പിലൂടെ ചെറുതായി.

5. കൈമാറുക - നമുടെ റിസ്ക്ക് അത് ഏറ്റെടുക്കുവാൻ കരുത്തുള്ള ഒരുവനു കൈമാറുക. ഇൻഷ്വറൻസ്സ് ആണു ഏറ്റവും നല്ല ഉദാഹരണം.

6. സ്വീകരിയ്ക്കുക - ഇനി മറ്റൊരു വഴിയും ഇല്ലെങ്കിൽ റിസ്ക്ക് അംഗീകരിയ്ക്കുക, സ്വീകരിയ്ക്കുക. അതിനുള്ള വിഹിതം കൂടെ ഉൾക്കൊള്ളിയ്ക്കുക.

റിസ്സ്ക്കിനെ മനസ്സിലാക്കുന്നതിൽ, ഈ തീരുമാനങ്ങൾ എടുക്കുന്നതിലെ ഔചിത്യം ആണു ഒരുവനെ മാനേജരും ഡാമേജരും ആക്കി വേർതിരിയ്ക്കുന്നത്!